അച്ഛന്റെ അമ്മയെ ഞങ്ങള്‍ മുത്തി എന്നാണ്
വിളിച്ചിരുന്നത്...,.. വയസ്സ് അറുപത്തഞ്ചു കഴിഞ്ഞെങ്കിലും തലയില്‍ ഒരിഴപോലും
നരയ്ക്കാത്തത് കൊണ്ട് സമപ്രായക്കാരായ തറവാടിതള്ളമാര്‍ അവരെ രഹസ്യമായും പരസ്യമായും
‘കാക്ക’യെന്നു വിളിച്ചിരുന്നു. തറവാട്ടിലും നാട്ടിലും കിരീടം വക്കാത്ത റാണിയെ
പോലെ, ആരെയും കൂസാതെ അവര്‍ ജീവിച്ചു. ‘ഒഴിമുറി’യിലെ കാളിപിള്ളയുടെ വയസ്സുകാലം ഓര്‍മിപ്പിച്ചു
കറുത്ത ഫ്രെയിമിട്ട കണ്ണടയും വെള്ളമുണ്ടും
, സ്വര്‍ണ്ണപ്പാശി ചങ്ങലയും ഒക്കെ അവരുടെ ജംഗമംഗളായി ഓര്‍മയില്‍ ഉണ്ടെങ്കിലും അതിനെക്കാളും
ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ആ ദേഹത്ത് നിന്നു വരുന്ന ചന്ദ്രിക സോപ്പിന്റെ
നറുമണമാണ്.
കാലത്തോരേഴുമണിയാവുമ്പോള്‍ അടുപ്പില്‍ക്കൂട്ടിയ
വട്ടചെമ്പില്‍ വെള്ളം ചൂടാക്കി , കുളിമുറിയില്‍ മുക്കാലിയിട്ടിരുന്ന്‍,
ചന്ദ്രികസോപ്പും തേച്ച് മണിക്കൂറൊന്ന് നീളുന്ന വിസ്തരിച്ചുള്ള കുളി. അതുകഴിഞ്ഞ്
നല്ലവെള്ളത്തില്‍ അല്പം പാലൊഴിച്ച് അതും കൊണ്ട് ഈറനോടെ പൂജാമുറിയില്‍ കേറി ,
കൈക്കുമ്പിള്‍ വലിപ്പമുള്ള ആ ശിവലിംഗം കഴുകി വൃത്തിയാക്കി പൂജ കഴിക്കും. അത്
അവരുടെ നായര് പണ്ട് കാശിക്കു പോയപ്പോള്‍ കൊണ്ട് വന്നതാണ് പോലും. വീട്ടിലാദ്യമായി
വരുന്ന സകലരോടും ഈ ശിവലിംഗത്തിന്റെ കഥയവര്‍ പറയും, ഞങ്ങള്‍ ഒരു നൂറു ആവൃത്തി അത്
കേട്ടുകാണും.
ഒരീസം ഇളയ മരുമകള്‍ അടുക്കള വര്‍ത്തമാനത്തിനിടയ്ക്ക്
മൂത്ത മരുമകളോട് (എന്റെ അമ്മ) ഇങ്ങനെ പറഞ്ഞു പോലും
“എന്റെ ഏടത്യമ്മേ , അത് വല്ല തേര്പ്പറമ്പുന്നും
വാങ്ങ്യതാവും. അല്ലാണ്ട്, ഇയമ്മടെ നായര് ഒരിക്ക കാശിക്ക് പോയാ പിന്നെ ബോധണ്ടേല്‍
തിരിച്ചു വീട്ടിലേക്കു വര്വോ?”
എങ്ങനെയാണെന്നറിയില്ല അത് മുത്തിയുടെ ചെവിയില്‍
താമസിയാതെ എത്തി. അടുത്ത ഓണം ഉണ്ണാന്‍ പിന്നെ ഇളയമ്മയും ഇളയച്ചനും തറവാട്ടിലിണ്ടായില്ല.
അതാണ് മുത്തി. തന്റെ അധികാരമോ വ്യക്തിത്വമോ ചോദ്യം ചെയ്യാന്‍ ആരെയും
സമ്മതിക്കില്ല. ഉള്ളില്‍ സ്നേഹവും വാത്സല്യവും ഒക്കെ ഉണ്ടെങ്കിലും പുറത്ത് അതിന്റെ
പത്തിരട്ടി വാശിയും ദേഷ്യവും ഗര്‍വ്വും കാണിക്കുമവര്‍. ചുരുക്കം ചില
സാഹചര്യങ്ങളില്‍ ഒഴിച്ചാല്‍ അവരുടെ സാന്നിധ്യം ഞങ്ങള്‍ കുട്ടികളില്‍ കൂടുതലും
ഭയമാണ് ജനിപ്പിച്ചത്.
നറുക്ക് പിരിവും , ജൗളിക്കച്ചവടവും വീട്ടില്‍
തന്നെ നടത്തി ആ പ്രായത്തിലും അവര്‍ സാമ്പത്തികമായി സ്വയം പര്യപ്തയായിരുന്നു.
സ്വന്തം മകളോടും ഇളയമരുമകളോടും ഇല്ലാത്ത പ്രിയം മൂത്ത മരുമകളായ എന്റെ അമ്മയോട്
ഉണ്ടായിരുന്നെങ്കിലും മിക്കപ്പോഴും അവരുടെ ദേഷ്യവും വാശിയും തീര്‍ക്കാന്‍
നിന്നുകൊടുക്കേണ്ടി വരുന്നതും ഈ പാവമായിരുന്നു. കാലത്ത് കുളിക്കാന്‍ വെള്ളം
ചൂടാക്കിക്കൊടുക്കേണ്ടത് മുതല്‍ രാത്രിയിലെ ഉപ്പിട്ട ഗോതമ്പ് കഞ്ഞി വരെ അവര്‍ക്ക്
വേണ്ടി തയ്യാറാക്കുന്നത് അമ്മയാണ്.
വലിയ ശബ്ദകോലാഹലങ്ങളില്ലാതെ കടന്നുപോയ ഒരു
ദിവസമായിരുന്നു അത്. അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിയും ഞാനും
അടുക്കളയ്ക്കിപ്പുറത്തെ ഇടനാഴിയില്‍ ചമ്മണം പടിഞ്ഞിരുന്നു ഊണുകഴിക്കുന്നു. ചീവീട്
കരയുന്ന ഒച്ചയല്ലാതെ, മോരൊഴിച് കുഞ്ഞ് കൈകള്‍ കൊണ്ട് ചോരിത്തിരി ആഞ്ഞു
കുഴയ്ക്കുമ്പോള്‍ നിലത്തുരയുന്ന സ്റ്റീല്‍ കിണ്ണത്തിന്റെ ശബ്ദം മാത്രം കേള്‍ക്കാം.
പുറത്തെന്തൊക്കെയോ പണികള്‍ തീര്‍ത്തു അടുക്കളയില്‍ കേറിയ അമ്മ കോലയില്‍ ഇരിക്കുന്ന
മുത്തിയെ കഴിക്കാന്‍ വിളിച്ചു.
“അമ്മേ, ഗോതമ്പ്കഞ്ഞി ചൂടാറുംട്ടോളൂ...”
കോലയില്‍ നിന്നു എഴുന്നേറ്റ് ഇടനാഴിയിലൂടെ
വെളുത്ത മുണ്ടുകളുടെ ഇളക്കത്തില്‍ മുത്തി ഞങ്ങളെ കടന്ന് അടുക്കളയിലേക്കു പോയി.
ഗോതമ്പ് കഞ്ഞിയുള്ള ചെമ്പ് പത്രം തുറക്കുന്നതും കഞ്ഞിയിളക്കുന്നതും , അമ്മ
അമ്മയ്ക്ക് വേണ്ട ചോറ് കലം തുടച്ച് കിണ്ണത്തിലേക്ക് ഇടുന്നതും ഒക്കെയായി അടുക്കള
ഇപ്പോള്‍ ബഹളം.
‘പ്ഫൂ...’ എന്നൊരു മുത്തിയുടെ ഒച്ചയുടെ അകമ്പടിയോടെ
വലിയ ശബ്ദത്തില്‍ ചെമ്പ് പാത്രം അടുക്കളയുടെ തറയില്‍ വീഴുന്ന ശബ്ദം ഞങ്ങള്‍
കേട്ട്. ‘അയ്യോ.... ‘ എന്ന അമ്മയുടെ നിലവിളിയും.
അമ്മേ എന്ന് വിളിച്ചോണ്ട് ചേച്ചി അടുക്കളയിലേക്കു
ഓടി. ഞാനെന്തുകൊണ്ടോ ഇരുന്നിടത്ത് നിന്നു അനങ്ങിയില്ല. ചോറില്‍ നിന്നു
കയ്യെടുത്തു, ചെവി കൂര്‍പ്പിച്ചു.
“കൊറേ ഗോതമ്പെടുത്ത് കഴുകേം പിടിക്കേം ചെയ്യാണ്ട്
വെള്ളത്തില്‍ ഇട്ട് ചൂടാക്കി ഇങ്കട് തന്നോളും.. ഒന്ന് വെന്തോന്നെങ്കിലും
നോക്കണ്ടേ ... വല്ല മാട്ടിനും കൊടുക്കണ പോലെ...”
മുത്തിയുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം. അവര്‍
ചെമ്പ് തട്ടിയെറിഞ്ഞതാണ്. നല്ല ചൂടുള്ള ഗോതമ്പ് കഞ്ഞി മുക്കാലും വീണത് അമ്മേടെ
കാലിലും. ഒരു ദേഷ്യത്തിന് ചെയ്തതാണെങ്കിലും അത് അമ്മയുടെ കാലില്‍ വീണു
പൊള്ളുമെന്ന് അവര്‍ നിരീച്ചില്ല. എന്നാലോ, ആ തെറ്റ് സമ്മതിക്കാനോ താഴ്ന്നു
കൊടുക്കാനോ തയ്യാറല്ലതാനും. അതോണ്ട് അവര്‍ നിര്‍ത്താതെ ഉച്ചത്തില്‍
ശബ്ദിച്ചുകൊണ്ടിരുന്നു.
“ചാവണ കാലം വരെ അവനവന് വേണ്ടത് വെച്ചിണ്ടാക്കി
കഴിക്കാന്‍ എനിക്കറിയാം. ഇതെന്റെ വീടാ...”
ചേച്ചി അമ്മയേം കൊണ്ട് കൊട്ടതളത്തില്‍ പോയി കാലു
മുഴുവന്‍ വെള്ളം ഒഴിച്ച് കൊടുക്കുണ്ട്. അമ്മയുടെ അമര്‍ത്തിയുള്ള തേങ്ങല്‍ കേള്‍ക്കാം.
എന്റെ കണ്ണുകള്‍ നീറി. ഇയമ്മടെ ആട്ടും തുപ്പും സഹിച് തറവാട്ടില്‍ ഇങ്ങനെ നിക്കണത്
എന്തിനാ? ഇളയച്ചനും വല്യമ്മയും ഒക്കെ ചെയ്ത പോലെ അന്യ നാട്ടിലിക്കും വേറെ
വീട്ടിലിക്കും ഒക്കെ പോയാലെന്താ? മാസത്തില് ഒന്നോ രണ്ടോ തവണ വീട്ടിലേക്കു വരുന്ന
അച്ഛന് ഇതൊന്നും മനസ്സിലാവില്ല. അല്ല... ആയിട്ടും കാര്യമൊന്നും ഇല്ല. മുത്തിയുടെ
മുഖത്ത് നോക്കി കമാന്നൊരു അക്ഷരം പറയാന്‍ ആര്‍ക്കും പറ്റില്ല. ഒരുനൂറു ചിന്തകള്‍
മനസ്സിലൂടെ കടന്നു പോയി.
ഞാന്‍ എഴുന്നേറ്റ് പോയി കൈ കഴുകി. അടുക്കള
ഒരുവിധം വൃത്തിയാക്കുന്നു ചേച്ചി. ദേഷ്യത്തിലും ഭാവത്തിലും ഒരു മാറ്റവും വരുത്താതെ
മുത്തി വേറെ ഗോതമ്പ് റവയെടുത്ത് കഴുകി സ്റ്റൌവില്‍ വെയ്ക്കുന്നു. അമ്മയ്ക്ക് വേണ്ട
ചോറും കറിയും എടുത്തു കോലായിലേക്ക് കൊണ്ട് പോയി കൊടുത്തു.
അമ്മയ്ക്ക് ഒരു ഗ്ലാസ് വെള്ളം എടുക്കാന്‍ അടുക്കളയിലേക്ക്
വീണ്ടും ചെന്നു ഞാന്‍. ഉപ്പുമാങ്ങ ഭരണിയുടെ പുറകിലായി ആ കുപ്പി ഇരിക്കുന്നത് എന്റെ
കണ്ണില്‍പ്പെട്ടു. ‘ബാലസുധ’ ! അതൊരു
മരുന്നാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വയറിളക്കാന്‍ അരക്ക്ലാസ് പാലില്‍ രണ്ടു
തുള്ളി ഒറ്റിച്ചു കാലത്ത് നേരത്തെ തരും
കുട്ടികള്‍ക്ക്. അന്ന് പിന്നെ ശംഖുവിളിക്കും ചന്തികഴുകലിനും മാത്രമേ നേരം കാണൂ.
നീറ്റല്‍ സഹിക്കവയ്യാതെ അമ്മ അടക്കിപ്പിടിച്ചു
കരയുന്നു, പിന്നിലെ സ്റ്റൌവില്‍ ഗോതമ്പ്കഞ്ഞി തിളയ്ക്കുന്നു. ഇടനാഴിയിലെന്തോ
എടുക്കാന്‍ മുത്തി പോയിരിക്കുന്നു. അടുക്കളയില്‍ ബാലസുധയ്ക്കും ഗോതമ്പ്കഞ്ഞിക്കും
ഇടയില്‍ ഞാന്‍. കൂടുതലൊന്നും ആലോചിച്ചില്ല. ഏന്തിവലിഞ്ഞ് ബാലസുധയുടെ കുപ്പി
കയ്യില്‍ എടുത്തു, മൂടി തുറന്ന് തിളയ്ക്കുന്ന കഞ്ഞിയിലേക്കു ഒരു പീച് കൊടുത്തു.
നാലഞ്ച് തുള്ളി വീണു കാണും. കുപ്പി വേഗം പോക്കറ്റിലേക്ക് ഇട്ട് വെള്ളവും കൊണ്ട്
പുറത്തേക്ക് കടന്നു.
ഒരു നിമിഷം, ചെയ്ത മണ്ടത്തരം ഓര്‍ത്ത് എന്റെ
നെഞ്ചൊന്നു കാളി. ബാലസുധയ്ക്ക് ഒരു അരുചി ഉണ്ട്. ഒരുമാതിരി ചവര്‍പ്പ്. അത് പാലില്‍
ഒറ്റിച്ചു കുടിക്കുമ്പോള്‍ ശര്ധിക്കാന്‍ വരുമായിരുന്നു. മുത്തി അതെങ്ങാനും
തിരിച്ചറിഞ്ഞാല്‍, കുറ്റം ഞാന്‍ ഏറ്റാല്‍ എന്റെ കാര്യം തീരുമാനം ആവും, അല്ലെങ്കില്‍
അതും അമ്മയുടെ തലയില്‍ വീഴും... ഓര്‍ക്കാന്‍ തന്നെ വയ്യ. കയ്യും കാലും ഒക്കെ തളര്‍ന്നു.
കാര്യങ്ങള്‍ കൈവിട്ടു പോവും, വരുന്നത് അനുഭവിക്ക്യന്നെ. കണ്ടു പിടിച്ചാല്‍ ഞാന്‍
കുറ്റം ഏല്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മയെ കുരുതി കൊടുക്കാന്‍ വയ്യ.
ഞങ്ങടെ മുറിയില്‍ കേറി കട്ടിലിനടിയില്‍ നിന്നും
കോസറി വലിച്ചെടുത്ത് നീട്ടി വിരിച്ചതില്‍ കമിഴ്ന്നു കിടന്നു. അറിയാവുന്ന സകല
ദൈവങ്ങളെയും പേരെടുത്തു വിളിച്ചു. ഒരാള്‍ അല്ലെങ്കില്‍ ഒരാള്‍ , അതാണല്ലോ
കുട്ടിക്കാലത്തെ നമ്മടെ പോളിസി. ടെന്‍ഷനും കരച്ചിലിനും ഇടയില്‍ എപ്പോഴോ
ഉറങ്ങിപ്പോയി. കാലത്ത് എഴുന്നേറ്റപ്പോള്‍ പെട്ടെന്ന് തലേന്ന് നടന്നതൊന്നും ഓര്‍മയില്‍
വന്നില്ല. പതിയെ ഒക്കെ ഓര്‍ത്തെടുത്തപ്പോള്‍ കിടക്കയില്‍ ഇരുന്നു ഞാന്‍ വിയര്‍ത്തു.
പുറത്തേക്ക് ഞാന്‍ ചെവിയോര്‍ത്തു.
പെട്ടെന്ന് ചേച്ചി അകത്തേക്ക് ഓടി വന്നു. തോര്‍ത്തെടുക്കാന്‍.
“നീയെന്താ ഇനിയും കുളിച്ചില്ലേ?”
വെറുതെ എന്തെങ്കിലും ചോദിയ്ക്കാനായി ഞാന്‍
ചോദിച്ചു.
“ഡാ.. മുത്തി രാത്രി മുതല്
തൂറ്റിക്കൊണ്ടിരിക്യാടാ... കക്കൂസിന്റെം കുളിമുറീടേം അടുത്തയ്ക്ക് പോകാന്‍ വയ്യ..
നാറീട്ട് ! .. ഇപ്പൊ ഒന്ന് ഇറങ്ങീട്ടിണ്ട്.. ഞാനാ ബക്കറ്റും കപ്പും എടുത്തു
പുറത്ത് കുളിക്കട്ടെ.”
എന്താ പറ്റ്യേ ?
വല്ല ക്ലൂ കിട്ടുമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു.
“ആവോ.. ആര്‍ക്കറിയാ.. അമ്മ ചോദിച്ചിട്ട് ഒരക്ഷരം
പറഞ്ഞില്ല. ഇന്നലത്തെ ദേഷ്യാ... ഞാന്‍ ഒന്നും ചോദിയ്ക്കാന്‍ പോയില്ല.”
അത് പറയുമ്പോ അവള്‍ അമര്‍ത്തി
ചിരിക്കുന്നുണ്ടായിരുന്നു.
എനിക്കല്പം ധൈര്യമായി. അടുക്കളഭാഗത്ത് ചെന്നപ്പോ
, ദോശ ചുടുന്ന അമ്മ പറഞ്ഞു
“പല്ല് തേക്കെടാ.. ഡവറയില്‍ കാപ്പിയിണ്ട്.”
അമ്മേടെ കാല് ഇപ്പൊ വല്ല്യ കുഴപ്പമില്ല. സാരി
തട്ടി ഉരസാതിരിക്കാന്‍ അല്പം മുകളിലേക്കായാണ് ഉടുത്തിരിക്കുന്നത്. കോലായിലിരുന്നു
ഞാന്‍ മൊത്തം ഒന്ന് വീക്ഷിച്ചു, മുറ്റം ആകെ അലങ്കോലം. തൊടിയിലെ കക്കൂസിലേക്ക്
പോകുന്ന വഴി അവിടവിടെ ചെറിയ മണ്‍കൂനകള്‍. അപ്പൊ സംഗതി ഏശിയിരിക്കുന്നു. കഞ്ഞിയുടെ
ചൂട് കൊണ്ടാണോ, വിശപ്പിന്റെ വിളി കൊണ്ടാണോ അതോ സ്വയം ഉണ്ടാക്കിയ ഭക്ഷണം തനിയെ
കഴിച്ചു തീര്‍ക്കണം എന്നത് കൊണ്ടാണോ ബാലസുധയുടെ അരുചി മുത്തി അറിഞ്ഞിട്ടില്ല.
അല്ലെങ്കില്‍ തറവാട് എട്ടായി പിളര്‍ന്നേനേ.
അതാ വീണ്ടും ഇടനാഴി കടന്ന് മുത്തി വെപ്രാളത്തില്‍
നടന്നു വരുന്നു. ഒരു കൈ കൊണ്ട് മുണ്ട് നല്ലോണം പൊക്കിപ്പിടിച്ചിട്ടുണ്ട്. ഇടത്തും
വലത്തും നോക്കാതെ താഴേക്ക് നോക്കി ഡൌണ്‍ലോഡിംഗ് പോയിന്റ് ലക്ഷ്യമാക്കി വാണം വിട്ട
പോലെ ഒരു പോക്കാണ്. മുഷിഞ്ഞ മുണ്ടിന്റെ പുറകെ ഒരു ജാഥകണക്കെ ഈച്ചകളും!
------------------------------------------
ഈ നാറ്റക്കഥ എനിക്കും എട്ടുവയസ്സുകാരന്റെ
പൊട്ടബുദ്ധി പൊറുക്കാന്‍ വേണ്ടി ഞാനന്ന് വിളിച്ച നൂറുകണക്കിന് ദൈവങ്ങള്‍ക്കും മാത്രേ
ഇത്രകാലം അറിയൂ. മുത്തി മരിച്ചുപോയെങ്കിലും , ഇക്കഥ ഏതെങ്കിലും രീതിക്ക് കുടുംബ
പ്രശനം ഉണ്ടാക്കിയാല്‍ ബ്ലോഗില്‍ നിന്നു നീക്കം ചെയ്യും എന്ന ഭീഷണിയോടെ... J
ഇങ്ങനെ ഒരു പ്രതികാരം എവിടെയും പ്രതീക്ഷിക്കാം.ഇനി എന്ത് പ്രശ്നം ഉണ്ടാവാനാണ് എല്ലാം കഴിഞ്ഞില്ലേ.
ReplyDeleteഹി ഹി.. എന്നാലും ഒരു ഇതു ഉണ്ടായിരുന്നു... ഇപ്പൊ ഇല്ല. :)
Deleteനല്ല കഥ. അപ്പൊ രഞ്ജിത്തിന്റെ വീട്ടില്‍ വരുന്നത് സൂക്ഷിച്ചു വേണം അല്ലെ?
ReplyDeleteഅനീഷേട്ടാ... അല്പം സൂക്ഷിക്കണം. ;) :)
Deleteഹി ഹി..നല്ല കഥ..തമാശകള്‍ ഒക്കെ കൊള്ളാം ..വീണ്ടും എഴുതുക...ഭാവുകങ്ങള്‍
ReplyDeleteകഥയല്ലിത് ജീവിതം ! നന്ദി.. :)
Deleteനല്ല എഴുത്ത്, വായന തുടരാൻ പ്രേരിപ്പിക്കുന്ന ഒരു ഹുക്ക് ലൈൻസ് ഒക്കെ ഉണ്ട് ആദ്യം തന്നെ, കൊള്ളാം , ഇനിയും എഴുതുക
ReplyDeleteഒരുപാടു നന്ദി ഷാജു ഏട്ടാ.... :)
Deleteനന്നായിട്ടുണ്ട്..
ReplyDeleteനന്ദി സുഹൃത്തേ.. :)
Deleteകിടിലനായ്ട്ടുണ്ട്
ReplyDeleteThanks da. :)
Deleteമാഷെ കൊള്ളാം നന്നായിരിക്കുന്നു
ReplyDeleteനന്ദി.. :)
Deleteഹഹഹ പാവം മുത്തി ...:D ചെക്കൻ ചില്ലറക്കാരൻ അല്ലാട്ടാ.. ജാഗ്രതൈ.. :P
ReplyDeletehahaha... പാവം ഞാന്‍ ;)
Deleteവാക്കുകളിലെ ആത്മാര്‍ത്ഥത ശ്രദ്ധേയം. പ്രകടമായ നര്‍മ്മത്തെ മുറിച്ച് അകത്തുകടന്ന് ആ കുഞ്ഞ് അനുഭവിച്ച വികാരങ്ങളിലൂടെ ഒന്നു സഞ്ചരിച്ചു നോക്കൂ.. കരച്ചില്‍ വരും
ReplyDeleteമം.. അതൊക്കെ വേദനകള്‍ മാത്രം തരുന്ന ഓര്‍മ്മകള്‍ ആണ്.. ഇന്ന് രസത്തോടെ ഓര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും
Delete:D baalasudhaa
ReplyDelete