Wednesday

സോഷ്യല്‍ നെറ്റ് വര്‍ക്ക് - ഇനിയുമേറെ...


കുട്ടിക്കാലത്ത് ഒന്നിച്ച് മണ്ണപ്പം ചുട്ടു നടന്ന കളിക്കൂട്ടുകാരന്‍, അഞ്ചാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന സഹപാഠികള്‍, എട്ടാം ക്ലാസ്സില്‍ മനസ്സ് കവര്‍ന്ന ആദ്യത്തെ കാമുകി, പണ്ട് വീട്ടില്‍ മത്തി വിക്കാന്‍ വന്നിരുന്ന ഇപ്പോള്‍ ഗള്‍ഫില്‍ എത്തിയ ഹനീഫിക്ക.. അങ്ങനെ ഇനി ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍പോലും കണ്ടുമുട്ടാന്‍ സാധ്യത തീരെ കുറഞ്ഞ ഒരുപാടു പേരെ വീണ്ടും ഒരു വിളിപ്പാടകലെ എത്തിച്ചു തന്ന ഫേസ്ബുക്കിനെയും സൂക്കര്‍ബര്ഗ് മാമനെയും മനസ്സില്‍ നന്ദിയോടെ സ്മരിച്ചുകൊണ്ട് തുടങ്ങട്ടെ.. 
 



സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മുന്‍പന്‍ ഫേസ്ബുക്ക് തന്നെ. ഇതിന്‍റെയൊക്കെ ഭൂതവും വര്‍ത്തമാനവും നോക്കി ഭാവി പ്രവചിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.പണ്ട് നാട്ടില്‍ തീവണ്ടി വരുന്ന കാലത്ത് ആളുകള്ക്കുണ്ടായിരുന്ന വിശ്വാസങ്ങളും ആശങ്കകളും പറഞ്ഞു കേട്ടിട്ടില്ലേ? നാട്ടിലൂടെ തീവണ്ടി ഓടിത്തുടങ്ങിയാല്‍ പെണ്ണുങ്ങള്‍ക്ക്‌ ഗര്‍ഭം ഉണ്ടാവില്ല, ഉള്ള ഗര്‍ഭം അലസും, കോഴി മുട്ട വിരിയില്ല, നാട് നശിക്കും .. അങ്ങനെ അങ്ങനെ.. ഹി ഹി.. ഏതാണ്ട് അത്പോലെയായിരുന്നു ഇന്റര്‍നെറ്റ്‌ വരുമ്പോള്‍ ആളുകള്‍ക്കുണ്ടായിരുന്ന ആശങ്കകളും ധാരണകളും.


മാതൃഭാഷ മരിക്കും, മലയാളം ആളുകള്‍ മറക്കും, സാമൂഹ്യ ജീവികള്‍ ഇല്ലാതെയാവും, വായന അന്യമാവും എന്നൊക്കെ. എന്നിട്ടിപ്പോഴോ? വെബ്‌ ഉലകത്തില്‍ പഞ്ചാരയടി മുതല്‍ പച്ചതെറി വരെ എല്ലാം നല്ല അസ്സല് മലയാളം. ഇ-ബുക്കും ഇ-റീഡറും, മത-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒക്കെ ഗംഭീരമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

ഇന്നിപ്പോള്‍ ഫേസ്ബുക്കിലൊക്കെ ഒന്നുകില്‍ നല്ല മലയാളം അല്ലെങ്കില്‍ നല്ല ഇംഗ്ലീഷ്. അല്ലതെ മംഗ്ലീഷില്‍ ഇടുന്ന പോസ്റ്റുകളോ കമന്റുകളോ ആരും മൈന്‍ഡ്‌ ചെയ്യില്ല. ഒരഞ്ചു വര്ഷം മുന്‍പത്തെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ നല്ല രീതിയില്‍ മലയാളം കൈകാര്യം ചെയ്യാന്‍ ഇപ്പോഴുള്ളവര്‍ക്ക് കഴിയുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. നാലാള് കാണും എന്നുള്ളതുകൊണ്ട് നല്ല ഭാഷയില്‍ തെറ്റില്ലാതെ ടൈപ്പ്‌ ചെയ്തെ  ആളുകള്‍  എന്‍റര്‍ അടിക്കു.



ഫേസ്ബുക്ക് നിര്‍ത്താന്‍ പോവുകയാണെന്നും അല്ലെങ്കില്‍ മാസാമാസം മെമ്പര്‍ഷിപ്പ്‌ ഫീ ഒക്കെ വെക്കും എന്നൊക്കെ ഇടയ്ക്ക് ഗുണ്ടുകള്‍ വരും. കാര്യം പബ്ലിക്‌ ഷെയറുകള്‍ ഇഷ്യൂ ചെയ്തതിനു ശേഷം ഫേസ്ബുക്ക് കമ്പനിയുടെ സാമ്പത്തിക ഗ്രാഫ്‌ ഇത്തിരി താഴെക്കാണെങ്കിലും സമീപഭാവിയിലെങ്ങും ഒരു അടച്ചുപൂട്ടല്‍ നേരിടേണ്ടി വരില്ല. 

ആരാന്‍റെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആഗ്രഹവും ആകാംക്ഷയും ഉള്ളിടത്തോളം കാലം, എന്നുവച്ചാല്‍ മനുഷ്യന്‍ ഉള്ളിടത്തോളം കാലം, ഈ മഹാസംഭവം ഇങ്ങനെ നിലനില്‍ക്കും. നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ നാലാളെ അറിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാകയാല്‍, ഈയൊരു മാധ്യമം ആളുകള്‍ ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണു തന്നെ.



വിഷാദരോഗത്തിനുള്ള സാദ്ധ്യതകള്‍ പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.  കാരണം, മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സകല നല്ല കാര്യങ്ങളും നമ്മള്‍ അറിയുകയും, ഏതൊരു മനുഷ്യനും ഉള്ള സഹജമായ അസൂയ അല്‍പാലപമായെങ്കിലും നമ്മുടെ ഉള്ളില്‍ വളരുകയും, ഇതെല്ലാം നമുക്കില്ലാത്ത പലതിനെയും കുറിച്ച് നമ്മളെ കൂടെ കൂടെ ഓര്‍മിപ്പിക്കുകയും ചെയുമ്പോള്‍ വിഷാദം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.



“എനിക്കിതൊക്കെ ഉണ്ട്, ഞാനിവിടെയൊക്കെ പോയിട്ടുണ്ട്. നിങ്ങള്‍ക്കിതില്ല, നിങ്ങള്‍ ഇതൊന്നും കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല" എന്ന ഒരു നിശബ്ദ സന്ദേശം കൊടുക്കുകയാണ് ഓരോ സ്ടാടസ് / ഫോട്ടോ അപ്ഡേറ്റും ! എങ്കിലും ചിന്തിക്കുന്ന തലമുറകള്‍ വേണ്ടതിനെ എടുത്തു തള്ളേണ്ടതിനെ തള്ളാന്‍ ശീലിക്കും എന്ന് പ്രതീക്ഷിക്കാം.

പുറംപൂച്ചുകള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും ആണ് കൂടുതലും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കപെടുന്നത് എന്ന്‍ ധരിചിരിക്കുന്നവര് കേട്ടോളു. 40% ഷെയറിംഗുകള്‍ നടക്കുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ആണ്. 26% ഷെയറിംഗുകള്‍ സുഹൃത്തുകള്‍ക്കു ആ വിവരം സഹായം ആവും എന്നത് കൊണ്ടാണെങ്കില്‍ 17% ഷെയറിംഗുകള്‍ വിഷയത്തിലുള്ള അഭിനിവേശം കൊണ്ട് ചെയ്യുന്നതാണ്‌. ഇനി ബാക്കി ഉള്ള 17%ത്തില്‍ പ്രചോദനം നല്‍കുക , പ്രതികരിപ്പിക്കുക , ബിസ്സിനസ്സ്‌ ഉദ്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ഷെയറിംഗുകളിലൂടെ ചികിത്സാസഹായങ്ങളും, രക്തവും ഒക്കെ കിട്ടിയ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.


ഇനി ചില ഫേസ്ബുക്ക് വസ്തുതകള്‍

·    -ലോകജനതയില്‍ 13ല്‍ ഒരാള്‍ ഫേസ്ബുക്ക് അംഗമാണ്.

·    -ഒരു ഫേസ്ബുക്ക് ഉപയോക്താവിനുള്ള ശരാശരി സുഹൃത്തുകള്‍ 229 ആണ്.

·    -ഒരു ദിവസം ശരാശരി 15% അംഗങ്ങള്‍ സ്വന്തം സ്ടാടസ് അപ്ഡേറ്റ്                                           ചെയ്യുമ്പോള്‍ 22% പേര്‍ മറ്റുള്ളവരുടെ സ്ടാടസ്സിനു കമന്റ് കൊടുക്കുന്നു. 26% പേര്‍ ലൈക്കും.  ( ഇപ്പൊ മനസ്സിലായല്ലോ , സ്വന്തം സ്ടാടസ് നന്നാക്കുന്നതിനേക്കാള്‍ ആളുകള്‍ക്ക്‌ താല്പര്യം ആരാന്റെ സ്ടാടസുകളില്‍ ആണ് എന്ന്).
·        
    -ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ അടയിരിക്കുന്നവര്‍ ഉണ്ട്, വല്ലപ്പോഴും കേറി ഇറങ്ങുന്നവര്‍ ഉണ്ട്. എല്ലാവരുടെയും ഒരു ശരാശരി എടുത്തു നോക്കിയാല്‍ ദിവസം ഒരാള്‍ 13.5 മിനിറ്റ് ഫേസ്ബുക്കില്‍ ഇരിക്കുന്നു !

·   -മനശാസ്ത്രജ്ഞര്‍ പുതിയൊരു മാനസിക വൈകല്യം കണ്ടെത്തിയിരിക്കുന്നു. FAD – Facebook Addiction Disorder. 


ജീവിത പങ്കാളിയെ കണ്ടെത്തുമ്പോഴും , സ്ഥാപനങ്ങള്‍ ജീവനക്കാരെ കണ്ടെത്താനും ഒക്കെ ഇപ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാദ്ധ്യതകള്‍ ഇനിയുമേറെ ഉണ്ട്. പലതും വരാനിരിക്കുന്നതേ ഉള്ളൂ. മാസം ഫീസ്‌ ഒക്കെ വച്ചാല്‍ ഈ കട പൂട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. കാതുകുത്തിയവന്‍ പോയാല്‍ കടുക്കന്‍ ഇട്ടവന്‍ വരും. സോഷ്യല്‍ നെറ്റ്വര്‍ക്ക് വിപ്ലവങ്ങള്‍ക്ക് ഇത് വെറും ശൈശവം മാത്രം.


ഇത് കൂടെ കേട്ടോ, സ്കൂളില്‍ നിന്നും ഡ്രോപ്പ് ഔട്ട്‌ ആയ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക്‌ സൂക്കര്‍ബര്ഗ് അണ്ണന്‍ സ്വന്തം പ്രൊഫൈലില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടെന്നാണ് വച്ചിരിക്കുന്നത് (https://www.facebook.com/zuck). മുതലാളിക്ക് തന്നെ ഇത്രേം വലിയ ഗുണ്ട് പറയാമെങ്കില്‍ നുമക്കടെ കാര്യം പറയണ്ടല്ലോ. ആരോ അടിച്ച വിറ്റ്‌ പോലെ , റേഷന്‍ കടയില്‍ അമ്മേടെ കൂടെ അരി വാങ്ങാന്‍ നിക്കണ പെണ്ണ് ഫേസ്ബുക്കില്‍ സ്ടാടസ് അപ്ഡേറ്റ് ചെയ്യുനത് ഇങ്ങനെ "Weekend Shopping with Mummy... <3  <3  "

1 comment: