Saturday

തലമുറകളെ സംരക്ഷിച്ച ചില രുചിക്കൂട്ടുകള്‍

മളവര്‍ത്തപ്പുളിക്കെന്നപോലെ വേറെ ചില ഭക്ഷണങ്ങള്‍ക്കും കഥകള്‍ ഏറെ പറയാനുണ്ട്‌ ...   ഒരു സമൂഹത്തിന്‍റെ അതിജീവനത്തിന് അമൃതായി മാറിയ ഭക്ഷണങ്ങള്‍.

വിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍  പാത്തുമ്മയുടെ ആടില്‍ , അക്കാലത്തെ വറുതിയിലും ദാരിദ്ര്യത്തിലും കപ്പ പുട്ടും കട്ടന്‍ചായയും കൊണ്ട് മാത്രം ആളുകള്‍  പള്ളനിറയ്ക്കുന്നതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  ഇന്ന് മലയാളിക്ക്  കപ്പ വെറും ഒരു 'ഡിഷ്‌' ആണെങ്കില്‍ ഒരുകാലത്ത് ഈ കപ്പ  മാത്രമാണ്  പട്ടിണി മരണങ്ങളില്‍ നിന്നും നമ്മുടെ മുന്‍ഗാമികളെ രക്ഷിച്ചത്‌. 



പോര്‍ച്ചുഗീസുകാരന്‍റെ സംഭാവനയായ മരച്ചീനിയുടെ കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്‌  സസ്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് വൈശാഖം തിരുനാളാണ്. 1860കളില്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ കീഴടക്കിയതോടെ ബര്‍മയില്‍ നിന്നുള്ള അരി വരവ്  നിലച്ചു. (അതെ, ബര്‍മയില്‍ നിന്ന് കേരളത്തിലേക്ക് അരി വന്നിരുന്നത്രേ !). അന്ന് അരിയ്ക്ക് പകരം പ്രധാനഭക്ഷണമായി കപ്പയെ പ്രോത്സാഹിപിക്കാന്‍ ബ്രിട്ടീഷുകാരും മുന്‍കയ്യെടുത്തു. തെക്കന്‍ കേരളത്തിലുണ്ടായിരുന്ന കപ്പ കൃഷി , ആളുകളുടെ കുടിയേറ്റത്തോടൊപ്പം മലബാറിലേക്കും വ്യാപിച്ചു. ഈ കപ്പയില്ലയിരുന്നെങ്കില്‍ ആയുസ്സെത്താതെ മരിക്കാന്‍ വിധിക്കപ്പെട്ടേനെ അവര്‍. പോര്‍ച്ചുഗീസുകാര്‍ക്ക് സ്തോത്രം !

പലക്കാടൊക്കെ നിറയെ അഗ്രഹാരങ്ങള്‍ ഉണ്ട്. കാലടിയിലും തിരുവനന്തപുരത്തും ഞാന്‍ കണ്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ 'അഗ്രഹാരം' എന്നൊരു സെറ്റ് അപ്പ്‌ ഉണ്ടോ എന്നറിഞ്ഞൂടാ. ഏതായാലും, ക്ഷേത്രങ്ങളുടെ പരിപാലനത്തിനാണ് തമിഴ് ബ്രാഹ്മണരെ രാജാക്കന്മാര്‍ കേരളത്തിലേക്ക് കൊണ്ട്വരുന്നതും അഗ്രഹാരങ്ങള്‍ സ്ഥാപിക്കപ്പെടുന്നതും. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അവരുടെ വേരുറച്ചു. ഒരുകാലത്ത് സമ്പത്തും സ്ഥാനമാനങ്ങളും വേണ്ടതിലധികം ലഭിച്ചവര്‍ക്ക് രാജഭരണവും ജന്മിഭരണവും അവസാനിച്ചപ്പോള്‍  ശനി തുടങ്ങി എന്ന് പറയാം. കൂടാതെ അംഗബലമേറിയപ്പോള്‍ വേണ്ടത്ര തൊഴിലും ഇല്ലാതെയായി.  



സാമ്പത്തികമായ തളര്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും ആഗ്രഹരങ്ങളുടെ ഐശ്വര്യം കെടുത്തി. അയ്യരുവീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമായി തൈരുസാദം മാറി ( ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ വേറെന്ത് ? ! ) പ്രത്യേകിച്ച് കറിയൊന്നും വേണമെന്നില്ല,  വല്ല മുളകോ അച്ചാറോ കൂട്ടിക്കഴിക്കാം. കേടുവരാതെ ഒന്നില്‍ക്കൂടുതല്‍ ദിവസം ഇരിക്കും. സ്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരു അയ്യരോ പട്ടരോ ഉണ്ടെങ്കില്‍ 'തൈര്സാദം' എന്ന ഇരട്ടപ്പേരാവും മിക്കവാറും. സ്വയം പട്ടിണികിടന്നും, മക്കളെ സാദമൂട്ടിയ അമ്മിയാരുടെ ദുഖം അവസാനിച്ചെന്നു തോന്നുന്നു.  ഇന്ന് ദാരിദ്ര്യത്തിന്റെ ഇരുട്ട് അഗ്രഹാരങ്ങളില്‍ ഇല്ലെന്നാണ് കാഴ്ച്ചയില്‍ മനസ്സിലാവുന്നത്. എങ്കിലും തൈര്സാദം അവര്‍ക്കിന്നും പ്രിയങ്കരം തന്നെ. 



ഇനിയൊന്നു അതിര്‍ത്തി കിടക്കട്ടെ. കരിമ്പിന്‍തോട്ടങ്ങളിലും പച്ചക്കറിപ്പള്ളങ്ങളിലും പണിയെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ വൈകീട്ട് ചാളയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അവര്‍ക്ക് അതിജീവനാമൃതം ആയിരിക്കാം ഈ വിഭവം.. പുളിയോദരൈ അഥവാ പുളിച്ചോര്‍. പച്ചരി പുളിവെള്ളത്തില്‍ വറ്റിച്ച് ചോറാക്കി ,  കടുകെണ്ണയില്‍ ഉള്ളിയും മുളകും വഴറ്റി ആ ചോറ്  താളിച്ചെടുക്കും. നനഞ്ഞ തുണിയിലോ തോര്‍ത്തിലോ ചൂടോടെ മുറുക്കിക്കെട്ടിയാല്‍ മൂന്നു ദിവസം കഴിഞ്ഞാലും കേടാവാതെ ഇരിക്കുംത്രേ..കറിയൊന്നും വേണമെന്നില്ല. രുചികരമായ ഭക്ഷണം.  ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത അക്കാലത്ത് ഈ ഭക്ഷണം ഒരു നല്ല കണ്ടുപിടിത്തം തന്നെയാണ്. ഇന്നും തമിഴര്‍ ടൂറു വരുമ്പോഴോ ദീര്‍ഘദൂര ട്രെയിന്‍ യാത്ര നടത്തുമ്പോഴോ ശ്രദ്ധിച്ചാല്‍ പുളിയോദരയുടെ പൊതികള്‍ കാണും കയ്യില്‍. അത് തുറക്കുമ്പോള്‍ ഒരു മണം വരും.. അറിയാതെ വായില്‍ വെള്ളമൂറും. 


Friday

മളവര്‍ത്തപ്പുളിക്ക് ഒരൂട്ടം പറയാനുണ്ട്‌

മളവര്‍ത്തപ്പുളി അഥവാ തറവാട്ടുപുളി  

രസം പോലെ ചോറില്‍ ഒഴിച്ച് കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് മളവര്‍ത്തപ്പുളി. (' മുളക് വറുത്ത പുളി ' ലോപിച്ചതാണ് ). ചൂടായ ചീനച്ചട്ടിയിലിത്തിരി എണ്ണയൊഴിച്ച് , കടുകിട്ട് പൊട്ടിച്ച്, ഒരു പിടി പച്ചമുളകോ വറമുളകോ അരിഞ്ഞതും  ചെറിയ ഉള്ളി അരിഞ്ഞതും ഒരു നുള്ള് ഉലുവയും അത്ര തന്നെ ജീരകവും ഇട്ട് , ഒന്ന് വഴറ്റി. അതില്‍ പുളി കലക്കി അരിച്ചെടുത്ത വെള്ളം ഒഴിച്ച്  ഒന്ന് തിളപ്പിച്ചെടുത്താല്‍ മളവര്‍ത്തപ്പുളി ആയി. കറിവേപ്പില എന്തായാലും രണ്ടു കൊത്ത് കാണും കേട്ടോ. 

മളവര്‍ത്തപ്പുളിക്ക് തറവാട്ടുപുളി എന്നൊരു പേരും ഉണ്ട്. കാരണം  കിഴക്കന്‍ പാലക്കാട്ടിലെ നായര്‍ തറവാടുകളില്‍ മാത്രമേ ഈ വിഭവം കണ്ടിട്ടുള്ളൂ. കുട്ടിക്കാലത്ത് ആഴ്ചയില്‍ മൂന്നാല് ദിവസമെങ്കിലും  മളവര്‍ത്തപ്പുളിയും മോരും ( ഹോ.. മോരെന്നൊക്കെ പറഞ്ഞാല്‍ വെള്ളത്തില്‍ അല്‍പം തൈരൊഴിച്ച മാതിരി .. സംഭാരം ചിലപ്പോള്‍ അതിലും ഭേദം !) ഉപ്പേരിയും കൂട്ടിയുള്ള ഊണാവും വീട്ടില്‍. 



ഈ രുചികരമായ വിഭവം പക്ഷേ കൂട്ടുകാരുടെ വീട്ടിലൊന്നും ഉണ്ടാക്കാറില്ല എന്നറിഞ്ഞപ്പോഴാണ് അമ്മൂമ്മയോട് അന്വേഷിച്ചത്. അവരപ്പോള്‍ ഇങ്ങനെ പറഞ്ഞതായാണ് ഓര്‍മ, ഇങ്ങനയെ പറയാന്‍ വഴിയുള്ളൂ.

"നമുക്കതിനുള്ള പാങ്ങെ ഉള്ളൂ കുട്ട്യേ... കുളം തോണ്ടിയ തറവാടുകളില് ദിവസോം സദിരവട്ടങ്ങളിണ്ടാക്കാന്‍ പറ്റ്വോ?"

പച്ചപരമാര്‍ത്ഥം ! പണ്ട്കാലത്ത് ഏക്കറുകണക്കിന് ഭൂമിയും സ്വത്തും ഒക്കെ ഉണ്ടായിരുന്ന തറവാടികളില്‍ ഉയര്‍ന്ന ജീവിത നിലവാരം തുടര്‍ന്നും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ചുരുക്കം ചില കൂട്ടര്‍ക്കാണ്. ഭൂപരിഷ്കരണ കാലത്ത് പാട്ടക്കാരില്‍ നിന്നും ഭൂമി സംരക്ഷിച്ചവര്‍ , ഉള്ള സമ്പത്തിന്റെ ഹുങ്കില്‍ ഏമ്പക്കം വിട്ടിരിക്കാതെ വിദ്യസമ്പത്തിനെ പുല്‍കി തൊഴില്‍ നേടിയവര്‍ , മദിരാശിക്കോ കല്‍ക്കട്ടയ്ക്കോ അല്ലെങ്കില്‍ മുംബയിലെക്കോ വണ്ടി കയറിയവര്‍, സര്‍ക്കാര്‍ ജോലിയില്‍ കയറിക്കൂടിയവര്‍.. അങ്ങനെ ചിലര്‍. അങ്ങനാരും ഇല്ലാത്ത അനവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. 

(ദുര)അഭിമാനം കൊണ്ട് കിട്ടിയ പണിക്ക് പോയി കുടുംബം പുലര്‍ത്താന്‍ നോക്കാതെ മുണ്ടും മുറുക്കിയുടുത്തു നിലംപൊത്താറായ പൂമുഖപ്പുരയുടെ ചോട്ടില്‍ ചാരുകസേരയില്‍ കിടന്ന് കാലം കഴിച്ച കാരണവന്‍മാരെ പറ്റി അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഏഴും എട്ടും മക്കളുള്ള കുടുംബത്തില്‍ പ്രാരാബ്ധങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനവാതെ നിസ്സഹായരായവരാണ് ഭൂരിഭാഗവും. 

മക്കള്‍ക്ക്‌ മികച്ച ജീവിതസാഹചര്യങ്ങള്‍ കൊടുക്കാനോ വിദ്യാഭ്യാസം കൊടുക്കാനോ സാധിക്കാത്ത ഹതഭാഗ്യര്‍. എന്‍റെ അച്ഛനും അമ്മയേക്കാളും കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നു അമ്മൂമ്മയ്ക്ക്. അവരുടെ അച്ഛനാവട്ടെ അതിലും മികച്ചതായിരുന്നു പറഞ്ഞറിവു വച്ച്. ഈ ഒരു ഇന്‍വേര്‍ട്ടട് പിരമിഡ് സെറ്റ് അപ്പ്‌ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉയര്‍ന്നതെന്ന് വിധിക്കപ്പെട്ട ജാതിയുടെയും തറവാടിത്തത്തിന്റെയും ഭാരം വല്ലാത്ത ബാധ്യതയായ തലമുറകള്‍ അവസാനിച്ചുവരുന്നേ ഉള്ളൂ. 

അപ്പോള്‍, നമ്മള്‍ പറഞ്ഞുവന്നത് തറവാട്ടുപുളി.. അങ്ങനെ അത്തോലമ്മമാര്‍ കൂട്ടുകുടുംബത്തെ ഊട്ടാന്‍ കണ്ടെത്തിയ ഒരു കറിയാണ് ഈ തറവാട്ടുപുളി. ഇതും തൈരും ഉപ്പിട്ട് ചോറില്‍ കൂട്ടിക്കുഴച്ച് ഉണക്കമീന്‍ വറുത്തതോ ഉപ്പേരിയോ കൂട്ടി ഊണ് കഴിച്ചാല്‍ 'ത്രീ-കോഴ്സ്' മീല്‍ കഴിച്ച സംപ്ത്രിപ്തി ആയിരുന്നു കേട്ടോ അന്ന്.  

വേറെയും ചില വിഭവങ്ങള്‍ ഉണ്ട്, ഒരു സമൂഹത്തിന്‍റെ കഥ വിളിച്ചോതുന്നവ .. അടുത്ത പോസ്റ്റില്‍ ആവട്ടെ പറയാം. :)
------------------------------------------------------------------------------------------------------------------------------------------------------
പറ്റാവുന്ന രീതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് 'തറവാട്ടുപുളി'  തറവാടുകളില്‍ ഉണ്ടായിരുന്ന ഒരു കറി എന്ന അനുമാനത്തില്‍ എത്തിയത്. വായനകള്‍ക്ക് ശേഷം പലരും ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് ദാരിദ്ര്യമുള്ളിടത്ത് ഉത്ഭവിച്ചതാവാം. അല്ലെങ്കിലും സാമ്പാര്‍ ആരാ കണ്ടുപിടിച്ചത് എന്ന് ചോദിച്ചാല്‍ നമുക്കറിയില്ലല്ലോ. പോസ്റ്റ്‌ തിരുത്തുന്നില്ലെങ്കിലും ആ തറവാട് ബന്ധത്തിന്‍റെ അവകാശവാദം ഞാന്‍ നിരുപാതികം പിന്‍‌വലിക്കുന്നു. വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി. 

മൂന്ന് കച്ചവടക്കാരികള്‍

എറണാകുളത്ത് നിന്ന് പാലക്കാട്‌ പോവാന്‍ ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ ഓടിക്കേറി. അമ്പോ.. അഞ്ചാറുപേര്‍ നിക്കുന്നു. സീറ്റില്ല. ഓടിയതും വിയര്‍ത്തതും മിച്ചം. സീറ്റില്‍ ഇരിക്കുന്നവരെ ഞാന്‍ അസൂയയോടെ നോക്കി. 

ഐവ !  സീറ്റിന്‍റെ അറ്റത്തിരിക്കുന്ന ഒരമ്മച്ചി അല്‍പം മുന്‍പിലേക്ക് നീങ്ങി ഇരുന്നു , പുറകില്‍ അല്‍പം സ്ഥലമുണ്ടാക്കി.

'മോനെ.. ഇവിടെ ഇരുന്നോ.'  പല്ലൊന്നും ഇല്ലാത്ത മോണ കാണിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു. 

ഗവാദ് ഇന്ത ഹറാമി ( അമ്മച്ചി എന്ത് കുലീനയായ സ്ത്രീ !)  ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ട്രെയിന്‍ നീങ്ങിത്തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞതും അമ്മച്ചി സീറ്റില്‍ നിന്ന് എഴുന്നേറ്റു നിന്നു. എല്ലാവരെയും നോക്കി ഒന്നുകൂടെ വെളുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി..

"മക്കളേ.. ഞാന്‍ xxxxxxx , എനിക്ക് മൂന്നു പെണ്മക്കളായിരുന്നു .. ഒന്നാമത്തവള്‍ പോളിയോ ബാധിച്ചു കിടപ്പിലാണ്.. രണ്ടാമത്തവള്‍ക്ക് ബുദ്ധിമാന്ദ്യമാണ് .. ഇളയവളും ഞാനും കൂടി കഷ്ടപ്പെട്ട് നോക്കുന്ന കുടുംബം ഇപ്പോള്‍ പട്ടിണിയിലാണ്....... "

നമ്മളിത് കേള്‍ക്കാത്തതൊന്നുമല്ലല്ലോ... പക്ഷെ പിന്നെയായിരുന്നു ട്വിസ്റ്റ്‌. അവര് ആദ്യം എന്‍റെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.. "മോന് ജീവിതത്തില്‍ നല്ലതൊക്കെ വരട്ടേ . ഇങ്ങനുള്ള കഷ്ടപ്പാടൊന്നും ഉണ്ടാവാതിരിക്കട്ടെ."

പിന്നെ ഇരിക്കുന്ന ഓരോരുത്തരോടും ആവര്‍ത്തിച്ചു. കൂടെ ആളുകളുടെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. ചിലരുടെ മുഖത്തും കവിളിലും സ്നേഹത്തോടെ(?) തലോടി.. കളക്ഷന്‍ നോട്ടുകള്‍ മാത്രം !  നോ ചില്ലറ വാസ് ഇന്‍ സീന്‍.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ :  സ്നേഹം , അനുഗ്രഹം, ദയ  

ഇനി ചുവടെയുള്ള പരസ്യങ്ങള്‍ കണ്ടു നോക്കു .




പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പതിവായി പോകുന്നവര്‍ക്ക് സുപരിചിതയാണ് ഈ താത്ത.. ചിരിച്ച മുഖത്തോടെ , വര്‍ദ്ധിച്ച ഉത്സാഹത്തോടെ സാരിത്തലപ്പു കൊണ്ട് തട്ടമിട്ട് ബസ്സുകളില്‍ ലോട്ടറി വില്‍ക്കാന്‍ കേറുന്ന ഒരു താത്ത. 

"നോക്കിന്‍.. കേരളസര്‍ക്കാരിന്റെ പുതിയ പൗര്‍ണമി ഭാഗ്യക്കുറിയാണ്.. ഒന്നാം സമ്മാനം അറുപതു ലക്ഷാണ്.. നിങ്ങക്കും അടിചൂടാന്നൊന്നും  ഇല്ല. മുപ്പതു രൂപേ ഉള്ളൂ. ..."  

ഇതും നമ്മള്‍ കേള്‍ക്കാത്തതൊന്നും അല്ല. പക്ഷെ അവരിത് പറയുന്നത് വല്ലാത്ത ഉത്സാഹത്തോടെ ചിരിച്ചോണ്ടാണ്. ആരെയും എടുക്കാന്‍ നിര്‍ബന്ധിക്കില്ല. നമ്മള്‍ വേണ്ടാന്ന് പറഞ്ഞാലും അതേ ചിരിയോടെ അവര്‍ പറയും 

"ഇപ്പ എടുത്തില്ലെങ്കിലും സാരല്ല്യാ.. അടുത്തറാശ്യം മറക്കാണ്ട് എടുക്കിന്‍.."  ഒരു നീരസവും ഇല്ലാതെ അടുത്ത ബസ്സിലേക്ക് അവര്‍ ഓടിക്കേറും. നല്ല സെയില്‍ കിട്ടും. അവരുടെ സന്തോഷവും പ്രതീക്ഷയും കാണുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ് .

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : അതുതന്നെ.. സന്തോഷവും പ്രതീക്ഷയും ഉത്സാഹവും.. 

ദാ.. ഈ പരസ്യം കണ്ടു നോക്കു.. 



ഉദുമല്‍പേട്ട് വഴി പഴനിക്കു പോവുമ്പോള്‍ വഴിവക്കില്‍ കാണാം ഈ പെണ്ണുങ്ങളെ.  ഒരു കവറില്‍ മുന്തിരിയോ പേരയ്ക്കയോ നിറച്ചു വരും.
"സാര്‍ .. മൊത്തമാ എടുത്തുക്കൊങ്ക സാര്‍.. ഇറുപത് രൂപാ കൊടുത്താല്‍ പോതും... ഇണ്ണയിലെ വ്യാവാരമെല്ലാം മുടിഞ്ച് പോച്ച്... ഇത് മട്ടും താന്‍ ബാക്കി.. "

ഈ ബാക്കിയുള്ളതും കൂടെ വിറ്റാല്‍ പണി തീര്‍ത്തു വീട്ടില്‍ പോവാം.. അതുകൊണ്ട് എന്തേലും  (ന്നുവച്ചാല്‍ ഇരുപതു രൂപ ഒണ്‍ലി.. ) തന്നാല്‍ മതിയെന്ന്.  ചിലപ്പോള്‍ വല്ല്യ കൂടയില്‍ ബാക്കിയെന്ന മട്ടില്‍ കുറച്ച് വച്ചാവും നമുക്ക് നീട്ടുന്നത്. അളവും തൂക്കവും ഒന്നുമില്ല. മൊത്തമായാണ് തരുന്നത്.. പാവങ്ങള്‍... നമ്മള്‍ വിടുമോ? ലാഭക്കച്ചവടമല്ലേ ഒരു വിലപേശലും നടത്തി അതങ്ങ് വാങ്ങും.. പക്ഷേ ഇവരുടെ അവസാനത്തെ കച്ചവടം അത്ര പെട്ടന്നൊന്നും അവസാനിക്കില്ല. വിറ്റഴിക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : കുറഞ്ഞ വില , കൂടുതല്‍ മൂല്യം, സൗജന്യം ! 

ഇക്കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഉദാഹരിക്കേണ്ടല്ലോ ല്ലേ. നമ്മളെന്നും കാണുന്നതല്ലേ.