Sunday

ബ്ലോഗാശങ്കകള്‍ക്ക് വിരാമം

ഇന്ന് മലയാളം ബ്ലോഗ്ഗര്‍മാരുടെ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ചേരാന്‍ പറ്റി. കൂടെ ഒരു അംഗീകാരം പോലെ 'മലയാളം ബ്ലോഗേഴ്സ്' എംബ്ലവും കിട്ടി. നൂറുകണക്കിന് മികച്ച ബ്ലോഗ്ഗര്‍മാര്‍.,. അപ്പോഴാണ്‌ ഓര്‍ത്തത്‌ കുറെ നാളായി ഞാന്‍ വല്ലതും എഴുതി ഇട്ടിട്ടു. ഇതില്‍ വല്ലതും ഇടുന്നത് കാത്തു ഒരുപാടു പേര്‍ ഉണ്ടായിട്ടോ ആളുകള്‍ തുടരെ അന്വേഷിക്കുന്നത് കൊണ്ടോ അല്ല, എങ്കിലും സുഹൃത്തുക്കള്‍ പലരും ചോദിക്കും.

‘തുടക്കത്തില്‍ ഒക്കെ ഒരു കമ്പമാണേ.. പിന്നെ ഒക്കെ തണുക്കും. നമ്മള്‍ ഇതെത്ര കണ്ടതാ’ എന്നാണു പലരും പറയാതെ പറഞ്ഞത്. സമയം ഇല്ലഞ്ഞിട്ടോ കൂട്ടക്കാഞ്ഞിട്ടോ അല്ല, നമ്മള്‍ നല്ല പ്രതീക്ഷയോടെ എഴുതി കുറച്ചു കഴിയുമ്പോളായിരിക്കും തോന്നുക ‘അയ്യേ...ഇതത്ര പോരാ’ എന്ന്. ഒന്നുകില്‍ ഉള്ളിലെ ചിന്തകളും വികാരങ്ങളും അത് പോലെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ലാ അല്ലെങ്കില്‍ നമുക്കീ വിഷയത്തില്‍ ഉള്ള താല്പര്യം മറ്റുള്ളവര്‍ക്ക് അത്ര ഉണ്ടാവില്ലയോ എന്ന തോന്നല്‍...,.അങ്ങനെ പൂര്‍ത്തിയാകാന്‍ മടിച്ചു ആറേഴു പോസ്റ്റുകള്‍ ഏതോ ഫോള്‍ഡര്‍  മുറിയിലെ ഫയല്‍ ബെഡില്‍ മയങ്ങുന്നുണ്ട്‌..,.


അഞ്ചാംക്ലാസിലോ മറ്റോ ആണ് ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്‌’ പഠിക്കാനുണ്ടായിരുന്നത്. നങ്ങേലിയും കുഞ്ഞും പൂതവും ഒക്കെ ഒരു രസത്തിലന്നു വായിച്ചു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ലേബര്‍ ഇന്ത്യയുടെ ഒരു ക്യാമ്പില്‍ വച്ച് ശിവദാസന്‍ മാസ്റ്റര്‍ പൂതപ്പാട്ട്‌ പാടി. അതേ നങ്ങേലിയും ഉണ്ണിയും പൂതവും, പക്ഷെ അന്ന് പ്രായഭേദമന്യേ ഞാനടക്കം കേട്ടിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.


 അങ്ങനെയുള്ള ഈ പൂതപ്പാട്ട് എഴുതിക്കഴിഞ്ഞ ശേഷം ‘ചാപിള്ളയെ പെറ്റ തള്ളയെ പോലെ തിരിഞ്ഞു കിടന്നു’ എന്നാണ് ഇടശ്ശേരി പറഞ്ഞത്‌.,. താനെഴുതിയതു അത്ര നിരര്‍ത്ഥകമായി തോന്നി അദ്ദേഹത്തിന്. വല്ല്യ വല്ല്യ എഴുത്തുകാര്‍ക്ക് വരെ ഈ കുഴപ്പം ഉണ്ടെന്നു എനിക്ക് മുന്‍പേ അറിയാവുന്നതുകൊണ്ട് ഒരുപാടു നേരം കുത്തിയിരുന്നെഴുതിയ പല പോസ്റ്റുകളേയും കൊള്ളില്ലെന്ന് തോന്നിയപ്പോള്‍ നിഷ്കരുണം ഉപേക്ഷിക്കാന്‍ ഒരു മടിയും തോന്നിയില്ല... ഹി ഹി...

ഇനി അങ്ങോട്ട്‌ കുറച്ചു കൂടെ ആക്ടിവ് ആവാം. വീണ്ടും ഇതൊന്നു ഉറപ്പിക്കുകയാണ്. കഥകളും ഭാവനകളും എഴുതാന്‍ താല്പര്യം ഇല്ല. വിരഹം, ദുഖം, നൈരാശ്യം എന്നിവയില്‍ ഊന്നിയ എഴുത്തുകള്‍ പണ്ടേ വെറുപ്പാണ്. ദുരവസ്ഥകള്‍, സാമൂഹ്യപ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹാരനിര്‍ദേശങ്ങള്‍ ഇല്ലാതെ ഒരിക്കലും പാടിനടക്കില്ല. – We leaders are always part of solutions, not the problems - .  പ്രതീക്ഷകള്‍, വിജയങ്ങള്‍, സ്നേഹം, ബന്ധങ്ങള്‍, നന്മകള്‍, അനുഭവങ്ങള്‍, അറിവുകള്‍, ആശയങ്ങള്‍ പിന്നെ അവസരങ്ങള്‍, ഇതിലൂന്നിയ വിഷയങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യു.

‘മെയ്ദിനം എന്റെ പിറന്നാള്‍ ആയ കഥ’ വായിച്ചു പലരും ‘കഥ നന്നായിട്ടുണ്ട് കേട്ടോ, ഇനിയുമിതുപോലെ നല്ല കഥകള്‍ എഴുതണം’ എന്ന് പറഞ്ഞത് കൊണ്ടാണ് ഇതു വീണ്ടും പറയേണ്ടി വന്നത്. പൂര്‍ത്തിയാകാതെ കിടക്കുന്ന ചില പോസ്റ്റുകള്‍ മുഴുവനാക്കി ഇടാം കൂടുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ശ്രമിക്കാം. നിങ്ങളുടെ പിന്തുണ ഉണ്ടാവുമല്ലോ.

2 comments:

  1. അണ്ണന്‍ ധൈര്യമായി അടിച്ചുപൊളിക്കൂ,,നമ്മളൊക്കെ ഇല്ലേ ഇവിടെ;പിന്നല്ലാതെ....പിന്ന്യേ തല്ലുകിട്ടണ വഴി അറിയണമെങ്കില്‍ ഇമ്മടെ ബ്ലോക്കില് വന്നു നോക്കിയാ മതി ...ഇതാരോടും പറയേണ്ട മൊത്തം കുശുമ്പുകാരാ.....ആശംസകളോടെ...

    ReplyDelete
  2. വായിക്കുക
    എഴുതുക

    എഴുതുക
    വായിക്കുക

    ReplyDelete