Wednesday

ജൂലിയന്‍ ഫ്രം ഫ്രാന്‍സ്‌ - സാമ്പത്തിക ആകുലതകള്‍.


നാച്ചുറല്‍ ഫാര്‍മിംഗ് , സീറോ ബഡ്ജറ്റ്‌ ഫാര്‍മിംഗ് എന്നിവയൊക്കെ നേരിട്ട് കണ്ടു പഠിയ്ക്കാന്‍ ആണ് ഫ്രാന്സുകാരന്‍ ജൂലിയന്‍ പാലക്കാട്ട് ലാന്‍ഡ്‌ ചെയ്യുന്നത്. കത്തയച്ചു വിളിച്ചു വരുത്തിയ സുഹൃത്തിനു അവിചാരിതമായി ഉണ്ടായ അസൗകര്യം മൂലം ആതിഥേയം നല്‍കാന്‍ എനിക്കവസരം ലഭിച്ചു. നല്ല ഉഷാറ് ചെക്കന്‍..,. സദ്യയും ഗിറ്റാറും പാട്ടുമൊക്കെയായി ദിവസം കടന്നു പോയി. 


പിറ്റേന്ന് പാലക്കാടിന്റെ ഒരു ഉള്ഗ്രാമത്തില്‍ നടക്കുന്ന കുട്ടികളുടെ ഒരു ക്യാമ്പ്‌വേദിയിലേക്ക്. സായിപ്പുമായി സംവദിക്കാന്‍ അവര്‍ക്കൊരു അവസരം എന്നേ ഉദ്ദേശിച്ചുള്ളൂ.

ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ടിടത്ത് പരിഭാഷപ്പെടുത്തികൊടുത്തു. പിന്‍നിരയില്‍ അത് വരെ മിണ്ടാതിരുന്ന ഒരു പാവം തെറിച്ച ചെക്കന്‍ ചാടിയെണീറ്റ് ഒരു ചോദ്യം.

“യേ.. നിങ്ങ ഇങ്ങനെ മൂന്നാല് മാസമൊക്കെ ഇന്ത്യയില്‍ വന്നു ചുറ്റുണ്ടല്ലോ ഇതിനൊക്കെ കാശ് എവിടുന്നാന്നും?”

പൊട്ടചോദ്യം കേട്ട് പിള്ളാരൊക്കെ ചിരിച്ചെങ്കിലും അതിനേക്കാള്‍ പൊട്ടിച്ചിരി ഉയര്‍ന്നത് ജൂലിയന്റെ മറുപടി കേട്ടപ്പോള്‍ ആയിരുന്നു.

പരിഭാഷ ഇങ്ങനെ.

“തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ഞങ്ങളുടെ നാട്ടില്‍ അണ്‍ - എമ്പ്ലോയ്മെന്റ്റ്‌ ഇന്‍ഷുറന്‍സ് ഉണ്ട്. മാസാമാസം കിട്ടുന്ന ക്ലയിം കൊണ്ട് അവിടെ അരിഷ്ട്ടിച്ചു ജീവിക്കാനേ പറ്റൂ പക്ഷെ ഇന്ത്യയിലൊക്കെ ആണെങ്കില്‍ സുഖമായി കഴിയാം”

തൊഴിലില്ലായ്മ പെന്‍ഷനും വാങ്ങി ഊര് ചുറ്റാന്‍ വന്ന സായിപ്പിനെ കണ്ടു പിള്ളാര്‍ ചിരിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ ഇത്തരം സംരക്ഷണ ഉറപ്പുകളൊന്നും ഇല്ലാതെ വെല്ലുവിളികള്‍ നേരിട്ട് വളരുന്ന ഇന്ത്യന്‍ യുവത്വങ്ങളെ കുറിച്ചായിരുന്നു. കാലത്തെണീച്ച് കോട്ടും ഇട്ട് ബിയറും കുടിച്ചു ബോയ്ഫ്രണ്ട്/ഗേള്‍ഫ്രണ്ടുമായി കറങ്ങി അടിച്ചു നല്ല പ്രായം കഥയില്ലാതെ കഴിക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പറയുന്ന വികസിത രാജ്യങ്ങളില്‍ ഉണ്ട്.

എന്നെങ്കിലും കിട്ടുന്ന ആനുകൂല്യങ്ങള്‍ എങ്ങാനും മുടങ്ങിയാല്‍ സകലതും തെരുവില്‍ ഇറങ്ങും. നമ്മുടെ നാട്ടില്‍ എല്ലാം അകെ കുഴപ്പം ആണ്, ഇവിടെ സമരവും ഹര്‍ത്താലും ഒഴിഞ്ഞ സമയം ഇല്ല എന്നൊക്കെ പാടി നടക്കുന്നവര്‍ സൊ കാള്‍ഡ് വികസിത രാഷ്ട്രങ്ങളിലെ സമരങ്ങള്‍ ഒന്നും കണ്ടിട്ടില്ല.


ഇവിടെയൊക്കെ സ്ഥാപനങ്ങളില്‍ സമരം ഉണ്ടായാല്‍ ആളുകള്‍ പണി എടുക്കില്ല എന്നെ ഉള്ളു. അവിടുത്തെ സമരത്തിന്റെ ഒരു ഉദാഹരണം കേള്‍ക്കണോ, ഷൂ നിര്‍മാണ കമ്പനിയിലാണ് സമരം. തൊഴിലാളികളൊക്കെ പതിവ് പോലെ ജോലിക്ക് എത്തിയിട്ടുണ്ട്. ഷൂ നിര്‍മാണം പുരോഗമിക്കുന്നു. പക്ഷേ, ഇടത്തെ കാലിനുള്ള ഷൂ മാത്രമേ പുറത്തു വരൂ. ഇതാണ് എട്ടിന്റെ പണി.

പല യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥ എങ്ങോട്ടാണ് പോകുന്നതു എന്ന് ചോദിച്ചാല്‍ താഴെത്തെ ചിത്രം നോക്കിയാല്‍ മതി.


ഇവിടുത്തെ സര്‍ക്കാരുകള്‍ക്കും ബ്യൂരോക്രസികും കാര്യക്ഷമത ഇല്ലെന്നും ദീര്‍ഘവീക്ഷണം പോരെന്നും പറയുന്നവര്‍ ഇത് നോക്കു.


സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്കു ബോണ്ടുകള്‍ വില്‍ക്കും എന്നിട്ട് അത് പണയത്തിലെടുത്തു കാശു കടം കൊടുക്കും, ഇനി തിരിച്ചു പറഞ്ഞാല്‍, ബാങ്കുകള്‍ സര്‍ക്കാരില്‍ നിന്ന് ലോണ്‍ എടുക്കും എന്നിട്ട് ആ കാശു കൊണ്ട് സര്‍ക്കാരിന്റെ ബോണ്ടുകള്‍ തന്നെ വാങ്ങിക്കൂട്ടും.

ഇനിയുമുണ്ട് ആളെ പൊട്ടനാക്കുന്ന എകണോമിക് ഡീലിങ്ങുകള്‍.,. വീട് പണയത്തില്‍ എടുത്തു ലോണ്‍ കൊടുക്കും, മദാമ്മയത് മേകപ്പും ലിപ്സ്ടിക്കും വാങ്ങി പൊടിച്ചു കളയും. കടം വന്നു കേറുമ്പോള്‍ മാനേജര് വിളിച്ചു വരുത്തി തിരിച്ചടയ്ക്കാന്‍ പറയും , മദാമ്മ കൈ മലര്‍ത്തും. അപോ പണയത്തിലെടുത്ത വീടിന്റെ അപ്പോഴത്തെ മാര്‍ക്കറ്റ്‌ റേറ്റ് കണക്കാക്കി പിന്നേം ലോണ്‍ കൊടുക്കും. മദാമ്മ അത് പിന്നേം മുഖത്തും ചുണ്ടിലും തേച്ചു തീര്‍ക്കും. കാര്യം കൈവിട്ടു പോകുന്നു എന്ന് കാണുമ്പോ പണയവീടുകള്‍ ഒന്നിച്ചു വേറൊരു ബാങ്കിന് കൈമാറി ഒന്നാമത്തെ ബാങ്ക് തടിയൂരും. ആ ബാങ്ക് അത് മൊത്തം അടുത്ത ബാങ്കിന് കൊടുത്തു കാശാക്കും. പിന്നെ പിന്നെ നാട്ടില്‍ ജപ്തി ചെയ്യാനുള്ള വീടുകള്‍ മാത്രം ആയി. ആര് വാങ്ങാന്‍? ഇങ്ങനെ ശേഷി നോക്കാതെ ലോണും ക്രെഡിറ്റ്‌ കാര്‍ഡും കൊടുത്തതാണ് 2008 ഇല്‍ ഉണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


മാന്ദ്യം ഇവരെ പിടിച്ചു കുലുക്കിയിട്ടു വര്ഷം നാല് കഴിഞ്ഞു, എന്നിട്ട് ഏതെങ്കിലും ഒരെണ്ണം കര കേറിയോ? ലോകരാജാവ് അമേരിക്കയാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. അതും മുഴുവന്‍ പറയാറായിട്ടില്ല. ഇംഗ്ലണ്ടിന്‍റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കാര്യം ഒക്കെ ഗോപി ആണ്. ഇവിടൊക്കെ ഏറ്റവും വലിയ വെല്ലുവിളി ജനങ്ങളുടെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മയാണ്. അതെങ്ങനെ, ശീലിച്ചതല്ലേ പാലിക്കു. നല്ലവണ്ണം തിന്നും കുടിച്ചും ജീവിച്ചു ശീലിച്ചവരെ മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കാന്‍ പറഞ്ഞാല്‍ നടക്കുമോ?


പണ്ട് കാണുന്ന നാട് മുഴുവന്‍ സ്കെച് ഇട്ടു പിടിച്ച് സ്വന്തം കോളനി ആക്കി ഭരിച്ച് കട്ട് മുടിച്ച ബ്രിട്ടണ്‍ ഇപ്പൊ തെണ്ടി നിക്കുന്നത് കണ്ടാ.. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉല്പാദനമോ കയറ്റുമതിയോ കാര്യമായി ഇല്ലാത്ത ബ്രിട്ടണ്‍ ഒരേ സമയം പ്രൌഡി നില നിര്‍ത്താനും കാര്യങ്ങള്‍ നടത്തി കൊണ്ട് പോവാനും നായപെടാപ്പാട് പെടുന്നുണ്ട്. ആവുന്നകാലത്ത് കാര്‍ന്നോര്‍ സായിപ്പുമാര്‍ കട്ട് കൊണ്ട് വച്ചതിന്റെ ബാക്കി ആണ് ഇപ്പൊ തിന്നോണ്ടിരിക്കുന്നത്. സമ്പത്ത്കാലത്ത് കട്ടോണ്ട് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം എന്ന് പറഞ്ഞത് വെറുതെയായില്ല.

എന്നുവച്ച് ഇവരൊക്കെ പൊട്ടിപ്പൊളിഞ്ഞ് ഒടുവില്‍ സായിപ്പുമാര്‍ നമ്മുടെ പാടത്തു പണിയെടുക്കാനും ഇവിടെ ടാക്സി ഓടിക്കാനും വിസയൊപ്പിച്ചു വരുമെന്ന് കിനാവ് കാണണ്ട. ഒക്കെ പഠിച്ച കള്ളന്മാരാ, ചത്ത്‌കുത്തിയിട്ടാണെങ്കിലും കര കേറും. നമ്മളും നമ്മുടെ മൂപ്പന്മാരും ചെയ്യേണ്ടത് എന്താണെന്നുവച്ചാല്‍ സ്വയം തെറ്റ് ചെയ്തു പാഠങ്ങള്‍ പഠിക്കുന്നത് അവസാനിപ്പിച് ഇവരെ ഒക്കെ കണ്ടു പടിക്കേണ്ടതാകുന്നു.

3 comments: