Sunday

അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 1



ഇവിടുത്തെ സൂര്യന്‍ മടിയനാണ്. ഡ്യൂട്ടി ടൈം രണ്ടു മണിക്കൂര്‍ കുറവ്. വൈകുന്നേരം 4- 4.30 ആവുമ്പോഴേക്കും നേരം ഇരുട്ടും. നാട്ടിലെ ഏഴു മണി പോലെ തോന്നിക്കും. നമ്മുടെ നാട്ടിലൊക്കെ പുള്ളി ഒരു വശത്ത് ഉദിച്ച് എതിര്‍വശത്ത് അസ്തമിക്കുമ്പോള്‍ ഇവിടെ ഉദിച്ച് പൊങ്ങി വന്നു തെല്ല് വലത്തുന്നു ഇടത്തേക്ക് മാറി അവിടെ തന്നെ അസ്തമിക്കും.




മൊബൈല്‍ നെറ്റ്‌വര്‍ക്ക് പോയിട്ട് ബി എസ് എന്‍ എല്ലിന്റെ ലാന്‍ഡ്‌ ഫോണ്‍ പോലുമില്ല. ഇന്റര്‍നെറ്റ്‌ പിന്നെ പറയണ്ടാലോ. മൊബൈലും ഫേസ്ബുക്കും ഒന്നുമില്ലാതെ അത്ര ദിവസം അവിടെ എങ്ങനെ ജീവിച്ചു ന്നു ചോദിച്ചാല്‍... ശിവ ശിവ.  ഇത് സ്ഥലം ‘നാംപൊങ്ങ്’ , ചങ്ങലന്ഗ് ജില്ലയിലെ കാടും മലകളും ആയി ചുറ്റപെട്ട അതിര്‍ത്തി ഗ്രാമം.



ഞങ്ങള്‍ ചെന്ന ഈ ഡിസംബര്‍ മാസത്തില്‍ രാത്രിയില്‍ തണുപ്പ് ആറു-ഏഴു ഡിഗ്രീ വരെ താഴ്ന്നു.  ടി വി ഇല്ല, ഐഡിയയുടെ ത്രീ ജി ഇല്ല, വേഗം ഇരുട്ടും, നല്ല തണുപ്പും. ഒരു നേരമ്പോക്കും ഇല്ല . കൂടുതല്‍ പറയണ്ടല്ലോ എല്ലാ വീട്ടിലും മൂന്നാല് പിള്ളരുണ്ട്. ആളുകള്‍ക്ക് വേറെന്ത് പണി.




തടിയും ചെങ്കല്ലും കൊണ്ട് ഉണ്ടാക്കിയ കുഞ്ഞു വീടുകള്‍ ആണ് ഭൂരിഭാഗവും. പക്ഷെ ഒരുകാര്യം എടുത്തു പറയാതെ വയ്യ. ഉള്ള മൂന്നാല് സെന്റ്‌ സ്ഥലത്ത് ഈ കുഞ്ഞി വീട് കൂടാതെ ഒന്നോ രണ്ടോ തരം വിളകള്‍ കൃഷി ചെയ്യുന്നുണ്ട് , പന്നിയോ പശുവോ കോഴിയോ ഒക്കെ വളര്‍ത്തുന്നുണ്ട്, കൂടാതെ നെയ്തു യന്ത്രവും ഉണ്ട് ( ഷോകേസിനു വച്ചതല്ല, ആവശ്യത്തിന് തുണി ഇവര്‍ നെയ്യാറുണ്ട്.) നാണമില്ലേ മലയാളീസ്??


അത് പറഞ്ഞപ്പോള ഓര്‍ത്തത്‌. ചന്ദ്രനില്‍ വരെ ചായക്കടയിട്ട മലയാളി ഇല്ലാത്ത നാട് ഭൂമുഖത്തുണ്ടോ? ഇവിടെയും ഞങ്ങള്‍ കണ്ടെത്തി നമ്മുടെ സ്പീഷീസിനെ ! ഇവിടുത്തെ യൂ പി സ്കൂള്‍ പ്രിന്‍സിപ്പല്‍ മലയാളിയാണ്. മൈക്കിള്‍. വര്ഷം പത്തിരുപതായി കുടുംബമോക്കെ ആയി ഇവിടെ സ്ഥിര താസമാണ് ഈ കോട്ടയംകാരന്‍.,.

തോന്നുമ്പോള്‍ തുറക്കുകയും തോന്നുമ്പോള്‍ അടയ്ക്കുകയും ചെയ്യുന്ന രണ്ടുമൂന്നു പെട്ടിക്കടകളുണ്ട്, അതാണ്‌ ഇവിടുത്തെ സൂപ്പര്‍മാര്‍ക്കറ്റും മാളും ഒക്കെ. റമ്മുകുപ്പി മുതല്‍ ഡീസല്‍ വരെ,  പക്ഷെ ലിമിറ്റഡ്‌ വെര്‍ഷന്‍സ്‌ മാത്രേ ഉണ്ടാവൂ. ഒരുപാടു ചോയ്സ് ഒന്നും ഇല്ല. ഒരു സിമന്റ് തിണ്ണയില്‍ രണ്ടു ബെഞ്ചും ഒരു ഡസ്കും താഴെ മണ്ണില്‍ കുത്തിയുണ്ടാക്കിയ രണ്ടു അടുപ്പും,. അതെ ത്രീ-സ്റ്റാര്‍ ഹോട്ടല്‍ ആണ്. പുഴുങ്ങിയ മുട്ട, റൊട്ടി, സബ്ജി, ദാല്‍, ഓംലെറ്റ്‌ പിന്നെ സാര്‍വത്രിക പാനീയമായ ചായ. ഇതാണ് ടോട്ടല്‍ മെനു.




ഇവിടെ മതങ്ങള്‍ ഇല്ല. ഗോത്രങ്ങള്‍ ആണ് ഉള്ളത്. ശരിക്കു പറഞ്ഞാല്‍ ആദിവാസികള്‍ തന്നെ. പിന്നെ ഈരേഴു പതിന്നാല് ലോകത്തും എത്തിപെട്ടിട്ടുള്ള മിഷനറിമാര്‍ ഇവിടെയും ഒരു പള്ളി സ്ഥാപിച്ചിട്ടുണ്ട്. ക്രിസ്തമസ് ദിവസം ഇവിടെ നല്ല ആഘോഷമായിരുന്നു. പള്ളിയില്‍ പോകുന്നവരും മതവിശ്വാസത്തെക്കാള്‍ ഗോത്ര ശൈലിയില്‍ ആണ് ജീവിക്കുന്നത്.

എല്ലാ നാട്ടിലും ഗ്രാമീണര്‍ തങ്കപ്പെട്ട മനുഷ്യന്മാര്‍ ആണല്ലോ. ഇവിടെയും അങ്ങനെ തന്നെ. സ്നേഹ സമ്പന്നര്‍. കേരളത്തില്‍ നിന്നാണെന്നൊക്കെ പറഞ്ഞപ്പോള്‍ സ്നേഹം ഇരട്ടിച്ചു. കൂടെ നിന്ന് ഫോട്ടോ എടുക്കാനും , വീടുകളില്‍ കയറിച്ചെന്നു വസ്ത്രം നെയ്യുന്നതൊക്കെ കാണാനും സര്‍വസ്വാതന്ത്ര്യവുംകിട്ടി.



മൈക്കിള്‍ മാഷാണ് കുറെ കാര്യങ്ങള്‍ വിവരിച്ചു തന്നത്. ‘ഒളിനാഗം’ എന്ന തീവ്രവാദ ഗ്രൂപ്പ് ഇവിടെ ശക്തമാണ്. അസംറൈഫിള്‍ സൈനികര്‍ സദാജാഗരൂകരാണ്. പീഡനം, ബലാല്‍സംഗം അതൊന്നും ഇവിടെ പതിവില്ല . വിവാഹവും. വിവാഹമാണ് വിവാഹമോചനത്തിനും വ്യഭിചാരത്തിനും ഒക്കെ കാരണം എന്ന് ഓഷോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.  

സ്ത്രീകള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യവുമുണ്ട്. നാട്ടപാതിരയ്ക്കും പെണ്ണുങ്ങള്‍ക്ക്‌ ഇറങ്ങി നടക്കാം. പരസ്പരം ഇഷ്ടമായാല്‍ ആണും പെണ്ണും ഒളിച്ചോടും (ഇവിടുന്നു എങ്ങോട്ട് ഓടുമെന്ന് എനിക്ക് മനസ്സിലായില്ല ). ഏതായാലും കുറച്ചു നാള്‍ കഴിഞ്ഞ് തിരിച്ചു വന്നു കുടുംബവുമായി ജീവിക്കും. ഈ നാംപോങ്ങിലെ ഗോത്രങ്ങളുടെ രീതിയാണ്‌ ഇത്. അരുണാചലിലെ മറ്റിടങ്ങളില്‍ വിവാഹ രീതിയൊക്കെ ഉണ്ട്. വരന്‍ വധുവിനും ബന്ധുക്കള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കണം പെണ്ണിനെ വിവാഹം ചെയ്തു കിട്ടാന്‍..,.


ചൈനീസ്‌ മോഡല്‍ അല്ല, നംപോങ്ങിലെ ഒരു ആദിവാസിപെണ്‍കുട്ടി. 


എല്ലാ നാട്ടിലെയും പോലെ തല തെറിച്ച കുറച്ചു യുവമിഥുനങ്ങള്‍ ഇവിടെയും ഉണ്ട്. ക്രിസ്തുമസ് രാത്രി വെള്ളമടിച്ച് പെണ്ണുങ്ങള്‍ ഉള്‍പടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഞങ്ങളെ തടഞ്ഞു. സൗഹൃദപരമായി സംസാരം തുടങ്ങിയര്‍ പതിയെ സ്വരം മാറ്റി തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ ‘ഡാ...’ എന്നൊന്ന് ഉറക്കെ വിളിച്ചേ ഉള്ളൂ.. അവരെല്ലാം കൂടെ ഒരൊറ്റ ചട്ടത്തിന് കരാട്ടെ-കുങ്ങ്ഫു പോസില്‍ റെഡിയായി നിന്നു. കൂട്ടത്തിലെ ഒരുത്തന്‍ അരയിലെ അറയില്‍നിന്നു ഒരു കത്തിയും വലിചൂരിയതോടെ ഞങ്ങടെ കാറ്റ് പോയി. അരുവിധം ജബ്ബ-ജബ്ബാ ന്നു പറഞ്ഞു തടി ഊരിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ചന്ത


അസം റൈഫിള്‍ന്റെ മേജര്‍ ശ്രീകാന്ത്‌ ആണ് ചങ്ങലങ്ങിന്റെ പട്ടാള അധികാരി. മലയാളി ചുള്ളന്‍. നമ്മുടെ ഏറണാകുളത്ത്കാരന്‍. രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് അവര്‍ ക്യാമ്പ്‌ ചെയ്യുന്നത്. പിള്ളാര്‌ കത്തി ഊരിയ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു തള്ളി. “നാട്ടില്‍ ആളുകള്‍ സിഗരറ്റ്‌ ലൈറ്റ്‌ കൊണ്ട് നടക്കുന്ന പോലെയാണെടോ ഇവിടെ കത്തി. കാടല്ലേ ചുറ്റും. ടേക്ക് ഇറ്റ്‌ ഈസി” . ഒരു വിളിപ്പാടകലെ എന്ത് സഹായത്തിനും സജ്ജരായി ഉണ്ടെന്നും ഒരു ദിവസം ക്വാട്ടേഴ്സിലേക്ക് വരണമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പിരിഞ്ഞത്.  

    ......... അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 2            

No comments:

Post a Comment