Thursday

അല്പം പരസ്യചിന്തകള്‍


ഈ കയ്പക്ക പോലെ കിടക്കണ കേരളത്തില് പണ്ട് ദൂരദര്‍ശന്‍ കൂടാതെ ഏഷ്യാനെറ്റും സൂര്യ ടി വി യും വന്നപ്പോ തന്നെ നുമ്മ കരുതി ധാരളമായെന്നു. പാര്‍ട്ടി ചാനലായി കൈരളിയും പിന്നെ ഒരു വാര്‍ത്താ ചാനലും കൂടെ ആയപ്പോള്‍ കരുതി കഴിഞ്ഞു, എല്ലാം തികഞ്ഞു എന്ന്. എവടെ!  ഗുഡ്സ് വണ്ടിയുടെ ബോഗികള്‍ പോലെ ഇതിനൊരു അവസാനം ഇല്ലെന്നായി ഇപ്പൊ.

ഇത്ര ശക്തമായ യുദ്ധം നിലനില്‍ക്കുന്ന ചാനല്‍ രംഗത്തേക്ക് വാര്‍ത്ത‍ ചാനലുമായി മാതൃഭൂമി അടക്കമുള്ളവര്‍ കടന്നു വരുമ്പോള്‍ മുതല്‍ നിരീക്ഷിക്കുകയായിരുന്നു. എങ്ങനെയുള്ള പരസ്യം ആയിരിക്കും ഇവര്‍ സെല്‍ഫ്‌ ബ്രാന്‍ഡ്‌ ചെയ്യാന്‍ ഉപയോഗിക്കുക എന്ന്.


പതിവ് തെറ്റിക്കാതെ മാതൃഭൂമി എത്തിയത് ഒരു വ്യത്യസ്തതയും ഇല്ലാത്ത ആറിത്തണുത്ത പരസ്യങ്ങളുമായാണ്. ഈ അവിഞ്ഞ കട്ട്ഔട്ടുകള്‍ രണ്ടാമതൊന്നു കടാക്ഷിക്കാന്‍ ഒരാള്‍ക്കും തോന്നില്ല. ഇങ്ങനെ വീണ്ടും നോക്കാന്‍ തോന്നിക്കതെയാണ് ഇവര്‍ സ്വന്തം ബ്രാന്‍ഡ്‌ ഉറപ്പിച്ചത് എന്ന് പോലും തോന്നിയിട്ടുണ്ട് എനിക്ക്.



അഞ്ചാം ക്ലാസ്സിലെ കുട്ടിക്ക് ഇതിലും നല്ല ഐഡിയ തോന്നും. വാസ്തവം  , വിലക്കയറ്റം എന്നീ വാക്കുകളെ ഒക്കെ തിരിച്ചെഴുതിയിരിക്കുന്നു. ഇനി ലോഗോ നോക്കണേ മുത്തൂറ്റിന്റെ ‘M’ ലേശം മാറ്റിപ്പിടിച്ചു ഒരെണ്ണം. 



മനോരമയ്ക്കുള്ള സര്‍ക്കുലെഷനുകളെക്കാള്‍ ലക്ഷങ്ങള്‍ കുറവാണു മാതൃഭൂമിയ്ക്കു. എന്നാലോ ഞങ്ങള്‍ക്കിതൊക്കെ മതി എന്ന മട്ടും. ഒരു പരീക്ഷണങ്ങളും മാതൃഭൂമിയില്‍ കണ്ടിട്ടില്ല. വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞതാണ് പത്രം. അച്ചായന്റെ മനോരമയില്‍ വാര്‍ത്തയെക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ ആണ്. പോരാത്തതിന് ‘നുണോരമ’ എന്നൊരു വിളിപ്പേര് വ്യാപകമായി തന്നെ ഉണ്ട്. എന്നിട്ടോ? തൊടാന്‍ പറ്റില്ല. ഓരോ വര്‍ഷവും സര്‍ക്കുലെഷനില്‍ വച്ചടി വച്ചടി കേറ്റം. ന്താ കാര്യം? സംഗതി കളറാ! അതന്നെ. നല്ല ലെ ഔട്ട്‌ , ഫോണ്ട് , കളര്‍ കോഡ് പിന്നെ തരാതരം മസാല ചേര്‍ത്ത ഉള്ളടക്കം. പത്രം മാത്രമല്ല, പ്രസിദ്ധീകരണങ്ങളിലും. ഇത് തന്നെ ശൈലി. ഒരു മനോരമയും മാതൃഭൂമിയും കണ്ടാല്‍ കൂടുതല്‍ പേരും ആദ്യം എടുത്തു മറിക്കുന്നത് മനോരമയയിരിക്കും.


പറഞ്ഞു വന്നത് മലയാളത്തിലെ 'മ' പത്രങ്ങുടെ ഗുണദോഷങ്ങളല്ല, പരസ്യങ്ങളെ കുറിച്ചാണ്. ഏറ്റവും ശക്തമായ കലാവിഷ്കാരം ആണ് പരസ്യം എന്ന് പറഞ്ഞാല്‍ അല്ലെന്നു പറയാന്‍ ആവുമോ? കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ വാക്കുകള്‍ കൊണ്ട്, ഏറ്റവും മികച്ച രീതിയില്‍ ആശയങ്ങളെ ആളുകളിലേക്കെത്തിക്കണം. ഇത്രമേല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് റിസള്‍ട്ട് ഉണ്ടാക്കിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം മറ്റേതു ആവിഷ്കാരത്തിനുണ്ട്?



പെണ്ണിന്റെ അര്‍ദ്ധ നഗ്ന മേനിയും അതില്‍ അങ്ങിങ്ങ് വേണ്ടിടത്തും വേണ്ടാത്തിടത്തും തൂങ്ങി നില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളും മാത്രം മുഖ മുദ്രയക്കിയ ജുവല്ലറി പരസ്യങ്ങള്‍ ഒരമ്മ പെറ്റ മക്കളെ പോലെ പോയിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ കല്യാണ്‍ ഒരു തരി പൊന്ന് ഇല്ലാതെ സ്വര്‍ണ്ണക്കടയുടെ പരസ്യം ചെയ്യുന്നത്. ‘വിശ്വാസം അതല്ലേ എല്ലാം’ !



അച്ഛന്റെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ഒളിച്ചോടിപ്പോയ പെണ്ണ് തിരിച്ചു വരുമ്പോള്‍ ‘എന്റെ വിശ്വാസത്തിനു വിലയില്ലേ?’ എന്ന ഭാവത്തില്‍ ശശിയായി നിക്കുന്ന കാമുകന് വേണ്ടി യുവത്വം വാദിച്ചപ്പോളും പരസ്യം അതിന്റെ ഉദ്ദേശം സാധിച്ചെടുത്തു. കുടുംബ ബന്ധങ്ങള്‍ ഒക്കെ ദൃഡമായി നിലനിന്നാലും കല്യാണമാമാങ്കം കുടുംബം ഏറ്റെടുത്താലും മാത്രമേ സ്വര്‍ണ്ണം ചിലവാകൂ. ഒളിച്ചോടുന്നവര്‍ സ്വര്‍ണ്ണം വാങ്ങുമോ?

കല്യാണിന്റെ പരസ്യം ക്ലിക്ക്‌ ആയതോടെ ആലുക്കാസ്‌ കമ്പനികളും മലബാര്‍ ഗോള്‍ഡും അതേ വഴി വച്ച് പിടിച്ചു. കുടുംബം, ബന്ധം സ്നേഹം..അങ്ങനെ അങ്ങനെ.. 

(ഈ പരസ്യത്തില്‍ അമ്മയായി അഭിനയിച്ചിരിക്കുന്നത് വിജയിന്റെ സ്വന്തം അമ്മയാണ്, അവരുടെ പേര് ശോഭ എന്നും ! )

പരസ്യം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റും, പരസ്യം ഇത്തിരി രസകരമായാല്‍ പിടിച്ചിരുത്താം. ഇന്ത്യയില്‍ മെന്ടോസ്/സെന്റര്‍ ഫ്രെഷ് ആണ് ആളെ ചിരിപ്പിച്ചു കൊല്ലുന്ന പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പരീക്ഷിച്ചത് എന്ന് തോന്നുന്നു.


 ഇമ്മാതിരി പരീക്ഷണങ്ങള്‍ ഒക്കെ അന്താരാഷ്ട്ര വിപണിയില്‍ പരീക്ഷിച്ചു വിജയിച്ച ശേഷമേ ഇവിടെയൊക്കെ പരീക്ഷിക്കൂ. അങ്ങനെയാണ് തമാശകള്‍ക്ക് അപ്പുറം സെന്റിമെന്റ്സ് കൊണ്ടുള്ള കളി തുടങ്ങിയത്.

കഴിഞ്ഞ വര്ഷം ഏറ്റവും നല്ല പരസ്യമായി തിരഞ്ഞെടുക്കപ്പെട്ട ബട്വേയിസറിന്റെ പരസ്യം നോക്കു. സെന്റിമെന്റ്സ് !



കേരളത്തിന്‌ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം എങ്ങനെ വന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്ത്‌ യഥാര്‍ത്ഥ ‘God’s Own Country’ ന്യൂസിലാന്‍ഡ്‌ ആണ്. സംശയമുള്ളവര്‍ നോക്കിക്കോ. http://en.wikipedia.org/wiki/God's_Own_Country , ടൂറിസം പ്രമോഷന് വേണ്ടി പരസ്യം ഉണ്ടാക്കുമ്പോള്‍ ഏതോ ഒരു കോപ്പിറൈറ്റര്‍ അടിച്ചു വിട്ടതാണ് പിന്നീട് മലയാളി സമൂഹം ഏറ്റെടുത്തു പാടിയത്. അതെഴുതിയവന്‍ പോലും വിചാരിച്ചു കാണില്ല സംഗതി ഇത്ര ക്ലിക്ക് ആവുമെന്ന്. 

ഒരു ഉത്പന്നത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ചില പേരുകള്‍ ഇങ്ങനെ ഓടിയെത്തണം അതിനു ശക്തമായ പരസ്യം വേണം, ഇനി അതിനു പകരം മറ്റൊന്ന് കേറാതിരിക്കാന്‍ തുടര്‍ച്ച വേണം. ഒരിക്കല്‍ പരസ്യങ്ങള്‍ നല്‍കി തുടങ്ങിയാല്‍ തുടര്‍ച്ചയായി കൊടുത്തില്ലെങ്കില്‍ കമ്പനിക്ക് അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് കാര്യമായി എന്തോ സംഭവിച്ചു എന്ന ധാരണ ആളുകളില്‍ ഉണ്ടാവും. ഇനി ഒരേ പരസ്യം തന്നെ ഒരുപാടു കാലം കൊടുത്തു കൊണ്ടിരുന്നാല്‍ പുതുമയില്ലാത്ത കമ്പനി എന്ന പേര് വീഴും.

 ‘കൃഷ്ണ തുളസി കഫ്സിറപ്പ്‌’ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരേ പരസ്യം ആണ് കൊടുക്കുന്നത്. അതുകൊണ്ടെന്താ പണ്ടത്തെ അതേ ‘നല്ല’ സാധനം ആണ് ഇന്നും എന്നൊരു ധാരണ ഉണ്ടാക്കാന്‍ പറ്റി. എന്നുവച്ച് മറ്റു ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അത് യോജിക്കണമെന്നില്ല.

യു ടി ഐ ആക്സിസ്‌ ബാങ്ക് ആവുന്ന കാലത്താണ് കഷ്ടകാലത്തിനു ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവുന്നത്. ഓഹാരിയെന്നും മ്യൂച്ചല്‍ ഫണ്ട് എന്നും ചിന്തിച്ചാല്‍ തന്നെ യു ടി ഐ എന്ന പേര് ആളുകള്‍ ആദ്യം ഓര്‍ക്കുന്ന കാലത്ത് പേര് മാറ്റം വേണ്ട വിതം ആളുകളെ അറിയക്കാന്‍ കഴിയാഞ്ഞത് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. മറികടക്കാന്‍ ശക്തമായ പരസ്യം വേണ്ടി വന്നു. ഇരട്ടക്കുട്ടികളെ വച്ച് ‘പേര് മാത്രം വ്യത്യാസം മറ്റെല്ലാം ഒരുപോലെ’ എന്ന പരസ്യം ആ വര്‍ഷത്തെ ഏറ്റവും നല്ല പരസ്യത്തിനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കുകയും ചെയ്തു.


ആളുകളെയും പട്ടികളെയും വച്ച് പരസ്യം ഉണ്ടാക്കുന്നതിന്റെ മെനക്കേട് ഒഴിവാക്കാന്‍ വോഡഫോണ്‍ പരീക്ഷിച്ച ‘സൂസു’ പരസ്യങ്ങള്‍ ഹിറ്റ്‌ ആയി. ചെലവ് കുറവ്, പണി എളുപ്പം നല്ല റിസല്‍ട്ടും.

ഒരിക്കലും തകരാത്ത അക്ഷയപാത്രം ആണ് പരസ്യവിപണി. പ്രിന്‍റ് മീഡിയ , വിഷ്വല്‍ മീഡിയ എന്നിവയ്ക്ക് ഒപ്പം ശക്തമായി ന്യൂ മീഡിയ കൂടെ വേരുറപ്പിച്ച ഇക്കാലത്ത് ഇതുവരെ കാണാത്ത പല പുതുമകള്‍ക്കും പരസ്യ വിപണി വേദിയാവും. കാണപ്പുറത്തു കിടക്കുന്ന അവസരങ്ങള്‍ ഇനിയുമുണ്ട് ഏറെ. ഈ മേഖലയില്‍ കരിയര്‍ അല്ലെങ്കില്‍ ബിസ്സിനസ്സ്‌ തുടങ്ങാന്‍ താല്പര്യമുണ്ടെങ്കില്‍ അടുത്ത പോസ്റ്റ്‌ വായിക്കൂ. ചില ആശയങ്ങള്‍ പങ്കുവെയ്ക്കാം. 

Wednesday

സോഷ്യല്‍ നെറ്റ് വര്‍ക്ക് - ഇനിയുമേറെ...


കുട്ടിക്കാലത്ത് ഒന്നിച്ച് മണ്ണപ്പം ചുട്ടു നടന്ന കളിക്കൂട്ടുകാരന്‍, അഞ്ചാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന സഹപാഠികള്‍, എട്ടാം ക്ലാസ്സില്‍ മനസ്സ് കവര്‍ന്ന ആദ്യത്തെ കാമുകി, പണ്ട് വീട്ടില്‍ മത്തി വിക്കാന്‍ വന്നിരുന്ന ഇപ്പോള്‍ ഗള്‍ഫില്‍ എത്തിയ ഹനീഫിക്ക.. അങ്ങനെ ഇനി ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍പോലും കണ്ടുമുട്ടാന്‍ സാധ്യത തീരെ കുറഞ്ഞ ഒരുപാടു പേരെ വീണ്ടും ഒരു വിളിപ്പാടകലെ എത്തിച്ചു തന്ന ഫേസ്ബുക്കിനെയും സൂക്കര്‍ബര്ഗ് മാമനെയും മനസ്സില്‍ നന്ദിയോടെ സ്മരിച്ചുകൊണ്ട് തുടങ്ങട്ടെ.. 
 



സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മുന്‍പന്‍ ഫേസ്ബുക്ക് തന്നെ. ഇതിന്‍റെയൊക്കെ ഭൂതവും വര്‍ത്തമാനവും നോക്കി ഭാവി പ്രവചിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.പണ്ട് നാട്ടില്‍ തീവണ്ടി വരുന്ന കാലത്ത് ആളുകള്ക്കുണ്ടായിരുന്ന വിശ്വാസങ്ങളും ആശങ്കകളും പറഞ്ഞു കേട്ടിട്ടില്ലേ? നാട്ടിലൂടെ തീവണ്ടി ഓടിത്തുടങ്ങിയാല്‍ പെണ്ണുങ്ങള്‍ക്ക്‌ ഗര്‍ഭം ഉണ്ടാവില്ല, ഉള്ള ഗര്‍ഭം അലസും, കോഴി മുട്ട വിരിയില്ല, നാട് നശിക്കും .. അങ്ങനെ അങ്ങനെ.. ഹി ഹി.. ഏതാണ്ട് അത്പോലെയായിരുന്നു ഇന്റര്‍നെറ്റ്‌ വരുമ്പോള്‍ ആളുകള്‍ക്കുണ്ടായിരുന്ന ആശങ്കകളും ധാരണകളും.


മാതൃഭാഷ മരിക്കും, മലയാളം ആളുകള്‍ മറക്കും, സാമൂഹ്യ ജീവികള്‍ ഇല്ലാതെയാവും, വായന അന്യമാവും എന്നൊക്കെ. എന്നിട്ടിപ്പോഴോ? വെബ്‌ ഉലകത്തില്‍ പഞ്ചാരയടി മുതല്‍ പച്ചതെറി വരെ എല്ലാം നല്ല അസ്സല് മലയാളം. ഇ-ബുക്കും ഇ-റീഡറും, മത-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒക്കെ ഗംഭീരമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

ഇന്നിപ്പോള്‍ ഫേസ്ബുക്കിലൊക്കെ ഒന്നുകില്‍ നല്ല മലയാളം അല്ലെങ്കില്‍ നല്ല ഇംഗ്ലീഷ്. അല്ലതെ മംഗ്ലീഷില്‍ ഇടുന്ന പോസ്റ്റുകളോ കമന്റുകളോ ആരും മൈന്‍ഡ്‌ ചെയ്യില്ല. ഒരഞ്ചു വര്ഷം മുന്‍പത്തെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ നല്ല രീതിയില്‍ മലയാളം കൈകാര്യം ചെയ്യാന്‍ ഇപ്പോഴുള്ളവര്‍ക്ക് കഴിയുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. നാലാള് കാണും എന്നുള്ളതുകൊണ്ട് നല്ല ഭാഷയില്‍ തെറ്റില്ലാതെ ടൈപ്പ്‌ ചെയ്തെ  ആളുകള്‍  എന്‍റര്‍ അടിക്കു.



ഫേസ്ബുക്ക് നിര്‍ത്താന്‍ പോവുകയാണെന്നും അല്ലെങ്കില്‍ മാസാമാസം മെമ്പര്‍ഷിപ്പ്‌ ഫീ ഒക്കെ വെക്കും എന്നൊക്കെ ഇടയ്ക്ക് ഗുണ്ടുകള്‍ വരും. കാര്യം പബ്ലിക്‌ ഷെയറുകള്‍ ഇഷ്യൂ ചെയ്തതിനു ശേഷം ഫേസ്ബുക്ക് കമ്പനിയുടെ സാമ്പത്തിക ഗ്രാഫ്‌ ഇത്തിരി താഴെക്കാണെങ്കിലും സമീപഭാവിയിലെങ്ങും ഒരു അടച്ചുപൂട്ടല്‍ നേരിടേണ്ടി വരില്ല. 

ആരാന്‍റെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആഗ്രഹവും ആകാംക്ഷയും ഉള്ളിടത്തോളം കാലം, എന്നുവച്ചാല്‍ മനുഷ്യന്‍ ഉള്ളിടത്തോളം കാലം, ഈ മഹാസംഭവം ഇങ്ങനെ നിലനില്‍ക്കും. നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ നാലാളെ അറിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാകയാല്‍, ഈയൊരു മാധ്യമം ആളുകള്‍ ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണു തന്നെ.



വിഷാദരോഗത്തിനുള്ള സാദ്ധ്യതകള്‍ പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.  കാരണം, മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സകല നല്ല കാര്യങ്ങളും നമ്മള്‍ അറിയുകയും, ഏതൊരു മനുഷ്യനും ഉള്ള സഹജമായ അസൂയ അല്‍പാലപമായെങ്കിലും നമ്മുടെ ഉള്ളില്‍ വളരുകയും, ഇതെല്ലാം നമുക്കില്ലാത്ത പലതിനെയും കുറിച്ച് നമ്മളെ കൂടെ കൂടെ ഓര്‍മിപ്പിക്കുകയും ചെയുമ്പോള്‍ വിഷാദം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.



“എനിക്കിതൊക്കെ ഉണ്ട്, ഞാനിവിടെയൊക്കെ പോയിട്ടുണ്ട്. നിങ്ങള്‍ക്കിതില്ല, നിങ്ങള്‍ ഇതൊന്നും കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല" എന്ന ഒരു നിശബ്ദ സന്ദേശം കൊടുക്കുകയാണ് ഓരോ സ്ടാടസ് / ഫോട്ടോ അപ്ഡേറ്റും ! എങ്കിലും ചിന്തിക്കുന്ന തലമുറകള്‍ വേണ്ടതിനെ എടുത്തു തള്ളേണ്ടതിനെ തള്ളാന്‍ ശീലിക്കും എന്ന് പ്രതീക്ഷിക്കാം.

പുറംപൂച്ചുകള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും ആണ് കൂടുതലും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കപെടുന്നത് എന്ന്‍ ധരിചിരിക്കുന്നവര് കേട്ടോളു. 40% ഷെയറിംഗുകള്‍ നടക്കുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ആണ്. 26% ഷെയറിംഗുകള്‍ സുഹൃത്തുകള്‍ക്കു ആ വിവരം സഹായം ആവും എന്നത് കൊണ്ടാണെങ്കില്‍ 17% ഷെയറിംഗുകള്‍ വിഷയത്തിലുള്ള അഭിനിവേശം കൊണ്ട് ചെയ്യുന്നതാണ്‌. ഇനി ബാക്കി ഉള്ള 17%ത്തില്‍ പ്രചോദനം നല്‍കുക , പ്രതികരിപ്പിക്കുക , ബിസ്സിനസ്സ്‌ ഉദ്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ഷെയറിംഗുകളിലൂടെ ചികിത്സാസഹായങ്ങളും, രക്തവും ഒക്കെ കിട്ടിയ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്.


ഇനി ചില ഫേസ്ബുക്ക് വസ്തുതകള്‍

·    -ലോകജനതയില്‍ 13ല്‍ ഒരാള്‍ ഫേസ്ബുക്ക് അംഗമാണ്.

·    -ഒരു ഫേസ്ബുക്ക് ഉപയോക്താവിനുള്ള ശരാശരി സുഹൃത്തുകള്‍ 229 ആണ്.

·    -ഒരു ദിവസം ശരാശരി 15% അംഗങ്ങള്‍ സ്വന്തം സ്ടാടസ് അപ്ഡേറ്റ്                                           ചെയ്യുമ്പോള്‍ 22% പേര്‍ മറ്റുള്ളവരുടെ സ്ടാടസ്സിനു കമന്റ് കൊടുക്കുന്നു. 26% പേര്‍ ലൈക്കും.  ( ഇപ്പൊ മനസ്സിലായല്ലോ , സ്വന്തം സ്ടാടസ് നന്നാക്കുന്നതിനേക്കാള്‍ ആളുകള്‍ക്ക്‌ താല്പര്യം ആരാന്റെ സ്ടാടസുകളില്‍ ആണ് എന്ന്).
·        
    -ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ അടയിരിക്കുന്നവര്‍ ഉണ്ട്, വല്ലപ്പോഴും കേറി ഇറങ്ങുന്നവര്‍ ഉണ്ട്. എല്ലാവരുടെയും ഒരു ശരാശരി എടുത്തു നോക്കിയാല്‍ ദിവസം ഒരാള്‍ 13.5 മിനിറ്റ് ഫേസ്ബുക്കില്‍ ഇരിക്കുന്നു !

·   -മനശാസ്ത്രജ്ഞര്‍ പുതിയൊരു മാനസിക വൈകല്യം കണ്ടെത്തിയിരിക്കുന്നു. FAD – Facebook Addiction Disorder. 


ജീവിത പങ്കാളിയെ കണ്ടെത്തുമ്പോഴും , സ്ഥാപനങ്ങള്‍ ജീവനക്കാരെ കണ്ടെത്താനും ഒക്കെ ഇപ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാദ്ധ്യതകള്‍ ഇനിയുമേറെ ഉണ്ട്. പലതും വരാനിരിക്കുന്നതേ ഉള്ളൂ. മാസം ഫീസ്‌ ഒക്കെ വച്ചാല്‍ ഈ കട പൂട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. കാതുകുത്തിയവന്‍ പോയാല്‍ കടുക്കന്‍ ഇട്ടവന്‍ വരും. സോഷ്യല്‍ നെറ്റ്വര്‍ക്ക് വിപ്ലവങ്ങള്‍ക്ക് ഇത് വെറും ശൈശവം മാത്രം.


ഇത് കൂടെ കേട്ടോ, സ്കൂളില്‍ നിന്നും ഡ്രോപ്പ് ഔട്ട്‌ ആയ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക്‌ സൂക്കര്‍ബര്ഗ് അണ്ണന്‍ സ്വന്തം പ്രൊഫൈലില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടെന്നാണ് വച്ചിരിക്കുന്നത് (https://www.facebook.com/zuck). മുതലാളിക്ക് തന്നെ ഇത്രേം വലിയ ഗുണ്ട് പറയാമെങ്കില്‍ നുമക്കടെ കാര്യം പറയണ്ടല്ലോ. ആരോ അടിച്ച വിറ്റ്‌ പോലെ , റേഷന്‍ കടയില്‍ അമ്മേടെ കൂടെ അരി വാങ്ങാന്‍ നിക്കണ പെണ്ണ് ഫേസ്ബുക്കില്‍ സ്ടാടസ് അപ്ഡേറ്റ് ചെയ്യുനത് ഇങ്ങനെ "Weekend Shopping with Mummy... <3  <3  "

Sunday

Home Based Online Jobs - ഒന്ന് ശ്രദ്ധിക്കു.


വീട്ടില്‍ ഇരുന്നു കാശുണ്ടാക്കാന്‍ നോക്കുന്നവര്‍ ഒക്കെ മടിയന്മാരും മേയ്യനങ്ങാന്‍ വയ്യാത്തവരും ആണെന്ന അഭിപ്രായം എനിക്കില്ല. പാര്‍ട്ട് ടൈം ജോലി ആഗ്രഹിക്കുന്നവര്‍, വീട്ടമ്മമാര്‍, റിട്ടയര്‍മെന്റ് കഴിഞ്ഞിരിക്കുന്നവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും ഇങ്ങനൊരു സാധ്യതയെ പറ്റി ചിന്തിക്കുക സ്വാഭാവികം. അതില്‍ത്തന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍ക്കാണ് ആവശ്യക്കാരേറെ.

 പക്ഷെ യഥാര്‍ത്ഥത്തില്‍ അത്തരത്തില്‍ ‘ഹോം ബേസ്ഡ് ജോബ്‌’ ചെയ്ത് മാസം കൃത്യമായി മാന്യമായൊരു തുക സമ്പാദിക്കുന്ന എത്ര പേരെ നിങ്ങള്‍ക്കറിയാം? അവസരങ്ങള്‍ ഇല്ല എന്നല്ല, അവസരങ്ങളെക്കാള്‍ ഏറെ തട്ടിപ്പുകളും ചതിക്കുഴികളും ആണെന്ന് മനസിലാക്കുക. ചില ഉദാഹരണങ്ങള്‍ നോക്കു..

Data Entry

പേജ് എഡിറ്റിംഗ് ജോലികളാണ് പൊതുവേ ഈ വിഭാഗത്തില്‍ വരിക. പി ഡി എഫ് ഫോര്‍മാറ്റില്‍ വരുന്ന പേജുകള്‍ വേര്‍ഡ്‌ അല്ലെങ്കില്‍ എക്സല്‍ ഫോര്‍മാറ്റിലേക്ക് തെറ്റുകള്‍ കൂടാതെ എഡിറ്റ്‌ ചെയ്യണം. പേജ് ഒന്നിന് 15 മുതല്‍ 25 രൂപ വരെ ഓഫര്‍ ഉണ്ടാവും. ദിവസം ശരാശരി 20 പേജുകള്‍ വരെ ഒരാള്‍ക്ക് ചെയ്യാന്‍ ലഭിക്കും. എടുക്കുന്ന കരാര്‍ പോലിരിക്കും. മേല്‍പ്പറഞ്ഞ രീതിയല്‍ ഒരു കോണ്ട്രാക്റ്റ് കിട്ടുന്നതിനു ചുരുങ്ങിയത് പതിനായിരം എങ്കിലും ആദ്യം കൊടുക്കണം.


ചെയ്തു കൊടുക്കുന്ന പേജുകളുടെ 10% ആണ് പരിശോധിക്കുക (എന്ന് പറയും പക്ഷെ തെറ്റ് കണ്ടു പിടിയ്ക്കുന്ന വരെ സകലതും പരിശോധിക്കും. ! ഹി ഹി ).  അതിലൊരു ഇരുപതു തെറ്റുകള്‍ കണ്ടുപിടിച്ചാല്‍ , (സ്പെല്ലിംഗ് , ഫോണ്ട്, അലൈന്‍മെന്റ് അങ്ങനെ ഏതും) തീര്‍ന്നു. കാശില്ല. ഒരുമാതിരിപ്പെട്ട ആളുകള്‍ക്കൊന്നും അവരാവശ്യപെടുന്ന കൃത്യതിയില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കില്ല. കാശും അധ്വാനവും പാഴായ ഒരുപാടു ആളുകളെ കണ്ടിട്ടുണ്ട്.

Ad Visiting

ഒരു വെബ്സൈറ്റ് അല്ലെങ്കില്‍ പരസ്യം ഇത്ര പേരെ കാണിക്കാം എന്ന കോണ്ട്രാക്റ്റ് ആയിരിക്കും. നമ്മള്‍ പരസ്യം കണ്ടാല്‍ മാത്രം മതി , കാശ് ഇങ്ങോട്ട് തരും. ഇതില്‍ തൊണ്ണൂറു ശതമാനവും തട്ടിപ്പാണ്. ഏതെന്കിലും ഒരു വെബ്സൈറ്റില്‍ ഇത്തരമൊരു വര്‍ക്കിനു മെമ്പര്‍ഷിപ്പ്‌ ഫീയോ മറ്റേതെങ്കിലും ചാര്‍ജ്ജുകളോ ചോദിക്കുന്നുന്ടെന്കില്‍ മാറി നില്‍ക്കുന്നതാണ് നല്ലത്.

ഇനി കാശ് ചോദിക്കാത്ത സൈറ്റുകള്‍ ആവട്ടെ ആയിരം പേജുകള്‍ സന്ദര്‍ശിക്കുന്നതിനു 0.01$ ഒക്കെ ആവും നല്‍കുന്നത്. അതൊരു കൊള്ളാവുന്ന സംഖ്യ ആയി നിങ്ങള്‍ക്ക്‌ പേപാലിലെക്കോ (www.paypal.com) അവിടുന്ന് ബാങ്കിലേക്കോ പിന്‍വലിക്കാന്‍ കാലം കുറെ എടുക്കും. ഈ മേഖലയില്‍ കുറെ കാലമായി നടന്നു പോകുന്ന ചുരുക്കം ചില വെബ്സൈറ്റുകളില്‍ ഒന്നാണ് http://www.viewbestads.com/.  

നിങ്ങള്‍ ഏതെങ്കിലും ജോലിയില്‍ മികവുള്ളവര്‍ ആണെങ്കില്‍ ഇത് ശ്രമിക്കാം www.freelancer.com .
Medical Transcription

ഹോം ബേസ്‌ഡ്‌ ഓണ്‍ലൈന്‍ ജോലികളില്‍ പ്രൊഫഷണല്‍ മികവ് ഉണ്ടെങ്കില്‍ നടക്കുന്ന ഒരു പരിപാടിയാണ് മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍..,. ഇവിടെ തൊഴില്‍ മേഖലയില്‍ തട്ടിപ്പുകള്‍ തുലോം കുറവാണെങ്കിലും പ്രശ്നം തൊഴില്‍ പരിശീലന രംഗത്താണ്. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ മേഖലയില്‍ തിളങ്ങാന്‍ കഠിനാധ്വാനം ആവശ്യമാണ്. നല്ല ഭാഷാപരിജ്ഞാനവും കടുകട്ടിയായ മെഡിക്കല്‍ പ്രയോഗങ്ങള്‍ പഠിച്ചോര്‍ത്തു വെയ്ക്കാനുള്ള മിടുക്കും നിര്‍ബന്ധം.


 വീട്ടിലിരുന്നു പതിനായിരങ്ങള്‍ സമ്പാദിക്കാം എന്ന പരസ്യവും കണ്ടു പെണ്ണുങ്ങളും പിള്ളാരും പടയ്ക്ക് പോണപോലെ സെമിനാറുകള്‍ക്ക് പോകുന്നത് കണ്ടിട്ടുണ്ട്. വിജയവീര കഥകളും ഭാവിയിലെ വന്‍ അവസരങ്ങളും ഒക്കെ കേട്ട് കോഴ്സിനു ജോയിന്‍ ചെയ്യുന്ന നൂറു പേരില്‍ പത്തെണ്ണമെങ്കിലും തൊഴില്‍മികവ് നേടിയാല്‍ കാണാം.  അല്ലെങ്കില്‍ ഇരുപതിനായിരത്തിലധികം വരുന്ന ഫീസ് പോയിക്കിട്ടും.

Online Trading

ഇപ്പോള്‍ ഓണ്‍ലൈനില്‍ ഫോറെക്സ് ട്രേഡിംഗുമായി ബന്ധപ്പെട്ടു ഒരുപാടു പരസ്യങ്ങള്‍ വരുന്നുണ്ട്.  താഴെ കാണുന്ന പരസ്യം നോക്കു.

 ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിപണി ആണ് ഫോറെക്സ്. വിദഗ്ധമായ പരിശീലനവും, കഠിനാധ്വാനവും ഇല്ലാതെ ലാഭം ഉണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. മേല്‍പ്പറഞ്ഞ പരസ്യത്തിന്റെ ഉടമകള്‍ തട്ടിപ്പിന്റെ ആശാന്മാരാണ്താനും. പക്ഷേ, ഇത്തിരി മിനക്കെട്ട് പഠിച്ചു ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഏറ്റവും നല്ലൊരു ഹോം ബേസ്ട് ബിസ്സിനസ്സ്‌ ആയിരിക്കും ഫോറെക്സ് ട്രേഡിംഗ്.

ഓണ്‍ലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്ന ഏതു സൈറ്റും ആദ്യം ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുക. കണ്‍സ്യൂമര്‍ കംപ്ലൈന്റ്റ് സൈറ്റുകളില്‍ പരാതികള്‍ ഉണ്ടോ എന്നറിയാം. പുതിയ കമ്പനികള്‍ ആണെങ്കില്‍ നിലവില്‍ വര്‍ക്ക് ചെയ്യുന്നവരുടെ റഫറന്‍സ്‌ ആവശ്യപെടാം. നല്ല അവസരങ്ങള്‍ ഉണ്ടെങ്കിലും കുറവാണു. ശ്രദ്ധിക്കുക.

Monday

'Turning Point' :- By LEAD


മൂന്നു വര്ഷം മുന്‍പ് ഒരു ഔട്ട്‌ ബൗണ്ട് ട്രെയിനിംഗ് പ്രോഗ്രമ്മിനു വേണ്ടിയാണു ലീഡ്‌ കോളേജില്‍ പോകുന്നത്. ശരിക്ക് പറഞ്ഞാല്‍ ഒരു തരം കമാന്‍ഡോ ട്രെയിനിംഗ് പോലെ. രസകരം, സാഹസികം പിന്നെ വിജ്ഞാനപ്രദവും. അവതരണത്തിലും പരിശീലനത്തിലും ഉള്ള വ്യത്യസ്ഥതയാണ് ഇവിടുത്തെ പ്രത്യേകത.




ഇഷ്ടമുള്ള തൊഴില്‍ മേഖലയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന , നിലവിലെ തൊഴില്‍ സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെയ്ക്കാനഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ഒരു പ്രോഗ്രാമാണ് ആറു ദിവസം നീണ്ടു നില്‍ക്കുന്ന 'Turning Point'.




കാലത്ത് ആറു മണിക്ക് തുടങ്ങിയാല്‍ രാത്രി പന്ത്രണ്ടു മണി വരെ നീളുന്ന ആക്ടിവിറ്റികളും ഡിസ്കഷന്‍സും. ഫയര്‍ വാക്കിങ്ങും, തേളിനെ പിടിക്കലും മുതല്‍ ഗ്രൂപ്‌ ഡിസ്കഷന്‍ വരെ. കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഇതുവരെ ഉണ്ടായിരുന്ന പല സങ്കല്പങ്ങളും നിങ്ങള്‍ മാറ്റിയെഴുതും. ഇപ്പോള്‍ പറ്റുന്നതിലും ഒരുപാടു കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാവും.



പ്രോഗ്രാമിന്റെ ആഴവും മേന്മയും വച്ച് നോക്കുമ്പോള്‍ , നാമ മാത്രമായ ഫീസേ ഈടാക്കുന്നുമുള്ളൂ.

Wednesday

ജൂലിയന്‍ ഫ്രം ഫ്രാന്‍സ്‌ - സാമ്പത്തിക ആകുലതകള്‍.


നാച്ചുറല്‍ ഫാര്‍മിംഗ് , സീറോ ബഡ്ജറ്റ്‌ ഫാര്‍മിംഗ് എന്നിവയൊക്കെ നേരിട്ട് കണ്ടു പഠിയ്ക്കാന്‍ ആണ് ഫ്രാന്സുകാരന്‍ ജൂലിയന്‍ പാലക്കാട്ട് ലാന്‍ഡ്‌ ചെയ്യുന്നത്. കത്തയച്ചു വിളിച്ചു വരുത്തിയ സുഹൃത്തിനു അവിചാരിതമായി ഉണ്ടായ അസൗകര്യം മൂലം ആതിഥേയം നല്‍കാന്‍ എനിക്കവസരം ലഭിച്ചു. നല്ല ഉഷാറ് ചെക്കന്‍..,. സദ്യയും ഗിറ്റാറും പാട്ടുമൊക്കെയായി ദിവസം കടന്നു പോയി. 


പിറ്റേന്ന് പാലക്കാടിന്റെ ഒരു ഉള്ഗ്രാമത്തില്‍ നടക്കുന്ന കുട്ടികളുടെ ഒരു ക്യാമ്പ്‌വേദിയിലേക്ക്. സായിപ്പുമായി സംവദിക്കാന്‍ അവര്‍ക്കൊരു അവസരം എന്നേ ഉദ്ദേശിച്ചുള്ളൂ.

ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ടിടത്ത് പരിഭാഷപ്പെടുത്തികൊടുത്തു. പിന്‍നിരയില്‍ അത് വരെ മിണ്ടാതിരുന്ന ഒരു പാവം തെറിച്ച ചെക്കന്‍ ചാടിയെണീറ്റ് ഒരു ചോദ്യം.

“യേ.. നിങ്ങ ഇങ്ങനെ മൂന്നാല് മാസമൊക്കെ ഇന്ത്യയില്‍ വന്നു ചുറ്റുണ്ടല്ലോ ഇതിനൊക്കെ കാശ് എവിടുന്നാന്നും?”

പൊട്ടചോദ്യം കേട്ട് പിള്ളാരൊക്കെ ചിരിച്ചെങ്കിലും അതിനേക്കാള്‍ പൊട്ടിച്ചിരി ഉയര്‍ന്നത് ജൂലിയന്റെ മറുപടി കേട്ടപ്പോള്‍ ആയിരുന്നു.

പരിഭാഷ ഇങ്ങനെ.

“തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ഞങ്ങളുടെ നാട്ടില്‍ അണ്‍ - എമ്പ്ലോയ്മെന്റ്റ്‌ ഇന്‍ഷുറന്‍സ് ഉണ്ട്. മാസാമാസം കിട്ടുന്ന ക്ലയിം കൊണ്ട് അവിടെ അരിഷ്ട്ടിച്ചു ജീവിക്കാനേ പറ്റൂ പക്ഷെ ഇന്ത്യയിലൊക്കെ ആണെങ്കില്‍ സുഖമായി കഴിയാം”

തൊഴിലില്ലായ്മ പെന്‍ഷനും വാങ്ങി ഊര് ചുറ്റാന്‍ വന്ന സായിപ്പിനെ കണ്ടു പിള്ളാര്‍ ചിരിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ ഇത്തരം സംരക്ഷണ ഉറപ്പുകളൊന്നും ഇല്ലാതെ വെല്ലുവിളികള്‍ നേരിട്ട് വളരുന്ന ഇന്ത്യന്‍ യുവത്വങ്ങളെ കുറിച്ചായിരുന്നു. കാലത്തെണീച്ച് കോട്ടും ഇട്ട് ബിയറും കുടിച്ചു ബോയ്ഫ്രണ്ട്/ഗേള്‍ഫ്രണ്ടുമായി കറങ്ങി അടിച്ചു നല്ല പ്രായം കഥയില്ലാതെ കഴിക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പറയുന്ന വികസിത രാജ്യങ്ങളില്‍ ഉണ്ട്.

എന്നെങ്കിലും കിട്ടുന്ന ആനുകൂല്യങ്ങള്‍ എങ്ങാനും മുടങ്ങിയാല്‍ സകലതും തെരുവില്‍ ഇറങ്ങും. നമ്മുടെ നാട്ടില്‍ എല്ലാം അകെ കുഴപ്പം ആണ്, ഇവിടെ സമരവും ഹര്‍ത്താലും ഒഴിഞ്ഞ സമയം ഇല്ല എന്നൊക്കെ പാടി നടക്കുന്നവര്‍ സൊ കാള്‍ഡ് വികസിത രാഷ്ട്രങ്ങളിലെ സമരങ്ങള്‍ ഒന്നും കണ്ടിട്ടില്ല.


ഇവിടെയൊക്കെ സ്ഥാപനങ്ങളില്‍ സമരം ഉണ്ടായാല്‍ ആളുകള്‍ പണി എടുക്കില്ല എന്നെ ഉള്ളു. അവിടുത്തെ സമരത്തിന്റെ ഒരു ഉദാഹരണം കേള്‍ക്കണോ, ഷൂ നിര്‍മാണ കമ്പനിയിലാണ് സമരം. തൊഴിലാളികളൊക്കെ പതിവ് പോലെ ജോലിക്ക് എത്തിയിട്ടുണ്ട്. ഷൂ നിര്‍മാണം പുരോഗമിക്കുന്നു. പക്ഷേ, ഇടത്തെ കാലിനുള്ള ഷൂ മാത്രമേ പുറത്തു വരൂ. ഇതാണ് എട്ടിന്റെ പണി.

പല യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥ എങ്ങോട്ടാണ് പോകുന്നതു എന്ന് ചോദിച്ചാല്‍ താഴെത്തെ ചിത്രം നോക്കിയാല്‍ മതി.


ഇവിടുത്തെ സര്‍ക്കാരുകള്‍ക്കും ബ്യൂരോക്രസികും കാര്യക്ഷമത ഇല്ലെന്നും ദീര്‍ഘവീക്ഷണം പോരെന്നും പറയുന്നവര്‍ ഇത് നോക്കു.


സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്കു ബോണ്ടുകള്‍ വില്‍ക്കും എന്നിട്ട് അത് പണയത്തിലെടുത്തു കാശു കടം കൊടുക്കും, ഇനി തിരിച്ചു പറഞ്ഞാല്‍, ബാങ്കുകള്‍ സര്‍ക്കാരില്‍ നിന്ന് ലോണ്‍ എടുക്കും എന്നിട്ട് ആ കാശു കൊണ്ട് സര്‍ക്കാരിന്റെ ബോണ്ടുകള്‍ തന്നെ വാങ്ങിക്കൂട്ടും.

ഇനിയുമുണ്ട് ആളെ പൊട്ടനാക്കുന്ന എകണോമിക് ഡീലിങ്ങുകള്‍.,. വീട് പണയത്തില്‍ എടുത്തു ലോണ്‍ കൊടുക്കും, മദാമ്മയത് മേകപ്പും ലിപ്സ്ടിക്കും വാങ്ങി പൊടിച്ചു കളയും. കടം വന്നു കേറുമ്പോള്‍ മാനേജര് വിളിച്ചു വരുത്തി തിരിച്ചടയ്ക്കാന്‍ പറയും , മദാമ്മ കൈ മലര്‍ത്തും. അപോ പണയത്തിലെടുത്ത വീടിന്റെ അപ്പോഴത്തെ മാര്‍ക്കറ്റ്‌ റേറ്റ് കണക്കാക്കി പിന്നേം ലോണ്‍ കൊടുക്കും. മദാമ്മ അത് പിന്നേം മുഖത്തും ചുണ്ടിലും തേച്ചു തീര്‍ക്കും. കാര്യം കൈവിട്ടു പോകുന്നു എന്ന് കാണുമ്പോ പണയവീടുകള്‍ ഒന്നിച്ചു വേറൊരു ബാങ്കിന് കൈമാറി ഒന്നാമത്തെ ബാങ്ക് തടിയൂരും. ആ ബാങ്ക് അത് മൊത്തം അടുത്ത ബാങ്കിന് കൊടുത്തു കാശാക്കും. പിന്നെ പിന്നെ നാട്ടില്‍ ജപ്തി ചെയ്യാനുള്ള വീടുകള്‍ മാത്രം ആയി. ആര് വാങ്ങാന്‍? ഇങ്ങനെ ശേഷി നോക്കാതെ ലോണും ക്രെഡിറ്റ്‌ കാര്‍ഡും കൊടുത്തതാണ് 2008 ഇല്‍ ഉണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


മാന്ദ്യം ഇവരെ പിടിച്ചു കുലുക്കിയിട്ടു വര്ഷം നാല് കഴിഞ്ഞു, എന്നിട്ട് ഏതെങ്കിലും ഒരെണ്ണം കര കേറിയോ? ലോകരാജാവ് അമേരിക്കയാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. അതും മുഴുവന്‍ പറയാറായിട്ടില്ല. ഇംഗ്ലണ്ടിന്‍റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കാര്യം ഒക്കെ ഗോപി ആണ്. ഇവിടൊക്കെ ഏറ്റവും വലിയ വെല്ലുവിളി ജനങ്ങളുടെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മയാണ്. അതെങ്ങനെ, ശീലിച്ചതല്ലേ പാലിക്കു. നല്ലവണ്ണം തിന്നും കുടിച്ചും ജീവിച്ചു ശീലിച്ചവരെ മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കാന്‍ പറഞ്ഞാല്‍ നടക്കുമോ?


പണ്ട് കാണുന്ന നാട് മുഴുവന്‍ സ്കെച് ഇട്ടു പിടിച്ച് സ്വന്തം കോളനി ആക്കി ഭരിച്ച് കട്ട് മുടിച്ച ബ്രിട്ടണ്‍ ഇപ്പൊ തെണ്ടി നിക്കുന്നത് കണ്ടാ.. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉല്പാദനമോ കയറ്റുമതിയോ കാര്യമായി ഇല്ലാത്ത ബ്രിട്ടണ്‍ ഒരേ സമയം പ്രൌഡി നില നിര്‍ത്താനും കാര്യങ്ങള്‍ നടത്തി കൊണ്ട് പോവാനും നായപെടാപ്പാട് പെടുന്നുണ്ട്. ആവുന്നകാലത്ത് കാര്‍ന്നോര്‍ സായിപ്പുമാര്‍ കട്ട് കൊണ്ട് വച്ചതിന്റെ ബാക്കി ആണ് ഇപ്പൊ തിന്നോണ്ടിരിക്കുന്നത്. സമ്പത്ത്കാലത്ത് കട്ടോണ്ട് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം എന്ന് പറഞ്ഞത് വെറുതെയായില്ല.

എന്നുവച്ച് ഇവരൊക്കെ പൊട്ടിപ്പൊളിഞ്ഞ് ഒടുവില്‍ സായിപ്പുമാര്‍ നമ്മുടെ പാടത്തു പണിയെടുക്കാനും ഇവിടെ ടാക്സി ഓടിക്കാനും വിസയൊപ്പിച്ചു വരുമെന്ന് കിനാവ് കാണണ്ട. ഒക്കെ പഠിച്ച കള്ളന്മാരാ, ചത്ത്‌കുത്തിയിട്ടാണെങ്കിലും കര കേറും. നമ്മളും നമ്മുടെ മൂപ്പന്മാരും ചെയ്യേണ്ടത് എന്താണെന്നുവച്ചാല്‍ സ്വയം തെറ്റ് ചെയ്തു പാഠങ്ങള്‍ പഠിക്കുന്നത് അവസാനിപ്പിച് ഇവരെ ഒക്കെ കണ്ടു പടിക്കേണ്ടതാകുന്നു.

Monday

Life Is Not Rocket Science


ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (NLP) എന്ന് കേട്ടിട്ടുണ്ടോ? 

നമുക്ക് ആവശ്യമുള്ള ഔട്ട്പുട്ട് കിട്ടാന്‍ നമ്മള്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രമ്മുകള്‍ ചെയ്യാറില്ലേ, അതുപോലെ ജീവനുള്ള മനുഷ്യരില്‍ ആവശ്യമുള്ള ഔട്ട്പുട്ട് കിട്ടാന്‍ ഡിസൈന്‍ ചെയ്യുന്ന പ്രോഗ്രാമാണ് ഈ എന്‍ എല്‍ പി. 
പ്രൊഫഷണല്‍ ട്രൈയിനെര്സ്‌ ആവാന്‍ NLP സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.


പക്ഷെ ഈ മേഖലയില്‍ ഒന്ന് ചുവടു പിടിച്ചു വരാനുള്ള പാട് കുറച്ചൊന്നും അല്ല. മനുഷ്യ മനസ്സുകളെ സ്വാധീനിക്കുക അത്ര എളുപ്പം അല്ലല്ലോ. മാത്രമല്ല മുന്‍പത്തെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ വ്യക്തിജീവിതത്തില്‍ ചെറിയൊരു കളങ്കം പോലും ഈ മേഖലയിലെ ഭാവി ഇല്ലാതാക്കും. 


പക്ഷെ ക്ലച്ചു പിടിച്ചാല്‍ ഉഗ്രന്‍ ബിസിനസ്സും ആണ്. മികച്ച വ്യക്തിത്വ പരിശീലകര്‍ക്കും മോട്ടിവേഷണല്‍ സ്പീകേര്‍സിനും ആഗോളതലത്തില്‍ തന്നെ വന്‍ ഡിമാന്‍ഡ് ആണ്. നല്ല സെല്‍ഫ്‌ ബ്രാന്‍ഡ്‌ കെട്ടിപ്പടുത്ത ട്രെയിനര്‍മാര്‍ക്ക്‌ മണിക്കൂറിനു ലക്ഷങ്ങള്‍ ആണ് ഫീസ്.

മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ തൊഴിലാളികളുടെ ഉല്പാദന ക്ഷമത കൂട്ടാന്‍, മാനേജ്‌മന്റ്‌ സ്കൂളുകളില്‍ മികച്ച ലീഡര്‍മാരെ വാര്‍ത്തെടുക്കാന്‍ , ഒക്കെ കൃത്യമായ ഇടവേളകളില്‍ സ്ഥാപനങ്ങള്‍ പരിശീലന പരിപാടികള്‍ നടത്താറുണ്ട്.

മിക്കവാറും ട്രെയിനര്‍മാരുടെ ‘പ്ലാന്‍ B’ ബിസ്സിനസ്സ്‌ ആണ് പുസ്തകം എഴുത്ത്. പുസ്തകം വഴി പ്രോഗ്രാമുകളും കിട്ടും പ്രോഗ്രാമുകള്‍ വഴി പുസ്തകങ്ങളും വില്‍ക്കാം. ശിവ് ഘേര, റോബിന്‍ ശര്‍മ, അരിന്ദം ചൗധരി, സജീവ്‌ നായര്‍, പോള്‍ റോബിന്‍സന്‍, പവന്‍ ചൗധരി തുടങ്ങിയ നമുക്കറിയാവുന്ന ഒട്ടുമിക്ക മുന്‍നിര ട്രയിനര്‍മാരും സ്വന്തമായി പുസ്തകങ്ങള്‍ എഴുതിയവര്‍ തന്നെ.


ചിലത് മികച്ച നിലവാരം പുലര്‍ത്തുന്ന സൃഷ്ടികള്‍ ആണെന്കില്‍ ചിലത് കേട്ട് മടുത്ത വിഷയങ്ങളുടെ തനി ആവര്‍ത്തനവും കോപ്പിയടികളും ആവും.



രണ്ടോ മൂന്നോ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്ക് ആളൊന്നിന് ഇരുപത്തയ്യായിരം മുതല്‍ മുകളിലേക്കാണ് മിക്കവരുടെയും ഫീസ്. പക്ഷേ, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ ശീതികരിച്ച മുറികളില്‍ നടത്തുന്ന പല പരിശീലന പരിപാടികളോടും വ്യക്തിപരമായി എനിക്ക് താല്പര്യം ഇല്ല. 

ചില പരിപാടികളില്‍ പങ്കെടുത്തും മറ്റു പലതിലും പങ്കെടുത്ത സുഹൃത്തുക്കളുടെ അനുഭവങ്ങളും കൂട്ടിവയിച്ചപ്പോള്‍ തോന്നിയതാണ്.

"Business Is Not Rocket Science"

അതെ, എഴുതി വച്ചത് ഏറ്റുപിടിച്ചു വിജയിപ്പിക്കാന്‍ ബിസ്സിനസ്സ് റോക്കറ്റ്‌ സയന്‍സ് അല്ല. നന്നായി ഷെയ്ക്ക്‌ ഹാന്‍ഡ്‌ കൊടുക്കാനും പ്രത്യേക ശബ്ദത്തില്‍ ഗുഡ് മോര്‍ണിംഗ് വിഷ് ചെയ്യാനും അറിഞ്ഞാല്‍ നല്ല സംരംഭകന്‍ ആവില്ല. പ്രയോഗികതയില്‍ ഊന്നിയ പരിശീലനങ്ങള്‍ വളരെ കുറവാണു. അനുഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന പാഠങ്ങള്‍ക്ക് പകരമാവില്ല ഒന്നും. 

പരിശീലന രീതി കൊണ്ടും അവതരണ മികവ് കൊണ്ടും വളരെ വ്യത്യസ്തമായ ഒരു ട്രെയിനിംഗ് പ്രോഗ്രാം ആണ് 'ലീഡ്‌ കോളേജ് ഓഫ് മാനേജ്‌മെന്റിന്റെ' Turning Point. കൂടുതല്‍ അറിയൂ.