Tuesday

കൈനീട്ടം - ഒരു ആമുഖം

വീണ്ടും ഒരു വേനലവധി വരുന്നു. പരീക്ഷയുടെ പിരിമുറുക്കങ്ങള്‍ കഴിഞ്ഞ് കുരുന്നുകള്‍ ശലഭങ്ങളെ പോലെ കളിച്ചു നടക്കുന്ന സമയം. ദിവസങ്ങള്‍ ഓടിയോടി പോവും. വേനലവധി കഴിയുമ്പോള്‍ ചങ്കിടിപ്പ് കൂടുന്ന വലിയൊരു കൂട്ടര്‍ ഇന്നുമുണ്ട്. സ്കൂളില്‍ പോവാന്‍ മടിയുള്ള കുട്ടികളെ അല്ല, കുട്ടികള്‍ക്ക് വേണ്ടത് ഒരുക്കി കൊടുക്കാന്‍ സാധിക്കാത്ത നാട്ടിന്‍പുറങ്ങളിലെ അച്ഛനമ്മമാര്‍. 

ബാഗ്, കുട, ചെരുപ്പ്, യൂണിഫോം, പുസ്തകങ്ങള്‍ തുടങ്ങി പലതും വാങ്ങിച്ചു തികയ്ക്കാന്‍ സാധിക്കാത്തവര്‍ ഏറെയുണ്ട് ഇന്നും. അതിനെല്ലാം പുറമെയാണ് വര്ഷം മുഴുവനും വേണ്ടി വരുന്ന മറ്റനേകം ചിലവുകള്‍. ഡാന്‍സ് കളിക്കാനും, ചിത്രം വരയ്ക്കാനും, പാടാനും കഴിവുണ്ടായിട്ടും ഫീസ്‌ കൊടുക്കാനോ കളര്‍ പെന്‍സില്‍ വാങ്ങണോ കഴിവില്ലാത്ത കുട്ടികള്‍. എസ്കര്‍ഷന് മറ്റു കുട്ടികള്‍ പോവുമ്പോള്‍, നൂറോ ഇരുന്നൂറോ ഇല്ലാത്തത് കൊണ്ട് വിങ്ങിക്കരഞ്ഞു നില്‍ക്കുന്ന കുഞ്ഞുമുഖങ്ങള്‍.. 

നമ്മളെപ്പോലൊരു ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നെങ്കില്‍ ആ കണ്ണുകള്‍ ഈറനണിയാന്‍ സമ്മതിക്കുമായിരുന്നോ? നമ്മലെപ്പോലൊരു അച്ഛനോ അമ്മയോ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ അവരുടെ പുഞ്ചിരി മായുമായിരുന്നോ.... വലിയ വലിയ കാര്യങ്ങള്‍ ചിന്തിച്ചും ചര്‍ച്ചചെയ്തും തിരിക്കില്‍ ജീവിച്ചുനീങ്ങുന്ന നമ്മുടെ ഒരിത്തിരി ശ്രദ്ധ, ഒരു കൈ സഹായം, എത്ര കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി തെളിയിക്കും.. എത്ര അച്ഛനമ്മമാര്‍ക്ക് ആശ്വാസമേകും..

മൂന്നു വര്ഷം മുന്‍പ് ചെയ്യാന്‍ തീരുമാനിച്ച, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് തുടക്കം കിട്ടാതെ നിന്ന് പോയ ഒരു ആശയം പുനുരുജ്ജീവിപ്പിക്കുകയാണ് ഇവിടെ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുമായി സംസാരിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആശയം ചുരുക്കി പറയട്ടെ

- ഗ്രാമ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ എഴാം ക്ലാസ് വരെയുള്ള കുട്ടികളില്‍ സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ പഠനാവശ്യങ്ങള്‍ നിറവേറ്റാന്‍ സാമ്പത്തികമായി സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നു. 

- കുട്ടികളെ ഏറ്റവുമധികം അറിയുന്നത് തീര്‍ച്ചയായും ടീച്ചര്‍മാരാണ്. അഞ്ചു കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവുന്ന ഒരു അധ്യാപികയെയാണ് നമ്മള്‍ അന്വേഷിക്കുന്നത്. തീര്‍ത്തും അര്‍ഹരായ കുട്ടികളെ അവര്‍ കണ്ടെത്തട്ടെ. ആവശ്യങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ ആ ടീച്ചറെ അറിയിക്കട്ടെ. 

- പൈസ ഒന്നിച്ച് കുട്ടികള്‍ക്ക് കൊടുക്കാതെ, ആവശ്യങ്ങള്‍ വരുന്നതിനനുസരിച്ച് അത് ടീച്ചര്‍ വാങ്ങിക്കൊടുക്കട്ടെ/ ചെയ്തുകൊടുക്കട്ടെ.  

- ഒരു കുട്ടിക്ക് ഒരു വര്‍ഷം വേണ്ടി വരുന്ന ഏകദേശ ചെലവ് 1500 രൂപയാണ്. അത് രണ്ടു ഘട്ടമായി ടീച്ചറെ ഏല്പിക്കാന്‍ ഉദ്ദേശിക്കുന്നു. 

- സര്‍ക്കാരില്‍ നിന്നോ മറ്റോ സാമ്പത്തിക സഹായങ്ങള്‍ കിട്ടാത്ത കുട്ടികള്‍ക്ക് മുന്‍ഗണന കൊടുക്കട്ടെ. എങ്കിലും അര്‍ഹത നിര്‍ണയിച്ച് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ടീച്ചറെ ഏല്‍പ്പിക്കുന്നു. 

- പൊതു പരിപാടിയിലോ അസംബ്ലിയിലോ വച്ച് പരസ്യപ്പെടുത്തി നല്‍കേണ്ടെന്ന് തോന്നുന്നു. കുട്ടികള്‍ക്ക് ഒരു അപകര്‍ഷതയും തോന്നാതിരിക്കട്ടെ. 

- 1000 കുട്ടികള്‍ക്ക് ഈ സഹായം എത്തിക്കാനാണ് ലക്‌ഷ്യം. അത് വലിയൊരു സംഖ്യയാണെന്ന് തോന്നും , പക്ഷേ, കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഗ്രാമപ്രദേശങ്ങളിലെ മേല്‍പ്പറഞ്ഞ രീതിയില്‍ സഹായം ആവശ്യമുള്ള കുട്ടികളുടെ എണ്ണവും , ഒരു ചെറിയ സഹായം എങ്കിലും ചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണവും പരിഗണിച്ചാല്‍ ഇതൊരു നിസ്സാര എണ്ണമാണ്. 

- എണ്ണം ഒരു ലക്ഷ്യത്തിനു വേണ്ടിയാണു. ആയിരം പോയിട്ട് പത്തു കുട്ടികള്‍ക്കെങ്കിലും സഹായം എത്തിക്കാന്‍ സാധിച്ചാല്‍ തന്നെ അത് വിജയമാണ്. 

- ഇത് നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഒരു വിഷുക്കൈനീട്ടമായി കാണാം. അതുകൊണ്ട് തന്നെ 'കൈനീട്ടം-2015' എന്ന് ഈ പ്രോജക്ടിന് പേര് നല്‍കുന്നു. വരുന്ന വിഷുനാളില്‍ ഇത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. 

- വിഷുനാളില്‍ തുടങ്ങി സ്കൂള്‍ തുറന്ന് ആദ്യ രണ്ടു മാസത്തോടു കൂടി സമയബന്ധിതമായി തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. 

- നന്ദി അറിയിച്ചു കൊണ്ട് ഒരു ചെറിയ കത്തും. മറുപുറത്ത് കുട്ടി വരച്ച ചിത്രവും അടങ്ങിയ ഒരു ഗ്രീറ്റിംഗ് പോസ്റ്റ്‌ കാര്‍ഡ് കൈനീട്ടം നല്‍കിയ ആള്‍ക്ക് കുട്ടികള്‍ പോസ്റ്റ്‌ ചെയ്യട്ടെ. 

ഇതിന്‍റെ അനുബന്ധങ്ങള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കാമെന്ന് കരുതുന്നു. ചോദ്യങ്ങള്‍, സംശയങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ സമാഹാരിക്കുന്നുണ്ട്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്തിമരൂപത്തിലേക്ക് എത്തി, സജീവമായി ഞങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക്‌ കൈനീട്ടം ആവശ്യപ്പെട്ട് എത്തുന്നതാണ്.  :)


No comments:

Post a Comment