“തലമുറകളായി ഇവിടെ ജനിച്ചു ജീവിച്ചു വരുന്ന ഞങ്ങള്‍
ഭാരതമണ്ണിന്റെ മക്കളാണെന്നല്ലാതെ മറുത്തു ചിന്തിച്ചിട്ടില്ല. ഞങ്ങളിലെ 70% ജനങ്ങളും
സകല ഭാരത ദേശങ്ങളും കണ്ടിട്ടുണ്ട്. ഞങ്ങളുടെ സ്കൂളുകളിലും ജനഗണമനയും വന്ദേമാതരവും
തന്നെയാണ് ആലപിക്കുന്നത്. പക്ഷെ ഡല്‍ഹിയിലോ ബോംബെയിലോ ചെന്നാല്‍ അവിടുത്തുകാര്‍
ഞങ്ങളോട് ചോദിക്കും നിങ്ങള്‍ ചൈനക്കാരല്ലേ എന്ന്. മംഗ്ലോയിട് രൂപം ഉള്ളത് കൊണ്ട്
ഞങ്ങള്‍ ചൈനക്കാരവുമോ? കാലങ്ങളായി ഞങ്ങള്‍ നേരിടുന്ന ഈ അവഗണനയും പിന്‍നിരപറ്റിക്കലും
ഉണ്ടാക്കിയ മുറിവുകള്‍ കുറച്ചല്ല. എങ്കിലും, ഇന്നും ഞങ്ങള്‍ ഉറച്ചു
വിശ്വസിക്കുന്നു ഞങ്ങളുടെ അസ്തിത്വം നിശ്ചയിക്കുന്നത് ഭാരതമാതവല്ലാതെ
മറ്റാരുമല്ലെന്നു...”
നാഷണല്‍ യൂത്ത് പ്രോജെക്ടിന്റെ യൂത്ത്
ഇന്റഗ്രേഷന്‍ ക്യാമ്പിനെ അഭിസംബോധന ചെയ്ത് അരുണാചല്‍പ്രദേശ് മുഘ്യമന്ത്രി അയച്ച
കത്തിലെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍. ഞാനുള്‍പ്പെടെ ഇന്ത്യയുടെ എല്ലാ
സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മുന്നൂറില്‍പ്പരം ചെറുപ്പക്കാര് കേട്ടറിഞ്ഞ നോര്‍ത്ത്-ഈസ്ടിന്റെ
ആത്മാവ് ഇത്രമേല്‍ മുറിപ്പെട്ടതാണെന്ന് തിരിച്ചറിയുകയായിരുന്നു അപ്പോള്‍..,. ഇന്ത്യയുടെ
കാല്‍ഭാഗത്ത് ഒരു കുഞ്ഞു പാവയ്ക്ക പോലെയുള്ള കേരളത്തില്‍ ഇരുന്നു ഇസ്രായേല്‍-
പലസ്തീന്‍ പ്രശ്നം, ഇറാഖിലെ അമേരിക്കന്‍ അധിനിവേശം ഒക്കെ ഘോരഘോരം ചര്‍ച്ച
ചെയ്യുന്നവരിലെ എത്ര പേര്‍ സ്വന്തം രാഷ്ട്രത്തിലെ ഈ സ്ഥിതി അറിയുന്നു. നോര്‍ത്ത്
ഈസ്റ്റ് ഭാരതത്തിന്റെ ഭാഗമല്ലാത്ത വിധം ആയിക്കൊണ്ടിരിക്കുനത്.
ഇവിടെയൊക്കെ ഇപ്പോളും വലിയൊരു വിഭാഗം ആളുകള്‍ക്കും
ഇന്ത്യയെ കുറിച്ചുള്ള കണ്സപ്റ്റ് രസകരമാണ്. കേരളവും തമിഴ്നാടും മുതല്‍ ബാംഗ്ലൂരും
ഹൈദരാബാദും വരെ സൗത്ത്‌ഇന്ത്യ അത് കഴിഞ്ഞാല്‍ ബാക്കി ഉള്ളതൊക്കെ നോര്‍ത്ത്
ഇന്ത്യ, അവരൊക്കെ ഹിന്ദിക്കാര്‍ , ഉള്ളിയും ഉരുളക്കിഴങ്ങും ഗോതമ്പ് റൊട്ടിയും
മാത്രം തിന്നുന്നവര്‍. വായില്‍ എപ്പോളും പാന്‍ മസാലയും വച്ച് നടക്കുന്നവര്‍. തിരിച്ച്
അവിടുള്ളവര്‍ക്കും ദക്ഷിണഭാരതത്തെ കുറിച്ച് ആകെമൊത്തം ഒരു സങ്കല്പം. മദിരാശികള്‍!,!
14-ആം
നൂറ്റാണ്ട് മുതലുള്ള ഒരു പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരാണ് നമ്മള്‍.
മലയാളത്തിന്റെ അതിസമ്പന്നമായ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവര്‍. പക്ഷേ
തമിഴിന്റെയോ ബംഗാളിയുടെയോ മുന്നില്‍ നമ്മള്‍ വെറും ദരിദ്രവാസികള്‍ ആയിരിക്കും. ചരിത്രങ്ങളിലും
കലകളിലും സാമൂഹിക-സാംസ്‌കാരിക ജീവിതത്തിലും ഒക്കെ ഈ ഓരോ കൂട്ടര്‍ക്കും ആഴവും –
വ്യാപ്തിയും അവകാശപ്പെടാം. സിക്കിമിന്റെ നാടോടി നൃത്തവുമായി തൊട്ടടുത്തുള്ള അരുണാചലിന്റേതിന്
പുലബന്ധം പോലുമില്ല. ബംഗാളി ഭാഷ ഹിന്ദിയുമായി വലിയ ബന്ധം ഒന്നുമില്ലാത്തതാണ്.
ഇനിയുമേറെ പറയാന്‍ പറ്റും ഭാരതത്തിന്റെ നാനാത്വത്തെ വിവരിക്കാന്‍. അല്ലാതെ കേവലം
കുറച്ചു മതങ്ങള്‍ ഒന്നിച്ചു നിലനില്‍ക്കുന്നു എന്നതല്ല.
സ്വാതന്ത്ര്യത്തിനു ശേഷം മാത്രം നാട്ടുരാജ്യങ്ങള്‍
സംയോജിച്ചു, നാനാത്വത്തില്‍ ഏകത്വം തുളുമ്പുന്ന പല ഭാഷകളും സംസ്കാരങ്ങളും ഉള്‍പെടുന്ന
ഭാരതം സൃഷ്ട്ടിക്കപെട്ടു എന്ന്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി..ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു
മുന്‍പും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അങ്ങ് കശ്മീരിന്റെ അറ്റത്തെ ഗ്രാമത്തിലെ
കുടുംബിനിയായ സ്ത്രീയുടെ നെറ്റിയിലും ഇങ്ങു കന്യാകുമാരിയിലെ കടല്‍ക്കരയില്‍ ഉള്ള
ചെറ്റക്കുടിലില്‍ താമസിക്കുന്ന സ്ത്രീയുടെ നെറ്റിയിലും നിങ്ങള്ക്ക് ഒരേ
സിന്ദൂരപ്പൊട്ടിന്റെ അരുണിമ കാണാം. ഗുജറാത്തിന്റെ പടിഞ്ഞാറെ അറ്റത്തെ ഒരു
വീട്ടിലും ഗുവഹാത്തിയിലെ ഒരു കുഗ്രാമത്തെ വീട്ടിലും സന്ധ്യയ്ക്ക് അസ്തമയ സൂര്യന്
സമര്‍പ്പിച്ച ഒരു തിരിവിളക്ക് കാണാം.
(ലക്ഷം ഡിഗ്രി ചൂടില്‍ കത്തിക്കൊണ്ടിരിക്കുന്ന
സൂര്യന് തിരിവിളക്ക് കാണിച്ച ടീം തന്നെയാണ് നമ്മള്, അല്ല പിന്നെ ! )
പണ്ട്, അശ്വമേധം നടത്തി ചക്രവര്‍ത്തി ആവാന്‍
യാഗാശ്വം സകല നാട്ടുരജ്യങ്ങളിലൂടെയും കടന്നു തടസ്സങ്ങളില്ലാതെ
തിരിച്ചെത്തണമായിരുന്നെത്രേ. ഇന്ന് സ്വതന്ത്ര ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ
പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ കൊടികെട്ടിയ കാറിനു ഇന്ത്യയുടെ എല്ലാ
സംസ്ഥാനങ്ങളിലൂടെയും സുഗമമായി കടന്നു പോവാന്‍ കഴിയും എന്ന് കരുതുന്നുണ്ടോ? എന്റെ
കണക്കില്‍ ചുരുങ്ങിയത് ആറു ഭാഗത്തെങ്കിലും തടയും. ചില ഭാഗത്ത് കടക്കാന്‍ തന്നെ
പറ്റില്ല.
തെലുങ്കാന, മവോഇസം, നക്സലിസം, അതിര്‍ത്തി-അവകാശ
പ്രശ്നം, മത-തീവ്ര വാദം .... എണ്ണിയാല്‍ തീരാത്ത പ്രശ്നബാധിതമേഘലകള്‍ ഇനിയുമേറെ. അതിര്‍ത്തിക്കപ്പുറം ചൈന നാലുവരിപ്പാതകള്‍
തകൃതിയായി പണിയുന്നു, ഇന്ത്യക്കകത്തു മത, രാഷ്ട്രീയ, ഭാഷ, വര്‍ണ്ണ
അടിസ്ഥാനത്തിലുള്ള ധൃവീകരണങ്ങള്‍ ശക്തമാവുന്നു. പഴിക്കാവുന്നത് ആരെ? തീര്‍ച്ചയായും
ദുര്‍ബലമായ നേതൃത്വങ്ങളെ.
നയിക്കാന്‍ ശക്തരായ നേതാക്കള്‍ ഇല്ലാത്തതു തന്നെ.
അല്ലെങ്കില്‍ പറയു, നെഞ്ചില്‍ കൈവച്ചു അഭിമാനത്തോടെ പറയാന്‍ പറ്റുന്ന ഒരു ദേശീയ
നേതാവിന്റെ പേര്?
നിങ്ങള്‍ക്കറിയാമോ, ഒരു ഐഡി പ്രൂഫും വേണ്ട, പേര്
പോലും പറയണ്ട, വെറും പതിനായിരം രൂപ അഡ്വാന്‍സും മാസം നാലായിരം രൂപയും കൊടുത്താല്‍
ബംഗ്ലൂര്‍ നഗരത്തില്‍ എല്ലാ സൗകര്യങ്ങളും ഉള്ള പേയിംഗ് ഗസ്റ്റ് റൂമുകള്‍ കിട്ടും,
മൂന്നു നേരം ഭക്ഷണം റൂമിലെത്തും.
വെറും അഞ്ഞൂറ് രൂപ കൊടുക്കാമെങ്കില്‍ വ്യാജ
ഐഡിയും അഡ്രസ്സ് പ്രൂഫും വച്ചുകൊണ്ട് ഒരു വീട്ടില്‍ തന്നെ അഞ്ചിലധികം ഇന്റര്‍നെറ്റ്
കണക്ഷനുകള്‍ കിട്ടും മുംബൈയില്‍..,.
ഡല്‍ഹിയിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന നിങ്ങളെ
മുന്നിലത്തെ അപ്പാര്‍ട്ട്മെന്റിലെ ആളുകള്‍ പോലും അന്വേഷിക്കില്ല.
എന്ത് സുരക്ഷിതത്വം !
എന്നിട്ടും ഇവിടെ കാര്യമായ പ്രശനങ്ങള്‍ ഒന്നും
ഉണ്ടാവുന്നില്ലലോ എന്നാണ് എന്റെ അത്ഭുതം.
നമ്മുടെ നിയമപാലകരുടെയും അധികാരികളുടേയും
കര്മോത്സുകമായ പ്രവര്‍ത്തനവും സുശക്തമായ നീധിനിര്‍വഹണ ബോധവുമാണ് കാരണം എന്ന്
പറഞ്ഞാല്‍ നിങ്ങള്‍ എന്റെ പിതാശ്രീയെ വിളിക്കും.
സ്വന്തം ധര്‍മത്തെ കുറിച്ച് ബോധവും മൂല്യങ്ങളില്‍
അധിഷ്ടിതമായ ജീവിതവും അന്യനു വേണ്ടി ചിന്തിക്കുന്ന മനസ്സും ഉള്ള വലിയൊരു വിഭാഗം
മനുഷ്യരാടോ ഇവിടൊക്കെ.
300 വര്ഷത്തില്‍ (മൂന്നു തലമുറ) കൂടുതല്‍
അടിമത്വത്തില്‍ കഴിഞ്ഞ ഒരു ലോക രാജ്യവും സ്വയം സ്വാതന്ത്ര്യം നേടിയിട്ടില്ല
ചരിത്രത്തില്‍. ഇന്ത്യ ഒഴികെ. അതും 700 വര്‍ഷത്തെ വിദേശ ആധിപത്യത്തിന് ശേഷം
രക്തരഹിതമായ വിപ്ലവത്തിലൂടെ.
കമ്മ്യൂണിസ്റ്റ് ആചാര്യന്‍ കാറല്‍ മാര്‍ക്സിന്റെ
തിയറിയില്‍ ലോകത്ത് രണ്ടു രണ്ടു വിഭാഗം ജനങ്ങളെയുള്ളൂ. ഒന്ന് ഉള്ളവനും രണ്ടു
ഇല്ലാത്തവനും.
പക്ഷെ നമ്മുടെ നാട്ടില്‍ വേറെ ചില കൂട്ടരുണ്ട്
ഉള്ളതില്‍ ത്രിപ്തിയുള്ളവനും ഉണ്ടായിട്ടു വേണ്ടാത്തവനും. അല്ലായിരുന്നെങ്കില്‍,
അവികസിത രാഷ്ട്രങ്ങളില്‍ കാണുന്ന പോലെ ദാരിദ്രവും പട്ടിണിയും തലമുറകളെ കൊള്ളയും
കൊലയും അടക്കമുള്ള അസാന്മാര്‍ഗിക മാര്‍ഗത്തിലേക്ക് എന്നോ നയിച്ചേനെ. മുണ്ട് മുറുക്കി
ഉടുത്ത് ഉള്ള കഞ്ഞി പിള്ളാര്‍ക്ക് കൊടുത്തു വിശപ്പ് ഒട്ടുമില്ലെന്നു പറഞ്ഞ് ഒരു
പുഞ്ചിരിയുമായി ഇരുന്ന അപ്പനപ്പൂപ്പന്മാരെ പുച്ഛത്തോടെ ഓര്‍ക്കാന്‍ നമുക്കെങ്ങനെ
കഴിയും?
നിലവിലെ സാഹചര്യങ്ങളില്‍ ഭാരത്തിന്റെ ഭാവി ശോഭനമല്ലായിരിക്കാം.
പക്ഷെ നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാവ് കേവലം ഭരണകൂടത്തിനു പണയം വച്ചതല്ല. അത്
ജനങ്ങളുടെ സിരകളില്‍ ലയിച്ചിരിക്കുന്നു. കാലമെത്ര പോവട്ടെ, കാരണങ്ങള്‍
ആയിരമുണ്ടാവട്ടെ, ഭാരതം ഏകം തന്നെ ഏകം.
കശ്മീര്‍ സെ കന്യാകുമാരി... ഗുജറാത്ത് സെ
ഗുവാഹത്തി ... ഭാരത്മാതാ ഏക് ഹമാരി !
This comment has been removed by the author.
ReplyDeleteWowww..
ReplyDeleteലക്ഷം ഡിഗ്രി ചൂടില്‍ കത്തിക്കൊണ്ടിരിക്കുന്ന സൂര്യന് തിരിവിളക്ക് കാണിച്ച ടീം തന്നെയാണ് നമ്മള്, അല്ല പിന്നെ !
ReplyDeleteസ്വാതന്ത്ര്യദിനാശംസകൾ
ReplyDelete