Saturday

തട്ടാതെ മുട്ടാതെ തട്ടുകടകള്‍

"അരെ ജോ ഗതാ ഹെന്‍ ഖാ കെ ജാവോ.... മേരെ പാസ് കോയി കിതാബ് വിതാബ്‌ നഹി ഹേന്‍..,..."

(ഇങ്ങനെയാണ് എന്റെ ചെവിയില്‍ കേട്ടത് )

ഒരു ദിവസം എത്ര പ്ലേറ്റ് കച്ചോടം നടക്കും, എന്ത് ലാഭം കിട്ടും?  എന്ന് ചോദിച്ചതിനാണ് ബെല്‍പുരി വില്‍ക്കുന്ന ഹിന്ദിക്കാരന്‍ ഇങ്ങനെ പറഞ്ഞത്. ഹിന്ദി അത്ര വശമില്ലെങ്കിലും "തിന്നാനുള്ളത് തിന്നിട്ട് പോടോ, കണക്കൊന്നും തരാന്‍ മനസ്സില്ല" എന്നാണ് സ്നേഹനിധിയായ ആ ഉത്തരേന്ത്യന്‍ സഹോദരന്‍ എന്നോട് ഉര ചെയ്തത് എന്ന് മനസ്സിലാക്കാന്‍ പണ്ഡിറ്റ് ബിരുദം ഒന്നും വേണ്ടല്ലോ. ( പാവം ഞാന്‍ )


"എന്താ ചേട്ടാ അറിയേണ്ടത്?"  മാസലപൂരി കഴിചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ സഹായവാഗ്ദാനം.

ഞാന്‍ കാര്യം പറഞ്ഞു.

"അങ്ങനെ കൃത്യം കണക്കൊന്നും അറിയില്ല, പക്ഷെ കഴിച്ചു കഴിഞ്ഞ വേസ്റ്റ് ഇലപ്ലേറ്റ്‌ ഇടുന്ന ബക്കറ്റ്‌ കണ്ടോ.?"

വണ്ടിയുടെ അടിയില്‍ നിറഞ്ഞു നിക്കുന്ന രണ്ടു ബക്കറ്റ്‌ അവന്‍ ചൂണ്ടിക്കാട്ടി.

"ഇപോ മൂന്നാമത്തെ ബക്കറ്റ്‌ ആണ് പിന്നിലിരിക്കുന്നത്, സമയം ഇപ്പൊ 7 മണി. ഒരു ഒന്‍പതു മണിക്ക് വന്നാല്‍ മിനിമം 4 ബക്കറ്റ്‌ വേസ്റ്റ് പ്ലേറ്റുകള്‍ ഉണ്ടാവും, ഇനി ചേട്ടന്‍ സ്വന്തമായി കണക്ക് കൂട്ടിക്കോ. "

കാര്യം പറഞ്ഞ് അവന്‍ പോവുമ്പോള്‍ , എന്റെ മനസ്സില്‍ അക്കങ്ങള്‍ കളി തുടങ്ങിയിരുന്നു. 

ഒരു ബക്കറ്റില്‍ ശരാശരി 100 പ്ലേറ്റ്‌ , നാലു ബക്കറ്റ്‌, 400 പ്ലേറ്റ്. വേണ്ട, 300 എടുക്കാം.
10 രൂപയുടെ കാളന്‍, 15 രൂപയുടെ ബേല്‍പുരി , 20 രൂപയുടെ മിക്സ്ടര്‍ പുരി ഇമ്മാതിരി മൂന്നാല് ഐറ്റംസ് വേറേം. ആവറേജ് 15 രൂപയെടുക്കാം.

300 x 15 = 4500/-

സാധനങ്ങള്‍ക്കെല്ലാം കൂടെ അകെ ചിലവ് 1500 രൂപ.

രണ്ടു ചെക്കന്മാര്‍ക്ക്‌ 300-400 കൊടുക്കുമായിരിക്കും. എങ്ങനെ നോക്കിയാലും ലവന്റെ കയ്യില്‍ 2000 രൂപ മിനിമം നിക്കും !

എന്റെ പള്ളീ.... വാടക വേണ്ട, കറന്റ് ബില്ല് ഇല്ല, ടാക്സ്‌ അടയ്ക്കണ്ട ! വൈകീട്ട് 4.30 മുതല്‍ രാത്രി ഒരു 9 മണി വരെ കച്ചോടം. ഈ വക നോര്‍ത്ത്‌ ഇന്ത്യന്‍ ബൂരി ഐറ്റംസ് കഴിഞ്ഞ ഒരു 10 വര്‍ഷത്തിനിടയ്ക്കാണ് കേരളത്തില്‍ വേര് പിടിച്ചത്.

ഈവനിംഗ് തട്ടുകടകള്‍, ഫുള്‍ ഡേ ഒറ്റമുറി ചായക്കടകള്‍ ഇതൊക്കെ നമ്മുടെ നാട്ടില്‍ ഇപ്പൊ കൂടുതല്‍ ഉഷാറാണ്. പഠിത്തമോ ജോലിയോ ഒക്കെ ചെയ്തു വൈകീട്ടു വീടെത്തുമ്പോ നല്ല ചായയും പലഹാരവും തയ്യാറാക്കി വെയ്ക്കാന്‍ വീട്ടിലമ്മമാര്‍ ഇല്ലാലോ. അതുകൊണ്ട് തന്നെ ഈ കച്ചോടങ്ങള്‍ക്ക് അത്യാവശ്യം നല്ല ഭാവിയുണ്ട്. അപ്പപ്പോ ഉണ്ടാക്കുന്ന സാധനങ്ങള്‍ ചൂടാറുന്നതിനു മുന്‍പേ ചിലവാവും ( ചൂടപ്പം പോലെ എന്നൊരു പ്രയോഗം അങ്ങനെയ ഉണ്ടായേ ല്ലേ? ). ഒന്ന് ക്ലച്ച് പിടിച്ചു കിട്ടിയാല്‍ ഉഗ്രന്‍ പരിപാടി ആണ്. വലിയ ബിസ്സിനസ്സ്‌ സ്ട്രാറ്റെജിയും , മാര്‍ക്കറ്റ്‌ അനാലിസിസും , പ്രോജക്ട്ടേഡ് ഫിനാന്‍ഷ്യല്‍ പ്ലാനും ഒന്നും ഇല്ലാതെ തുടങ്ങാം. ഇത്തിരി കൂടെ കണക്കുകൂട്ടി എറിഞ്ഞാല്‍, രുചിയുള്ള നാടന്‍ വിഭവങ്ങളോ അല്ലെങ്കില്‍ ആ നാട്ടുകാര്‍ അധികം രുചിക്കാത്ത എന്നാല്‍ നല്ല രുചിയുള്ള വിഭവങ്ങള്‍ ഒക്കെ ശീലിപിച്ചാല്‍ , ഹോ, ഒരു കലക്ക് കലക്കാം!

കണ്ണൂര് റെയില്‍വേസ്റേഷന് പുറത്തു മില്‍മ ബൂത്തുകളില്‍ നിന്ന് കഴിച്ച ഒരു അപ്പം ആണ് ഓര്മ വരുന്നത്. 'കണ്ണൂരപ്പം' എന്നാണ് പറഞ്ഞത്. ഒരു വശം മൊരിഞ്ഞും മറുവശം വെളുത്തും, മൃദുലമായ രുചിയുള്ള അപ്പം. ഇതൊക്കെ ഇങ്ങു തൃശ്ശൂരും കൊചീലും കൊണ്ട് വിറ്റാ, ന്തേ നടക്കില്ലേ?

ശ്രദ്ധിച്ചിട്ടുണ്ടോ  , ആദ്യമൊക്കെ ദിവസവും ഉന്തു വണ്ടി തള്ളിക്കൊണ്ട് വന്നു കച്ചോടം നടത്തും. പിന്നെ അതവിടെ സ്ഥിരമായി നിര്‍ത്തും. രണ്ടു മഴ കഴിഞ്ഞാല്‍ അതിന്റെ ചക്രങ്ങള്‍ ഒക്കെ അവിടെ ഉറച്ചിട്ടുണ്ടാവും. അടുത്ത മഴയ്ക്ക്‌ മുകളില്‍ ഒരു ടാര്‍പ്പായ വലിച്ചു വിരിച്ചു താഴെ രണ്ടു ബെഞ്ചും ഇടും. പിന്നെ അത് സ്ഥിരം കടയായി !  വല്ല മേല്‍പ്പാലങ്ങളുടെ അടിയിലോ, ബസ് സ്റ്റോപ്പിലെ മരച്ചോട്ടിലോ ഒക്കെ ഇത് പതിവ് കാഴ്ചയാണ്. ഇങ്ങനെ കട വച്ച ഒരു മഹാന്‍, പുതിയ പ്രൊജക്റ്റ്‌ വന്ന്‍ കട പൊളിക്കാന്‍ അധികൃതര്‍ വന്നപ്പോ കൊടിയും പിടിച്ചു സമരത്തിന്‌ ഇരുന്നു. പൊളിക്കാന്‍ തമ്മസിക്കൂല ! ഒടുവില്‍ 'ജനപ്രധിനിധി'കളൊക്കെ ഇടപെടേണ്ടി വന്നു. 

മത്സരം കൂടുന്നത് കൊണ്ടായിരിക്കും, അറിഞ്ഞും അറിയാതെയും ഒരു വിഭാഗം എങ്കിലും തട്ടുകടക്കാര്‍ കൃത്രിമ നിറങ്ങളും രിചിക്കൂട്ടുകളും ഉപയോഗിക്കുന്നുണ്ട്. പലതും നിരോധിച്ചവ. കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകാര്‍ ഒളിക്യാമറവഴി ഷൂട്ട്‌ ചെയ്തത് നമ്മള്‍ കണ്ടതാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച തട്ടുകടകള്‍ക്കും ചെറുഭക്ഷണശാലകള്‍ക്കും ഉള്ള മാര്‍ഗ്ഗരേഖ സ്വാഗതാര്‍ഹം ആണ്. 


വിദേശരാജ്യങ്ങളിലെ ജങ്ക്ഫുഡുകള്‍ ആയ ബര്ഗ്ഗരും സാന്‍വിച്ചും ഒക്കെ ഇവുടത്തെ മാര്‍കെറ്റില്‍ കൊടികുത്തി വാഴാന്‍ സാധ്യത വളരെ കുറവാണു. രുചികള്‍ക്കും വിഭവങ്ങള്‍ക്കും നമുക്കുണ്ടോ ദാരിദ്ര്യം ??

മെട്രോ നഗരങ്ങളില്‍ പോലും കെ എഫ് സി യും ഡോമിനോസും ഒക്കെ എത്ര വന്നിട്ടും ഇഡ്ഡലിക്കാരി പെണ്ണുങ്ങളെയോ ടീ ക്കട നായരെയോ വല്ലതും ബാധിച്ചോ ? നല്ലോണം പണികിട്ടിയത് ഷവര്‍മ്മ വിറ്റവര്‍ക്കും  കെഎഫ്സി ക്കാരനും തന്നെ. 


3 comments:

  1. yeah,naked truth..they earn good income..smart way of earning income...no much expenses..:)

    ReplyDelete
  2. yeah,naked truth..they earn good income..smart way of earning income...no much expenses..:)

    ReplyDelete
  3. മൈക്രോലെവല്‍ ബിസിനസ്സിന്റെ അനന്തസാധ്യതകള്‍ !

    ReplyDelete