Thursday

അല്പം പരസ്യചിന്തകള്‍


ഈ കയ്പക്ക പോലെ കിടക്കണ കേരളത്തില് പണ്ട് ദൂരദര്‍ശന്‍ കൂടാതെ ഏഷ്യാനെറ്റും സൂര്യ ടി വി യും വന്നപ്പോ തന്നെ നുമ്മ കരുതി ധാരളമായെന്നു. പാര്‍ട്ടി ചാനലായി കൈരളിയും പിന്നെ ഒരു വാര്‍ത്താ ചാനലും കൂടെ ആയപ്പോള്‍ കരുതി കഴിഞ്ഞു, എല്ലാം തികഞ്ഞു എന്ന്. എവടെ!  ഗുഡ്സ് വണ്ടിയുടെ ബോഗികള്‍ പോലെ ഇതിനൊരു അവസാനം ഇല്ലെന്നായി ഇപ്പൊ.

ഇത്ര ശക്തമായ യുദ്ധം നിലനില്‍ക്കുന്ന ചാനല്‍ രംഗത്തേക്ക് വാര്‍ത്ത‍ ചാനലുമായി മാതൃഭൂമി അടക്കമുള്ളവര്‍ കടന്നു വരുമ്പോള്‍ മുതല്‍ നിരീക്ഷിക്കുകയായിരുന്നു. എങ്ങനെയുള്ള പരസ്യം ആയിരിക്കും ഇവര്‍ സെല്‍ഫ്‌ ബ്രാന്‍ഡ്‌ ചെയ്യാന്‍ ഉപയോഗിക്കുക എന്ന്.


പതിവ് തെറ്റിക്കാതെ മാതൃഭൂമി എത്തിയത് ഒരു വ്യത്യസ്തതയും ഇല്ലാത്ത ആറിത്തണുത്ത പരസ്യങ്ങളുമായാണ്. ഈ അവിഞ്ഞ കട്ട്ഔട്ടുകള്‍ രണ്ടാമതൊന്നു കടാക്ഷിക്കാന്‍ ഒരാള്‍ക്കും തോന്നില്ല. ഇങ്ങനെ വീണ്ടും നോക്കാന്‍ തോന്നിക്കതെയാണ് ഇവര്‍ സ്വന്തം ബ്രാന്‍ഡ്‌ ഉറപ്പിച്ചത് എന്ന് പോലും തോന്നിയിട്ടുണ്ട് എനിക്ക്.



അഞ്ചാം ക്ലാസ്സിലെ കുട്ടിക്ക് ഇതിലും നല്ല ഐഡിയ തോന്നും. വാസ്തവം  , വിലക്കയറ്റം എന്നീ വാക്കുകളെ ഒക്കെ തിരിച്ചെഴുതിയിരിക്കുന്നു. ഇനി ലോഗോ നോക്കണേ മുത്തൂറ്റിന്റെ ‘M’ ലേശം മാറ്റിപ്പിടിച്ചു ഒരെണ്ണം. 



മനോരമയ്ക്കുള്ള സര്‍ക്കുലെഷനുകളെക്കാള്‍ ലക്ഷങ്ങള്‍ കുറവാണു മാതൃഭൂമിയ്ക്കു. എന്നാലോ ഞങ്ങള്‍ക്കിതൊക്കെ മതി എന്ന മട്ടും. ഒരു പരീക്ഷണങ്ങളും മാതൃഭൂമിയില്‍ കണ്ടിട്ടില്ല. വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞതാണ് പത്രം. അച്ചായന്റെ മനോരമയില്‍ വാര്‍ത്തയെക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ ആണ്. പോരാത്തതിന് ‘നുണോരമ’ എന്നൊരു വിളിപ്പേര് വ്യാപകമായി തന്നെ ഉണ്ട്. എന്നിട്ടോ? തൊടാന്‍ പറ്റില്ല. ഓരോ വര്‍ഷവും സര്‍ക്കുലെഷനില്‍ വച്ചടി വച്ചടി കേറ്റം. ന്താ കാര്യം? സംഗതി കളറാ! അതന്നെ. നല്ല ലെ ഔട്ട്‌ , ഫോണ്ട് , കളര്‍ കോഡ് പിന്നെ തരാതരം മസാല ചേര്‍ത്ത ഉള്ളടക്കം. പത്രം മാത്രമല്ല, പ്രസിദ്ധീകരണങ്ങളിലും. ഇത് തന്നെ ശൈലി. ഒരു മനോരമയും മാതൃഭൂമിയും കണ്ടാല്‍ കൂടുതല്‍ പേരും ആദ്യം എടുത്തു മറിക്കുന്നത് മനോരമയയിരിക്കും.


പറഞ്ഞു വന്നത് മലയാളത്തിലെ 'മ' പത്രങ്ങുടെ ഗുണദോഷങ്ങളല്ല, പരസ്യങ്ങളെ കുറിച്ചാണ്. ഏറ്റവും ശക്തമായ കലാവിഷ്കാരം ആണ് പരസ്യം എന്ന് പറഞ്ഞാല്‍ അല്ലെന്നു പറയാന്‍ ആവുമോ? കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ വാക്കുകള്‍ കൊണ്ട്, ഏറ്റവും മികച്ച രീതിയില്‍ ആശയങ്ങളെ ആളുകളിലേക്കെത്തിക്കണം. ഇത്രമേല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് റിസള്‍ട്ട് ഉണ്ടാക്കിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം മറ്റേതു ആവിഷ്കാരത്തിനുണ്ട്?



പെണ്ണിന്റെ അര്‍ദ്ധ നഗ്ന മേനിയും അതില്‍ അങ്ങിങ്ങ് വേണ്ടിടത്തും വേണ്ടാത്തിടത്തും തൂങ്ങി നില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളും മാത്രം മുഖ മുദ്രയക്കിയ ജുവല്ലറി പരസ്യങ്ങള്‍ ഒരമ്മ പെറ്റ മക്കളെ പോലെ പോയിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ കല്യാണ്‍ ഒരു തരി പൊന്ന് ഇല്ലാതെ സ്വര്‍ണ്ണക്കടയുടെ പരസ്യം ചെയ്യുന്നത്. ‘വിശ്വാസം അതല്ലേ എല്ലാം’ !



അച്ഛന്റെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ഒളിച്ചോടിപ്പോയ പെണ്ണ് തിരിച്ചു വരുമ്പോള്‍ ‘എന്റെ വിശ്വാസത്തിനു വിലയില്ലേ?’ എന്ന ഭാവത്തില്‍ ശശിയായി നിക്കുന്ന കാമുകന് വേണ്ടി യുവത്വം വാദിച്ചപ്പോളും പരസ്യം അതിന്റെ ഉദ്ദേശം സാധിച്ചെടുത്തു. കുടുംബ ബന്ധങ്ങള്‍ ഒക്കെ ദൃഡമായി നിലനിന്നാലും കല്യാണമാമാങ്കം കുടുംബം ഏറ്റെടുത്താലും മാത്രമേ സ്വര്‍ണ്ണം ചിലവാകൂ. ഒളിച്ചോടുന്നവര്‍ സ്വര്‍ണ്ണം വാങ്ങുമോ?

കല്യാണിന്റെ പരസ്യം ക്ലിക്ക്‌ ആയതോടെ ആലുക്കാസ്‌ കമ്പനികളും മലബാര്‍ ഗോള്‍ഡും അതേ വഴി വച്ച് പിടിച്ചു. കുടുംബം, ബന്ധം സ്നേഹം..അങ്ങനെ അങ്ങനെ.. 

(ഈ പരസ്യത്തില്‍ അമ്മയായി അഭിനയിച്ചിരിക്കുന്നത് വിജയിന്റെ സ്വന്തം അമ്മയാണ്, അവരുടെ പേര് ശോഭ എന്നും ! )

പരസ്യം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റും, പരസ്യം ഇത്തിരി രസകരമായാല്‍ പിടിച്ചിരുത്താം. ഇന്ത്യയില്‍ മെന്ടോസ്/സെന്റര്‍ ഫ്രെഷ് ആണ് ആളെ ചിരിപ്പിച്ചു കൊല്ലുന്ന പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പരീക്ഷിച്ചത് എന്ന് തോന്നുന്നു.


 ഇമ്മാതിരി പരീക്ഷണങ്ങള്‍ ഒക്കെ അന്താരാഷ്ട്ര വിപണിയില്‍ പരീക്ഷിച്ചു വിജയിച്ച ശേഷമേ ഇവിടെയൊക്കെ പരീക്ഷിക്കൂ. അങ്ങനെയാണ് തമാശകള്‍ക്ക് അപ്പുറം സെന്റിമെന്റ്സ് കൊണ്ടുള്ള കളി തുടങ്ങിയത്.

കഴിഞ്ഞ വര്ഷം ഏറ്റവും നല്ല പരസ്യമായി തിരഞ്ഞെടുക്കപ്പെട്ട ബട്വേയിസറിന്റെ പരസ്യം നോക്കു. സെന്റിമെന്റ്സ് !



കേരളത്തിന്‌ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം എങ്ങനെ വന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്ത്‌ യഥാര്‍ത്ഥ ‘God’s Own Country’ ന്യൂസിലാന്‍ഡ്‌ ആണ്. സംശയമുള്ളവര്‍ നോക്കിക്കോ. http://en.wikipedia.org/wiki/God's_Own_Country , ടൂറിസം പ്രമോഷന് വേണ്ടി പരസ്യം ഉണ്ടാക്കുമ്പോള്‍ ഏതോ ഒരു കോപ്പിറൈറ്റര്‍ അടിച്ചു വിട്ടതാണ് പിന്നീട് മലയാളി സമൂഹം ഏറ്റെടുത്തു പാടിയത്. അതെഴുതിയവന്‍ പോലും വിചാരിച്ചു കാണില്ല സംഗതി ഇത്ര ക്ലിക്ക് ആവുമെന്ന്. 

ഒരു ഉത്പന്നത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ചില പേരുകള്‍ ഇങ്ങനെ ഓടിയെത്തണം അതിനു ശക്തമായ പരസ്യം വേണം, ഇനി അതിനു പകരം മറ്റൊന്ന് കേറാതിരിക്കാന്‍ തുടര്‍ച്ച വേണം. ഒരിക്കല്‍ പരസ്യങ്ങള്‍ നല്‍കി തുടങ്ങിയാല്‍ തുടര്‍ച്ചയായി കൊടുത്തില്ലെങ്കില്‍ കമ്പനിക്ക് അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് കാര്യമായി എന്തോ സംഭവിച്ചു എന്ന ധാരണ ആളുകളില്‍ ഉണ്ടാവും. ഇനി ഒരേ പരസ്യം തന്നെ ഒരുപാടു കാലം കൊടുത്തു കൊണ്ടിരുന്നാല്‍ പുതുമയില്ലാത്ത കമ്പനി എന്ന പേര് വീഴും.

 ‘കൃഷ്ണ തുളസി കഫ്സിറപ്പ്‌’ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരേ പരസ്യം ആണ് കൊടുക്കുന്നത്. അതുകൊണ്ടെന്താ പണ്ടത്തെ അതേ ‘നല്ല’ സാധനം ആണ് ഇന്നും എന്നൊരു ധാരണ ഉണ്ടാക്കാന്‍ പറ്റി. എന്നുവച്ച് മറ്റു ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അത് യോജിക്കണമെന്നില്ല.

യു ടി ഐ ആക്സിസ്‌ ബാങ്ക് ആവുന്ന കാലത്താണ് കഷ്ടകാലത്തിനു ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവുന്നത്. ഓഹാരിയെന്നും മ്യൂച്ചല്‍ ഫണ്ട് എന്നും ചിന്തിച്ചാല്‍ തന്നെ യു ടി ഐ എന്ന പേര് ആളുകള്‍ ആദ്യം ഓര്‍ക്കുന്ന കാലത്ത് പേര് മാറ്റം വേണ്ട വിതം ആളുകളെ അറിയക്കാന്‍ കഴിയാഞ്ഞത് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. മറികടക്കാന്‍ ശക്തമായ പരസ്യം വേണ്ടി വന്നു. ഇരട്ടക്കുട്ടികളെ വച്ച് ‘പേര് മാത്രം വ്യത്യാസം മറ്റെല്ലാം ഒരുപോലെ’ എന്ന പരസ്യം ആ വര്‍ഷത്തെ ഏറ്റവും നല്ല പരസ്യത്തിനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കുകയും ചെയ്തു.


ആളുകളെയും പട്ടികളെയും വച്ച് പരസ്യം ഉണ്ടാക്കുന്നതിന്റെ മെനക്കേട് ഒഴിവാക്കാന്‍ വോഡഫോണ്‍ പരീക്ഷിച്ച ‘സൂസു’ പരസ്യങ്ങള്‍ ഹിറ്റ്‌ ആയി. ചെലവ് കുറവ്, പണി എളുപ്പം നല്ല റിസല്‍ട്ടും.

ഒരിക്കലും തകരാത്ത അക്ഷയപാത്രം ആണ് പരസ്യവിപണി. പ്രിന്‍റ് മീഡിയ , വിഷ്വല്‍ മീഡിയ എന്നിവയ്ക്ക് ഒപ്പം ശക്തമായി ന്യൂ മീഡിയ കൂടെ വേരുറപ്പിച്ച ഇക്കാലത്ത് ഇതുവരെ കാണാത്ത പല പുതുമകള്‍ക്കും പരസ്യ വിപണി വേദിയാവും. കാണപ്പുറത്തു കിടക്കുന്ന അവസരങ്ങള്‍ ഇനിയുമുണ്ട് ഏറെ. ഈ മേഖലയില്‍ കരിയര്‍ അല്ലെങ്കില്‍ ബിസ്സിനസ്സ്‌ തുടങ്ങാന്‍ താല്പര്യമുണ്ടെങ്കില്‍ അടുത്ത പോസ്റ്റ്‌ വായിക്കൂ. ചില ആശയങ്ങള്‍ പങ്കുവെയ്ക്കാം.