Sunday

ഇരുപത്തൊന്നാം നൂറ്റാണ്ട് ആവശ്യപെടുന്നു...


ഇരുകൈകളും ചേര്‍ത്ത് ഒരു കുമ്പിളാക്കി സദസ്സിനു നേരെ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു,

“എന്റെ പ്രിയപ്പെട്ട കുട്ടികളെ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ കോര്‍പ്പറേറ്റ്‌ ലോകം തങ്ങളുടെ തൊഴിലാളികളില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ഇത്രയും കഴിവുകള്‍ ആണ്....”

രണ്ടു കൈകളും ഇരുവശത്തേക്കും പരമാവധി വിടര്‍ത്തി കൊണ്ട് പറഞ്ഞു

“കൂടെ, ഇത്രയും മൂല്യങ്ങളും.”  


ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ വേദിയിലെ തന്റെ പ്രഭാഷണത്തില്‍  ഈ വാക്കുകള്‍ അടിവരയിട്ട് ആവര്‍ത്തിച്ചത് മറ്റാരുമല്ല, ദീര്‍ഘവീക്ഷണത്തോട് കൂടിയ തന്റെ കാഴ്ചപ്പാട് കൊണ്ടും സമൂഹത്തിനായി സ്വയം സമര്‍പിച്ച സ്വന്തം ജീവിതം കൊണ്ടും ‘ആനന്ദ്‌’ കെട്ടിപ്പടുത്ത് ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ ശ്രീ വര്‍ഗീസ്‌ കുര്യന്‍...,.

ഇരുപതാം നൂറ്റാണ്ടിന്റെ വികസന കുതിപ്പില്‍ കോര്‍പ്പറേറ്റ്‌ ലോകം പ്രാമുഖ്യം നല്‍കിയത് ഏറ്റവും കൂടുതല്‍ കഴിവുള്ളവര്‍ക്കായിരുന്നു. കൂടുതല്‍ മികവോടെ കൂടുതല്‍ ജോലി ചെയ്യുന്നവരെ തീറ്റിപ്പോറ്റാന്‍ മത്സരം.

പോള്‍ ക്രൂഗ്മാനും അമര്ത്യസനുമൊക്കെ സാമ്പത്തിക മാന്ദ്യം പ്രവചിക്കുമ്പോള്‍ കെട്ടിപടുത്ത സിംഹാസനങ്ങളുടെ കാലുകള്‍ക്ക് തെല്ലും ഇളക്കം വരില്ലെന്ന മൂഡവിശ്വാസത്തില്‍ ഉറക്കം നടിക്കുകയായിരുന്നു കോര്‍പ്പറേറ്റ് ലോകം.

മാന്ദ്യക്കാറ്റ്‌ ആഞ്ഞുവീശിയപ്പോള്‍ പലരും തിരിച്ചറിഞ്ഞു കേട്ടിപടുത്തത് വെറും ചീട്ടിന്റെ കൊട്ടാരങ്ങള്‍ ആയിരുന്നുവെന്ന്. ആപത്ത് വരുമ്പോളാണ് നമ്മള്‍ നല്ല സുഹൃത്തുക്കളെ തിരിച്ചറിയുക, പ്രതിസന്ധി വരുമ്പോള്‍ ആണ് കമ്പനികള്‍ നല്ല തൊഴിലാളികള്‍ ആരെന്നറിയുന്നതും.


കൂതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യപെടുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വന്തം സുരക്ഷിതത്വം മുന്‍നിര്‍ത്തി മറ്റു കമ്പനികളിലേക്ക് ‘ജോബ്‌--ജമ്പിംഗ്’ നടത്തിയവര്‍ ധാരാളം. വെല്ലുവിളികള്‍ വരാനുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു കമ്പനികള്‍ക്കുള്ളില്‍ തന്നെ റിസ്ക്‌ കുറഞ്ഞ വകുപ്പുകളില്‍ മുന്നേ കയറിപ്പറ്റിയവരെ പിന്നീട് തിരഞ്ഞു പിടിച്ചു പിരിച്ചു വിട്ടു പലരും.

തങ്ങള്‍ കൂടതല്‍ സൗകര്യങ്ങള്‍ കൊടുത്തു കൂടെ നിര്‍ത്തിയ പല ‘കഴിവ്-ഏറിയവര്‍ക്കും’ പ്രതിസന്ധി വന്നപ്പോള്‍ ഒരേ പോളിസി ആയിരുന്നു എന്നവര്‍ തിരിച്ചറിഞ്ഞു.

‘കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴിക്കോല്‍ ലാഭം’ !

കഴിവുകള്‍ക്കൊപ്പം മൂല്യങ്ങളും കൂടി പരിഗണിക്കേണ്ടതാണെന്ന ആശയത്തിന് ശക്തി കൂടുകയായിരുന്നു അവിടെ.


സുഹൃത്തുക്കളായ പല സംരംഭകരും ജോലിക്ക് ആളെ ആവശ്യപെടുമ്പോള്‍ യോഗ്യത ചോദിച്ചാല്‍ പറയുന്നത് ഇങ്ങനെയായിരിക്കും
 “പണിയെടുക്കാന്‍ അറിഞ്ഞാല്‍ മതി. മാര്‍ക്കുകള്‍ ഒന്നും പ്രശ്നമല്ല, പക്ഷെ നല്ല ആളായിരിക്കണം. വിശ്വസ്തന്‍ ആവണം.”

എന്നുവച്ചാല്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ കൂടെ നില്‍ക്കുന്നവരും, നല്ല പെരുമാറ്റശീലങ്ങള്‍ ഉള്ളവരും ആവണം എന്ന് ചുരുക്കം. 

ഒരു ട്രെയിനര്‍ അദ്ധേഹത്തിന്റെ അനുഭവം പങ്കുവെയുകയായിരുന്നു.

നഗരത്തിലെ അതിസമ്പന്നന്‍ ആയ ജ്വല്ലറി ഉടമയുടെ മകന്‍..,. ബി ടെകിനു പഠിക്കാന്‍ വിട്ടവന്‍ കൈ നിറയെ സപ്ലികളുമായി തിരിച്ചെത്തി. ആറേഴു മാസം തെണ്ടിത്തിരിഞ്ഞപ്പോള്‍ ചെക്കന് ബോധം വന്നു. ബി ടെക് പാസ്സാവണം, സ്വന്തമായി ജോലി സമ്പാദിക്കണം. വാശിയായി . മിടുക്കന്‍, പൊട്ടിയ പതിനേഴു പേപ്പറും അടുത്ത ഒന്നര വര്ഷം കൊണ്ട് പാസ്സായി. കാണുന്ന ഇന്റര്‍വ്യൂ മുഴുവന്‍ അറ്റന്‍ഡ് ചെയ്യും. എല്ലായിടത്തും കഴിഞ്ഞ രണ്ടു വര്ഷം എന്തു ചെയ്തെന്ന ചോദ്യം വില്ലനാവും.

ഇവന്റെ പരാതി കേട്ടുമടുത്ത അദ്ദേഹം ഒടുവില്‍ ഒരു പരിഹാരം ഒപ്പിച്ചു. ബുദ്ധിമാന്ദ്യം സംഭവിച്ചവരും നിരാലംബരുമായ ആളുകളുടെ ഒരു പുനരധിവാസകേന്ദ്രവുമായി നല്ല ബന്ധം ഉണ്ടായിരുന്നതിനാല്‍ കഥാനായകന്‍ അവിടെ രണ്ടു വര്ഷം സേവനം ചെയ്തെന്നു ഒരു സര്ട്ടിഫികറ്റ്‌ ഒപ്പിച്ചു കൊടുത്തു. ( പത്തു കുട്ടികളെ 5 വര്‍ഷത്തേക്ക് സ്പോണ്സര്‍ ചെയ്യിച്ചു കേട്ടോ ).

ചെന്നൈയിലെ പ്രശസ്തമായൊരു കമ്പനിയില്‍ സീനിയര്‍ മാനേജരുടെ മുന്നില്‍ ഫൈനല്‍ റൗണ്ട് ഇന്റെര്‍വ്യൂ. പതിവുപോലെ അവസാനം ആ വില്ലന്‍ ചോദ്യം എത്തി. 
കഴിഞ്ഞ രണ്ടുവര്‍ഷതിലധികം എന്തെടുത്തു?.
ഇതാ, ഇന്നയിടത് സേവനം ചെയ്തു.


ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ പഞ്ചാബ്കാരന്‍ മാനേജര്‍ പയ്യന്റെ അടുത്തേക്ക്‌. ,. രംഗം പന്തിയല്ലെന്നു തോന്നി എഴുന്നേറ്റ്‌ പോവാന്‍ നിന്ന ചെക്കനെ ഇരു കരങ്ങള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ചു അഭിനന്ദിച്ചു അദ്ദേഹം. 

ജോലി ഉറപ്പായെന്നു ഇനി പറയേണ്ട കാര്യമില്ലല്ലോ.



സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒപ്പത്തിനൊപ്പം മാര്‍ക്ക് നേടിയവരില്‍ സുനാമിബാധിത പ്രദേശങ്ങളില്‍ സേവനം ചെയ്തയാള്‍ക്ക് ഇന്റര്‍വ്യൂബോര്‍ഡ്‌ കൂടുതല്‍ മാര്‍ക്ക്‌ നല്‍കിയത് ഓര്‍ക്കുന്നു.

എണ്‍പതുകളുടെ അവസാനകാലം, കോരിച്ചൊരിയുന്ന ഒരു മഴ ദിവസം മുട്ടോളം വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന മുംബൈ നഗരം. നേരം സന്ധ്യയോടടുക്കുന്നു. ഒറ്റപ്പെട്ടൊരു ബസ്റ്റോപ്പില്‍ ഒരു യുവതിയും മറ്റൊരു പുരുഷനും മാത്രം. ഒരു ആഡംബരക്കാര്‍ ബസ്റ്റോപ്പിനുമുന്പില്‍ പതുക്കെ നിര്‍ത്തി. ഡ്രൈവര്‍ സീറ്റിലെ ഗ്ലാസ്‌ താഴ്ന്നു. രണ്ടുപേരോടും കാറില്‍ കയറാന്‍ ഡ്രൈവര്‍ ആവശ്യപെടുന്നു. മുംബൈയില്‍ എവിടെയാണെങ്കിലും കൊണ്ടുപോയി വിടാം. പുരുഷന്‍ വേഗം കാറിന്‍റെ മുന്‍സീറ്റില്‍ കയറി. പക്ഷെ അപരിചിതമായ ഒരു കാറില്‍ കയറാന്‍ യുവതി തയാറായില്ല. കാറിന്റെ പിന്‍സീറ്റിലെ ഗ്ലാസ്‌ പതുക്കെ താഴുന്നു. തല ലേശം പുറത്തേക്കിട്ട് ആ മനുഷ്യന്‍ ആവശ്യപെട്ടു. നോക്കു, ഇതെന്റെ കാറാണ്, ധൈര്യമായി കയറു. നിങ്ങളെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കാം. ഇല്ല, അവര്‍ കയറാന്‍ കൂട്ടാക്കിയില്ല.

കാര്‍ മുന്നോട്ടു ചലിച്ചു അല്പദൂരം പിന്നിട്ടു ഒരു വശത്തേക്ക് ചേര്‍ന്ന് നിന്നു. അരമണിക്കൂര്‍ കഴിഞ്ഞു. ഒരു പഴയ സ്കൂട്ടറും തള്ളിക്കൊണ്ട് ആ സ്ത്രീയുടെ ഭര്‍ത്താവ് എത്തി. സ്കൂട്ടര്‍ ഒരുവിധം സ്റ്റാര്‍ട്ട്‌ ചെയ്തു അവര്‍ രണ്ടുപേരും നീങ്ങി. ആ സ്ത്രീ സുരക്ഷിതയാണെന്ന് ഉറപ്പുവന്ന ശേഷമാണു  കാര്‍ അവിടുന്ന് ചാലിച്ചത്. പിന്നിലിരുന്ന ആ മനുഷ്യന്‍ രത്തന്‍ ടാറ്റയായിരുന്നു.


ബിസ്സിനസ്സ്‌ രംഗത്ത്‌ അതികായന്മാര്‍ പലരും ഉണ്ടെങ്കിലും രത്തന്‍ ടാറ്റയുടെ ഔന്നിത്യം ആര്‍ക്കും അവകാശപെടാന്‍ ആവില്ല. അദ്ദേഹത്തിലെ മൂല്യങ്ങള്‍ തന്നെ കാരണം.

റയില്‍വേയ്ക്ക് എഞ്ചിനീയര്‍മാര്‍ പലരും ഉണ്ട്. പക്ഷേ, സുപ്രധാനമായൊരു പദ്ധതി വരുമ്പോള്‍ ആദ്യം ഉയരുക ഈ ശ്രീധരന്റെ പേരായിരിക്കും.


ഇന്ത്യയ്ക്ക് പ്രസിഡന്ടുമാര്‍ പലരും ഉണ്ടായിരുന്നു പക്ഷേ ശ്രീ എ പി ജെ അബ്ദുല്‍കലാം സാര്‍ നമുക്ക് ആരധ്യനാവുന്നു.

സൂപ്പര്‍സ്റ്റാറുകള്‍ പലരും ഉണ്ട്. പക്ഷേ രജനികാന്തിന് കിട്ടുന്ന സ്നേഹാദരങ്ങള്‍ നോക്കു.

ഇവര്‍ ഇവരായത് കഴിവും സാമര്‍ത്ഥ്യവും കൊണ്ട് മാത്രമല്ല. അവരിലെ മൂല്യങ്ങളും കൂടിച്ചേര്‍ന്നതു കൊണ്ടാണ്. അതെ, വരാനിരിക്കുന്ന കാലം ഒരു പടി കഴിവുകളും പിടിയിലൊതുക്കാന്‍ കഴിയാത്തത്ര മൂല്യങ്ങളും കൈമുതലായുള്ളവര്‍ക്കാണ്. 


No comments:

Post a Comment