Saturday

പോയ ബുദ്ധി ആന വലിച്ചാ കിട്ട്വോ?




പ്ലസ്‌ ടു പഠിക്കുന്ന കാലത്ത്‌ ട്യൂഷന്‍ എടുത്തു കഴിഞ്ഞ് സൈക്കിളും പറപ്പിച് ബസ്‌ സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും മിക്കവാറും സ്കൂളിലേക്ക് ഉള്ള എട്ടര വണ്ടി സ്റ്റോപ്പ്‌ വിട്ടിട്ടുണ്ടാവും. തിങ്കളാഴ്ചയൊക്കെയാണെങ്കില്‍ ഞാന്‍ വിടില്ല. പിന്നാലെ ഓടും. സ്റ്റോപ്പ്‌ വിട്ട ബസ്സിനെ ഓടിപ്പിടിക്കാന്‍ ഞാന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ അമ്മായീടെ മോനൊന്നും ആയിരുന്നില്ലെല്ലോ.

പക്ഷെ അതൊരു ‘കാല്‍ക്കുലേഷന്‍’ ആണ്. കൊടുവായൂരങ്ങാടി കടന്ന് തിങ്കളാഴ്ച ഈ ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ എത്തണമെങ്കില്‍ മിനിമം ഒരു പത്ത് തവണ ഫുള്‍ ബ്രേക്ക്‌ ഇടണ്ടി വരും. പാലക്കാട്ടും ത്രിശൂര്‍ക്കും പോവേണ്ട പച്ചക്കറികളും കൊണ്ട് പൊള്ളാച്ചിയില്ന്ന്‍ വരുന്ന ലോറികള്‍ കൊടുവയൂരിലെ അങ്ങാടിയലാണ് ഇറക്കുന്നത്. തിങ്കളാഴ്ച വരുന്ന ഈ ലോറികള്‍ ഉണ്ടാക്കുന്ന ബ്ലോക്ക്‌ ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ പരിചിതമാണ്‌....

മിക്കവാറും അങ്ങടിയ്ക്ക് ഉള്ളില്‍ വച്ച് തന്നെ ഞാന്‍ ബസ്സില്‍ ചാടിക്കേറിയിട്ടുണ്ടാവും അല്ലെങ്കില്‍ അടുത്ത ബാസ്സ്റൊപ്പില്‍ വച്ച്. ബസ്സിനു പുറകെ ഓടി വരുന്ന കണ്ടാല്‍ കണ്ടക്ടര്‍ ഊതി നിര്‍ത്തില്ല ട്ടോ. ഒരുര്‍പ്യ സി ടി കൊടുക്കണ പിള്ളരല്ലേ.

ഇങ്ങനെ ഓടിപ്പിടിച് ബസ്സില്‍ ചാടിക്കേറി കഴിഞ്ഞാല്‍ ഉള്ളില്‍ ഒരു സന്തോഷം ആണ്. മുഖത്ത് നെപ്പോളിയന്‍ ലോകം കീഴടക്കിയപ്പോ ഉണ്ടായിരുന്ന പോലത്തെ ഒരു ഭാവം ആയിരിക്കും. കിട്ടാത്ത ദിവസങ്ങളില്‍ അടുത്ത സ്റൊപ്പെതിയാല്‍ ഒന്നുമറിയാത്ത പോലെ ഒരു ചിരിയും പാസ്സാക്കി അടുത്ത ബസ്സിനു വെയിറ്റ് ചെയ്യും.

അവസാന നിമിഷം വരെയും പ്രതീക്ഷയോടെ ശ്രമിക്കാനും, നേടാന്‍ പറ്റിയില്ലെങ്കില്‍ വിഷമം ഒരു ചിരിയിലൊതുക്കാനും പഠിപ്പിച്ച അവസരങ്ങള്‍ ആയിരിക്കാം അതൊക്കെ.

ശ്രമങ്ങള്‍ നടത്തിയിട്ടും കിട്ടാതെ വരുമ്പോള്‍ ഉള്ള നിരാശയെക്കളും നടത്താത്ത ശ്രമങ്ങള്‍ നല്‍കിയിട്ടുള്ള നിരാശകള്‍ക്കാണ് തീവ്രത കൂടുതല്‍.,. ലാലേട്ടന്‍ പറഞ്ഞത് പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടെക്കുകള്‍ ഇല്ലാലോ.

വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെയാണ് സുഹൃത്ത് വിഷ്ണുവുമായി ഹരിദ്വാറിലേക്ക് പോയത്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ അഹമ്മദാബാദ് വരെ. അവിടുന്ന് ഒരു ബര്‍ത്തില്‍ രണ്ടാളും കൂടെ ഹരിദ്വാറിലേക്ക്. ദിവസങ്ങള്‍ക്ക് മുന്‍പേ സജിയെട്ടന്‍ അവിടെ എത്തിയിരുന്നു. പിറ്റേന്ന് മൂന്നു പേരും ചേര്‍ന്ന് ഋഷികേശിലേക്ക്. രണ്ടു ദിവസം കഴിഞ്ഞ് ഉത്തരകാശിയിലെത്തി.കൈലസാശ്രമത്തില്‍ നിന്നാണ് ദിവസവും പല സ്ഥലങ്ങളിലേക്കും പോയ്ക്കൊണ്ടിരുന്നത്. കേരളത്തില്‍ നിന്ന് മറ്റൊരു സംഘവും അവിടെ എത്തിയിരുന്നു.

ഒരു പഞ്ചാബ്കാരന്റെ ജീപ്പിലാണ് അവരും ഞങ്ങളും പിന്നെ ആശ്രമത്തിലെ സംന്യാസി മാധവ് ജിയും മാ ഫതയും ( റഷ്യന്‍ സ്വദേശിനി , ഗംഗോത്രിയിലെ മൈനസ് ഡിഗ്രി തണുപ്പില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ ധ്യാനത്തിന് ശേഷം ഞങ്ങള്‍ എത്തുന്ന ദിവസം ആണ് കൈലസാശ്രമത്തില്‍ എത്തിയത്. ) ബരസോ ഗാവിലേക്ക് യാത്ര തിരിച്ചത്.

അവിടുള്ള ഒരു മലയിലെക്കാണ് കയറേണ്ടത്. മടക്കുകളിലൂടെ  സിംഗിന്റെ ജീപ്പ് മുന്നോട്ടു പോവുമ്പോള്‍ ചെങ്കുത്തായ വശങ്ങള്‍ പലപ്പോഴും ഭയം ഉളവാക്കും. കാണുന്നതൊക്കെ കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍ ആയിരുന്നു. ഒടുവില്‍ ബരസോ ഗാവില്‍..,. മാധവ് ജിയുടെ സുഹൃത്തിനു അവുടെയൊരു റിസോര്‍ട്ടുണ്ട്. ലെമണ്‍ ടീയും കുടിച്ച് കുറച്ചു നേരം വിശ്രമം.









പര്‍വത മേഘലയിലെ സമ്മര്‍ദം സാമാന്യം നല്ല രീതിയില്‍ കഷ്ടപെടുത്തി. തലയൊക്കെ വിങ്ങുമായിരുന്നു. ഉള്ളില്‍ ചെറിയ പനിയും. നമ്മളാരാ ആളുകള്‍... ഇതൊക്കെ എന്ത്.. മല കയറി തുടങ്ങിയപ്പോള്‍ തന്നെ ടീമിലെ മുതിര്‍ന്നവര്‍ പിന്മാറി ജീപ്പില്‍ ഇരുന്നു.
മല മുകളില്‍ കാഴ്ചകള്‍ ഒരുക്കുന്ന വിരുന്നിനെ പറ്റി മാധവ് ജി നിര്‍ത്താതെ സംസാരിച് ഞങ്ങളെ കൊതിപ്പിച്ചു.

 പലരുടെയും മൈലെജുകള്‍ പലതായത് കൊണ്ട് കുറച്ചു നേരം കൊണ്ട് തന്നെ പലരും പല ഭാഗങ്ങളില്‍ എത്തി. ഓടി ഓടിക്കയറിയ എന്റെ എന്‍ജിന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കിതപ്പ് തുടങ്ങി. എന്നേക്കാള്‍ ഏറെ പിന്നില്‍ ആയിരുന്ന സജിയേട്ടനും സനിലും ഇപ്പോള്‍ എന്റെ ഒപ്പം എത്തി. സനില്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞിട്ടേ ഉള്ളു. എന്റെ കിതപ്പ്‌ ഉച്ചത്തില്‍ ആയി. യോഗാസനങ്ങളും പ്രാണായാമവും ഒക്കെ കലക്കി കുടിച്ചിരിക്കുന്ന സജിയേട്ടന്റെ ശ്വാസഗതിയില്‍ നേരിയ മാറ്റം പോലും കണ്ടില്ല. ( എന്റമ്മോ ... സമ്മതിക്കണം )

ഇനിയും മുകളിലേക്ക് കയറിയാല്‍ അടപ്പ്‌ തെറിക്കാന്‍ സാധ്യത കണ്ടത് കൊണ്ട് പതുക്കെ താഴേക്ക്‌ തിരിക്കാനുള്ള തീരുമാനം സജിയെട്ടനോട് പറഞ്ഞു.
“ഡേയ്, ഇത്രയും വന്നില്ലേ ഇനി കുറചൂടല്ലേ ഉള്ളു, വാ പോയി വരാം. വിട്ടുകൊടുക്കാതെ.”

വിട്ടുകൊടുക്കാനോ? ഞാനോ? ഏതായാലും കേറാം.

വീണ്ടും മണിക്കൂറൊന്നു കഴിഞ്ഞു അറ്റം കാണേണ്ട യാതൊരു ലക്ഷണവും ഇല്ല. പലയിടത്തും തളര്‍ന്നിരുന്നു. കൂടെ സനിലും സജിയെട്ടനും. ഇടയ്ക്ക് സനില്‍ സജിയെട്ടനോട് പതുക്കെ പറയുന്നത് കേട്ടു

“ആ ചേട്ടന് സാധന പോര അല്ലേ..”

എന്റെ ചോര തിളച്ചു. ഹും... പീക്കിരി ചെക്കന്‍ എന്നെ പറയുന്നു... ഗര്ര്‍ര്ര്‍.......,.... ഇനി വിടുന്ന പരിപാടി ഇല്ല. ഇതിന്റെ തുമ്പത്ത് കയറിയട്ടു തന്നെ കാര്യം.

അകത്തു ചൂടും കിതപ്പും, പുറത്തു നല്ല തണുപ്പ്. മുകളിലേക്ക് കേറും തോറും കാടിന് കനം കൂടുന്നു. വെള്ളം മുന്‍പേ തീര്‍ന്നിരുന്നു. ഭക്ഷണം ഒന്നും ഇല്ലതാനും. ദൂരെ അരുവി ഒഴുകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. പക്ഷെ വഴി മാറി ഉള്ളിലേക്ക് പോകാന്‍ ധൈര്യമില്ല. വീണ്ടും ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞു കാണും. ഓരോ തവണ ഇരിന്നു വിശ്രമിക്കുമ്പോഴും സജിയേട്ടന്‍ വാത്സല്യത്തോടെ പറയും “ദാ എത്താറായെന്നെ... കുറച്ചൂടെ..”



ഞാന്‍ മനസ്സില്‍ ചോദിച്ചു “എല്ലാരും ആദ്യമായല്ലേ വരുന്നത്, പിന്നെ ഇയാള്‍ക്കെങ്ങനെ അറിയാം എത്താറായെന്ന്‍. ഇതിന്റെ മോളില്‍ ആയിരിക്കും ഇയാടെ അമ്മായീടെ വീട്”



ഇത്രയും നിസ്സഹായനും പരവശനും ആയ വേറൊരു സന്ദര്‍ഭം അതുവരെ ഓര്‍മയില്‍ ഉണ്ടായിട്ടില്ല. ബോധം തന്നെ പോകുന്ന പോല.
അറിയാവുന്നതും അറിയാത്തതും ആയ സകല ദൈവങ്ങളെയും വിളിച്ചു കഴിഞ്ഞു. ഏതാണ്ട് കരച്ചിലിന്റെ വക്കില്‍..,. ഒടുവില്‍ വെളിച്ചം കണ്ട് തുടങ്ങി. മുകളിലെ കാഴ്ചകള്‍ ഒന്നും അല്ല ഇപ്പൊ മനസ്സില്‍. അകെ വേണ്ടത് രണ്ടു കവിള്‍ വെള്ളം ആണ്. അതിനു വേണ്ടി മാത്രം ആവണം ലക്‌ഷ്യം കണ്ടപ്പോള്‍ ഓടിയത്.


കാലി മേയ്ക്കുന്നവരുടെ ആവണം ഒരു കുടില്‍! അത് കാണേണ്ട താമസം അങ്ങോട്ടേക്ക് വച്ച് പിടിച്ചു. കുടിലിനുള്ളിലേക്ക് തലയിട്ട് അറിയാവുന്ന ഹിന്ദിയില്‍ നിലവിളിച്ചു “കോന്‍ ഹേ യഹാ... മുജ്ഹെ കുച്ച് പാനി ദോ..”
ആളു പോയിട്ട് ഒരു അനക്കം പോലുമില്ല. നോ രക്ഷ.




അതാ., അപ്പുറത്ത് വെള്ളം ഒലിച്ച പോലൊരു ചാല്. അങ്ങോട്ടോടി.
കുറച്ചു വെള്ളം കെട്ടികിടക്കുന്നു. ഒന്നും അലോചിച്ചില്ല, ഇത്തിരി തെളിഞ്ഞ ഭാഗം നോക്കി രണ്ടു കൈ കൊണ്ടും പതുക്കെ എടുത്തു. കുടിക്കാന്‍ ചുണ്ടോടു അടുപ്പിച്ചപ്പോളാണ് ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയത്. രണ്ടു മൂന്നു കൂത്താടികള്‍ !

ഞാനാരാ മോന്‍.. ഒരു വിരല് കൊണ്ട് പതുക്കെ വിടവുണ്ടാക്കി അവരെ പുറത്തേക്കൊഴുക്കി, ബാക്കി വെള്ളം ഒറ്റവലിക്ക് അകത്തേക്കും.
മറ്റുള്ളവര്‍ക്കും അതുതന്നെയായിരുന്നു വഴി. സനിലും വല്ലാതെ ക്ഷീണിച്ചിരുന്നു.

ഇപ്പോളാണ് കണ്ണിലെ ഇരുട്ട് ഒന്ന് നീങ്ങിയത്. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. അതിമനോഹരമായ പുല്‍മേടു ഒരു വശത്ത്, മഞ്ഞുകിരീടം ചൂടി നില്‍ക്കുന്ന പര്‍വതങ്ങള്‍ മറുവശത്ത്. കൈലാസ പര്‍വതങ്ങളുടെ തുടക്കം ആണ്. ഓര്‍മയില്‍ത്തന്നെ ഇത്രമേല്‍ ഭംഗിയുള്ള കാഴ്ചകള്‍ വേറെ കണ്ടിട്ടില്ല .







പ്രശ്നം അവിടെയല്ല , വീണ്ടും ഒരു കുന്നു കൂടി ഉണ്ട് കയറാന്‍. ഇനി എന്ത് വന്നാലും ഒരടി മുകളിലേക്ക് വെയ്ക്കാന്‍ ഞാന്‍ ഇല്ല. കട്ടായം.
പക്ഷെ ഇത് വളരെ ചെറിയ കുന്നാണ്. നോക്കിയാല്‍ തന്നെ മുകള്‍ കാണാം. മാധവ്‌ ജിയും മ ഫതയും ഒക്കെ ഇപ്പോള്‍ അവിടെ ഉണ്ടാവും. സജിയേട്ടന്‍ വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിച്ചു. “ഡേയ്... ഇനി ഇത്രയല്ലേ ഉള്ളു... വാ കേറിയിട്ട് പോവാം.”


സജിയേട്ടന്‍ ആളു ജാംബവാനാണ്. പ്രചോദനം നല്‍കാന്‍.

“ഇല്ലണ്ണാ.. ഇത്രയും കണ്ടത് ഒക്കെ മനസ്സ് നിറച്ചു. നിങ്ങള് പോയി വരൂ.. ഞാന്‍ കുറച്ചു നേരം കിടക്കട്ടെ.”

“ഹാ... ഇങ്ങനങ്ങു വിട്ടുകൊടുത്താലോ.. പിന്നെ നീയൊക്കെ എന്ത് ബിസ്സിനസ്സ്കാരന്‍ എടേയ്..”

ഇല്ല. ഇത്തവണ ഞാന്‍ അനങ്ങിയില്ല.



കണ്ണും അടച്ചു ആ താഴ്‌വരയില്‍ കിടന്നപ്പോള്‍ സ്വര്‍ഗത്തില്‍ ആണെന്ന് തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സനില്‍ താഴെയെത്തി എന്നോട് പറഞ്ഞു,
 “ചേട്ടാ.. ഒന്ന് മുകളിലേക്ക് വരൂ... ഉഗ്രനാട്ടോ.. മിസ്സ്‌ ചെയ്യരുത്...”

ഇല്ല, ഇപ്പോളും ഞാന്‍ പോകുന്നില്ല. വയ്യ...
തിരിച്ചു നടക്കണം. സനിലും എന്റെ കൂടെ കൂടി താഴേയ്ക്ക്.




തിരിച്ചുള്ള യാത്രയില്‍ സജിയേട്ടനു പറയാന്‍ ഇതുമാത്രമേ ഉണ്ടായുള്ളു.
"എന്നാലും നിങ്ങള്‍....,.. അത്രേം വന്നിട്ട്...ശേ... കഷ്ടമായിപ്പോയി..."

എപ്പോഴൊക്കെ ഹരിദ്വാര്‍ യാത്രയുടെ ഓര്‍മ്മകള്‍ മനസ്സില്‍ വരുമ്പോഴും ഈ വാക്കുകള്‍ മനസ്സില്‍ ഓടിയെത്തും.
ശ്രമിക്കാതെ വിട്ടുകൊടുത്തതിന്റെ ചമ്മലും. പോയ ബുദ്ധി ആന വലിച്ചാ കിട്ട്വോ? 



Monday

ആശയം + നിക്ഷേപം = സംരംഭം ?? - 2

ശ്രീജിത്ത് എന്റെ ഫേസ്ബുക്ക് സുഹൃത് എന്നതിലുപരി സഹോദരതുല്യന്‍ ആണ് , ഒരു യുവസംരംഭാകന്‍..,. പഠിച്ചു കഴിഞ്ഞ് പല ജോബ്‌ ഓഫറുകളും വേണ്ടെന്നു വച്ച് സ്വന്തം സ്ഥാപനം കെട്ടിപടുത്തയാള്‍....,. ഒരുപാടു വിഷയങ്ങള്‍ പങ്കുവെയ്ക്കാറുണ്ട് . ഏറെനാള്‍ കൂടി കാണാന്‍ സാധിച്ചു. 

ചൂടോടെ രണ്ടു സിപ്‌ കോഫി എടുത്ത് ശ്രീജിത്ത് പറഞ്ഞു. "ഞാന്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ തുടങ്ങിയ കാലത്തൊക്കെ സുഹൃത്തുക്കളെയും ജൂനിയേര്സിനെയും ഒക്കെ എപ്പോ കണ്ടാലും സ്വന്തമായി വല്ലതും തുടങ്ങാനും വലിയ സ്വപ്‌നങ്ങള്‍ സാധിചെടുക്കാനും ഉപദേശിക്കുമായിരുന്നു. ഇന്ന് ആരോടും അങ്ങനെ ഞാന്‍ പറയില്ല."




എപ്പോഴും കാര്യങ്ങളെ വളരെ പോസിറ്റീവ് ആയി മാത്രം നോക്കിക്കണ്ടിട്ടുള്ള ശ്രീജിത്തില്‍ നിന്ന് ഇത് അപ്രതീക്ഷിതം ആയിരുന്നു. 

"നിങ്ങളുടെ ബിസിനസ്സ് സാമാന്യം നല്ല രീതിയില്‍ മുന്നോട്ടു പോവുന്നുണ്ട്. വിജയിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭകന്‍, പിന്നെന്താ ?"

ആകാംക്ഷയോടെ ഞാന്‍ തിരക്കി.

"കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ മോട്ടിവേഷന്‍ ക്ലാസ്സുകളും പുസ്തകങ്ങളും ഒന്നും ഞാന്‍ പാഴാക്കാറില്ലായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ യഥാര്ത്യമാക്കാന്‍ സ്വന്തം സംരംഭം എന്ന ആശയം മനസ്സില്‍ ഊട്ടി ഉറപ്പിച്ചു വച്ചിരുന്നു. പരിമിതമായ മൂലധനം കൊണ്ടുതന്നെ നല്ല രീതിയില്‍ തുടക്കം കുറിക്കുകയും ചെയ്തു.



ഇപ്പോള്‍ ബിസ്സിനസ്സ്‌ അത്യാവശ്യം നല്ല രീതിയില്‍ മുന്നോട്ടു പോവുന്നുണ്ട്. നമ്മളൊക്കെ വായിച്ചും കേട്ടും വളര്‍ന്ന കൊച്ചൌസേഫ് ചിറ്റിലപ്പള്ളി മുതല്‍ അംബാനിയുടെ കഥ വരെ പരാജയങ്ങളില്‍ നിന്ന് നെയ്തെടുത്ത വിജയങ്ങളുടെ ആണ്. തുടക്കത്തില്‍ ഇവരൊക്കെ ഒരുപാടു കഷ്ടപ്പെട്ടിടുണ്ട്. പക്ഷെ ഈ രണ്ടു വാചകങ്ങളില്‍ നമ്മള്‍ ഒതുക്കിയ കഷ്ടപാട് ശരിക്കും എന്താണെന്ന്‍ അനുഭവിച്ചാല്‍ മാത്രമേ അറിയു.

ആദ്യത്തെ രണ്ടു മൂന്നു മാസങ്ങള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടായിരുന്നില്ല. പല പ്രവര്‍ത്തനങ്ങള്‍ക്കും കണക്ക് കൂട്ടിയതിനെക്കാള്‍ കൂടുതല്‍ പണവും സമയവും ചിലവായെങ്കിലും അതൊന്നും ബാധിച്ചില്ല. പക്ഷെ പിന്നീടങ്ങോട്ട് മുന്നോട്ടു പോവാന്‍ കൂട്ടിയ കണക്കുകള്‍ ഒന്നും മതിയാവാതെ വന്നു. വിചാരിച്ച പോലെ അത്ര എളുപ്പം ആയിരുന്നില്ല ഓരോ ചുവടുകളും. 'I am my own boss' എന്നതായിരുന്നു പണ്ടു മുതലേ എന്നിലെ സംരംഭകന്‍റെ ആപ്തവാക്യം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അതിന്റെ പൊള്ളത്തരം ബോധ്യപെട്ടു.

 ഒരു തൊഴിലാളിക്ക് അവന്റെ ഒരു മുതലാളിയെ മാത്രം അനുസരിച്ചാല്‍ മതി, പക്ഷെ മുതലാളിയുടെ സ്ഥിതി അതല്ല. തൊഴിലാളികള്‍ , ഉപഭോക്താക്കള്‍, ഡീലര്‍മാര്‍ തുടങ്ങി സകലരെയും തൃപ്തികരമായ രീതിയില്‍ കൈകാര്യം ചെയ്യണം. ആരെയും പിണക്കാന്‍ വയ്യ. ഇല്ലെങ്കില്‍ കാര്യം നടക്കില്ല. ഹ്യൂമന്‍ റിസോഴ്സിന്റെ ആദ്യ പാഠങ്ങള്‍ തുടങ്ങുന്നത് അവിടെ നിന്നായിരുന്നു. നമുക്ക് നമ്മളായിരിക്കാന്‍ പറ്റാത്ത അവസ്ഥ ! നമ്മുടെ വികാരങ്ങള്‍ക്കും ആവേശത്തിനും ഒന്നും കാര്യം നേടിത്തരാന്‍ പറ്റിയെന്നു വരില്ല. വിവേകവും ക്ഷമയും കൈമോശം വന്നാല്‍ സംഗതി ട്ടിം !



ടീം ലീഡ്‌ ചെയ്യുന്നയാള്‍ ശരിക്കും ഒരു ആള്‍റൗണ്ടര്‍ ആവണം. നമ്മുടെ ആശയം യഥാര്ത്യമാവുന്ന പാതയിലെ എല്ലാ മേഖലകളെകുറിച്ചും അഗാധമായ അറിവില്ലെങ്കിലും മിനിമം ധാരണ നിര്‍ബന്ധം. കൂടുതല്‍  പെര്ഫക്ഷന്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം ഉണ്ടാവണം.

പ്രതിസന്ധിയുടെ പല ഘട്ടങ്ങളിലും തോറ്റു പോവുമോ എന്ന ഭയം ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലും ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി. ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ ശരിക്കും അദ്ഭുതം തോന്നും. സ്വയം പൊക്കി പറയുകയല്ല കേട്ടോ, അസാമാന്യമായ ധീരത വേണം യഥാര്‍ത്ഥ വെല്ലുവിളികളെ നേരിടാന്‍..,.
അറിവും ആത്മവിശ്വാസവും ശക്തമായ പ്ലാനിങ്ങും മാനേജ്‌മെന്റ്‌ പാടവവും ഉണ്ടെങ്കിലെ / ഉണ്ടാക്കിയെങ്കിലെ സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ട് പോവാന്‍ ആവു. "



കുടിയ്ക്കാന്‍ മറന്നു പോയ കപ്പിലെ കോഫി എന്നെ നോക്കി ആറി നിലവിളിച്ചു.
 സമാനമായ പല ഘട്ടങ്ങളിലൂടെയും കടന്നു പോയിട്ടുള്ളത് കൊണ്ട് ശ്രീജിത്തിനെ എളുപ്പം വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. ആശയവും നിക്ഷേപവും മാത്രം ഉണ്ടെങ്കില്‍ ഒരു സംരംഭം ഉണ്ടാവുമായിരിക്കും, പക്ഷെ വിജയിക്കണം എന്നില്ല.

വീണ്ടും ഒരു ചാണക്യനീതി മനസ്സില്‍ ഓടിയെത്തി.
 "ഉദ്യമം സാഹസം ശക്തി ബുദ്ധി ധൈര്യ പരാക്രമൌ , ദൈവം തത്ര പ്രകാശയേത് : "
 ഇതെല്ലം കൂടെ സമ്മേളിചാലേ വിജയം ഉണ്ടാവു എന്ന് ചുരുക്കം.



എല്ലാം പഠിച്ചതിനു ശേഷം മാത്രം വല്ലതും തുടങ്ങണം എന്നല്ല, പഠനവും പരിശ്രമവും നിരന്തരമായിരിക്കണം എന്ന് മാത്രം. വലിയ ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും ഒന്നുമില്ലാത്ത ആഘോഷങ്ങളുടെയും ഉല്ലാസങ്ങളുടെയും കോളേജ്‌ ജീവിതത്തിനു ശേഷം, സംരംഭക ജീവിതത്തിലേക്ക് വരുന്ന യുവത്വങ്ങള്‍ക്ക് കഠിന സാഹചര്യങ്ങളെ എത്ര കണ്ടു ഫലപ്രദമായി നേരിടാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും സ്റ്റാര്‍ട്ട്‌-- -അപ്പ്‌ സംഗതികളുടെയും ഇന്നൊവേഷന്‍ സോണുകളുടെയും ഒക്കെ വിജയം. 

-----------------------------------------------------------------------------------------------------------------------

നല്ല ആശയങ്ങള്‍ ആണെങ്കില്‍ നിക്ഷേപകര്‍ ഉണ്ടാവും സഹായിക്കാന്‍.,. പക്ഷെ സംരംഭകര്‍ ചില മറുവശങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇവിടെ വായിക്കു.









ആശയം + നിക്ഷേപം = സംരംഭം ?? - 1


പഴയ സിനിമകളിലൊക്കെ കണ്ടിട്ടില്ലേ , നായകന്‍ കള്ളവണ്ടി കേറി മദ്രാസിലെക്കോ ബോംബെയിലെക്കോ പോവും . അല്ലെങ്കില്‍ കട്ടിട്ടോ കടം വാങ്ങിച്ചോ ദുഫായിലേക്ക് പോവും. എന്നിട്ട് കുറച്ചു കാലം കഴിഞ്ഞാല്‍ ഒരു വരവാണ്. വല്ല്യ പണക്കാരനോ ബിസ്സിനസ്സ്കരാണോ ഒക്കെ ആയിട്ട്. ഈ ത്രെഡില്‍ വിരിഞ്ഞ കുറെ സിനിമകള്‍ ഓര്‍മയിലുണ്ട്. 

രജനികാന്തിന്റെ സിനിമകളില്‍ ഒക്കെ ആണെന്കില്‍ മിക്കവാറും കഥയുടെ ഏതെന്കിലും ഘട്ടത്തില്‍ നായകന്‍ ദരിദ്രവാസി ആയിരിക്കും. പക്ഷെ പടം പകുതി കഴിയുമ്പോഴേക്കും നായകന്‍ അധ്വനിച്ചും വീരശൂര പരാക്രമങ്ങള്‍ കാണിച്ചും സകല വിജയങ്ങളും കൈവരിക്കും. ഈ സിനിമകളോട് വലിയ ആരാധന ആയിരുന്നു. മലയാളത്തില്‍ കാണുന്ന പോലെ ഭാഗ്യം കൊണ്ടുള്ള കളികള്‍ കുറവായിരിക്കും. 


സിനിമകളെ വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങളാണ് പല വിജയിച്ച സംരംഭകരുടെ കഥകളും. ആദ്യകാലത്ത് തന്റെ മോട്ടര്‍ പമ്പ് ഒന്ന് വിറ്റുകിട്ടാന്‍ കൊചൌസെഫ് ചിറ്റിലപ്പള്ളി സര്‍ എത്ര കഷ്ടപെട്ടിട്ടുണ്ടെന്നു നമുക്കറിയാം. ഹോണ്ടയുടെ ജനനവും വന്‍ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടായിരുന്നു. നവീനമായ ആശയങ്ങളും ഉത്പന്നങ്ങളും ഉണ്ടായിട്ടും അതിനു വിപണി കിട്ടാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍.,. തരണം ചെയ്തു വിജയിച്ചവരെ നമ്മള്‍ ഇന്നറിയുന്നു. അല്ലാത്ത എത്രയോ ആളുകള്‍ കാണും.



കാലം പഴയതല്ല

ഐടിയും അതുണ്ടാക്കിയ പ്രഭാവങ്ങളും ചില്ലറയാണോ. കെട്ടിപടുക്കാനും വളരാനും ഉള്ള സാദ്ധ്യതകള്‍ അനവധിയാണ്. രാജ്യ അതിര്‍ത്തികളോ, ഗ്രാമ നഗര വ്യത്യാസങ്ങളോ, ഒന്നും വിഷയമല്ല, വേണമെന്നുള്ളവര്‍ക്ക്.

 ഈയുള്ളവന്‍ തന്നെ ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നവനാണ്. റഷ്യയിലോ യുകെയിലോ ഉള്ള ബ്രോക്കെര്‍ ദുബായിലെ നിക്ഷേപകന്‍ സെര്‍വറും സപ്പോര്‍ട്ടും ഫ്രം സിംഗപ്പൂര്‍ നമ്മള് പാലക്കാട്ടെ ഓഫീസിലോ വീട്ടിലോ ഇരുന്നു ട്രേഡ്‌ ചെയ്യും. എല്ലാം ടെക്നോളജി മുത്തപ്പന്റെ കൃപ ! 

നല്ല ആശയങ്ങള്‍ ഉണ്ടെങ്കില്‍, ഇത്തിരി ബുദ്ധിപൂര്‍വം അധ്വാനിക്കാന്‍ തയ്യാറെങ്കില്‍ സംഗതി വിജയിപ്പിചെടുക്കാന്‍ സാധിക്കും. 

രാജ്യത്തിന്‍റെ വളര്‍ച്ചയിലും നല്ല ഭാവിയിലും സംരംഭകരും അവര്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ട്. യുവസംരംഭകരെ പ്രോത്സാഹിപിക്കാനും വളര്‍ത്താനും സര്‍ക്കാര്‍ മാത്രമല്ല സ്വകാര്യ നിക്ഷേപകരും മുന്‍കൈ എടുക്കുന്നുണ്ട്.

സ്റ്റാര്‍ട്ട്‌--- -അപ് വില്ലേജുകളെക്കുറിച്ചും, ബിസ്സിനസ്സ്‌ Incubatorകളെ കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുക്കം ആയിരിക്കും. അല്ലാ, ഇനിയും കേട്ടിട്ടില്ലെന്കില്‍ ലിങ്കുകള്‍ വായിക്കൂ. ഇവിടെ. പിന്നെ ദേ ഇബടെ, ഒന്നൂടെ വേണമെങ്കില്‍ ഇവിടെയും. ഇനിയും വേണോ ഗൂഗിളിക്കോളൂ. :)

ദേ ഇപ്പൊ കൊച്ചിയില്‍ പത്തേക്കറില്‍ വരാന്‍ പോകുന്ന ഇന്നൊവേഷന്‍ സോണ്‍ സ്റ്റാര്‍ട്ട്‌ അപ്പ് ശൃംഖല മാത്രമാണ് ലക്ഷ്യമിടുന്നത്. 



കുറഞ്ഞ നിരക്കില്‍ സ്ഥലും സൗകര്യങ്ങളും മാത്രമല്ല നിക്ഷേപകരെയും കണ്ടെത്തിത്തരും എന്ന് മനസ്സിലായല്ലോ. അനുഭവസമ്പത്തുള്ള Mentors ന്റെ സഹായങ്ങളും പ്രതീക്ഷിക്കാം. ഇത്തരം ചുവടുവെയ്പുകള്‍ പ്രശംസനീയമാണ്. യുവസംരഭകരെ സഹായിക്കുന്ന സര്‍ക്കാരിനും നിക്ഷേപകര്‍ക്കും എന്റെ നല്ല നമസ്കാരം. 

എല്ലാത്തിനും ചില മറുവശങ്ങള്‍ ഉണ്ടല്ലോ. ആശയങ്ങള്‍ കൊണ്ട് വരുന്നവര്‍ക്ക് ആനുകൂല്യങ്ങളും നിക്ഷേപങ്ങളും നല്‍കിയാല്‍ വിജയിക്കാന്‍ സാധിക്കുമോ? സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജുകള്‍ എത്ര കണ്ടു  വിജയം ആയിതീരും ? ചില നിരീക്ഷണങ്ങള്‍ ഇവിടെ വായിക്കൂ...


Sunday

കച്ചവട താല്പര്യ ചിന്തകള്‍.




പലപ്പോഴും ഓര്‍ക്കാറുണ്ട് ഇതെന്താ ഇങ്ങനെ?

"ബഹുരാഷ്ട്രകുത്തക കമ്പനികളുടെ കച്ചവട താല്പര്യങ്ങല്‍ക്കെതിരെ........"


പിന്നെ ബഹുരാഷ്ട്രകമ്പനികള്‍ക്ക് കച്ചവട താല്പര്യങ്ങള്‍ അല്ലാതെ സേവന താല്പര്യങ്ങള്‍ ആണോ ഉണ്ടാവുക??

'ചെടി വളരുന്നതിനു എതിരെ.. ' എന്ന് പറയുന്ന പോലെ തോന്നി.


ഒന്നാമന്‍ : ഡേയ്, അവന്‍ ശരിയില്ല.

രണ്ടാമന്‍ : അതെന്താ?

ഒന്നാമന്‍ : പുള്ളിക്ക് ബിസ്സിനസ്സ്‌ മൈന്‍ഡ്‌ ആണ്. അടുപ്പിക്കാന്‍ പറ്റില്ല.

രണ്ടാമന്‍ : ........??????? ..............(നിശബ്ദം)

പാവം രണ്ടാമന്‍.. , മിക്കവാറും എന്നെപ്പോലെയുള്ള പാവം കച്ചവടക്കാരായിരിക്കും.


മറ്റേ പുള്ളി ഒരു ആത്മീയ കച്ചവടക്കാരന്‍ ആണ് പോലും. ശ്വാസം വിടാന്‍ പഠിപ്പിക്കാന്‍ ഒക്കെ ഇപ്പൊ എന്താ ഫീസ്‌. 

ഡിമാന്‍ഡ് ഉള്ള ഏതിനും സപ്ലൈ ഉണ്ടാവും. ആ ഡിമാന്‍ഡ്  വേണ്ട വിധം തിരിച്ചറിഞ്ഞ് സപ്ലൈ കൊടുക്കാന്‍ കഴിയുന്നവര്‍ ഞങ്ങളെ സംബന്ധിച്ച് കേമന്മാര്‍ തന്നെ സംശയം ഇല്ല. 

കച്ചവടം എന്നാല്‍ മഹാപരാധം എന്ന ധാരണ മലയാളത്തിനും മലയാളിക്കും ഉള്ളത്ര അന്യനാട്ടില്‍ ഉണ്ടെന്നു തോന്നുന്നില്ല.

ഗുജറാത്തിലെ മാര്‍വാടികള്‍ മക്കളെ അവര്‍ക്കിഷ്ടമുള്ളത്രയും പഠിപ്പിക്കും. പക്ഷെ ജോലിക് പോവാന്‍ സമ്മതിക്കില്ല പോലും. മര്യാദയ്ക്ക് സ്വന്തമായി വല്ലതും ചെയ്തോണം. 


കാലത്തിനു മുന്‍പേ ചിന്തിച്ചവര്‍, ലോകത്തിന്റെ ദിശ നിര്‍ണ്ണയിച്ചവര്‍., മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടിയവര്‍ ..  എല്ലാം കച്ചവടക്കാര്‍..,.!

വെല്ലുവിളികളെ വിജയിച്ചവര്‍, ദുര്‍ഘടങ്ങളെ അതി ജീവിച്ചവര്‍ , വിജയങ്ങള്‍ സൃഷ്ടിച്ചവര്‍ ... അതേ കച്ചവടക്കാര്‍.,!!

ലോകം കണ്ടിട്ടുള്ള എല്ലാ 'സംഭവങ്ങളിലും' , അത് യുദ്ധങ്ങള്‍ ആയിക്കോട്ടെ, വിപ്ലവങ്ങള്‍ ആയിക്കോട്ടെ, ആരുടെയെങ്കിലും വന്‍ വിജയങ്ങളോ വലിയ പരാജയങ്ങളോ ആവട്ടെ, വൈശ്യന്റെ ഇടപെടല്‍ ഇല്ലാതെ ഒന്നും നടന്നിട്ടില്ല !!

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം, മുതലാളിമാര്‍ക്കെതിരെ വിപ്ലവങ്ങള്‍ നയിച്ച്‌ വിജയം കൈവരിച്ചതൊക്കെ കൊട്ടിപ്പാടി നടക്കുന്നത് കാണാം. അന്വേഷിച്ച് പഠിച്ചവര്‍ക്കറിയാം എല്ലാ വിപ്ലവങ്ങള്‍ക്കും പുറകില്‍ മുതലാളിമാരുടെ യുദ്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന്.

മുതലാളിയും മുതലാളിയും തമ്മില്ലുള്ള യുദ്ധത്തില്‍  തൊഴിലാളികള്‍ ഉപയോഗിയ്ക്കപ്പെട്ടു. ഒരു മുതലാളിയുടെ തകര്‍ച്ച മറ്റേ മുതലാളിയുടെ വിജയം ആയിരുന്നു.  തൊഴിലാളികള്‍ അത് അവകാശപ്പെട്ടു !


പത്തു കൊല്ലം മുന്‍പ് അക്ഷയത്രിതീയ എന്താന്ന് കേള്‍ക്കാത്ത കേരളത്തില്‍ ഇന്ന് ആഴ്ചകള്‍ക്ക് മുന്‍പേ ബുക്കിംഗ് തുടങ്ങും അന്നേദിവസം സ്വര്‍ണ്ണം കിട്ടാന്‍..

കാര്യങ്ങള്‍ കുറെയൊക്കെ മാറിവരുന്നുണ്ട്. കുറെ പയ്യന്‍സ് സ്വന്തം സംരംഭങ്ങളില്‍ വിജയം കൊയ്തത് കൊണ്ടും പ്രാരാബ്ധങ്ങള്‍ ഇല്ലാത്ത മക്കള്‍ ഇത്തിരി റിസ്ക്‌ എടുത്താല്‍ കുഴപ്പമില്ലെന്ന് രക്ഷിതാക്കള്‍ കരുതന്നത് കൊണ്ടും നവ - യുവ സംരംഭകര്‍ക്ക് ഇപ്പോള്‍ പിന്തുണ ഏറെയാണ്. 

പോരട്ടെ പോരട്ടെ.. കാര്യങ്ങള്‍ മാറട്ടെ... ഇനിയും വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് ലോകം കാതോര്‍ക്കട്ടെ !




Saturday

ലോകം ഭരിക്കുന്നവര്‍


ഒരു ചാണക്യന്‍ തിയറി -

"വൈശ്യന്മാര്‍ അവരുടെ ആവശ്യങ്ങള്‍ ബ്രാഹ്മണന്മാര്‍ മുഖേന ക്ഷത്രിയന്മാരെ പൊതു ആവശ്യമായി ധരിപിക്കും , ക്ഷത്രിയര്‍ അത് നടപ്പിലാക്കും അതിന്റെ ഫലങ്ങള്‍ ശുദ്രന്‍ അനുഭവിക്കുകയും ചെയ്യും."

ഉദഹരണത്തിനു പെട്രോളിന്റെ വില വര്ധിപ്പിക്കേണ്ടത് കുത്തക എണ്ണകമ്പനികളുടെ , റിലയന്‍സോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോ ആരും ആവാം, ആവശ്യമാണ്. അതായതു വൈശ്യന്‍മാരുടെ ആവശ്യങ്ങള്‍. , 

അവരത് ഇക്കണോമിസ്ടുകളിലൂടെ (ബ്രാഹ്മണന്‍മാര്‍),) ഗവണ്മെന്റിനെ (ക്ഷത്രിയന്മാരെ ) ധരിപ്പിക്കും. ഫലം പെട്രോളിന്റെ വില ഗവണ്‍മെന്റ് വര്‍ധിപ്പിക്കും അതിന്റെ ഫലം സാധാരണക്കാരന്‍ (ശുദ്രന്‍),) അനുഭവിക്കുകയും ചെയ്യും. 

എന്നും ലോകം ഭരിക്കുന്നത് യഥാര്‍ത്ഥത്തില്‍ വൈശ്യന്‍((മാരാണെന്ന് (Business Class) പറയാം.

ഇന്ത്യ ഭരിക്കുന്ന കച്ചവടക്കാരെക്കുറിച്ച് ഒരു ലേഖനം ഇവിടെ വായിക്കു. അവിശ്വസനീയമായി തോന്നുമെങ്കിലും സത്യങ്ങള്‍ ഇല്ല എന്ന് ആര്‍ക്കും പറയാന്‍ ആവില്ല.

മാധ്യമ രാജാവ്‌ റൂപ്പര്‍ട്ട് മരടോക്കിന് യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല ശക്തിയും സാന്നിധ്യവും ഈ ഇട്ടാവട്ട പൂജ്യം പോലിരിക്കുന്ന കേരളത്തിലെ മൂന്നു പ്രമുഖ ചാനലുകള്‍ ഇദ്ദേഹത്തിന്റെ ആണെന്ന് ഓര്‍ക്കുമ്പോള്‍ വ്യാപ്തി മനസ്സിലാവും. 




നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉത്പന്നങ്ങളും നിങ്ങളില്‍ എത്തിക്കപ്പെട്ടത്‌ മറ്റു ചിലരുടെ തീരുമാനം അനുസരിച്ച് അല്ലെ ? 

ഒരു കച്ചവടക്കാരന്‍ എന്ന നിലയില്‍ പറയുന്നത് ഔചിത്യം അല്ലെങ്കിലും, പറയാതെ വയ്യ.
നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടത് 'ഭരണം' വൈശ്യന്മാരില്‍ നിന്നും വേര്‍പെടുക എന്നതാണ്. വൈശ്യന്റെ ഇടപെടല്‍ ഇല്ലാതെ ബ്രാഹ്മണര്‍ക്ക് ചിന്തിക്കാനും ക്ഷത്രിയര്‍ക്കു ഭരണം നിര്‍വഹിക്കാനും ഉള്ള സാഹചര്യം ഉണ്ടാവണം, അല്ലെങ്കില്‍ ഉണ്ടാക്കണം. അതിനുള്ള ശേഷി അധികാരവര്‍ഗത്തിനല്ലാതെ മറ്റാര്‍ക്കു?

വൈശ്യ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്കൊണ്ട് നടപ്പിലാക്കപ്പെട്ട തീരുമാനങ്ങള്‍  ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 

രാജ്യത്തെ 85% വരുന്ന നിക്ഷേപങ്ങളും കയ്യാളിയിരുന്ന 14 ഭീമന്‍ വാണിജ്യബാങ്കുകളെ 1969 ലെ ഒറ്റ ഓര്‍ഡിനന്‍സിലൂടെ ദേശസാല്‍ക്കരിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൈക്കൊണ്ട സധീരമായ തീരുമാനത്തെ ശ്രീ. ജയപ്രകാശ്‌ നാരായണന്‍ വിശേഷിപിച്ചത് ഇങ്ങനെയാണ് "Masterstroke of Political Sagacity" . വെറും രണ്ടാഴ്ച കൊണ്ട് പ്രസിഡന്റിന്റെ അംഗീകാരത്തോടെ ബില്‍ പാസ്സാകി എടുത്തു മഹതി. 



ധാര്‍മികതയില്ലാത്ത വൈശ്യന്മാരും ദുര്‍ബലരായ ക്ഷത്രിയ വര്‍ഗ്ഗവും വിനാശം മാത്രമേ വരുത്തി വെയ്ക്കു. തീര്‍ച്ച. 

തട്ടാതെ മുട്ടാതെ തട്ടുകടകള്‍

"അരെ ജോ ഗതാ ഹെന്‍ ഖാ കെ ജാവോ.... മേരെ പാസ് കോയി കിതാബ് വിതാബ്‌ നഹി ഹേന്‍..,..."

(ഇങ്ങനെയാണ് എന്റെ ചെവിയില്‍ കേട്ടത് )

ഒരു ദിവസം എത്ര പ്ലേറ്റ് കച്ചോടം നടക്കും, എന്ത് ലാഭം കിട്ടും?  എന്ന് ചോദിച്ചതിനാണ് ബെല്‍പുരി വില്‍ക്കുന്ന ഹിന്ദിക്കാരന്‍ ഇങ്ങനെ പറഞ്ഞത്. ഹിന്ദി അത്ര വശമില്ലെങ്കിലും "തിന്നാനുള്ളത് തിന്നിട്ട് പോടോ, കണക്കൊന്നും തരാന്‍ മനസ്സില്ല" എന്നാണ് സ്നേഹനിധിയായ ആ ഉത്തരേന്ത്യന്‍ സഹോദരന്‍ എന്നോട് ഉര ചെയ്തത് എന്ന് മനസ്സിലാക്കാന്‍ പണ്ഡിറ്റ് ബിരുദം ഒന്നും വേണ്ടല്ലോ. ( പാവം ഞാന്‍ )


"എന്താ ചേട്ടാ അറിയേണ്ടത്?"  മാസലപൂരി കഴിചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ സഹായവാഗ്ദാനം.

ഞാന്‍ കാര്യം പറഞ്ഞു.

"അങ്ങനെ കൃത്യം കണക്കൊന്നും അറിയില്ല, പക്ഷെ കഴിച്ചു കഴിഞ്ഞ വേസ്റ്റ് ഇലപ്ലേറ്റ്‌ ഇടുന്ന ബക്കറ്റ്‌ കണ്ടോ.?"

വണ്ടിയുടെ അടിയില്‍ നിറഞ്ഞു നിക്കുന്ന രണ്ടു ബക്കറ്റ്‌ അവന്‍ ചൂണ്ടിക്കാട്ടി.

"ഇപോ മൂന്നാമത്തെ ബക്കറ്റ്‌ ആണ് പിന്നിലിരിക്കുന്നത്, സമയം ഇപ്പൊ 7 മണി. ഒരു ഒന്‍പതു മണിക്ക് വന്നാല്‍ മിനിമം 4 ബക്കറ്റ്‌ വേസ്റ്റ് പ്ലേറ്റുകള്‍ ഉണ്ടാവും, ഇനി ചേട്ടന്‍ സ്വന്തമായി കണക്ക് കൂട്ടിക്കോ. "

കാര്യം പറഞ്ഞ് അവന്‍ പോവുമ്പോള്‍ , എന്റെ മനസ്സില്‍ അക്കങ്ങള്‍ കളി തുടങ്ങിയിരുന്നു. 

ഒരു ബക്കറ്റില്‍ ശരാശരി 100 പ്ലേറ്റ്‌ , നാലു ബക്കറ്റ്‌, 400 പ്ലേറ്റ്. വേണ്ട, 300 എടുക്കാം.
10 രൂപയുടെ കാളന്‍, 15 രൂപയുടെ ബേല്‍പുരി , 20 രൂപയുടെ മിക്സ്ടര്‍ പുരി ഇമ്മാതിരി മൂന്നാല് ഐറ്റംസ് വേറേം. ആവറേജ് 15 രൂപയെടുക്കാം.

300 x 15 = 4500/-

സാധനങ്ങള്‍ക്കെല്ലാം കൂടെ അകെ ചിലവ് 1500 രൂപ.

രണ്ടു ചെക്കന്മാര്‍ക്ക്‌ 300-400 കൊടുക്കുമായിരിക്കും. എങ്ങനെ നോക്കിയാലും ലവന്റെ കയ്യില്‍ 2000 രൂപ മിനിമം നിക്കും !

എന്റെ പള്ളീ.... വാടക വേണ്ട, കറന്റ് ബില്ല് ഇല്ല, ടാക്സ്‌ അടയ്ക്കണ്ട ! വൈകീട്ട് 4.30 മുതല്‍ രാത്രി ഒരു 9 മണി വരെ കച്ചോടം. ഈ വക നോര്‍ത്ത്‌ ഇന്ത്യന്‍ ബൂരി ഐറ്റംസ് കഴിഞ്ഞ ഒരു 10 വര്‍ഷത്തിനിടയ്ക്കാണ് കേരളത്തില്‍ വേര് പിടിച്ചത്.

ഈവനിംഗ് തട്ടുകടകള്‍, ഫുള്‍ ഡേ ഒറ്റമുറി ചായക്കടകള്‍ ഇതൊക്കെ നമ്മുടെ നാട്ടില്‍ ഇപ്പൊ കൂടുതല്‍ ഉഷാറാണ്. പഠിത്തമോ ജോലിയോ ഒക്കെ ചെയ്തു വൈകീട്ടു വീടെത്തുമ്പോ നല്ല ചായയും പലഹാരവും തയ്യാറാക്കി വെയ്ക്കാന്‍ വീട്ടിലമ്മമാര്‍ ഇല്ലാലോ. അതുകൊണ്ട് തന്നെ ഈ കച്ചോടങ്ങള്‍ക്ക് അത്യാവശ്യം നല്ല ഭാവിയുണ്ട്. അപ്പപ്പോ ഉണ്ടാക്കുന്ന സാധനങ്ങള്‍ ചൂടാറുന്നതിനു മുന്‍പേ ചിലവാവും ( ചൂടപ്പം പോലെ എന്നൊരു പ്രയോഗം അങ്ങനെയ ഉണ്ടായേ ല്ലേ? ). ഒന്ന് ക്ലച്ച് പിടിച്ചു കിട്ടിയാല്‍ ഉഗ്രന്‍ പരിപാടി ആണ്. വലിയ ബിസ്സിനസ്സ്‌ സ്ട്രാറ്റെജിയും , മാര്‍ക്കറ്റ്‌ അനാലിസിസും , പ്രോജക്ട്ടേഡ് ഫിനാന്‍ഷ്യല്‍ പ്ലാനും ഒന്നും ഇല്ലാതെ തുടങ്ങാം. ഇത്തിരി കൂടെ കണക്കുകൂട്ടി എറിഞ്ഞാല്‍, രുചിയുള്ള നാടന്‍ വിഭവങ്ങളോ അല്ലെങ്കില്‍ ആ നാട്ടുകാര്‍ അധികം രുചിക്കാത്ത എന്നാല്‍ നല്ല രുചിയുള്ള വിഭവങ്ങള്‍ ഒക്കെ ശീലിപിച്ചാല്‍ , ഹോ, ഒരു കലക്ക് കലക്കാം!

കണ്ണൂര് റെയില്‍വേസ്റേഷന് പുറത്തു മില്‍മ ബൂത്തുകളില്‍ നിന്ന് കഴിച്ച ഒരു അപ്പം ആണ് ഓര്മ വരുന്നത്. 'കണ്ണൂരപ്പം' എന്നാണ് പറഞ്ഞത്. ഒരു വശം മൊരിഞ്ഞും മറുവശം വെളുത്തും, മൃദുലമായ രുചിയുള്ള അപ്പം. ഇതൊക്കെ ഇങ്ങു തൃശ്ശൂരും കൊചീലും കൊണ്ട് വിറ്റാ, ന്തേ നടക്കില്ലേ?

ശ്രദ്ധിച്ചിട്ടുണ്ടോ  , ആദ്യമൊക്കെ ദിവസവും ഉന്തു വണ്ടി തള്ളിക്കൊണ്ട് വന്നു കച്ചോടം നടത്തും. പിന്നെ അതവിടെ സ്ഥിരമായി നിര്‍ത്തും. രണ്ടു മഴ കഴിഞ്ഞാല്‍ അതിന്റെ ചക്രങ്ങള്‍ ഒക്കെ അവിടെ ഉറച്ചിട്ടുണ്ടാവും. അടുത്ത മഴയ്ക്ക്‌ മുകളില്‍ ഒരു ടാര്‍പ്പായ വലിച്ചു വിരിച്ചു താഴെ രണ്ടു ബെഞ്ചും ഇടും. പിന്നെ അത് സ്ഥിരം കടയായി !  വല്ല മേല്‍പ്പാലങ്ങളുടെ അടിയിലോ, ബസ് സ്റ്റോപ്പിലെ മരച്ചോട്ടിലോ ഒക്കെ ഇത് പതിവ് കാഴ്ചയാണ്. ഇങ്ങനെ കട വച്ച ഒരു മഹാന്‍, പുതിയ പ്രൊജക്റ്റ്‌ വന്ന്‍ കട പൊളിക്കാന്‍ അധികൃതര്‍ വന്നപ്പോ കൊടിയും പിടിച്ചു സമരത്തിന്‌ ഇരുന്നു. പൊളിക്കാന്‍ തമ്മസിക്കൂല ! ഒടുവില്‍ 'ജനപ്രധിനിധി'കളൊക്കെ ഇടപെടേണ്ടി വന്നു. 

മത്സരം കൂടുന്നത് കൊണ്ടായിരിക്കും, അറിഞ്ഞും അറിയാതെയും ഒരു വിഭാഗം എങ്കിലും തട്ടുകടക്കാര്‍ കൃത്രിമ നിറങ്ങളും രിചിക്കൂട്ടുകളും ഉപയോഗിക്കുന്നുണ്ട്. പലതും നിരോധിച്ചവ. കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകാര്‍ ഒളിക്യാമറവഴി ഷൂട്ട്‌ ചെയ്തത് നമ്മള്‍ കണ്ടതാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച തട്ടുകടകള്‍ക്കും ചെറുഭക്ഷണശാലകള്‍ക്കും ഉള്ള മാര്‍ഗ്ഗരേഖ സ്വാഗതാര്‍ഹം ആണ്. 


വിദേശരാജ്യങ്ങളിലെ ജങ്ക്ഫുഡുകള്‍ ആയ ബര്ഗ്ഗരും സാന്‍വിച്ചും ഒക്കെ ഇവുടത്തെ മാര്‍കെറ്റില്‍ കൊടികുത്തി വാഴാന്‍ സാധ്യത വളരെ കുറവാണു. രുചികള്‍ക്കും വിഭവങ്ങള്‍ക്കും നമുക്കുണ്ടോ ദാരിദ്ര്യം ??

മെട്രോ നഗരങ്ങളില്‍ പോലും കെ എഫ് സി യും ഡോമിനോസും ഒക്കെ എത്ര വന്നിട്ടും ഇഡ്ഡലിക്കാരി പെണ്ണുങ്ങളെയോ ടീ ക്കട നായരെയോ വല്ലതും ബാധിച്ചോ ? നല്ലോണം പണികിട്ടിയത് ഷവര്‍മ്മ വിറ്റവര്‍ക്കും  കെഎഫ്സി ക്കാരനും തന്നെ. 


Thursday

MLM = Make Lot Of Money !



MLM എന്നതിന് നിങ്ങള്‍ കേട്ടിട്ടുള്ള പൂര്‍ണ രൂപം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നായിരിക്കും , പക്ഷെ ശരിക്കും  Make Lot of Money എന്നാണ്. 

കയ്യില്‍ന്നു അധികം കാശിറക്കാതെ എളുപ്പം പണക്കാരന്‍ ആവാന്‍ എന്തൊകെ വഴികളാ.? 

ലോട്ടറി അടിക്കുക എന്നത് വിദൂരമായ ഒരു സാധ്യത മാത്രമായി നിലനില്‍ക്കെ കണ്കണ്ട ഒരേ ഒരേ ഒരു വഴി ഇതാണ്.

MLM ബിസ്സിനസ്സിലെക്ക് ഇറങ്ങുക. അതെ, ആഴ്ചകളും മാസങ്ങളും കൊണ്ട് നിങ്ങളെ കോടീശ്വരന്‍മാരാക്കാന്‍ സാധിക്കുന്ന ഒരു സൂത്രമാണ് ഇത്. യഥാര്ത്യമല്ലെങ്കില്‍ പോലും , നമുക്ക് മുന്‍പില്‍ അവതരിപിക്കപെട്ടത് അങ്ങനെയായിരുന്നു.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (MLM) അഥവാ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ്  

ഒരു നവീനമായ ആശയം ആണെന്ന്‍ ഒരിക്കലും പറയാനാവില്ല. ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ തിയറിയാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന് ഉള്ളത്. ഉല്പാദന വിതരണ ശൃംഖലയിലെ പൊതുവ്യവസ്ഥയില്‍ നിന്ന് , അതായതു ഉത്പാദകര്‍ - ഹോള്‍സെയിലര്‍----., - സപ്ലയര്‍ - റീട്ടയിലര്‍ - കസ്റ്റമര്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി , ഉല്പാദകര്‍ - വിതരണക്കാര്‍ - ഉപഭോക്താവ് എന്ന രീതിയില്‍ ഉത്‌പന്നങ്ങളുടെ വിതരണ ശ്രിംഖലയെന്നു ചുരുക്കി പറയാം. 1940കളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആണ് തുടങ്ങിയത്.

മൗത്ത് പബ്ലിസിറ്റി - 'ഉസ്താദ്‌ ഹോട്ടല്‍ ' സിനിമ കണ്ടു കഴിഞ്ഞു പിറ്റേന്ന് ഓഫീസില്‍ എത്തിയ നിങ്ങള്‍ എത്ര സഹപ്രവര്‍ത്തകരോട് പറഞ്ഞു 'പടം ഉഗ്രനാട്ടോ' എന്ന്? കല്യാണവസ്ത്രങ്ങള്‍ ഷോപ്പിംഗ്‌ ചെയ്ത തുണിക്കടയില്‍ നല്ല ഡിസൈനുകള്‍ ഉണ്ടെന്നു എത്ര അയല്‍ക്കാരോടു നിങ്ങള്‍ പറഞ്ഞു? ഇവിടെയൊക്കെ നിങ്ങള്‍ പരസ്യം ചെയ്യുകയാണ് ചെയ്തത്. എന്നിട്ട് സിനിമയുടെ പ്രൊഡ്യുസര്‍ അല്ലെങ്കില്‍ കടയുടമ നിങ്ങള്ക്ക് ലാഭത്തിന്റെ വീതം നല്‍കിയോ? ഇവിടെയാണ് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ വിജയമന്ത്രം.

ഒരു ഉല്പന്നം നിങ്ങള്‍ ഉപയോഗികുകയും അത് നല്ലതാണെന്ന് ചുറ്റുമുള്ളവരോട് പറയുകയും അവരെയും ഉപഭോക്താവാക്കി മാറ്റുകയും തുടര്‍ന്ന് അവരും ഇതേ പ്രക്രിയ തുടരുകയും ചെയ്യുന്നു. നിങ്ങള്ക്ക് താഴെ വരുന്ന ഓരോ കണ്ണിയും നടത്തുന്ന സെയില്സില്‍ നിന്നും നിങ്ങള്ക്ക് ലാഭവിഹിതം കിട്ടും 

 __________________________________________________________________________


ഒരു പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞ് കൂട്ടുകാരന്‍ വിളിച്ചപ്പോ , ഫ്രീ അല്ലെ...ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ അല്ലെ എന്നൊക്കെ ഓര്‍ത്തിട്ടാവും നിങ്ങള്‍ പോയത്. അവിടെ നിങ്ങളെ എതിരേറ്റ കൂട്ടുകാരനെ കണ്ടപ്പോള്‍ ഒരു ഞെട്ടലായിരിക്കും ആദ്യം ഉണ്ടായിക്കാണുക. ഇന്നലെ വരെ കൂതറ വേഷത്തില്‍ നടന്നിരുന്ന അവന്‍ ഇന്നിതാ കോട്ട് , ടൈ ..ആകെപ്പാടെ ഒരു കിടിലന്‍ എക്സിക്യുട്ടീവ് ലുക്ക്‌. , ലീഡര്‍ എന്ന് വിളിക്കപെട്ട ചങ്ങാതി സ്റ്റേജില്‍ വന്നു മൈക്കും എടുത്തു സംസാരിച്ചു തുടങ്ങിയത് സമകാലീന ആഗോളസാമ്പത്തിക സാമൂഹിക വ്യവസ്ഥയെ പറ്റി. അതെ, നിങ്ങള്‍ക്കും അപ്പോളാണ് ഓര്മ വന്നത് ലോകം മാറിക്കൊണ്ടിരിക്കുന്നു!  ഓരോ പഞ്ച് പോയിന്റ് വരുമ്പോളും പൊട്ടിച്ചിരിച്ച് കയ്യടിക്കാന്‍ എക്സിക്യുട്ടന്‍മാര്‍, അപ്പൊ കൂടെ നിങ്ങളും കയ്യടിക്കും. ഇപ്പൊ നിങ്ങള്ക്ക് ഏകദേശം ബോധ്യം ആയി, എന്തെങ്കിലും ഒക്കെ ജീവിതത്തില്‍ ചെയ്യണം. കാര്യങ്ങള്‍ ഒക്കെ ഒന്ന് വേഗത്തില്‍ ശരിയാക്കണം. !
അതാ, നിങ്ങളുടെ മനസ്സറിഞ്ഞ പോലെ അദ്ദേഹം ആ വിഷയത്തിലേക്ക് വരുന്നു. ആ സുവര്‍ണ്ണാവസരം നിങ്ങള്ക്ക് മുന്നില്‍ അനാവരണം ചെയ്യപെടുന്നു. 

നാളിതുവരെ ഈ കമ്പനിയുടെ പേര് കേട്ടിട്ടില്ല എങ്കിലും ലോകം മുഴുവന്‍ ഉള്ള കമ്പനിയാണ്, ലക്ഷക്കണക്കിന് ലക്ഷാധിപധികളെ അല്ലല്ല... കോടീശ്വരന്‍മാരെ സൃഷിടിച്ചുകൊണ്ടിരിക്കുന്ന ഒന്ന്. ഏതാനും മാസങ്ങള്‍ മുന്‍പ്‌ വരെ വല്ല മെഡിക്കല്‍ റപ്പോ സര്‍ക്കാര്‍ ഗുമസ്തനോ ആയി പണിയെടുത്തവര്‍ ഇന്ന് കോടീശ്വരന്മാരായ ലീഡര്‍മാര്‍  . ഓരോ ആഴ്ചയും ലക്ഷങ്ങള്‍ വരുമാനം, ആഡംബരക്കാറുകള്‍ ..കാര്യമായി ഒന്നും ചെയ്തില്ല. കമ്പനിയുടെ ഗുണമുള്ള കുറച്ചു ഉത്പന്നങ്ങള്‍ വാങ്ങി , ഗുണമുള്ളതാണെന്ന്‍ കണ്ടപ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ക്ക്‌ റഫര്‍ ചെയ്തു അവരും അത് പോലെ തന്നെ ചെയ്തു. അതങ്ങനെ തുടര്‍ന്ന് പോയി ഇവരൊക്കെ കരകേറി . എന്ത് സുഖമുള്ള ഏര്‍പ്പാട് . എന്നാല്‍ പിന്നെ തുടങ്ങിക്കളയാം.

പിന്നീട് വന്ന ദിവസങ്ങള്‍ സ്വപ്നങ്ങളുടെ ആയിരുന്നു. ശിവ് ഘേരയുടെ 'യു കാന്‍ വിന്‍' , റോബര്‍ട്ട് കിയോ സാകിയുടെ 'റിച് ഡാഡ് പുവര്‍ ഡാഡ് ' പിന്നെ MLM ബിസ്സിനസ്സിനു വേണ്ടി മാത്രം എഴുതപെട്ട മോഹിത്‌ സര്‍ദാന ജിയുടെ 'വാഗണ്‍ ട്ടു റിച്ചസ്' തുടങ്ങിയ പുസ്തകങ്ങള്‍ ഒക്കെ സന്തത സഹചാരികള്‍ ആയി മാറി. എല്ലാ ആഴ്ചയിലും ലീഡര്‍മാരുടെ മോട്ടിവേഷന്‍ ക്ലാസുകള്‍ ... അങ്ങനെ എന്തൊക്കെ ആയിരുന്നു... മലപ്പുറം കത്തി.. കോഴിക്കോടന്‍......,..... ഒടുവില്‍ പവനായി ശവമായി...

ഇത് കുറച്ചു പേരുടെ അല്ല ഒട്ടനവധി നിര്ഭാഗ്യവന്മാരുടെ കഥയാണ് . 

ഈ കച്ചവടക്കാരന്‍ എന്ത്കൊണ്ട് നിലവിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ പിന്തുണയ്ക്കില്ല 

1. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് വന്‍ പരാജയം ആണെന്ന് ആവര്‍ത്തിച്ച്‌ ബോധ്യപെട്ട ബൈനറി (ഇടതും വലതും ഓരോന്ന് രീതി ), സണ്‍ഫ്ളവര്‍ , മാട്രിക്സ് തുടങ്ങിയ മാര്‍ക്കറ്റിംഗ് രീതികളാണ് കാലങ്ങളായി ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അവലംബികുന്നത്. ഈ രീതികളിലോക്കെ ആദ്യം വന്നവര്‍ക്ക് നിലയ്ക്കാത്ത വരുമാനവും താഴത്തെ കണ്ണികള്‍ക്ക് കഷ്ടപ്പാടും മാത്രമാവും. മാത്രമല്ല, അടിസ്ഥാന സാമ്പത്തിക സുസ്ഥിരത പോലും കമ്പനികള്‍ക്ക് ഉറപ്പിക്കാന്‍ ആവില്ല. ഒരു ചെറിയ പരിധി കഴിഞ്ഞാല്‍ തന്നെ മാര്‍ക്കറ്റിംഗ് വഴി മുട്ടും.

2. സാധാരണ മാര്‍ക്കറ്റില്‍ ലഭ്യമായ ഉത്പന്നങ്ങള്‍ വച്ച് നെറ്റ്വര്‍ക്ക്‌ കണ്ണികളെ തീറ്റിപോറ്റാന്‍ ആവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് സ്വന്തമായി ഉല്പന്നങ്ങള്‍ ഇറക്കുകയും അതിനു അസാധാരണമായ ഗുണങ്ങള്‍ ചാര്‍ത്തിക്കൊടുത്തു വന്‍വിലയ്ക്ക് വിറ്റഴിക്കും. ചില ഉദാഹരണങ്ങള്‍ നോക്കു

* മൊണാവി - അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കമ്പനി . ഉത്പാദനം അമേരിക്കയില്‍ , വെറും ജ്യൂസ് , ആരോഗ്യത്തിന് അത്യുത്തമം , സര്‍വ്വരോഗസംഹാരം എന്നൊക്കെ പ്രചരണം. വിറ്റത് യഥാര്‍ത്ഥ വിലയുടെ പത്തിരട്ടി വിലയ്ക്ക്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ നൂറു കോടിയില്‍പരം രൂപയുടെ ബിസ്സിനസ്സ്‌. . 

*നോനി : മൊണാവിയുടെ തനി ഇന്ത്യന്‍ പതിപ്പ്. നോനി എന്ന പഴത്തിന്റെ ചാര്‍. , സമാനമായ മാര്‍ക്കറ്റിംഗ്. പിടിക്കപെട്ടില്ലെങ്കിലും പ്രവര്‍ത്തനം നിലച്ചു. 

നാനോ എക്സല്‍ - വിദേശരാജ്യങ്ങളിലെ കുടില്‍വ്യവസായത്തിന്റെ ഉത്പന്നങ്ങള്‍. , അദ്ഭുത കാന്തിക ശക്തി , വികിരണങ്ങളെ തടയും, രോഗങ്ങള്‍ ഇല്ലാതാക്കും എന്നൊക്കെ പ്രചരണം. രണ്ടു വര്ഷം കൊണ്ട് ഇന്ത്യയില്‍ ആയിരം കോടിയില്‍ അധികം രൂപയുടെ ബിസ്സിനസ്സ്‌ . അതിനിടയില്‍ നിക്ഷേപ പദ്ധതികളും . 

കെ-ലിങ്ക് , ഇന്നര്‍ഫീല്‍...., ഡി എക്സ് എന്‍ ... ലിസ്റ്റില്‍ ഇനിയുമുണ്ട്‌ കമ്പനികള്‍ ഒരുപാടു കമ്പനികള്‍ .

(വിവരങ്ങള്‍ക്ക് കടപ്പാട് - പത്രവാര്‍ത്തകള്‍ )

ഇവിടെയൊക്കെ ഉത്പന്നങ്ങളുടെ പുറത്തൊന്നും മെഡിസിനല്‍ പവര്‍ ഒന്നും ഇല്ലെന്നെ രേഖപെടുത്തു , പക്ഷെ  പ്രചരണം ലീഡര്‍മാരും കണ്ണികളും വഴി ആവുമ്പോള്‍ അത്ഭുതസിദ്ധികള്‍ ഉണ്ടാവും. നിയമപരമായി നേരിടാനും സാധിക്കില്ല.

3. ഉത്പന്നങ്ങള്‍ താരതമ്യം ചെയ്തു തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല. നിലവാരം ഇല്ലാത്തതും അല്ലെങ്കില്‍ വില കൂടിയതുമായ ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും നിരബന്ധിതര്‍ ആവും. മറ്റു ബ്രാന്‍ഡുകള്‍ക്ക് ഇടയില്‍ ഈ വക ഉത്പന്നങ്ങള്ക്ക് വിപണി ലഭിക്കുക ദുഷ്കരം. 

വിഷയം ഒട്ടും പുതുമയല്ലെങ്കിലും വസ്തുതകള്‍ മിക്കവര്‍ക്കും പരിചിതം ആണെന്കിലും ഇതെഴുതാതിരിക്കാന്‍ തോന്നിയില്ല.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ്‌ അസോസിയേഷന്‍ രൂപീകരിക്കപെട്ടിരിക്കുന്നു. അതും ട്രേഡ് യൂണിയനുകളുടെ പിന്‍ബലത്തോടെ.

ഇന്നും ഒട്ടനവധി ചെറുപ്പക്കാരും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും ഈയാംപാറ്റകളെ പോലെ വീണ്ടും കെണിയിലേക്കു വീഴുന്നു.

ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ചു വരുന്നവരും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ലീവെടുത്തു ഈ പണിക്കിറങ്ങുന്നവരും ഇന്നും ധാരാളം.
വിജയിക്കുന്നവര്‍ പതിനായിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍... , അതും ചില സ്ഥിരം മുഖങ്ങള്‍.!, !!  ഇവര്‍ ഏതു പുതിയ കമ്പനി വന്നാലും താഴെയുള്ള മൊത്തം ടീമും ആയി ഒരൊറ്റ ചാട്ടമാണ്. അതോടെ പഴയ കമ്പനി എട്ടു നിലയില്‍ പൊട്ടും, ലീഡര്‍മാര്‍ വീണ്ടും കോടികള്‍ കൊയ്തുകൊണ്ടിരിക്കും.

ഇതുവരെ വന്നുപോയ ആയിരക്കണക്കിന് കമ്പനികളില്‍ പ്രവര്‍ത്തനം മൂന്നു വര്ഷം എങ്കിലും പിന്നിട്ടത് ആര്‍ എം പി , ആംവേ പോലുള്ള വിരലില്‍ എന്നാവുന്ന ചില കമ്പനികള്‍ ആണ്. അടുത്തകാലത്ത് അവയും പ്രശ്നങ്ങളില്‍ പെട്ടു.

പരിഹാരം 

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ നിയമനിര്‍മ്മാണങ്ങള്‍ ശക്തമാക്കുക. (ചില ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നെങ്കിലും വിജയകരവും ഫലപ്രദവും ആയിരുന്നില്ല.)

വിജയകരമായ പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിക്കാം.

ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക, ശാസ്ത്രീയമായി തെളിയിക്കപെടാത്ത അദ്ഭുതസിദ്ധികള്‍ പ്രചരിപിക്കുന്നത് തടയുക. 

ഏതായാലും നിലവിലെ അവസ്ഥയില്‍ ഈ കച്ചവടം വിജയിക്കില്ല. അനുഭവസ്ഥര്‍ പറയുന്നു MLM = Make Loss of Money !