Wednesday

സോഷ്യല്‍ നെറ്റ് വര്‍ക്ക് - ഇനിയുമേറെ...


കുട്ടിക്കാലത്ത് ഒന്നിച്ച് മണ്ണപ്പം ചുട്ടു നടന്ന കളിക്കൂട്ടുകാരന്‍, അഞ്ചാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന സഹപാഠികള്‍, എട്ടാം ക്ലാസ്സില്‍ മനസ്സ് കവര്‍ന്ന ആദ്യത്തെ കാമുകി, പണ്ട് വീട്ടില്‍ മത്തി വിക്കാന്‍ വന്നിരുന്ന ഇപ്പോള്‍ ഗള്‍ഫില്‍ എത്തിയ ഹനീഫിക്ക.. അങ്ങനെ ഇനി ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍പോലും കണ്ടുമുട്ടാന്‍ സാധ്യത തീരെ കുറഞ്ഞ ഒരുപാടു പേരെ വീണ്ടും ഒരു വിളിപ്പാടകലെ എത്തിച്ചു തന്ന ഫേസ്ബുക്കിനെയും സൂക്കര്‍ബര്ഗ് മാമനെയും മനസ്സില്‍ നന്ദിയോടെ സ്മരിച്ചുകൊണ്ട് തുടങ്ങട്ടെ.. 
 



സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മുന്‍പന്‍ ഫേസ്ബുക്ക് തന്നെ. ഇതിന്‍റെയൊക്കെ ഭൂതവും വര്‍ത്തമാനവും നോക്കി ഭാവി പ്രവചിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.പണ്ട് നാട്ടില്‍ തീവണ്ടി വരുന്ന കാലത്ത് ആളുകള്ക്കുണ്ടായിരുന്ന വിശ്വാസങ്ങളും ആശങ്കകളും പറഞ്ഞു കേട്ടിട്ടില്ലേ? നാട്ടിലൂടെ തീവണ്ടി ഓടിത്തുടങ്ങിയാല്‍ പെണ്ണുങ്ങള്‍ക്ക്‌ ഗര്‍ഭം ഉണ്ടാവില്ല, ഉള്ള ഗര്‍ഭം അലസും, കോഴി മുട്ട വിരിയില്ല, നാട് നശിക്കും .. അങ്ങനെ അങ്ങനെ.. ഹി ഹി.. ഏതാണ്ട് അത്പോലെയായിരുന്നു ഇന്റര്‍നെറ്റ്‌ വരുമ്പോള്‍ ആളുകള്‍ക്കുണ്ടായിരുന്ന ആശങ്കകളും ധാരണകളും.


മാതൃഭാഷ മരിക്കും, മലയാളം ആളുകള്‍ മറക്കും, സാമൂഹ്യ ജീവികള്‍ ഇല്ലാതെയാവും, വായന അന്യമാവും എന്നൊക്കെ. എന്നിട്ടിപ്പോഴോ? വെബ്‌ ഉലകത്തില്‍ പഞ്ചാരയടി മുതല്‍ പച്ചതെറി വരെ എല്ലാം നല്ല അസ്സല് മലയാളം. ഇ-ബുക്കും ഇ-റീഡറും, മത-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒക്കെ ഗംഭീരമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

ഇന്നിപ്പോള്‍ ഫേസ്ബുക്കിലൊക്കെ ഒന്നുകില്‍ നല്ല മലയാളം അല്ലെങ്കില്‍ നല്ല ഇംഗ്ലീഷ്. അല്ലതെ മംഗ്ലീഷില്‍ ഇടുന്ന പോസ്റ്റുകളോ കമന്റുകളോ ആരും മൈന്‍ഡ്‌ ചെയ്യില്ല. ഒരഞ്ചു വര്ഷം മുന്‍പത്തെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ നല്ല രീതിയില്‍ മലയാളം കൈകാര്യം ചെയ്യാന്‍ ഇപ്പോഴുള്ളവര്‍ക്ക് കഴിയുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. നാലാള് കാണും എന്നുള്ളതുകൊണ്ട് നല്ല ഭാഷയില്‍ തെറ്റില്ലാതെ ടൈപ്പ്‌ ചെയ്തെ  ആളുകള്‍  എന്‍റര്‍ അടിക്കു.



ഫേസ്ബുക്ക് നിര്‍ത്താന്‍ പോവുകയാണെന്നും അല്ലെങ്കില്‍ മാസാമാസം മെമ്പര്‍ഷിപ്പ്‌ ഫീ ഒക്കെ വെക്കും എന്നൊക്കെ ഇടയ്ക്ക് ഗുണ്ടുകള്‍ വരും. കാര്യം പബ്ലിക്‌ ഷെയറുകള്‍ ഇഷ്യൂ ചെയ്തതിനു ശേഷം ഫേസ്ബുക്ക് കമ്പനിയുടെ സാമ്പത്തിക ഗ്രാഫ്‌ ഇത്തിരി താഴെക്കാണെങ്കിലും സമീപഭാവിയിലെങ്ങും ഒരു അടച്ചുപൂട്ടല്‍ നേരിടേണ്ടി വരില്ല. 

ആരാന്‍റെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആഗ്രഹവും ആകാംക്ഷയും ഉള്ളിടത്തോളം കാലം, എന്നുവച്ചാല്‍ മനുഷ്യന്‍ ഉള്ളിടത്തോളം കാലം, ഈ മഹാസംഭവം ഇങ്ങനെ നിലനില്‍ക്കും. നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ നാലാളെ അറിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാകയാല്‍, ഈയൊരു മാധ്യമം ആളുകള്‍ ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണു തന്നെ.



വിഷാദരോഗത്തിനുള്ള സാദ്ധ്യതകള്‍ പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.  കാരണം, മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സകല നല്ല കാര്യങ്ങളും നമ്മള്‍ അറിയുകയും, ഏതൊരു മനുഷ്യനും ഉള്ള സഹജമായ അസൂയ അല്‍പാലപമായെങ്കിലും നമ്മുടെ ഉള്ളില്‍ വളരുകയും, ഇതെല്ലാം നമുക്കില്ലാത്ത പലതിനെയും കുറിച്ച് നമ്മളെ കൂടെ കൂടെ ഓര്‍മിപ്പിക്കുകയും ചെയുമ്പോള്‍ വിഷാദം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.



“എനിക്കിതൊക്കെ ഉണ്ട്, ഞാനിവിടെയൊക്കെ പോയിട്ടുണ്ട്. നിങ്ങള്‍ക്കിതില്ല, നിങ്ങള്‍ ഇതൊന്നും കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല" എന്ന ഒരു നിശബ്ദ സന്ദേശം കൊടുക്കുകയാണ് ഓരോ സ്ടാടസ് / ഫോട്ടോ അപ്ഡേറ്റും ! എങ്കിലും ചിന്തിക്കുന്ന തലമുറകള്‍ വേണ്ടതിനെ എടുത്തു തള്ളേണ്ടതിനെ തള്ളാന്‍ ശീലിക്കും എന്ന് പ്രതീക്ഷിക്കാം.

പുറംപൂച്ചുകള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും ആണ് കൂടുതലും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കപെടുന്നത് എന്ന്‍ ധരിചിരിക്കുന്നവര് കേട്ടോളു. 40% ഷെയറിംഗുകള്‍ നടക്കുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ആണ്. 26% ഷെയറിംഗുകള്‍ സുഹൃത്തുകള്‍ക്കു ആ വിവരം സഹായം ആവും എന്നത് കൊണ്ടാണെങ്കില്‍ 17% ഷെയറിംഗുകള്‍ വിഷയത്തിലുള്ള അഭിനിവേശം കൊണ്ട് ചെയ്യുന്നതാണ്‌. ഇനി ബാക്കി ഉള്ള 17%ത്തില്‍ പ്രചോദനം നല്‍കുക , പ്രതികരിപ്പിക്കുക , ബിസ്സിനസ്സ്‌ ഉദ്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ഷെയറിംഗുകളിലൂടെ ചികിത്സാസഹായങ്ങളും, രക്തവും ഒക്കെ കിട്ടിയ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.


ഇനി ചില ഫേസ്ബുക്ക് വസ്തുതകള്‍

·    -ലോകജനതയില്‍ 13ല്‍ ഒരാള്‍ ഫേസ്ബുക്ക് അംഗമാണ്.

·    -ഒരു ഫേസ്ബുക്ക് ഉപയോക്താവിനുള്ള ശരാശരി സുഹൃത്തുകള്‍ 229 ആണ്.

·    -ഒരു ദിവസം ശരാശരി 15% അംഗങ്ങള്‍ സ്വന്തം സ്ടാടസ് അപ്ഡേറ്റ്                                           ചെയ്യുമ്പോള്‍ 22% പേര്‍ മറ്റുള്ളവരുടെ സ്ടാടസ്സിനു കമന്റ് കൊടുക്കുന്നു. 26% പേര്‍ ലൈക്കും.  ( ഇപ്പൊ മനസ്സിലായല്ലോ , സ്വന്തം സ്ടാടസ് നന്നാക്കുന്നതിനേക്കാള്‍ ആളുകള്‍ക്ക്‌ താല്പര്യം ആരാന്റെ സ്ടാടസുകളില്‍ ആണ് എന്ന്).
·        
    -ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ അടയിരിക്കുന്നവര്‍ ഉണ്ട്, വല്ലപ്പോഴും കേറി ഇറങ്ങുന്നവര്‍ ഉണ്ട്. എല്ലാവരുടെയും ഒരു ശരാശരി എടുത്തു നോക്കിയാല്‍ ദിവസം ഒരാള്‍ 13.5 മിനിറ്റ് ഫേസ്ബുക്കില്‍ ഇരിക്കുന്നു !

·   -മനശാസ്ത്രജ്ഞര്‍ പുതിയൊരു മാനസിക വൈകല്യം കണ്ടെത്തിയിരിക്കുന്നു. FAD – Facebook Addiction Disorder. 


ജീവിത പങ്കാളിയെ കണ്ടെത്തുമ്പോഴും , സ്ഥാപനങ്ങള്‍ ജീവനക്കാരെ കണ്ടെത്താനും ഒക്കെ ഇപ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാദ്ധ്യതകള്‍ ഇനിയുമേറെ ഉണ്ട്. പലതും വരാനിരിക്കുന്നതേ ഉള്ളൂ. മാസം ഫീസ്‌ ഒക്കെ വച്ചാല്‍ ഈ കട പൂട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. കാതുകുത്തിയവന്‍ പോയാല്‍ കടുക്കന്‍ ഇട്ടവന്‍ വരും. സോഷ്യല്‍ നെറ്റ്വര്‍ക്ക് വിപ്ലവങ്ങള്‍ക്ക് ഇത് വെറും ശൈശവം മാത്രം.


ഇത് കൂടെ കേട്ടോ, സ്കൂളില്‍ നിന്നും ഡ്രോപ്പ് ഔട്ട്‌ ആയ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക്‌ സൂക്കര്‍ബര്ഗ് അണ്ണന്‍ സ്വന്തം പ്രൊഫൈലില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടെന്നാണ് വച്ചിരിക്കുന്നത് (https://www.facebook.com/zuck). മുതലാളിക്ക് തന്നെ ഇത്രേം വലിയ ഗുണ്ട് പറയാമെങ്കില്‍ നുമക്കടെ കാര്യം പറയണ്ടല്ലോ. ആരോ അടിച്ച വിറ്റ്‌ പോലെ , റേഷന്‍ കടയില്‍ അമ്മേടെ കൂടെ അരി വാങ്ങാന്‍ നിക്കണ പെണ്ണ് ഫേസ്ബുക്കില്‍ സ്ടാടസ് അപ്ഡേറ്റ് ചെയ്യുനത് ഇങ്ങനെ "Weekend Shopping with Mummy... <3  <3  "

Sunday

Home Based Online Jobs - ഒന്ന് ശ്രദ്ധിക്കു.


വീട്ടില്‍ ഇരുന്നു കാശുണ്ടാക്കാന്‍ നോക്കുന്നവര്‍ ഒക്കെ മടിയന്മാരും മേയ്യനങ്ങാന്‍ വയ്യാത്തവരും ആണെന്ന അഭിപ്രായം എനിക്കില്ല. പാര്‍ട്ട് ടൈം ജോലി ആഗ്രഹിക്കുന്നവര്‍, വീട്ടമ്മമാര്‍, റിട്ടയര്‍മെന്റ് കഴിഞ്ഞിരിക്കുന്നവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും ഇങ്ങനൊരു സാധ്യതയെ പറ്റി ചിന്തിക്കുക സ്വാഭാവികം. അതില്‍ത്തന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍ക്കാണ് ആവശ്യക്കാരേറെ.

 പക്ഷെ യഥാര്‍ത്ഥത്തില്‍ അത്തരത്തില്‍ ‘ഹോം ബേസ്ഡ് ജോബ്‌’ ചെയ്ത് മാസം കൃത്യമായി മാന്യമായൊരു തുക സമ്പാദിക്കുന്ന എത്ര പേരെ നിങ്ങള്‍ക്കറിയാം? അവസരങ്ങള്‍ ഇല്ല എന്നല്ല, അവസരങ്ങളെക്കാള്‍ ഏറെ തട്ടിപ്പുകളും ചതിക്കുഴികളും ആണെന്ന് മനസിലാക്കുക. ചില ഉദാഹരണങ്ങള്‍ നോക്കു..

Data Entry

പേജ് എഡിറ്റിംഗ് ജോലികളാണ് പൊതുവേ ഈ വിഭാഗത്തില്‍ വരിക. പി ഡി എഫ് ഫോര്‍മാറ്റില്‍ വരുന്ന പേജുകള്‍ വേര്‍ഡ്‌ അല്ലെങ്കില്‍ എക്സല്‍ ഫോര്‍മാറ്റിലേക്ക് തെറ്റുകള്‍ കൂടാതെ എഡിറ്റ്‌ ചെയ്യണം. പേജ് ഒന്നിന് 15 മുതല്‍ 25 രൂപ വരെ ഓഫര്‍ ഉണ്ടാവും. ദിവസം ശരാശരി 20 പേജുകള്‍ വരെ ഒരാള്‍ക്ക് ചെയ്യാന്‍ ലഭിക്കും. എടുക്കുന്ന കരാര്‍ പോലിരിക്കും. മേല്‍പ്പറഞ്ഞ രീതിയല്‍ ഒരു കോണ്ട്രാക്റ്റ് കിട്ടുന്നതിനു ചുരുങ്ങിയത് പതിനായിരം എങ്കിലും ആദ്യം കൊടുക്കണം.


ചെയ്തു കൊടുക്കുന്ന പേജുകളുടെ 10% ആണ് പരിശോധിക്കുക (എന്ന് പറയും പക്ഷെ തെറ്റ് കണ്ടു പിടിയ്ക്കുന്ന വരെ സകലതും പരിശോധിക്കും. ! ഹി ഹി ).  അതിലൊരു ഇരുപതു തെറ്റുകള്‍ കണ്ടുപിടിച്ചാല്‍ , (സ്പെല്ലിംഗ് , ഫോണ്ട്, അലൈന്‍മെന്റ് അങ്ങനെ ഏതും) തീര്‍ന്നു. കാശില്ല. ഒരുമാതിരിപ്പെട്ട ആളുകള്‍ക്കൊന്നും അവരാവശ്യപെടുന്ന കൃത്യതിയില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കില്ല. കാശും അധ്വാനവും പാഴായ ഒരുപാടു ആളുകളെ കണ്ടിട്ടുണ്ട്.

Ad Visiting

ഒരു വെബ്സൈറ്റ് അല്ലെങ്കില്‍ പരസ്യം ഇത്ര പേരെ കാണിക്കാം എന്ന കോണ്ട്രാക്റ്റ് ആയിരിക്കും. നമ്മള്‍ പരസ്യം കണ്ടാല്‍ മാത്രം മതി , കാശ് ഇങ്ങോട്ട് തരും. ഇതില്‍ തൊണ്ണൂറു ശതമാനവും തട്ടിപ്പാണ്. ഏതെന്കിലും ഒരു വെബ്സൈറ്റില്‍ ഇത്തരമൊരു വര്‍ക്കിനു മെമ്പര്‍ഷിപ്പ്‌ ഫീയോ മറ്റേതെങ്കിലും ചാര്‍ജ്ജുകളോ ചോദിക്കുന്നുന്ടെന്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്.

ഇനി കാശ് ചോദിക്കാത്ത സൈറ്റുകള്‍ ആവട്ടെ ആയിരം പേജുകള്‍ സന്ദര്‍ശിക്കുന്നതിനു 0.01$ ഒക്കെ ആവും നല്‍കുന്നത്. അതൊരു കൊള്ളാവുന്ന സംഖ്യ ആയി നിങ്ങള്‍ക്ക്‌ പേപാലിലെക്കോ (www.paypal.com) അവിടുന്ന് ബാങ്കിലേക്കോ പിന്‍വലിക്കാന്‍ കാലം കുറെ എടുക്കും. ഈ മേഖലയില്‍ കുറെ കാലമായി നടന്നു പോകുന്ന ചുരുക്കം ചില വെബ്സൈറ്റുകളില്‍ ഒന്നാണ് http://www.viewbestads.com/.  

നിങ്ങള്‍ ഏതെങ്കിലും ജോലിയില്‍ മികവുള്ളവര്‍ ആണെങ്കില്‍ ഇത് ശ്രമിക്കാം www.freelancer.com .
Medical Transcription

ഹോം ബേസ്‌ഡ്‌ ഓണ്‍ലൈന്‍ ജോലികളില്‍ പ്രൊഫഷണല്‍ മികവ് ഉണ്ടെങ്കില്‍ നടക്കുന്ന ഒരു പരിപാടിയാണ് മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍..,. ഇവിടെ തൊഴില്‍ മേഖലയില്‍ തട്ടിപ്പുകള്‍ തുലോം കുറവാണെങ്കിലും പ്രശ്നം തൊഴില്‍ പരിശീലന രംഗത്താണ്. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ മേഖലയില്‍ തിളങ്ങാന്‍ കഠിനാധ്വാനം ആവശ്യമാണ്. നല്ല ഭാഷാപരിജ്ഞാനവും കടുകട്ടിയായ മെഡിക്കല്‍ പ്രയോഗങ്ങള്‍ പഠിച്ചോര്‍ത്തു വെയ്ക്കാനുള്ള മിടുക്കും നിര്‍ബന്ധം.


 വീട്ടിലിരുന്നു പതിനായിരങ്ങള്‍ സമ്പാദിക്കാം എന്ന പരസ്യവും കണ്ടു പെണ്ണുങ്ങളും പിള്ളാരും പടയ്ക്ക് പോണപോലെ സെമിനാറുകള്‍ക്ക് പോകുന്നത് കണ്ടിട്ടുണ്ട്. വിജയവീര കഥകളും ഭാവിയിലെ വന്‍ അവസരങ്ങളും ഒക്കെ കേട്ട് കോഴ്സിനു ജോയിന്‍ ചെയ്യുന്ന നൂറു പേരില്‍ പത്തെണ്ണമെങ്കിലും തൊഴില്‍മികവ് നേടിയാല്‍ കാണാം.  അല്ലെങ്കില്‍ ഇരുപതിനായിരത്തിലധികം വരുന്ന ഫീസ് പോയിക്കിട്ടും.

Online Trading

ഇപ്പോള്‍ ഓണ്‍ലൈനില്‍ ഫോറെക്സ് ട്രേഡിംഗുമായി ബന്ധപ്പെട്ടു ഒരുപാടു പരസ്യങ്ങള്‍ വരുന്നുണ്ട്.  താഴെ കാണുന്ന പരസ്യം നോക്കു.

 ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിപണി ആണ് ഫോറെക്സ്. വിദഗ്ധമായ പരിശീലനവും, കഠിനാധ്വാനവും ഇല്ലാതെ ലാഭം ഉണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. മേല്‍പ്പറഞ്ഞ പരസ്യത്തിന്റെ ഉടമകള്‍ തട്ടിപ്പിന്റെ ആശാന്മാരാണ്താനും. പക്ഷേ, ഇത്തിരി മിനക്കെട്ട് പഠിച്ചു ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഏറ്റവും നല്ലൊരു ഹോം ബേസ്ട് ബിസ്സിനസ്സ്‌ ആയിരിക്കും ഫോറെക്സ് ട്രേഡിംഗ്.

ഓണ്‍ലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്ന ഏതു സൈറ്റും ആദ്യം ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുക. കണ്‍സ്യൂമര്‍ കംപ്ലൈന്റ്റ് സൈറ്റുകളില്‍ പരാതികള്‍ ഉണ്ടോ എന്നറിയാം. പുതിയ കമ്പനികള്‍ ആണെങ്കില്‍ നിലവില്‍ വര്‍ക്ക് ചെയ്യുന്നവരുടെ റഫറന്‍സ്‌ ആവശ്യപെടാം. നല്ല അവസരങ്ങള്‍ ഉണ്ടെങ്കിലും കുറവാണു. ശ്രദ്ധിക്കുക.

Monday

'Turning Point' :- By LEAD


മൂന്നു വര്ഷം മുന്‍പ് ഒരു ഔട്ട്‌ ബൗണ്ട് ട്രെയിനിംഗ് പ്രോഗ്രമ്മിനു വേണ്ടിയാണു ലീഡ്‌ കോളേജില്‍ പോകുന്നത്. ശരിക്ക് പറഞ്ഞാല്‍ ഒരു തരം കമാന്‍ഡോ ട്രെയിനിംഗ് പോലെ. രസകരം, സാഹസികം പിന്നെ വിജ്ഞാനപ്രദവും. അവതരണത്തിലും പരിശീലനത്തിലും ഉള്ള വ്യത്യസ്ഥതയാണ് ഇവിടുത്തെ പ്രത്യേകത.




ഇഷ്ടമുള്ള തൊഴില്‍ മേഖലയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന , നിലവിലെ തൊഴില്‍ സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെയ്ക്കാനഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ഒരു പ്രോഗ്രാമാണ് ആറു ദിവസം നീണ്ടു നില്‍ക്കുന്ന 'Turning Point'.




കാലത്ത് ആറു മണിക്ക് തുടങ്ങിയാല്‍ രാത്രി പന്ത്രണ്ടു മണി വരെ നീളുന്ന ആക്ടിവിറ്റികളും ഡിസ്കഷന്‍സും. ഫയര്‍ വാക്കിങ്ങും, തേളിനെ പിടിക്കലും മുതല്‍ ഗ്രൂപ്‌ ഡിസ്കഷന്‍ വരെ. കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഇതുവരെ ഉണ്ടായിരുന്ന പല സങ്കല്പങ്ങളും നിങ്ങള്‍ മാറ്റിയെഴുതും. ഇപ്പോള്‍ പറ്റുന്നതിലും ഒരുപാടു കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാവും.



പ്രോഗ്രാമിന്റെ ആഴവും മേന്മയും വച്ച് നോക്കുമ്പോള്‍ , നാമ മാത്രമായ ഫീസേ ഈടാക്കുന്നുമുള്ളൂ.