Thursday

ആശയം + നിക്ഷേപം = സംരംഭം ?? - 3

 കിടിലന്‍ ആശയങ്ങളുമായി യുവ സംരംഭകര്‍ വരുമ്പോള്‍ മൂലധനത്തില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ റെഡിയ്ക്കുണ്ട്. എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍സും, വെഞ്ചര്‍ ക്യാപ്പിറ്റലിസ്ടുകളും ഒക്കെ `ബിസ്സിനസ്സ്‌ ഇന്ക്യുബേറ്ററുകളുമായി സംയോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പ്രാരംഭ മൂലധനം നല്‍കാനും നിലവിലുള്ള സംരംഭങ്ങള്‍ക്ക്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ആവശ്യത്തിനുള്ള പൈസ ഇവര്‍ നിക്ഷേപമായി തരും.




പാവം പിള്ളരല്ലേ, രാജ്യത്തിന്‍റെ നാളത്തെ മുതല്‍ക്കൂട്ടുകള്‍    അല്ലെ. ഇവരൊക്കെ വളര്‍ന്നു വലുതായാല്‍ അല്ലെ നാളെ നാട് വികസിക്കൂ, തൊഴിലവസരങ്ങള്‍ ഉണ്ടാവൂ... എന്നൊക്കെ കരുതാന്‍ നിക്ഷേപകര്‍ ഗാന്ധിയന്മാരല്ല.

പത്തു കിട്ടും എന്ന് ഉറപ്പില്ലാതെ അഞ്ച് എറിയാന്‍ ഒരു നിക്ഷേപകനും തയ്യാറാവില്ല. ഇത് പറയുമ്പോള്‍ ഓര്മ വരുന്നത് മഹാഭാരതത്തിലെ ‘കൃപര്‍’ എന്ന കഥാപാത്രത്തെയാണ്. ആവശ്യം വരുമ്പോള്‍ സഹായിക്കനോടിയെത്തും, കൃപ ചൊരിയും.  പക്ഷെ സഹായം സ്വീകരിച്ചാല്‍ പെട്ടു. അത് പിന്നീട് വിനയായിത്തീരും.



സഹായികുന്നവര്‍ക്ക് അവരുടെതായ ഉദ്ദേശങ്ങള്‍ ഉണ്ടാവും. അത് നാളെ നമ്മളെ ദോഷമായി ബാധിക്കാന്‍ ഉള്ള സാധ്യത നന്നായി മനസ്സിലാക്കിയ ശേഷം മാത്രമേ സംരംഭകര്‍ മറ്റു നിക്ഷേപകരെ പ്രാപിക്കാവൂ.

നിക്ഷേപം കടപത്രങ്ങളില്‍ ആണെങ്കില്‍ ROI ( Return Over  Investment ) 24% ത്തില്‍ നിന്ന് തുടങ്ങും. എന്നുവച്ചാല്‍ ഉയര്‍ന്ന റിട്ടേണ്‍ ആണെന്ന് ചുരുക്കം. നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനികളില്‍ ആവും കടപത്രത്തിന്‍ മേലുള്ള നിക്ഷേപം നടക്കുക. പുതിയ കമ്പനികള്‍ക്ക്‌ കടപത്രമെഴുതാന്‍ ആസ്തികള്‍ ഒന്നും ഇല്ലല്ലോ. മാത്രമല്ല ഇത് ദീര്‍ഘകാലതേക്ക് ഉള്ള നിക്ഷേപം ആവില്ല. 


പുതിയ കമ്പനികളിലെ നിക്ഷേപം മിക്കവാറും ഇക്വിറ്റി ഷെയറില്‍ ആവും എന്നുവച്ചാല്‍ ഉടമസ്ഥാവകാശം പങ്കുവെയ്ക്കേണ്ടിവരും. സ്വാഭാവികമായും കമ്പനിയുടെ തീരുമാനങ്ങളില്‍ ഇവരുടെ ഇടപെടലുകള്‍ ഉണ്ടാവും, ഇതൊക്കെ സംരംഭകന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കും. ഉത്സാഹിച്ചു കമ്പനി തുടങ്ങി നിക്ഷേപകരുടെ ഇടപെടലുകള്‍ കാരണം മുന്നോട്ടു പോവാന്‍ സാധിക്കാതെ വന്നവരും , കണക്കുകള്‍ മാറി മറിഞ്ഞ് ഒടുവില്‍ കൂടുതല്‍ ഷെയറുകള്‍ നിക്ഷേപകരിലേക്ക് പോയതോടെ കമ്പനി തന്നെ കയ്യില്‍ന്നു പോയവരും ഒക്കെ ഉണ്ട്.

‘Catch Them Young’

യുവരക്തങ്ങളുടെ കരുത്തും അറിവും ആവേശവുമാണ് വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളെ ഒക്കെ സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ ഏതെങ്കിലും ഒരു നിക്ഷേപകന്‍ നിങ്ങളുടെ ആശയത്തിനു വളം പാകാന്‍ തയ്യാറായാല്‍ ഓര്‍ത്ത്‌കൊള്ളൂ, അതിനു നിങ്ങള്‍ കണക്കാക്കുന്നതിലും കൂടുതല്‍ വളര്‍ച്ചാ സാധ്യതകള്‍ ഉണ്ട്. കാരണം, നിങ്ങള്‍ കൊടുക്കുന്ന പ്രസന്‍റേഷന്‍ കണ്ടു കൊണ്ട് മാത്രം അല്ല നിക്ഷേപകര്‍ വരുന്നത്. നിങ്ങള്‍ നടത്തിയിട്ടുള്ളതിലും കൂടുതല്‍ ഗവേഷണവും നിരീക്ഷണവും നടത്തിയതിനു ശേഷമാണു (Feasibility Study എന്നോകെ പറയും).


നിങ്ങളുടെ ആശയം എങ്ങനെയും നടന്നു കാണുക എന്നതാണ് ആവശ്യമെങ്കില്‍ മറ്റു നിക്ഷേപകരെ ആശ്രയിക്കാന്‍ മടിക്കേണ്ട കാര്യമില്ല. അതല്ല, സ്വന്തം സ്ഥാപനം, അതിന്റെ ഭാവി വികസനം അങ്ങനെയൊക്കെ പോകുന്ന ഒരു കണ്സപ്റ്റ്‌ ആണെന്കില്‍ പരമാവധി പുറത്തെ നിക്ഷേപകരെ എന്റര്‍ടെയിന്‍ ചെയ്യാതിരിക്കുക.
ബാങ്കുകളില്‍ നിന്ന് കിട്ടുന്ന ലോണ്‍, കുടുംബത്തില്‍ നിന്ന് കിട്ടുന്നതോ അധികം ബാധ്യത വരാത്ത അടുത്ത ബന്ധുക്കളില്‍നിന്നും കിട്ടുന്ന നിക്ഷേപമോക്കെയാണ് സ്വന്തം നിക്ഷേപം അല്ലാതെ മൂലധനത്തിന് ആശ്രയിക്കാവുന്ന സുരക്ഷിതമായ മറ്റു നിക്ഷേപങ്ങള്‍ .

 താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കു. കൂടെ അതിന്റെ അനുബന്ധ വീഡിയോകളും.


മൂന്നു വര്ഷം സ്ഥാപനം തുടങ്ങി ഇപ്പോള്‍ പ്രതിസന്ധിയിലൂടെ സുഹൃത്തിനോട്‌ നിക്ഷേപകരെ തേടാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്.

“മൂന്നു വര്ഷം മുന്‍പ് ഒന്നരക്കോടി ആണ് ലോണ്‍ എടുത്തത്‌, എഴുപത്തഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടച്ചു കഴിഞ്ഞു, പക്ഷേ ദാ, വീണ്ടുമത് ഒരു കോടിക്ക് മുകളില്‍ തന്നെ ബാക്കി നിക്കുന്നു. ഒരു ഏഴു വര്ഷം കൊണ്ട് അത് മുഴുവന്‍ തിരിച്ചടക്കാം എന്നാണ് എന്റെ പ്രതീക്ഷ. അത്രയും കാലം ഞാന്‍ ഇത്തിരി അരിഷ്ടിച്ചു ജീവിക്കണം എന്നല്ലേ ഉള്ളു. പക്ഷെ അത് കഴിഞ്ഞാല്‍ എന്റെ കഷ്ടപാടിനും അധ്വാനത്തിനും അവകാശി ഞാന്‍ മാത്രമാണ്. ഇപ്പോള്‍ പുറത്ത്‌ നിന്ന് നിക്ഷേപം സ്വീകരിചാലോ കാലം എത്ര കാലം കഴിഞ്ഞാലും, എത്ര റിട്ടേണ്‍ തിരിച്ചു കൊടുത്താലും ഇതിനു അവകാശികള്‍ വേറെ കാണും..”

സംരംഭകര്‍ തേയില പോലെയാണ്, തിളയ്ക്കും തോറും കടുപ്പം കൂടിവരും. 

No comments:

Post a Comment