Friday

സാമ്രാജ്യത്വ കുത്തകള്‍ക്കെതിരെ ഉള്ള എന്‍റെ പോരാട്ടം

" 'സോപ്പ്' - നിങ്ങള്‍ക്കറിയുമോ കൂട്ടുകാരെ ഒരു ലക്സ് സോപ്പിന്റെ നിര്‍മാണചിലവ് എത്രയാണെന്ന്?  അസംസ്കൃത രാസവസ്തുക്കളും മൃഗക്കൊഴുപ്പും മണവും ചേര്‍ത്ത് നമുക്ക് പതിനഞ്ച് രൂപയ്ക്ക് തരുന്ന ഈ സോപ്പ് നിര്‍മിയ്ക്കാന്‍ കമ്പനിയ്ക്ക് ആകെ ചെലവ് വെറും രണ്ടു രൂപയില്‍ താഴെ. ഐശ്വര്യാ റായ്ക്ക് കോടികള്‍ കൊടുത്ത് പരസ്യങ്ങള്‍ നിര്‍മിച്ച്  നമ്മളിലേക്കെത്തുന്ന ഈ സോപ്പിനു നമ്മള്‍ കൊടുക്കുന്ന കാശിന്റെ അഞ്ചിലൊന്ന് മൂല്യമോ ഗുണമോ ഇല്ല..."

ശിവദാസേട്ടന്‍ പറഞ്ഞു പറഞ്ഞു കത്തിക്കയറുന്നത് കണ്ടപ്പോള്‍ ലക്സ് കമ്പനിയോട് എന്തോ കുടിപ്പകയുണ്ടെന്നു തോന്നിപ്പോയി.  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പയിന്‍ തകൃതിയായി നടക്കുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. 

ചുരുങ്ങിയ ചിലവില്‍ സോപ്പ് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍ ഒന്നരാടം മാത്രം കാക്കക്കുളി നടത്തുന്ന എനിക്ക് 'ഓ പിന്നെ' എന്നാണ് തോന്നിയത്. (അതെ...പത്താംക്ലാസ്സ് വരെ ഒന്നിടവിട്ട ദിവസങ്ങളിലെ ഞാന്‍ കുളിക്കു. തുടര്‍ച്ചയായി മൂന്നു ദിവസം കുളിച്ച ചരിത്രം ഉണ്ടായിട്ടേ ഇല്ല ! ) . പക്ഷെ എന്നിലെ കച്ചവടക്കാരന്റെ ഉള്ളില്‍ ലഡ്ഡുകള്‍ പൊട്ടി. 

ഒരു സോപ്പ് കിറ്റിനു 45-60 രൂപ വരെ , മണത്തിനു അനുസരിച്ചാണ് വില. ഒന്നേകാല്‍ ലിറ്റര്‍ വെളിച്ചെണ്ണയും കൂട്ടി സോപ്പുണ്ടാക്കിയാല്‍ 20-22 സോപ്പ് വരെ കിട്ടും. ശുദ്ധമായ വെളിച്ചെണ്ണ കൂട്ടിയുണ്ടാക്കുന്ന ഒരു സോപ്പിന് പരമാവധി 7 രൂപ ചിലവാകും. പാക്കിംഗ് ചിലവും കൂട്ടിയാല്‍ 8 രൂപ. 12 രൂപയ്ക്ക് വിറ്റാല്‍ സോപ്പോന്നിനു നാലു രൂപ ലാഭം , കിറ്റ് ഒന്നിന് 80 രൂപ മിനിമം ലാഭം. ടന്‍ട്ടഡാന്‍ ! ശോ.. ആവേശം കൊണ്ട് നിക്കാനും ഇരിക്കാനും വയ്യ. 

പത്തു ദിവസം കൊണ്ട് സംഗതി പഠിച്ചെടുത്തു പണിയാങ്ക്ട് തുടങ്ങി. കച്ചോടോം... ഇങ്ങനെയോക്കെല്ലേ അനുഭവങ്ങള്‍ ഉണ്ടാവുക.

# കാസ്ടിക് സോഡയും വെളിച്ചെണ്ണയും ടാല്‍കം പൌഡറും ഇട്ട് അരമണിക്കൂര്‍ ഇളക്കണം. ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ കയ്യങ്കുട് കഴച്ചു. ഒരു അഞ്ചു മിനിറ്റ് റെസ്റ്റ് ഇരുന്നതാ, ആ സ്റ്റീല്‍ പാത്രത്തിന്റെ വലുപ്പത്തില്‍ ഒരു ആന സോപ്പ് റെഡി !

# "മഞ്ഞളും ചന്ദനവും .. നറുമണമേകും സന്തൂര്‍ .." മനപ്പാടമായ പരസ്യ പാട്ട് !  എന്നാ നിങ്ങള് കേട്ടോ, സോപ്പില്‍ ഒരു തുള്ളി മഞ്ഞള് ചേര്‍ക്കാന്‍ പറ്റില്ല. ആസിഡ് - ആല്‍ക്കലി ന്യൂട്രലൈസേഷന്‍. സോപ്പിന്റെ കൂട്ടില്‍ മഞ്ഞള്‍ അരച്ച് കലക്കി ഇത്തിരി ഒഴിച്ചേ ഉള്ളു. എല്ലാം കൂടെ ചൊവന്നാങ്കിട് പോയി. ദാ കെടക്കുന്നു ഉറുപ്പ്യ നൂറ്റി ഇരുപതു തെങ്ങിന്‍ചോട്ടില്‍. :(  :(

# ആദ്യ സെറ്റ് സോപ്പുണ്ടാക്കി അടുത്ത വീടുകളില്‍ കൊടുത്തു. ഫീട്ബാക് അറിയണം. കുളക്കടവില്‍ നിന്ന് കുളി കഴിഞ്ഞു രാധികചേച്ചി വരുന്ന ഇടവഴിയില്‍ ചാരക്കണ്ണുകളുമായി ഞാന്‍ കാത്തു നിന്ന്. 

"ങ്ങനുണ്ട് ചേച്ച്യേ എന്‍റെ സോപ്പ്??"

വേലക്കാരി ശാലിനിയെ കണ്ട ജയന്തി ടീച്ചറെ പോലെ ഒരു നോട്ടം 

- വെള്ളം നനച്ച് ഞാനൊന്നു പതച്ചൂഡാ... നല്ല അസ്സല് പത, പക്ഷെ ആ പതയെ കണ്ടുള്ളൂ.. പിന്നെ സോപ്പ് കണ്ടില്ല. ങ്ങുഹും .. 

അവരങ്കിടും ഞാനിങ്കിടും നടന്നു. 

# അച്ചില്‍ നിന്ന് അടര്‍ത്തിയെടുത്ത സാന്ടില്‍ സോപ്പ്.. നല്ല ഭംഗിയുണ്ടായിരുന്നു കാണാന്‍. ട്രേയില്‍ ഉണക്കാന്‍ വച്ച് കുറച്ചീസം ആയിക്കാണും. 

വീട്ടില്‍ വല്ലപ്പോഴും വരാറുള്ള ബഷീറിക്ക ഹോട്ടലുമുതലാളിയാണ്. ചായ കൊടുത്ത് വര്‍ത്താനങ്ങള്‍ പുരോഗമിക്കുന്നു. 

"ഇവിടിണ്ടാക്കിയതാ .. എങ്ങനുണ്ട് നോക്കിന്‍ "  സോപ്പിന്റെ ട്രേ എടുത്ത് അമ്മൂമ്മ ഇക്കാക്ക്‌ നേരെ നീട്ടി. 

ആഹാന്നു പറഞ്ഞ് പുള്ളി ഒരെണ്ണം എടുത്ത് മണപ്പിക്കാന്‍ ഉയര്‍ത്തി. ഞങ്ങള്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു വലിയ കഷ്ണം അങ്ങേര്‍ അതില്ന്നു കടിച്ചെടുത്തു !

മൈസൂര്‍പ്പാക്ക് പോലെ എന്തോ ഒരു പലഹാരം ആണെന്ന് വിചാരിച്ചു ത്രേ ...

# ഉണ്ടാക്കിയ സോപ്പുകള്‍ പരീക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഡെയിലി കുളിയ്ക്കാന്‍ തുടങ്ങി. ആ പാതകം ഇന്നും നിര്‍ബാധം തുടരുന്നു. 



പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി നല്ലൊരു സോപ്പ് നിര്‍മാതാവായി അത്യാവശ്യം പോകറ്റ് മണി ഉണ്ടാക്കി തുടങ്ങി. സോപ്പ് വില്‍പ്പന കുറഞ്ഞ കടക്കാരന്‍ ആപ് ചതിച്ച കോണ്ഗ്രസ്സിന്റെ അവസ്ഥയില്‍ ആയി. 

ആ ബാലസംരംഭകന്റെ (അങ്ങനൊരു പ്രയോഗം ഉണ്ടോ ആവൊ ? ) സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നു. കച്ചവടം നിന്നെങ്കിലും വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉള്ള സോപ്പ് പിന്നെയും ഏറെക്കാലം ഉണ്ടാക്കി ഉപയോഗിച്ചു .

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അടുത്ത യൂനിറ്റ് വാര്‍ഷികത്തില്‍ ശിവദാസേട്ടന്‍ ഇങ്ങനെ പറഞ്ഞു  "ഏറെക്കാലങ്ങളായി വന്‍കിട സാമ്രാജ്യത്വ കുത്തക മുതലാളിമാര്‍ക്കെതിരെ സോപ്പ് നിര്‍മ്മാണത്തിലൂടെ ഒരു ചെറിയ വിപ്ലവം തന്നെ നയിച്ച ശ്രീ. രഞ്ജിത്ത് കുമാറിനെ യൂണിറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യുന്നു."  ചുറ്റും കയ്യടികള്‍ ! 

Monday

-------- മൂന്ന് മരണങ്ങൾ ---------



ചില ഉച്ചമയക്കത്തിന്റെ സമയങ്ങളിൽ അലറിക്കരഞ്ഞ് നിലവിളിച്ചുകൊണ്ട് വീട്ടിലേക്കു ഓടിവന്നു കയറുന്ന ജാനുവമ്മ എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഇന്നും മായാതെ നിൽക്കുന്നു, അതുകൊണ്ട് തന്നെ വാസുനായരും. എഴുപതിനോട് അടുത്ത് പ്രായം ഉണ്ട് വാസുനായർക്ക്‌, അറുപതു കഴിഞ്ഞ് ജാനുവമ്മയും. മക്കളില്ല. നായര് പട്ടാളത്തിൽ നിന്ന് വിരമിച്ചതാണ്.  നല്ലോണം കുടിക്കും എന്നതൊഴിച്ചാൽ പരമയോഗ്യൻ ആണീ വാസുനായര്. മാസാമാസം പെൻഷൻ വാങ്ങാൻ പോവുമ്പോ മിലിട്ടറി കാന്റീനിൽന്നു കിട്ടുന്ന ക്വാട്ടയൊക്കെ ദാ ന്നു പറയുമ്പോഴേക്കും തീര്ക്കും. വീട്ടില് ചോറും കൂട്ടാനും വെക്കാനുള്ളതൊഴിച് ബാക്കി സകല കാശിനും കുടിച്ചു തീർക്കും. അങ്ങനെ ചില ദിവസങ്ങളിൽ കുടി കഴിഞ്ഞാൽ ജാനുവമ്മയ്ക്കിട്ടു പൊതിരെ തല്ലും. ആ ദിവസങ്ങളിലാണ് അവർ കരഞ്ഞുകൊണ്ട് ഞങ്ങടെ വീട്ടിലേക്കു കയറി വരിക. എന്നാലോ അടുത്ത ഊണിനോ ചായക്കോ നേരായാൽ വന്നതിനേക്കാൾ വേഗത്തിൽ ഇയമ്മ തിരിച്ചോടും, നായർക്ക്‌ വെച്ചുണ്ടാക്കി കൊടുക്കാൻ. അങ്ങനൊരു സെറ്റ് അപ്പ്‌ ആണ് ഇവർ തമ്മിൽ . 

പൊതുവെ ഈ വാസുനായരെ എനിക്കും ചേച്ചിക്കും ഒക്കെ പേടിയായിരുന്നു. ആ മനുഷ്യൻ ഒന്ന് പുഞ്ചിരിച്ച് ഞങ്ങളന്നുവരെ കണ്ടിട്ടില്ല. കുഴിയിലേക്ക് വീണ വലിയ കണ്ണുകൾ  , നീണ്ടു നരച്ച താടി. കഷണ്ടി തല. എഴുപതിലും ഉറച്ച ശരീരം. ഗുഹയ്ക്കുള്ളിൽ നിന്ന് വരുന്ന പോലെ മുഴങ്ങുന്ന ശബ്ദം. ആള് ജീനിയസ് ആണ് . മുപ്പട്ട് വെള്ളിയാഴ്ച ( മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച) ചാത്തൻ സേവയ്ക്ക് പൂജ കഴിയ്ക്കാൻ തുളസി പറിയ്ക്കാൻ മാത്രമേ ഞങ്ങൾടെ വീട്ടിലേക്കു വരൂ. വീട്ടിൽ അമ്മൂമ്മയടക്കം എല്ലാർക്കും മൂപ്പരോട് വലിയ ബഹുമാനം ആണ്. എന്തിനും ഏതിനും വാസുനായരോട് അഭിപ്രായം ചോദിയ്ക്കാൻ വല്ല്യ ഉത്സാഹവും.  ഇത്തിരി വിവരം ഉണ്ടെന്നു വച്ച് കള്ളുകുടിയനെ ബഹുമാനിക്കാൻ ആ അഞ്ചാംക്ലാസ്സുകാരന് തോന്നിയില്ല. 

ചോര ശർദ്ധിച്ച് വയ്യാതെ കിടക്കാന്നു കേട്ടപ്പോ അമ്മൂമ്മയുടെ കൈയിൽ തൂങ്ങി ഞാനും കാണാൻ പോയി വാസുനായരേ. നിലത്തു വിരിച്ച കോസറിയിൽ കിടക്കുകയായിരുന്നു. ജാനുവമ്മ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. ശബ്ദം കേട്ടപ്പോൾ അയാൾ എഴുന്നേറ്റ് ചമ്മണം പടിഞ്ഞിരുന്നു. പതിവിൽന്നു വിപരീതമായി ശാന്തമായിരുന്നു ആ മുഖം. എന്നെ നോക്കി ഒന്ന് ചിരിച്ചതാണ്  ഏറെ അത്ഭുതപ്പെടുത്തിയത്. അമ്മൂമ്മ എന്തൊക്കെയോ ചോദിച്ചെങ്കിലും ഒരു മറുപടിയും നൽകാതെ പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു അയാൾ. കാഴ്ച്ചയിൽ വേറെ ക്ഷീണം ഒന്നും കണ്ടില്ല . ജാനുവമ്മയോടു യാത്ര പറഞ്ഞ് അമ്മൂമ്മ എഴുന്നേറ്റു, കൂടെ ഞാനും. 

അത്രനേരം മിണ്ടാതിരുന്ന വാസുനായര് എന്നെ നോക്കി കൈപ്പത്തി ഒന്ന് മുകളിലേക്കുയർത്തി . ഒന്നും മനസ്സിലാകാതെ അന്ധാളിച്ച് നിന്ന എന്നെ പിന്നിൽ നിന്ന് അമ്മൂമ്മ ഉന്തി വിട്ടു.. "അടുത്തേക്ക് പോ കുട്ടി.."

മടിച്ചു മടിച്ചു അടുത്തേക്ക് പോയ എന്റെ തലയിലേക്ക് ആ കൈപ്പത്തി അമർന്നു. ഏതോ ഒരു ഉൾപ്രേരണയാൽ ഞാൻ അയാളുടെ കാലു തൊട്ടു തൊഴുതു. കൈകൾ എടുക്കാതെ തന്നെ അയാൾ അമ്മൂമ്മയെ നോക്കി പറഞ്ഞു .. "ചെക്കൻ മിടുക്കനാ.... ഹഹഹ... "  ശേഷം എന്റെ മുഖത്ത് നോക്കി ഒന്നുകൂടെ പുഞ്ചിരിച്ചു... "നന്നായി വരും ട്ടോ... "

ഒന്ന് ചിരിക്കുക മാത്രം ചെയ്ത് ഞാൻ അമ്മൂമ്മയുടെ അടുത്തേക്ക് ചെന്ന്. ജാനുവമ്മ വല്ലാത്ത ഒരു അത്ഭുതത്തോടെ അമ്മൂമ്മയെ നോക്കി. പടിക്കെട്ടുകൾ ഇറങ്ങി ഒരൽപം ദൂരമേ ആയുള്ളൂ. ജാനുവമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. അകത്തേക്ക് ഓടിചെന്ന് നോക്കുമ്പോൾ ഇരുന്ന ഇരുപ്പിൽ നിന്ന് പുറകിലേക്ക് മറിഞ്ഞു വീണു കിടക്കുന്നു ആ വയോധികൻ. ആദ്യമായും അവസാനമായും കണ്ട ആ പുഞ്ചിരിയും തലയിലമർത്തി പിടിച്ച കൈകളുടെ ഭാരവും പിന്നെയും എത്രയോ ദിവസം എന്നെ ചുറ്റി നിന്നു. . 

----------------------------------

എഴാം ക്ലാസ്സിലെ വെക്കേഷൻ ആണ്. ഇപ്പോഴുള്ള വീട് മാറണം. വാടകവീട് അന്വേഷിച്ചാണ് ഞാനും അമ്മയും അവിടെ ചെന്നത്. സ്ഥലമന്വേഷിച്ചപ്പോൾ പറഞ്ഞു "നിങ്ങൾ പറഞ്ഞ തങ്കമ്മേടെ വീട് ദാ അപ്പ്രത്ത് കാണണതാണ് പക്ഷെ തങ്കയമ്മെ കാണാനെങ്കില് ആ പൈപ്പിൻചോട്ടിൽ പോണം."

ഞങ്ങളങ്ങോട്ടു നടന്നടുക്കുമ്പോൾ നല്ല കൂട്ടതല്ലിന്റെ ബഹളം. അടുത്തെത്തിയപ്പോൾ മനസ്സിലായി ഒരു പ്രായമായ സ്ത്രീയും ചെറുപ്പക്കാരിയും തമ്മിലാണ് വഴക്ക്. ഞാനന്ന് വരെ കേക്കാത്ത തെറികൾ അവിടെ അലയടിച്ചു നിക്കുന്നു. 
"ഡാ രാജു... തിരിച്ചു പോവാടാ.. ആകെ കച്ചറ എരിയയാണ്‌. ." അമ്മ പറഞ്ഞു 

അല്ലമ്മെ... ഇത്ര ദൂരം വന്നില്ലേ.. ഏതായാലും വീടൊന്നു കണ്ടിട്ട് പോവാം. 

അതേയ്... ഈ തങ്കയമ്മ ആരാ?  ഒക്കത്ത് കുടം വച്ച് വരുന്ന ഒരു പെണ്ണിനോട് അമ്മ ചോദിച്ചു. അവളൊന്നു ഊറി ചിരിച്ചു.. എന്നിട്ട് തിരിഞ്ഞു നിന്ന് നീട്ടി വിളിച്ചു  "തങ്കയമ്മെ ...ദാ.. നിങ്ങളെ തെരഞ്ഞ് ആള് വന്നിരിക്കിണൂ.."

ഒരു കാലിക്കുടം പൊക്കിയെടുത്തു മറ്റേ സ്ത്രീയെ തല്ലാൻ ഓങ്ങി നിന്ന ആ പ്രായം കൂടിയ സ്ത്രീ  നിന്ന നിൽപ്പിൽ തന്നെ ചോദിച്ചു "ആരാണ്ടിയത്.... ?"

പ്ലിംഗ്.... ഈ കച്ചറ ഏരിയയിലെ കൂതറ തള്ളേടെ വീടാണോ നമ്മൾ അന്വേഷിച്ചു വന്നേ.. ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. ഞങ്ങളെ കണ്ടതും അയമ്മടെ മുഖം ചമ്മി ചളുങ്ങി. കയ്യിലെ കുടം താഴെ വച്ച് അടുത്തേക്ക് വന്നു. 

ആരാ? എന്താ?  ... വീടന്വേഷിച്ച്‌ വന്നതാന്നു പറഞ്ഞപ്പോൾ ആ മുഖത്ത് ഒരു നൂറു വാട്ടിന്റെ ബൽബിട്ട  പോലെ.... 

അവരുടെ പുറകെ വീട്ടിലേക്കു ഞങ്ങൾ നടന്നു.  " ആ പെണ്ണ് എന്റെ മൂത്ത മരുമോളാന്നും ... എനിക്ക് പറ്റിയ ഒരു തെറ്റ്.. എന്നെ അതിനു കണ്ണെടുത്താ കണ്ടൂടാ... ശണ്ട കൂടാൻ വന്നാൽ അരയ്ക്കു കീപ്പട്ടെ പറയൂ.. എന്റെ വീട്ടിന്നു പുറത്താക്കി ഞാൻ ഒക്കെത്തിനേം .. കൊറേ അപ്പ്രതാണ് താമസം. ."

ഞങ്ങൾ ഒന്നും മിണ്ടാതെ നടന്നു. ഒട്ടും ആഗ്രഹിച്ചതല്ലെങ്കിലും ആ വീടിലേക്ക്‌ താമസം മാറേണ്ടിയും വന്നു.  നാലഞ്ച് മുറികൾ ഉള്ള വീട്ടിൽ അവർ ഒരു മുറിയും, മരുമകൾ മുൻപുണ്ടാക്കിയ രണ്ടാമത്തെ അടുക്കളയും എടുത്തു ബാക്കി ഞങ്ങൾക്ക്  തന്നു. ആദ്യത്തെ മൂന്നാല് ദിവസം കൊണ്ട് തന്നെ തങ്കയമ്മയെ പറ്റി ആദ്യം കിട്ടിയ സകല ധാരണയും മാറി. സ്വന്തം പേരമക്കളെ പോലെ എന്നേം ചേച്ചിയെയും അവർ നോക്കി. ദിവസവും പലതരം പലഹാരങ്ങൾ ഉണ്ടാക്കി തന്നു. രാത്രി കരണ്ട് പോകുന്ന നേരത്ത് മടിയിൽ കിടത്തി കഥകൾ പറഞ്ഞു തന്നു. വെക്കേഷൻ രണ്ടു മാസം ആഘോഷമായി കടന്നു പോയി. ഞാനും ചേച്ചിയും അമ്മൂമ്മയ്ക്ക് കൊടുക്കുന്ന അതേ സ്നേഹവും പരിഗണനയും  തങ്കമുത്തിയ്ക്കും കൊടുത്തു. 

സ്കൂള് തുറക്കാൻ ഇനി മൂന്നാല് ദിവസം കൂടി. എന്ത് കാരണം കൊണ്ടാണെന്ന് ഓർമയില്ല ... ഞാനാ ദിവസം വഴക്കാളിയായിരുന്നു. അമ്മയോടും അമ്മൂമ്മയോടും വഴക്കടിച്ച് കരച്ചിലും ചീത്തവിളിയും കൊണ്ട് വീട് പൂരപ്പറമ്പാക്കി. ഉച്ചയ്ക്ക് എല്ലാരും ഊണ്കഴിച്ചിട്ടും  ഞാൻ കഴിക്കാൻ പോയില്ല. ഒടുവിൽ തങ്കയമ്മ അടുത്തേക്ക് വന്നു. കയ്യിൽ കിട്ടിയതൊക്കെ ഞാൻ അവരുടെ നേർക്കെറിഞ്ഞു . 

"ആ ചെക്കനു ഇന്ന് വാവാ തങ്കെമെ... അതിന്റെ അടുത്തേക്ക് പോകാൻ നിക്കണ്ട.. വെശന്ന് വയറു ചുക്കുമ്പോ തന്നെ മാറും "  അമ്മ വിളിച്ചു പറഞ്ഞു. അതൊന്നും വകവെയ്ക്കാതെ അവർ എന്റടുത്തു വന്നു ചേർത്ത് പിടിച്ചു. ഞാൻ വിങ്ങി വിങ്ങി കരഞ്ഞു. 

"അയ്യേ.. എന്റെ കുട്ടൻ ഇത്രേള്ളൂ ... ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കരയാൻ നിന്നാലോ.. ചെക്കൻകുട്ടികൾ ഇങ്ങനയാ ? എന്തൊക്കെയോ പറഞ്ഞ് ഒരുപാടു ആശ്വസിപ്പിച്ചു . അവരുണ്ടാക്കിയ ചോറും കറിയും എടുത്തു വരി തന്നു. അപ്പോഴേക്കും ഉച്ച മയങ്ങിയിരുന്നു. മുഖം കഴുകി പുറത്തു പോയി കളിയ്ക്കാൻ പറഞ്ഞു. വീടിനു കുറച്ചു ദൂരെ കുട്ടിയും പുള്ളും  കളിക്ക്യായിരുന്നു ഞാൻ. അടുത്ത വീട്ടിലെ അശ്വതിയാണ് ഓടി വന്നത് പറഞ്ഞത്. തങ്കമുത്തി വീണു. 

ഞാൻ വീട്ടിലേക്കു ഓടിചെല്ലുമ്പോൾ അമ്മയും ചേച്ചിയും ചേർന്ന് അവരെ താങ്ങിയെടുത്ത് കോലായിൽ  കിടത്തുകയായിരുന്നു. വല്ലാത്ത ഒരു മുരൾച്ചയോടെ ശ്വാസം കിട്ടാതെ അവർ വലിച്ചു കൊണ്ടിരുന്നു. ഞാൻ നെഞ്ചു തടവിക്കൊടുത്തു. 

"കുട്ടാ... കുട്ടാ... ഇത്തിരി വെള്ളം തായോ... അയ്യോ.. " എന്റെ കയ്യും കാലും ഒക്കെ വിറച്ചു. അമ്മൂമ്മ എടുത്ത്  തന്ന ഇളം ചൂട് വെള്ളം    ഞാൻ അവരുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. രണ്ടു കവിൾ ഇറക്കി. ശബ്ദവും അനക്കവും നിലച്ചു. തുറന്നു പിടിച്ച വായിൽ ഞാൻ അൽപം കൂടി വെള്ളം ഒഴിച്ചു. അത് ഇറങ്ങിയില്ല. തൊണ്ടയിൽ നിന്ന് രണ്ടു മൂന്നു ചെറിയ വായു കുമിളകൾ പൊന്തി വന്നു. കാൽ വെള്ളയും കൈകളും തിരുമ്മി കൊടുത്തു കൊണ്ടിരുന്ന അമ്മയും ചേച്ചിയും .. എല്ലാവരും നിശബ്ദരായി. അയൽവക്കത്ത്‌ നിന്നും എല്ലാവരും ഓടിക്കൂടിയിരുന്നു. അതിലൊരു ഉമ്മ വിതുമ്പി കൊണ്ട് പറഞ്ഞു....
 "അങ്ങനെ തങ്കമ്മേടെ കാര്യം കഴിഞ്ഞു...."   ഉൾക്കൊള്ളാനാവാതെ ഏറെ നേരം ഞാനിരുന്നു. മരണദിവസം മുഴുവൻ കരയാൻ മടിച്ചിരുന്ന അവരുടെ മരുമോൾക്കും പേരക്കുട്ടികൾക്കും എന്റെ ഉച്ചത്തിലുള്ള കരച്ചിൽ വലിയ ബാധ്യതയായി.

-------------------------------------

ടെസ്റ്റ്‌ രിസൽട്ടുകളും , ട്രീറ്റ്മെന്റ് ഷീറ്റുകളും കൊണ്ട് വൈദ്യമഠം നമ്പൂതിരിയെ കാണാൻ ചെന്ന് അമ്മ മടങ്ങിയെത്തുമ്പോൾ സന്ധ്യയായി. എന്റെ ചങ്കിടിപ്പ് കൂടി വന്നു. അമ്മയുടെ മുഖം ശാന്തമാണ്‌. കയറിയപാടെ എന്നോട് ചോദിച്ചു,

 "കുടിയ്ക്കാൻ വല്ലതും ഉണ്ടോ കുട്ടി?"

നാലുമണിയ്ക്കുണ്ടാക്കിയ ചായ ഒന്ന് ചൂടാക്കി തിടുക്കത്തിൽ അമ്മയ്ക്ക് കൊടുക്കുമ്പോഴും വേറെ ഒന്നും പറയുന്നില്ല ,. ചായ കുടിച്ചു തീരുന്നത് വരെ ഞാനും ഒന്നും മിണ്ടിയില്ല. അക്ഷമനായി ഞാനാ മുഖത്തേയ്ക്കു തുറിച്ചു നോക്കുന്നത് കൊണ്ടാവണം ചായഗ്ലാസ് നിലത്തു വച്ച് എന്നെ നോക്കി ഒന്ന് ചിരിച്ചു അമ്മ. അതൊരു പോസിറ്റിവ് സിംബൽ ആണ്. എന്നുവച്ചാൽ മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയുന്ന പ്രശ്നം മാത്രമാവണം അമ്മൂമ്മയ്ക്ക്. ആ മാത്രയിൽ എന്റെ മനസ്സ് വല്ലാതൊന്നു ആശ്വസിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ചിരിക്കുന്ന ചുണ്ടുകൾ ഒന്ന് കോടി, പതിയെ ആ ചിരി മാഞ്ഞു , ഒരു വിറയലായി മാറി ... എൻറെ കൈകൾ മുറുകെ പിടിച്ചു തല താഴ്ത്തി. ജീവിതം മുഴുവൻ ഈ ഏകമകൾക്കും ഞങ്ങൾ പേരമക്കൾക്കും വേണ്ടി ജീവിച്ചു തീർത്തവരാണ്. അവരില്ലാത്ത വീട് സങ്കൽപ്പിക്കാൻ പോലും വയ്യ.

അച്ഛനേക്കാളും അമ്മയേക്കാളും ഏറെ എന്നെ ഞാനാക്കിയത് അമ്മൂമ്മയാണ്. സംയമനത്തിന്റെയും ആത്മധൈര്യത്തിന്റെയും കർമ്മനിരതയുടെയും പ്രതിരൂപം. അത്രയൊക്കെ അറിഞ്ഞും ശ്രദ്ധിച്ചും പഠിച്ചും ജീവിച്ചിട്ടും ഞങ്ങൾ നാലു പേരും ഈ കുടുംബവും അല്ലാതെ വേറൊന്നും ജീവിതത്തിൽ നേടാൻ സാധിക്കാതെ പോയവർ. ജീവിതസായാഹ്നത്തിലെങ്കിലും അവർക്ക് ഒരുപാടു നല്ല അനുഭവങ്ങൾ നൽകണമെന്നായിരുന്നു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകണം, ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കണം, ഞാനും ചേച്ചിയും ജീവിതത്തിൽ ഉയരങ്ങൾ കൈവരിക്കുന്നതിന് അവർ സാക്ഷിയാവണം...

ചെറിയ ശ്വാസം മുട്ടൽ വലിയ കാൻസറിന്റെ ലക്ഷണമയിരുന്നുവെന്നു അറിയാൻ ഏറെ വൈകി. ജീവിതത്തിലെ ഒട്ടനവധി പ്രശ്നങ്ങളും വെല്ലുവിളികളും ദുരന്തങ്ങളും സധൈര്യം അതിജീവിച്ച അവർ പക്ഷെ ഇവിടെ വല്ലാതെ ദുർബലയായി കാണപ്പെട്ടു. എന്നെ ഏറെ ദുഖിപ്പിച്ചതും ഈ നിസ്സഹായത തന്നെ. പ്രതീക്ഷകൾ നഷ്ടപ്പെട്ട, ഭയം തീണ്ടിയ കണ്ണുകൾ ഓരോ തവണ കാണുമ്പോഴും ഞാൻ ഉള്ളിൽ നീറിക്കരഞ്ഞു. ഡിഗ്രീ ഫൈനൽ ഇയറിന്റെ പരീക്ഷാസമയം ആയിരുന്നിട്ടും  ആവുന്ന ദിവസങ്ങളിൽ ഒക്കെ ഞാൻ ലീവെടുത്ത് കൂട്ടിരുന്നു. 

പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ അമ്മൂമ്മയ്ക്ക് എന്നോട് പലതും ഓർമപ്പെടുത്താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്ര കാലം പകർന്നു തന്ന അറിവുകളും മൂല്യങ്ങളും ഒക്കെ. ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോഴും ഞാൻ പറയും ..

"ഇതൊക്കെ പറയണത് എന്തിനാ സരസമ്മെ.. ഇനിയുമെത്ര കൊല്ലം കെടക്കുന്നു വിശദമായി പറയാൻ.. ങ്ഹെ?"

നാൾക്കുനാൾ ആ ശരീരം ശോഷിച്ചു വന്നു. അടുത്ത് ചെല്ലുമ്പോൾ ഒക്കെ എന്റെ കയ്യിലും ദേഹത്തും ഉമ്മവച്ചു. തിരിച്ചും. ഒന്നിടവിട്ട ദിവസങ്ങളിൽ ഇൻജക്ഷൻ വേണ്ടി വന്നു. പിറ്റേന്ന് പ്രാക്റ്റികൽ എക്സാം ആയിരുന്നെങ്കിലും ഒന്നും പഠിക്കാൻ തോന്നിയില്ല. കാലത്തും ഉച്ചയ്ക്കും ഞാൻ തന്നെ ഭക്ഷണം കൊടുത്തു. വളരെ കുറച്ചേ കഴിച്ചുള്ളൂ. വൈകീട്ട് ശ്വാസം മുട്ടൽ ഒന്ന് കൂടി . ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തയ്യാറെടുപ്പിക്കുമ്പോൾ ..
"എന്നെ എങ്ങട്ടും കൊണ്ട് പോണ്ടാ കുട്ടീ.... നിങ്ങൾ എന്റെ കൂടെ ഇരിക്ക്" എന്ന് ശഠിച്ചു. 

പുറത്തു  തലോടിക്കൊടുത്തപ്പോൾ ദേഹത്തേക്ക് ചാഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. നിമിഷങ്ങൾ  ഏറെക്കഴിഞ്ഞു ആ ശ്വാസം നിലച്ചത് ഞാൻ അറിയാൻ. 

ചിതയ്ക്ക് ഞാൻ തീ കൊടുക്കുമ്പോഴും കരച്ചിൽ ഉള്ളിൽ നിന്നും വന്നില്ല, കാരണം ഞാനാ മരണം ഉൾക്കൊണ്ടിരുന്നില്ല. ഞാനൊരു നല്ല നിലയിൽ എത്തുന്നത്‌ കാണാതെ, അവരുടെ ചെറിയ പല ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കാതെ വിട്ടുപോവുമെന്നു  അറിഞ്ഞില്ല. ശേഷം എത്രയോ നാളുകൾ ഞാനവരെ വീട്ടിൽ കണ്ടു, തൊട്ടടുത്ത്‌ ചിരിച്ചു കൊണ്ട് നിൽക്കുന്നു , പത്രം വായിക്കുന്നു, അടുക്കളയിൽ നിന്ന് ചോറ് നിറച്ച പാത്രം മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു എന്റെ നേരെ നീട്ടുന്നു... അങ്ങനെ അങ്ങനെ..  വർഷം നാല് കഴിഞ്ഞിട്ടും അവരോടു കാലം ഒട്ടും നീതി കാണിച്ചില്ലല്ലോ എന്ന പരാതി ആരോട് പറയും എന്നറിയാതെ ഞാൻ... എത്ര യുക്തിചിന്തകൾ ഉള്ളിൽ നിറച്ചാലും സ്വർഗത്തിലിരുന്നു അവർ ചിരിക്കുന്നു, സന്തോഷിക്കുന്നു.. ആ അനുഗ്രഹങ്ങൾ എന്റെ കൂടെ നിൽക്കുന്നു എന്നൊക്കെ അന്ധമായി വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. എന്നും..


ഒരു നാറിയ പ്രതികാരത്തിന്റെ കഥ

അച്ഛന്റെ അമ്മയെ ഞങ്ങള്‍ മുത്തി എന്നാണ് വിളിച്ചിരുന്നത്‌...,.. വയസ്സ് അറുപത്തഞ്ചു കഴിഞ്ഞെങ്കിലും തലയില്‍ ഒരിഴപോലും നരയ്ക്കാത്തത് കൊണ്ട് സമപ്രായക്കാരായ തറവാടിതള്ളമാര്‍ അവരെ രഹസ്യമായും പരസ്യമായും ‘കാക്ക’യെന്നു വിളിച്ചിരുന്നു. തറവാട്ടിലും നാട്ടിലും കിരീടം വക്കാത്ത റാണിയെ പോലെ, ആരെയും കൂസാതെ അവര്‍ ജീവിച്ചു.  ‘ഒഴിമുറി’യിലെ കാളിപിള്ളയുടെ വയസ്സുകാലം ഓര്‍മിപ്പിച്ചു  കറുത്ത ഫ്രെയിമിട്ട കണ്ണടയും വെള്ളമുണ്ടും , സ്വര്‍ണ്ണപ്പാശി ചങ്ങലയും ഒക്കെ അവരുടെ ജംഗമംഗളായി ഓര്‍മയില്‍ ഉണ്ടെങ്കിലും അതിനെക്കാളും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ആ ദേഹത്ത് നിന്നു വരുന്ന ചന്ദ്രിക സോപ്പിന്റെ നറുമണമാണ്.

കാലത്തോരേഴുമണിയാവുമ്പോള്‍ അടുപ്പില്‍ക്കൂട്ടിയ വട്ടചെമ്പില്‍ വെള്ളം ചൂടാക്കി , കുളിമുറിയില്‍ മുക്കാലിയിട്ടിരുന്ന്‍, ചന്ദ്രികസോപ്പും തേച്ച് മണിക്കൂറൊന്ന് നീളുന്ന വിസ്തരിച്ചുള്ള കുളി. അതുകഴിഞ്ഞ് നല്ലവെള്ളത്തില്‍ അല്പം പാലൊഴിച്ച് അതും കൊണ്ട് ഈറനോടെ പൂജാമുറിയില്‍ കേറി , കൈക്കുമ്പിള്‍ വലിപ്പമുള്ള ആ ശിവലിംഗം കഴുകി വൃത്തിയാക്കി പൂജ കഴിക്കും. അത് അവരുടെ നായര് പണ്ട് കാശിക്കു പോയപ്പോള്‍ കൊണ്ട് വന്നതാണ്‌ പോലും. വീട്ടിലാദ്യമായി വരുന്ന സകലരോടും ഈ ശിവലിംഗത്തിന്റെ കഥയവര്‍ പറയും, ഞങ്ങള്‍ ഒരു നൂറു ആവൃത്തി അത് കേട്ടുകാണും.

ഒരീസം ഇളയ മരുമകള്‍ അടുക്കള വര്‍ത്തമാനത്തിനിടയ്ക്ക് മൂത്ത മരുമകളോട് (എന്റെ അമ്മ) ഇങ്ങനെ പറഞ്ഞു പോലും

“എന്റെ ഏടത്യമ്മേ , അത് വല്ല തേര്പ്പറമ്പുന്നും വാങ്ങ്യതാവും. അല്ലാണ്ട്, ഇയമ്മടെ നായര് ഒരിക്ക കാശിക്ക് പോയാ പിന്നെ ബോധണ്ടേല്‍ തിരിച്ചു വീട്ടിലേക്കു വര്വോ?”

എങ്ങനെയാണെന്നറിയില്ല അത് മുത്തിയുടെ ചെവിയില്‍ താമസിയാതെ എത്തി. അടുത്ത ഓണം ഉണ്ണാന്‍ പിന്നെ ഇളയമ്മയും ഇളയച്ചനും തറവാട്ടിലിണ്ടായില്ല. അതാണ് മുത്തി. തന്റെ അധികാരമോ വ്യക്തിത്വമോ ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല. ഉള്ളില്‍ സ്നേഹവും വാത്സല്യവും ഒക്കെ ഉണ്ടെങ്കിലും പുറത്ത് അതിന്റെ പത്തിരട്ടി വാശിയും ദേഷ്യവും ഗര്‍വ്വും കാണിക്കുമവര്‍. ചുരുക്കം ചില സാഹചര്യങ്ങളില്‍ ഒഴിച്ചാല്‍ അവരുടെ സാന്നിധ്യം ഞങ്ങള്‍ കുട്ടികളില്‍ കൂടുതലും ഭയമാണ് ജനിപ്പിച്ചത്.

നറുക്ക് പിരിവും , ജൗളിക്കച്ചവടവും വീട്ടില്‍ തന്നെ നടത്തി ആ പ്രായത്തിലും അവര്‍ സാമ്പത്തികമായി സ്വയം പര്യപ്തയായിരുന്നു. സ്വന്തം മകളോടും ഇളയമരുമകളോടും ഇല്ലാത്ത പ്രിയം മൂത്ത മരുമകളായ എന്റെ അമ്മയോട് ഉണ്ടായിരുന്നെങ്കിലും മിക്കപ്പോഴും അവരുടെ ദേഷ്യവും വാശിയും തീര്‍ക്കാന്‍ നിന്നുകൊടുക്കേണ്ടി വരുന്നതും ഈ പാവമായിരുന്നു. കാലത്ത് കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കേണ്ടത് മുതല്‍ രാത്രിയിലെ ഉപ്പിട്ട ഗോതമ്പ് കഞ്ഞി വരെ അവര്‍ക്ക് വേണ്ടി തയ്യാറാക്കുന്നത് അമ്മയാണ്.

വലിയ ശബ്ദകോലാഹലങ്ങളില്ലാതെ കടന്നുപോയ ഒരു ദിവസമായിരുന്നു അത്. അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിയും ഞാനും അടുക്കളയ്ക്കിപ്പുറത്തെ ഇടനാഴിയില്‍ ചമ്മണം പടിഞ്ഞിരുന്നു ഊണുകഴിക്കുന്നു. ചീവീട് കരയുന്ന ഒച്ചയല്ലാതെ, മോരൊഴിച് കുഞ്ഞ് കൈകള്‍ കൊണ്ട് ചോരിത്തിരി ആഞ്ഞു കുഴയ്ക്കുമ്പോള്‍ നിലത്തുരയുന്ന സ്റ്റീല്‍ കിണ്ണത്തിന്റെ ശബ്ദം മാത്രം കേള്‍ക്കാം. പുറത്തെന്തൊക്കെയോ പണികള്‍ തീര്‍ത്തു അടുക്കളയില്‍ കേറിയ അമ്മ കോലയില്‍ ഇരിക്കുന്ന മുത്തിയെ കഴിക്കാന്‍ വിളിച്ചു.

“അമ്മേ, ഗോതമ്പ്കഞ്ഞി ചൂടാറുംട്ടോളൂ...”

കോലയില്‍ നിന്നു എഴുന്നേറ്റ് ഇടനാഴിയിലൂടെ വെളുത്ത മുണ്ടുകളുടെ ഇളക്കത്തില്‍ മുത്തി ഞങ്ങളെ കടന്ന് അടുക്കളയിലേക്കു പോയി. ഗോതമ്പ് കഞ്ഞിയുള്ള ചെമ്പ് പത്രം തുറക്കുന്നതും കഞ്ഞിയിളക്കുന്നതും , അമ്മ അമ്മയ്ക്ക് വേണ്ട ചോറ് കലം തുടച്ച് കിണ്ണത്തിലേക്ക് ഇടുന്നതും ഒക്കെയായി അടുക്കള ഇപ്പോള്‍ ബഹളം.

‘പ്ഫൂ...’ എന്നൊരു മുത്തിയുടെ ഒച്ചയുടെ അകമ്പടിയോടെ വലിയ ശബ്ദത്തില്‍ ചെമ്പ് പാത്രം അടുക്കളയുടെ തറയില്‍ വീഴുന്ന ശബ്ദം ഞങ്ങള്‍ കേട്ട്. ‘അയ്യോ.... ‘ എന്ന അമ്മയുടെ നിലവിളിയും.

അമ്മേ എന്ന് വിളിച്ചോണ്ട് ചേച്ചി അടുക്കളയിലേക്കു ഓടി. ഞാനെന്തുകൊണ്ടോ ഇരുന്നിടത്ത് നിന്നു അനങ്ങിയില്ല. ചോറില്‍ നിന്നു കയ്യെടുത്തു, ചെവി കൂര്‍പ്പിച്ചു.

“കൊറേ ഗോതമ്പെടുത്ത് കഴുകേം പിടിക്കേം ചെയ്യാണ്ട് വെള്ളത്തില്‍ ഇട്ട് ചൂടാക്കി ഇങ്കട്‌ തന്നോളും.. ഒന്ന് വെന്തോന്നെങ്കിലും നോക്കണ്ടേ ... വല്ല മാട്ടിനും കൊടുക്കണ പോലെ...”

മുത്തിയുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം. അവര്‍ ചെമ്പ് തട്ടിയെറിഞ്ഞതാണ്. നല്ല ചൂടുള്ള ഗോതമ്പ് കഞ്ഞി മുക്കാലും വീണത്‌ അമ്മേടെ കാലിലും. ഒരു ദേഷ്യത്തിന് ചെയ്തതാണെങ്കിലും അത് അമ്മയുടെ കാലില്‍ വീണു പൊള്ളുമെന്ന് അവര്‍ നിരീച്ചില്ല. എന്നാലോ, ആ തെറ്റ് സമ്മതിക്കാനോ താഴ്ന്നു കൊടുക്കാനോ തയ്യാറല്ലതാനും. അതോണ്ട് അവര്‍ നിര്‍ത്താതെ ഉച്ചത്തില്‍ ശബ്ദിച്ചുകൊണ്ടിരുന്നു.

“ചാവണ കാലം വരെ അവനവന് വേണ്ടത് വെച്ചിണ്ടാക്കി കഴിക്കാന്‍ എനിക്കറിയാം. ഇതെന്റെ വീടാ...”

ചേച്ചി അമ്മയേം കൊണ്ട് കൊട്ടതളത്തില്‍ പോയി കാലു മുഴുവന്‍ വെള്ളം ഒഴിച്ച് കൊടുക്കുണ്ട്. അമ്മയുടെ അമര്‍ത്തിയുള്ള തേങ്ങല്‍ കേള്‍ക്കാം. എന്റെ കണ്ണുകള്‍ നീറി. ഇയമ്മടെ ആട്ടും തുപ്പും സഹിച് തറവാട്ടില്‍ ഇങ്ങനെ നിക്കണത് എന്തിനാ? ഇളയച്ചനും വല്യമ്മയും ഒക്കെ ചെയ്ത പോലെ അന്യ നാട്ടിലിക്കും വേറെ വീട്ടിലിക്കും ഒക്കെ പോയാലെന്താ? മാസത്തില് ഒന്നോ രണ്ടോ തവണ വീട്ടിലേക്കു വരുന്ന അച്ഛന് ഇതൊന്നും മനസ്സിലാവില്ല. അല്ല... ആയിട്ടും കാര്യമൊന്നും ഇല്ല. മുത്തിയുടെ മുഖത്ത് നോക്കി കമാന്നൊരു അക്ഷരം പറയാന്‍ ആര്‍ക്കും പറ്റില്ല. ഒരുനൂറു ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

ഞാന്‍ എഴുന്നേറ്റ് പോയി കൈ കഴുകി. അടുക്കള ഒരുവിധം വൃത്തിയാക്കുന്നു ചേച്ചി. ദേഷ്യത്തിലും ഭാവത്തിലും ഒരു മാറ്റവും വരുത്താതെ മുത്തി വേറെ ഗോതമ്പ് റവയെടുത്ത് കഴുകി സ്റ്റൌവില്‍ വെയ്ക്കുന്നു. അമ്മയ്ക്ക് വേണ്ട ചോറും കറിയും എടുത്തു കോലായിലേക്ക് കൊണ്ട് പോയി കൊടുത്തു.
അമ്മയ്ക്ക് ഒരു ഗ്ലാസ് വെള്ളം എടുക്കാന്‍ അടുക്കളയിലേക്ക് വീണ്ടും ചെന്നു ഞാന്‍. ഉപ്പുമാങ്ങ ഭരണിയുടെ പുറകിലായി ആ കുപ്പി ഇരിക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. ‘ബാലസുധ’ !  അതൊരു മരുന്നാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വയറിളക്കാന്‍ അരക്ക്ലാസ് പാലില്‍ രണ്ടു തുള്ളി ഒറ്റിച്ചു കാലത്ത് നേരത്തെ  തരും കുട്ടികള്‍ക്ക്. അന്ന് പിന്നെ ശംഖുവിളിക്കും ചന്തികഴുകലിനും മാത്രമേ നേരം കാണൂ.

നീറ്റല്‍ സഹിക്കവയ്യാതെ അമ്മ അടക്കിപ്പിടിച്ചു കരയുന്നു, പിന്നിലെ സ്റ്റൌവില്‍ ഗോതമ്പ്കഞ്ഞി തിളയ്ക്കുന്നു. ഇടനാഴിയിലെന്തോ എടുക്കാന്‍ മുത്തി പോയിരിക്കുന്നു. അടുക്കളയില്‍ ബാലസുധയ്ക്കും ഗോതമ്പ്കഞ്ഞിക്കും ഇടയില്‍ ഞാന്‍. കൂടുതലൊന്നും ആലോചിച്ചില്ല. ഏന്തിവലിഞ്ഞ് ബാലസുധയുടെ കുപ്പി കയ്യില്‍ എടുത്തു, മൂടി തുറന്ന് തിളയ്ക്കുന്ന കഞ്ഞിയിലേക്കു ഒരു പീച് കൊടുത്തു. നാലഞ്ച് തുള്ളി വീണു കാണും. കുപ്പി വേഗം പോക്കറ്റിലേക്ക് ഇട്ട് വെള്ളവും കൊണ്ട് പുറത്തേക്ക് കടന്നു.

ഒരു നിമിഷം, ചെയ്ത മണ്ടത്തരം ഓര്‍ത്ത് എന്റെ നെഞ്ചൊന്നു കാളി. ബാലസുധയ്ക്ക് ഒരു അരുചി ഉണ്ട്. ഒരുമാതിരി ചവര്‍പ്പ്. അത് പാലില്‍ ഒറ്റിച്ചു കുടിക്കുമ്പോള്‍ ശര്ധിക്കാന്‍ വരുമായിരുന്നു. മുത്തി അതെങ്ങാനും തിരിച്ചറിഞ്ഞാല്‍, കുറ്റം ഞാന്‍ ഏറ്റാല്‍ എന്റെ കാര്യം തീരുമാനം ആവും, അല്ലെങ്കില്‍ അതും അമ്മയുടെ തലയില്‍ വീഴും... ഓര്‍ക്കാന്‍ തന്നെ വയ്യ. കയ്യും കാലും ഒക്കെ തളര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടു പോവും, വരുന്നത് അനുഭവിക്ക്യന്നെ. കണ്ടു പിടിച്ചാല്‍ ഞാന്‍ കുറ്റം ഏല്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മയെ കുരുതി കൊടുക്കാന്‍ വയ്യ.

ഞങ്ങടെ മുറിയില്‍ കേറി കട്ടിലിനടിയില്‍ നിന്നും കോസറി വലിച്ചെടുത്ത്‌ നീട്ടി വിരിച്ചതില്‍ കമിഴ്ന്നു കിടന്നു. അറിയാവുന്ന സകല ദൈവങ്ങളെയും പേരെടുത്തു വിളിച്ചു. ഒരാള്‍ അല്ലെങ്കില്‍ ഒരാള്‍ , അതാണല്ലോ കുട്ടിക്കാലത്തെ നമ്മടെ പോളിസി. ടെന്‍ഷനും കരച്ചിലിനും ഇടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി. കാലത്ത് എഴുന്നേറ്റപ്പോള്‍ പെട്ടെന്ന് തലേന്ന് നടന്നതൊന്നും ഓര്‍മയില്‍ വന്നില്ല. പതിയെ ഒക്കെ ഓര്‍ത്തെടുത്തപ്പോള്‍ കിടക്കയില്‍ ഇരുന്നു ഞാന്‍ വിയര്‍ത്തു. പുറത്തേക്ക് ഞാന്‍ ചെവിയോര്‍ത്തു. 

പെട്ടെന്ന് ചേച്ചി അകത്തേക്ക് ഓടി വന്നു. തോര്‍ത്തെടുക്കാന്‍.

“നീയെന്താ ഇനിയും കുളിച്ചില്ലേ?”  

വെറുതെ എന്തെങ്കിലും ചോദിയ്ക്കാനായി ഞാന്‍ ചോദിച്ചു.

“ഡാ.. മുത്തി രാത്രി മുതല് തൂറ്റിക്കൊണ്ടിരിക്യാടാ... കക്കൂസിന്റെം കുളിമുറീടേം അടുത്തയ്ക്ക് പോകാന്‍ വയ്യ.. നാറീട്ട് ! .. ഇപ്പൊ ഒന്ന് ഇറങ്ങീട്ടിണ്ട്.. ഞാനാ ബക്കറ്റും കപ്പും എടുത്തു പുറത്ത് കുളിക്കട്ടെ.”

എന്താ പറ്റ്യേ ?  വല്ല ക്ലൂ കിട്ടുമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു.

“ആവോ.. ആര്‍ക്കറിയാ.. അമ്മ ചോദിച്ചിട്ട് ഒരക്ഷരം പറഞ്ഞില്ല. ഇന്നലത്തെ ദേഷ്യാ... ഞാന്‍ ഒന്നും ചോദിയ്ക്കാന്‍ പോയില്ല.”  
അത് പറയുമ്പോ അവള്‍ അമര്‍ത്തി ചിരിക്കുന്നുണ്ടായിരുന്നു.

എനിക്കല്പം ധൈര്യമായി. അടുക്കളഭാഗത്ത്‌ ചെന്നപ്പോ , ദോശ ചുടുന്ന അമ്മ പറഞ്ഞു
“പല്ല് തേക്കെടാ.. ഡവറയില്‍ കാപ്പിയിണ്ട്.”

അമ്മേടെ കാല് ഇപ്പൊ വല്ല്യ കുഴപ്പമില്ല. സാരി തട്ടി ഉരസാതിരിക്കാന്‍ അല്പം മുകളിലേക്കായാണ് ഉടുത്തിരിക്കുന്നത്. കോലായിലിരുന്നു ഞാന്‍ മൊത്തം ഒന്ന് വീക്ഷിച്ചു, മുറ്റം ആകെ അലങ്കോലം. തൊടിയിലെ കക്കൂസിലേക്ക് പോകുന്ന വഴി അവിടവിടെ ചെറിയ മണ്‍കൂനകള്‍. അപ്പൊ സംഗതി ഏശിയിരിക്കുന്നു. കഞ്ഞിയുടെ ചൂട് കൊണ്ടാണോ, വിശപ്പിന്റെ വിളി കൊണ്ടാണോ അതോ സ്വയം ഉണ്ടാക്കിയ ഭക്ഷണം തനിയെ കഴിച്ചു തീര്‍ക്കണം എന്നത് കൊണ്ടാണോ ബാലസുധയുടെ അരുചി മുത്തി അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ തറവാട് എട്ടായി പിളര്‍ന്നേനേ.

അതാ വീണ്ടും ഇടനാഴി കടന്ന് മുത്തി വെപ്രാളത്തില്‍ നടന്നു വരുന്നു. ഒരു കൈ കൊണ്ട് മുണ്ട് നല്ലോണം പൊക്കിപ്പിടിച്ചിട്ടുണ്ട്. ഇടത്തും വലത്തും നോക്കാതെ താഴേക്ക് നോക്കി ഡൌണ്‍ലോഡിംഗ് പോയിന്റ് ലക്ഷ്യമാക്കി വാണം വിട്ട പോലെ ഒരു പോക്കാണ്. മുഷിഞ്ഞ മുണ്ടിന്റെ പുറകെ ഒരു ജാഥകണക്കെ ഈച്ചകളും!

------------------------------------------


ഈ നാറ്റക്കഥ എനിക്കും എട്ടുവയസ്സുകാരന്റെ പൊട്ടബുദ്ധി പൊറുക്കാന്‍ വേണ്ടി ഞാനന്ന് വിളിച്ച നൂറുകണക്കിന് ദൈവങ്ങള്‍ക്കും മാത്രേ ഇത്രകാലം അറിയൂ. മുത്തി മരിച്ചുപോയെങ്കിലും , ഇക്കഥ ഏതെങ്കിലും രീതിക്ക് കുടുംബ പ്രശനം ഉണ്ടാക്കിയാല്‍ ബ്ലോഗില്‍ നിന്നു നീക്കം ചെയ്യും എന്ന ഭീഷണിയോടെ... J

ഈ കാരണവന്മാര്‍ എന്തേ ഇങ്ങനെ..?

ഒഴിമുറി എന്ന സിനിമ കാണാന്‍ ഇത്രയും വൈകിയതില്‍ നഷ്ടബോധം തോന്നി. സംവിധായകന്‍ ശ്രീ മധുപാല്‍ നടത്തിയിരിക്കുന്ന ഹോംവര്‍ക്ക് ചെറുതല്ല. ഒന്നും രണ്ടുമല്ല മൂന്നു തലമുറകളെ ഒരു ചരടില്‍ കോര്‍ത്ത്‌ മനോഹരമായി ഇണക്കിയിരിക്കുന്നു. പല രംഗങ്ങളും കാണുമ്പോള്‍ ഇങ്ങനെയൊരു അമ്മയും അച്ഛനും എന്റെ കുടുംബങ്ങളിലും ഇല്ലേ, ഇങ്ങനൊരു കാരണവര്‍ എന്റെ തറവാട്ടില്‍ ഉണ്ടായിരുന്നില്ലേ എന്നൊക്കെ തോന്നി. അവിടെയാണല്ലോ ഒരു സംവിധായകന്റെ വിജയവും. 



തെങ്ങുംപുരവീട്ടില്‍ കാളിപിള്ള മകന്‍ താണുപിള്ളയെ (ലാല്‍ ) ഉദ്ധരിച് മകന്‍ ശിവന്‍ പിള്ള (അസിഫ് അലി) പറയുന്നു,

 “അത് നമ്മുടെ കാരണവന്‍മാരുടെ ഒരു രീതിയാ, പുറത്തിറങ്ങിയാ പരമയോഗ്യന്‍ , സ്വത്വികന്‍, വീട്ടില് കേറിയാല്‍ സകല ക്രൂരതയും ഉണ്ടാവും. ഭാര്യയ്ക്കും മക്കക്കും മാത്രേ ആ മുഖം അറിയാവൂ...”

അതെ.. കാരണവന്മാര്‍ ഒരുപാടു പേര്‍ അങ്ങനെയായിരുന്നു....എന്തേ ഇങ്ങനെ എന്ന ചോദ്യത്തിന് ഒരു ഉത്തരവും തരാതെ പോയവര്‍..,. പറയാന്‍ വന്നത് സിനിമാനിരൂപണം അല്ല, ഇതൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ ഓടി വന്ന ചില കാര്‍ന്നോമ്മാരേക്കുറിച്ചാണ്. യഥാര്‍ത്ഥ ജീവിതത്തിലെ ചില യഥാര്‍ത്ഥ കാരണവന്മാര്‍.,.

അയാളുടെ നല്ല പ്രായത്തില്‍ ആണ് അവരെ സ്നേഹിച്ച് വിവാഹം കഴിച്ചത്. ജാതി ഒന്നാണെങ്കിലും പണത്തൂക്കം കൊണ്ട് ഒക്കാത്തതിനാല്‍ കുടുംബക്കാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അമ്മാവന്റെ മകളുടെ കഴുത്തില്‍ താലി കെട്ടാന്‍ അയാളെ അവര്‍ സമ്മതിപ്പിക്കുമ്പോള്‍ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു.
പത്തു കാതം അപ്പുറത്ത് ഒന്ന് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ വേറൊരു പെണ്ണുമായി തറവാട്ടില്‍ അയാള്‍ കഴിയുമ്പോള്‍ ഈ അമ്മയും മകളും സ്വാഭിമാനത്തോടെ തന്നെ വളര്‍ന്നു. അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രപ്തയാക്കി ഒരുവന്റെ കയ്യിലും പിടിച്ചു കൊടുത്തു അവര്‍. 

കാലമത്രയും ശേഷവും അയാളും അയാളുടെ തറവാടും ഈ രണ്ടു പെണ്ണുങ്ങളുടെ ആത്മാഭിമാനത്തിന്റെ ഭിക്ഷയില്‍ അന്തസ്സ് കാത്തു. കാലമേറെ കഴിഞ്ഞു, ദേശങ്ങള്‍ മാറി ഇരുകൂട്ടരും , മക്കളും കൊച്ചു മക്കളും ആയി ജീവിച്ചു. 72 വയസ്സുള്ള ആ അമ്മയെയും കൊണ്ട് നഗരത്തിലെ ആശുപത്രിയില്‍ ചെക്ക് അപ് കഴിഞ്ഞു അവര്‍ പുറത്തിറങ്ങുമ്പോള്‍ അകത്തേയ്ക്ക് കയറാന്‍ കയ്യില്‍ ഒരു കേട്ട് കടലാസുകളുമായി നില്‍ക്കുന്നു അയാളും സഹധര്‍മിണിയും. തിളക്കം മങ്ങിയ രണ്ടു ജോഡി കണ്ണുകളും തിരിച്ചറിഞ്ഞു പരസ്പരം. തന്റെ ആദ്യ പരിണയത്തെയും മൂത്ത സന്തതിയെയും കാലങ്ങള്‍ക്കിപ്പുറം അവിചാരിതമായി കാണുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍, ഒരല്പനേരം കടാക്ഷം അതുമല്ലെങ്കില്‍ ഒരു വാക്ക്.... അതൊക്കെ പ്രതീക്ഷിച്ച ആയമ്മയ്ക്ക്‌ തെറ്റി. ഊന്നു വടി നിലത്തു ആഞ്ഞൂന്നിക്കൊണ്ട് അവരെ കടന്നു ഭാര്യയുടെ കൈ പിടിച്ച് അയാള്‍ നീങ്ങി. പത്തന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അപമാനിപ്പിക്കപ്പെട്ടപ്പോള്‍ ആ അവഗണനയുടെ പേരില്‍ ആദ്യമായി അവര്‍ കരഞ്ഞു. കണ്ണീര്‍ തുടയ്ക്കാന്‍ ആ ഏകമകള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ആ ചോദ്യം ചുറ്റിലും അലിഞ്ഞു ചേര്‍ന്നു .. "എന്തേ ഇവര്‍ ഇങ്ങനെ?”


ഏക്കറുകണക്കിന് പരന്നു കിടക്കുന്ന പ്രമാണിയുടെ തറവാട്ട്‌ പുരയിടം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ബലത്തില്‍ ആണെന്ന് തോന്നുന്നു അന്നാദ്യമായി ആളുകള്‍ സംഘടിച്ച് തറവാട്ടില്‍ കേറി. വഴിവെട്ടണം !  ഇനിയും തോട് കടന്നു അക്കരെ പോകാന്‍ വയ്യ. തറവാടിന്റെ പുരയിടത്തിലൂടെ ആ വഴി വരേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്. 

മുണ്ട് മടക്കി കുത്തി, മേല്‍മുണ്ട്‌ തലയില്‍ ചുറ്റി , ആക്രോശിച്ചു കൊണ്ട് എന്തിനും തയ്യാറായി കയ്യില്‍ കൊടുവാളും പിടിച്ച് കാരണവര്‍. വഴിവെട്ടാന്‍ ഒരു കൈക്കോട്ട് ഈ പുരയിടത്തില്‍ തട്ടിയാല്‍ ആ കൈ വെട്ടാന്‍ തയ്യാറായിക്കൊണ്ട്. വിട്ടുകൊടുക്കാതെ ഇരുകൂട്ടരും അരവും അരവുമായി നില്‍ക്കുമ്പോള്‍ നാട്ടുകാരുടെ മുന്നിലേക്ക് ഒരാള്‍ വന്നു, മുണ്ട് മടക്കി കുത്തി അവരില്‍ നിന്നു കൈക്കോട്ടും വാങ്ങി മണ്ണില്‍ ആദ്യത്തെ വെട്ടു വെട്ടി. 

കാരണവരും നാട്ടുകാരും ഒരുപോലെ സ്തബ്ധരായി. കാരണവരുടെ കയ്യില്‍ നിന്നും കൊടുവാള്‍ മണ്ണില്‍ വീണു. പുലി പോലെ നിന്നയാള്‍ തലയും താഴ്ത്തി തിരിഞ്ഞു നടന്നു. തന്റെ സ്വന്തം രക്തം, എട്ട് മക്കളില്‍ ഏറ്റവും ഇളയവന്‍, അവന്റെ കൈ വെട്ടാന്‍ ആവില്ലല്ലോ!!

ശേഷം കോലാഹലങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിന്റെ പേരില്‍ ഒരു വഴക്കോ വക്കാണമോ ഉണ്ടായില്ല. കാലങ്ങളേറെ കടന്നു പോയി. തറവാടിന്റെ തൊടിയില്‍കൂടെ കടന്നു പോകുന്ന ആ വഴിക്ക് വീതിയും രൂപവും വച്ചു. വഴിവെട്ടിയ കഥയൊക്കെ കേട്ടുകേള്‍വി മാത്രമയി മാറിയ കാലത്ത് കാരണവര്‍ കാലം പുല്‍കി. പൂമുഖത്തിരുന്നു വക്കീല്‍ വായിച്ച വില്‍പത്രത്തില്‍ വീടും കൃഷിയും തോട്ടവും തൊടിയും ഒക്കെ മൂത്ത ഏഴുപേര്‍ക്കും കിട്ടിയപ്പോള്‍ ഇളയമകന്റെ പേരില്‍ നല്ലൊരു വിസ്തീര്‍ണ്ണം സ്ഥലം അയാള്‍ എഴുതി വച്ചിരുന്നു. അതുപക്ഷേ ആ വഴിയായിരുന്നു.


അവസാനമായി പറയാനുള്ളത് എന്റെ സ്വന്തം തറവാട്ടിലെ ഒരു പെണ്‍ കാരണവരെ കുറിച്ചാണ്. അത് അടുത്ത പോസ്റ്റില്‍ ആവട്ടെ.. കുടുംബ കലഹം ഉണ്ടാവുമോ ആശങ്കയോടെ .. :) ----  ഇവിടെ വായിക്കാം 

ചാവേര്‍പ്പടയാളിയുടെ ഊര്‍ജ്ജവും സംന്യാസിയുടെ ശാന്തതയും

പുതിയ യുഗത്തിലെ വിജ്ഞാന ഗുരു എന്നാണ് പവന്‍ ചൗധരി അറിയപ്പെടുന്നത്. ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ക്കും ആ വഴിയിലെവിടെയോ തളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും വിജയസോപനത്തിലെത്തിക്കഴിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിക്കുന്നവര്‍ക്കും വഴികാട്ടിയാണ് പവന്‍ ചൗധരി "മെന്റല്‍ കോച്ച്" എന്നും  "വിവേകാചാര്യന്‍" എന്നും ". മാനസികോദീപകന്‍" എന്നും പലവിധത്തില്‍  പലരും അദ്ധേഹത്തെ വിശേഷിപ്പിക്കുന്നു.ഒരേസമയം ചിന്തകനും എഴുത്തുകാരനും പ്രസംഗകനും കര്‍മവാദിയുമാണ് പവന്‍ചൗധരി . പിന്നെ ഒരു ബഹുരഷ്ട്രക്ക്മ്പനിയുടെ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറും.



 കോഴിക്കോട് ഐ..എമ്മില്‍  പ്രത്യേക ക്ഷണിതാവായി എത്തിയ പവന്‍ ചൗധരി മാതൃഭൂമി തൊഴില്‍വാര്‍ത്തയ്ക്കായി അനുവദിച്ച പ്രത്യേക അഭിമുഖം.

-   വിജയത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ എന്തൊക്കെയാണ്?

വിജയതൃഷ്ണ, കഠിനാധ്വാനം ഇവ രണ്ടും. വിജയം മികച്ചതാവണമെങ്കില്‍ ഇവയ്ക്കൊപ്പം വിവേകവും ഉണ്ടാവണം.

-   വിവേകം കൊണ്ടുദ്ദേശിക്കുന്നത്?

അനുകൂല സാഹചര്യങ്ങളെ മനസ്സിലാക്കുകയും വരുതിയിലക്കുകയും ചെയ്യുക. എന്നാല്‍ അത് മറ്റുള്ളവരെ ദ്രോഹിക്കാതെ ആയിരിക്കുകയും വേണം.

-   മത്സരവും സമ്മര്‍ദവും അതിജീവിച്ച് ഒരു വിജയദാഹിക്ക് എത്ര മുന്നോട്ടു പോവാന്‍ ആവും?

മധ്യമപാത സ്വീകരിക്കുക. ക്ഷമ പരിശീലിക്കുക. ചെറിയ സമയം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം എന്ന മോഹം വെടിയുക.

-   ഭാഗ്യം വിജയത്തിലേക്കുള്ള താക്കോല്‍ അല്ലെ?

ഘടകങ്ങളില്‍ ഒന്ന് മാത്രം. അവസരങ്ങള്‍ വരുമ്പോള്‍ അത് ചാടി കൈക്കലാക്കുക. അതിനു ക്ഷമയോടെ കാത്തിരിക്കുക. അവസരങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയാണ്. അവ തിരിച്ചറിഞ്ഞു കൈക്കലാക്കുന്നവന്‍ ആണ് വിജയി.

-   വിജയം കൈവരിക്കാന്‍ ശരിയായ മാനസിക മനോഭാവം ആവശ്യമാണോ?

തീര്‍ച്ചയായും. ചിലര്‍ കഠിനാധ്വാനികളായിരിക്കും, കഴിവുണ്ടാവും, എങ്കിലും പരാജയപ്പെട്ടുകൊണ്ടിരിക്കും. തെറ്റായ മനോഭാവമുള്ളവര്‍ ആണ് ഇക്കൂട്ടര്‍. പുഞ്ചിരിക്കൂ, നിങ്ങളെ ഇഷ്ടപ്പെടാന്‍ മറ്റുള്ളവരെ അനുവദിക്കൂ. നിങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായി ശരിയല്ലെങ്കില്‍ പോലും അപ്പോള്‍ നിങ്ങള്ക്ക് അംഗീകാരം ലഭിക്കും. മുറുകിയ മുഖത്തോടെ ശരിയായത് വച്ച് നീട്ടിയാലും സ്വീകര്താവിനു അത് ഇഷ്ടമാവണമെന്നില്ല.

-   മനസിനെ പരിശീലിപ്പിക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും.മനുഷ്യന് ലഭ്യമായ വജ്രായുധാമാണ് മനസ്സ്.കണ്ണും മൂക്കും വായും ഉപയോഗിക്കുന്നതുപോലെ മനസിനേയും ഉപയോഗിക്കാനാവണo. മനസ്സിനെ  ദൃഡവും, സുസ്ഥിരവും, ക്രിയത്മകമാകവുമാക്കണം. മനസ്സ് കൊണ്ടാണ് വിദേശിയര്‍ നമ്മെ കീഴടക്കിയത് എന്നോര്‍ക്കുക.

-   ആത്മീയതയ്ക്കും ധ്യാനത്തിനും മനസ്സിനെ പകമാക്കാന്‍ ആവുമോ?

മതപരമായ ആത്മീയതയ്ക്ക് പറ്റില്ല. അത് നിങ്ങളെ നിങ്ങളിലെക്കൊതുക്കുന്നു. പ്രുക്രിതിയുടെ ആഴങ്ങള്‍ അറിയുന്നതാണ് ശരിയായ ആത്മീയത. അതിനു മനസ്സിനെ വിമുഖമാക്കുകയല്ല വേണ്ടത്. മറിച്ച് അതിന്റെ എല്ലാ വാതിലുകളും തുറന്നിടുകയാണ്.
ധ്യാനം ഒരാളെ താത്പര്യ രഹിതനക്കുന്നു. നിര്‍ഗുണമായ മനസ്സിന് വിജയതൃഷ്ണ സാധ്യമല്ല.

നല്ല പുസ്തകങ്ങള്‍ വായിക്കുക, മനസ്സിനെ അത് വലുതാക്കും. കുളിമുറിപ്പാട്ടുകള്‍ പാടുക മനസ്സിനെ അത് ലാഘവമുള്ളതാക്കും. സംഘര്‍ഷങ്ങളിലോ സന്തോഷങ്ങളിലോ അമിതമായി അഭിരമിക്കതിരിക്കുക. മനസ്സിനെ അത് സൂക്ഷമവും കൂര്‍മ്മവും ആക്കും.

-   Positive Thinking എത്ര വേണം?

ഒരു പരിധി വരെ മാത്രം. അത് മാത്രം മുദ്രാവാക്യമായി സ്വീകരിച്ചാല്‍ സ്വയം വിലയിരുത്താന്‍ കഴിയില്ല. അത് നിങ്ങളെ വഴി തെറ്റിക്കും. നമ്മുടെ കഴിവുകളും ദൗര്‍ബല്യങ്ങളും പുറത്തു നിന്നു നാം തന്നെ വിലയിരുത്തുകയാണ് വേണ്ടത്. എങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും.

-   മനസ്സിനെ ഫോകസ് ചെയ്യുന്നത് ഗുണം ചെയ്യില്ലേ?

ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം. പരിധിയ്ക്കപ്പുറമുള്ള ഫോക്കസ്സിംഗ് മനസ്സിനെ ഒരു ചട്ടക്കൂടിനകതാക്കും ( A frozen state of mind). , വേണ്ടതിനെ തിരിച്ചറിയാന്‍ ഒരുപക്ഷെ അപ്പോള്‍ കഴിഞ്ഞെന്നു വരില്ല.

-   താങ്കളുടെ ചില പ്രസിദ്ധമായ പ്രയോഗങ്ങളെ പറ്റി?

പ്രതികൂലമായ സാഹചര്യങ്ങളെ അനുകൂലമാക്കുന്നതിനെക്കുറിച്ചാണവയെല്ലാം.
‘മുങ്ങുമ്പോള്‍ മുങ്ങിക്കപ്പലവുക’ , ‘നിങ്ങള്ക്ക് നേരെ എറിയപ്പെടുന്ന കല്ലുകള്‍ കൊണ്ട് കോട്ട പണിയുക’, ‘സ്പീഡ് ബ്രേക്കറെ ആകാശത്തിലെക്കുയരാനുള്ള ലോഞ്ചിംഗ് പാഡ് ആക്കുക, ‘ഇടുങ്ങിയ തുരങ്കത്തെ കാലിഡോസ്കോപ് ആക്കുക’ .

-   വിജയിക്കുന്നവനോടുള്ള അസൂയ എങ്ങനെ അടക്കി നിര്‍ത്താം?

അസൂയ ക്രിയത്മകമാവണം. മറ്റുള്ളവരുടെ കഴിവിനെ സ്വംശീകരിക്കണം. സ്വന്തം ദൗര്‍ബല്യങ്ങളെ കരുത്താക്കി മാറ്റണം. അല്ലെങ്കില്‍ അത് ഊര്‍ജ്ജ നഷ്ടം ആയി മാറും.

-   ‘ഈഗോ’ വിജയത്തിന് വിലങ്ങുതടിയല്ലേ?

അല്ല. പക്ഷെ ആവശ്യത്തിനു മാത്രമേ പാടുള്ളൂ താനും. ഈഗോ ഊരിക്കളഞ്ഞാല്‍ വ്യക്തിത്വം നശിക്കും. ഈഗോ ഒരു റെയിന്‍കോട്ട് പോലെയാവണം. മഴ വരുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നുപോലെ.

Pawan’s Tips

·         എപ്പോഴും ചിരിക്കുക. മനസ്സ് കൊണ്ടും.
·         മധ്യമപാത സ്വീകരിക്കുക.
·         ചാവേര്‍പ്പടയാളിയുടെ ഊര്‍ജ്ജവും സംന്യസിയുടെ ശാന്തതയും ആര്‍ജ്ജിക്കുക.
·         പരാജയങ്ങള്‍ പരീക്ഷണങ്ങള്‍ മാത്രമാണെന്ന് കരുതുക.
·         മനസ്സിനെ സ്വതന്ത്രമാക്കുക.
·         മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുക.
·         അറിവ് പകര്‍ന്നു നല്‍കുക. സഹാനുഭൂതി നിലനിര്‍ത്തുക.
·         അവസരങ്ങളെ ഉപയോഗിക്കുക.


2006 ല്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത – ഹരിശ്രീയില്‍ വന്ന അഭിമുഖം ആണിത്. പല മത്സരപരീക്ഷകള്‍ക്കും തയ്യാറെടുത്തിരുന്ന അക്കാലത്തു പ്രചോദനം നല്‍കുന്ന പലതും ഫയല്‍ ആക്കി വെയ്ക്കുമായിരുന്നു. കഴിഞ്ഞ ദിവസം ആ പഴയ ഫയല്‍ എന്തിനോ വേണ്ടി തുറന്നപ്പോള്‍ ആദ്യം കിട്ടിയ പേപ്പര്‍ കഷ്ണം ഇതായിരുന്നു. അന്നും ഇന്നും ഒരുപോലെ പ്രസക്തം എന്ന് തോന്നി. നിങ്ങളില്‍ പലരും വായിച്ചതായിരുക്കുമെങ്കിലും വായിക്കാത്തവര്‍ക്കായി... :)

Sunday

ആല്ക്കമിസ്റ്റ് എന്നോട് പറഞ്ഞത്

ഒരൊറ്റചോദ്യം കൊണ്ട് ജീവിതം മാറ്റുന്ന പരിപാടിയില്‍ ആദ്യമായാണ് ഒരാള്‍ക്ക് ഒരു കോടി കിട്ടുന്നത്. പലരും ഇരുപത്തഞ്ചും അന്‍പതും ലക്ഷങ്ങള്‍ എത്തിപ്പിടിചെങ്കിലും ഒരു കോടിയുടെ ചോദ്യം പരീക്ഷിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇതുവരെ കിട്ടിയത് മുഴുവന്‍ നഷ്ടപ്പെടാനുള്ള ഒരു സാധ്യത നിലനില്‍ക്കെ അത്തരമൊരു റിസ്ക്‌ എടുക്കുന്നത് മണ്ടത്തരം ആണെന്ന ഭീതി മൂലമാവണം



പക്ഷേ, സനൂജ എന്ന യുവതി ഒരു കോടി നേടിയിരിക്കുന്നു. സനൂജയുടെ ജീവിതവും മത്സരത്തിലെ പ്രകടനവും കണ്ട ഓരോ പ്രേക്ഷകനും ഉള്ളില്‍ ആഗ്രഹിച്ചതാണീ നേട്ടം. അര്‍ഹിക്കുന്ന കരങ്ങളിലേക്കാണല്ലോ ഒരു കോടി എത്തിയതെന്ന ചിന്തയോടെ റിമോട്ടിലെ അടുത്ത ബട്ടണ്‍ ഞെക്കാനിരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ ചോദ്യം 

പ്രേക്ഷകരോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ സനൂജയ്ക്ക്?” എന്ന്.

അതുവരെ ഉദ്വേഗത്തോടെ കണ്ട പ്രോഗ്രാം, ഒടുവില്‍ സനൂജയുടെ വിജയത്തോടെ ശുഭ-സന്തോഷ പര്യവസായിയായ പ്രോഗ്രാം, പക്ഷെ അവരുടെ ഈ ചോദ്യത്തിനുള്ള മറുപടിയോടെ എന്നിലേക്ക്‌ വലിയൊരു ആവേശം കടത്തിവിട്ടു.

“ഈ പരിപാടിക്ക് ഓഡിഷന് വിളിക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല സര്‍ ഞാന്‍ ഈ ഹോട്ട്സീറ്റില്‍ വന്നിരിക്കും എന്ന്. പറ്റിയാല്‍ തന്നെ ഒരു കോടി നേടും എന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല. എല്ലാം ഈശ്വരന്റെ അനുഗ്രഹവും ഭാഗ്യവും” എന്നൊരു ക്ലീഷേ മറുപടി പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.


ഓഡിഷന് സെലക്ട്‌ ചെയ്തു കൊണ്ട് ആദ്യത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഞാന്‍ താങ്കളുമായി സീറ്റില്‍ ഇരുന്ന് സംവദിക്കാന്‍ തുടങ്ങി. ഒരു കോടി എത്തും എന്നത് എന്റെ സ്വപ്നമല്ല, നിശ്ചയം ആയിരുന്നു സര്‍.”
(1:00:25 – 1:00:55)


ഏറെ സ്വപ്നം കാണുകയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്ത പല ലക്ഷ്യങ്ങളുടെ പാതയിലും തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ സര്‍വ്വപ്രതീക്ഷകളും നഷ്ട്ടപെട്ട് വിട്ടുകൊടുക്കാന്‍ തയാറായി നില്‍ക്കുന്ന അവസരത്തിലെങ്കിലും ഒരു ‘God’s Hand’ പ്രവര്‍ത്തിച്ചിട്ടുണ്ട് ഒട്ടനവധി ഘട്ടങ്ങളില്‍..,.  ഇല്ലെങ്കില്‍ എന്നേ ഒന്നുമല്ലാതായിതീരേണ്ട ജന്മം ആണെന്‍റെതെന്നു പറയാന്‍ ഒരു മടിയും ഇല്ല.

അതിന്റെ കാരണങ്ങള്‍ തേടുന്നതിനു പകരം കൃതജ്ഞതയോടെ ആ സന്ദര്‍ഭങ്ങളെയും അതിനു സഹായിച്ച വ്യക്തികളേയും സ്മരിക്കാനാണ് എനിക്കിഷ്ടവും. ഈ ഒരു പ്രതിഭാസത്തിനു രൂപഭാവങ്ങള്‍ നല്‍കിയതു പൌലോ കൊയ്ലോ ആണ്,  ‘ആള്‍ക്കമിസ്റ്റ്’ലൂടെ.



“When you really want something to happen, the whole world conspires to help you achieve it.” 

ആഗ്രഹം തീവ്രമാവുമ്പോള്‍ , നിരന്തരമായി സ്വപ്നം കാണുമ്പോള്‍ അത് യഥാര്ത്യമാവാന്‍ പ്രകൃതി തന്നെ അനുകൂല സാഹചര്യം ഒരുക്കിത്തരുമെന്നു ആള്‍ക്കമിസ്റ്റിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു അദ്ദേഹം. ഭൂരിഭാഗം വായനക്കാരിലും അതൊരു അന്യ കഥ അല്ലെന്നും സ്വന്തം കഥയാണെന്നും തോന്നിക്കുന്നിടത്താണു ഈ കഥാകാരന്റെ വിജയം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.



നേവിപ്പരീക്ഷയുടെ ഓര്മ ഒരൊറ്റപ്പെട്ട സംഭവം അല്ല. അന്നാ സര്‍ദാര്‍ എന്തിനങ്ങനെ ചെയ്ത് എന്നെ സഹായിച്ചു? മറ്റേതെങ്കിലും ഒരു ഓഫീസര്‍ അല്ലെങ്കില്‍ പരീക്ഷയ്ക്ക് വന്ന ഒരു ഉദ്യോഗാര്‍ത്ഥി എതിര്‍ത്തൊരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ പുറത്താവുമായിരുന്നു.


ഇത്തരം അനുഭവങ്ങളും അറിവുകളും നല്‍കുന്ന ഉറച്ച വിശ്വാസം ആണ് സംരംഭകജീവിതത്തിലെ കരിയര്‍ മുന്നോട്ടുകൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നത്. 

____________________________________________________________________________

അല്പം സാഹസികവും വ്യത്യസ്ഥവുമായ ആ കരിയറിന്റെ കഥ അടുത്ത പോസ്റ്റില്‍. ,. :)  

ഒരു നേവിപ്പരീക്ഷയുടെ ഓര്‍മ

+2 കഴിയുമ്പോ നേവിയില്‍ ഒരു ജോലി എന്നത് പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ വന്ന ആശയം ആയിരുന്നു. മൂന്നാല് വര്ഷം കൂടെ കഴിഞ്ഞാല്‍ വരാനിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ ലിസ്റ്റുമായി കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ അതൊരു നല്ല തീരുമാനമായി തോന്നി. പ്രായത്തില്‍ സ്വപ്നം കാണാനും തീരുമാനിക്കാനും ഒക്കെ എത്ര എളുപ്പമായിരുന്നു! വലുതാവുമ്പോള്‍ ആണ് നടക്കുമോ ഇല്ലയോ എന്നുള്ള സംശയങ്ങള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്.


+2 പരീക്ഷ കഴിഞ്ഞതും നേവല്‍ ആര്‍ട്ടിഫൈസറിനുള്ള അപേക്ഷ അയച്ചു. കോളേജ് തുടങ്ങിയ ശേഷം ആണ് ഹാള്‍ടിക്കറ്റ് വന്നത്. ഇനി കഷ്ടി ഒരു മാസം ഉണ്ട് പരീക്ഷയ്ക്ക്. സ്പോര്‍ട്സിലും ഗെയിംസിലും ഒന്നും ഒട്ടും ആക്ടിവ് അല്ലാത്ത ഞാന്‍ ഫിസിക്കല്‍ ടെസ്റ്റിനു പ്രത്യേകം പ്രാക്ടീസ് തുടങ്ങി. എഴുത്ത്പരീക്ഷയ്ക്കുള്ള പഠനവുമൊക്കെയായി പല ദിവസങ്ങളിലും കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു. പൊട്ടിച്ചിരിയോടെയാണ് കോളേജിലെ പുതിയ കൂട്ടുകാരും സീനിയര്‍മാരും  എന്റെ തയ്യാറെടുപ്പിനോട് പ്രതികരിച്ചത്.

ഇബടെ ചത്തുകുത്തി നാലഞ്ച്തവണ നോക്കിയിട്ട് കിട്ടിയിട്ടില്ല. ഇതെന്താട ചായോ പരിപ്പുവടയോ പോയ ഉടനെ ഇങ്കിട് എടുത്ത് തരാന്‍?”

പക്ഷെ കിട്ടാതിരിക്കാനുള്ള സാധ്യതകള്‍ ഒന്നും ഞാന്‍ കണ്ടില്ല. അങ്ങ് ഉറപ്പിച്ചു. ഒപ്പമുള്ളവരും സീനിയര്‍മാരുമടക്കം മൂന്നു പേരുണ്ട് കോളേജില്‍ന്നു. തലേന്ന് തന്നെ കൊച്ചി എത്തി. യാത്രയും വെള്ളംമാറിക്കുളിയും കാരണം ആവാം പനിലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു.  പിറ്റേന്ന് കാലത്ത് ആറു മണിക്ക് തന്നെ നേവല്‍ ബേസിലെത്തി. ഒരു പൂരത്തിനുള്ള കൂട്ടം. കൂറ്റന്‍ കൂറ്റന്‍ പിള്ളാര്‌. ഇവനൊക്കെ ജനിച്ചത്‌ തന്നെ ജോലിക്കണോ എന്ന് തോന്നിപ്പോവും ഭാവവും തയ്യാറെടുപ്പും കണ്ടാല്‍. ചിലര്‍ ഇട്ടിരിക്കുന്നത് തന്നെ ജേഴ്സി ആണ്. എക്സാം കഴിഞ്ഞാല്‍ നേരെ ഫിസിക്കല്‍ ടെസ്റിന് പോവാന്‍
ആകെപ്പാടെ കണ്ടപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം ആവിയായിപ്പോയി. വന്നസ്ഥിതിക്ക് പരീക്ഷയെഴുതി കൊച്ചിയും കണ്ട് തിരിക്കാം എന്ന കൂടെയുള്ളവരുടെ പ്ലാനിങ്ങുമായി ഞാന്‍ സന്ധിചേര്‍ന്നു,

മുന്നൂറുപേരുടെ മൂന്നു ബാച്ച്. ആദ്യ ബാച്ചില്‍ തന്നെ ഞങ്ങള്‍ കേറി. വിശാലമായ നേവല്‍ ബേസും ഡിഫന്‍സ് ട്രെയിനിംഗും ഒക്കെ ആദ്യമായാണ് കാണുന്നത്. വലിയ ഹാളില്‍ പട്ടാളചിട്ടയോടെ പരീക്ഷ. കാലത്തെ കുളിയുടെ ഊക്കും ചേര്‍ന്ന് തലക്കാകെ കനം. നാസദ്വാരത്തിലെ വായുസഞ്ചാരത്തെ കഫം തടഞ്ഞപ്പോള്‍... അല്ലെങ്കില്‍ അതിത്ര ആലങ്കരിക്കണ്ട, ഞാന്‍ ഒന്ന് മൂക്കുതിച്ചതും വൃത്തികെട്ട ശബ്ദം വലിയ ഹാളില്‍ പതിനെട്ടായി പ്രതിബിംബിച്ചു.

സൈലെന്‍സ് പ്ലീസ്

എല്ലാരോടും എന്ന പോലെ സീനിയര്‍ ഓഫീസര്‍.

ആം സോറിഎന്ന് ഉള്ളില്‍ പറഞ്ഞു ഞാന്‍ എഴുത്ത് തുടങ്ങി.



ബുദ്ധിയും സമയവും തമ്മിലുള്ള ഒരു യുദ്ധമാണ് പരീക്ഷ. അസ്വാസ്ഥ്യങ്ങള്‍ വകവെയ്ക്കാതെ ആവുന്ന രീതിയില്‍ നന്നായി തന്നെ പരീക്ഷ എഴുതി തീര്‍ത്തു. കാന്റീനില്‍ നിന്നു ചായയും ആലൂസമൂസയും കഴിച്ചു. പുറത്തേയ്ക്ക് കൊണ്ട് പോവാനുള്ള ബസ്സിന്റെ വാതിലിനടുത്ത് പോയി നിന്നു (സീറ്റ് പിടിയ്ക്കാന്‍ തന്നെ ). 

സീനിയര്‍ ഓഫീസര്‍ പുറത്തേയ്ക്ക് വന്നു ടോപ്‌ സ്കോര്‍ ചെയ്ത പത്തുപേരെ വിളിക്കുന്നു. ആദ്യത്തെ നമ്പര്‍ XXXXXXX (നമ്പര്‍ ഓര്‍മയില്ല ട്ടോ ) . കൂട്ടത്തില്‍ നിന്നു ആരും പോവുന്നില്ല. ഓഫീസര്‍ നമ്പര്‍  ആവര്‍ത്തിച്ചു. നോ രക്ഷആരും പോവുന്നില്ലഅടിച്ച ലോട്ടറിയുടെ ഉടമയെ കാണാത്ത അവസ്ഥ.  എല്ലാവരും മുറുമുറുപ്പ് തുടങ്ങി. ക്ഷമ നശിച്ച ഒരു ജൂനിയര്‍ ഓഫീസര്‍ ഇത്തിരി ദേഷ്യത്തോടെ കൂടുതല്‍ ഉറക്കെ വീണ്ടും വിളിച്ചു XXXXXXX.

ഒരു നിമിഷം എന്റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. പോക്കറ്റില്‍ നിന്നു ഹാള്‍ ടിക്കറ്റ്‌ തിടുക്കത്തില്‍ എടുത്തു നോക്കി. കടവുളേ...എന്റെ നമ്പര്‍ !! ഞാന്‍ ആകെ വിയര്‍ത്തു പോയി. ഒരൊറ്റ ഓട്ടം കൊണ്ട് ഓഫീസറുടെ മുന്‍പില്‍.

Is it You??

Yes sir, sorry  sir… sorry.

ദഹിപ്പിക്കുന്ന ഒരു നോട്ടത്തില്‍ ദേഷ്യമൊതുക്കി ബാക്കി നമ്പറുകളും വിളിച്ചു. എല്ലാവരും ഫിസിക്കല്‍ ടെസ്റിന് തയ്യാറാവണം. ഞാന്‍ കൂട്ടുകാരുടെ അടുത്തേക്ക് ഓടി , ‘അമ്പട വീരാഎന്ന ഭാവം എല്ലാര്‍ക്കും. ഇപ്പോള്‍ ഇവരുടെ ഭാവം ആസ്വദിക്കാന്‍ ഉള്ള ടൈം അല്ല. നേരം വൈകിയാണ് വരുന്നതെങ്കില്‍ റൂം വെകെറ്റ് ചെയ്തു പോവാനും മറ്റുമുള്ള പ്ലാന്‍ പറഞ്ഞ് ഒപ്പിച്ച് യാത്രയാക്കി.

മറ്റൊരു ബസ്സില്‍ ഞങ്ങള്‍ ഗ്രൌണ്ടിലേക്ക്. എന്റെ അങ്കലാപ്പ് ഇനിയും മാറിയിട്ടില്ല. മനസ്സില്‍ വീണ്ടും പ്രതീക്ഷയുടെ മുള പൊട്ടിയിരിക്കുന്നു. ഫിസിക്കല്‍, മെഡിക്കല്‍... രണ്ടും എനിക്ക് ഒരുപോലെ കടമ്പകളാണ്. ടെന്‍ഷനും കൂടെ ആയപ്പോള്‍ വയ്യായ്ക ഒന്നുകൂടെ കൂടിയത് പോലെ. ദേഹത്ത് ചൂടല്‍പ്പം കൂടെ കൂടി. നേരം പതിനൊന്നു കഴിഞ്ഞു. സാമാന്യം നല്ല വെയില്‍.

മുകളിലേക്ക് മടക്കി വച്ച പാന്റും കയ്യില്ലാത്ത വെള്ള ബനിയനും, ഷൂ ഇടാത്ത കാലും.. ഓടാന്‍ തയ്യാറായി ഞാന്‍. ട്രാക്സ്യൂട്ടും ജേഴ്സിയും ഇട്ട പിള്ളാര്‍ എന്നെ നോക്കി പുച്ഛം വാരി വിതറി. നെഞ്ചിടിപ്പ് കൂടി കൂടി വന്നു. സ്കൂളിലാണെങ്കില്‍ സാറെ പനിയാണ് ജലദോഷം ആണ് എന്നൊക്കെ പറയാം. ഇവിടെ അത് പറ്റുമോ

ഏതു പുസ്തകപ്പുഴുവിനും എഴുത്ത്പരീക്ഷ ജയിക്കാം, എന്നാലിത് കിട്ടണമെങ്കില്‍ ഇത്തിരി മിടുക്ക് വേണം. തോറ്റ്പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും വയ്യ. ഉള്ളില്‍ സകല ആത്മവിശ്വാസവും സംഭരിച്ചു. അതെ, ഞാന്‍ ഇതു ചെയ്യും.



വിസില്‍ മുഴങ്ങിയതും സാമാന്യം വേഗതയില്‍ ഓടാന്‍ ആരംഭിച്ചു. കുറച്ചുപേര്‍ പിറകിലും കുറച്ചു പേര്‍ മുന്‍പിലും. മൂന്നു റൗണ്ട് എട്ട് മിനിറ്റ് കൊണ്ട് തീര്‍ക്കണം. ഒന്നാമത്തെ റൗണ്ട് കഴിഞ്ഞതും കിതപ്പ് തുടങ്ങി. രണ്ടാമത്തേത് പകുതിയായതും അകെ കുഴഞ്ഞു. കണ്ണില്‍ ഇരുട്ട് കേറുന്നു. തൊണ്ട വറ്റി വരണ്ടു.. അടഞ്ഞ മൂക്കിലൂടെ ശ്വാസം കിട്ടുന്നില്ല...മനസ്സില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ ഓടി മറഞ്ഞു. വയ്യ.. വിട്ടു കൊടുക്കാം.. ഇതില്‍ കൂടുതല്‍ എനിക്ക് പറ്റില്ല... ഞാന്‍ ഓട്ടത്തിന്റെ വേഗത അല്പം കുറച്ചു

പിന്നിലുണ്ടായിരുന്ന രണ്ടു പേര്‍ എന്നെ കടന്നു പോയി. അവരും നന്നായി തന്നെ കിതയ്ക്കുന്നു. അല്പദൂരം കഴിഞ്ഞതും അതിലൊരാള്‍ മുട്ടുകുത്തി.. അതൊരു തോല്‍വിയാണ്... ഇല്ല ഇതുപോലെ വിട്ടുകൊടുക്കാന്‍ പറ്റില്ല. അതിനല്ല ഞാനിത്രയും എത്തിയത്. ഇതു മുഴുവനാക്കും. ശ്വാസം വലിച്ചു വിട്ടു... വേഗത അല്പാല്പം കൂട്ടി. എന്റെ മുന്പിലെത്ര പേര്‍.. പിന്നിലെത്ര പേര്‍.. എത്ര നേരം ആയി ഒന്നും ചിന്തയില്‍ ഇല്ല...

തുടങ്ങിയ അതെ വേഗത്തില്‍ മൂന്നാമത്തെറൗണ്ട് ഫിനിഷ് ചെയ്യുമ്പോള്‍ ജൂനിയര്‍ ഓഫീസര്‍ ഉറക്കെ പറയുന്നത് ഞാന്‍ കെട്ടു .. ത്രീ , സിക്സ് ഫോര്‍ട്ടി ടൂ. ( 3, 6.42 Minutes ) . ഏഴു പേരെ പിറകില്‍ ആക്കി ഞാന്‍ മൂന്നാമത് ഫിനിഷ് ചെയ്തിരിക്കുന്നു ! ആഞ്ഞു കിതച്ചു കൊണ്ടിരുന്ന എന്റെ മുഖത്ത് അപ്പോള്‍ ചൂടോ തളര്‍ച്ചയോ അല്ല , വാശി മാത്രം ആണ് ഉണ്ടായിരുന്നത്.

അഞ്ചു മിനിറ്റ് പോലും തികച്ചു കിട്ടിയില്ല.

ബോയ്സ്.. റെഡി ഫോര്‍ പുഷ് അപ്

തോറ്റ ഒരാളൊഴിച്, ഒന്‍പതു പേര്‍ നിരയായി നിന്നു. ഇരുപത്തഞ്ച് പുഷ് അപ് എല്ലാവരും ഒന്നിച്. ഓഫീസര്‍ എണ്ണിത്തുടങ്ങി. വണ്‍, ടൂ, ത്രീ, ഫോര്‍..വാശിക്ക് തരാന്‍ പറ്റുന്ന ശക്തിക്ക് ഒരു പരിമിധി ഉണ്ടല്ലോ. പരിമിധിയെ കുറിച്ച് ഞാന്‍ ഓര്‍ത്തു..

ഫിഫ്ടീന്‍, സിക്സ്ടീന്‍,....

തലയ്ക്കകത്ത് പതിനഞ്ച് എച് പി യുടെ മോട്ടര്‍ ഓടുന്ന പോലെ.. എന്റെ ഇന്ധനം കത്തി തീര്‍ന്നിരിക്കുന്നു.



നൈന്റീന്‍, ട്വെന്റി ....

ഇരുപതെണ്ണം കഴിഞ്ഞിരിക്കുന്നു. ഇനി വെറും അഞ്ചെണ്ണം.. അതും കൂടെ കഴിഞ്ഞു നിര്‍ത്താം.വയ്യെന്ന് പറഞ്ഞു തിരിക്കാം. ഇടയ്ക്ക് വെച്ച് വീഴുന്നത് മോശം ആണ്. തളരുന്ന കയ്യും , കിതയ്ക്കുന്ന നെഞ്ചും ഒരു നിമിഷം മറന്നു ഞാന്‍.

ട്വെന്റി ഫോര്‍ , ട്വെന്റി ഫൈവ്.

വീണ് ഒറ്റ കിടത്തം ആയിരുന്നു ഗ്രൌണ്ടിലേക്ക്. പുല്ലിലെ തണുപ്പ് നെഞ്ചിലേക്കല്‍പ്പം കിട്ടി.

ഗെറ്റ് റെഡി ഫോര്‍ നെക്സ്റ്റ്’ 

സീനിയര്‍ ഓഫീസറുടെ ശബ്ദം. ഞാന്‍ എഴുന്നേറ്റ് കണ്ണ് തുറന്നു നോക്കി. മിക്കവരും എന്നെപ്പോലെ തന്നെ. രണ്ടുപേര്‍ മുഴുവനാക്കിയിട്ടില്ല. പിന്മാറുമ്പോള്‍ എനിക്ക് കൂട്ടുണ്ട്. കൂട്ടത്തില്‍ മലയാളിയെന്നു തോന്നിച്ച ഒരോഫീസറുടെ അടുത്ത് ചെന്നു.   

സര്‍.....”

ക്യാ?”

ങേ.. അതുപിന്നെ..” ജബ ജബ ജബ.. (മുജെ പണ്ടേ ഹിന്ദി അത്ര ആത്താ നഹി ഹൂ ഹേ ഹൈ ഹാ..)


ജാവോ.. ഗെറ്റ് റെഡി ഫോര്‍ സ്ക്വാറ്റ് അപ്.”


മറുത്തൊന്നും പറയാനാവാതെ ഞാന്‍ നടന്നു. ഏഴുപേര്‍ നിരയായി മലര്‍ന്നു കിടന്നു. എന്റെ ശരീരം വിറയ്ക്കുന്നു. ഇതില്‍ പകുതിയ്ക്ക് വീഴാനാണ് എന്റെ വിധി. ആരെങ്കിലും കൂട്ട് കാണണേ എന്നൊരു ആഗ്രഹം മാത്രം ഉള്ളില്‍

വണ്‍...ടു.. ത്രീ... ഫോര്‍...ഓരോ തവണ എഴുന്നേറ്റു പൊങ്ങുമ്പോഴും തലയിലെ പെരുപ്പ്‌ കൂടി കൂടി വന്നു.

എയ്റ്റ്, നൈന്‍, ടെന്‍....ഇപ്പോള്‍ പൊങ്ങുന്നതും താഴുന്നതും ഒക്കെ യാന്ത്രികം ആണ്. കണ്‍പോളകള്‍ മുഴുവന്‍ അടഞ്ഞു പോയി. എണ്ണുന്ന ശബ്ദം മാത്രം അവ്യക്തമായി കേള്‍ക്കാം.


ഫിഫ്ടീന്‍....സിക്സ്ടീന്‍...


വയറൊന്നു കൊളുത്തിപ്പിടിച്ചു, അടുത്തതില്‍ ഞാന്‍ പകുതിയേ പൊന്തിയുള്ളൂ. വീണ്ടും ഒന്ന് പൊങ്ങാന്‍ ഒരു പാഴ്ശ്രമം നടത്തി ഞാന്‍. ഇല്ല. കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു. തോല്‍ക്കാന്‍ തയ്യാറെടുത്ത മനസ്സ് അതിന്റെ ഞ്യായം അപ്പോഴേക്കും കണ്ടുപിടിച്ചിരുന്നു.

 “ഒന്നുമില്ലെങ്കിലും ഇത്രയും എത്തിയില്ലേ... മുന്നൂറു പേരില്‍ നിന്നു ഏഴിലേക്ക്.. സാരല്ല്യ

കണങ്കാലില്‍ ഒരു ബൂട്ട് അമരുന്നു. ശരിക്കും നന്നായി അമര്‍ന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് നീണ്ടു വരുന്ന ഒരു കയ്യായിരുന്നു. സ്കോര്‍പാഡ് പിടിച്ചിരുന്ന ഓഫീസറുടെ അടുത്ത് നിന്നിരുന്ന ഒരു ജൂനിയര്‍ ഓഫീസര്‍ സര്‍ദാര്‍ജി

എന്റെ കണങ്കാലില്‍ ചവിട്ടി സപ്പോര്‍ട്ട് തരികയാണ്. കൈകള്‍ പിന്നിലേക്ക്‌ വലിച്ച് ഉച്ചത്തില്‍ അയാള്‍ പറഞ്ഞു

കമോണ്‍.... കം ഓണ്‍....”

അതൊരു പ്രോത്സാഹനം അല്ല. ആജ്ഞയാണെന്ന് തോന്നി എനിക്ക്. മുകളിലേക്ക് പൊങ്ങുന്ന കൈകള്‍ക്കൊപ്പം കാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഇരുമ്പ് പോലെ എന്റെ ശരീരവും പൊങ്ങി. ഇടതൂര്‍ന്ന താടി-മീശകള്‍ക്കിടയില്‍ കമോണ്‍ എന്ന് പറയുന്ന ചുണ്ടുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളൂ.

ട്വെന്റി വണ്‍... ട്വെന്റി ടൂ......... ട്വെന്റി ഫൈവ്...


വര്‍ദ്ധിച്ച കിതപ്പിലും അവിശ്വാസതയോടെ അയാളെ നോക്കി ഞാന്‍. മുഴുവനാക്കിയിരിക്കുന്നു.

സബാശ്...”   


അയാള്‍ പറഞ്ഞു.വല്ലാത്തൊരു ഊര്‍ജ്ജം അയാള്‍ പകര്‍ന്നു തന്ന പോലെ.
പതിനഞ്ചു കടന്നത്‌ കൊണ്ട് എന്നെ തോല്‍ക്കാന്‍ സമ്മതിക്കാതെ ജയിപ്പിച്ച ഓഫീസര്‍മാര്‍. പത്ത് എത്തുന്നതിനു മുന്‍പ് വീണുപോയിരുന്നു രണ്ടു പേര്‍. ബാക്കി അഞ്ചു പേര്‍ക്കും ഫുള്‍ മാര്‍ക്ക്. സര്‍ദാര്‍ജിയുടെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഞാന്‍. ഒരു കള്ളച്ചിരി മാത്രം ചിരിച്ചു അയാള്‍.





മെഡിക്കല്‍ ടെസ്റ്റും പാസ്സായി അന്ന് വൈകിയ രാത്രിയില്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലെ ചെയറില്‍ നാട്ടിലേക്കുള്ള ട്രെയിന്‍ കാത്തു കാലിനുമുകളില്‍ കാലു വച്ച് ഒരു രാജാവിനെപോലെ ഇരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ജീവിതത്തില്‍ ചുരുക്കം ചില വിജയങ്ങള്‍ ഇങ്ങനെ ഒളിമങ്ങാതെ ഓര്‍മകളില്‍ നിലനില്‍ക്കുന്നു.


_________________________________________________________________________

ചില കാരണങ്ങള്‍ കൊണ്ട് ഈ ജോലിക്ക് ഞാന്‍ ജോയിന്‍ ചെയ്തില്ല. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമിത് ഓര്‍മയില്‍ എത്തിച്ചത് 'ആള്‍ക്കമിസ്റ്റ്' ആണ്. അതൊരു പോസ്റ്റ്‌ ആയി ഇവിടെ ഇടാന്‍ പ്രേരിപ്പിച്ചത് 'നിങ്ങള്‍ക്കും ആവാം കോടീശ്വര'നും. അതിനെക്കുറിച്ച് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം.