Monday

ആന കുത്താന്‍ വന്നാല്‍....,.....


“ഒരു ആന കുത്താന്‍ വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?”

ഓടും.

“ആ ഓടും !  എന്നാല്‍ നമ്മുടെ മനസ്സിന്റെ ശക്തി നമ്മള്‍ സ്വയം തിരിച്ചറിഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീണാലും നമ്മള്‍ പേടിക്കില്ല !”


ഇതും പറഞ്ഞു കൊച്ചിനെ പിടിച്ചു നിക്കുന്ന അമ്മയുടെ അടുത്തെത്തുമ്പോള്‍ ബലൂണ്‍ പൊട്ടി ഞെട്ടിപ്പോയ ‘ടു ഹരിഹര്‍ നഗറിലെ’ മുകേഷിനെ ഓര്‍മയില്ലേ?

അതിപ്രസരത്തില്‍ നിന്ന് ഈ ജാതി ജീവികള്‍ക്ക് വംശനാശം സംഭവിച്ചിട്ടു കുറച്ചേ ആയിട്ടുള്ളൂ.

ഒരു കാലത്ത് കൂണ് പോലെയാണ് പേഴ്സണാലിറ്റി ഡെവലപ്പ്മെന്‍റ് ട്രെയിനര്‍മാര്‍ മുളച്ചു വന്നത്.



ഓര്‍മയില്‍ ഉള്ള ഒരുമാതിരിപ്പെട്ട സകല ട്രിയിനിങ്ങുകളും തുടങ്ങിയത് ഇങ്ങനെയായിരുന്നു.

പഞ്ച പാവത്താനായി പുള്ളിക്കാരന്‍ വേദിയിലേക്ക് കേറുന്നു. ഒരു സാദാ ഗുഡ് മോര്‍ണിംഗ് വച്ച് കാച്ചുന്നു. പിള്ളാരും അതേ സാദാ ഗുഡ് മോര്‍ണിംഗ് തിരിച്ചു കൊടുക്കുന്നു.

പോരാ !

“കാലത്താരും ഒന്നും കഴിച്ചില്ലേ? ഗുഡ് മോര്‍ണിംഗിന് ശക്തി പോരാ !”
ഒച്ചത്തില്‍ ഒന്ന് വിളിച്ചു കൊടുക്കും.

വീണ്ടും പോരാ !

എങ്കില്‍ ഇന്നാ പിടിച്ചോ. സകല ദേഷ്യവും കലര്‍ത്തി ഒരു ഹെവി ഗുഡ് മോര്‍ണിംഗ്.

ഇപ്പോള്‍ ട്രൈയിനറുടെ മുഖം സന്തോഷഭരിതമായി.

തുടര്‍ന്ന് മനസ്സിന്റെ ശക്തിയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അപാരമായ കഴിവുകളെ പറ്റിയും വാചാലനാവും. പോളിയോ ബാധിച്ച വില്‍മ റുഡോള്‍ഫ്‌ ഒളിമ്പിക്സില്‍ നാലു സ്വര്‍ണ്ണം വാങ്ങിയതും, പെട്രോള്‍ പമ്പില്‍ എണ്ണയടിക്കാന്‍ നിന്ന അംബാനി വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കിയതും, പത്താം ക്ലാസ്സ്‌ പാസ്സാവാത്ത ബില്‍ ഗേറ്റ്സ് ലോക സമ്പന്നന്‍ ആയതുമായ കഥകള്‍ തലങ്ങും വിലങ്ങും വീശും.


കേട്ടിരിക്കുന്നവരുടെ രോമങ്ങള്‍ ഒക്കെ അറ്റന്‍ഷനില്‍ നിന്ന് ഹല്ലെലുയ്യ പറയും. ഒന്നരമണിക്കൂര്‍ ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ലോകം വെട്ടിപ്പിടിക്കാന്‍ പറ്റുമെന്ന് തോന്നും.

ഒരുമാതിരി ആളുകളുടെ പേഴ്സണാലിറ്റി ഒക്കെ വികസിച്ചു വികസിച്ചു പൊട്ടാറായി. ഈ പേഴ്സണാലിറ്റി ക്ലാസ്‌ മോട്ടിവേഷന്‍ ചൈന ഫോണിന്റെ ബാറ്ററി പോലെ ചാര്‍ജ്‌ നിക്കാത്ത ഒന്നാണെന്ന് തിരിച്ചറിഞ്ഞത് മുതലാണ് പരിപാടിക്ക് ആളെത്താതായതും.

ഇതിന്റെ നെക്സ്റ്റ്‌ ജെനറേഷന്‍ വെര്‍ഷന്‍ ആയിരുന്നു ഫിനിഷിംഗ് ഉസ്കൂളുകള്‍. വലിയ തോതില്‍ നിക്ഷേപം നടത്തി പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞവര്‍ക് വ്യക്തിത്വ മികവ് നേടാനും ഇന്റര്‍വ്യൂ പരിശീലനത്തിനും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആരംഭിച്ച ഫിനിഷിംഗ് സ്കൂളുകളില്‍ ഒട്ടുമിക്കതും വര്‍ഷമൊന്നു പോലും തികയ്ക്കാതെ പൂട്ടി.


ഇവരുടെ കോഴ്സുകള്‍ക്ക് നല്ലൊരു തുക ഫീസുണ്ടെങ്കിലും തൊഴില്‍ ഉറപ്പു നല്‍കുന്നില്ല. ഫയര്‍ ആന്‍ഡ്‌ സേഫ്റ്റിക്കാരും ലിഫ്റ്റ്‌ ടെക്നോളജിക്കാരും ചെയ്യുന്ന പോലെ ഒരിക്കലും പാലിക്കില്ലെങ്കിലും വെറുതെ ഒരു ഉറപ്പെങ്കിലും കിട്ടാതെ നമ്മള്‍ മല്ലൂസ് കാശിറക്കുമോ? ഇങ്ങനെ കൊഴ്സിനോക്കെ പോയിട്ടാണ് ഞാന്‍ മിടുക്കന്‍ ആയതെന്ന് പറയാനും ആരും ഇഷ്ടപ്പെടില്ലല്ലോ. അങ്ങനെ ആ കടയിലെ തിരക്കും കുറഞ്ഞു.

പ്രചോദനങ്ങള്‍ സ്രിഷ്ടിക്കപെടേണ്ടത് ആന്തരികമായല്ലേ. നാല് കഥകളും ആറു ഉദാഹരണങ്ങളും കൊണ്ട് ജീവിത സാഹചര്യങ്ങളെ നേരിടാന്‍ പഠിപ്പിക്കുന്നത്‌ കരയില്‍ ഇരുന്നു നീന്താന്‍ പഠിപ്പിക്കുന്ന പോലെയേ ആവൂ.


മഹത്തായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിനെ പറ്റിയും ജീവിത മൂല്യങ്ങളെ പറ്റിയും ഒക്കെ ക്ലാസ്സ്‌ എടുത്തു മണിക്കൂറിനു കണക്ക് പറഞ്ഞു കാശ് എണ്ണിവാങ്ങിപ്പോയ ട്രെയിനര്‍ അടുത്താഴ്ച കൈക്കൂലിക്കേസില്‍ അകത്തായെന്ന വാര്‍ത്തയും കാണേണ്ടി വന്നിട്ടുണ്ട്.

പകുതി പാല്‍ നിറച്ച ഗ്ലാസ്സിലെ ഒഴിഞ്ഞ ഭാഗത്തെ കുറിച്ച് ആകുലപ്പെടാതെ നിറഞ്ഞ പകുതിയേ കണ്ട് ക്രിയാത്മക സമീപനം സ്വീകരിക്കാന്‍ ക്ലാസില്‍ ഉപദേശിച്ചു തിരിച്ചു പോകാന്‍ കാറിനടുത്ത് എത്തിയ ട്രെയിനര്‍ കണ്ടത് പകുതി കാറ്റ് അഴിച്ചുവിട്ട കാറിന്റെ ടയറുകള്‍..,. ടയറിന്റെ നിറഞ്ഞ പകുതിയില്‍ സന്തോഷിച്ച് പോസിറ്റീവ് ആയി ചിന്തിക്കാന്‍ പിള്ളാര്‌ കൊടുത്ത പണി. 


ഇപ്പോള്‍ പരിശീലനങ്ങള്‍ സ്പെസിഫിക് ആണ്. പ്രത്യേക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കിയുള്ളവ. മികച്ച പരിശീലകര്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ട് താനും.  കൂടുതല്‍ വായിക്കൂ...

No comments:

Post a Comment