+2 കഴിയുമ്പോ
നേവിയില്‍ ഒരു ജോലി എന്നത് പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ വന്ന ആശയം ആയിരുന്നു. മൂന്നാല് വര്ഷം കൂടെ കഴിഞ്ഞാല്‍ വരാനിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ ലിസ്റ്റുമായി കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ അതൊരു നല്ല തീരുമാനമായി തോന്നി. ആ പ്രായത്തില്‍ സ്വപ്നം കാണാനും തീരുമാനിക്കാനും ഒക്കെ എത്ര എളുപ്പമായിരുന്നു! വലുതാവുമ്പോള്‍ ആണ് നടക്കുമോ ഇല്ലയോ എന്നുള്ള സംശയങ്ങള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്.
+2 പരീക്ഷ കഴിഞ്ഞതും നേവല്‍ ആര്‍ട്ടിഫൈസറിനുള്ള അപേക്ഷ അയച്ചു. കോളേജ് തുടങ്ങിയ ശേഷം ആണ് ഹാള്‍ടിക്കറ്റ് വന്നത്. ഇനി കഷ്ടി ഒരു മാസം ഉണ്ട് പരീക്ഷയ്ക്ക്. സ്പോര്‍ട്സിലും ഗെയിംസിലും ഒന്നും ഒട്ടും ആക്ടിവ് അല്ലാത്ത ഞാന്‍ ഫിസിക്കല്‍ ടെസ്റ്റിനു പ്രത്യേകം പ്രാക്ടീസ് തുടങ്ങി. എഴുത്ത്പരീക്ഷയ്ക്കുള്ള പഠനവുമൊക്കെയായി പല ദിവസങ്ങളിലും കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു. പൊട്ടിച്ചിരിയോടെയാണ് കോളേജിലെ പുതിയ കൂട്ടുകാരും സീനിയര്‍മാരും എന്റെ തയ്യാറെടുപ്പിനോട് പ്രതികരിച്ചത്.
“ഇബടെ ചത്തുകുത്തി നാലഞ്ച്തവണ നോക്കിയിട്ട് കിട്ടിയിട്ടില്ല. ഇതെന്താട ചായോ പരിപ്പുവടയോ പോയ ഉടനെ ഇങ്കിട് എടുത്ത് തരാന്‍?”
പക്ഷെ കിട്ടാതിരിക്കാനുള്ള സാധ്യതകള്‍ ഒന്നും ഞാന്‍ കണ്ടില്ല. അങ്ങ് ഉറപ്പിച്ചു. ഒപ്പമുള്ളവരും സീനിയര്‍മാരുമടക്കം മൂന്നു പേരുണ്ട് കോളേജില്‍ന്നു. തലേന്ന് തന്നെ കൊച്ചി എത്തി. യാത്രയും വെള്ളംമാറിക്കുളിയും കാരണം ആവാം പനിലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. പിറ്റേന്ന് കാലത്ത് ആറു മണിക്ക് തന്നെ നേവല്‍ ബേസിലെത്തി. ഒരു പൂരത്തിനുള്ള കൂട്ടം. കൂറ്റന്‍ കൂറ്റന്‍ പിള്ളാര്. ഇവനൊക്കെ ജനിച്ചത് തന്നെ ഈ ജോലിക്കണോ എന്ന് തോന്നിപ്പോവും ഭാവവും തയ്യാറെടുപ്പും കണ്ടാല്‍. ചിലര്‍ ഇട്ടിരിക്കുന്നത് തന്നെ ജേഴ്സി ആണ്. എക്സാം കഴിഞ്ഞാല്‍ നേരെ ഫിസിക്കല്‍ ടെസ്റിന് പോവാന്‍. ആകെപ്പാടെ കണ്ടപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം ആവിയായിപ്പോയി. വന്നസ്ഥിതിക്ക് പരീക്ഷയെഴുതി കൊച്ചിയും കണ്ട് തിരിക്കാം എന്ന കൂടെയുള്ളവരുടെ പ്ലാനിങ്ങുമായി ഞാന്‍ സന്ധിചേര്‍ന്നു,
മുന്നൂറുപേരുടെ മൂന്നു ബാച്ച്. ആദ്യ ബാച്ചില്‍ തന്നെ ഞങ്ങള്‍ കേറി. വിശാലമായ നേവല്‍ ബേസും ഡിഫന്‍സ് ട്രെയിനിംഗും ഒക്കെ ആദ്യമായാണ് കാണുന്നത്. വലിയ ഹാളില്‍ പട്ടാളചിട്ടയോടെ പരീക്ഷ. കാലത്തെ കുളിയുടെ ഊക്കും ചേര്‍ന്ന് തലക്കാകെ കനം. നാസദ്വാരത്തിലെ വായുസഞ്ചാരത്തെ കഫം തടഞ്ഞപ്പോള്‍... അല്ലെങ്കില്‍ അതിത്ര ആലങ്കരിക്കണ്ട, ഞാന്‍ ഒന്ന് മൂക്കുതിച്ചതും ആ വൃത്തികെട്ട ശബ്ദം വലിയ ഹാളില്‍ പതിനെട്ടായി പ്രതിബിംബിച്ചു.
“സൈലെന്‍സ് പ്ലീസ്”
എല്ലാരോടും എന്ന പോലെ സീനിയര്‍ ഓഫീസര്‍.
‘ഐ ആം സോറി’ എന്ന് ഉള്ളില്‍ പറഞ്ഞു ഞാന്‍ എഴുത്ത് തുടങ്ങി.
ബുദ്ധിയും സമയവും തമ്മിലുള്ള ഒരു യുദ്ധമാണ് പരീക്ഷ. അസ്വാസ്ഥ്യങ്ങള്‍ വകവെയ്ക്കാതെ ആവുന്ന രീതിയില്‍ നന്നായി തന്നെ പരീക്ഷ എഴുതി തീര്‍ത്തു. കാന്റീനില്‍ നിന്നു ചായയും ആലൂസമൂസയും കഴിച്ചു. പുറത്തേയ്ക്ക് കൊണ്ട് പോവാനുള്ള ബസ്സിന്റെ വാതിലിനടുത്ത് പോയി നിന്നു (സീറ്റ് പിടിയ്ക്കാന്‍ തന്നെ ).
സീനിയര്‍ ഓഫീസര്‍ പുറത്തേയ്ക്ക് വന്നു ടോപ് സ്കോര്‍ ചെയ്ത പത്തുപേരെ വിളിക്കുന്നു. ആദ്യത്തെ നമ്പര്‍ XXXXXXX (നമ്പര്‍ ഓര്‍മയില്ല ട്ടോ ) . കൂട്ടത്തില്‍ നിന്നു ആരും പോവുന്നില്ല. ഓഫീസര്‍ നമ്പര്‍ ആവര്‍ത്തിച്ചു. നോ രക്ഷ. ആരും പോവുന്നില്ല. അടിച്ച ലോട്ടറിയുടെ ഉടമയെ കാണാത്ത അവസ്ഥ. എല്ലാവരും മുറുമുറുപ്പ് തുടങ്ങി. ക്ഷമ നശിച്ച ഒരു ജൂനിയര്‍ ഓഫീസര്‍ ഇത്തിരി ദേഷ്യത്തോടെ കൂടുതല്‍ ഉറക്കെ വീണ്ടും വിളിച്ചു XXXXXXX.
ഒരു നിമിഷം എന്റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. പോക്കറ്റില്‍ നിന്നു ഹാള്‍ ടിക്കറ്റ് തിടുക്കത്തില്‍ എടുത്തു നോക്കി. കടവുളേ...എന്റെ നമ്പര്‍ !! ഞാന്‍ ആകെ വിയര്‍ത്തു പോയി. ഒരൊറ്റ ഓട്ടം കൊണ്ട് ഓഫീസറുടെ മുന്‍പില്‍.
Is it You??
Yes sir, sorry sir… sorry.
ദഹിപ്പിക്കുന്ന ഒരു നോട്ടത്തില്‍ ദേഷ്യമൊതുക്കി ബാക്കി നമ്പറുകളും വിളിച്ചു. എല്ലാവരും ഫിസിക്കല്‍ ടെസ്റിന് തയ്യാറാവണം. ഞാന്‍ കൂട്ടുകാരുടെ അടുത്തേക്ക് ഓടി , ‘അമ്പട വീരാ’ എന്ന ഭാവം എല്ലാര്‍ക്കും. ഇപ്പോള്‍ ഇവരുടെ ഭാവം ആസ്വദിക്കാന്‍ ഉള്ള ടൈം അല്ല. നേരം വൈകിയാണ് വരുന്നതെങ്കില്‍ റൂം വെകെറ്റ് ചെയ്തു പോവാനും മറ്റുമുള്ള പ്ലാന്‍ പറഞ്ഞ് ഒപ്പിച്ച് യാത്രയാക്കി.
മറ്റൊരു ബസ്സില്‍ ഞങ്ങള്‍ ഗ്രൌണ്ടിലേക്ക്. എന്റെ അങ്കലാപ്പ് ഇനിയും മാറിയിട്ടില്ല. മനസ്സില്‍ വീണ്ടും പ്രതീക്ഷയുടെ മുള പൊട്ടിയിരിക്കുന്നു. ഫിസിക്കല്‍, മെഡിക്കല്‍... രണ്ടും എനിക്ക് ഒരുപോലെ കടമ്പകളാണ്. ടെന്‍ഷനും കൂടെ ആയപ്പോള്‍ വയ്യായ്ക ഒന്നുകൂടെ കൂടിയത് പോലെ. ദേഹത്ത് ചൂടല്‍പ്പം കൂടെ കൂടി. നേരം പതിനൊന്നു കഴിഞ്ഞു. സാമാന്യം നല്ല വെയില്‍.
മുകളിലേക്ക് മടക്കി വച്ച പാന്റും കയ്യില്ലാത്ത വെള്ള ബനിയനും, ഷൂ ഇടാത്ത കാലും.. ഓടാന്‍ തയ്യാറായി ഞാന്‍. ട്രാക്സ്യൂട്ടും ജേഴ്സിയും ഇട്ട പിള്ളാര്‍ എന്നെ നോക്കി പുച്ഛം വാരി വിതറി. നെഞ്ചിടിപ്പ് കൂടി കൂടി വന്നു. സ്കൂളിലാണെങ്കില്‍ സാറെ പനിയാണ് ജലദോഷം ആണ് എന്നൊക്കെ പറയാം. ഇവിടെ അത് പറ്റുമോ?
ഏതു പുസ്തകപ്പുഴുവിനും എഴുത്ത്പരീക്ഷ ജയിക്കാം, എന്നാലിത് കിട്ടണമെങ്കില്‍ ഇത്തിരി മിടുക്ക് വേണം. തോറ്റ്പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും വയ്യ. ഉള്ളില്‍ സകല ആത്മവിശ്വാസവും സംഭരിച്ചു. അതെ, ഞാന്‍ ഇതു ചെയ്യും.
വിസില്‍ മുഴങ്ങിയതും സാമാന്യം വേഗതയില്‍ ഓടാന്‍ ആരംഭിച്ചു. കുറച്ചുപേര്‍ പിറകിലും കുറച്ചു പേര്‍ മുന്‍പിലും. മൂന്നു റൗണ്ട് എട്ട് മിനിറ്റ് കൊണ്ട് തീര്‍ക്കണം. ഒന്നാമത്തെ റൗണ്ട് കഴിഞ്ഞതും കിതപ്പ് തുടങ്ങി. രണ്ടാമത്തേത് പകുതിയായതും അകെ കുഴഞ്ഞു. കണ്ണില്‍ ഇരുട്ട് കേറുന്നു. തൊണ്ട വറ്റി വരണ്ടു.. അടഞ്ഞ മൂക്കിലൂടെ ശ്വാസം കിട്ടുന്നില്ല...മനസ്സില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ ഓടി മറഞ്ഞു. വയ്യ.. വിട്ടു കൊടുക്കാം.. ഇതില്‍ കൂടുതല്‍ എനിക്ക് പറ്റില്ല... ഞാന്‍ ഓട്ടത്തിന്റെ വേഗത അല്പം കുറച്ചു.
പിന്നിലുണ്ടായിരുന്ന രണ്ടു പേര്‍ എന്നെ കടന്നു പോയി. അവരും നന്നായി തന്നെ കിതയ്ക്കുന്നു. അല്പദൂരം കഴിഞ്ഞതും അതിലൊരാള്‍ മുട്ടുകുത്തി.. അതൊരു തോല്‍വിയാണ്... ഇല്ല ഇതുപോലെ വിട്ടുകൊടുക്കാന്‍ പറ്റില്ല. അതിനല്ല ഞാനിത്രയും എത്തിയത്. ഇതു മുഴുവനാക്കും. ശ്വാസം വലിച്ചു വിട്ടു... വേഗത അല്പാല്പം കൂട്ടി. എന്റെ മുന്പിലെത്ര പേര്‍.. പിന്നിലെത്ര പേര്‍.. എത്ര നേരം ആയി ഒന്നും ചിന്തയില്‍ ഇല്ല...
തുടങ്ങിയ അതെ വേഗത്തില്‍ മൂന്നാമത്തെറൗണ്ട് ഫിനിഷ് ചെയ്യുമ്പോള്‍ ജൂനിയര്‍ ഓഫീസര്‍ ഉറക്കെ പറയുന്നത് ഞാന്‍ കെട്ടു .. ത്രീ , സിക്സ് ഫോര്‍ട്ടി ടൂ. ( 3, 6.42 Minutes ) . ഏഴു പേരെ പിറകില്‍ ആക്കി ഞാന്‍ മൂന്നാമത് ഫിനിഷ് ചെയ്തിരിക്കുന്നു ! ആഞ്ഞു കിതച്ചു കൊണ്ടിരുന്ന എന്റെ മുഖത്ത് അപ്പോള്‍ ചൂടോ തളര്‍ച്ചയോ അല്ല , വാശി മാത്രം ആണ് ഉണ്ടായിരുന്നത്.
അഞ്ചു മിനിറ്റ് പോലും തികച്ചു കിട്ടിയില്ല.
“ബോയ്സ്.. റെഡി ഫോര്‍ പുഷ് അപ്”
തോറ്റ ഒരാളൊഴിച്, ഒന്‍പതു പേര്‍ നിരയായി നിന്നു. ഇരുപത്തഞ്ച് പുഷ് അപ് എല്ലാവരും ഒന്നിച്. ഓഫീസര്‍ എണ്ണിത്തുടങ്ങി. വണ്‍, ടൂ, ത്രീ, ഫോര്‍..വാശിക്ക് തരാന്‍ പറ്റുന്ന ശക്തിക്ക് ഒരു പരിമിധി ഉണ്ടല്ലോ. ആ പരിമിധിയെ കുറിച്ച് ഞാന്‍ ഓര്‍ത്തു..
ഫിഫ്ടീന്‍, സിക്സ്ടീന്‍,....
തലയ്ക്കകത്ത് പതിനഞ്ച് എച് പി യുടെ മോട്ടര്‍ ഓടുന്ന പോലെ.. എന്റെ ഇന്ധനം കത്തി തീര്‍ന്നിരിക്കുന്നു.
ഇരുപതെണ്ണം കഴിഞ്ഞിരിക്കുന്നു. ഇനി വെറും അഞ്ചെണ്ണം.. അതും കൂടെ കഴിഞ്ഞു നിര്‍ത്താം.വയ്യെന്ന് പറഞ്ഞു തിരിക്കാം. ഇടയ്ക്ക് വെച്ച് വീഴുന്നത് മോശം ആണ്. തളരുന്ന കയ്യും , കിതയ്ക്കുന്ന നെഞ്ചും ഒരു നിമിഷം മറന്നു ഞാന്‍.
ട്വെന്റി ഫോര്‍ , ട്വെന്റി ഫൈവ്.
വീണ് ഒറ്റ കിടത്തം ആയിരുന്നു ഗ്രൌണ്ടിലേക്ക്. പുല്ലിലെ തണുപ്പ് നെഞ്ചിലേക്കല്‍പ്പം കിട്ടി.
“ഗെറ്റ് റെഡി ഫോര്‍ നെക്സ്റ്റ്’
സീനിയര്‍ ഓഫീസറുടെ ശബ്ദം. ഞാന്‍ എഴുന്നേറ്റ് കണ്ണ് തുറന്നു നോക്കി. മിക്കവരും എന്നെപ്പോലെ തന്നെ. രണ്ടുപേര്‍ മുഴുവനാക്കിയിട്ടില്ല. പിന്മാറുമ്പോള്‍ എനിക്ക് കൂട്ടുണ്ട്. കൂട്ടത്തില്‍ മലയാളിയെന്നു തോന്നിച്ച ഒരോഫീസറുടെ അടുത്ത് ചെന്നു.
“സര്‍.....”
“ക്യാ?”
“ങേ.. അതുപിന്നെ..” ജബ ജബ ജബ.. (മുജെ പണ്ടേ ഹിന്ദി അത്ര ആത്താ നഹി ഹൂ ഹേ ഹൈ ഹാ..)
മറുത്തൊന്നും പറയാനാവാതെ ഞാന്‍ നടന്നു. ഏഴുപേര്‍ നിരയായി മലര്‍ന്നു കിടന്നു. എന്റെ ശരീരം വിറയ്ക്കുന്നു. ഇതില്‍ പകുതിയ്ക്ക് വീഴാനാണ് എന്റെ വിധി. ആരെങ്കിലും കൂട്ട് കാണണേ എന്നൊരു ആഗ്രഹം മാത്രം ഉള്ളില്‍.
വണ്‍...ടു.. ത്രീ... ഫോര്‍...ഓരോ തവണ എഴുന്നേറ്റു പൊങ്ങുമ്പോഴും തലയിലെ പെരുപ്പ് കൂടി കൂടി വന്നു.
എയ്റ്റ്, നൈന്‍, ടെന്‍....ഇപ്പോള്‍ പൊങ്ങുന്നതും താഴുന്നതും ഒക്കെ യാന്ത്രികം ആണ്. കണ്‍പോളകള്‍ മുഴുവന്‍ അടഞ്ഞു പോയി. എണ്ണുന്ന ശബ്ദം മാത്രം അവ്യക്തമായി കേള്‍ക്കാം.
ഫിഫ്ടീന്‍....സിക്സ്ടീന്‍...
വയറൊന്നു കൊളുത്തിപ്പിടിച്ചു, അടുത്തതില്‍ ഞാന്‍ പകുതിയേ പൊന്തിയുള്ളൂ. വീണ്ടും ഒന്ന് പൊങ്ങാന്‍ ഒരു പാഴ്ശ്രമം നടത്തി ഞാന്‍. ഇല്ല. കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു. തോല്‍ക്കാന്‍ തയ്യാറെടുത്ത മനസ്സ് അതിന്റെ ഞ്യായം അപ്പോഴേക്കും കണ്ടുപിടിച്ചിരുന്നു.
“ഒന്നുമില്ലെങ്കിലും ഇത്രയും എത്തിയില്ലേ... മുന്നൂറു പേരില്‍ നിന്നു ഈ ഏഴിലേക്ക്.. സാരല്ല്യ”
കണങ്കാലില്‍ ഒരു ബൂട്ട് അമരുന്നു. ശരിക്കും നന്നായി അമര്‍ന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് നീണ്ടു വരുന്ന ഒരു കയ്യായിരുന്നു. സ്കോര്‍പാഡ് പിടിച്ചിരുന്ന ഓഫീസറുടെ അടുത്ത് നിന്നിരുന്ന ഒരു ജൂനിയര്‍ ഓഫീസര്‍ സര്‍ദാര്‍ജി !
എന്റെ കണങ്കാലില്‍ ചവിട്ടി സപ്പോര്‍ട്ട് തരികയാണ്.ആ കൈകള്‍ പിന്നിലേക്ക് വലിച്ച് ഉച്ചത്തില്‍ അയാള്‍ പറഞ്ഞു
“കമോണ്‍.... കം ഓണ്‍....”
അതൊരു പ്രോത്സാഹനം അല്ല. ആജ്ഞയാണെന്ന് തോന്നി എനിക്ക്. മുകളിലേക്ക് പൊങ്ങുന്ന ആ കൈകള്‍ക്കൊപ്പം കാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഇരുമ്പ് പോലെ എന്റെ ശരീരവും പൊങ്ങി. ഇടതൂര്‍ന്ന താടി-മീശകള്‍ക്കിടയില്‍ കമോണ്‍ എന്ന് പറയുന്ന ചുണ്ടുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളൂ.
ട്വെന്റി വണ്‍... ട്വെന്റി ടൂ......... ട്വെന്റി ഫൈവ്...
വര്‍ദ്ധിച്ച കിതപ്പിലും അവിശ്വാസതയോടെ അയാളെ നോക്കി ഞാന്‍. മുഴുവനാക്കിയിരിക്കുന്നു.
“സബാശ്...”
അയാള്‍ പറഞ്ഞു.വല്ലാത്തൊരു ഊര്‍ജ്ജം അയാള്‍ പകര്‍ന്നു തന്ന പോലെ.
പതിനഞ്ചു കടന്നത് കൊണ്ട് എന്നെ തോല്‍ക്കാന്‍ സമ്മതിക്കാതെ ജയിപ്പിച്ച ഓഫീസര്‍മാര്‍. പത്ത് എത്തുന്നതിനു മുന്‍പ് വീണുപോയിരുന്നു രണ്ടു പേര്‍. ബാക്കി അഞ്ചു പേര്‍ക്കും ഫുള്‍ മാര്‍ക്ക്. സര്‍ദാര്‍ജിയുടെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഞാന്‍. ഒരു കള്ളച്ചിരി മാത്രം ചിരിച്ചു അയാള്‍.
മെഡിക്കല്‍ ടെസ്റ്റും പാസ്സായി അന്ന് വൈകിയ രാത്രിയില്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലെ ചെയറില്‍ നാട്ടിലേക്കുള്ള ട്രെയിന്‍ കാത്തു കാലിനുമുകളില്‍ കാലു വച്ച് ഒരു രാജാവിനെപോലെ ഇരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ജീവിതത്തില്‍ ചുരുക്കം ചില വിജയങ്ങള്‍ ഇങ്ങനെ ഒളിമങ്ങാതെ ഓര്‍മകളില്‍ നിലനില്‍ക്കുന്നു.
_________________________________________________________________________
ചില കാരണങ്ങള്‍ കൊണ്ട് ഈ ജോലിക്ക് ഞാന്‍ ജോയിന്‍ ചെയ്തില്ല. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമിത് ഓര്‍മയില്‍ എത്തിച്ചത് 'ആള്‍ക്കമിസ്റ്റ്' ആണ്. അതൊരു പോസ്റ്റ് ആയി ഇവിടെ ഇടാന്‍ പ്രേരിപ്പിച്ചത് 'നിങ്ങള്‍ക്കും ആവാം കോടീശ്വര'നും. അതിനെക്കുറിച്ച് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം.
ഗ്രേറ്റ്....
ReplyDeleteജോലിക്ക് ചേര്‍ന്നില്ല എന്നത് വിഷമം ഉണ്ടാക്കി.
ഡിഗ്രി പഠിക്കുമ്പോള്‍ എന്‍റെ ഏറ്റവും വലിയ സ്വപ്നം ഏതെങ്കിലും ഒരു ഫോഴ്സില്‍ ചേരണം എന്നായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ബാംഗ്ലൂരില്‍ അഞ്ചുദിവസം നേവി ഇന്റര്‍വ്യൂവിനു താമസിച്ചതും അതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഒക്കെയും ഓര്മ വന്നു. നന്ദി, എന്നെ ആ ദിനങ്ങള്‍ ഓര്‍മിപ്പിച്ചതിന്.
:) :)
Deletekollam
ReplyDeleteNice experience.. inspiring..
ReplyDelete