Wednesday

ജൂലിയന്‍ ഫ്രം ഫ്രാന്‍സ്‌ - സാമ്പത്തിക ആകുലതകള്‍.


നാച്ചുറല്‍ ഫാര്‍മിംഗ് , സീറോ ബഡ്ജറ്റ്‌ ഫാര്‍മിംഗ് എന്നിവയൊക്കെ നേരിട്ട് കണ്ടു പഠിയ്ക്കാന്‍ ആണ് ഫ്രാന്സുകാരന്‍ ജൂലിയന്‍ പാലക്കാട്ട് ലാന്‍ഡ്‌ ചെയ്യുന്നത്. കത്തയച്ചു വിളിച്ചു വരുത്തിയ സുഹൃത്തിനു അവിചാരിതമായി ഉണ്ടായ അസൗകര്യം മൂലം ആതിഥേയം നല്‍കാന്‍ എനിക്കവസരം ലഭിച്ചു. നല്ല ഉഷാറ് ചെക്കന്‍..,. സദ്യയും ഗിറ്റാറും പാട്ടുമൊക്കെയായി ദിവസം കടന്നു പോയി. 


പിറ്റേന്ന് പാലക്കാടിന്റെ ഒരു ഉള്ഗ്രാമത്തില്‍ നടക്കുന്ന കുട്ടികളുടെ ഒരു ക്യാമ്പ്‌വേദിയിലേക്ക്. സായിപ്പുമായി സംവദിക്കാന്‍ അവര്‍ക്കൊരു അവസരം എന്നേ ഉദ്ദേശിച്ചുള്ളൂ.

ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ടിടത്ത് പരിഭാഷപ്പെടുത്തികൊടുത്തു. പിന്‍നിരയില്‍ അത് വരെ മിണ്ടാതിരുന്ന ഒരു പാവം തെറിച്ച ചെക്കന്‍ ചാടിയെണീറ്റ് ഒരു ചോദ്യം.

“യേ.. നിങ്ങ ഇങ്ങനെ മൂന്നാല് മാസമൊക്കെ ഇന്ത്യയില്‍ വന്നു ചുറ്റുണ്ടല്ലോ ഇതിനൊക്കെ കാശ് എവിടുന്നാന്നും?”

പൊട്ടചോദ്യം കേട്ട് പിള്ളാരൊക്കെ ചിരിച്ചെങ്കിലും അതിനേക്കാള്‍ പൊട്ടിച്ചിരി ഉയര്‍ന്നത് ജൂലിയന്റെ മറുപടി കേട്ടപ്പോള്‍ ആയിരുന്നു.

പരിഭാഷ ഇങ്ങനെ.

“തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ഞങ്ങളുടെ നാട്ടില്‍ അണ്‍ - എമ്പ്ലോയ്മെന്റ്റ്‌ ഇന്‍ഷുറന്‍സ് ഉണ്ട്. മാസാമാസം കിട്ടുന്ന ക്ലയിം കൊണ്ട് അവിടെ അരിഷ്ട്ടിച്ചു ജീവിക്കാനേ പറ്റൂ പക്ഷെ ഇന്ത്യയിലൊക്കെ ആണെങ്കില്‍ സുഖമായി കഴിയാം”

തൊഴിലില്ലായ്മ പെന്‍ഷനും വാങ്ങി ഊര് ചുറ്റാന്‍ വന്ന സായിപ്പിനെ കണ്ടു പിള്ളാര്‍ ചിരിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ ഇത്തരം സംരക്ഷണ ഉറപ്പുകളൊന്നും ഇല്ലാതെ വെല്ലുവിളികള്‍ നേരിട്ട് വളരുന്ന ഇന്ത്യന്‍ യുവത്വങ്ങളെ കുറിച്ചായിരുന്നു. കാലത്തെണീച്ച് കോട്ടും ഇട്ട് ബിയറും കുടിച്ചു ബോയ്ഫ്രണ്ട്/ഗേള്‍ഫ്രണ്ടുമായി കറങ്ങി അടിച്ചു നല്ല പ്രായം കഥയില്ലാതെ കഴിക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പറയുന്ന വികസിത രാജ്യങ്ങളില്‍ ഉണ്ട്.

എന്നെങ്കിലും കിട്ടുന്ന ആനുകൂല്യങ്ങള്‍ എങ്ങാനും മുടങ്ങിയാല്‍ സകലതും തെരുവില്‍ ഇറങ്ങും. നമ്മുടെ നാട്ടില്‍ എല്ലാം അകെ കുഴപ്പം ആണ്, ഇവിടെ സമരവും ഹര്‍ത്താലും ഒഴിഞ്ഞ സമയം ഇല്ല എന്നൊക്കെ പാടി നടക്കുന്നവര്‍ സൊ കാള്‍ഡ് വികസിത രാഷ്ട്രങ്ങളിലെ സമരങ്ങള്‍ ഒന്നും കണ്ടിട്ടില്ല.


ഇവിടെയൊക്കെ സ്ഥാപനങ്ങളില്‍ സമരം ഉണ്ടായാല്‍ ആളുകള്‍ പണി എടുക്കില്ല എന്നെ ഉള്ളു. അവിടുത്തെ സമരത്തിന്റെ ഒരു ഉദാഹരണം കേള്‍ക്കണോ, ഷൂ നിര്‍മാണ കമ്പനിയിലാണ് സമരം. തൊഴിലാളികളൊക്കെ പതിവ് പോലെ ജോലിക്ക് എത്തിയിട്ടുണ്ട്. ഷൂ നിര്‍മാണം പുരോഗമിക്കുന്നു. പക്ഷേ, ഇടത്തെ കാലിനുള്ള ഷൂ മാത്രമേ പുറത്തു വരൂ. ഇതാണ് എട്ടിന്റെ പണി.

പല യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥ എങ്ങോട്ടാണ് പോകുന്നതു എന്ന് ചോദിച്ചാല്‍ താഴെത്തെ ചിത്രം നോക്കിയാല്‍ മതി.


ഇവിടുത്തെ സര്‍ക്കാരുകള്‍ക്കും ബ്യൂരോക്രസികും കാര്യക്ഷമത ഇല്ലെന്നും ദീര്‍ഘവീക്ഷണം പോരെന്നും പറയുന്നവര്‍ ഇത് നോക്കു.


സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്കു ബോണ്ടുകള്‍ വില്‍ക്കും എന്നിട്ട് അത് പണയത്തിലെടുത്തു കാശു കടം കൊടുക്കും, ഇനി തിരിച്ചു പറഞ്ഞാല്‍, ബാങ്കുകള്‍ സര്‍ക്കാരില്‍ നിന്ന് ലോണ്‍ എടുക്കും എന്നിട്ട് ആ കാശു കൊണ്ട് സര്‍ക്കാരിന്റെ ബോണ്ടുകള്‍ തന്നെ വാങ്ങിക്കൂട്ടും.

ഇനിയുമുണ്ട് ആളെ പൊട്ടനാക്കുന്ന എകണോമിക് ഡീലിങ്ങുകള്‍.,. വീട് പണയത്തില്‍ എടുത്തു ലോണ്‍ കൊടുക്കും, മദാമ്മയത് മേകപ്പും ലിപ്സ്ടിക്കും വാങ്ങി പൊടിച്ചു കളയും. കടം വന്നു കേറുമ്പോള്‍ മാനേജര് വിളിച്ചു വരുത്തി തിരിച്ചടയ്ക്കാന്‍ പറയും , മദാമ്മ കൈ മലര്‍ത്തും. അപോ പണയത്തിലെടുത്ത വീടിന്റെ അപ്പോഴത്തെ മാര്‍ക്കറ്റ്‌ റേറ്റ് കണക്കാക്കി പിന്നേം ലോണ്‍ കൊടുക്കും. മദാമ്മ അത് പിന്നേം മുഖത്തും ചുണ്ടിലും തേച്ചു തീര്‍ക്കും. കാര്യം കൈവിട്ടു പോകുന്നു എന്ന് കാണുമ്പോ പണയവീടുകള്‍ ഒന്നിച്ചു വേറൊരു ബാങ്കിന് കൈമാറി ഒന്നാമത്തെ ബാങ്ക് തടിയൂരും. ആ ബാങ്ക് അത് മൊത്തം അടുത്ത ബാങ്കിന് കൊടുത്തു കാശാക്കും. പിന്നെ പിന്നെ നാട്ടില്‍ ജപ്തി ചെയ്യാനുള്ള വീടുകള്‍ മാത്രം ആയി. ആര് വാങ്ങാന്‍? ഇങ്ങനെ ശേഷി നോക്കാതെ ലോണും ക്രെഡിറ്റ്‌ കാര്‍ഡും കൊടുത്തതാണ് 2008 ഇല്‍ ഉണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


മാന്ദ്യം ഇവരെ പിടിച്ചു കുലുക്കിയിട്ടു വര്ഷം നാല് കഴിഞ്ഞു, എന്നിട്ട് ഏതെങ്കിലും ഒരെണ്ണം കര കേറിയോ? ലോകരാജാവ് അമേരിക്കയാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. അതും മുഴുവന്‍ പറയാറായിട്ടില്ല. ഇംഗ്ലണ്ടിന്‍റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കാര്യം ഒക്കെ ഗോപി ആണ്. ഇവിടൊക്കെ ഏറ്റവും വലിയ വെല്ലുവിളി ജനങ്ങളുടെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മയാണ്. അതെങ്ങനെ, ശീലിച്ചതല്ലേ പാലിക്കു. നല്ലവണ്ണം തിന്നും കുടിച്ചും ജീവിച്ചു ശീലിച്ചവരെ മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കാന്‍ പറഞ്ഞാല്‍ നടക്കുമോ?


പണ്ട് കാണുന്ന നാട് മുഴുവന്‍ സ്കെച് ഇട്ടു പിടിച്ച് സ്വന്തം കോളനി ആക്കി ഭരിച്ച് കട്ട് മുടിച്ച ബ്രിട്ടണ്‍ ഇപ്പൊ തെണ്ടി നിക്കുന്നത് കണ്ടാ.. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉല്പാദനമോ കയറ്റുമതിയോ കാര്യമായി ഇല്ലാത്ത ബ്രിട്ടണ്‍ ഒരേ സമയം പ്രൌഡി നില നിര്‍ത്താനും കാര്യങ്ങള്‍ നടത്തി കൊണ്ട് പോവാനും നായപെടാപ്പാട് പെടുന്നുണ്ട്. ആവുന്നകാലത്ത് കാര്‍ന്നോര്‍ സായിപ്പുമാര്‍ കട്ട് കൊണ്ട് വച്ചതിന്റെ ബാക്കി ആണ് ഇപ്പൊ തിന്നോണ്ടിരിക്കുന്നത്. സമ്പത്ത്കാലത്ത് കട്ടോണ്ട് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം എന്ന് പറഞ്ഞത് വെറുതെയായില്ല.

എന്നുവച്ച് ഇവരൊക്കെ പൊട്ടിപ്പൊളിഞ്ഞ് ഒടുവില്‍ സായിപ്പുമാര്‍ നമ്മുടെ പാടത്തു പണിയെടുക്കാനും ഇവിടെ ടാക്സി ഓടിക്കാനും വിസയൊപ്പിച്ചു വരുമെന്ന് കിനാവ് കാണണ്ട. ഒക്കെ പഠിച്ച കള്ളന്മാരാ, ചത്ത്‌കുത്തിയിട്ടാണെങ്കിലും കര കേറും. നമ്മളും നമ്മുടെ മൂപ്പന്മാരും ചെയ്യേണ്ടത് എന്താണെന്നുവച്ചാല്‍ സ്വയം തെറ്റ് ചെയ്തു പാഠങ്ങള്‍ പഠിക്കുന്നത് അവസാനിപ്പിച് ഇവരെ ഒക്കെ കണ്ടു പടിക്കേണ്ടതാകുന്നു.

Monday

Life Is Not Rocket Science


ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (NLP) എന്ന് കേട്ടിട്ടുണ്ടോ? 

നമുക്ക് ആവശ്യമുള്ള ഔട്ട്പുട്ട് കിട്ടാന്‍ നമ്മള്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രമ്മുകള്‍ ചെയ്യാറില്ലേ, അതുപോലെ ജീവനുള്ള മനുഷ്യരില്‍ ആവശ്യമുള്ള ഔട്ട്പുട്ട് കിട്ടാന്‍ ഡിസൈന്‍ ചെയ്യുന്ന പ്രോഗ്രാമാണ് ഈ എന്‍ എല്‍ പി. 
പ്രൊഫഷണല്‍ ട്രൈയിനെര്സ്‌ ആവാന്‍ NLP സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.


പക്ഷെ ഈ മേഖലയില്‍ ഒന്ന് ചുവടു പിടിച്ചു വരാനുള്ള പാട് കുറച്ചൊന്നും അല്ല. മനുഷ്യ മനസ്സുകളെ സ്വാധീനിക്കുക അത്ര എളുപ്പം അല്ലല്ലോ. മാത്രമല്ല മുന്‍പത്തെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ വ്യക്തിജീവിതത്തില്‍ ചെറിയൊരു കളങ്കം പോലും ഈ മേഖലയിലെ ഭാവി ഇല്ലാതാക്കും. 


പക്ഷെ ക്ലച്ചു പിടിച്ചാല്‍ ഉഗ്രന്‍ ബിസിനസ്സും ആണ്. മികച്ച വ്യക്തിത്വ പരിശീലകര്‍ക്കും മോട്ടിവേഷണല്‍ സ്പീകേര്‍സിനും ആഗോളതലത്തില്‍ തന്നെ വന്‍ ഡിമാന്‍ഡ് ആണ്. നല്ല സെല്‍ഫ്‌ ബ്രാന്‍ഡ്‌ കെട്ടിപ്പടുത്ത ട്രെയിനര്‍മാര്‍ക്ക്‌ മണിക്കൂറിനു ലക്ഷങ്ങള്‍ ആണ് ഫീസ്.

മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ തൊഴിലാളികളുടെ ഉല്പാദന ക്ഷമത കൂട്ടാന്‍, മാനേജ്‌മന്റ്‌ സ്കൂളുകളില്‍ മികച്ച ലീഡര്‍മാരെ വാര്‍ത്തെടുക്കാന്‍ , ഒക്കെ കൃത്യമായ ഇടവേളകളില്‍ സ്ഥാപനങ്ങള്‍ പരിശീലന പരിപാടികള്‍ നടത്താറുണ്ട്.

മിക്കവാറും ട്രെയിനര്‍മാരുടെ ‘പ്ലാന്‍ B’ ബിസ്സിനസ്സ്‌ ആണ് പുസ്തകം എഴുത്ത്. പുസ്തകം വഴി പ്രോഗ്രാമുകളും കിട്ടും പ്രോഗ്രാമുകള്‍ വഴി പുസ്തകങ്ങളും വില്‍ക്കാം. ശിവ് ഘേര, റോബിന്‍ ശര്‍മ, അരിന്ദം ചൗധരി, സജീവ്‌ നായര്‍, പോള്‍ റോബിന്‍സന്‍, പവന്‍ ചൗധരി തുടങ്ങിയ നമുക്കറിയാവുന്ന ഒട്ടുമിക്ക മുന്‍നിര ട്രയിനര്‍മാരും സ്വന്തമായി പുസ്തകങ്ങള്‍ എഴുതിയവര്‍ തന്നെ.


ചിലത് മികച്ച നിലവാരം പുലര്‍ത്തുന്ന സൃഷ്ടികള്‍ ആണെന്കില്‍ ചിലത് കേട്ട് മടുത്ത വിഷയങ്ങളുടെ തനി ആവര്‍ത്തനവും കോപ്പിയടികളും ആവും.



രണ്ടോ മൂന്നോ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്ക് ആളൊന്നിന് ഇരുപത്തയ്യായിരം മുതല്‍ മുകളിലേക്കാണ് മിക്കവരുടെയും ഫീസ്. പക്ഷേ, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ ശീതികരിച്ച മുറികളില്‍ നടത്തുന്ന പല പരിശീലന പരിപാടികളോടും വ്യക്തിപരമായി എനിക്ക് താല്പര്യം ഇല്ല. 

ചില പരിപാടികളില്‍ പങ്കെടുത്തും മറ്റു പലതിലും പങ്കെടുത്ത സുഹൃത്തുക്കളുടെ അനുഭവങ്ങളും കൂട്ടിവയിച്ചപ്പോള്‍ തോന്നിയതാണ്.

"Business Is Not Rocket Science"

അതെ, എഴുതി വച്ചത് ഏറ്റുപിടിച്ചു വിജയിപ്പിക്കാന്‍ ബിസ്സിനസ്സ് റോക്കറ്റ്‌ സയന്‍സ് അല്ല. നന്നായി ഷെയ്ക്ക്‌ ഹാന്‍ഡ്‌ കൊടുക്കാനും പ്രത്യേക ശബ്ദത്തില്‍ ഗുഡ് മോര്‍ണിംഗ് വിഷ് ചെയ്യാനും അറിഞ്ഞാല്‍ നല്ല സംരംഭകന്‍ ആവില്ല. പ്രയോഗികതയില്‍ ഊന്നിയ പരിശീലനങ്ങള്‍ വളരെ കുറവാണു. അനുഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന പാഠങ്ങള്‍ക്ക് പകരമാവില്ല ഒന്നും. 

പരിശീലന രീതി കൊണ്ടും അവതരണ മികവ് കൊണ്ടും വളരെ വ്യത്യസ്തമായ ഒരു ട്രെയിനിംഗ് പ്രോഗ്രാം ആണ് 'ലീഡ്‌ കോളേജ് ഓഫ് മാനേജ്‌മെന്റിന്റെ' Turning Point. കൂടുതല്‍ അറിയൂ.

ആന കുത്താന്‍ വന്നാല്‍....,.....


“ഒരു ആന കുത്താന്‍ വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?”

ഓടും.

“ആ ഓടും !  എന്നാല്‍ നമ്മുടെ മനസ്സിന്റെ ശക്തി നമ്മള്‍ സ്വയം തിരിച്ചറിഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീണാലും നമ്മള്‍ പേടിക്കില്ല !”


ഇതും പറഞ്ഞു കൊച്ചിനെ പിടിച്ചു നിക്കുന്ന അമ്മയുടെ അടുത്തെത്തുമ്പോള്‍ ബലൂണ്‍ പൊട്ടി ഞെട്ടിപ്പോയ ‘ടു ഹരിഹര്‍ നഗറിലെ’ മുകേഷിനെ ഓര്‍മയില്ലേ?

അതിപ്രസരത്തില്‍ നിന്ന് ഈ ജാതി ജീവികള്‍ക്ക് വംശനാശം സംഭവിച്ചിട്ടു കുറച്ചേ ആയിട്ടുള്ളൂ.

ഒരു കാലത്ത് കൂണ് പോലെയാണ് പേഴ്സണാലിറ്റി ഡെവലപ്പ്മെന്‍റ് ട്രെയിനര്‍മാര്‍ മുളച്ചു വന്നത്.



ഓര്‍മയില്‍ ഉള്ള ഒരുമാതിരിപ്പെട്ട സകല ട്രിയിനിങ്ങുകളും തുടങ്ങിയത് ഇങ്ങനെയായിരുന്നു.

പഞ്ച പാവത്താനായി പുള്ളിക്കാരന്‍ വേദിയിലേക്ക് കേറുന്നു. ഒരു സാദാ ഗുഡ് മോര്‍ണിംഗ് വച്ച് കാച്ചുന്നു. പിള്ളാരും അതേ സാദാ ഗുഡ് മോര്‍ണിംഗ് തിരിച്ചു കൊടുക്കുന്നു.

പോരാ !

“കാലത്താരും ഒന്നും കഴിച്ചില്ലേ? ഗുഡ് മോര്‍ണിംഗിന് ശക്തി പോരാ !”
ഒച്ചത്തില്‍ ഒന്ന് വിളിച്ചു കൊടുക്കും.

വീണ്ടും പോരാ !

എങ്കില്‍ ഇന്നാ പിടിച്ചോ. സകല ദേഷ്യവും കലര്‍ത്തി ഒരു ഹെവി ഗുഡ് മോര്‍ണിംഗ്.

ഇപ്പോള്‍ ട്രൈയിനറുടെ മുഖം സന്തോഷഭരിതമായി.

തുടര്‍ന്ന് മനസ്സിന്റെ ശക്തിയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അപാരമായ കഴിവുകളെ പറ്റിയും വാചാലനാവും. പോളിയോ ബാധിച്ച വില്‍മ റുഡോള്‍ഫ്‌ ഒളിമ്പിക്സില്‍ നാലു സ്വര്‍ണ്ണം വാങ്ങിയതും, പെട്രോള്‍ പമ്പില്‍ എണ്ണയടിക്കാന്‍ നിന്ന അംബാനി വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കിയതും, പത്താം ക്ലാസ്സ്‌ പാസ്സാവാത്ത ബില്‍ ഗേറ്റ്സ് ലോക സമ്പന്നന്‍ ആയതുമായ കഥകള്‍ തലങ്ങും വിലങ്ങും വീശും.


കേട്ടിരിക്കുന്നവരുടെ രോമങ്ങള്‍ ഒക്കെ അറ്റന്‍ഷനില്‍ നിന്ന് ഹല്ലെലുയ്യ പറയും. ഒന്നരമണിക്കൂര്‍ ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ലോകം വെട്ടിപ്പിടിക്കാന്‍ പറ്റുമെന്ന് തോന്നും.

ഒരുമാതിരി ആളുകളുടെ പേഴ്സണാലിറ്റി ഒക്കെ വികസിച്ചു വികസിച്ചു പൊട്ടാറായി. ഈ പേഴ്സണാലിറ്റി ക്ലാസ്‌ മോട്ടിവേഷന്‍ ചൈന ഫോണിന്റെ ബാറ്ററി പോലെ ചാര്‍ജ്‌ നിക്കാത്ത ഒന്നാണെന്ന് തിരിച്ചറിഞ്ഞത് മുതലാണ് പരിപാടിക്ക് ആളെത്താതായതും.

ഇതിന്റെ നെക്സ്റ്റ്‌ ജെനറേഷന്‍ വെര്‍ഷന്‍ ആയിരുന്നു ഫിനിഷിംഗ് ഉസ്കൂളുകള്‍. വലിയ തോതില്‍ നിക്ഷേപം നടത്തി പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞവര്‍ക് വ്യക്തിത്വ മികവ് നേടാനും ഇന്റര്‍വ്യൂ പരിശീലനത്തിനും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആരംഭിച്ച ഫിനിഷിംഗ് സ്കൂളുകളില്‍ ഒട്ടുമിക്കതും വര്‍ഷമൊന്നു പോലും തികയ്ക്കാതെ പൂട്ടി.


ഇവരുടെ കോഴ്സുകള്‍ക്ക് നല്ലൊരു തുക ഫീസുണ്ടെങ്കിലും തൊഴില്‍ ഉറപ്പു നല്‍കുന്നില്ല. ഫയര്‍ ആന്‍ഡ്‌ സേഫ്റ്റിക്കാരും ലിഫ്റ്റ്‌ ടെക്നോളജിക്കാരും ചെയ്യുന്ന പോലെ ഒരിക്കലും പാലിക്കില്ലെങ്കിലും വെറുതെ ഒരു ഉറപ്പെങ്കിലും കിട്ടാതെ നമ്മള്‍ മല്ലൂസ് കാശിറക്കുമോ? ഇങ്ങനെ കൊഴ്സിനോക്കെ പോയിട്ടാണ് ഞാന്‍ മിടുക്കന്‍ ആയതെന്ന് പറയാനും ആരും ഇഷ്ടപ്പെടില്ലല്ലോ. അങ്ങനെ ആ കടയിലെ തിരക്കും കുറഞ്ഞു.

പ്രചോദനങ്ങള്‍ സ്രിഷ്ടിക്കപെടേണ്ടത് ആന്തരികമായല്ലേ. നാല് കഥകളും ആറു ഉദാഹരണങ്ങളും കൊണ്ട് ജീവിത സാഹചര്യങ്ങളെ നേരിടാന്‍ പഠിപ്പിക്കുന്നത്‌ കരയില്‍ ഇരുന്നു നീന്താന്‍ പഠിപ്പിക്കുന്ന പോലെയേ ആവൂ.


മഹത്തായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിനെ പറ്റിയും ജീവിത മൂല്യങ്ങളെ പറ്റിയും ഒക്കെ ക്ലാസ്സ്‌ എടുത്തു മണിക്കൂറിനു കണക്ക് പറഞ്ഞു കാശ് എണ്ണിവാങ്ങിപ്പോയ ട്രെയിനര്‍ അടുത്താഴ്ച കൈക്കൂലിക്കേസില്‍ അകത്തായെന്ന വാര്‍ത്തയും കാണേണ്ടി വന്നിട്ടുണ്ട്.

പകുതി പാല്‍ നിറച്ച ഗ്ലാസ്സിലെ ഒഴിഞ്ഞ ഭാഗത്തെ കുറിച്ച് ആകുലപ്പെടാതെ നിറഞ്ഞ പകുതിയേ കണ്ട് ക്രിയാത്മക സമീപനം സ്വീകരിക്കാന്‍ ക്ലാസില്‍ ഉപദേശിച്ചു തിരിച്ചു പോകാന്‍ കാറിനടുത്ത് എത്തിയ ട്രെയിനര്‍ കണ്ടത് പകുതി കാറ്റ് അഴിച്ചുവിട്ട കാറിന്റെ ടയറുകള്‍..,. ടയറിന്റെ നിറഞ്ഞ പകുതിയില്‍ സന്തോഷിച്ച് പോസിറ്റീവ് ആയി ചിന്തിക്കാന്‍ പിള്ളാര്‌ കൊടുത്ത പണി. 


ഇപ്പോള്‍ പരിശീലനങ്ങള്‍ സ്പെസിഫിക് ആണ്. പ്രത്യേക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കിയുള്ളവ. മികച്ച പരിശീലകര്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ട് താനും.  കൂടുതല്‍ വായിക്കൂ...

Saturday

300 നല്‍കിയ പാഠങ്ങള്‍


കേള്‍വിക്കും  വായനയ്ക്കും എത്താവുന്നതിലും ഏറെ ആഴത്തില്‍  കാഴ്ചകള്‍ക്ക് സഞ്ചരിക്കാനാവും. സിനിമയെന്ന മാധ്യമം ഇത്രമേല്‍ ശക്തമായതിന്റെ കാരണവും മറ്റൊന്നല്ലല്ലോ.

ചിലപ്പോള്‍ കഥാപാത്രങ്ങള്‍ അമനുഷികരാവാം, കഥ സാങ്കല്‍പ്പികം ആവാം. പക്ഷെ അത് നമ്മളില്‍ ഉദ്ധീപിപിക്കുന്ന ചിന്തകളും നല്‍കുന്ന പാഠങ്ങളും വലുതായിരിക്കും.

300 വ്യക്തികള്‍ വലിയൊരു കൂട്ടം തന്നെ, പക്ഷെ അത് ലക്ഷം പേരുടെ മുന്‍പില്‍ ചെറിയൊരു സംഘം മാത്രമാണ്. ഗ്രീക്ക് പോരാളികള്‍ അയ 300 സ്പാര്‍ട്ടന്‍സ് ഒരു ലക്ഷത്തിലധികം വരുന്ന പേര്‍ഷ്യന്‍ പടയെ നേരിട്ട കഥ പറയുന്ന '300 Spartans' കാണാത്തവര്‍ അധികമുണ്ടാവില്ല. 



ഇന്നും എപ്പോഴെങ്കിലും പ്രതിസന്ധികളും പരാജയഭീതികളും ഉണ്ടാവുമ്പോള്‍ സ്പാര്‍ട്ടന്‍ കിംഗ്‌ ലെനിടാസ്‌ അവസാന യുദ്ധത്തിനു മുന്‍പ് തന്റെ സംഘാംഗങ്ങളുമായി നടത്തുന്ന സംഭാഷണങ്ങള്‍ ഓര്‍മിക്കും. ഈ വീഡിയോ എത്ര തവണ കണ്ടെന്നെനിക്കറിയില്ല.


സംരംഭക – വ്യക്തി ജീവിതത്തില്‍ ഈ സിനിമ നല്‍കിയ ചില പാഠങ്ങള്‍..

  1. എണ്ണത്തേക്കാള്‍ പ്രാധാന്യം മികവിന് തന്നെ.

ടീമില്‍ ഉള്ളത് ഒരു കൈപ്പിടിയില്‍ ഒതുങ്ങുന്ന ആളുകള്‍ ആയിക്കോട്ടെ, പക്ഷെ പരിശീലനവും കഴിവും മികവും ഉള്ളവരെങ്കില്‍ വിജയം തീര്‍ച്ച. എണ്ണം തികയ്ക്കാന്‍ എത്രയുണ്ടായിട്ടെന്തു കാര്യം !

                                                                                                                                                                


2. പ്രവര്‍ത്തിക്കാന്‍ ഏറ്റവും നല്ല ചുറ്റുപാട് കണ്ടെത്തുക, മുന്‍കരുതലുകള്‍ സ്വീകരികുക. 

പേര്‍ഷ്യന്‍ സൈന്യം ഗ്രീക്കിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും ഇടുങ്ങിയ തെര്മോപ്ലിയന്‍ താഴ്വാരയിലേക്ക് പോരാളികളുമായി കിംഗ്‌ ലെനിടാസ്‌ പോകുന്നത് ഗ്രീസില്‍ പതിനായിരം പോരാളികളെ തയ്യാറാക്കി നിര്‍ത്തിയാണ്. തങ്ങളെ മറികടന്നോ സന്ധിക്കാതെയോ പേര്‍ഷ്യന്‍ സൈന്യം അതിര്‍ത്തി കടന്നാല്‍ നേരിടാന്‍...,. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന പാഠവും ഇത് നല്‍കുന്നു.



3.  എന്നും തയ്യാറായിരിക്കുക – വെല്ലുവിളികള്‍ വരുന്നത് കത്തയച്ചിട്ടല്ല.

ഏതു നിമിഷവും യുദ്ധക്കളത്തിലേക്ക് ഒരു മടിയും കൂടാതെ പാഞ്ഞു ചെല്ലാന്‍ മാത്രം സുസജ്ജമയിരുന്നു സ്പാര്‍ട്ടന്‍ സംഘം. അറിവുകള്‍ കൂട്ടിക്കൊണ്ടിരിക്കുക, കഴിവുകള്‍ക്ക് എന്നും മൂര്‍ച്ച കൊടുക്കുക. സദാ തയ്യാറായിരിക്കുക.



4. പിന്തിരിയുക, തോറ്റുകൊടുക്കുക – ഇവ രണ്ടും ഓര്‍മയില്‍ ഉണ്ടാവാതിരിക്കട്ടെ.

കാരണം, ഇവ രണ്ടും നിങ്ങളുടെ ഇന്നുവരെയുള്ള വിജയങ്ങളെ നിഷ്പ്രഭാമാക്കുന്നു. തോല്‍വികള്‍ നേരിടേണ്ടി വന്നേക്കാം, പക്ഷെ അത് തോറ്റുകൊടുത്തുകൊണ്ടാവരുത്. അവസാന നിമിഷം മരണത്തിന് കീഴടങ്ങുന്ന കിംഗ്‌ ലെനിടാസ്‌ ശേഷിക്കുന്ന തന്റെ സൈന്യത്തിന് ബാക്കി വച്ചത്  ഊര്‍ജ്ജവും പ്രചോദനവുമായിരുന്നു. എന്നും സൈന്യത്തെ മുന്നില്‍ നിന്നും മാത്രം നയിച്ചവന്‍.,.


5. വിശ്വസ്തരുടെ ഒരു ചെറിയ വലയം.

അതെ, വലിയൊരു സൗഹൃദവലയത്തേക്കാള്‍ ആപത്തില്‍ തുണയാകുന്നത് ഏറ്റവും വിശ്വസ്തരായ ഒരു ചെറിയ വലയമായിരിക്കും. ആസൂത്രണം ചെയ്യുമ്പോളും തീരുമാനങ്ങള്‍ എടുക്കുമ്പോഴും പത്നിയോടും വിശ്വസ്തരോടും ചര്‍ച്ച ചെയ്യുന്ന കിംഗ്‌ ലെനിടാസ്‌ അതി സമര്‍ത്ഥമായി ദൗത്യങ്ങള്‍ അവര്‍ക്ക് വീതിച്ചു നല്‍കുന്നതിലും വിജയിച്ചു.


  
 6.      ദൈവത്തെ തോല്പ്പിക്കാം.

എതിര്‍ചേരിയില്‍ നില്‍ക്കുന്നത് സാക്ഷാല്‍ ദൈവം ആയിരിക്കട്ടെ, സ്വധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക.
പലപ്പോഴും ദൈവതീരുമാനം, വിധി എന്നൊക്കെയായിരിക്കും പരാജിതരുടെ നിരത്തല്‍വാദങ്ങള്‍,.. സ്പാര്‍ട്ടന്‍സ് നേരിടുന്നത് സ്വയം ദൈവം എന്ന് വിളിക്കുന്ന പേര്‍ഷ്യന്‍ രാജാവിനേയാണ്. മുന്നില്‍ നില്‍ക്കുന്ന പരാജയങ്ങള്‍ക്ക് നമ്മള്‍ സ്വയം നല്‍കുന്ന പട്ടങ്ങള്‍ ആണ് ദൈവതീരുമാനവും വിധിയുമൊക്കെ. ഇവ സംഭവിച്ചതിനു ശേഷം സ്രിഷ്ടിക്കപെടുന്ന പേരുകള്‍ മാത്രം.



ഇനിയുമേറെ പാഠങ്ങള്‍ 300 Spartans നല്‍കിയിട്ടുണ്ട്. എന്നും മോട്ടിവേഷന്‍ നല്‍കുന്ന ഒരു പിടി ചിത്രങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നു ഈ ചിത്രം.




Sunday

അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 2



ലോകത്ത് തന്നെ ദിവസവും കുളിയ്ക്കുന്ന ജനവിഭാഗങ്ങള്‍ കുറച്ചേ ഉള്ളൂ എന്നാണ് എന്റെ അറിവ്. ലോകം വിടു, ഇന്ത്യ എടുക്കൂ.. മലയാളികളെ പോലെ ശുചിത്വ ബോധം ഉള്ളവര്‍ ആരുണ്ട്‌?  പലപ്പോഴും അത് തന്നെയാണ് വില്ലനും. ഇങ്ങനെ യാത്രകളൊക്കെ പോവുമ്പോള്‍ ആണ് ഇത് ശരിക്കും പണി തരിക.

ചായയിട്ടു അവന്‍ കൊണ്ട് തരുമ്പോള്‍ ആ കയ്യില്‍ മുന്‍പ്‌ അരിഞ്ഞ ഉള്ളിയുടെ കഷണങ്ങള്‍ കണ്ടാല്‍ ചായ തൊണ്ടയില്‍ നിന്ന് ഇറങ്ങില്ല ! സബ്ജി ഉണ്ടാക്കാനുള്ള കാബേജ് കഴുകാതെ ആണ് ഇടുന്നത് എന്ന് കണ്ടാല്‍ നമുക്ക് രാസവളങ്ങളുടെ പേരുകളൊക്കെ ഓര്മ വരും. 


സബ്ജി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊലി കളയാത്ത ഉരുളക്കിഴങ്ങ് ആണ് ഇതിലെന്നും നാട്ടില്‍ നിന്ന് നമ്മുടെ സെപ്ടിക് ടാങ്കില്‍ന്നു കൊണ്ട് പോവുന്ന സാധനമാണ് ഇതിനു വളം എന്ന് പറഞ്ഞപ്പോള്‍ ഒരുത്തന്‍ നീട്ടി വച്ച വാള് വലിയൊരു പരിചയായി ചായക്കടയുടെ ടേബിളില്‍ കിടന്നത് ഓര്മ വരുന്നു.

ദൂര യാത്രയൊക്കെ പോവുമ്പോള്‍ ഈ വൃത്തി ബോധം ബാഗില്‍ എടുത്തു വെക്കും. അവിടുള്ള നാലാള്‍ എങ്ങനെയാണോ ചെയ്യുന്നത് നമ്മളും അത് പോലെ. അല്ലെങ്കില്‍ യാത്ര പോവേണ്ട കാര്യം ഉണ്ടോ, എന്നത്തേയും പോലെ വീട്ടില്‍ ഇരുന്നാല്‍ പോരെ?


ചങ്ങലങ്ങിലെ ആളുകള്‍ ഒക്കെ കാലത്തെ കാര്യങ്ങള്‍ കാട്ടിലാണ് സാധിക്കുന്നത്. എങ്കില്‍ നമുക്കും ഒരു ദിവസം അങ്ങനെ ജീവിക്കണം. അങ്ങനെ കയ്യിലെ കുപ്പിയില്‍ അവയിലബിള്‍ വാട്ടറുമായി എല്ലാവരും കാട്ടിലേക്ക്. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരുന്ന് മൈക്കിള്‍ ജാക്സന്റെ പാട്ടും കേട്ട് ഇന്ഗ്ലീഷില്‍ തൂറി ശീലമുള്ള പിള്ളാരില്‍ ഒരാള്‍ ഇതില്‍ നിന്നും ഉള്‍ക്കൊണ്ട ഗുണപാഠം പങ്കുവെച്ചത് ഇങ്ങനെ

“അതായതു ചേട്ടാ, നമ്മളീ സംഗതി വയറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഓരോ 25% ഫിനിഷ്‌ ചെയ്യുമ്പോളും ടാര്‍ജറ്റ്‌ പോയിന്റ് മാറ്റി കൊടുക്കണം. ഇല്ലെങ്കില്‍ ആകെ വഷളാവും” !

അടുത്ത് കുളിയ്ക്കനോക്കെ പറ്റിയ വലിയ ഒരു നദി ഉണ്ടത്രേ. കാര്യമായി അന്വേഷിച്ചു കണ്ടുപിടിച്ചതാണ് ഒരാള്‍. അലക്കാനും അര്‍മാദിച്ചു കുളിയ്ക്കാനും എല്ലാവരും കൂടെ നദിയിലേക്ക്. ഏറെ പ്രതീക്ഷയോടെ ചോദിച്ച് ചോദിച് നദി എത്തി. ഒരു കൈത്തോട്. മലമ്പുഴ കനാലില്‍ വേനല്‍ക്കാലത്ത് ഇതിലും വെള്ളം കാണും.. അപ്പുറത്ത് കുളിക്കുന്ന നാട്ടുകരനോട് ഒരു കപ്പും കടം വാങ്ങി തണുതണാന്നുള്ള വെള്ളം കോരി ഒഴിച്ച് കുളിച്ചു.

പണ്ട് ബരസോ ഗാവില്‍ പോയി വിശപ്പിന്റെ വിളിയില്‍ പഠിച്ച ഹിന്ദിയുമായി ഞാന്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കൂടെ ഉള്ളവരോട് പറഞ്ഞു “ഇങ്ങനെയുള്ള യാത്രകള്‍ നമുക്ക് ഭാഷ പഠിയ്ക്കാനുള്ള അവസരങ്ങള്‍ ആണ് അതുകൊണ്ട് ഇവിടുന്നു പോകുമ്പോഴേക്കും ഹിന്ദി ഒക്കെ പഠിച്ചോളിന്‍”

അപ്പൊ ഒരു തലതെറിച്ച ചെക്കന്റെ മറുപടി

 “ഏയ്‌, നിങ്ങള് ഇന്ഗ്ലീഷ്‌കാരെ കണ്ടിട്ടുണ്ടോ? അവര് ലോകത്ത് എത്ര നാട് കീഴടക്കി, എന്നിട്ട് അവ്ടെയൊക്കെ പോയി അവടത്തെ ഭാഷ പടിക്യാണോ ചെയ്തത്? അവര് അവരുടെ ഭാഷയും സംസ്കാരവും അവിടുള്ളവരെ പഠിപ്പിച്ചു. നമ്മളും അതുപോലെ ആവണം”

നിങ്ങളിത് വിശ്വസിച്ചേ പറ്റൂ... തിരിച്ചു വരാന്‍ ദിവസം കാലത്ത് ചായക്കടയില്‍ ചെന്ന് ഇദ്ദേഹം ഉറക്കെ ഓര്‍ഡര്‍ കൊടുത്തു “എട്ടോ, നാല് ചായ , രണ്ടു റൊട്ടി സബ്ജി”  സാധനം മുന്‍പില്‍ എത്തി. ശിവനേ... !

രണ്ടാം ലോക മഹായുദ്ധവുമായി നമ്മുടെ നോര്‍ത്ത്‌ഈസ്ടിനു നല്ല ബന്ധം ഉണ്ട്. ഇന്നും ഇവിടം ഘനനം ചെയ്താല്‍ യുദ്ധാവശിഷ്ടങ്ങള്‍ കിട്ടുമെന്ന് ചിലര്‍ പറഞ്ഞു. ചങ്ങലങ്ങില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ആണ് ജയ്രാംപൂരിലേക്ക്. രണ്ടാംലോകമഹായുദ്ധത്തിന്റെ ഒരു സ്മാരകം ഉണ്ട് ഇവിടെ.


തൊട്ടടുത്ത്‌ നല്ലൊരു പുഴയും തൂക്കു പാലവും. ആ ദിവസം രസകരമായ കുറേ അനുഭവങ്ങള്‍ സമ്മാനിച്ചു. 

അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 3

.............അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 2.............


 ഒന്ന് എത്തിനോക്കിയാല്‍ കാണാവുന്ന തരത്തില്‍ ഒരു അന്യരാജ്യം അടുത്തുള്ളപ്പോള്‍ കാണാതെ പോവുന്നതെങ്ങനെ? നാംപോങ്ങില്‍ നിന്ന്‍ അതിര്‍ത്തിവിസ്ത്രിതി അടക്കം വെറും പതിനാറു കിലോമീറ്ററേ ഉള്ളു ഇപ്പോഴത്തെ മ്യാന്മാര്‍ എന്ന പഴയ ബര്‍മയ്ക്ക്.


പാസ്പോര്‍ട്ട്‌ ഒന്നും ഇലാതെ അതിര്‍ത്തിയില്‍ നിന്നു 15 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് സന്ദര്‍ശിക്കാം. മേജര്‍ ശ്രീകാന്ത്‌ ഉള്ളത് കൊണ്ട് പെര്‍മിറ്റ്‌ കിട്ടാന്‍ വലിയ താമസം ഉണ്ടായില്ല എന്ന് മാത്രമല്ല, ആര്‍മിയുടെ ടെമ്പോ വാനില്‍ അവിടം വരെ എത്തിക്കനുള്ളതും വേണ്ടത് ചെയ്തു തന്നു.


 ഐഡി പ്രൂഫ്‌ അടക്കമുള്ള രേഘകള്‍ അപേക്ഷയ്ക്കൊപ്പം നല്‍കണം. നമ്മുടെ ഫോട്ടോ ഒക്കെ എടുക്കും പോകുന്നതിനു മുന്‍പ്. ഗ്രൂപ്പ്‌ ആണെന്കില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കും, ഗ്രൂപ്പിലെ എല്ലാവരും തിരിച്ചെത്തിയെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ ഒരാളെ പോലും അവിടുന്ന് പോരാന്‍ അനുവദിക്കു.

കിട്ടിയ സമയം കൊണ്ട് ഒരു മലയാളി ജവനോട് കൊച്ചുവര്‍ത്താനം നടത്തി. 
“കയ്യില്‍ അത്യാവശ്യം കാശ് മാത്രം കൊണ്ടുപോയാല്‍ മതി ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങി വരാം. ബര്‍മ മുഴുവന്‍ വാങ്ങാന്‍ ഉദേശമുണ്ടെങ്കില്‍ കൂടുതല്‍ കാശു കൊണ്ടുപോയാല്‍ മതി. പിന്നെ, നമ്മുടെ രാജ്യം നമ്മളെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു എന്നോര്‍ത്ത് അഭിമാനിക്കും നിങ്ങള്‍ ബര്‍മ കണ്ടാല്‍.” അദ്ദേഹം പറഞ്ഞു.


ഉപയോഗമില്ലാത്ത മൊബൈല്‍ അനുവദിച്ചിട്ടും വല്യ കാര്യമില്ല, പക്ഷേ ക്യാമറ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഹൃദയം തകര്‍ത്തു. ഇക്കണ്ട കഷ്ടപ്പാട് സഹിച്ചു ഇവിടെ വന്നിട്ട് ഇതൊക്കെ നാലാളെ കാണിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്ത്... ഹഹാ... 

ഏതായാലും പത്തു മണിയോടെ ഞങ്ങള്‍ക്കുള്ള വണ്ടി റെഡിയായി. കയറില്‍ തൂങ്ങിപ്പിടിച്ചു വാനിലേക്ക് കയറാന്‍ കഷ്ടപെട്ട എന്നെ അകത്തിരുന്ന ജവാന്റെ ഉരുക്ക് കരങ്ങള്‍ പൂ പോലെ എടുത്തു അകത്തേക്കിട്ടു.



മലയുടെ മുകളിലേക്ക് കയറുകയാണ് വാന്‍. പതിമൂന്നു കിലോമീറ്റര്‍. റോഡു എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും രണ്ടു പ്രാവശ്യം വച്ച് പത്തു ദിവസം ഈ വനിലൂടെ ഈ വഴിയില്‍ യാത്ര ചെയ്താല്‍ മതി. സിക്സ് പാക്ക്‌ വരും. ഓരോ മിനിറ്റിലും ഓരോ വലിയ കുലുക്കങ്ങള്‍ പ്രതീക്ഷിക്കാം. വലിയ വലിയ കല്ലുകളും കുഴികളും നിറഞ്ഞ റോഡ്‌. ചിലപ്പോ ഒരു കുലുക്കം ഒക്കെ കഴിഞ്ഞു നോക്കിയാല്‍ കാണാം അപ്പുറത്തിരിക്കുന്നവര്‍ ഒക്കെ ഇപ്പുറത്തുള്ളവരെ കെട്ടിപ്പിടിച്ചു കിടക്കുന്നത്.

രണ്ടറ്റത്തും ഇരിക്കുന്ന ജവാന്മാര്‍ക്ക് തെല്ലനക്കം പോലുമില്ല! അയ്യപ്പന്റടുത്താണോ പുലിക്കളി. അതി സാഹസികമായ ആ യാത്ര കൂട്ടത്തിലെ പലരുടെയും ഞെട്ടും ബോള്‍ട്ടും ഇളക്കി. അതിര്‍ത്തിയുടെ അവസാനം ഞങ്ങളെ ഇറക്കിവിട്ടു സാബ്‌ പറഞ്ഞു കൃത്യം രണ്ടു മണിക്ക് തന്നെ ഇവിടെ തിരിച്ചെത്തണം, അല്ലെങ്കില്‍ താഴേക്ക്‌ കാട്ടിലൂടെ നടന്നിറങ്ങേണ്ടി വരും.

ഉവ്വ് സാര്‍.

കാട്ടിനുള്ളിലൂടെ ഒരു ചെറിയ ഇടവഴി ആണ്. ഇടയ്ക്കിടയ്ക്ക് റോക്കറ്റ്‌ വരും പോലെ ഓരോ സ്കൂട്ടര്‍ വരും, ബര്‍മീസ്‌ പയ്യന്മാര്‍ സാധനങ്ങള്‍ കടത്തുകയാണ്. ഒരു പ്രത്യേക തരം സ്കൂട്ടര്‍ ആണ്, ഞാനൊക്കെ ജനിക്കുന്നതിനു മുന്‍പേ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന പോലൊരു മോഡല്‍. തിരിച്ചു കാലിയടിച്ചു പോകുന്നവര്‍ സന്ദര്‍ശകരെ കയറ്റും. മുപ്പതു രൂപ കൊടുത്താല്‍ മതിയത്രേ. ഇങ്ങനെ ആദ്യമേ അവിടെയെത്തിയ സുഹൃത്ത്‌ പറഞ്ഞു, വീഗാലാന്റിലെ ഏതോ റൈഡില്‍ ഇരുന്ന പോലുണ്ടയിരുന്നെന്നു.

 കാട്ടിലൂടെ ഏതാണ്ട്‌ മൂന്നു കിലോമീറ്റര്‍ നടന്നാല്‍ ചെക്പോസ്റ്റ്‌ കാണാം. പട്ടാളക്കാരുടെ എന്ന് തോന്നിക്കുന്ന ഒരു കുപ്പായം ഊര്‍ന്നു വീഴാറായ പാന്റിനുള്ളിലേക്ക് തിരുകി വച്ച് മൂന്നാല് പേര്‍ ചെക്ക്‌പോസ്റ്റില്‍.,. ശരിക്കും പട്ടാളക്കാരാണ്! കാട്ടില്‍ നടക്കുമ്പോള്‍ ഒരു സപ്പോര്‍ട്ടിന് കയ്യില്‍ എടുത്ത വടി സ്നേഹത്തോടെ അവര്‍ വാങ്ങിച്ചു വച്ചു. മുഖത്ത് ലേശം ഗൗരവം ഞാന്‍ രണ്ടു കയ്യും കൂപ്പി നമസ്കാരം പറഞ്ഞപ്പോള്‍ മാറി, അവരും നമസ്തേ പറഞ്ഞു പുഞ്ചിരിച്ചു.

 ഇവിടെയും സ്നേഹസമ്പന്നര്‍ മാത്രം.

ചെറിയ ഗ്രാമം ആണ് ഇത്. സന്ദര്‍ശകരെ ടാര്‍ജറ്റ്‌ ചെയ്തു ആവണം നല്ലൊരു ചന്ത ഉണ്ട്. ആയിരുര്‍പ്പ്യ ഉണ്ടെങ്കില്‍ ചന്ത മുഴുവന്‍ വാങ്ങമെന്നത് വാചകമടിച്ച് ചെന്ന ഞങ്ങളുടെ വായടഞ്ഞു ആദ്യത്തെ കടയില്‍ കേറിയപ്പോ. തൊട്ടാ പൊള്ളുന്ന വില. അതെ, ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചല്ലേ... അതാണത്രേ.

ഇവിടെ പെണ്‍ഭരണമാണ്. കച്ചവടം നടത്തുന്നതും കാശ് കൈകാര്യം ചെയ്യുന്നതും ഒക്കെ പെണ്ണുങ്ങള്‍. ചിലരുടെ അടുത്തിങ്ങനെ ആണുങ്ങള്‍ കയ്യും കെട്ടി നിക്കുന്നുണ്ട്. ഇടയ്ക്കിവര്‍ ഓരോന്ന് പറയുമ്പോള്‍ ഓടി ഓടി ചെയ്യാന്‍. കണ്ടിട്ട് എനിക്ക് തന്നെ നാണം വന്നു.

വിലപേശല്‍ ഒന്നും നടക്കുന്നില്ല, വേണെങ്കില്‍ വാങ്ങിച്ചാല്‍ മതി എന്ന ഭാവം. ഒരു ഓവര്‍കോട്ടിന് ഒക്കെ ആയിരത്തഞ്ഞൂറു രൂപ. പാക്ട് ഐറ്റംസ് ആണെന്കില്‍ എം ആര്‍ പിയെക്കാള്‍ കൂടുതല്‍ കൊടുക്കണം. ഹിന്ദിയോ ഇന്ഗ്ലീഷോ ഒന്നും ചെല്ലില്ല. അപ്പൊ പിന്നെ നമ്മളും മലയാളത്തില്‍ ആക്കി... “എന്താ ചേച്ചി, ഇത്ര്യക്ക് റേറ്റ് കൂടുതല്‍ ആണ്, എം ആര്‍ പി ഇത്രയല്ലേ ഉള്ളൂ” ന്നൊക്കെ.... മുഖത്തെ ഭാവവും ചേരുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാവും. ഒരു മയവും ഇല്ലാതെ പോയി പണി നോക്കെടാ എന്ന് പറയേം ചെയ്യും.

ഞങ്ങള്‍ വലഞ്ഞു. വിശന്നിട്ടാണെങ്കില്‍ കണ്ണ് കാണാന്‍ വയ്യ. ഒരു ഹോട്ടലില്‍ കേറിയ താമസം അവിടുത്തെ മുതലാളിയമ്മച്ചി മീന്‍ വറുത്തതിന്റെ സാമ്പിള്‍ കഷ്ണം ഒരുപാടു പ്രതീക്ഷയോടെ കൊണ്ട് വന്നു തന്നു. വായിലിട്ടതും പുറത്തേക്ക് തുപ്പിയതും ഒരുമിച്ചായിരുന്നു. ഏതാണ്ട് പച്ചമീന്‍ മുളക് പുരട്ടി ഉണക്കിയ പോലെ. അടുത്ത ടേബിളില്‍ ഇരിക്കുന്ന രണ്ടു പുംഗവന്‍ന്മാര്‍ ന്യൂഡില്‍സ്‌ പോലെ എന്തോ കഴിക്കുന്ന കണ്ടു. അത് എന്താന്ന് ചോദിച്ചപ്പോള്‍ ‘കുക്കാ... കുക്കാ’ എന്നാണ് പറഞ്ഞത്. എന്നാല്‍ കുക്ക പോരട്ടെ മൂന്നു പ്ലേറ്റ് എന്നായി ഞങ്ങള്‍. ന്യൂഡില്‍സ്‌ കഞ്ഞിവെള്ളത്തില്‍ ഇട്ടപോലെ ഒരു സാധനം. മുകളില്‍ കുറെ ഇറച്ചിയും. കൂടുതല്‍ ഒന്നും നോക്കിയില്ല. എല്ലാം അകത്തേക്ക് കേറ്റി. തൊണ്ടയില്‍ ഒരു ചെറിയ എല്ല് കുടുങ്ങിയത് ഞാന്‍ അസാധാരണ മികവോടെ വയറ്റിലേക്ക് കയറ്റിവിട്ടു. ഒന്നിന് എണ്പതു രൂപ.

പുറത്തിറങ്ങി, ഓരോ കടയിലും വെറുതെ കയറി ഇറങ്ങി. മിക്കവാറും എല്ലാം നാട്ടില്‍ കിട്ടുന്ന സാധനങ്ങള്‍. കഠാരയും വാളുകളും ഒഴികെ. നല്ല മനോഹരമായ വാളുകള്‍ ഒക്കെ ഉണ്ടായിരുന്നു. കാര്യമില്ലാത്തത് കൊണ്ട് വാങ്ങിയില്ല. സന്ദര്‍ശകരില്‍ നല്ലൊരു വിഭാഗവും വാളുകളും കത്തികളും വാങ്ങുന്നുണ്ടായിരുന്നു.



നമ്മുടെ ഭാഷയറിയാത്ത അന്യനാട്ടില്‍ ചെന്ന് കാണുന്നതിനെ കുറിച്ചൊക്കെ സര്‍വ സ്വാതന്ത്ര്യത്തോടെ ഉറക്കെ കമന്റ് അടിക്കാന്‍ എന്ത് സുഖമാണെന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല. നിങ്ങള്‍ അനുഭവിച്ചറിയണം. കത്തിക്കടയില്‍ന്നു ഇറങ്ങിയപ്പോള്‍ കൂട്ടത്തിലൊരാള്‍ ഉറക്കെ പറഞ്ഞു

“ഒപ്പമുള്ളവരുടെ കത്തി തന്നെ സഹിക്കാന്‍ വയ്യ, ഇത് എന്തിനാ, വല്ല പരിചയും കിട്ടുമോ അതാണിപ്പോ ആവശ്യം”

“അത് കിട്ടണേല്‍ നാട്ടില്‍ തന്നെ ചെല്ലണം മക്കളെ” !

വശത്ത് നിന്നും ഒരു കമന്റ്..

“ഹഹ.. അത് ശരിയാ.” എന്ന് ഞങ്ങള്‍...,  ശെടാ... ആ കേട്ടത് നല്ല മലയാളം ആണല്ലോ. അകെ ഒരു ഞെട്ടല്‍. ഒരു ചേട്ടനും ചേടത്തിയും ഞങ്ങളെ നോക്കി ചിരിച്ചോണ്ട് നില്‍ക്കുന്നു.

മലയാളീസ്‌??

അതെലോ.. കുറച്ചു നേരമായി നിങ്ങളെ നോക്കുന്നു.

ഈശ്വരാ, ഞാന്‍ മനസ്സിനെ പുറകിലേക്ക് വേഗം റീവൈന്‍ഡ ചെയ്തു. കഴിഞ്ഞ കുറെ നേരത്തില്‍ കൂട്ടത്തില്‍ ആരെങ്കിലും വല്ല വളിപ്പും അടിച്ചോ??  ഓര്‍മയില്‍ ഇല്ല..

അവര്‍ തെക്കന്‍ കേരളത്തില്‍ നിന്നാണ്. അരുണാചലിലെ ജയ്‌രാംപൂരില്‍ ജോലി ചെയ്യുന്നു. നാട്ടില്‍നിന്നും വന്ന അതിഥികളെയും കൊണ്ട് ബര്‍മ കാണാന്‍ വന്നവര്‍.,. അപ്പോഴേക്കും കൂടെ ഉള്ളവരും എത്തി.

ഞാന്‍ ചോദിച്ചു
 “ചേട്ടാ, ഇവിടെ കഴിക്കാന്‍ വല്ലതും കിട്ടുമോ?”

“ഇവിടെ കഴിക്കാന്‍ ഒക്കെ ധാരാളം കിട്ടും, പക്ഷേ കിട്ടുന്നത് കഴിക്കണം എന്ന് മാത്രം.”

ചേട്ടന്‍ വല്യൊരു വിറ്റ്‌ പറഞ്ഞു.

“കുറെ നാളായി ചേട്ടാ വായില്‍ കൊള്ളന്ന വല്ലതും കഴിച്ചിട്ട്. ഇവിടെ ഹോട്ടലൊക്കെ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ കൊതിയോടെ എത്തിയതാ... ഒടുക്കം കുക്കയോ മറ്റോ കഴിച്ചു.”

“പട്ടിയിറച്ചിയൊക്കെ അത്ര ഇഷ്ടമാണല്ലേ?”

ഒരു തെരുവുപട്ടിയുടെ കുര എന്റെ ചെവിയില്‍ മുഴങ്ങി. ഒരു തികട്ടലും.

അപ്പൊ വെട്ടിവിഴുങ്ങിയത് പട്ടിയിറച്ചി ആയിരുന്നു...

അറിഞ്ഞു ആസ്വദിച്ച് കഴിക്കാന്‍ പറ്റാത്തതായിരുന്നു അകെ ഉണ്ടായിരുന്ന വിഷമം. ഇനിയിപ്പോ അതല്ലേ പറയാന്‍ ഒക്കൂ.

ഏതു നാട്ടില്‍ പോയാലും അവിടുത്തെ ഭക്ഷണം കഴിക്കുക എന്നതായിരുന്നു മുദ്രാവാക്യം. കഴിഞ്ഞ വര്ഷം ഉത്തരാഖണ്ഡ് പോയി കടുകെണ്ണയില്‍ വറത്തു കോരിയ പൂരിയും സമൂസയും തള്ളിക്കേറ്റി ഒടുവില്‍ ഒരാഴ്ച വയറു ശംഖ് വിളി നിര്ത്താതായതോടെ ആണ് ഈ സാഹസം ഞാന്‍ നിര്‍ത്തിയത്.

ഏതായാലും ഞങ്ങള്‍ക്ക് ചമ്മാന്‍ കൂടുതല്‍ അവസരം തരാതെ ആ ചേട്ടത്തി കുറച്ചു ബ്രഡും ജാമും തന്നു. കൂടെ കുറെ ഓറഞ്ചും വെള്ളവും. വേണ്ടെന്നു കുറെ പറഞ്ഞെങ്കിലും കയ്യില്‍ നിര്‍ബന്ധിച്ചു കൂടുതല്‍ വച്ചു തന്നു, കൂടെയുള്ള മറ്റുള്ളവര്‍ക്ക് കൂടെ കൊടുക്കാന്‍..,.

വയറു നിറഞ്ഞു കൂടെ മനസ്സും...

ബര്‍മ യാത്രയില്‍ മനസ്സ് നിറഞ്ഞു നില്‍ക്കുന്നത് അവരായിരുന്നു... ഇതെഴുതുമ്പോഴും അവരെ നന്ദിയോടെ മനസ്സില്‍ സ്മരിക്കുന്നു.