Saturday

തലമുറകളെ സംരക്ഷിച്ച ചില രുചിക്കൂട്ടുകള്‍

മളവര്‍ത്തപ്പുളിക്കെന്നപോലെ വേറെ ചില ഭക്ഷണങ്ങള്‍ക്കും കഥകള്‍ ഏറെ പറയാനുണ്ട്‌ ...   ഒരു സമൂഹത്തിന്‍റെ അതിജീവനത്തിന് അമൃതായി മാറിയ ഭക്ഷണങ്ങള്‍.

വിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍  പാത്തുമ്മയുടെ ആടില്‍ , അക്കാലത്തെ വറുതിയിലും ദാരിദ്ര്യത്തിലും കപ്പ പുട്ടും കട്ടന്‍ചായയും കൊണ്ട് മാത്രം ആളുകള്‍  പള്ളനിറയ്ക്കുന്നതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  ഇന്ന് മലയാളിക്ക്  കപ്പ വെറും ഒരു 'ഡിഷ്‌' ആണെങ്കില്‍ ഒരുകാലത്ത് ഈ കപ്പ  മാത്രമാണ്  പട്ടിണി മരണങ്ങളില്‍ നിന്നും നമ്മുടെ മുന്‍ഗാമികളെ രക്ഷിച്ചത്‌. 



പോര്‍ച്ചുഗീസുകാരന്‍റെ സംഭാവനയായ മരച്ചീനിയുടെ കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്‌  സസ്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് വൈശാഖം തിരുനാളാണ്. 1860കളില്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ കീഴടക്കിയതോടെ ബര്‍മയില്‍ നിന്നുള്ള അരി വരവ്  നിലച്ചു. (അതെ, ബര്‍മയില്‍ നിന്ന് കേരളത്തിലേക്ക് അരി വന്നിരുന്നത്രേ !). അന്ന് അരിയ്ക്ക് പകരം പ്രധാനഭക്ഷണമായി കപ്പയെ പ്രോത്സാഹിപിക്കാന്‍ ബ്രിട്ടീഷുകാരും മുന്‍കയ്യെടുത്തു. തെക്കന്‍ കേരളത്തിലുണ്ടായിരുന്ന കപ്പ കൃഷി , ആളുകളുടെ കുടിയേറ്റത്തോടൊപ്പം മലബാറിലേക്കും വ്യാപിച്ചു. ഈ കപ്പയില്ലയിരുന്നെങ്കില്‍ ആയുസ്സെത്താതെ മരിക്കാന്‍ വിധിക്കപ്പെട്ടേനെ അവര്‍. പോര്‍ച്ചുഗീസുകാര്‍ക്ക് സ്തോത്രം !

പലക്കാടൊക്കെ നിറയെ അഗ്രഹാരങ്ങള്‍ ഉണ്ട്. കാലടിയിലും തിരുവനന്തപുരത്തും ഞാന്‍ കണ്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ 'അഗ്രഹാരം' എന്നൊരു സെറ്റ് അപ്പ്‌ ഉണ്ടോ എന്നറിഞ്ഞൂടാ. ഏതായാലും, ക്ഷേത്രങ്ങളുടെ പരിപാലനത്തിനാണ് തമിഴ് ബ്രാഹ്മണരെ രാജാക്കന്മാര്‍ കേരളത്തിലേക്ക് കൊണ്ട്വരുന്നതും അഗ്രഹാരങ്ങള്‍ സ്ഥാപിക്കപ്പെടുന്നതും. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അവരുടെ വേരുറച്ചു. ഒരുകാലത്ത് സമ്പത്തും സ്ഥാനമാനങ്ങളും വേണ്ടതിലധികം ലഭിച്ചവര്‍ക്ക് രാജഭരണവും ജന്മിഭരണവും അവസാനിച്ചപ്പോള്‍  ശനി തുടങ്ങി എന്ന് പറയാം. കൂടാതെ അംഗബലമേറിയപ്പോള്‍ വേണ്ടത്ര തൊഴിലും ഇല്ലാതെയായി.  



സാമ്പത്തികമായ തളര്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും ആഗ്രഹരങ്ങളുടെ ഐശ്വര്യം കെടുത്തി. അയ്യരുവീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമായി തൈരുസാദം മാറി ( ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ വേറെന്ത് ? ! ) പ്രത്യേകിച്ച് കറിയൊന്നും വേണമെന്നില്ല,  വല്ല മുളകോ അച്ചാറോ കൂട്ടിക്കഴിക്കാം. കേടുവരാതെ ഒന്നില്‍ക്കൂടുതല്‍ ദിവസം ഇരിക്കും. സ്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരു അയ്യരോ പട്ടരോ ഉണ്ടെങ്കില്‍ 'തൈര്സാദം' എന്ന ഇരട്ടപ്പേരാവും മിക്കവാറും. സ്വയം പട്ടിണികിടന്നും, മക്കളെ സാദമൂട്ടിയ അമ്മിയാരുടെ ദുഖം അവസാനിച്ചെന്നു തോന്നുന്നു.  ഇന്ന് ദാരിദ്ര്യത്തിന്റെ ഇരുട്ട് അഗ്രഹാരങ്ങളില്‍ ഇല്ലെന്നാണ് കാഴ്ച്ചയില്‍ മനസ്സിലാവുന്നത്. എങ്കിലും തൈര്സാദം അവര്‍ക്കിന്നും പ്രിയങ്കരം തന്നെ. 



ഇനിയൊന്നു അതിര്‍ത്തി കിടക്കട്ടെ. കരിമ്പിന്‍തോട്ടങ്ങളിലും പച്ചക്കറിപ്പള്ളങ്ങളിലും പണിയെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ വൈകീട്ട് ചാളയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അവര്‍ക്ക് അതിജീവനാമൃതം ആയിരിക്കാം ഈ വിഭവം.. പുളിയോദരൈ അഥവാ പുളിച്ചോര്‍. പച്ചരി പുളിവെള്ളത്തില്‍ വറ്റിച്ച് ചോറാക്കി ,  കടുകെണ്ണയില്‍ ഉള്ളിയും മുളകും വഴറ്റി ആ ചോറ്  താളിച്ചെടുക്കും. നനഞ്ഞ തുണിയിലോ തോര്‍ത്തിലോ ചൂടോടെ മുറുക്കിക്കെട്ടിയാല്‍ മൂന്നു ദിവസം കഴിഞ്ഞാലും കേടാവാതെ ഇരിക്കുംത്രേ..കറിയൊന്നും വേണമെന്നില്ല. രുചികരമായ ഭക്ഷണം.  ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത അക്കാലത്ത് ഈ ഭക്ഷണം ഒരു നല്ല കണ്ടുപിടിത്തം തന്നെയാണ്. ഇന്നും തമിഴര്‍ ടൂറു വരുമ്പോഴോ ദീര്‍ഘദൂര ട്രെയിന്‍ യാത്ര നടത്തുമ്പോഴോ ശ്രദ്ധിച്ചാല്‍ പുളിയോദരയുടെ പൊതികള്‍ കാണും കയ്യില്‍. അത് തുറക്കുമ്പോള്‍ ഒരു മണം വരും.. അറിയാതെ വായില്‍ വെള്ളമൂറും. 


7 comments:

  1. വൌ ..ഇതൊരു ഉഗ്രന്‍ പോസ്റ്റ്‌ തന്നെ. ഈ രീതിയില്‍ ആരും ഭക്ഷണത്തെ കുറിച്ച് ഒന്നും എഴുതിയിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കുന്നു. ചരിത്രം സമം ഭക്ഷണം സമം രുചിയോ രുചി അല്ലെ ? അഭിനന്ദനങ്ങള്‍ ..

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍.. വായനയ്ക്കും അഭിപ്രായത്തിനും. :)

      Delete
  2. രുചിക്കൂട്ടുകൾ നാവിൽ കപ്പലോടിച്ചു....ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ.. .. വായനയ്ക്കും അഭിപ്രായത്തിനും. :)

      Delete
  3. ഓരോരോ (ഭക്ഷണ)ശീലങ്ങൾ...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ.. .. വായനയ്ക്കും അഭിപ്രായത്തിനും. :)

      Delete
  4. കൊതിയോടെ തന്നെ വായിച്ചു തീര്‍ത്തു. ആദ്യം നല്‍കിയിരിക്കുന്ന കപ്പയുടെ ചിത്രം വായില്‍ വെള്ളമൂറിച്ചു..

    ReplyDelete