Tuesday

മെയ്ദിനം എന്റെ പിറന്നാള്‍ ആയ കഥ.


“അടുത്ത കൊല്ലം ന്റെ പിറന്നാള്‍ സ്കൂള്‍ ഉള്ള ദിവസം വര്വോ മ്മേ?”

“ആവൂ... അതെങ്ങനെയടാ കുട്ടാ.. ന്റെ കുട്ടീടെ പിറന്നാള്‍ എപ്പളും എപ്രിലിലോ മേയ്യിലോ അല്ലെ വരൂ...”

പിറന്നാളൂട്ടിയായി സ്കൂളില്‍ ചെല്ലുന്നത് ഇത്തിരി ഗമയുള്ള കാര്യം ആണെന്ന് തിരിച്ചറിഞ്ഞത് രണ്ടാം ക്ലാസ്സില്‍ ആയിരുന്നു. അന്ന് യൂണിഫോം ഇടണ്ട. പുത്തന്‍ പിറന്നാള്‍ ഉടുപ്പിട്ട് , കാലത്ത് അമ്പലത്തില്ന്നു കിട്ടിയ ചന്ദനം കൊണ്ട് കുറി തൊട്ട് ചന്തക്കാരനായി സ്കൂളിലേക്ക് വരുന്ന പിറന്നാള് കുട്ടിയെ അസംബ്ലിക്ക് വരി നിക്കുമ്പോ തന്നെ എല്ലാരും എത്തി നോക്കും. അസംബ്ലി കഴിഞ്ഞു ക്ലാസിലേക്ക് കേറുമ്പോള്‍ തന്നെ “ഡാ ഒരു മുട്ടായി എനിക്ക് അധികം തരണേ ട്ടാ , എന്റെ ചേച്ചിക്കും കൊടുക്കാനാ” എന്ന മാതിരിയുള്ള അഡ്വാന്‍സ് ബുക്കിങ്ങുകളുമായി അവരേ ചങ്ങാതിമാര്‍ വളയും. ടീച്ചര്‍ ക്ലാസിലേക്ക് വന്ന് ഹാജര്‍ വിളിക്കാന്‍ തുടങ്ങുമ്പോള്‍ പിറന്നാളുകാരന്റെ പേര് വരാന്‍ വേണ്ടി കാത്തിരിക്കും എല്ലാരും. പേര് വിളിച്ചു കഴിഞ്ഞാലോ പിറന്നാള്കുട്ടി ഒന്നും അറിയാത്ത പോലെ ഹാജര്‍ പറഞ്ഞു ഇരിക്കും, അപ്പൊ വേറെ ആരെങ്കിലും എണീറ്റ് നിന്നു പറയും,

 ‘ഇവന്റെ പിറന്നാളാ ടീച്ചറെ ഇന്ന്”  . 

അന്നേരം പിറന്നാള്കാരന്റെ മുഖത്തൊരു ചിരി വിടരും ! പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ച പോലെ ന്നൊക്കെ പറയില്ലേ.. അതാണ് !
 ശേഷം, എല്ലാരും ചേര്‍ന്ന് ഹാപ്പി ബര്‍ത്ത്ഡേ പാടും, ക്ലാസ്സിലെ എല്ലാര്ക്കും ടീച്ചര്‍മാര്‍ക്കും ഒക്കെ  മിട്ടായി വിതരണം , ഉച്ചയ്ക്ക് വീട്ടില്‍ പോവാം. അന്നിനീപ്പോ വന്നില്ലെങ്കിലും ടീച്ചര്‍ ഒന്നും ചോദിക്കില്ല.   

അന്ന് അരുണിന്റെ പിറന്നാള്‍ ആയിരുന്നു. പ്രീ ബുകിംഗ് ഇല്ലാതെ തന്നെ എനിക്ക് ഒന്നല്ല, രണ്ടു മിട്ടായി അധികം തന്നു. അവനു അല്ലെങ്കിലും എന്നോടൊരു പ്രത്യേക ഇഷ്ടാണ്. രണ്ടാം ക്ലാസ്സില്‍ ആ സ്കൂളില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ ‘രഞ്ജിത്ത് കുമാര്‍’ എന്ന നീളന്‍ ബോറന്‍ പേര് തല്ലി ചുരുക്കി ‘രഞ്ജു..’ ന്നു എന്നെ ആദ്യായി വിളിച്ചത് മുതല്‍ അരുണ്‍ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. 

അന്ന് വൈകീട്ട് വരമ്പത്തൂടെ വീട്ടിലേക്കു നടക്കുംബോഴേ ഞാന്‍ തീരുമാനിച്ചു എന്റെ പിറന്നാളിന് എല്ലാര്ക്കും രണ്ടു എക്ലയര്‍ വച്ച് കൊടുക്കണം. അരുണിന് ഒരു പിടി കൊടുത്താലും കുഴപ്പല്ല്യ. ശെടാ.. കഴിഞ്ഞ വര്ഷം പിറന്നാള് സ്കൂള്‍ പൂട്ടിയപ്പോള്‍ ആയിരുന്നൂലോ.. അതിപ്പോ എല്ലാ വര്‍ഷവും അങ്ങനെ തന്നെ ആവ്വോ? ഒരു നിമിഷം എന്റെ മനസ്സ് ഒന്ന് പെടച്ചു. എന്നാലും.. ഇല്ല്യ.. അങ്ങനെയാവില്ല. ഇന്ന് തന്നെ അമ്മയോട് ചോദിച്ചട്ടന്നെ കാര്യം. ഒറ്റ ഓട്ടം കൊടുത്തു വീട്ടിലേക്കു....

എന്റെ പിറന്നാള്‍ ഏപ്രിലിലോ മേയ്യിലോ മാത്രേ ആവൂ എന്ന് അമ്മ നിസ്സംശയം പ്രഖ്യാപിച്ചതോടെ പ്രതീക്ഷയറ്റ് വല്ലാത്തൊരു ഭാവത്തോടെ ഞാനാ അടുക്കളവാതുക്കല്‍ തന്നെ ഇരുന്നു. പഠിച്ചു തീരണ കാലം വരെ സ്കൂളിലോ കോളെജിലോ എന്റെ പിറന്നാള്‍ ആഘോഷം ഉണ്ടാവില്ല. എന്റെ കൂട്ടുകാര്‍ക്കു മിട്ടായി കൊടുക്കാന്‍ പറ്റില്ല. പുത്തന്‍ പിറന്നാള്‍ ഉടുപ്പ് ആരെയും കാണിക്കാന്‍ പറ്റില്ല. എന്റെ നിര്‍ഭാഗ്യം ആലോചിച്ചിട്ട് സങ്കടം സഹിച്ചില്ല്യ. ആരോട് പറയാന്‍....,..

രാത്രി കഴിയ്ക്കാന്‍ നേരം കിണ്ണത്തില്‍ വിളമ്പിയ ചോറും നോക്കി ഞാന്‍ ഇതികര്‍ത്തവ്യഥാമൂഢനായി ഇരിക്കുന്നത് അമ്മൂമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയത് ചേച്ചിയായിരുന്നു.

“എന്താണ്ടാ നെനക്ക് പറ്റിയെ .. സ്കൂളില്‍ന്നു ടീച്ചറ് തല്ലിയോ?”

കൂടുതല്‍ ചിണുങ്ങാതെ ഞാന്‍ കാര്യം പറഞ്ഞു.

“ഹാ.. ഇതാണിപ്പോ കാര്യം.. നീ ജനിച്ചത്‌ മേടത്തിലെ പൂയത്തിലാടാ”

ഓ .. അതിന് ?

“പൂയം ആരടെ നാളാന്നു അറിയോ നെനക്ക്?”

ആരുടെ???

“മുരുകന്റെ.... സാക്ഷാല്‍ സുബ്രമണ്യസാമീടെ നാളാ.!”

ഫൂ.. ഇതാണോ കാര്യം എന്ന മട്ടില്‍ ഞാന്‍., സ്കൂളിന്റെ പടി കാണാത്ത മുരുകന് പിറന്നാള്‍ അവധികാലത്ത് വന്നാലെന്താ മഴക്കാലത്ത്‌ വന്നാലെന്താ.

എന്നെ അനുനയിപ്പിക്കാന്‍ വേറെ ഞ്യായം ഒന്നും ഇല്ലാത്തതു കൊണ്ടാവണം. അമ്മൂമ്മ പിന്‍വലിഞ്ഞു. അമ്മയ്ക്ക് നീട്ടി വിളിച്ചു ഒരു മെസ്സേജും അയച്ചു.

“രാധേ.. നെന്റെ മോന്‍ ഒരൊറ്റ വറ്റ് ചോറ് കഴിക്കിണില്ല ട്ടോ .. ഒന്നിബടെ വാ..”

ഞങ്ങള്‍ക്ക് ചോറ് വിളമ്പിതന്ന് തുണി തെയ്ക്കാന്‍ പോയതായിരുന്നു അമ്മ. തയ്യല്‍ മെഷീന്റെ ശബ്ദം നിന്നപ്പോ ഞാന്‍ ഉറപ്പിച്ചു. അമ്മ പുറപ്പെട്ടു, ഉം.. തല്ലു ഉറച്ചു. എന്റെ കൈ അറിയാതെ ചോറിലേക്ക്‌ നീണ്ടു, കുറച്ചു കൂട്ടാന്റെ വെള്ളം ഒഴിച് കുഴച്ചു തുടങ്ങി. 
അപ്പോളേക്കും പ്രതീക്ഷിച്ച പോലെ അമ്മ മുന്‍പിലെത്തി. പതുക്കെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആശ്വാസം ആയി. ദേഷ്യം ഒട്ടും ഇല്ല. ദേഷ്യം വന്നാല്‍ അമ്മ ഭദ്രകാളിയാണെന്ന് ഞാനും ചേച്ചിയും രഹസ്യമായി പറയുമായിരുന്നു.

“ഡാ നീ ജനിച്ച ദിവസത്തിന്റെ പ്രത്യേകത നിനക്ക് അറിയോ?”

അമ്മ ചോദിച്ചു.

മുരകന്റെ നാളോ?

“ഏയ്‌.. ഞാന്‍ നാളിന്റെ കാര്യം അല്ല, ഇംഗ്ലീഷ് തിയതീടെ കാര്യാ പറഞ്ഞെ”

അതൊരു പുതിയ ചിന്തയായിരുന്നു. മലയാള മാസവും നാളും ആണ് വീട്ടിലെ എല്ലാവരുടെയും പിറന്നാളിന് എടുക്കുക. ഒരു മാസത്തില്‍ രണ്ടു നാള്‍ വന്നാല്‍, രണ്ടാമത്തെ നാള്‍ എടുക്കും (ശ്രാദ്ധം കഴിക്കാന്‍ ആണ് ഒന്നാമത്തെ നാള്‍ എടുക്കുക ). അതല്ലാതെ വിശേഷ കാര്യങ്ങള്‍ക്കു ഇംഗ്ലീഷ് മാസവും തിയതിയും നോക്കുന്ന ഏര്‍പ്പാട് ഉണ്ടായിട്ടില്ല.  

ഉം... എന്താ പ്രത്യേകത?

“മേയ് 1 , സര്‍വ്വലോകതൊഴിലാളിദിനം ! ലോകം മുഴുവന്‍ ആഘോഷിക്കണ ദിവസാടാ ചെക്കാ..”

ഹൂ.. സത്യം?

“ഉം... സത്യം . സംശയം ഉണ്ടെങ്കില്‍ കലണ്ടര്‍ നോക്ക്”

എന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ക്ലാസ്സിലെ പിള്ളാര്‍ക്ക് എക്ലയര്‍ കൊടുക്കാന്‍ പറ്റിയിലെങ്കില്‍ എന്താ...ലോകം മുഴുവന്‍ ആഘോഷിക്കില്ലേ. ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മെയ്ദിനത്തെ പറ്റി അറിയാവുന്നതൊക്കെ അമ്മൂമ്മയും ചേച്ചിയും പറഞ്ഞു തന്നു.

രാത്രി ലൈറ്റ് അണച്ച് അമ്മ അടുത്ത് വന്നു കിടക്കും വരെ ഞാന്‍ ഉറങ്ങാതെ കിടന്നു. അടുത്ത് കിടന്ന അമ്മയുടെ വയറ്റില്‍ ചുറ്റിപ്പിടിച്ചു കാലെടുത്തു മുകളിലേക്കിട്ട് ഞാന്‍ ചോദിച്ചു.

“അപ്പൊ ഞാന്‍ വലുതായാല്‍ നല്ല തൊഴിലാളി ആവും ല്ലേ?”

“അവൂലോ... ന്റെ കുട്ടി നല്ല തൊഴിലാളി ആവും”

അപ്പോള്‍ കട്ടിലിട്ട ഭാഗത്തെ ഇരുട്ടില്‍ നിന്നു അമ്മൂമ്മയുടെ ശബ്ദം പൊങ്ങി.

“തൊഴിലാളി മാത്രം ആയാ പോരാട്ടോ.. ഒരുപാടു തൊഴിലാളികള്‍ക്ക് തൊഴില് കൊടുക്കണ മൊതലാളി കൂടെ ആവണം വലുതാവുമ്പോ... ഹി ഹി ഹി ...”

അത് കേട്ട് അമ്മയും ഞാനും ഉറക്കെ ചിരിച്ചു. ഉള്ളില്‍ ഞാന്‍ മന്ത്രിച്ചു.. 

“ അതെ.. ഞാന്‍ നല്ല തൊഴിലാളി ആവും.. അത് കഴിഞ്ഞ് നല്ല മുതലാളിയും”

വീണ്ടുമൊരു മെയ്ദിനം എന്റെ പ്രായത്തെ ഒര്മിപ്പിക്കുമ്പോള്‍ കുട്ടിക്കാലത്തെ ഈ സംഭവം കൂടെ മനസ്സില്‍ ഓടിയെത്തുന്നു. അന്ന് മുതല്‍ വീട്ടുകാര്‍ മേടത്തിലെ പൂയത്തിനു സദ്യ കൂട്ടിയാലും മെയ്ദിനം ആണ് ഞാന്‍ അംഗീകരിച്ച എന്റെ പിറന്നാള്‍ .

കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതത്തിന്റെ ഓഡിറ്റിങ്ങും അടുത്ത ഒരു വര്‍ഷത്തെ ലൈഫ് പ്ലാനിങ്ങും ഈ ദിവസം നടക്കും. അതില്‍ ശ്രദ്ധയും സ്നേഹവും പിന്തുണയും ആശംസകളും അനുഗ്രഹങ്ങളും അനുഭവങ്ങളും വേദനകളും തന്ന സകലരെയും ഓര്‍മിക്കും. നന്ദിയോടെ മാത്രം.



12 comments:

  1. എന്തായാലും നല്ല മുതലാളിയും തൊഴിലാളിയും ആയല്ലോ. രഞ്ജിത്തിന് പിറന്നാള്‍ ആശംസകള്‍...

    ReplyDelete
  2. awesome....... onnum parayanillaa ettaaa

    ReplyDelete
  3. thiz is y we love u

    ReplyDelete
  4. wt a creation renjooooooooo

    ReplyDelete
  5. രഞ്ജിത്തിന് പിറന്നാള്‍ ആശംസകള്‍...

    Reply

    ReplyDelete
  6. പിറന്നാളിന് മുട്ടായി കൊടുക്കുന്ന രംഗം ഒകെ വായിച്ചപ്പോള്‍ പെട്ടന്നു ട്രൌസര്‍ ഇട്ടു ജെസ്സി ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു..നല്ല രചന .അഭിനന്ദങ്ങള്‍ ജന്മദിനാശംസകള്‍

    ReplyDelete
  7. Sambhavam polichu tta, anyway many more happy returns of the day..

    ReplyDelete
  8. wat shld i say ths s cld agrsv !!! ur an insprtn my dr bro

    ReplyDelete
  9. awesome friend. nannayittund :)

    ReplyDelete
  10. Superb bro,........So creative

    ReplyDelete
  11. This comment has been removed by the author.

    ReplyDelete