Sunday

അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 3

.............അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 2.............


 ഒന്ന് എത്തിനോക്കിയാല്‍ കാണാവുന്ന തരത്തില്‍ ഒരു അന്യരാജ്യം അടുത്തുള്ളപ്പോള്‍ കാണാതെ പോവുന്നതെങ്ങനെ? നാംപോങ്ങില്‍ നിന്ന്‍ അതിര്‍ത്തിവിസ്ത്രിതി അടക്കം വെറും പതിനാറു കിലോമീറ്ററേ ഉള്ളു ഇപ്പോഴത്തെ മ്യാന്മാര്‍ എന്ന പഴയ ബര്‍മയ്ക്ക്.


പാസ്പോര്‍ട്ട്‌ ഒന്നും ഇലാതെ അതിര്‍ത്തിയില്‍ നിന്നു 15 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് സന്ദര്‍ശിക്കാം. മേജര്‍ ശ്രീകാന്ത്‌ ഉള്ളത് കൊണ്ട് പെര്‍മിറ്റ്‌ കിട്ടാന്‍ വലിയ താമസം ഉണ്ടായില്ല എന്ന് മാത്രമല്ല, ആര്‍മിയുടെ ടെമ്പോ വാനില്‍ അവിടം വരെ എത്തിക്കനുള്ളതും വേണ്ടത് ചെയ്തു തന്നു.


 ഐഡി പ്രൂഫ്‌ അടക്കമുള്ള രേഘകള്‍ അപേക്ഷയ്ക്കൊപ്പം നല്‍കണം. നമ്മുടെ ഫോട്ടോ ഒക്കെ എടുക്കും പോകുന്നതിനു മുന്‍പ്. ഗ്രൂപ്പ്‌ ആണെന്കില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കും, ഗ്രൂപ്പിലെ എല്ലാവരും തിരിച്ചെത്തിയെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ ഒരാളെ പോലും അവിടുന്ന് പോരാന്‍ അനുവദിക്കു.

കിട്ടിയ സമയം കൊണ്ട് ഒരു മലയാളി ജവനോട് കൊച്ചുവര്‍ത്താനം നടത്തി. 
“കയ്യില്‍ അത്യാവശ്യം കാശ് മാത്രം കൊണ്ടുപോയാല്‍ മതി ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങി വരാം. ബര്‍മ മുഴുവന്‍ വാങ്ങാന്‍ ഉദേശമുണ്ടെങ്കില്‍ കൂടുതല്‍ കാശു കൊണ്ടുപോയാല്‍ മതി. പിന്നെ, നമ്മുടെ രാജ്യം നമ്മളെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു എന്നോര്‍ത്ത് അഭിമാനിക്കും നിങ്ങള്‍ ബര്‍മ കണ്ടാല്‍.” അദ്ദേഹം പറഞ്ഞു.


ഉപയോഗമില്ലാത്ത മൊബൈല്‍ അനുവദിച്ചിട്ടും വല്യ കാര്യമില്ല, പക്ഷേ ക്യാമറ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഹൃദയം തകര്‍ത്തു. ഇക്കണ്ട കഷ്ടപ്പാട് സഹിച്ചു ഇവിടെ വന്നിട്ട് ഇതൊക്കെ നാലാളെ കാണിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്ത്... ഹഹാ... 

ഏതായാലും പത്തു മണിയോടെ ഞങ്ങള്‍ക്കുള്ള വണ്ടി റെഡിയായി. കയറില്‍ തൂങ്ങിപ്പിടിച്ചു വാനിലേക്ക് കയറാന്‍ കഷ്ടപെട്ട എന്നെ അകത്തിരുന്ന ജവാന്റെ ഉരുക്ക് കരങ്ങള്‍ പൂ പോലെ എടുത്തു അകത്തേക്കിട്ടു.



മലയുടെ മുകളിലേക്ക് കയറുകയാണ് വാന്‍. പതിമൂന്നു കിലോമീറ്റര്‍. റോഡു എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും രണ്ടു പ്രാവശ്യം വച്ച് പത്തു ദിവസം ഈ വനിലൂടെ ഈ വഴിയില്‍ യാത്ര ചെയ്താല്‍ മതി. സിക്സ് പാക്ക്‌ വരും. ഓരോ മിനിറ്റിലും ഓരോ വലിയ കുലുക്കങ്ങള്‍ പ്രതീക്ഷിക്കാം. വലിയ വലിയ കല്ലുകളും കുഴികളും നിറഞ്ഞ റോഡ്‌. ചിലപ്പോ ഒരു കുലുക്കം ഒക്കെ കഴിഞ്ഞു നോക്കിയാല്‍ കാണാം അപ്പുറത്തിരിക്കുന്നവര്‍ ഒക്കെ ഇപ്പുറത്തുള്ളവരെ കെട്ടിപ്പിടിച്ചു കിടക്കുന്നത്.

രണ്ടറ്റത്തും ഇരിക്കുന്ന ജവാന്മാര്‍ക്ക് തെല്ലനക്കം പോലുമില്ല! അയ്യപ്പന്റടുത്താണോ പുലിക്കളി. അതി സാഹസികമായ ആ യാത്ര കൂട്ടത്തിലെ പലരുടെയും ഞെട്ടും ബോള്‍ട്ടും ഇളക്കി. അതിര്‍ത്തിയുടെ അവസാനം ഞങ്ങളെ ഇറക്കിവിട്ടു സാബ്‌ പറഞ്ഞു കൃത്യം രണ്ടു മണിക്ക് തന്നെ ഇവിടെ തിരിച്ചെത്തണം, അല്ലെങ്കില്‍ താഴേക്ക്‌ കാട്ടിലൂടെ നടന്നിറങ്ങേണ്ടി വരും.

ഉവ്വ് സാര്‍.

കാട്ടിനുള്ളിലൂടെ ഒരു ചെറിയ ഇടവഴി ആണ്. ഇടയ്ക്കിടയ്ക്ക് റോക്കറ്റ്‌ വരും പോലെ ഓരോ സ്കൂട്ടര്‍ വരും, ബര്‍മീസ്‌ പയ്യന്മാര്‍ സാധനങ്ങള്‍ കടത്തുകയാണ്. ഒരു പ്രത്യേക തരം സ്കൂട്ടര്‍ ആണ്, ഞാനൊക്കെ ജനിക്കുന്നതിനു മുന്‍പേ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന പോലൊരു മോഡല്‍. തിരിച്ചു കാലിയടിച്ചു പോകുന്നവര്‍ സന്ദര്‍ശകരെ കയറ്റും. മുപ്പതു രൂപ കൊടുത്താല്‍ മതിയത്രേ. ഇങ്ങനെ ആദ്യമേ അവിടെയെത്തിയ സുഹൃത്ത്‌ പറഞ്ഞു, വീഗാലാന്റിലെ ഏതോ റൈഡില്‍ ഇരുന്ന പോലുണ്ടയിരുന്നെന്നു.

 കാട്ടിലൂടെ ഏതാണ്ട്‌ മൂന്നു കിലോമീറ്റര്‍ നടന്നാല്‍ ചെക്പോസ്റ്റ്‌ കാണാം. പട്ടാളക്കാരുടെ എന്ന് തോന്നിക്കുന്ന ഒരു കുപ്പായം ഊര്‍ന്നു വീഴാറായ പാന്റിനുള്ളിലേക്ക് തിരുകി വച്ച് മൂന്നാല് പേര്‍ ചെക്ക്‌പോസ്റ്റില്‍.,. ശരിക്കും പട്ടാളക്കാരാണ്! കാട്ടില്‍ നടക്കുമ്പോള്‍ ഒരു സപ്പോര്‍ട്ടിന് കയ്യില്‍ എടുത്ത വടി സ്നേഹത്തോടെ അവര്‍ വാങ്ങിച്ചു വച്ചു. മുഖത്ത് ലേശം ഗൗരവം ഞാന്‍ രണ്ടു കയ്യും കൂപ്പി നമസ്കാരം പറഞ്ഞപ്പോള്‍ മാറി, അവരും നമസ്തേ പറഞ്ഞു പുഞ്ചിരിച്ചു.

 ഇവിടെയും സ്നേഹസമ്പന്നര്‍ മാത്രം.

ചെറിയ ഗ്രാമം ആണ് ഇത്. സന്ദര്‍ശകരെ ടാര്‍ജറ്റ്‌ ചെയ്തു ആവണം നല്ലൊരു ചന്ത ഉണ്ട്. ആയിരുര്‍പ്പ്യ ഉണ്ടെങ്കില്‍ ചന്ത മുഴുവന്‍ വാങ്ങമെന്നത് വാചകമടിച്ച് ചെന്ന ഞങ്ങളുടെ വായടഞ്ഞു ആദ്യത്തെ കടയില്‍ കേറിയപ്പോ. തൊട്ടാ പൊള്ളുന്ന വില. അതെ, ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചല്ലേ... അതാണത്രേ.

ഇവിടെ പെണ്‍ഭരണമാണ്. കച്ചവടം നടത്തുന്നതും കാശ് കൈകാര്യം ചെയ്യുന്നതും ഒക്കെ പെണ്ണുങ്ങള്‍. ചിലരുടെ അടുത്തിങ്ങനെ ആണുങ്ങള്‍ കയ്യും കെട്ടി നിക്കുന്നുണ്ട്. ഇടയ്ക്കിവര്‍ ഓരോന്ന് പറയുമ്പോള്‍ ഓടി ഓടി ചെയ്യാന്‍. കണ്ടിട്ട് എനിക്ക് തന്നെ നാണം വന്നു.

വിലപേശല്‍ ഒന്നും നടക്കുന്നില്ല, വേണെങ്കില്‍ വാങ്ങിച്ചാല്‍ മതി എന്ന ഭാവം. ഒരു ഓവര്‍കോട്ടിന് ഒക്കെ ആയിരത്തഞ്ഞൂറു രൂപ. പാക്ട് ഐറ്റംസ് ആണെന്കില്‍ എം ആര്‍ പിയെക്കാള്‍ കൂടുതല്‍ കൊടുക്കണം. ഹിന്ദിയോ ഇന്ഗ്ലീഷോ ഒന്നും ചെല്ലില്ല. അപ്പൊ പിന്നെ നമ്മളും മലയാളത്തില്‍ ആക്കി... “എന്താ ചേച്ചി, ഇത്ര്യക്ക് റേറ്റ് കൂടുതല്‍ ആണ്, എം ആര്‍ പി ഇത്രയല്ലേ ഉള്ളൂ” ന്നൊക്കെ.... മുഖത്തെ ഭാവവും ചേരുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാവും. ഒരു മയവും ഇല്ലാതെ പോയി പണി നോക്കെടാ എന്ന് പറയേം ചെയ്യും.

ഞങ്ങള്‍ വലഞ്ഞു. വിശന്നിട്ടാണെങ്കില്‍ കണ്ണ് കാണാന്‍ വയ്യ. ഒരു ഹോട്ടലില്‍ കേറിയ താമസം അവിടുത്തെ മുതലാളിയമ്മച്ചി മീന്‍ വറുത്തതിന്റെ സാമ്പിള്‍ കഷ്ണം ഒരുപാടു പ്രതീക്ഷയോടെ കൊണ്ട് വന്നു തന്നു. വായിലിട്ടതും പുറത്തേക്ക് തുപ്പിയതും ഒരുമിച്ചായിരുന്നു. ഏതാണ്ട് പച്ചമീന്‍ മുളക് പുരട്ടി ഉണക്കിയ പോലെ. അടുത്ത ടേബിളില്‍ ഇരിക്കുന്ന രണ്ടു പുംഗവന്‍ന്മാര്‍ ന്യൂഡില്‍സ്‌ പോലെ എന്തോ കഴിക്കുന്ന കണ്ടു. അത് എന്താന്ന് ചോദിച്ചപ്പോള്‍ ‘കുക്കാ... കുക്കാ’ എന്നാണ് പറഞ്ഞത്. എന്നാല്‍ കുക്ക പോരട്ടെ മൂന്നു പ്ലേറ്റ് എന്നായി ഞങ്ങള്‍. ന്യൂഡില്‍സ്‌ കഞ്ഞിവെള്ളത്തില്‍ ഇട്ടപോലെ ഒരു സാധനം. മുകളില്‍ കുറെ ഇറച്ചിയും. കൂടുതല്‍ ഒന്നും നോക്കിയില്ല. എല്ലാം അകത്തേക്ക് കേറ്റി. തൊണ്ടയില്‍ ഒരു ചെറിയ എല്ല് കുടുങ്ങിയത് ഞാന്‍ അസാധാരണ മികവോടെ വയറ്റിലേക്ക് കയറ്റിവിട്ടു. ഒന്നിന് എണ്പതു രൂപ.

പുറത്തിറങ്ങി, ഓരോ കടയിലും വെറുതെ കയറി ഇറങ്ങി. മിക്കവാറും എല്ലാം നാട്ടില്‍ കിട്ടുന്ന സാധനങ്ങള്‍. കഠാരയും വാളുകളും ഒഴികെ. നല്ല മനോഹരമായ വാളുകള്‍ ഒക്കെ ഉണ്ടായിരുന്നു. കാര്യമില്ലാത്തത് കൊണ്ട് വാങ്ങിയില്ല. സന്ദര്‍ശകരില്‍ നല്ലൊരു വിഭാഗവും വാളുകളും കത്തികളും വാങ്ങുന്നുണ്ടായിരുന്നു.



നമ്മുടെ ഭാഷയറിയാത്ത അന്യനാട്ടില്‍ ചെന്ന് കാണുന്നതിനെ കുറിച്ചൊക്കെ സര്‍വ സ്വാതന്ത്ര്യത്തോടെ ഉറക്കെ കമന്റ് അടിക്കാന്‍ എന്ത് സുഖമാണെന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല. നിങ്ങള്‍ അനുഭവിച്ചറിയണം. കത്തിക്കടയില്‍ന്നു ഇറങ്ങിയപ്പോള്‍ കൂട്ടത്തിലൊരാള്‍ ഉറക്കെ പറഞ്ഞു

“ഒപ്പമുള്ളവരുടെ കത്തി തന്നെ സഹിക്കാന്‍ വയ്യ, ഇത് എന്തിനാ, വല്ല പരിചയും കിട്ടുമോ അതാണിപ്പോ ആവശ്യം”

“അത് കിട്ടണേല്‍ നാട്ടില്‍ തന്നെ ചെല്ലണം മക്കളെ” !

വശത്ത് നിന്നും ഒരു കമന്റ്..

“ഹഹ.. അത് ശരിയാ.” എന്ന് ഞങ്ങള്‍...,  ശെടാ... ആ കേട്ടത് നല്ല മലയാളം ആണല്ലോ. അകെ ഒരു ഞെട്ടല്‍. ഒരു ചേട്ടനും ചേടത്തിയും ഞങ്ങളെ നോക്കി ചിരിച്ചോണ്ട് നില്‍ക്കുന്നു.

മലയാളീസ്‌??

അതെലോ.. കുറച്ചു നേരമായി നിങ്ങളെ നോക്കുന്നു.

ഈശ്വരാ, ഞാന്‍ മനസ്സിനെ പുറകിലേക്ക് വേഗം റീവൈന്‍ഡ ചെയ്തു. കഴിഞ്ഞ കുറെ നേരത്തില്‍ കൂട്ടത്തില്‍ ആരെങ്കിലും വല്ല വളിപ്പും അടിച്ചോ??  ഓര്‍മയില്‍ ഇല്ല..

അവര്‍ തെക്കന്‍ കേരളത്തില്‍ നിന്നാണ്. അരുണാചലിലെ ജയ്‌രാംപൂരില്‍ ജോലി ചെയ്യുന്നു. നാട്ടില്‍നിന്നും വന്ന അതിഥികളെയും കൊണ്ട് ബര്‍മ കാണാന്‍ വന്നവര്‍.,. അപ്പോഴേക്കും കൂടെ ഉള്ളവരും എത്തി.

ഞാന്‍ ചോദിച്ചു
 “ചേട്ടാ, ഇവിടെ കഴിക്കാന്‍ വല്ലതും കിട്ടുമോ?”

“ഇവിടെ കഴിക്കാന്‍ ഒക്കെ ധാരാളം കിട്ടും, പക്ഷേ കിട്ടുന്നത് കഴിക്കണം എന്ന് മാത്രം.”

ചേട്ടന്‍ വല്യൊരു വിറ്റ്‌ പറഞ്ഞു.

“കുറെ നാളായി ചേട്ടാ വായില്‍ കൊള്ളന്ന വല്ലതും കഴിച്ചിട്ട്. ഇവിടെ ഹോട്ടലൊക്കെ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ കൊതിയോടെ എത്തിയതാ... ഒടുക്കം കുക്കയോ മറ്റോ കഴിച്ചു.”

“പട്ടിയിറച്ചിയൊക്കെ അത്ര ഇഷ്ടമാണല്ലേ?”

ഒരു തെരുവുപട്ടിയുടെ കുര എന്റെ ചെവിയില്‍ മുഴങ്ങി. ഒരു തികട്ടലും.

അപ്പൊ വെട്ടിവിഴുങ്ങിയത് പട്ടിയിറച്ചി ആയിരുന്നു...

അറിഞ്ഞു ആസ്വദിച്ച് കഴിക്കാന്‍ പറ്റാത്തതായിരുന്നു അകെ ഉണ്ടായിരുന്ന വിഷമം. ഇനിയിപ്പോ അതല്ലേ പറയാന്‍ ഒക്കൂ.

ഏതു നാട്ടില്‍ പോയാലും അവിടുത്തെ ഭക്ഷണം കഴിക്കുക എന്നതായിരുന്നു മുദ്രാവാക്യം. കഴിഞ്ഞ വര്ഷം ഉത്തരാഖണ്ഡ് പോയി കടുകെണ്ണയില്‍ വറത്തു കോരിയ പൂരിയും സമൂസയും തള്ളിക്കേറ്റി ഒടുവില്‍ ഒരാഴ്ച വയറു ശംഖ് വിളി നിര്ത്താതായതോടെ ആണ് ഈ സാഹസം ഞാന്‍ നിര്‍ത്തിയത്.

ഏതായാലും ഞങ്ങള്‍ക്ക് ചമ്മാന്‍ കൂടുതല്‍ അവസരം തരാതെ ആ ചേട്ടത്തി കുറച്ചു ബ്രഡും ജാമും തന്നു. കൂടെ കുറെ ഓറഞ്ചും വെള്ളവും. വേണ്ടെന്നു കുറെ പറഞ്ഞെങ്കിലും കയ്യില്‍ നിര്‍ബന്ധിച്ചു കൂടുതല്‍ വച്ചു തന്നു, കൂടെയുള്ള മറ്റുള്ളവര്‍ക്ക് കൂടെ കൊടുക്കാന്‍..,.

വയറു നിറഞ്ഞു കൂടെ മനസ്സും...

ബര്‍മ യാത്രയില്‍ മനസ്സ് നിറഞ്ഞു നില്‍ക്കുന്നത് അവരായിരുന്നു... ഇതെഴുതുമ്പോഴും അവരെ നന്ദിയോടെ മനസ്സില്‍ സ്മരിക്കുന്നു.

No comments:

Post a Comment