Monday

-------- മൂന്ന് മരണങ്ങൾ ---------



ചില ഉച്ചമയക്കത്തിന്റെ സമയങ്ങളിൽ അലറിക്കരഞ്ഞ് നിലവിളിച്ചുകൊണ്ട് വീട്ടിലേക്കു ഓടിവന്നു കയറുന്ന ജാനുവമ്മ എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഇന്നും മായാതെ നിൽക്കുന്നു, അതുകൊണ്ട് തന്നെ വാസുനായരും. എഴുപതിനോട് അടുത്ത് പ്രായം ഉണ്ട് വാസുനായർക്ക്‌, അറുപതു കഴിഞ്ഞ് ജാനുവമ്മയും. മക്കളില്ല. നായര് പട്ടാളത്തിൽ നിന്ന് വിരമിച്ചതാണ്.  നല്ലോണം കുടിക്കും എന്നതൊഴിച്ചാൽ പരമയോഗ്യൻ ആണീ വാസുനായര്. മാസാമാസം പെൻഷൻ വാങ്ങാൻ പോവുമ്പോ മിലിട്ടറി കാന്റീനിൽന്നു കിട്ടുന്ന ക്വാട്ടയൊക്കെ ദാ ന്നു പറയുമ്പോഴേക്കും തീര്ക്കും. വീട്ടില് ചോറും കൂട്ടാനും വെക്കാനുള്ളതൊഴിച് ബാക്കി സകല കാശിനും കുടിച്ചു തീർക്കും. അങ്ങനെ ചില ദിവസങ്ങളിൽ കുടി കഴിഞ്ഞാൽ ജാനുവമ്മയ്ക്കിട്ടു പൊതിരെ തല്ലും. ആ ദിവസങ്ങളിലാണ് അവർ കരഞ്ഞുകൊണ്ട് ഞങ്ങടെ വീട്ടിലേക്കു കയറി വരിക. എന്നാലോ അടുത്ത ഊണിനോ ചായക്കോ നേരായാൽ വന്നതിനേക്കാൾ വേഗത്തിൽ ഇയമ്മ തിരിച്ചോടും, നായർക്ക്‌ വെച്ചുണ്ടാക്കി കൊടുക്കാൻ. അങ്ങനൊരു സെറ്റ് അപ്പ്‌ ആണ് ഇവർ തമ്മിൽ . 

പൊതുവെ ഈ വാസുനായരെ എനിക്കും ചേച്ചിക്കും ഒക്കെ പേടിയായിരുന്നു. ആ മനുഷ്യൻ ഒന്ന് പുഞ്ചിരിച്ച് ഞങ്ങളന്നുവരെ കണ്ടിട്ടില്ല. കുഴിയിലേക്ക് വീണ വലിയ കണ്ണുകൾ  , നീണ്ടു നരച്ച താടി. കഷണ്ടി തല. എഴുപതിലും ഉറച്ച ശരീരം. ഗുഹയ്ക്കുള്ളിൽ നിന്ന് വരുന്ന പോലെ മുഴങ്ങുന്ന ശബ്ദം. ആള് ജീനിയസ് ആണ് . മുപ്പട്ട് വെള്ളിയാഴ്ച ( മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച) ചാത്തൻ സേവയ്ക്ക് പൂജ കഴിയ്ക്കാൻ തുളസി പറിയ്ക്കാൻ മാത്രമേ ഞങ്ങൾടെ വീട്ടിലേക്കു വരൂ. വീട്ടിൽ അമ്മൂമ്മയടക്കം എല്ലാർക്കും മൂപ്പരോട് വലിയ ബഹുമാനം ആണ്. എന്തിനും ഏതിനും വാസുനായരോട് അഭിപ്രായം ചോദിയ്ക്കാൻ വല്ല്യ ഉത്സാഹവും.  ഇത്തിരി വിവരം ഉണ്ടെന്നു വച്ച് കള്ളുകുടിയനെ ബഹുമാനിക്കാൻ ആ അഞ്ചാംക്ലാസ്സുകാരന് തോന്നിയില്ല. 

ചോര ശർദ്ധിച്ച് വയ്യാതെ കിടക്കാന്നു കേട്ടപ്പോ അമ്മൂമ്മയുടെ കൈയിൽ തൂങ്ങി ഞാനും കാണാൻ പോയി വാസുനായരേ. നിലത്തു വിരിച്ച കോസറിയിൽ കിടക്കുകയായിരുന്നു. ജാനുവമ്മ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. ശബ്ദം കേട്ടപ്പോൾ അയാൾ എഴുന്നേറ്റ് ചമ്മണം പടിഞ്ഞിരുന്നു. പതിവിൽന്നു വിപരീതമായി ശാന്തമായിരുന്നു ആ മുഖം. എന്നെ നോക്കി ഒന്ന് ചിരിച്ചതാണ്  ഏറെ അത്ഭുതപ്പെടുത്തിയത്. അമ്മൂമ്മ എന്തൊക്കെയോ ചോദിച്ചെങ്കിലും ഒരു മറുപടിയും നൽകാതെ പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു അയാൾ. കാഴ്ച്ചയിൽ വേറെ ക്ഷീണം ഒന്നും കണ്ടില്ല . ജാനുവമ്മയോടു യാത്ര പറഞ്ഞ് അമ്മൂമ്മ എഴുന്നേറ്റു, കൂടെ ഞാനും. 

അത്രനേരം മിണ്ടാതിരുന്ന വാസുനായര് എന്നെ നോക്കി കൈപ്പത്തി ഒന്ന് മുകളിലേക്കുയർത്തി . ഒന്നും മനസ്സിലാകാതെ അന്ധാളിച്ച് നിന്ന എന്നെ പിന്നിൽ നിന്ന് അമ്മൂമ്മ ഉന്തി വിട്ടു.. "അടുത്തേക്ക് പോ കുട്ടി.."

മടിച്ചു മടിച്ചു അടുത്തേക്ക് പോയ എന്റെ തലയിലേക്ക് ആ കൈപ്പത്തി അമർന്നു. ഏതോ ഒരു ഉൾപ്രേരണയാൽ ഞാൻ അയാളുടെ കാലു തൊട്ടു തൊഴുതു. കൈകൾ എടുക്കാതെ തന്നെ അയാൾ അമ്മൂമ്മയെ നോക്കി പറഞ്ഞു .. "ചെക്കൻ മിടുക്കനാ.... ഹഹഹ... "  ശേഷം എന്റെ മുഖത്ത് നോക്കി ഒന്നുകൂടെ പുഞ്ചിരിച്ചു... "നന്നായി വരും ട്ടോ... "

ഒന്ന് ചിരിക്കുക മാത്രം ചെയ്ത് ഞാൻ അമ്മൂമ്മയുടെ അടുത്തേക്ക് ചെന്ന്. ജാനുവമ്മ വല്ലാത്ത ഒരു അത്ഭുതത്തോടെ അമ്മൂമ്മയെ നോക്കി. പടിക്കെട്ടുകൾ ഇറങ്ങി ഒരൽപം ദൂരമേ ആയുള്ളൂ. ജാനുവമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. അകത്തേക്ക് ഓടിചെന്ന് നോക്കുമ്പോൾ ഇരുന്ന ഇരുപ്പിൽ നിന്ന് പുറകിലേക്ക് മറിഞ്ഞു വീണു കിടക്കുന്നു ആ വയോധികൻ. ആദ്യമായും അവസാനമായും കണ്ട ആ പുഞ്ചിരിയും തലയിലമർത്തി പിടിച്ച കൈകളുടെ ഭാരവും പിന്നെയും എത്രയോ ദിവസം എന്നെ ചുറ്റി നിന്നു. . 

----------------------------------

എഴാം ക്ലാസ്സിലെ വെക്കേഷൻ ആണ്. ഇപ്പോഴുള്ള വീട് മാറണം. വാടകവീട് അന്വേഷിച്ചാണ് ഞാനും അമ്മയും അവിടെ ചെന്നത്. സ്ഥലമന്വേഷിച്ചപ്പോൾ പറഞ്ഞു "നിങ്ങൾ പറഞ്ഞ തങ്കമ്മേടെ വീട് ദാ അപ്പ്രത്ത് കാണണതാണ് പക്ഷെ തങ്കയമ്മെ കാണാനെങ്കില് ആ പൈപ്പിൻചോട്ടിൽ പോണം."

ഞങ്ങളങ്ങോട്ടു നടന്നടുക്കുമ്പോൾ നല്ല കൂട്ടതല്ലിന്റെ ബഹളം. അടുത്തെത്തിയപ്പോൾ മനസ്സിലായി ഒരു പ്രായമായ സ്ത്രീയും ചെറുപ്പക്കാരിയും തമ്മിലാണ് വഴക്ക്. ഞാനന്ന് വരെ കേക്കാത്ത തെറികൾ അവിടെ അലയടിച്ചു നിക്കുന്നു. 
"ഡാ രാജു... തിരിച്ചു പോവാടാ.. ആകെ കച്ചറ എരിയയാണ്‌. ." അമ്മ പറഞ്ഞു 

അല്ലമ്മെ... ഇത്ര ദൂരം വന്നില്ലേ.. ഏതായാലും വീടൊന്നു കണ്ടിട്ട് പോവാം. 

അതേയ്... ഈ തങ്കയമ്മ ആരാ?  ഒക്കത്ത് കുടം വച്ച് വരുന്ന ഒരു പെണ്ണിനോട് അമ്മ ചോദിച്ചു. അവളൊന്നു ഊറി ചിരിച്ചു.. എന്നിട്ട് തിരിഞ്ഞു നിന്ന് നീട്ടി വിളിച്ചു  "തങ്കയമ്മെ ...ദാ.. നിങ്ങളെ തെരഞ്ഞ് ആള് വന്നിരിക്കിണൂ.."

ഒരു കാലിക്കുടം പൊക്കിയെടുത്തു മറ്റേ സ്ത്രീയെ തല്ലാൻ ഓങ്ങി നിന്ന ആ പ്രായം കൂടിയ സ്ത്രീ  നിന്ന നിൽപ്പിൽ തന്നെ ചോദിച്ചു "ആരാണ്ടിയത്.... ?"

പ്ലിംഗ്.... ഈ കച്ചറ ഏരിയയിലെ കൂതറ തള്ളേടെ വീടാണോ നമ്മൾ അന്വേഷിച്ചു വന്നേ.. ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. ഞങ്ങളെ കണ്ടതും അയമ്മടെ മുഖം ചമ്മി ചളുങ്ങി. കയ്യിലെ കുടം താഴെ വച്ച് അടുത്തേക്ക് വന്നു. 

ആരാ? എന്താ?  ... വീടന്വേഷിച്ച്‌ വന്നതാന്നു പറഞ്ഞപ്പോൾ ആ മുഖത്ത് ഒരു നൂറു വാട്ടിന്റെ ബൽബിട്ട  പോലെ.... 

അവരുടെ പുറകെ വീട്ടിലേക്കു ഞങ്ങൾ നടന്നു.  " ആ പെണ്ണ് എന്റെ മൂത്ത മരുമോളാന്നും ... എനിക്ക് പറ്റിയ ഒരു തെറ്റ്.. എന്നെ അതിനു കണ്ണെടുത്താ കണ്ടൂടാ... ശണ്ട കൂടാൻ വന്നാൽ അരയ്ക്കു കീപ്പട്ടെ പറയൂ.. എന്റെ വീട്ടിന്നു പുറത്താക്കി ഞാൻ ഒക്കെത്തിനേം .. കൊറേ അപ്പ്രതാണ് താമസം. ."

ഞങ്ങൾ ഒന്നും മിണ്ടാതെ നടന്നു. ഒട്ടും ആഗ്രഹിച്ചതല്ലെങ്കിലും ആ വീടിലേക്ക്‌ താമസം മാറേണ്ടിയും വന്നു.  നാലഞ്ച് മുറികൾ ഉള്ള വീട്ടിൽ അവർ ഒരു മുറിയും, മരുമകൾ മുൻപുണ്ടാക്കിയ രണ്ടാമത്തെ അടുക്കളയും എടുത്തു ബാക്കി ഞങ്ങൾക്ക്  തന്നു. ആദ്യത്തെ മൂന്നാല് ദിവസം കൊണ്ട് തന്നെ തങ്കയമ്മയെ പറ്റി ആദ്യം കിട്ടിയ സകല ധാരണയും മാറി. സ്വന്തം പേരമക്കളെ പോലെ എന്നേം ചേച്ചിയെയും അവർ നോക്കി. ദിവസവും പലതരം പലഹാരങ്ങൾ ഉണ്ടാക്കി തന്നു. രാത്രി കരണ്ട് പോകുന്ന നേരത്ത് മടിയിൽ കിടത്തി കഥകൾ പറഞ്ഞു തന്നു. വെക്കേഷൻ രണ്ടു മാസം ആഘോഷമായി കടന്നു പോയി. ഞാനും ചേച്ചിയും അമ്മൂമ്മയ്ക്ക് കൊടുക്കുന്ന അതേ സ്നേഹവും പരിഗണനയും  തങ്കമുത്തിയ്ക്കും കൊടുത്തു. 

സ്കൂള് തുറക്കാൻ ഇനി മൂന്നാല് ദിവസം കൂടി. എന്ത് കാരണം കൊണ്ടാണെന്ന് ഓർമയില്ല ... ഞാനാ ദിവസം വഴക്കാളിയായിരുന്നു. അമ്മയോടും അമ്മൂമ്മയോടും വഴക്കടിച്ച് കരച്ചിലും ചീത്തവിളിയും കൊണ്ട് വീട് പൂരപ്പറമ്പാക്കി. ഉച്ചയ്ക്ക് എല്ലാരും ഊണ്കഴിച്ചിട്ടും  ഞാൻ കഴിക്കാൻ പോയില്ല. ഒടുവിൽ തങ്കയമ്മ അടുത്തേക്ക് വന്നു. കയ്യിൽ കിട്ടിയതൊക്കെ ഞാൻ അവരുടെ നേർക്കെറിഞ്ഞു . 

"ആ ചെക്കനു ഇന്ന് വാവാ തങ്കെമെ... അതിന്റെ അടുത്തേക്ക് പോകാൻ നിക്കണ്ട.. വെശന്ന് വയറു ചുക്കുമ്പോ തന്നെ മാറും "  അമ്മ വിളിച്ചു പറഞ്ഞു. അതൊന്നും വകവെയ്ക്കാതെ അവർ എന്റടുത്തു വന്നു ചേർത്ത് പിടിച്ചു. ഞാൻ വിങ്ങി വിങ്ങി കരഞ്ഞു. 

"അയ്യേ.. എന്റെ കുട്ടൻ ഇത്രേള്ളൂ ... ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കരയാൻ നിന്നാലോ.. ചെക്കൻകുട്ടികൾ ഇങ്ങനയാ ? എന്തൊക്കെയോ പറഞ്ഞ് ഒരുപാടു ആശ്വസിപ്പിച്ചു . അവരുണ്ടാക്കിയ ചോറും കറിയും എടുത്തു വരി തന്നു. അപ്പോഴേക്കും ഉച്ച മയങ്ങിയിരുന്നു. മുഖം കഴുകി പുറത്തു പോയി കളിയ്ക്കാൻ പറഞ്ഞു. വീടിനു കുറച്ചു ദൂരെ കുട്ടിയും പുള്ളും  കളിക്ക്യായിരുന്നു ഞാൻ. അടുത്ത വീട്ടിലെ അശ്വതിയാണ് ഓടി വന്നത് പറഞ്ഞത്. തങ്കമുത്തി വീണു. 

ഞാൻ വീട്ടിലേക്കു ഓടിചെല്ലുമ്പോൾ അമ്മയും ചേച്ചിയും ചേർന്ന് അവരെ താങ്ങിയെടുത്ത് കോലായിൽ  കിടത്തുകയായിരുന്നു. വല്ലാത്ത ഒരു മുരൾച്ചയോടെ ശ്വാസം കിട്ടാതെ അവർ വലിച്ചു കൊണ്ടിരുന്നു. ഞാൻ നെഞ്ചു തടവിക്കൊടുത്തു. 

"കുട്ടാ... കുട്ടാ... ഇത്തിരി വെള്ളം തായോ... അയ്യോ.. " എന്റെ കയ്യും കാലും ഒക്കെ വിറച്ചു. അമ്മൂമ്മ എടുത്ത്  തന്ന ഇളം ചൂട് വെള്ളം    ഞാൻ അവരുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. രണ്ടു കവിൾ ഇറക്കി. ശബ്ദവും അനക്കവും നിലച്ചു. തുറന്നു പിടിച്ച വായിൽ ഞാൻ അൽപം കൂടി വെള്ളം ഒഴിച്ചു. അത് ഇറങ്ങിയില്ല. തൊണ്ടയിൽ നിന്ന് രണ്ടു മൂന്നു ചെറിയ വായു കുമിളകൾ പൊന്തി വന്നു. കാൽ വെള്ളയും കൈകളും തിരുമ്മി കൊടുത്തു കൊണ്ടിരുന്ന അമ്മയും ചേച്ചിയും .. എല്ലാവരും നിശബ്ദരായി. അയൽവക്കത്ത്‌ നിന്നും എല്ലാവരും ഓടിക്കൂടിയിരുന്നു. അതിലൊരു ഉമ്മ വിതുമ്പി കൊണ്ട് പറഞ്ഞു....
 "അങ്ങനെ തങ്കമ്മേടെ കാര്യം കഴിഞ്ഞു...."   ഉൾക്കൊള്ളാനാവാതെ ഏറെ നേരം ഞാനിരുന്നു. മരണദിവസം മുഴുവൻ കരയാൻ മടിച്ചിരുന്ന അവരുടെ മരുമോൾക്കും പേരക്കുട്ടികൾക്കും എന്റെ ഉച്ചത്തിലുള്ള കരച്ചിൽ വലിയ ബാധ്യതയായി.

-------------------------------------

ടെസ്റ്റ്‌ രിസൽട്ടുകളും , ട്രീറ്റ്മെന്റ് ഷീറ്റുകളും കൊണ്ട് വൈദ്യമഠം നമ്പൂതിരിയെ കാണാൻ ചെന്ന് അമ്മ മടങ്ങിയെത്തുമ്പോൾ സന്ധ്യയായി. എന്റെ ചങ്കിടിപ്പ് കൂടി വന്നു. അമ്മയുടെ മുഖം ശാന്തമാണ്‌. കയറിയപാടെ എന്നോട് ചോദിച്ചു,

 "കുടിയ്ക്കാൻ വല്ലതും ഉണ്ടോ കുട്ടി?"

നാലുമണിയ്ക്കുണ്ടാക്കിയ ചായ ഒന്ന് ചൂടാക്കി തിടുക്കത്തിൽ അമ്മയ്ക്ക് കൊടുക്കുമ്പോഴും വേറെ ഒന്നും പറയുന്നില്ല ,. ചായ കുടിച്ചു തീരുന്നത് വരെ ഞാനും ഒന്നും മിണ്ടിയില്ല. അക്ഷമനായി ഞാനാ മുഖത്തേയ്ക്കു തുറിച്ചു നോക്കുന്നത് കൊണ്ടാവണം ചായഗ്ലാസ് നിലത്തു വച്ച് എന്നെ നോക്കി ഒന്ന് ചിരിച്ചു അമ്മ. അതൊരു പോസിറ്റിവ് സിംബൽ ആണ്. എന്നുവച്ചാൽ മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയുന്ന പ്രശ്നം മാത്രമാവണം അമ്മൂമ്മയ്ക്ക്. ആ മാത്രയിൽ എന്റെ മനസ്സ് വല്ലാതൊന്നു ആശ്വസിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ചിരിക്കുന്ന ചുണ്ടുകൾ ഒന്ന് കോടി, പതിയെ ആ ചിരി മാഞ്ഞു , ഒരു വിറയലായി മാറി ... എൻറെ കൈകൾ മുറുകെ പിടിച്ചു തല താഴ്ത്തി. ജീവിതം മുഴുവൻ ഈ ഏകമകൾക്കും ഞങ്ങൾ പേരമക്കൾക്കും വേണ്ടി ജീവിച്ചു തീർത്തവരാണ്. അവരില്ലാത്ത വീട് സങ്കൽപ്പിക്കാൻ പോലും വയ്യ.

അച്ഛനേക്കാളും അമ്മയേക്കാളും ഏറെ എന്നെ ഞാനാക്കിയത് അമ്മൂമ്മയാണ്. സംയമനത്തിന്റെയും ആത്മധൈര്യത്തിന്റെയും കർമ്മനിരതയുടെയും പ്രതിരൂപം. അത്രയൊക്കെ അറിഞ്ഞും ശ്രദ്ധിച്ചും പഠിച്ചും ജീവിച്ചിട്ടും ഞങ്ങൾ നാലു പേരും ഈ കുടുംബവും അല്ലാതെ വേറൊന്നും ജീവിതത്തിൽ നേടാൻ സാധിക്കാതെ പോയവർ. ജീവിതസായാഹ്നത്തിലെങ്കിലും അവർക്ക് ഒരുപാടു നല്ല അനുഭവങ്ങൾ നൽകണമെന്നായിരുന്നു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകണം, ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കണം, ഞാനും ചേച്ചിയും ജീവിതത്തിൽ ഉയരങ്ങൾ കൈവരിക്കുന്നതിന് അവർ സാക്ഷിയാവണം...

ചെറിയ ശ്വാസം മുട്ടൽ വലിയ കാൻസറിന്റെ ലക്ഷണമയിരുന്നുവെന്നു അറിയാൻ ഏറെ വൈകി. ജീവിതത്തിലെ ഒട്ടനവധി പ്രശ്നങ്ങളും വെല്ലുവിളികളും ദുരന്തങ്ങളും സധൈര്യം അതിജീവിച്ച അവർ പക്ഷെ ഇവിടെ വല്ലാതെ ദുർബലയായി കാണപ്പെട്ടു. എന്നെ ഏറെ ദുഖിപ്പിച്ചതും ഈ നിസ്സഹായത തന്നെ. പ്രതീക്ഷകൾ നഷ്ടപ്പെട്ട, ഭയം തീണ്ടിയ കണ്ണുകൾ ഓരോ തവണ കാണുമ്പോഴും ഞാൻ ഉള്ളിൽ നീറിക്കരഞ്ഞു. ഡിഗ്രീ ഫൈനൽ ഇയറിന്റെ പരീക്ഷാസമയം ആയിരുന്നിട്ടും  ആവുന്ന ദിവസങ്ങളിൽ ഒക്കെ ഞാൻ ലീവെടുത്ത് കൂട്ടിരുന്നു. 

പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ അമ്മൂമ്മയ്ക്ക് എന്നോട് പലതും ഓർമപ്പെടുത്താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്ര കാലം പകർന്നു തന്ന അറിവുകളും മൂല്യങ്ങളും ഒക്കെ. ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോഴും ഞാൻ പറയും ..

"ഇതൊക്കെ പറയണത് എന്തിനാ സരസമ്മെ.. ഇനിയുമെത്ര കൊല്ലം കെടക്കുന്നു വിശദമായി പറയാൻ.. ങ്ഹെ?"

നാൾക്കുനാൾ ആ ശരീരം ശോഷിച്ചു വന്നു. അടുത്ത് ചെല്ലുമ്പോൾ ഒക്കെ എന്റെ കയ്യിലും ദേഹത്തും ഉമ്മവച്ചു. തിരിച്ചും. ഒന്നിടവിട്ട ദിവസങ്ങളിൽ ഇൻജക്ഷൻ വേണ്ടി വന്നു. പിറ്റേന്ന് പ്രാക്റ്റികൽ എക്സാം ആയിരുന്നെങ്കിലും ഒന്നും പഠിക്കാൻ തോന്നിയില്ല. കാലത്തും ഉച്ചയ്ക്കും ഞാൻ തന്നെ ഭക്ഷണം കൊടുത്തു. വളരെ കുറച്ചേ കഴിച്ചുള്ളൂ. വൈകീട്ട് ശ്വാസം മുട്ടൽ ഒന്ന് കൂടി . ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തയ്യാറെടുപ്പിക്കുമ്പോൾ ..
"എന്നെ എങ്ങട്ടും കൊണ്ട് പോണ്ടാ കുട്ടീ.... നിങ്ങൾ എന്റെ കൂടെ ഇരിക്ക്" എന്ന് ശഠിച്ചു. 

പുറത്തു  തലോടിക്കൊടുത്തപ്പോൾ ദേഹത്തേക്ക് ചാഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. നിമിഷങ്ങൾ  ഏറെക്കഴിഞ്ഞു ആ ശ്വാസം നിലച്ചത് ഞാൻ അറിയാൻ. 

ചിതയ്ക്ക് ഞാൻ തീ കൊടുക്കുമ്പോഴും കരച്ചിൽ ഉള്ളിൽ നിന്നും വന്നില്ല, കാരണം ഞാനാ മരണം ഉൾക്കൊണ്ടിരുന്നില്ല. ഞാനൊരു നല്ല നിലയിൽ എത്തുന്നത്‌ കാണാതെ, അവരുടെ ചെറിയ പല ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കാതെ വിട്ടുപോവുമെന്നു  അറിഞ്ഞില്ല. ശേഷം എത്രയോ നാളുകൾ ഞാനവരെ വീട്ടിൽ കണ്ടു, തൊട്ടടുത്ത്‌ ചിരിച്ചു കൊണ്ട് നിൽക്കുന്നു , പത്രം വായിക്കുന്നു, അടുക്കളയിൽ നിന്ന് ചോറ് നിറച്ച പാത്രം മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു എന്റെ നേരെ നീട്ടുന്നു... അങ്ങനെ അങ്ങനെ..  വർഷം നാല് കഴിഞ്ഞിട്ടും അവരോടു കാലം ഒട്ടും നീതി കാണിച്ചില്ലല്ലോ എന്ന പരാതി ആരോട് പറയും എന്നറിയാതെ ഞാൻ... എത്ര യുക്തിചിന്തകൾ ഉള്ളിൽ നിറച്ചാലും സ്വർഗത്തിലിരുന്നു അവർ ചിരിക്കുന്നു, സന്തോഷിക്കുന്നു.. ആ അനുഗ്രഹങ്ങൾ എന്റെ കൂടെ നിൽക്കുന്നു എന്നൊക്കെ അന്ധമായി വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. എന്നും..