Sunday

ഒഴുകുന്ന പുണ്യങ്ങള്‍ - മൂന്നോര്‍മകള്‍

കോളേജ് കഴിഞ്ഞ കാലത്ത് അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു. വീക്കെന്‍നടുകളില്‍ വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച കാലത്തോ റെയില്‍വെ സ്റ്റേഷനിലോ KSRTC ബസ് സ്റ്റാന്റിലോ ചെന്ന് ആദ്യം വരുന്ന ഒരു ദീര്‍ഘദൂര ബസ്സിലോ ട്രെയിനിലോ കേറി അവിടെ ചെന്ന് കാണാനുള്ളതൊക്കെ കണ്ട് തിരിച്ചു വരിക. കൂട്ടുകാരെ ഒക്കെ അറിയിക്കും, ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ കൂടും, ചിലപ്പോള്‍ എട്ടു പത്തുപേര്‍ , പലപ്പോഴും തനിച്ച് . 

അന്ന് എന്‍റെ കൂടെ ഷിയാസ് ആണ് ഉണ്ടായിരുന്നത്. ശനിയാഴ്ച കാലത്തെ പാലക്കാട്  റെയില്‍വെസ്റ്റേഷന്‍ എത്തി. മംഗലാപുരം പാസഞ്ചര്‍ ആണ് അടുത്ത വണ്ടി. എടുത്തു രണ്ടു ടിക്കറ്റ് . ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു കാസര്‍ഗോഡ്‌ ഇറങ്ങാം, ബേക്കല്‍ കോട്ട കാണാം.. പൊടുന്നനെ മനസ്സിലേക്ക് ഓടിവന്നത് മൂകാംബികയാണ്. അമ്മൂമ്മയൊക്കെ പറഞ്ഞുകേട്ട അറിവേ ഉള്ളൂ. സമയക്രമങ്ങള്‍ ഒന്നും അത്ര കൃത്യമായിരുന്നില്ല. അല്ലാ.. അതിനു വല്ല്യ ക്രമം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍പ്പിന്നെ മൂകാംബികയാവട്ടെ.  എങ്ങനെയോ നാട്ടപാതിരയ്ക്ക് കൊല്ലൂര്‍ എത്തി. റൂം എടുത്തു. 

 ഇവിടെയാണ് സൗപര്‍ണിക !  എണ്ണം പറഞ്ഞൊരു പുണ്ണ്യനദി. വല്ലാത്ത ഒരു ആവേശം തോന്നി. ഒരുപാടു പറഞ്ഞും കേട്ടും വായിച്ചിട്ടുള്ള നദി. മൊബൈലില്‍ ഞാന്‍ ആ പാട്ടൊക്കെ വച്ചു. "സൗപര്‍ണികാമൃത വീചികള്‍ പാടും... നിന്‍ സഹസ്രനാമങ്ങള്‍... "  സൗപര്‍ണികയില്‍ മുങ്ങിക്കുളിച്ചു മൂകാബികയെ തൊഴുന്ന സ്വപ്നമൊക്കെ കണ്ടുറങ്ങി. കാലത്തേ എഴുന്നേറ്റു.. രണ്ടു പേരും കൂടെ വഴിയൊക്കെ ചോദിച്ച് നദിയുടെ തീരം ലക്ഷ്യമാക്കി നടന്നു. നല്ല മഴയൊക്കെ പെയ്യുന്ന സമയമാണ്. വല്ലാത്ത ഒഴുക്കായിരിക്കും. തണുപ്പും.. അങ്ങനെ നടന്ന് നടന്ന് നദിക്കരയെത്തി. 

ഞാനൊന്ന് ഞെട്ടിപ്പോയി. ഈറനായി നിക്കുന്ന മലയാളി എന്ന് തോന്നിക്കുന്ന ആളോട് ഞാന്‍ ഒന്ന് ഉറപ്പിക്കാന്‍ വേണ്ടി ചോദിച്ചു... 'ചേട്ടാ.. ഈ സൗപര്‍ണിക ഇതല്ലേ?"   .. അതെ അതെ... 

പുറകില്‍ നിന്ന് ഷിയാസിന്റെ ഒരു ഡയലോഗ്.. "ഇതാണാ സൗപര്‍ണിക.. മ്മടെ തടുക്കശേരിലെ തോടിനു ഇതിലും വലിപ്പണ്ട്.. "

കലങ്ങിയ ചായ പോലുള്ള വെള്ളം ഒരു എട്ടു പത്തു മീറ്റര്‍ വീതിയില്‍ ഒഴുകുന്നു. ഇറങ്ങിയപ്പോള്‍ ഇടുപ്പ് വരെ വെള്ളം. നദി എന്നൊക്കെ പറയുമ്പോള്‍ എന്‍റെ മനസ്സില്‍ വലിയ സങ്കല്പമായിരുന്നു. ഒപ്പം വായിച്ചും പാട്ട്കേട്ടും പ്രതീക്ഷകള്‍ ഇരട്ടിച്ചു. നിരാശയ്ക്ക് വേറെ വല്ലതും വേണോ. 




"അടുത്താഴ്ച ഹരിദ്വാറു പോവുന്നു.. വരുണ്ടോ?"  എന്ന് സുഹൃത്ത്‌ വിഷ്ണു വെറുതെ ചോദിച്ചതാണ്. എന്നാല്‍പ്പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു. അല്ലെങ്കിലും അറിയാവുന്ന ആളുകള്‍ ഇങ്ങനെ വെറുതെ പോരുന്നോ , പോയാലോ എന്നൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി  ചോദിക്കില്ല. ചിലപ്പോള്‍ ഞാന്‍ ചെന്നുകളയും. 

തത്കാലില്‍ ടിക്കറ്റ് ഒന്നും കിട്ടിയില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി ഞങ്ങള്‍ രണ്ടു പേരും കൂടി അഹമ്മദാബാദ് എത്തി. അവിടുന്ന് ഹരിദ്വാര്‍ മെയിലില്‍.  അവിടെ ഞങ്ങളെ കാത്ത് സജിയെട്ടന്‍ ഉണ്ടായിരുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള അയ്യപ്പ ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ ആണ് മുറി. അല്പം റെസ്റ്റ് എടുത്ത് കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. 

ഇവിടെയാണ് ഗംഗ. നകുലേട്ടന്റെ ഗംഗയല്ല, ശരിക്കുമുള്ള ഗംഗ. സൗപര്‍ണിക കാണാന്‍ പോയ സീന്‍ ഓര്‍മ വന്നു.. പിന്നെ ഇന്റര്‍നെറ്റില്‍ ഒക്കെ കണ്ടിട്ടുള്ള ഒഴുകുന്ന ജഡങ്ങളും മലിനമായ ജലവും ഓര്‍മ വന്നു. എന്തെങ്കിലും ആവട്ടെ.. ഗംഗയും കാണാം. ദേശീയ നദി.. ഭാരതീയരുടെ പുണ്യനദി. 

പാലത്തിലേക്ക് കയറി ഒരു പനോരമ വ്യൂവില്‍ നോക്കി. വീണ്ടും വീണ്ടും നോക്കി. വശങ്ങളിലേക്കും താഴേക്കും നോക്കി. ഇളം പച്ച  നിറത്തില്‍ അതി വിസ്തൃതമായി ഒഴുകുന്ന ഒരു സാഗരം പോലെ തോന്നി. പേരിനു ഒരു ഇല പോലും ഇല്ല മാലിന്യമായി. അതി ശക്തമായ ഒഴുക്ക്. എത്ര നോക്കി നിന്നാലും മതിയാവില്ല. ഒരു കൊച്ചു കുഞ്ഞിന്റെ ഉത്സാഹത്തോടെ ഞാന്‍ ഓടിയടുത്തു. കുനിഞ്ഞ് കൈ കൊണ്ട് വെള്ളത്തിലേക്ക്‌ തൊട്ടതും ഷോക്കടിച്ച പോലെ തോന്നി. അത്രയ്ക്ക് തണുപ്പ്.  ഒന്ന് അരയോളം ഇറങ്ങി മൂന്നു തവണ മുങ്ങി നിവരാന്‍ ഏറെ പണിപ്പെട്ടു.

ചിലര്‍ നദിയിലേക്ക് ഇടുന്ന ചില്ലറതുട്ടുകള്‍ എടുക്കാന്‍ എട്ടും പത്തും വയസ്സുള്ള കുട്ടികള്‍ കാന്തം പിടിപ്പിച്ച ഒരു ഒരു ദണ്‌ടുമായി ആഴങ്ങളിലേക്ക് മുങ്ങാന്‍കൂഴി ഇടുന്നു ! സന്ധ്യയായപ്പോള്‍ തിരക്കേറി. ഗംഗാ ആരതിക്കുള്ള സമയം. മതിമറന്നു കണ്ടിരുന്നു പോവും. സാധുസന്യാസിമാര്‍ , ധര്‍മ്മപാഠശാലകള്‍ , വേദമന്ത്രശബ്ദങ്ങള്‍. അങ്ങനെ നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷം. എല്ലാം ഈ നദിയുടെ തീരത്ത്. 

അവിടുന്ന് ഋഷികേശിലേക്ക് .. ഹരിദ്വാറിലേക്കാളും ശുദ്ധമായ വെള്ളം. മഞ്ഞുരുകി ഉണ്ടാവുന്നതല്ലേ. അവിടുന്ന് വീണ്ടും മുകളിലേക്ക്.. ഉത്തരകാശിയിലേക്ക് പോവുമ്പോള്‍ കാണാം ഏറെ കൈവഴികള്‍ ചേര്‍ന്ന് ഗംഗയാവുന്ന കാഴ്ച. ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഹരിദ്വാറിലെത്തിയ ദിവസം. കാലാവസ്ഥയും ഭക്ഷണവും യാത്രയും നന്നേ തളര്‍ത്തിയിരുന്നു. വിണ്ടുകീറിയ ചുണ്ടുകളില്‍ ചോര പൊടിഞ്ഞുകൊണ്ടിരുന്നു. എന്തെല്ലാമോ ഓര്‍ത്ത് മനസ്സ് പ്രക്ഷുബ്ദമായ ആ വൈകുന്നേരം ഞാന്‍ ഒറ്റയ്ക്ക് വീണ്ടും ചെന്ന് ഗംഗാതീരത്തേക്ക്. കുറെ നേരം ഒഴുക്കിലേക്ക്‌ നോക്കി ഇരുന്നു. പിന്നെ ഏറെ നേരം കണ്ണടച്ചിരുന്നു. ഗംഗാ ആരതിയുടെ കൂട്ട മണിമുഴക്കങ്ങളും മന്ത്രശബ്ദങ്ങളും കേട്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പ്രത്യേകിച്ച് ഒരു കാരണവുമുണ്ടയിരുന്നില്ല. എത്ര നേരം കഴിഞ്ഞോ ആവോ.. നെറ്റിയില്‍ ഒരു കുഞ്ഞു സ്പര്‍ശനം.. കണ്ണ് തുറന്നപ്പോള്‍ ആകെ ഇരുട്ടായിരുന്നു. ഒരു താലവും ദീപവും മുന്നില്‍ കണ്ടു.. ഒരു കുഞ്ഞു പെണ്‍കുട്ടി. എന്‍റെ നെറ്റിയില്‍ കുങ്കുമം തൊട്ടു തന്നു. തോന്നലാണോ ഉള്ളതാണോ എന്നറിയാന്‍ സമയമെടുത്തു. കുര്‍ത്തയുടെ പോക്കറ്റിലേക്ക് ഞാന്‍ കയ്യിട്ടു ... കാശൊന്നും എടുത്തിരുന്നില്ല. ഞാന്‍ നിസ്സഹായനായി ദീപത്തിന്റെ പ്രകാശത്തില്‍ കാണുന്ന  അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി. അവളൊന്നും മിണ്ടാതെ നടന്ന് പോയി. 







സുരേഷ്ഗോപിയുടെ 'ടൈം' എന്ന സിനിമ കണ്ടിട്ടില്ലേ?  വൈഗയെ ഓര്‍മയില്ലേ? നായികയുടെ പേര് നദിയുടെ പേരായിരുന്നു. അതില്‍ ഒരു ഡയലോഗ് ഉണ്ട്. "വൈഗ.. അകാലത്തില്‍ മരിച്ചു പോയവള്‍' എന്ന്.... മനുഷ്യന്‍റെ ആര്‍ത്തിയും അഹങ്കാരവും കൊണ്ട് അകലാത്തില്‍ കൊല്ലപ്പെട്ട വൈഗ. 

എനിക്ക് പോകേണ്ടിയിരുന്നത്‌ മധുരയിലെ അല്പം ഉള്ളിലേക്കുള്ള ഒരു ഗ്രാമത്തില്‍ ആയിരുന്നു. പോകുന്ന വഴി തന്നെ ഞാന്‍ വൈഗയെ കണ്ടു. തിരിച്ചു വരുമ്പോള്‍ സ്ഥലം വശമില്ലാത്തത് കൊണ്ട് മധുരൈക്ക് തന്നെ ടിക്കറ്റ് എടുത്ത് പാലം കണ്ടതും അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു നടന്നു. ആ നദിയുടെ കിടപ്പ് കണ്ട് മനുഷ്യന്മാരോട് തന്നെ വെറുപ്പ്‌ തോന്നി. പേരിനു പോലും ഒരു നൂലരുവിയുടെ ഒഴുക്ക് ഇല്ല.   അവിടെ അവിടെ കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന ചെളിവെള്ളം മാത്രം. കിണറു കുത്തി വെള്ളമെടുത്തു അലക്കുകാര്‍ അലക്കുന്നു. വലിയ ക്രിക്കറ്റ് പിച് വെട്ടി കുട്ടികള്‍ കളിക്കുന്നു. കുറെ ആടുമാടുകള്‍ മേയുന്നു. അതാണ്‌ വൈഗയുടെ അവസ്ഥ.