Wednesday

ഇവനാണു ഞങ്ങ പറഞ്ഞ ബിസിനസ്സ്കാരന്‍ -2


ക്ലയന്റ് എന്‍ ആര്‍ ഐ ആയിരുന്നു. പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍ തകൃതിയായി നടക്കുന്നു. 

ഇങ്ങനെ നാലാള്‍ ഇപ്പുറത്ത് ഉണ്ടെന്ന ഒരു ഭാവവുമില്ലാതെ സെറ്റിയുടെ മറ്റേ അറ്റത്ത് ഞങ്ങള്‍ക്ക് കൊണ്ടുവച്ച സ്നാക്സും കൊറിച്ചു കൊണ്ട് ഒരാള്‍..,. പുള്ളീടെ അളിയന്റെ ഇളയ മോന്‍. മുപ്പതിനടുത്തു പ്രായം വരും. കണ്ടാല്‍ തന്നെ അറിയാം കുഴിമടിയന്‍ ആണെന്ന് ! (ഇങ്ങനൊരു അവതാരം എല്ലായിടത്തും കാണുമല്ലോ).


പ്രസന്‍റേഷന്‍ ഒക്കെ വിജയകരമായി പൂര്‍ത്തിയാക്കി ലാപ്‌ മടക്കുമ്പോള്‍ ആണ് അശരീരി പോലെ ആ മൂലയില്‍ നിന്നും ശബ്ദമുയര്‍ന്നത്‌.,.

“ഏയ്, നിങ്ങള്ക്ക് ഇതിനെക്കാള്‍ ലാഭമുള്ള ഒരു പരിപാടി ഞാന്‍ പറയട്ടെ?”

എന്തുന്ന്‍? വല്ല ബ്ലേഡ് പലിശേടെ പരിവാടിയവും. അത് ന്റെ പണിയല്ല ചേട്ടോ.

പുള്ളീടെ അതെ ശൈലിയില്‍ ഞാന്‍ മറുപടി കൊടുത്തു.

“നിങ്ങള് ഒരു മൈക്രോഫിനാന്‍സ് കമ്പനി തുടങ്ങിന്‍”

ഹഹാ.. നല്ല കാര്യായി. എന്നിട്ട് നാട് മുഴുവന്‍ തെണ്ടി നടന്നു. പെണ്ണുങ്ങളുടെ അയല്‍ക്കൂട്ടം പോലെ ഗ്രൂപ്പും ഉണ്ടാക്കി. പത്തായിരവും പതിനഞ്ചായിരവും കടം കൊടുത്തു, ആഴ്ചയ്ക്ക് പിരിവും എടുത്തു നടക്കാനോ?




“നിങ്ങള്ക്ക് തൃശൂരെ മറ്റേ മൈക്രോഫിനാന്‍സ് ഗ്രൂപ്പിനെ അറിയില്ലേ? അതിന്റെ ആളു ലണ്ടനില്‍ ഉണ്ടായിരുന്ന ഒന്നാന്തരം പണിയും കളഞ്ഞു നാട്ടില് വന്നു പെണ്ണുങ്ങള്‍ക്ക്‌ കടവും കൊടുത്തു കമ്പനി നടത്തുന്നത് സാമൂഹ്യ സേവനം ചെയ്യാനാന്നാ നിങ്ങടെ വിചാരം?”

ശരിയാണല്ലോ. അതെന്തപ്പാ അതിന്റെ ഒരു കളി?

“ഗ്രാമങ്ങളില് സ്ത്രീകള്‍ക്കും മറ്റും അവരുടെ ചെറുകിട സംരംഭങ്ങള്‍ ഡെവലപ്പ് ചെയ്യാനോ പുതിയത് തുടങ്ങാനോ ഒക്കെയാണ് മൈക്രോഫിനാന്‍സ് സംരംഭങ്ങളെ ഗവണ്‍മെന്റ് പ്രോത്സാഹിപിക്കുന്നത്. കമ്പനി തുടങ്ങിയാല്‍ ആളുകള്‍ക്ക് കൊടുക്കാനുള്ള ലോണ്‍ നിങ്ങള്ക്ക് വെറും നാലര ശതമാനം പലിശയ്ക്ക് കിട്ടും.

ഗ്യാരണ്ടി ഒന്നുമില്ല്റെ കാശ് കടം തരാന്ന് പറഞ്ഞാല്‍ എവിടെ പോയാലും പത്തിരുപതു പെണ്ണുങ്ങളെ എളുപ്പം കിട്ടും. നാലോ അഞ്ചോ പേരുടെ ഗ്രൂപ്‌ ആക്കിതിരിച് ഗ്രൂപ്പിലെ ഒരാള്‍ക്ക് മറ്റുള്ളവര്‍ എല്ലാം ജാമ്യം നില്‍ക്കുന്ന രീതിയില്‍ ലോണ്‍ കൊടുക്കും.

കുറ്റിമുല്ല കൃഷി ചെയ്യില്ലേ, പശു വളര്‍ത്തി പാല് കറന്നു വിക്കില്ലേ ന്നൊക്കെ ചോദിചിട്ടാണ് ലോണ്‍ കൊടുക്കാ. പക്ഷെ, ഇതവര് പുതിയ കളര്‍ ടി വി വാങ്ങാനോ മുടങ്ങിയ ചിട്ടി അടയ്ക്കാനോ മറ്റോ ആയിരിക്കും എടുക്കുക എന്ന് കൊടുക്കുന്നവര്‍ക്ക് നന്നായി അറിയാം.”

ഇതൊക്കെ സാധാരണ നടക്കുന്നതല്ലേ ചേട്ടാ. നിങ്ങളിതിന്റെ പുറകിലെ കളി പറ.

“കേള്‍ക്കിന്‍, ലോണ്‍ കൊടുക്കുമ്പോ തന്നെ ഒരു മാസത്തെ അടവ് പിടിയ്ക്കും. ഒരു ക്ഷീണം അറിയാതിരിക്കാന്‍.,. സര്‍വീസ്‌ ചാര്ജ്ജുന്നും പറഞ്ഞു ഒരു തുക വേറെ. ഇനി നിങ്ങളെങ്ങാനും തട്ടിപ്പോയാ ലോണ്‍ ഇന്‍ഷുര്‍ ചെയ്യാനാണെന്നും പറഞ്ഞു വേറൊരു തുക. (അമ്മാതിരി ഒരു സ്കീം തന്നെ ഇന്‍ഷുറന്സില്‍ ഉണ്ടാവില്ല, ഉണ്ടായാല്‍ തന്നെ ആരെടുക്കാന്‍ പോണു.) പറഞ്ഞു കേള്‍ക്കുമ്പോ ബാങ്ക് പലിശയുടെ അത്രയുമേ കാണു. പക്ഷെ തിരിച്ചടവ് ആഴ്ചയ്ക്കല്ലേ. സംഗതി കണക്ക് കൂട്ടി നോക്കിയാല്‍ ബാങ്കിന്റെ മൂന്നിരട്ടി വരും.

ഇരുപതു പേര് എടുത്ത ലോണിന്റെ ഒരു ആഴ്ചത്തെ തിരിച്ചടവ് കിട്ടിയാല്‍ വേറൊരു ചെറിയ ഗ്രൂപ്പിന് അത് ലോണ്‍ ആയി കൊടുക്കാം. എന്നുവച്ചാല്‍ അഞ്ചു ഭാഗത്തുള്ള ടീമിന്റെ ഒരു ആഴ്ചത്തെ പൈസ കൊണ്ട് വേറൊരു ഭാഗത്ത് പുതിയൊരു ടീം തുടങ്ങാം. ഇങ്ങനെ ആദ്യത്തെ ഒരു ടീം അടച്ചു തീര്‍ക്കണ ആറു മാസത്തെ പൈസ കൊണ്ട് എത്ര കളി നടക്കുമെന്ന് കണക്കാക്കിന്‍.”

അമ്പടാ... കൊള്ളാമല്ലോ.

“കഴിഞ്ഞില്ല, കടം കൊടുക്കുമ്പോ നമ്മടെ മുതലാളി വന്നു എല്ലാവര്‍ക്കും ഉപദേശം കൊടുക്കും. നിങ്ങള്‍ ഇങ്ങനെ കടത്തില്‍ മാത്രം ഓടിയാല്‍ പോരാ, സ്വന്തമായി സമ്പാദ്യ ശീലം വളര്‍ത്തണം. അതുകൊണ്ട് ഓരോ ആഴ്ചയും തിരിച്ചടവിന്റെ കൂടെ ഒരു തുക സമ്പാദ്യമായി ഇടണം. ലോണ്‍ എല്ലാം അടച്ചു കഴിയുമ്പോ അത് തിരികെ കിട്ടും എന്നൊക്കെ. ശോ, എന്ത് നല്ല മനുഷ്യന്‍..,. അങ്ങനെ പെണ്ണുങ്ങള്‍ സമ്പാദ്യവും അടയ്ക്കും. ആ കാശും അടുത്ത ടീമിന് ലോണ്‍ കൊടുത്തു ഉപദേശി കാശുണ്ടാക്കും.”

വെറുതെയല്ല നമ്മടെ ലണ്ടന്‍ നായര് ഈ പണിയ്ക്കിറങ്ങിയത്.

“ഏയ്‌, ഇതൊക്കെ പിന്നേം സഹിക്കാം നിങ്ങള് ബാക്കി കേള്‍ക്കിന്‍. മൂന്നാല് മാസം കൂടുമ്പോ സേവനവാരംന്നോ സാമൂഹ്യപ്രവര്‍ത്തനം ന്നൊക്കെ പറഞ്ഞു സകല പെണ്ണുങ്ങളെയും വിളിച്ചു കൂട്ടി പരിപാടി വെക്കും. വന്നില്ലെങ്കില്‍ അടുത്ത ലോണ്‍ കൊടുക്കില്ല എന്ന് പറഞ്ഞാല്‍ ആരും വരാതിരിക്കില്ല. എന്നിട്ട് അത് പേപ്പറില്‍ വലിയ വാര്‍ത്തയാക്കും. ഫ്രീ പബ്ലിസിടി!.


വര്ഷം കൂടുമ്പോ സമ്മേളനം വച്ച് എം എല്‍ എയോ എം പിയെയോ ഒക്കെ കൊണ്ട് വന്നു ഗ്രാന്‍ഡ്‌ പരിപാടി. അതില്‍ നമ്മടെ ഈ മുതലാളി മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്നും, ആയിരക്കണക്കിനു ഗ്രാമീണകുടുംബങ്ങളുടെ രക്ഷകനാണെന്നും ഒക്കെ പ്രസംഗിപ്പിക്കും. പോരാത്തതിന് വല്ല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അവാര്‍ഡും.”

ഹി ഹി.. പക്ഷെ ലോണ്‍ എടുത്തവര്‍ തിരിച്ചടച്ചില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടില്ലേ?

“പിന്നേ.. ഗ്രൂപ്പിലെ ഒരുത്തി ലോണ്‍ അടച്ചില്ലെങ്കില്‍ മറ്റേ നാലു പെണ്ണുങ്ങളും പ്രാകി അടപ്പിക്കും. ഇല്ലെങ്കില്‍ അത് ഇവരടെ സമ്പാദ്യത്തില്‍ന്നു പിടിക്കുമല്ലോ. കളക്ഷന്‍ ബോയ്സിനു ഒരു പണിയും ഇല്ല. പാവം സ്വകാര്യ ബാങ്കുകള്‍ ഒക്കെ ക്രെഡിറ്റ്‌ കാര്‍ഡ് പേമന്റ് കിട്ടാന്‍ പെടുന്ന പാടിന്റെ പത്തിലൊന്ന് പോലും ഇവിടെ വേണ്ട. ഒരിക്കല്‍ ലോണെടുത്ത പെണ്ണുങ്ങള്‍ അത് അടച്ചു തീരുന്നതിനു കുറച്ചു മുന്‍പേ ഒന്നിച്ചടച്ച്‌ അടുത്ത ലോണ്‍ എടുത്തിരിക്കും. അപ്പൊ കിട്ടണ ലാഭം വേറെ.”

എന്റമ്മോ... ഓരോ കളികളെ...

“സാറേ, ഇയാള് ലണ്ടനില്‍ കിടന്ന് ഇരുപത്തഞ്ചു കൊല്ലം പണിയെടുത്താലും ഇത്രേം കാശും നാട്ടില്‍ പേരും പ്രശസ്തിയും ഒന്നിച്ചു ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോ?”

എന്നാപ്പിന്നെ നിങ്ങള്ക്ക് പണിയൊന്നുമില്ലല്ലോഒരു മൈക്രോഫിനാന്‍സ് അങ്ങടു തുടങ്ങിക്കൂടെ.

“പണിയില്ലാന്ന്‍ പറഞ്ഞിട്ട് എന്താ കാര്യം സമയം വേണ്ടേ. പക്ഷെ ഞാന്‍ ഇത് എന്തായാലും തുടങ്ങും. പെണ്ണ്കിട്ടണെങ്കില്‍ പണി വേണം പോലും.”

ശുഭം !

No comments:

Post a Comment