Thursday

MLM = Make Lot Of Money !



MLM എന്നതിന് നിങ്ങള്‍ കേട്ടിട്ടുള്ള പൂര്‍ണ രൂപം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നായിരിക്കും , പക്ഷെ ശരിക്കും  Make Lot of Money എന്നാണ്. 

കയ്യില്‍ന്നു അധികം കാശിറക്കാതെ എളുപ്പം പണക്കാരന്‍ ആവാന്‍ എന്തൊകെ വഴികളാ.? 

ലോട്ടറി അടിക്കുക എന്നത് വിദൂരമായ ഒരു സാധ്യത മാത്രമായി നിലനില്‍ക്കെ കണ്കണ്ട ഒരേ ഒരേ ഒരു വഴി ഇതാണ്.

MLM ബിസ്സിനസ്സിലെക്ക് ഇറങ്ങുക. അതെ, ആഴ്ചകളും മാസങ്ങളും കൊണ്ട് നിങ്ങളെ കോടീശ്വരന്‍മാരാക്കാന്‍ സാധിക്കുന്ന ഒരു സൂത്രമാണ് ഇത്. യഥാര്ത്യമല്ലെങ്കില്‍ പോലും , നമുക്ക് മുന്‍പില്‍ അവതരിപിക്കപെട്ടത് അങ്ങനെയായിരുന്നു.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (MLM) അഥവാ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ്  

ഒരു നവീനമായ ആശയം ആണെന്ന്‍ ഒരിക്കലും പറയാനാവില്ല. ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ തിയറിയാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന് ഉള്ളത്. ഉല്പാദന വിതരണ ശൃംഖലയിലെ പൊതുവ്യവസ്ഥയില്‍ നിന്ന് , അതായതു ഉത്പാദകര്‍ - ഹോള്‍സെയിലര്‍----., - സപ്ലയര്‍ - റീട്ടയിലര്‍ - കസ്റ്റമര്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി , ഉല്പാദകര്‍ - വിതരണക്കാര്‍ - ഉപഭോക്താവ് എന്ന രീതിയില്‍ ഉത്‌പന്നങ്ങളുടെ വിതരണ ശ്രിംഖലയെന്നു ചുരുക്കി പറയാം. 1940കളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആണ് തുടങ്ങിയത്.

മൗത്ത് പബ്ലിസിറ്റി - 'ഉസ്താദ്‌ ഹോട്ടല്‍ ' സിനിമ കണ്ടു കഴിഞ്ഞു പിറ്റേന്ന് ഓഫീസില്‍ എത്തിയ നിങ്ങള്‍ എത്ര സഹപ്രവര്‍ത്തകരോട് പറഞ്ഞു 'പടം ഉഗ്രനാട്ടോ' എന്ന്? കല്യാണവസ്ത്രങ്ങള്‍ ഷോപ്പിംഗ്‌ ചെയ്ത തുണിക്കടയില്‍ നല്ല ഡിസൈനുകള്‍ ഉണ്ടെന്നു എത്ര അയല്‍ക്കാരോടു നിങ്ങള്‍ പറഞ്ഞു? ഇവിടെയൊക്കെ നിങ്ങള്‍ പരസ്യം ചെയ്യുകയാണ് ചെയ്തത്. എന്നിട്ട് സിനിമയുടെ പ്രൊഡ്യുസര്‍ അല്ലെങ്കില്‍ കടയുടമ നിങ്ങള്ക്ക് ലാഭത്തിന്റെ വീതം നല്‍കിയോ? ഇവിടെയാണ് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ വിജയമന്ത്രം.

ഒരു ഉല്പന്നം നിങ്ങള്‍ ഉപയോഗികുകയും അത് നല്ലതാണെന്ന് ചുറ്റുമുള്ളവരോട് പറയുകയും അവരെയും ഉപഭോക്താവാക്കി മാറ്റുകയും തുടര്‍ന്ന് അവരും ഇതേ പ്രക്രിയ തുടരുകയും ചെയ്യുന്നു. നിങ്ങള്ക്ക് താഴെ വരുന്ന ഓരോ കണ്ണിയും നടത്തുന്ന സെയില്സില്‍ നിന്നും നിങ്ങള്ക്ക് ലാഭവിഹിതം കിട്ടും 

 __________________________________________________________________________


ഒരു പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞ് കൂട്ടുകാരന്‍ വിളിച്ചപ്പോ , ഫ്രീ അല്ലെ...ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ അല്ലെ എന്നൊക്കെ ഓര്‍ത്തിട്ടാവും നിങ്ങള്‍ പോയത്. അവിടെ നിങ്ങളെ എതിരേറ്റ കൂട്ടുകാരനെ കണ്ടപ്പോള്‍ ഒരു ഞെട്ടലായിരിക്കും ആദ്യം ഉണ്ടായിക്കാണുക. ഇന്നലെ വരെ കൂതറ വേഷത്തില്‍ നടന്നിരുന്ന അവന്‍ ഇന്നിതാ കോട്ട് , ടൈ ..ആകെപ്പാടെ ഒരു കിടിലന്‍ എക്സിക്യുട്ടീവ് ലുക്ക്‌. , ലീഡര്‍ എന്ന് വിളിക്കപെട്ട ചങ്ങാതി സ്റ്റേജില്‍ വന്നു മൈക്കും എടുത്തു സംസാരിച്ചു തുടങ്ങിയത് സമകാലീന ആഗോളസാമ്പത്തിക സാമൂഹിക വ്യവസ്ഥയെ പറ്റി. അതെ, നിങ്ങള്‍ക്കും അപ്പോളാണ് ഓര്മ വന്നത് ലോകം മാറിക്കൊണ്ടിരിക്കുന്നു!  ഓരോ പഞ്ച് പോയിന്റ് വരുമ്പോളും പൊട്ടിച്ചിരിച്ച് കയ്യടിക്കാന്‍ എക്സിക്യുട്ടന്‍മാര്‍, അപ്പൊ കൂടെ നിങ്ങളും കയ്യടിക്കും. ഇപ്പൊ നിങ്ങള്ക്ക് ഏകദേശം ബോധ്യം ആയി, എന്തെങ്കിലും ഒക്കെ ജീവിതത്തില്‍ ചെയ്യണം. കാര്യങ്ങള്‍ ഒക്കെ ഒന്ന് വേഗത്തില്‍ ശരിയാക്കണം. !
അതാ, നിങ്ങളുടെ മനസ്സറിഞ്ഞ പോലെ അദ്ദേഹം ആ വിഷയത്തിലേക്ക് വരുന്നു. ആ സുവര്‍ണ്ണാവസരം നിങ്ങള്ക്ക് മുന്നില്‍ അനാവരണം ചെയ്യപെടുന്നു. 

നാളിതുവരെ ഈ കമ്പനിയുടെ പേര് കേട്ടിട്ടില്ല എങ്കിലും ലോകം മുഴുവന്‍ ഉള്ള കമ്പനിയാണ്, ലക്ഷക്കണക്കിന് ലക്ഷാധിപധികളെ അല്ലല്ല... കോടീശ്വരന്‍മാരെ സൃഷിടിച്ചുകൊണ്ടിരിക്കുന്ന ഒന്ന്. ഏതാനും മാസങ്ങള്‍ മുന്‍പ്‌ വരെ വല്ല മെഡിക്കല്‍ റപ്പോ സര്‍ക്കാര്‍ ഗുമസ്തനോ ആയി പണിയെടുത്തവര്‍ ഇന്ന് കോടീശ്വരന്മാരായ ലീഡര്‍മാര്‍  . ഓരോ ആഴ്ചയും ലക്ഷങ്ങള്‍ വരുമാനം, ആഡംബരക്കാറുകള്‍ ..കാര്യമായി ഒന്നും ചെയ്തില്ല. കമ്പനിയുടെ ഗുണമുള്ള കുറച്ചു ഉത്പന്നങ്ങള്‍ വാങ്ങി , ഗുണമുള്ളതാണെന്ന്‍ കണ്ടപ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ക്ക്‌ റഫര്‍ ചെയ്തു അവരും അത് പോലെ തന്നെ ചെയ്തു. അതങ്ങനെ തുടര്‍ന്ന് പോയി ഇവരൊക്കെ കരകേറി . എന്ത് സുഖമുള്ള ഏര്‍പ്പാട് . എന്നാല്‍ പിന്നെ തുടങ്ങിക്കളയാം.

പിന്നീട് വന്ന ദിവസങ്ങള്‍ സ്വപ്നങ്ങളുടെ ആയിരുന്നു. ശിവ് ഘേരയുടെ 'യു കാന്‍ വിന്‍' , റോബര്‍ട്ട് കിയോ സാകിയുടെ 'റിച് ഡാഡ് പുവര്‍ ഡാഡ് ' പിന്നെ MLM ബിസ്സിനസ്സിനു വേണ്ടി മാത്രം എഴുതപെട്ട മോഹിത്‌ സര്‍ദാന ജിയുടെ 'വാഗണ്‍ ട്ടു റിച്ചസ്' തുടങ്ങിയ പുസ്തകങ്ങള്‍ ഒക്കെ സന്തത സഹചാരികള്‍ ആയി മാറി. എല്ലാ ആഴ്ചയിലും ലീഡര്‍മാരുടെ മോട്ടിവേഷന്‍ ക്ലാസുകള്‍ ... അങ്ങനെ എന്തൊക്കെ ആയിരുന്നു... മലപ്പുറം കത്തി.. കോഴിക്കോടന്‍......,..... ഒടുവില്‍ പവനായി ശവമായി...

ഇത് കുറച്ചു പേരുടെ അല്ല ഒട്ടനവധി നിര്ഭാഗ്യവന്മാരുടെ കഥയാണ് . 

ഈ കച്ചവടക്കാരന്‍ എന്ത്കൊണ്ട് നിലവിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ പിന്തുണയ്ക്കില്ല 

1. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് വന്‍ പരാജയം ആണെന്ന് ആവര്‍ത്തിച്ച്‌ ബോധ്യപെട്ട ബൈനറി (ഇടതും വലതും ഓരോന്ന് രീതി ), സണ്‍ഫ്ളവര്‍ , മാട്രിക്സ് തുടങ്ങിയ മാര്‍ക്കറ്റിംഗ് രീതികളാണ് കാലങ്ങളായി ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അവലംബികുന്നത്. ഈ രീതികളിലോക്കെ ആദ്യം വന്നവര്‍ക്ക് നിലയ്ക്കാത്ത വരുമാനവും താഴത്തെ കണ്ണികള്‍ക്ക് കഷ്ടപ്പാടും മാത്രമാവും. മാത്രമല്ല, അടിസ്ഥാന സാമ്പത്തിക സുസ്ഥിരത പോലും കമ്പനികള്‍ക്ക് ഉറപ്പിക്കാന്‍ ആവില്ല. ഒരു ചെറിയ പരിധി കഴിഞ്ഞാല്‍ തന്നെ മാര്‍ക്കറ്റിംഗ് വഴി മുട്ടും.

2. സാധാരണ മാര്‍ക്കറ്റില്‍ ലഭ്യമായ ഉത്പന്നങ്ങള്‍ വച്ച് നെറ്റ്വര്‍ക്ക്‌ കണ്ണികളെ തീറ്റിപോറ്റാന്‍ ആവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് സ്വന്തമായി ഉല്പന്നങ്ങള്‍ ഇറക്കുകയും അതിനു അസാധാരണമായ ഗുണങ്ങള്‍ ചാര്‍ത്തിക്കൊടുത്തു വന്‍വിലയ്ക്ക് വിറ്റഴിക്കും. ചില ഉദാഹരണങ്ങള്‍ നോക്കു

* മൊണാവി - അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കമ്പനി . ഉത്പാദനം അമേരിക്കയില്‍ , വെറും ജ്യൂസ് , ആരോഗ്യത്തിന് അത്യുത്തമം , സര്‍വ്വരോഗസംഹാരം എന്നൊക്കെ പ്രചരണം. വിറ്റത് യഥാര്‍ത്ഥ വിലയുടെ പത്തിരട്ടി വിലയ്ക്ക്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ നൂറു കോടിയില്‍പരം രൂപയുടെ ബിസ്സിനസ്സ്‌. . 

*നോനി : മൊണാവിയുടെ തനി ഇന്ത്യന്‍ പതിപ്പ്. നോനി എന്ന പഴത്തിന്റെ ചാര്‍. , സമാനമായ മാര്‍ക്കറ്റിംഗ്. പിടിക്കപെട്ടില്ലെങ്കിലും പ്രവര്‍ത്തനം നിലച്ചു. 

നാനോ എക്സല്‍ - വിദേശരാജ്യങ്ങളിലെ കുടില്‍വ്യവസായത്തിന്റെ ഉത്പന്നങ്ങള്‍. , അദ്ഭുത കാന്തിക ശക്തി , വികിരണങ്ങളെ തടയും, രോഗങ്ങള്‍ ഇല്ലാതാക്കും എന്നൊക്കെ പ്രചരണം. രണ്ടു വര്ഷം കൊണ്ട് ഇന്ത്യയില്‍ ആയിരം കോടിയില്‍ അധികം രൂപയുടെ ബിസ്സിനസ്സ്‌ . അതിനിടയില്‍ നിക്ഷേപ പദ്ധതികളും . 

കെ-ലിങ്ക് , ഇന്നര്‍ഫീല്‍...., ഡി എക്സ് എന്‍ ... ലിസ്റ്റില്‍ ഇനിയുമുണ്ട്‌ കമ്പനികള്‍ ഒരുപാടു കമ്പനികള്‍ .

(വിവരങ്ങള്‍ക്ക് കടപ്പാട് - പത്രവാര്‍ത്തകള്‍ )

ഇവിടെയൊക്കെ ഉത്പന്നങ്ങളുടെ പുറത്തൊന്നും മെഡിസിനല്‍ പവര്‍ ഒന്നും ഇല്ലെന്നെ രേഖപെടുത്തു , പക്ഷെ  പ്രചരണം ലീഡര്‍മാരും കണ്ണികളും വഴി ആവുമ്പോള്‍ അത്ഭുതസിദ്ധികള്‍ ഉണ്ടാവും. നിയമപരമായി നേരിടാനും സാധിക്കില്ല.

3. ഉത്പന്നങ്ങള്‍ താരതമ്യം ചെയ്തു തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല. നിലവാരം ഇല്ലാത്തതും അല്ലെങ്കില്‍ വില കൂടിയതുമായ ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും നിരബന്ധിതര്‍ ആവും. മറ്റു ബ്രാന്‍ഡുകള്‍ക്ക് ഇടയില്‍ ഈ വക ഉത്പന്നങ്ങള്ക്ക് വിപണി ലഭിക്കുക ദുഷ്കരം. 

വിഷയം ഒട്ടും പുതുമയല്ലെങ്കിലും വസ്തുതകള്‍ മിക്കവര്‍ക്കും പരിചിതം ആണെന്കിലും ഇതെഴുതാതിരിക്കാന്‍ തോന്നിയില്ല.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ്‌ അസോസിയേഷന്‍ രൂപീകരിക്കപെട്ടിരിക്കുന്നു. അതും ട്രേഡ് യൂണിയനുകളുടെ പിന്‍ബലത്തോടെ.

ഇന്നും ഒട്ടനവധി ചെറുപ്പക്കാരും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും ഈയാംപാറ്റകളെ പോലെ വീണ്ടും കെണിയിലേക്കു വീഴുന്നു.

ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ചു വരുന്നവരും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ലീവെടുത്തു ഈ പണിക്കിറങ്ങുന്നവരും ഇന്നും ധാരാളം.
വിജയിക്കുന്നവര്‍ പതിനായിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍... , അതും ചില സ്ഥിരം മുഖങ്ങള്‍.!, !!  ഇവര്‍ ഏതു പുതിയ കമ്പനി വന്നാലും താഴെയുള്ള മൊത്തം ടീമും ആയി ഒരൊറ്റ ചാട്ടമാണ്. അതോടെ പഴയ കമ്പനി എട്ടു നിലയില്‍ പൊട്ടും, ലീഡര്‍മാര്‍ വീണ്ടും കോടികള്‍ കൊയ്തുകൊണ്ടിരിക്കും.

ഇതുവരെ വന്നുപോയ ആയിരക്കണക്കിന് കമ്പനികളില്‍ പ്രവര്‍ത്തനം മൂന്നു വര്ഷം എങ്കിലും പിന്നിട്ടത് ആര്‍ എം പി , ആംവേ പോലുള്ള വിരലില്‍ എന്നാവുന്ന ചില കമ്പനികള്‍ ആണ്. അടുത്തകാലത്ത് അവയും പ്രശ്നങ്ങളില്‍ പെട്ടു.

പരിഹാരം 

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ നിയമനിര്‍മ്മാണങ്ങള്‍ ശക്തമാക്കുക. (ചില ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നെങ്കിലും വിജയകരവും ഫലപ്രദവും ആയിരുന്നില്ല.)

വിജയകരമായ പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിക്കാം.

ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക, ശാസ്ത്രീയമായി തെളിയിക്കപെടാത്ത അദ്ഭുതസിദ്ധികള്‍ പ്രചരിപിക്കുന്നത് തടയുക. 

ഏതായാലും നിലവിലെ അവസ്ഥയില്‍ ഈ കച്ചവടം വിജയിക്കില്ല. അനുഭവസ്ഥര്‍ പറയുന്നു MLM = Make Loss of Money !

1 comment:

  1. AMWAY India partners with the Ministry Of Skill Development & Entrepreneurship - http://indiaeducationdiary.in/amway-india-partners-ministry-skill-development-entrepreneurship/

    ReplyDelete