Wednesday

ഇവനാണ് ഞങ്ങ പറഞ്ഞ ബിസിനസ്സ്കാരന്‍ - 1


                                                         ഡാ, നീ എത്ര വരെ പഠിച്ചു?

പത്താം ക്ലാസ്സ്‌.

ഇപ്പൊ പണിയെന്താ?

മൊബൈല്‍ കണക്ഷന്‍ മാര്‍ക്കറ്റിംഗ്.

മാസം എന്ത് കിട്ടും ?

അവര് ഒരു 6000-7000 രൂപ തരും.

എന്നിട്ട് നിനക്ക് ഒരു കുറവും ഇല്ലാലോ. ബൈക്ക് , ദാ ഇപ്പൊ കാറ്. ങേ?

അതെന്താന്നും, എനിക്ക് കാറും ബൈക്കും ഒന്നും വാങ്ങിച്ചൂടെ? നിങ്ങള്ക്ക് മാത്രേ പാടുള്ളൂന്നുണ്ടോ?

അല്ലട ചക്കരെ , ഒന്നറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതല്ലേ..


ഹും.... ഒന്നൂല ചേട്ടാ... വയറ്റിപ്പിഴപ്പല്ലേ... ജീവിക്കണ്ടേ..

ഡാ പുന്നരമോനെ , ഞങ്ങളും ഒക്കെ അതിന്റെ പിഴപ്പിനു തന്ന്യാടാ പണിയെടുക്കുന്നത്. നീ കാര്യം പറ.

ഓ.... നിങ്ങള്‍ക്ക് പ്രീപെയ്ഡ് നമ്പര്‍ ഇണ്ടാ?

ഉണ്ടല്ലോ.

അത് പോസ്റ്റ്‌പേടാക്കുവോ?

ഇല്ലെട, ഒരു പോസ്റ്റ്‌പെയ്ഡ് ആള്‍റെഡി ഉണ്ട്.

ഹാ, ഇതും കൂടെ അങ്ങ് അക്കെന്നെ..

അക്കാലോ, ബില്ല് നീ അടയ്ക്കുവോ?

അടയ്ക്കാലോ !

ങേ?

"അതേന്നും, വെറും 99ന്റെ പ്ലാന്‍ എടുക്കിന്‍. ആദ്യ മൂന്നു മാസത്തിന്റെ ബില്ല് ഞാന്‍ അടയ്ക്കാം. അത് കഴിഞ്ഞു നിങ്ങള് വീണ്ടും പ്രീപെയ്ഡിലേയ്ക്ക് മാറിക്കോളിന്‍. കൈചെലവിനു ഞാന്‍ നൂറു രൂപേം തരാം."

ഇതെന്തു സൂത്രമാടാ?

"ഓ, ഒരു പ്രീപെയ്ഡ് നമ്പര്‍ പോസ്റ്റ്‌പെയ്ഡ് ആക്കിയാല്‍ കമ്പനി എനിക്ക് 800 രൂപ തരും. മുന്നൂറു ബില്ലും നൂറു നിങ്ങള്‍ക്കും. പരമാവധി കയ്യിന്നു നാനൂറ്റ്മ്പത് പോയാലും ബാക്കി എനിക്ക് കിട്ടും. പിന്നെ പത്ത്, ഇരുപത്തഞ്ച്, നൂറ് ന്നൊക്കെ തികച്ചു കഴിഞ്ഞാല്‍ ബോണസും ഗിഫ്ടുകളും ഒക്കെ വേറെ. ദാ, ഈ ലാപ്ടോപ്പ്, ബ്ലാക്ക്ബെറി മോവീലോക്കെ അങ്ങനെ കിട്ടിയതാന്നും."

കൊള്ളാലോ പരിവാടി. പക്ഷെ, ഇത്രേം ഉണ്ടാക്കണെങ്കില്‍ നീയീ പാലക്കാട്ടെ പകുതി ആളുകളെ കൊണ്ടെങ്കിലും കണക്ഷന്‍ എടുപ്പിക്കണല്ലോ.

"നിക്കിന്‍, ഇത് മുഴുവന്‍ കഴിയട്ടെ എന്നിട്ട് അതിലേക്ക് കടക്കാം."

ഉവ്വ, പറ.

"പ്രീപെയ്ഡ് കണക്ഷന്‍ കൊടുക്കാനുള്ള ഒരു സിം നമ്മള് 100 രൂപ കൊടുത്തു ആദ്യേ വാങ്ങണം. എഫ് ആര്‍ സിടേം ടോക്ക് ടൈമിന്റെം കണക്കൊക്കെ കൂട്ടിക്കിഴിച്ചാല്‍ ഒരു പ്രീപെയ്ഡ് കസ്റ്റമര്‍ ഉണ്ടായാല്‍ കിട്ടണ ലാഭം 240 രൂപയാണ്.

ഇനി നിങ്ങള്‍, മുന്‍പ് ചോദിച്ച കാര്യം. പണ്ടത്തെ പോലെ ആരാന്നും ആഴ്ചയ്ക്കാഴ്ചയ്ക്ക് പുതിയ സിം എടുക്കണ്? ഞങ്ങക്കാണെങ്കില് വല്ല്യ ടാര്‍ജെടും കാണും."

അപ്പൊ നിങ്ങള് ഒരു കണക്ഷന്‍ എടുക്കാന്‍ വരുന്നവരുടെ ഐഡിയും ഫോട്ടോയും വച്ച് മൂന്നാല് കണക്ഷന്‍ അങ്ങട് തള്ളും ല്ലേ?

"പിന്നേയ്... ഒരാള്ടെ പേരില്‍ ഒന്നിച്ച് നാലെണ്ണം അങ്ങോട്ട്‌ തള്ളിയാല്‍ അവ്ടെ ഇരിക്കണവരൊക്കെ പൊട്ടന്മാരല്ലേ. ഐഡി ഒക്കെ ഉണ്ടാക്കണ സ്ഥലത്തുന്നു ഞങ്ങള് പൊക്കില്ലേ. താലൂക്കൊഫീസിലേക്ക് ഐഡി അടിച്ചു കൊടുക്കണ ഏജന്‍സിയില്‍ പോയാല്‍ നല്ല ത്രീഡി കോളിറ്റീലുള്ള ഫോട്ടോയും ഐഡിയും ഒക്കെ കിട്ടുംന്നും. ഒരെണ്ണതിനു അഞ്ചു രൂപ വച്ച് കൊടുക്കും. ബള്‍ക്ക് ആയി വാങ്ങും. പിന്നെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സകലതും ഉണ്ടാക്കി വിടും. ചെറിയ എഫ് ആര്‍ സിയും ചെയ്തു ഓസിനു കിട്ടുന്ന ഫ്രീ ബാലന്‍സ് ഞങ്ങള് തന്നെ വിളിച്ചും തീര്‍ക്കും. അത് കഴിഞ്ഞ ഒക്കെ പെട്ടിയിലാക്കും."

ഡോ, ഒന്നൂല്ലെങ്കിലും നിങ്ങക്ക് കഞ്ഞി പാറ്റണ കമ്പനിക്കാരെ നിങ്ങള്‍ പറ്റിക്ക്യല്ലേ. സ്വല്പെങ്കിലും മനസ്സാക്ഷി ഉണ്ടോട?

"മനസ്സാക്ഷി ഉണ്ട്, പക്ഷേ മനസ്സാക്ഷിക്കുത്തില്ല. മാസത്തിലൊരിക്കല്‍ മീറ്റിംഗ് വിളിച്ച്കൂട്ടി എവിടുന്നാണാവോ കുറെ കണക്കും കൊണ്ട് വരും ഇവരടെ ടോപ്‌ ലീഡര്‍മാര്. ദാ, ഇന്നയിടത്തെ ടവറില്‍ന്നു മറ്റവരുടെ കണക്ഷന്നു ഇത്ര കാള്‍ പോയിട്ടുണ്ട്. നമ്മടെ അത്ര ആയില്ല ഇത്ര ആയില്ല, ഇനി ഈ മാസം കഴിയുമ്പോ ഇത്ര കണക്ഷന്‍ ചിലവാക്കണം ന്നൊക്കെ ചറപറാന്ന് പറയും. കാലത്ത് മുതല്‍ അത് കേട്ടിരിക്കണമെങ്കില്‍ വല്ല കഞ്ചാവും അടിച്ചു പോണം. എന്നിട്ട് ഒടുക്കം ചോദിക്കും, ആ ആന ടാര്‍ജറ്റ്‌ തികയ്ക്കാന്‍ ബഡ്ജറ്റ്‌ എത്ര വേണംന്ന്. നമ്മള് ഒരു തുക പറയും. ആ എച്ചികള് താത്തിപിടിക്കും. ഒടുക്കം ഫിക്സ് ചെയും.

നാലാള് കൂടുന്നിടത്തൊക്കെ കൊനാപ്പിയും കെട്ടി ദിവസം മുഴുവന്‍ ചെക്കന്മാരെ ഇരുത്തിയാല്‍, വെയില് കൊണ്ട് പയ്യന്‍സിന്റെ ഗ്ലാമര്‍ പോകുന്നതല്ലാതെ ടാര്‍ജറ്റ്‌ തികയില്ല. മാസാവസാനം ആവുമ്പോ ഒരുത്തന്‍, അതിന്റെ മുകളിലുള്ളവന്‍, പിന്നെ തല മൂത്തവന്‍ ഒക്കെ കമ്പനീന്നു വിളിയോടു വിളിയാണ്. എന്നുവച്ചാ, അച്ഛനേം അമ്മേം മുതല് ഹോമോസാപിയന്സിനെ വരെ വിളിക്കും.. നമ്മള് ചിരിച്ചോണ്ട് ഒക്കെ കേട്ടോണ്ടിരിക്കും. ഇനി പറയിന്‍, മനസ്സാക്ഷിക്കുത്തിന്റെ അവശ്യം ഉണ്ടോ?"

ഓ... എന്നാലും...

"ഒരു എന്നാലും ഇല്ല, മറ്റേ മൊബൈല്‍ കമ്പനി കഴിഞ്ഞ മൂന്നു മാസം കൊണ്ട് വര്‍ധിപ്പിച്ച പന്ത്രണ്ടായിരത്തി മുന്നൂറു പുതിയ ഉപഭോക്താക്കളില്‍ പത്തായിരം പേര് ഇപ്പൊ എന്റെ വീടിന്റെ തട്ടിന്റെ പുറത്തു ചേരേടേം പെരിച്ചാഴീടെം കൂടെ സ്വസ്ഥമായി ഉറങ്ങുന്നുണ്ട്."

അപ്പൊ, ഐഡിയും സിമ്മും ഒക്കെ ദുരുപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലല്ലേ? പെണ്‍വാണിഭം മുതല് തീവ്രവാദം വരെ ! ങേ? 

"അതേയ്, നോക്കിന്‍; ചതിയില്‍ വഞ്ചന പാടില്ലാന്നും. അതൊക്കെ ഇരിക്കെണ്ടിടത്ത് ഭദ്രം" 

No comments:

Post a Comment