Friday

ആളുകള്‍ എന്ത് പറയും?

സലൂണില്‍ പോവുന്ന വഴിക്കാണ് ഞാന്‍ ഓര്‍ത്തത്‌.. ഇക്കണ്ട കാലമത്രേം ഞാനീ സാദാ കട്ടോ ഫോര്‍മല്‍ കട്ടോ അല്ലാതെ വേറെ ഒരു സ്റ്റൈലും മുടിയില്‍ പരീക്ഷിച്ചിട്ടില്ല.. Punk Cut ആണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. കണ്ടിട്ടില്ലേ, സൈഡില്‍ ഓക്കേ പറ്റെ വെട്ടില്‍ മുകളില്‍ അറ്റെന്‍ഷനില്‍ നില്‍ക്കുന്ന Punk Hair ? 

മുടി വെട്ടി വെട്ടി ഏതാണ്ട് സംഗതികള്‍ ഷേപ്പ് ആയി വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ എനിക്ക് മനസ്സിലായി.. സംഗതി കൊള്ളാം.. ഉദേശിച്ചതിലും ഉഗ്രന്‍. പക്ഷെ ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം. ഛെ.. ആളുകള്‍ എന്ത് പറയും? ഞാന്‍ ചേട്ടനോട് പതുക്കെ പറഞ്ഞു.. 

'അതേയ്.. ഇത്തിരി നോര്‍മല്‍ ആക്കിക്കൊള് ട്ടോ.. ഇത്ര വേണ്ട.. "

ഹുദാ.. ഗുവാ.. ഗവാ.. 

പങ്കും ഇല്ല പിണ്ണാക്കും ഇല്ല. തിരിച്ചു വരുമ്പോള്‍ എനിക്ക് നിരാശ തോന്നി. എനിക്ക് അത് ചെയ്യണമെന്നുണ്ടായിരുന്നു , കണ്ടപ്പോള്‍ എനിക്ക് വലിയ തെരക്കെടില്ലാ ന്നു തോന്നുകേം ചെയ്തു. എന്നിട്ടും ഞാന്‍ എന്തെ വേണ്ടാന്ന് വച്ചേ? ആ മൂന്നു നശിച്ച വാക്കുകള്‍.. !  ആളുകള്‍ എന്ത് പറയും !




ഒരുമാതിരിപ്പെട്ട ആളുകളുടെ ഒക്കെ ജീവിതം ചെറിയ രീതിയിലോ വലിയ രീതിയിലോ ചിലപ്പോ മുഴുവനായോ നശിപ്പിച്ചു കയ്യില്‍ കൊടുത്ത ഒരു പീസ്‌ ഓഫ് തോട്ട് ആണ് ഇത്. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍. ഇട്ടാല്‍ ചിക്കന്‍ ലെഗ് പോലെ തോന്നിക്കും എന്ന് പറഞ്ഞ് എടുക്കാതിരുന്ന ഒരു ചിനോസ് സ്കിന്നി പാന്റും ഒരിക്കലിട്ടപ്പോള്‍ ലോഡിംഗ് തൊഴിലാളിയെപ്പോലുണ്ട് എന്ന് ഒരുത്തന്‍ പറഞ്ഞപ്പോള്‍ ഊരി മടക്കി വച്ച നീല ഷര്‍ട്ടും ഒരു ദിവസം രണ്ടു കല്‍പ്പിച്ച് ഒന്നിച്ചിട്ടപ്പോള്‍ സംഗതി കളറായത് ഞാനോര്‍ത്തു. 



ഇതൊക്കെ ചെറുത്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. മുടി വെട്ടുന്നതിനും ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതിനും മറ്റുള്ളവര്‍ പറയുന്നത് കാര്യമേ ആക്കേണ്ട കാര്യമില്ല എന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നിട്ട് നിങ്ങളിലെത്ര പേര്‍ ആഗ്രഹിച്ച സ്റ്റൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്? നിങ്ങളുതുവരെ ഉപയോഗിക്കാത്ത ഒരു നിറം, നിങ്ങള്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു ഹെയര്‍സ്റ്റൈല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്നതാവും. 

അല്ലെങ്കിലും ഇതൊക്കെ നിസ്സാര കാര്യമാണ്. ചുറ്റുമുള്ളവര്‍ എന്ത് പറയും / കരുതും എന്ന് പേടിച്ച് ജീവിതം തന്നെ നശിപ്പിച്ചവരുടെ മുന്‍പില്‍ ഇതൊക്കെ നിസാരം തന്നെയാണ്. 

എനിക്കാ താത്തയെ ഒരു വര്‍ഷമായിട്ടറിയാം. 17 മത്തെ വയസ്സില്‍ കല്യാണം കഴിക്കപ്പെട്ടു, 18 വയസ്സില്‍ ഒരു കുഞ്ഞുണ്ടായി.. ഇരുപതാമത്തെ വയസ്സില്‍ ഉപേക്ഷിക്കപ്പെട്ടു.  കുഞ്ഞിനിപ്പോള്‍ ആറു വയസ്സ്. വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ധൈര്യമില്ലാത്തവിധം പഴയ ഓര്‍മ്മകള്‍ അവരെ വേട്ടയാടിയിരുന്നു. ജോലി ചെയ്യുന്ന ഓഫീസില്‍ കഴിഞ്ഞ വര്ഷം ജോയിന്‍ ചെയ്ത ഒരാള്‍, ഇവരുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാള്‍, അവരോടു ഇഷ്ടം പറഞ്ഞു. അയാളുടെ പ്രണയം ആത്മാര്‍ത്ഥമാണ്. തന്നെ മാത്രമല്ല തന്‍റെ കുഞ്ഞിനേയും സ്വന്തമെന്നപോള്‍ സ്നേഹിക്കുമെന്നവര്‍ക്കറിയാം. സമ്മതം മൂളാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഉള്ളില്‍ ഉള്ളത് ഈ മൂന്നു വാക്കുകള്‍ ആണ്. 

ആളുകള്‍ എന്ത് പറയും?

സുന്ദരനും സുമുഖനും വിദ്യാസമ്പന്നനുമായ ചെറുപ്പക്കാരനെ , ഭര്‍ത്താവുപേക്ഷിച്ച, ഒരു കുഞ്ഞുള്ള, അന്യസമുദായക്കാരിയായ ഒരു പെണ്ണ് വിവാഹം കഴിച്ചാല്‍ ആളുകള്‍ എന്ത് പറയും? അയാളുടെ ജീവിതം നശിപ്പിച്ചെന്നു പഴി കേള്‍ക്കാന്‍ വയ്യ. സമുദായവും സമൂഹവും വെറുതെ ഇരിക്കില്ല. ഒടുവില്‍ അയാള്‍ വീട്ടുകാര്‍ പറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നഷ്ടം ആര്‍ക്കെന്ന ചോദ്യത്തിന് മുന്നില്‍ താത്തയ്ക്ക് രണ്ടിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 

ആയകാലത്ത് പ്രണയിക്കുന്നവരെ ശുദ്ധികലശം നടത്തി കെട്ടിച്ചു വിടാന്‍ വടിയും വാളും കൊണ്ട് സംഘടനകള്‍ ഇറങ്ങുന്ന കാലമാണ്. അപ്പോള്‍ വയസ്സാം കാലത്ത് പ്രണയിച്ചാലോ? നാട്ടിലാണ് ഇത് നടന്നത്. ഇത്തിരി മുന്‍പ്. കേട്ടവരൊക്കെ മൂക്കത്ത് വിരല്‍ വച്ചു. വീട്ടിലെ കുട്ടികള്‍ ഈ 'നാറിയ' കഥ അറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പണിപ്പെട്ടു. 

തലകറങ്ങി വീണ്  സര്‍ക്കാരാശൂത്രിയില്‍ കിടക്കുമ്പോള്‍ ആണ് അയാള്‍ അയമ്മയെ പരിചയപ്പെടാന്‍ ഇട വന്നത്. കയ്യൊടിഞ്ഞു കിടക്കുന്ന അയലത്തെ ചെക്കന് കൂട്ടിരിക്കാന്‍ വന്നതാണ്‌ അയമ്മ . അറുപത്തഞ്ചിനു മുകളില്‍ പ്രായമുള്ള 'വൃദ്ധനും' 'വൃദ്ധയും'. അയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു. അയമ്മയാവട്ടെ കല്യാണം കഴിക്കാന്‍ മറന്നുപോയ കൂട്ടത്തിലും. 

ആളുകളെന്തു പറയും എന്നോര്‍ത്ത് ഒരുപാടു ആകുലപ്പെട്ടിരിക്കണം ഇരുവരും. എങ്കിലും ജീവിത സായാഹ്നത്തില്‍ ഒന്നിച്ചു കഴിയാന്‍ അവര്‍ സധൈര്യം തീരുമാനിച്ചു. വാര്‍ത്ത‍കേട്ടപ്പോള്‍ ഞാന്‍ മനസ്സ്കൊണ്ട് തൊഴുതു അവരെ. ആളുകള്‍ മൂക്കത്ത് വിരല്വച്ചപ്പോള്‍ ഞാനും അമ്മയും പറഞ്ഞു ചിരിച്ചു. സന്തോഷമുള്ള കാര്യം. പക്ഷേ അവര്‍ പരാജയപ്പെട്ടു. വയസ്സാങ്കാലത്ത് പേരുദോഷം കേള്‍പ്പിച്ചാല്‍ പെണ്മക്കളെ വീട്ടില്‍ തിരിച്ചു കൊണ്ട് വിടുമെന്ന് മരുമക്കളുടെ ഭീഷണി. 

അതിനെല്ലാം അപ്പുറമായിരുന്നു വകയിലൊരു അനന്തിരവന്‍ കവലയില്‍ വച്ച് അയാളെ പിടിച്ചുനിര്‍ത്തി വിളിച്ചു പറഞ്ഞത്. വയസ്സാന്‍ കാലത്ത് കഴപ്പ് കൂടുതലാണെങ്കില്‍ കിളി പോലത്തെ പെണ്ണുങ്ങളെ കൊണ്ട്തരാം, വല്ല ചില്ലറയും കൊടുത്താല്‍ മതിയല്ലോ എന്ന്.. അയമ്മയെ അതിലും തരം താഴ്ത്തിക്കൊണ്ട് വേറെയും കുറെ.. 

ഒന്നിച്ചു ജീവിചില്ലെങ്കിലും ഇങ്ങനെ ആരേം കൊണ്ട് പറയിക്കണ്ട എന്ന് കരുതിയാവും, അവര്‍ രണ്ടു പേരും ആ തീരുമാനം ഉപേക്ഷിച്ചു. 

ഇനിയുമെത്ര കിടക്കുന്നു.. ആരൊക്കെയോ എന്തൊക്കെയോ പറയുമെന്ന് കരുതി അവനവനാവാന്‍ ആവാതെ  , ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ പറ്റാതെ , ആഗ്രഹിച്ചത്‌ അനുഭവിക്കാന്‍ കഴിയാതെ പോയ ജന്മങ്ങള്‍... 

Wednesday

പങ്കി തിന്നാല്‍ പശിയാറും

തൃശ്ശൂരില്‍ നിന്നാണ് ആ ഇത്തിരി വല്ല്യ കുടുംബം ഒഴിഞ്ഞ സീറ്റുകള്‍ കുത്തി നിറയ്ക്കാന്‍ എന്നവണ്ണം ട്രെയിനിലേക്ക്‌ കയറിയത്. വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഞാനും എനിക്ക് ചുറ്റും ഈ വല്ല്യ കുടുംബവും . അമ്മയും അച്ഛനും മക്കളും അമ്മാവനും അമ്മൂമ്മയുമൊക്കെ ഉണ്ട്. കലപില കൊണ്ടെന്‍റെ കാതു നിറച്ച അവരുടെ അടുത്തതായി തീറ്റപ്പൊതി തുറന്നു. കുട്ടികളുടെ അമ്മ ഒരു ബോക്സ് തുറന്നു അതിലെ കേക്ക് പകുത്ത് ആദ്യം കുടികള്‍ക്ക് കൊടുത്തു. പിന്നെ  അമ്മൂമ്മയ്ക്ക് നേരെ പെട്ടി നീട്ടി. 

' ആ കൊച്ചിന് കൊടുക്ക്‌ പെണ്ണെ.. '  അവര്‍ എന്നെ നോക്കി പറഞ്ഞു.. ആയമ്മ അത് കേള്‍ക്കേണ്ട താമസം 'ഇന്നാ മോനെ കേക്ക് കഴിക്ക്..' എന്ന് പറഞ്ഞു എനിക്ക് നേരെ പെട്ടി നീട്ടി. ഇക്കാലത്ത് ട്രെയിനില്‍ നിന്നൊക്കെ നമ്മള്‍ അപരിചിതരില്‍ നിന്ന് വല്ലതും വാങ്ങിക്കഴിക്കുമോ. ഞാന്‍ വേണ്ടെന്നു പറഞ്ഞു. 


'ക്രിസ്മസ് കേക്കാ മോനെ.. കഴിക്ക്.. '  അവര്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. എല്ലാവരുടെയും നോട്ടം എന്നിലെക്കാണ്. ചിരിച്ചോണ്ട് കേക്ക് നുണയുന്ന കുട്ടികള്‍, ഞാനും കൂടെ എടുത്ത ശേഷമേ കഴിക്കു എന്ന മട്ടില്‍ കേക്ക് കയ്യില്‍ പിടിച്ചിരിക്കുന്ന മറ്റു രണ്ടു പേര്‍.. പിന്നെ ഞാന്‍ മടിച്ചില്ല. ഒരു കഷ്ണം എടുത്തു. അതുകഴിഞ്ഞപ്പോള്‍ ഒന്നുകൂടെ തന്നു അവര്‍. അവര്‍ക്കും സന്തോഷം എനിക്കും സന്തോഷം. 

കുട്ട്യാവുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍  എപ്പഴും പറയുന്ന ഒരു ചൊല്ലാണ് ഓര്‍മയില്‍ വരുന്നത്. പങ്കി തിന്നാല്‍ പശി ആറും.. 

കയ്യിലെന്തെങ്കിലും കഴിക്കാന്‍ കിട്ടിയാല്‍ ചുറ്റും നോക്കി എത്ര പേരുണ്ടെന്ന് കണക്കാക്കി പങ്കും. മുതിര്‍ന്നവരായാലും കുട്ടികളായാലും. അതൊരു മാമ്പഴമോ നെയ്യപ്പമോ ആവും ചിലപ്പോ. കുട്ടികള്‍ക്ക് ഒക്കെ പങ്കിട്ടു കൊടുത്ത് മുതിര്‍ന്നവര്‍ക്ക് ചിലപ്പോ ഒന്നും ബാക്കി കാണില്ല. ത്രിപ്തരായിരുന്നു അവര്‍. നിങ്ങടെ വയര്‍ നിറഞ്ഞാല്‍ ഞങ്ങടെ വയറും നിറഞ്ഞു എന്ന് പറയും. അങ്ങനെ പലതും തികയാതെ വന്ന് ,വിശന്നൊട്ടി , നട്ടെല്ലും വയറും തമ്മില്‍ മുട്ടാതിരിക്കാന്‍ മല്ലിട്ട ഒട്ടേറെ രാത്രികള്‍ കാണും അവരുടെ ജീവിതത്തില്‍. അവരെയത് അനരോഗ്യരാക്കിയില്ല എന്നാണ് എന്‍റെ വിശ്വാസം. 

പതിനൊന്നു മണിക്ക് ഇന്റര്‍വെല്‍ അടിക്കുമ്പോള്‍ സ്കൂളിന്റെ ഗേറ്റിലേക്ക് ഞങ്ങള്‍ നാലഞ്ച് പേര്‍ ഒന്നിച്ചോടും. കച്ചായവും പേരയ്ക്കയും വാങ്ങാന്‍. രസം എന്താന്ന് വച്ചാല്‍, അതില്‍ ഒരാളെ വാങ്ങു. ബാക്കിയുള്ളവര്‍ പങ്കിന് വേണ്ടിയാണു. അത് വാങ്ങുന്നവനും കൊടുക്കുന്നവനും ശീലമാണ്. പിശുക്കും പരിഭവവും ഇല്ല.. ആര്‍ക്കും. 

ആറുരൂപ ടിക്കറ്റില്‍ കൊട്ടകയിലേക്ക് സിനിമയ്ക്ക് കയറാവുന്ന കാലത്ത് ഇന്റര്‍വെലിന് കഴിക്കാന്‍ വാങ്ങുന്ന എന്തും കഴിക്കുന്നതിനു മുന്നേ  ഇടം വലം ഇരിക്കുന്നവര്‍ക്ക് നേരെ നീട്ടും.  അപൂര്‍വ്വം ചിലര്‍ സ്വീകരിക്കും, ചിലര്‍ സ്നേഹത്തോടെ നിരസിക്കും. തിരിച്ചും അങ്ങനെ തന്നെ. ഇന്ന് മാളിലെ PVR ലിരിക്കുമ്പോള്‍ അങ്ങനെ ഒരു രംഗത്തിന് ഒരു സ്കോപ് പോലും ഇല്ല. 


ആധുനികത നമ്മളില്‍ സന്നിവേശിക്കുന്ന തോതില്‍ ഈ ശീലങ്ങള്‍ നമുക്കില്ലാതായി. ആരെന്നറിയാത്ത അന്യന്‍റെ കയ്യില്‍ന്നു വിശ്വസിച്ച് ഒന്നും വാങ്ങിക്കഴിക്കാന്‍ വയ്യാത്ത അവസ്ഥ. വല്ലതും കഴിക്കുമ്പോള്‍ അടുത്തിരിക്കുന്നവന്റെ മുഖത്ത് നോക്കി വേണോ എന്ന് ചോദിക്കാന്‍ ഇന്നിപ്പോ ധൈര്യമില്ല. നമ്മളെ അവന്‍ കള്ളനെയെന്ന പോലെ നോക്കും. അല്ലെങ്കില്‍ പ്രൈവസിയെക്കുറിച്ചറിയാത്ത പ്രാകൃതജന്മമാണെന്ന് ധരിക്കും. എന്തിനാ വെറുതെ.. :)

പങ്കുവെയ്ക്കാതെ കഴിക്കാന്‍ ശീലിച്ചു തുടങ്ങിയ കാലത്ത് വല്ലാത്ത പാടായിരുന്നു. ട്രെയിനില്‍ ഒരിക്കല്‍ കഴിക്കാനുള്ള പൊതി കയ്യിലുണ്ടായിട്ടും മടിച്ചു മടിച്ച് കഴിക്കാതെ പോയതോര്‍ക്കുന്നു. ആ വിമ്മിട്ടം പതിയെ മാറിവന്നു. ഇന്നിപ്പോ അങ്ങനെ ഒരു മടിയൊന്നും ഇല്ലെങ്കിലും പങ്കുവെയ്ക്കാതെ കഴിക്കേണ്ടി വരുന്നത് ഒരു ഗതികേടാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. 

Sunday

You Raise Me Up... To More Than I Can Be...

When I am down and, oh, my soul, so weary;
When troubles come and my heart burdened be...
Then I am still and wait here in the silence,
Until you come and sit awhile with me.

You raise me up, so I can stand on mountains;
You raise me up to walk on stormy seas;
I am strong when I am on your shoulders;
You raise me up to more than I can be.

ഫേസ്ബുക്കില്‍ കയറിയ ആദ്യകാലങ്ങളില്‍ എപ്പോളോ ആണ്, ആരോ ഷെയര്‍ ചെയ്ത Josh Groban ന്‍റെ ആല്‍ബത്തിലെ You Raise Me Up... കാണുന്നത്. അതിനൊരു ഊര്‍ജ്ജമുണ്ടായിരുന്നു. കൃപയിലും കര്‍മ്മയിലും ആത്മചൈതന്യത്തിലും വിശ്വാസമുള്ളത്കൊണ്ടാവാം, വരികളിലൂടെ ഞാന്‍ ഒട്ടേറെ തവണ കയറിയിറങ്ങി. നാലിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും ചില നിമിഷങ്ങളില്‍ ഇത് കേള്‍ക്കാന്‍ മനസ്സ് വല്ലാതെ കൊതിക്കും. കേള്‍ക്കാന്‍ പറ്റാത്ത ഒരവസ്ഥയിലാണെങ്കിലോ എങ്ങനെയെങ്കിലും കേള്‍ക്കാനുള്ള വഴി ഞാന്‍ കണ്ടെത്തും. അങ്ങനെയൊരിക്കല്‍ യാത്രക്കിടയില്‍ അല്പം ഊര്‍ജ്ജത്തിന്റെയും പ്രചോദനത്തിന്റെയും അത്യാവശ്യമുണ്ടായപ്പോള്‍ വഴിയിലറങ്ങി ഒരു ഇന്റര്‍നെറ്റ് കഫെയില്‍ കയറി ഞാന്‍ കേട്ടിട്ടുണ്ട് ഈ പാട്ട്. ( ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് വട്ടാണെന്ന് തോന്നുണ്ടാവുമല്ലേ.. ? )



ഓടുമ്പോള്‍ സ്വയം ചാര്‍ജ് ആവുന്ന കാര്‍ ബാറ്ററിയാവാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇടയ്ക്കിടെ ചാര്‍ജ്ജ് തീര്‍ന്നു പോവുന്ന കൂട്ടത്തിലായോണ്ട് ഇങ്ങനെ പല External Source കളും വേണ്ടിവരാറുണ്ട്. വരികള്‍ക്കോ ഈണത്തിനോ അപ്പുറം എനിക്കതില്‍ എന്നെ  ബന്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ്. അതെങ്ങനെയാണെന്ന് ഓര്‍ത്തപ്പോള്‍ ഓര്‍മ്മയില്‍ വന്ന ചില സന്ദര്‍ഭങ്ങള്‍ പറയട്ടെ... 

ഞാനെന്‍റെ അമ്മയെക്കുറിച്ച് ഈയെഴുതിയത് ആദ്യം ബ്ലോഗിലായിരുന്നില്ല. ഒരു മെയില്‍ ഡ്രാഫ്റ്റിലായിരുന്നു. എഴുതാന്‍ പ്രേരണയായതോ.. ഈ വരികളും. You Raise Me Up.. To More Than I Can Be... ഋഷി ഓരോ മനുഷ്യനെയും 'ഹേ .. അമൃതസ്സ്യ പുത്രാ.. ' ( അമരത്വത്തിന്റെ മക്കളെ.. ) എന്ന് വിളിച്ചത് കേവലമൃത്യുവില്‍ നിന്ന് അമരത്വത്തിന്റെ വിഹായസ്സിലേക്ക് അറിവും ഊര്‍ജ്ജവും നല്‍കി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ശക്തിയെ തിരിച്ചറിഞ്ഞുകൊണ്ടാവണം. അതിലാദ്യം വരുന്നത് മാതാവല്ലാതെ മറ്റാരാണ്‌.. 

ജോലിയുടെ തിരക്കില്‍ നിന്ന് ആ മൂന്നു ദിവസങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ഒരുപാടു പണിപ്പെട്ടു. നാല് വര്ഷം മുന്‍പ്  ചിന്മയ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനില്‍  കുട്ടികളുടെ ഒരു ക്യാമ്പ് വളന്റിയര്‍ ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. അധികം പരിചയങ്ങള്‍ ഇല്ലാതെ വല്ലാതെ ഒറ്റപ്പെട്ടുപോയ ആദ്യദിവസം. അപ്രതീക്ഷിതമായി ജോലിയില്‍ ചില പ്രശ്നങ്ങള്‍. ഒപ്പം ചെറിയ പനിയും. വിഷാദത്തിന്റെ മൂടുപടം എന്നെ പൊതിഞ്ഞ നിമിഷങ്ങള്‍. പ്രശ്നങ്ങളെ ഓര്‍ത്തുള്ള ഭയവും ശങ്കയും കൊണ്ട് ഞാനാ മുറിയില്‍ ഇരിപ്പുറയ്ക്കാതെ നടന്നു. സംഘര്‍ഷത്തിന്റെ ആധിക്യം കൊണ്ട് വീര്‍പ്പുമുട്ടി. ചുവരിലെ ഗുരുദേവന്‍റെ ഫ്രെയിം ചെയ്ത ചിത്രം എന്നെ നോക്കി പുഞ്ചിരിച്ചു.  ചിന്തകനും വാഗ്മിയും സന്യാസിയായി പരിണമിച്ച പ്രതിഭാസമാണ് ചിന്മയാനന്ദ സ്വാമിജി . ചിത്രത്തിനടുത്തെക്ക് ചെന്ന് നോക്കി നില്‍ക്കുമ്പോള്‍ എന്‍റെ ചെവിയിലേക്ക് ഈ പാട്ട് ഒഴുകിയെത്തി. അടുത്ത മുറിയിലെ ആരോ മൊബൈലിലോ മറ്റോ വച്ചതാണ്. You Raise Me Up.. So I can Stand On Mountains...  അകസ്മികമായിരുന്നു... ഒപ്പം ഒരു ശുഭ സൂചകവും. ഗുരുദേവന്‍റെ ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ള വാക്കുകളില്‍ ഞാന്‍ വിരലോടിച്ചു. പല തവണ വായിച്ചു. 



"The real men of achievement are people who have the heroism to fuel more an more enthusiasm in their work when they face more and more difficulties."

കമ്പനി ബംഗ്ലൂരിലേക്ക് ഷിഫ്റ്റ്‌ ചെയ്യാനും, രണ്ടുപേരെ പുതുതായി എടുക്കാനുമുള്ള തീരുമാനം അപ്പോള്‍ ഉണ്ടായതായിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്നു പ്രശങ്ങള്‍ക്ക് മൊത്തം പരിഹാരമായി. 

വര്‍ഷങ്ങള്‍ക്കിപ്പുറം.. ആറു മാസങ്ങള്‍ക്ക് മുന്‍പ് .. വീണ്ടുമൊരു നിര്‍ണായകമായ ഘട്ടത്തില്‍... പുതിയ ആശയത്തിന്‍റെ പ്രസന്റേഷന്‍ നടക്കുന്നു. കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിന്‍റെ റിസപ്ഷനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. മനസ്സ് കാലിയാണ്. I mean , Blank !  കാര്യങ്ങള്‍ എവിടെ പറഞ്ഞു തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്ന് ഒരു ഐഡിയയും ഇല്ല. വിജയകരമായി അവതരിപ്പിക്കാം എന്ന് ഒരു പ്രതീക്ഷയും ഇല്ല. ഏതോ കീര്‍ത്തനത്തിന്റെ ഇന്‍സ്ട്രുമെന്‍റെല്‍ മ്യൂസിക് ഹോട്ടലില്‍ എങ്ങും തകര്‍ത്തു പാടുന്നു. മുന്‍പിലിരിക്കുന്നയാളുടെ പ്രൊജെക്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ ബ്ബ..ബ്ബ..ബ്ബ... അടിച്ചു നില്‍ക്കുന്നു. പെട്ടെന്നാണ് ബാക്ക് ഗ്രൌണ്ട് മ്യൂസിക് മാറിയത്. എന്‍റെ തോന്നലാണെന്നാണ് ഞാനാദ്യം കരുതിയത്‌. ഈ ഗാനം തന്നെയാണ് അവിടെ ശരിക്കും പ്ലേ ആവുന്നതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒരു നിമിത്തം പോലെ.. ശേഷം ഞാനാ പ്രസന്റേഷന്‍ ഭംഗിയായി കൈകാര്യം ചെയ്തു എന്ന് പറയേണ്ടതില്ലലോ.

ഉള്ളിലെ വിശ്വാസത്തെയും ശക്തിയെയും ബലപ്പെടുത്തുന്നതിനോടൊപ്പം  ലക്ഷ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു ഉണര്‍ത്തുപാട്ടാണ് ഇതെനിക്ക്. :)

ഒഴുകുന്ന പുണ്യങ്ങള്‍ - മൂന്നോര്‍മകള്‍

കോളേജ് കഴിഞ്ഞ കാലത്ത് അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു. വീക്കെന്‍നടുകളില്‍ വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച കാലത്തോ റെയില്‍വെ സ്റ്റേഷനിലോ KSRTC ബസ് സ്റ്റാന്റിലോ ചെന്ന് ആദ്യം വരുന്ന ഒരു ദീര്‍ഘദൂര ബസ്സിലോ ട്രെയിനിലോ കേറി അവിടെ ചെന്ന് കാണാനുള്ളതൊക്കെ കണ്ട് തിരിച്ചു വരിക. കൂട്ടുകാരെ ഒക്കെ അറിയിക്കും, ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ കൂടും, ചിലപ്പോള്‍ എട്ടു പത്തുപേര്‍ , പലപ്പോഴും തനിച്ച് . 

അന്ന് എന്‍റെ കൂടെ ഷിയാസ് ആണ് ഉണ്ടായിരുന്നത്. ശനിയാഴ്ച കാലത്തെ പാലക്കാട്  റെയില്‍വെസ്റ്റേഷന്‍ എത്തി. മംഗലാപുരം പാസഞ്ചര്‍ ആണ് അടുത്ത വണ്ടി. എടുത്തു രണ്ടു ടിക്കറ്റ് . ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു കാസര്‍ഗോഡ്‌ ഇറങ്ങാം, ബേക്കല്‍ കോട്ട കാണാം.. പൊടുന്നനെ മനസ്സിലേക്ക് ഓടിവന്നത് മൂകാംബികയാണ്. അമ്മൂമ്മയൊക്കെ പറഞ്ഞുകേട്ട അറിവേ ഉള്ളൂ. സമയക്രമങ്ങള്‍ ഒന്നും അത്ര കൃത്യമായിരുന്നില്ല. അല്ലാ.. അതിനു വല്ല്യ ക്രമം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍പ്പിന്നെ മൂകാംബികയാവട്ടെ.  എങ്ങനെയോ നാട്ടപാതിരയ്ക്ക് കൊല്ലൂര്‍ എത്തി. റൂം എടുത്തു. 

 ഇവിടെയാണ് സൗപര്‍ണിക !  എണ്ണം പറഞ്ഞൊരു പുണ്ണ്യനദി. വല്ലാത്ത ഒരു ആവേശം തോന്നി. ഒരുപാടു പറഞ്ഞും കേട്ടും വായിച്ചിട്ടുള്ള നദി. മൊബൈലില്‍ ഞാന്‍ ആ പാട്ടൊക്കെ വച്ചു. "സൗപര്‍ണികാമൃത വീചികള്‍ പാടും... നിന്‍ സഹസ്രനാമങ്ങള്‍... "  സൗപര്‍ണികയില്‍ മുങ്ങിക്കുളിച്ചു മൂകാബികയെ തൊഴുന്ന സ്വപ്നമൊക്കെ കണ്ടുറങ്ങി. കാലത്തേ എഴുന്നേറ്റു.. രണ്ടു പേരും കൂടെ വഴിയൊക്കെ ചോദിച്ച് നദിയുടെ തീരം ലക്ഷ്യമാക്കി നടന്നു. നല്ല മഴയൊക്കെ പെയ്യുന്ന സമയമാണ്. വല്ലാത്ത ഒഴുക്കായിരിക്കും. തണുപ്പും.. അങ്ങനെ നടന്ന് നടന്ന് നദിക്കരയെത്തി. 

ഞാനൊന്ന് ഞെട്ടിപ്പോയി. ഈറനായി നിക്കുന്ന മലയാളി എന്ന് തോന്നിക്കുന്ന ആളോട് ഞാന്‍ ഒന്ന് ഉറപ്പിക്കാന്‍ വേണ്ടി ചോദിച്ചു... 'ചേട്ടാ.. ഈ സൗപര്‍ണിക ഇതല്ലേ?"   .. അതെ അതെ... 

പുറകില്‍ നിന്ന് ഷിയാസിന്റെ ഒരു ഡയലോഗ്.. "ഇതാണാ സൗപര്‍ണിക.. മ്മടെ തടുക്കശേരിലെ തോടിനു ഇതിലും വലിപ്പണ്ട്.. "

കലങ്ങിയ ചായ പോലുള്ള വെള്ളം ഒരു എട്ടു പത്തു മീറ്റര്‍ വീതിയില്‍ ഒഴുകുന്നു. ഇറങ്ങിയപ്പോള്‍ ഇടുപ്പ് വരെ വെള്ളം. നദി എന്നൊക്കെ പറയുമ്പോള്‍ എന്‍റെ മനസ്സില്‍ വലിയ സങ്കല്പമായിരുന്നു. ഒപ്പം വായിച്ചും പാട്ട്കേട്ടും പ്രതീക്ഷകള്‍ ഇരട്ടിച്ചു. നിരാശയ്ക്ക് വേറെ വല്ലതും വേണോ. 




"അടുത്താഴ്ച ഹരിദ്വാറു പോവുന്നു.. വരുണ്ടോ?"  എന്ന് സുഹൃത്ത്‌ വിഷ്ണു വെറുതെ ചോദിച്ചതാണ്. എന്നാല്‍പ്പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു. അല്ലെങ്കിലും അറിയാവുന്ന ആളുകള്‍ ഇങ്ങനെ വെറുതെ പോരുന്നോ , പോയാലോ എന്നൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി  ചോദിക്കില്ല. ചിലപ്പോള്‍ ഞാന്‍ ചെന്നുകളയും. 

തത്കാലില്‍ ടിക്കറ്റ് ഒന്നും കിട്ടിയില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി ഞങ്ങള്‍ രണ്ടു പേരും കൂടി അഹമ്മദാബാദ് എത്തി. അവിടുന്ന് ഹരിദ്വാര്‍ മെയിലില്‍.  അവിടെ ഞങ്ങളെ കാത്ത് സജിയെട്ടന്‍ ഉണ്ടായിരുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള അയ്യപ്പ ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ ആണ് മുറി. അല്പം റെസ്റ്റ് എടുത്ത് കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. 

ഇവിടെയാണ് ഗംഗ. നകുലേട്ടന്റെ ഗംഗയല്ല, ശരിക്കുമുള്ള ഗംഗ. സൗപര്‍ണിക കാണാന്‍ പോയ സീന്‍ ഓര്‍മ വന്നു.. പിന്നെ ഇന്റര്‍നെറ്റില്‍ ഒക്കെ കണ്ടിട്ടുള്ള ഒഴുകുന്ന ജഡങ്ങളും മലിനമായ ജലവും ഓര്‍മ വന്നു. എന്തെങ്കിലും ആവട്ടെ.. ഗംഗയും കാണാം. ദേശീയ നദി.. ഭാരതീയരുടെ പുണ്യനദി. 

പാലത്തിലേക്ക് കയറി ഒരു പനോരമ വ്യൂവില്‍ നോക്കി. വീണ്ടും വീണ്ടും നോക്കി. വശങ്ങളിലേക്കും താഴേക്കും നോക്കി. ഇളം പച്ച  നിറത്തില്‍ അതി വിസ്തൃതമായി ഒഴുകുന്ന ഒരു സാഗരം പോലെ തോന്നി. പേരിനു ഒരു ഇല പോലും ഇല്ല മാലിന്യമായി. അതി ശക്തമായ ഒഴുക്ക്. എത്ര നോക്കി നിന്നാലും മതിയാവില്ല. ഒരു കൊച്ചു കുഞ്ഞിന്റെ ഉത്സാഹത്തോടെ ഞാന്‍ ഓടിയടുത്തു. കുനിഞ്ഞ് കൈ കൊണ്ട് വെള്ളത്തിലേക്ക്‌ തൊട്ടതും ഷോക്കടിച്ച പോലെ തോന്നി. അത്രയ്ക്ക് തണുപ്പ്.  ഒന്ന് അരയോളം ഇറങ്ങി മൂന്നു തവണ മുങ്ങി നിവരാന്‍ ഏറെ പണിപ്പെട്ടു.

ചിലര്‍ നദിയിലേക്ക് ഇടുന്ന ചില്ലറതുട്ടുകള്‍ എടുക്കാന്‍ എട്ടും പത്തും വയസ്സുള്ള കുട്ടികള്‍ കാന്തം പിടിപ്പിച്ച ഒരു ഒരു ദണ്‌ടുമായി ആഴങ്ങളിലേക്ക് മുങ്ങാന്‍കൂഴി ഇടുന്നു ! സന്ധ്യയായപ്പോള്‍ തിരക്കേറി. ഗംഗാ ആരതിക്കുള്ള സമയം. മതിമറന്നു കണ്ടിരുന്നു പോവും. സാധുസന്യാസിമാര്‍ , ധര്‍മ്മപാഠശാലകള്‍ , വേദമന്ത്രശബ്ദങ്ങള്‍. അങ്ങനെ നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷം. എല്ലാം ഈ നദിയുടെ തീരത്ത്. 

അവിടുന്ന് ഋഷികേശിലേക്ക് .. ഹരിദ്വാറിലേക്കാളും ശുദ്ധമായ വെള്ളം. മഞ്ഞുരുകി ഉണ്ടാവുന്നതല്ലേ. അവിടുന്ന് വീണ്ടും മുകളിലേക്ക്.. ഉത്തരകാശിയിലേക്ക് പോവുമ്പോള്‍ കാണാം ഏറെ കൈവഴികള്‍ ചേര്‍ന്ന് ഗംഗയാവുന്ന കാഴ്ച. ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഹരിദ്വാറിലെത്തിയ ദിവസം. കാലാവസ്ഥയും ഭക്ഷണവും യാത്രയും നന്നേ തളര്‍ത്തിയിരുന്നു. വിണ്ടുകീറിയ ചുണ്ടുകളില്‍ ചോര പൊടിഞ്ഞുകൊണ്ടിരുന്നു. എന്തെല്ലാമോ ഓര്‍ത്ത് മനസ്സ് പ്രക്ഷുബ്ദമായ ആ വൈകുന്നേരം ഞാന്‍ ഒറ്റയ്ക്ക് വീണ്ടും ചെന്ന് ഗംഗാതീരത്തേക്ക്. കുറെ നേരം ഒഴുക്കിലേക്ക്‌ നോക്കി ഇരുന്നു. പിന്നെ ഏറെ നേരം കണ്ണടച്ചിരുന്നു. ഗംഗാ ആരതിയുടെ കൂട്ട മണിമുഴക്കങ്ങളും മന്ത്രശബ്ദങ്ങളും കേട്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പ്രത്യേകിച്ച് ഒരു കാരണവുമുണ്ടയിരുന്നില്ല. എത്ര നേരം കഴിഞ്ഞോ ആവോ.. നെറ്റിയില്‍ ഒരു കുഞ്ഞു സ്പര്‍ശനം.. കണ്ണ് തുറന്നപ്പോള്‍ ആകെ ഇരുട്ടായിരുന്നു. ഒരു താലവും ദീപവും മുന്നില്‍ കണ്ടു.. ഒരു കുഞ്ഞു പെണ്‍കുട്ടി. എന്‍റെ നെറ്റിയില്‍ കുങ്കുമം തൊട്ടു തന്നു. തോന്നലാണോ ഉള്ളതാണോ എന്നറിയാന്‍ സമയമെടുത്തു. കുര്‍ത്തയുടെ പോക്കറ്റിലേക്ക് ഞാന്‍ കയ്യിട്ടു ... കാശൊന്നും എടുത്തിരുന്നില്ല. ഞാന്‍ നിസ്സഹായനായി ദീപത്തിന്റെ പ്രകാശത്തില്‍ കാണുന്ന  അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി. അവളൊന്നും മിണ്ടാതെ നടന്ന് പോയി. 







സുരേഷ്ഗോപിയുടെ 'ടൈം' എന്ന സിനിമ കണ്ടിട്ടില്ലേ?  വൈഗയെ ഓര്‍മയില്ലേ? നായികയുടെ പേര് നദിയുടെ പേരായിരുന്നു. അതില്‍ ഒരു ഡയലോഗ് ഉണ്ട്. "വൈഗ.. അകാലത്തില്‍ മരിച്ചു പോയവള്‍' എന്ന്.... മനുഷ്യന്‍റെ ആര്‍ത്തിയും അഹങ്കാരവും കൊണ്ട് അകലാത്തില്‍ കൊല്ലപ്പെട്ട വൈഗ. 

എനിക്ക് പോകേണ്ടിയിരുന്നത്‌ മധുരയിലെ അല്പം ഉള്ളിലേക്കുള്ള ഒരു ഗ്രാമത്തില്‍ ആയിരുന്നു. പോകുന്ന വഴി തന്നെ ഞാന്‍ വൈഗയെ കണ്ടു. തിരിച്ചു വരുമ്പോള്‍ സ്ഥലം വശമില്ലാത്തത് കൊണ്ട് മധുരൈക്ക് തന്നെ ടിക്കറ്റ് എടുത്ത് പാലം കണ്ടതും അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു നടന്നു. ആ നദിയുടെ കിടപ്പ് കണ്ട് മനുഷ്യന്മാരോട് തന്നെ വെറുപ്പ്‌ തോന്നി. പേരിനു പോലും ഒരു നൂലരുവിയുടെ ഒഴുക്ക് ഇല്ല.   അവിടെ അവിടെ കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന ചെളിവെള്ളം മാത്രം. കിണറു കുത്തി വെള്ളമെടുത്തു അലക്കുകാര്‍ അലക്കുന്നു. വലിയ ക്രിക്കറ്റ് പിച് വെട്ടി കുട്ടികള്‍ കളിക്കുന്നു. കുറെ ആടുമാടുകള്‍ മേയുന്നു. അതാണ്‌ വൈഗയുടെ അവസ്ഥ. 


Saturday

തലമുറകളെ സംരക്ഷിച്ച ചില രുചിക്കൂട്ടുകള്‍

മളവര്‍ത്തപ്പുളിക്കെന്നപോലെ വേറെ ചില ഭക്ഷണങ്ങള്‍ക്കും കഥകള്‍ ഏറെ പറയാനുണ്ട്‌ ...   ഒരു സമൂഹത്തിന്‍റെ അതിജീവനത്തിന് അമൃതായി മാറിയ ഭക്ഷണങ്ങള്‍.

വിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍  പാത്തുമ്മയുടെ ആടില്‍ , അക്കാലത്തെ വറുതിയിലും ദാരിദ്ര്യത്തിലും കപ്പ പുട്ടും കട്ടന്‍ചായയും കൊണ്ട് മാത്രം ആളുകള്‍  പള്ളനിറയ്ക്കുന്നതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  ഇന്ന് മലയാളിക്ക്  കപ്പ വെറും ഒരു 'ഡിഷ്‌' ആണെങ്കില്‍ ഒരുകാലത്ത് ഈ കപ്പ  മാത്രമാണ്  പട്ടിണി മരണങ്ങളില്‍ നിന്നും നമ്മുടെ മുന്‍ഗാമികളെ രക്ഷിച്ചത്‌. 



പോര്‍ച്ചുഗീസുകാരന്‍റെ സംഭാവനയായ മരച്ചീനിയുടെ കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്‌  സസ്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് വൈശാഖം തിരുനാളാണ്. 1860കളില്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ കീഴടക്കിയതോടെ ബര്‍മയില്‍ നിന്നുള്ള അരി വരവ്  നിലച്ചു. (അതെ, ബര്‍മയില്‍ നിന്ന് കേരളത്തിലേക്ക് അരി വന്നിരുന്നത്രേ !). അന്ന് അരിയ്ക്ക് പകരം പ്രധാനഭക്ഷണമായി കപ്പയെ പ്രോത്സാഹിപിക്കാന്‍ ബ്രിട്ടീഷുകാരും മുന്‍കയ്യെടുത്തു. തെക്കന്‍ കേരളത്തിലുണ്ടായിരുന്ന കപ്പ കൃഷി , ആളുകളുടെ കുടിയേറ്റത്തോടൊപ്പം മലബാറിലേക്കും വ്യാപിച്ചു. ഈ കപ്പയില്ലയിരുന്നെങ്കില്‍ ആയുസ്സെത്താതെ മരിക്കാന്‍ വിധിക്കപ്പെട്ടേനെ അവര്‍. പോര്‍ച്ചുഗീസുകാര്‍ക്ക് സ്തോത്രം !

പലക്കാടൊക്കെ നിറയെ അഗ്രഹാരങ്ങള്‍ ഉണ്ട്. കാലടിയിലും തിരുവനന്തപുരത്തും ഞാന്‍ കണ്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ 'അഗ്രഹാരം' എന്നൊരു സെറ്റ് അപ്പ്‌ ഉണ്ടോ എന്നറിഞ്ഞൂടാ. ഏതായാലും, ക്ഷേത്രങ്ങളുടെ പരിപാലനത്തിനാണ് തമിഴ് ബ്രാഹ്മണരെ രാജാക്കന്മാര്‍ കേരളത്തിലേക്ക് കൊണ്ട്വരുന്നതും അഗ്രഹാരങ്ങള്‍ സ്ഥാപിക്കപ്പെടുന്നതും. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അവരുടെ വേരുറച്ചു. ഒരുകാലത്ത് സമ്പത്തും സ്ഥാനമാനങ്ങളും വേണ്ടതിലധികം ലഭിച്ചവര്‍ക്ക് രാജഭരണവും ജന്മിഭരണവും അവസാനിച്ചപ്പോള്‍  ശനി തുടങ്ങി എന്ന് പറയാം. കൂടാതെ അംഗബലമേറിയപ്പോള്‍ വേണ്ടത്ര തൊഴിലും ഇല്ലാതെയായി.  



സാമ്പത്തികമായ തളര്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും ആഗ്രഹരങ്ങളുടെ ഐശ്വര്യം കെടുത്തി. അയ്യരുവീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമായി തൈരുസാദം മാറി ( ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ വേറെന്ത് ? ! ) പ്രത്യേകിച്ച് കറിയൊന്നും വേണമെന്നില്ല,  വല്ല മുളകോ അച്ചാറോ കൂട്ടിക്കഴിക്കാം. കേടുവരാതെ ഒന്നില്‍ക്കൂടുതല്‍ ദിവസം ഇരിക്കും. സ്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരു അയ്യരോ പട്ടരോ ഉണ്ടെങ്കില്‍ 'തൈര്സാദം' എന്ന ഇരട്ടപ്പേരാവും മിക്കവാറും. സ്വയം പട്ടിണികിടന്നും, മക്കളെ സാദമൂട്ടിയ അമ്മിയാരുടെ ദുഖം അവസാനിച്ചെന്നു തോന്നുന്നു.  ഇന്ന് ദാരിദ്ര്യത്തിന്റെ ഇരുട്ട് അഗ്രഹാരങ്ങളില്‍ ഇല്ലെന്നാണ് കാഴ്ച്ചയില്‍ മനസ്സിലാവുന്നത്. എങ്കിലും തൈര്സാദം അവര്‍ക്കിന്നും പ്രിയങ്കരം തന്നെ. 



ഇനിയൊന്നു അതിര്‍ത്തി കിടക്കട്ടെ. കരിമ്പിന്‍തോട്ടങ്ങളിലും പച്ചക്കറിപ്പള്ളങ്ങളിലും പണിയെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ വൈകീട്ട് ചാളയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അവര്‍ക്ക് അതിജീവനാമൃതം ആയിരിക്കാം ഈ വിഭവം.. പുളിയോദരൈ അഥവാ പുളിച്ചോര്‍. പച്ചരി പുളിവെള്ളത്തില്‍ വറ്റിച്ച് ചോറാക്കി ,  കടുകെണ്ണയില്‍ ഉള്ളിയും മുളകും വഴറ്റി ആ ചോറ്  താളിച്ചെടുക്കും. നനഞ്ഞ തുണിയിലോ തോര്‍ത്തിലോ ചൂടോടെ മുറുക്കിക്കെട്ടിയാല്‍ മൂന്നു ദിവസം കഴിഞ്ഞാലും കേടാവാതെ ഇരിക്കുംത്രേ..കറിയൊന്നും വേണമെന്നില്ല. രുചികരമായ ഭക്ഷണം.  ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത അക്കാലത്ത് ഈ ഭക്ഷണം ഒരു നല്ല കണ്ടുപിടിത്തം തന്നെയാണ്. ഇന്നും തമിഴര്‍ ടൂറു വരുമ്പോഴോ ദീര്‍ഘദൂര ട്രെയിന്‍ യാത്ര നടത്തുമ്പോഴോ ശ്രദ്ധിച്ചാല്‍ പുളിയോദരയുടെ പൊതികള്‍ കാണും കയ്യില്‍. അത് തുറക്കുമ്പോള്‍ ഒരു മണം വരും.. അറിയാതെ വായില്‍ വെള്ളമൂറും. 


Friday

മളവര്‍ത്തപ്പുളിക്ക് ഒരൂട്ടം പറയാനുണ്ട്‌

മളവര്‍ത്തപ്പുളി അഥവാ തറവാട്ടുപുളി  

രസം പോലെ ചോറില്‍ ഒഴിച്ച് കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് മളവര്‍ത്തപ്പുളി. (' മുളക് വറുത്ത പുളി ' ലോപിച്ചതാണ് ). ചൂടായ ചീനച്ചട്ടിയിലിത്തിരി എണ്ണയൊഴിച്ച് , കടുകിട്ട് പൊട്ടിച്ച്, ഒരു പിടി പച്ചമുളകോ വറമുളകോ അരിഞ്ഞതും  ചെറിയ ഉള്ളി അരിഞ്ഞതും ഒരു നുള്ള് ഉലുവയും അത്ര തന്നെ ജീരകവും ഇട്ട് , ഒന്ന് വഴറ്റി. അതില്‍ പുളി കലക്കി അരിച്ചെടുത്ത വെള്ളം ഒഴിച്ച്  ഒന്ന് തിളപ്പിച്ചെടുത്താല്‍ മളവര്‍ത്തപ്പുളി ആയി. കറിവേപ്പില എന്തായാലും രണ്ടു കൊത്ത് കാണും കേട്ടോ. 

മളവര്‍ത്തപ്പുളിക്ക് തറവാട്ടുപുളി എന്നൊരു പേരും ഉണ്ട്. കാരണം  കിഴക്കന്‍ പാലക്കാട്ടിലെ നായര്‍ തറവാടുകളില്‍ മാത്രമേ ഈ വിഭവം കണ്ടിട്ടുള്ളൂ. കുട്ടിക്കാലത്ത് ആഴ്ചയില്‍ മൂന്നാല് ദിവസമെങ്കിലും  മളവര്‍ത്തപ്പുളിയും മോരും ( ഹോ.. മോരെന്നൊക്കെ പറഞ്ഞാല്‍ വെള്ളത്തില്‍ അല്‍പം തൈരൊഴിച്ച മാതിരി .. സംഭാരം ചിലപ്പോള്‍ അതിലും ഭേദം !) ഉപ്പേരിയും കൂട്ടിയുള്ള ഊണാവും വീട്ടില്‍. 



ഈ രുചികരമായ വിഭവം പക്ഷേ കൂട്ടുകാരുടെ വീട്ടിലൊന്നും ഉണ്ടാക്കാറില്ല എന്നറിഞ്ഞപ്പോഴാണ് അമ്മൂമ്മയോട് അന്വേഷിച്ചത്. അവരപ്പോള്‍ ഇങ്ങനെ പറഞ്ഞതായാണ് ഓര്‍മ, ഇങ്ങനയെ പറയാന്‍ വഴിയുള്ളൂ.

"നമുക്കതിനുള്ള പാങ്ങെ ഉള്ളൂ കുട്ട്യേ... കുളം തോണ്ടിയ തറവാടുകളില് ദിവസോം സദിരവട്ടങ്ങളിണ്ടാക്കാന്‍ പറ്റ്വോ?"

പച്ചപരമാര്‍ത്ഥം ! പണ്ട്കാലത്ത് ഏക്കറുകണക്കിന് ഭൂമിയും സ്വത്തും ഒക്കെ ഉണ്ടായിരുന്ന തറവാടികളില്‍ ഉയര്‍ന്ന ജീവിത നിലവാരം തുടര്‍ന്നും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ചുരുക്കം ചില കൂട്ടര്‍ക്കാണ്. ഭൂപരിഷ്കരണ കാലത്ത് പാട്ടക്കാരില്‍ നിന്നും ഭൂമി സംരക്ഷിച്ചവര്‍ , ഉള്ള സമ്പത്തിന്റെ ഹുങ്കില്‍ ഏമ്പക്കം വിട്ടിരിക്കാതെ വിദ്യസമ്പത്തിനെ പുല്‍കി തൊഴില്‍ നേടിയവര്‍ , മദിരാശിക്കോ കല്‍ക്കട്ടയ്ക്കോ അല്ലെങ്കില്‍ മുംബയിലെക്കോ വണ്ടി കയറിയവര്‍, സര്‍ക്കാര്‍ ജോലിയില്‍ കയറിക്കൂടിയവര്‍.. അങ്ങനെ ചിലര്‍. അങ്ങനാരും ഇല്ലാത്ത അനവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. 

(ദുര)അഭിമാനം കൊണ്ട് കിട്ടിയ പണിക്ക് പോയി കുടുംബം പുലര്‍ത്താന്‍ നോക്കാതെ മുണ്ടും മുറുക്കിയുടുത്തു നിലംപൊത്താറായ പൂമുഖപ്പുരയുടെ ചോട്ടില്‍ ചാരുകസേരയില്‍ കിടന്ന് കാലം കഴിച്ച കാരണവന്‍മാരെ പറ്റി അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഏഴും എട്ടും മക്കളുള്ള കുടുംബത്തില്‍ പ്രാരാബ്ധങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനവാതെ നിസ്സഹായരായവരാണ് ഭൂരിഭാഗവും. 

മക്കള്‍ക്ക്‌ മികച്ച ജീവിതസാഹചര്യങ്ങള്‍ കൊടുക്കാനോ വിദ്യാഭ്യാസം കൊടുക്കാനോ സാധിക്കാത്ത ഹതഭാഗ്യര്‍. എന്‍റെ അച്ഛനും അമ്മയേക്കാളും കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നു അമ്മൂമ്മയ്ക്ക്. അവരുടെ അച്ഛനാവട്ടെ അതിലും മികച്ചതായിരുന്നു പറഞ്ഞറിവു വച്ച്. ഈ ഒരു ഇന്‍വേര്‍ട്ടട് പിരമിഡ് സെറ്റ് അപ്പ്‌ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉയര്‍ന്നതെന്ന് വിധിക്കപ്പെട്ട ജാതിയുടെയും തറവാടിത്തത്തിന്റെയും ഭാരം വല്ലാത്ത ബാധ്യതയായ തലമുറകള്‍ അവസാനിച്ചുവരുന്നേ ഉള്ളൂ. 

അപ്പോള്‍, നമ്മള്‍ പറഞ്ഞുവന്നത് തറവാട്ടുപുളി.. അങ്ങനെ അത്തോലമ്മമാര്‍ കൂട്ടുകുടുംബത്തെ ഊട്ടാന്‍ കണ്ടെത്തിയ ഒരു കറിയാണ് ഈ തറവാട്ടുപുളി. ഇതും തൈരും ഉപ്പിട്ട് ചോറില്‍ കൂട്ടിക്കുഴച്ച് ഉണക്കമീന്‍ വറുത്തതോ ഉപ്പേരിയോ കൂട്ടി ഊണ് കഴിച്ചാല്‍ 'ത്രീ-കോഴ്സ്' മീല്‍ കഴിച്ച സംപ്ത്രിപ്തി ആയിരുന്നു കേട്ടോ അന്ന്.  

വേറെയും ചില വിഭവങ്ങള്‍ ഉണ്ട്, ഒരു സമൂഹത്തിന്‍റെ കഥ വിളിച്ചോതുന്നവ .. അടുത്ത പോസ്റ്റില്‍ ആവട്ടെ പറയാം. :)
------------------------------------------------------------------------------------------------------------------------------------------------------
പറ്റാവുന്ന രീതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് 'തറവാട്ടുപുളി'  തറവാടുകളില്‍ ഉണ്ടായിരുന്ന ഒരു കറി എന്ന അനുമാനത്തില്‍ എത്തിയത്. വായനകള്‍ക്ക് ശേഷം പലരും ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് ദാരിദ്ര്യമുള്ളിടത്ത് ഉത്ഭവിച്ചതാവാം. അല്ലെങ്കിലും സാമ്പാര്‍ ആരാ കണ്ടുപിടിച്ചത് എന്ന് ചോദിച്ചാല്‍ നമുക്കറിയില്ലല്ലോ. പോസ്റ്റ്‌ തിരുത്തുന്നില്ലെങ്കിലും ആ തറവാട് ബന്ധത്തിന്‍റെ അവകാശവാദം ഞാന്‍ നിരുപാതികം പിന്‍‌വലിക്കുന്നു. വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി. 

മൂന്ന് കച്ചവടക്കാരികള്‍

എറണാകുളത്ത് നിന്ന് പാലക്കാട്‌ പോവാന്‍ ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ ഓടിക്കേറി. അമ്പോ.. അഞ്ചാറുപേര്‍ നിക്കുന്നു. സീറ്റില്ല. ഓടിയതും വിയര്‍ത്തതും മിച്ചം. സീറ്റില്‍ ഇരിക്കുന്നവരെ ഞാന്‍ അസൂയയോടെ നോക്കി. 

ഐവ !  സീറ്റിന്‍റെ അറ്റത്തിരിക്കുന്ന ഒരമ്മച്ചി അല്‍പം മുന്‍പിലേക്ക് നീങ്ങി ഇരുന്നു , പുറകില്‍ അല്‍പം സ്ഥലമുണ്ടാക്കി.

'മോനെ.. ഇവിടെ ഇരുന്നോ.'  പല്ലൊന്നും ഇല്ലാത്ത മോണ കാണിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു. 

ഗവാദ് ഇന്ത ഹറാമി ( അമ്മച്ചി എന്ത് കുലീനയായ സ്ത്രീ !)  ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ട്രെയിന്‍ നീങ്ങിത്തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞതും അമ്മച്ചി സീറ്റില്‍ നിന്ന് എഴുന്നേറ്റു നിന്നു. എല്ലാവരെയും നോക്കി ഒന്നുകൂടെ വെളുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി..

"മക്കളേ.. ഞാന്‍ xxxxxxx , എനിക്ക് മൂന്നു പെണ്മക്കളായിരുന്നു .. ഒന്നാമത്തവള്‍ പോളിയോ ബാധിച്ചു കിടപ്പിലാണ്.. രണ്ടാമത്തവള്‍ക്ക് ബുദ്ധിമാന്ദ്യമാണ് .. ഇളയവളും ഞാനും കൂടി കഷ്ടപ്പെട്ട് നോക്കുന്ന കുടുംബം ഇപ്പോള്‍ പട്ടിണിയിലാണ്....... "

നമ്മളിത് കേള്‍ക്കാത്തതൊന്നുമല്ലല്ലോ... പക്ഷെ പിന്നെയായിരുന്നു ട്വിസ്റ്റ്‌. അവര് ആദ്യം എന്‍റെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.. "മോന് ജീവിതത്തില്‍ നല്ലതൊക്കെ വരട്ടേ . ഇങ്ങനുള്ള കഷ്ടപ്പാടൊന്നും ഉണ്ടാവാതിരിക്കട്ടെ."

പിന്നെ ഇരിക്കുന്ന ഓരോരുത്തരോടും ആവര്‍ത്തിച്ചു. കൂടെ ആളുകളുടെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. ചിലരുടെ മുഖത്തും കവിളിലും സ്നേഹത്തോടെ(?) തലോടി.. കളക്ഷന്‍ നോട്ടുകള്‍ മാത്രം !  നോ ചില്ലറ വാസ് ഇന്‍ സീന്‍.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ :  സ്നേഹം , അനുഗ്രഹം, ദയ  

ഇനി ചുവടെയുള്ള പരസ്യങ്ങള്‍ കണ്ടു നോക്കു .




പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പതിവായി പോകുന്നവര്‍ക്ക് സുപരിചിതയാണ് ഈ താത്ത.. ചിരിച്ച മുഖത്തോടെ , വര്‍ദ്ധിച്ച ഉത്സാഹത്തോടെ സാരിത്തലപ്പു കൊണ്ട് തട്ടമിട്ട് ബസ്സുകളില്‍ ലോട്ടറി വില്‍ക്കാന്‍ കേറുന്ന ഒരു താത്ത. 

"നോക്കിന്‍.. കേരളസര്‍ക്കാരിന്റെ പുതിയ പൗര്‍ണമി ഭാഗ്യക്കുറിയാണ്.. ഒന്നാം സമ്മാനം അറുപതു ലക്ഷാണ്.. നിങ്ങക്കും അടിചൂടാന്നൊന്നും  ഇല്ല. മുപ്പതു രൂപേ ഉള്ളൂ. ..."  

ഇതും നമ്മള്‍ കേള്‍ക്കാത്തതൊന്നും അല്ല. പക്ഷെ അവരിത് പറയുന്നത് വല്ലാത്ത ഉത്സാഹത്തോടെ ചിരിച്ചോണ്ടാണ്. ആരെയും എടുക്കാന്‍ നിര്‍ബന്ധിക്കില്ല. നമ്മള്‍ വേണ്ടാന്ന് പറഞ്ഞാലും അതേ ചിരിയോടെ അവര്‍ പറയും 

"ഇപ്പ എടുത്തില്ലെങ്കിലും സാരല്ല്യാ.. അടുത്തറാശ്യം മറക്കാണ്ട് എടുക്കിന്‍.."  ഒരു നീരസവും ഇല്ലാതെ അടുത്ത ബസ്സിലേക്ക് അവര്‍ ഓടിക്കേറും. നല്ല സെയില്‍ കിട്ടും. അവരുടെ സന്തോഷവും പ്രതീക്ഷയും കാണുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ് .

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : അതുതന്നെ.. സന്തോഷവും പ്രതീക്ഷയും ഉത്സാഹവും.. 

ദാ.. ഈ പരസ്യം കണ്ടു നോക്കു.. 



ഉദുമല്‍പേട്ട് വഴി പഴനിക്കു പോവുമ്പോള്‍ വഴിവക്കില്‍ കാണാം ഈ പെണ്ണുങ്ങളെ.  ഒരു കവറില്‍ മുന്തിരിയോ പേരയ്ക്കയോ നിറച്ചു വരും.
"സാര്‍ .. മൊത്തമാ എടുത്തുക്കൊങ്ക സാര്‍.. ഇറുപത് രൂപാ കൊടുത്താല്‍ പോതും... ഇണ്ണയിലെ വ്യാവാരമെല്ലാം മുടിഞ്ച് പോച്ച്... ഇത് മട്ടും താന്‍ ബാക്കി.. "

ഈ ബാക്കിയുള്ളതും കൂടെ വിറ്റാല്‍ പണി തീര്‍ത്തു വീട്ടില്‍ പോവാം.. അതുകൊണ്ട് എന്തേലും  (ന്നുവച്ചാല്‍ ഇരുപതു രൂപ ഒണ്‍ലി.. ) തന്നാല്‍ മതിയെന്ന്.  ചിലപ്പോള്‍ വല്ല്യ കൂടയില്‍ ബാക്കിയെന്ന മട്ടില്‍ കുറച്ച് വച്ചാവും നമുക്ക് നീട്ടുന്നത്. അളവും തൂക്കവും ഒന്നുമില്ല. മൊത്തമായാണ് തരുന്നത്.. പാവങ്ങള്‍... നമ്മള്‍ വിടുമോ? ലാഭക്കച്ചവടമല്ലേ ഒരു വിലപേശലും നടത്തി അതങ്ങ് വാങ്ങും.. പക്ഷേ ഇവരുടെ അവസാനത്തെ കച്ചവടം അത്ര പെട്ടന്നൊന്നും അവസാനിക്കില്ല. വിറ്റഴിക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : കുറഞ്ഞ വില , കൂടുതല്‍ മൂല്യം, സൗജന്യം ! 

ഇക്കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഉദാഹരിക്കേണ്ടല്ലോ ല്ലേ. നമ്മളെന്നും കാണുന്നതല്ലേ. 

Tuesday

സമത്വത്തിലേക്കുള്ള യാത്ര


ഒരു സമൂഹം ‘വികസിതം’ എന്ന വിശേഷണത്തിന് അര്‍ഹത കൈവരിക്കുന്നത് കേവലം സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രമല്ല അതോടൊപ്പം മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ലോകത്തോടുള്ള കാഴ്ചപ്പാട് വിശാലമാക്കുകയും ചെയ്യുമ്പോളാണ്.


കേവല വിശ്വാസങ്ങളുടെ പേരില്‍ ന്യൂനപക്ഷങ്ങളായവര്‍ വരെ സംഘടിതരായി അവകാശങ്ങളും ആനൂകല്യങ്ങളും നേടി എടുക്കുന്ന നമ്മുടെ നാട്ടില്‍ ജന്മനാലുള്ള ലൈംഗികസവിശേഷത മൂലം പൗരന്മാരായി പോലും പരിഗണന ലഭിക്കാതിരുന്ന ഒരു യഥാര്‍ത്ഥ ന്യൂനപക്ഷസമൂഹം ഇന്ന് മുതല്‍ അംഗീകരിക്കപ്പെടാന്‍ പോവുന്നു. ലിംഗാതീതരെ (ട്രാന്‍സ്ജെന്ടെര്സ്) മൂന്നാം ലിംഗക്കാരായി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നിരിക്കുന്നു. അഭിനന്ദനീയവും ചരിത്രപ്രാധാന്യമുള്ളതുമായ വിധി. ഒരു നല്ല മാറ്റത്തിന്റെ തുടക്കമാണ്‌. കാഴ്ചപാടുകള്‍ വിശാലമാവുന്നതിന്റെ തുടക്കം.

ട്രെയിനുകളില്‍ കൈകള്‍ കൊട്ടി ഒച്ചയിട്ട് കൂട്ടമായി വന്ന് കാശു മേടിച്ചു പോകുന്ന ഹിജടകളില്‍ നിന്ന് ഒട്ടേറെപ്പേര്‍ സ്വയം പര്യാപ്തതയുടെ സ്വതന്ത്ര ലോകത്തേക്ക് പറന്നു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തൃശൂരില്‍ വച്ച് നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ ഇത്തരത്തില്‍പ്പെട്ട ഒരുപാടു പേരെ കാണുവാനും സംസാരിക്കുവാനും പറ്റി. ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് അവര്‍ക്കിടയിലെ അനവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നു , തൊഴില്‍ പരിശീലങ്ങള്‍ നല്‍കുന്നു, കഴിവുള്ളവര്‍ക്ക് തുടര്‍വിദ്യാഭ്യാസങ്ങള്‍ നല്‍കാന്‍ മുന്‍കയ്യെടുക്കുന്നു. ഈ മാറ്റങ്ങള്‍ പ്രത്യാശ നല്‍കുമ്പോഴും ഇവരിലെ സിംഹഭാഗവും ഭിക്ഷാടകരായും ലൈംഗികതൊഴിലാളികലായും നിലനില്‍ക്കുന്നു. ഒരുപക്ഷെ ഇന്നുണ്ടായ സുപ്രീംകോടതി വിധി മാറ്റങ്ങള്‍ക്കു ആക്കം കൂട്ടും.




സമ്പൂര്‍ണ്ണ ‘സാച്ചരതയുടെ’ അഹങ്കാര ഭാണ്ഡം കുറച്ചു നേരത്തേയ്ക്ക് മലയാളികള്‍ ഇറക്കിവെയ്ക്കേണ്ടി വരും. മൂന്നാംലിംഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടില്‍ ഏറെ കാര്യക്ഷമമായി നടക്കുമ്പോള്‍ ഇവിടെ പേരിനു പോലും കാണുന്നില്ല. കാര്യം, ഇവിടെ അത്തരക്കാര്‍ ഇല്ലാത്തതല്ല, ഉള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റാതെ ഇവരെല്ലാം അങ്ങോട്ടാണ് പോവുന്നത്. വെളിച്ചമുള്ളപ്പോള്‍ ഹിജടെ, ഒന്പതെ , ഫ്ലൂട്ടെ , ചാന്തുപൊട്ടെ എന്നൊക്കെ വിളിച്ച് പരമാവധി കളിയാക്കി താറടിച്ച് ഇരുട്ടിന്റെ മറവില്‍ ‘കാര്യം’ കാണുന്നതിലുമാണ് ഇവിടുത്തെ കാര്യക്ഷമത. ( ഊഹമൊ അനുമാനമോ അല്ല , നേരിട്ട് ചോദിച്ചറിഞ്ഞ കാര്യം. )


അവിടെ അവര്‍ അറവാണികള്‍ ആയിരുന്നു. 2011 ലെ കൂവാഗം ഫെസ്ടിവലിന് ശേഷം അറവാണികള്‍ എന്ന സംബോധന മാറ്റി ‘തിരുനങ്കൈ’ (മലയാളം വാക്കില്ല, ആദരിക്കപ്പെടെണ്ടവര്‍ എന്നര്‍ത്ഥം ) എന്ന് വിളിക്കാന്‍ തീരുമാനം ആയി. അരവാണികളുടെ ചരിത്രം ഇവിടെ വായിക്കാം. സര്‍ക്കാര്‍ അപേക്ഷകളിലെല്ലാം തന്നെ Male / Female എന്നതിന്റെ കൂടെ ‘others’ എന്നൊരു ഒപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ലിംഗാതീതരുടെ  ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഈയിടെ ഇറങ്ങിയ ‘അര്‍ദ്ധനാരി’ അത്തരത്തില്‍ ഒന്നായിരുന്നു.

Handicaped എന്നെഴുതിയിടത്ത് Physically Disabled , അവിടെ ശേഷം physically challenged ഇപ്പോള്‍ Speciallly Abled ... എന്ന രീതിയില്‍ ആണ് മാറ്റങ്ങള്‍. കാഴ്ചപ്പാടുകള്‍ ഇനിയും മാറട്ടെ. സമത്വവും മനുഷ്യത്വവും നിറഞ്ഞ ഒരു സമൂഹത്തിലേക്കുള്ള യാത്ര തുടരട്ടെ.

Friday

സാമ്രാജ്യത്വ കുത്തകള്‍ക്കെതിരെ ഉള്ള എന്‍റെ പോരാട്ടം

" 'സോപ്പ്' - നിങ്ങള്‍ക്കറിയുമോ കൂട്ടുകാരെ ഒരു ലക്സ് സോപ്പിന്റെ നിര്‍മാണചിലവ് എത്രയാണെന്ന്?  അസംസ്കൃത രാസവസ്തുക്കളും മൃഗക്കൊഴുപ്പും മണവും ചേര്‍ത്ത് നമുക്ക് പതിനഞ്ച് രൂപയ്ക്ക് തരുന്ന ഈ സോപ്പ് നിര്‍മിയ്ക്കാന്‍ കമ്പനിയ്ക്ക് ആകെ ചെലവ് വെറും രണ്ടു രൂപയില്‍ താഴെ. ഐശ്വര്യാ റായ്ക്ക് കോടികള്‍ കൊടുത്ത് പരസ്യങ്ങള്‍ നിര്‍മിച്ച്  നമ്മളിലേക്കെത്തുന്ന ഈ സോപ്പിനു നമ്മള്‍ കൊടുക്കുന്ന കാശിന്റെ അഞ്ചിലൊന്ന് മൂല്യമോ ഗുണമോ ഇല്ല..."

ശിവദാസേട്ടന്‍ പറഞ്ഞു പറഞ്ഞു കത്തിക്കയറുന്നത് കണ്ടപ്പോള്‍ ലക്സ് കമ്പനിയോട് എന്തോ കുടിപ്പകയുണ്ടെന്നു തോന്നിപ്പോയി.  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പയിന്‍ തകൃതിയായി നടക്കുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. 

ചുരുങ്ങിയ ചിലവില്‍ സോപ്പ് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍ ഒന്നരാടം മാത്രം കാക്കക്കുളി നടത്തുന്ന എനിക്ക് 'ഓ പിന്നെ' എന്നാണ് തോന്നിയത്. (അതെ...പത്താംക്ലാസ്സ് വരെ ഒന്നിടവിട്ട ദിവസങ്ങളിലെ ഞാന്‍ കുളിക്കു. തുടര്‍ച്ചയായി മൂന്നു ദിവസം കുളിച്ച ചരിത്രം ഉണ്ടായിട്ടേ ഇല്ല ! ) . പക്ഷെ എന്നിലെ കച്ചവടക്കാരന്റെ ഉള്ളില്‍ ലഡ്ഡുകള്‍ പൊട്ടി. 

ഒരു സോപ്പ് കിറ്റിനു 45-60 രൂപ വരെ , മണത്തിനു അനുസരിച്ചാണ് വില. ഒന്നേകാല്‍ ലിറ്റര്‍ വെളിച്ചെണ്ണയും കൂട്ടി സോപ്പുണ്ടാക്കിയാല്‍ 20-22 സോപ്പ് വരെ കിട്ടും. ശുദ്ധമായ വെളിച്ചെണ്ണ കൂട്ടിയുണ്ടാക്കുന്ന ഒരു സോപ്പിന് പരമാവധി 7 രൂപ ചിലവാകും. പാക്കിംഗ് ചിലവും കൂട്ടിയാല്‍ 8 രൂപ. 12 രൂപയ്ക്ക് വിറ്റാല്‍ സോപ്പോന്നിനു നാലു രൂപ ലാഭം , കിറ്റ് ഒന്നിന് 80 രൂപ മിനിമം ലാഭം. ടന്‍ട്ടഡാന്‍ ! ശോ.. ആവേശം കൊണ്ട് നിക്കാനും ഇരിക്കാനും വയ്യ. 

പത്തു ദിവസം കൊണ്ട് സംഗതി പഠിച്ചെടുത്തു പണിയാങ്ക്ട് തുടങ്ങി. കച്ചോടോം... ഇങ്ങനെയോക്കെല്ലേ അനുഭവങ്ങള്‍ ഉണ്ടാവുക.

# കാസ്ടിക് സോഡയും വെളിച്ചെണ്ണയും ടാല്‍കം പൌഡറും ഇട്ട് അരമണിക്കൂര്‍ ഇളക്കണം. ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ കയ്യങ്കുട് കഴച്ചു. ഒരു അഞ്ചു മിനിറ്റ് റെസ്റ്റ് ഇരുന്നതാ, ആ സ്റ്റീല്‍ പാത്രത്തിന്റെ വലുപ്പത്തില്‍ ഒരു ആന സോപ്പ് റെഡി !

# "മഞ്ഞളും ചന്ദനവും .. നറുമണമേകും സന്തൂര്‍ .." മനപ്പാടമായ പരസ്യ പാട്ട് !  എന്നാ നിങ്ങള് കേട്ടോ, സോപ്പില്‍ ഒരു തുള്ളി മഞ്ഞള് ചേര്‍ക്കാന്‍ പറ്റില്ല. ആസിഡ് - ആല്‍ക്കലി ന്യൂട്രലൈസേഷന്‍. സോപ്പിന്റെ കൂട്ടില്‍ മഞ്ഞള്‍ അരച്ച് കലക്കി ഇത്തിരി ഒഴിച്ചേ ഉള്ളു. എല്ലാം കൂടെ ചൊവന്നാങ്കിട് പോയി. ദാ കെടക്കുന്നു ഉറുപ്പ്യ നൂറ്റി ഇരുപതു തെങ്ങിന്‍ചോട്ടില്‍. :(  :(

# ആദ്യ സെറ്റ് സോപ്പുണ്ടാക്കി അടുത്ത വീടുകളില്‍ കൊടുത്തു. ഫീട്ബാക് അറിയണം. കുളക്കടവില്‍ നിന്ന് കുളി കഴിഞ്ഞു രാധികചേച്ചി വരുന്ന ഇടവഴിയില്‍ ചാരക്കണ്ണുകളുമായി ഞാന്‍ കാത്തു നിന്ന്. 

"ങ്ങനുണ്ട് ചേച്ച്യേ എന്‍റെ സോപ്പ്??"

വേലക്കാരി ശാലിനിയെ കണ്ട ജയന്തി ടീച്ചറെ പോലെ ഒരു നോട്ടം 

- വെള്ളം നനച്ച് ഞാനൊന്നു പതച്ചൂഡാ... നല്ല അസ്സല് പത, പക്ഷെ ആ പതയെ കണ്ടുള്ളൂ.. പിന്നെ സോപ്പ് കണ്ടില്ല. ങ്ങുഹും .. 

അവരങ്കിടും ഞാനിങ്കിടും നടന്നു. 

# അച്ചില്‍ നിന്ന് അടര്‍ത്തിയെടുത്ത സാന്ടില്‍ സോപ്പ്.. നല്ല ഭംഗിയുണ്ടായിരുന്നു കാണാന്‍. ട്രേയില്‍ ഉണക്കാന്‍ വച്ച് കുറച്ചീസം ആയിക്കാണും. 

വീട്ടില്‍ വല്ലപ്പോഴും വരാറുള്ള ബഷീറിക്ക ഹോട്ടലുമുതലാളിയാണ്. ചായ കൊടുത്ത് വര്‍ത്താനങ്ങള്‍ പുരോഗമിക്കുന്നു. 

"ഇവിടിണ്ടാക്കിയതാ .. എങ്ങനുണ്ട് നോക്കിന്‍ "  സോപ്പിന്റെ ട്രേ എടുത്ത് അമ്മൂമ്മ ഇക്കാക്ക്‌ നേരെ നീട്ടി. 

ആഹാന്നു പറഞ്ഞ് പുള്ളി ഒരെണ്ണം എടുത്ത് മണപ്പിക്കാന്‍ ഉയര്‍ത്തി. ഞങ്ങള്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു വലിയ കഷ്ണം അങ്ങേര്‍ അതില്ന്നു കടിച്ചെടുത്തു !

മൈസൂര്‍പ്പാക്ക് പോലെ എന്തോ ഒരു പലഹാരം ആണെന്ന് വിചാരിച്ചു ത്രേ ...

# ഉണ്ടാക്കിയ സോപ്പുകള്‍ പരീക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഡെയിലി കുളിയ്ക്കാന്‍ തുടങ്ങി. ആ പാതകം ഇന്നും നിര്‍ബാധം തുടരുന്നു. 



പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി നല്ലൊരു സോപ്പ് നിര്‍മാതാവായി അത്യാവശ്യം പോകറ്റ് മണി ഉണ്ടാക്കി തുടങ്ങി. സോപ്പ് വില്‍പ്പന കുറഞ്ഞ കടക്കാരന്‍ ആപ് ചതിച്ച കോണ്ഗ്രസ്സിന്റെ അവസ്ഥയില്‍ ആയി. 

ആ ബാലസംരംഭകന്റെ (അങ്ങനൊരു പ്രയോഗം ഉണ്ടോ ആവൊ ? ) സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നു. കച്ചവടം നിന്നെങ്കിലും വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉള്ള സോപ്പ് പിന്നെയും ഏറെക്കാലം ഉണ്ടാക്കി ഉപയോഗിച്ചു .

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അടുത്ത യൂനിറ്റ് വാര്‍ഷികത്തില്‍ ശിവദാസേട്ടന്‍ ഇങ്ങനെ പറഞ്ഞു  "ഏറെക്കാലങ്ങളായി വന്‍കിട സാമ്രാജ്യത്വ കുത്തക മുതലാളിമാര്‍ക്കെതിരെ സോപ്പ് നിര്‍മ്മാണത്തിലൂടെ ഒരു ചെറിയ വിപ്ലവം തന്നെ നയിച്ച ശ്രീ. രഞ്ജിത്ത് കുമാറിനെ യൂണിറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യുന്നു."  ചുറ്റും കയ്യടികള്‍ ! 

Monday

-------- മൂന്ന് മരണങ്ങൾ ---------



ചില ഉച്ചമയക്കത്തിന്റെ സമയങ്ങളിൽ അലറിക്കരഞ്ഞ് നിലവിളിച്ചുകൊണ്ട് വീട്ടിലേക്കു ഓടിവന്നു കയറുന്ന ജാനുവമ്മ എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഇന്നും മായാതെ നിൽക്കുന്നു, അതുകൊണ്ട് തന്നെ വാസുനായരും. എഴുപതിനോട് അടുത്ത് പ്രായം ഉണ്ട് വാസുനായർക്ക്‌, അറുപതു കഴിഞ്ഞ് ജാനുവമ്മയും. മക്കളില്ല. നായര് പട്ടാളത്തിൽ നിന്ന് വിരമിച്ചതാണ്.  നല്ലോണം കുടിക്കും എന്നതൊഴിച്ചാൽ പരമയോഗ്യൻ ആണീ വാസുനായര്. മാസാമാസം പെൻഷൻ വാങ്ങാൻ പോവുമ്പോ മിലിട്ടറി കാന്റീനിൽന്നു കിട്ടുന്ന ക്വാട്ടയൊക്കെ ദാ ന്നു പറയുമ്പോഴേക്കും തീര്ക്കും. വീട്ടില് ചോറും കൂട്ടാനും വെക്കാനുള്ളതൊഴിച് ബാക്കി സകല കാശിനും കുടിച്ചു തീർക്കും. അങ്ങനെ ചില ദിവസങ്ങളിൽ കുടി കഴിഞ്ഞാൽ ജാനുവമ്മയ്ക്കിട്ടു പൊതിരെ തല്ലും. ആ ദിവസങ്ങളിലാണ് അവർ കരഞ്ഞുകൊണ്ട് ഞങ്ങടെ വീട്ടിലേക്കു കയറി വരിക. എന്നാലോ അടുത്ത ഊണിനോ ചായക്കോ നേരായാൽ വന്നതിനേക്കാൾ വേഗത്തിൽ ഇയമ്മ തിരിച്ചോടും, നായർക്ക്‌ വെച്ചുണ്ടാക്കി കൊടുക്കാൻ. അങ്ങനൊരു സെറ്റ് അപ്പ്‌ ആണ് ഇവർ തമ്മിൽ . 

പൊതുവെ ഈ വാസുനായരെ എനിക്കും ചേച്ചിക്കും ഒക്കെ പേടിയായിരുന്നു. ആ മനുഷ്യൻ ഒന്ന് പുഞ്ചിരിച്ച് ഞങ്ങളന്നുവരെ കണ്ടിട്ടില്ല. കുഴിയിലേക്ക് വീണ വലിയ കണ്ണുകൾ  , നീണ്ടു നരച്ച താടി. കഷണ്ടി തല. എഴുപതിലും ഉറച്ച ശരീരം. ഗുഹയ്ക്കുള്ളിൽ നിന്ന് വരുന്ന പോലെ മുഴങ്ങുന്ന ശബ്ദം. ആള് ജീനിയസ് ആണ് . മുപ്പട്ട് വെള്ളിയാഴ്ച ( മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച) ചാത്തൻ സേവയ്ക്ക് പൂജ കഴിയ്ക്കാൻ തുളസി പറിയ്ക്കാൻ മാത്രമേ ഞങ്ങൾടെ വീട്ടിലേക്കു വരൂ. വീട്ടിൽ അമ്മൂമ്മയടക്കം എല്ലാർക്കും മൂപ്പരോട് വലിയ ബഹുമാനം ആണ്. എന്തിനും ഏതിനും വാസുനായരോട് അഭിപ്രായം ചോദിയ്ക്കാൻ വല്ല്യ ഉത്സാഹവും.  ഇത്തിരി വിവരം ഉണ്ടെന്നു വച്ച് കള്ളുകുടിയനെ ബഹുമാനിക്കാൻ ആ അഞ്ചാംക്ലാസ്സുകാരന് തോന്നിയില്ല. 

ചോര ശർദ്ധിച്ച് വയ്യാതെ കിടക്കാന്നു കേട്ടപ്പോ അമ്മൂമ്മയുടെ കൈയിൽ തൂങ്ങി ഞാനും കാണാൻ പോയി വാസുനായരേ. നിലത്തു വിരിച്ച കോസറിയിൽ കിടക്കുകയായിരുന്നു. ജാനുവമ്മ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. ശബ്ദം കേട്ടപ്പോൾ അയാൾ എഴുന്നേറ്റ് ചമ്മണം പടിഞ്ഞിരുന്നു. പതിവിൽന്നു വിപരീതമായി ശാന്തമായിരുന്നു ആ മുഖം. എന്നെ നോക്കി ഒന്ന് ചിരിച്ചതാണ്  ഏറെ അത്ഭുതപ്പെടുത്തിയത്. അമ്മൂമ്മ എന്തൊക്കെയോ ചോദിച്ചെങ്കിലും ഒരു മറുപടിയും നൽകാതെ പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു അയാൾ. കാഴ്ച്ചയിൽ വേറെ ക്ഷീണം ഒന്നും കണ്ടില്ല . ജാനുവമ്മയോടു യാത്ര പറഞ്ഞ് അമ്മൂമ്മ എഴുന്നേറ്റു, കൂടെ ഞാനും. 

അത്രനേരം മിണ്ടാതിരുന്ന വാസുനായര് എന്നെ നോക്കി കൈപ്പത്തി ഒന്ന് മുകളിലേക്കുയർത്തി . ഒന്നും മനസ്സിലാകാതെ അന്ധാളിച്ച് നിന്ന എന്നെ പിന്നിൽ നിന്ന് അമ്മൂമ്മ ഉന്തി വിട്ടു.. "അടുത്തേക്ക് പോ കുട്ടി.."

മടിച്ചു മടിച്ചു അടുത്തേക്ക് പോയ എന്റെ തലയിലേക്ക് ആ കൈപ്പത്തി അമർന്നു. ഏതോ ഒരു ഉൾപ്രേരണയാൽ ഞാൻ അയാളുടെ കാലു തൊട്ടു തൊഴുതു. കൈകൾ എടുക്കാതെ തന്നെ അയാൾ അമ്മൂമ്മയെ നോക്കി പറഞ്ഞു .. "ചെക്കൻ മിടുക്കനാ.... ഹഹഹ... "  ശേഷം എന്റെ മുഖത്ത് നോക്കി ഒന്നുകൂടെ പുഞ്ചിരിച്ചു... "നന്നായി വരും ട്ടോ... "

ഒന്ന് ചിരിക്കുക മാത്രം ചെയ്ത് ഞാൻ അമ്മൂമ്മയുടെ അടുത്തേക്ക് ചെന്ന്. ജാനുവമ്മ വല്ലാത്ത ഒരു അത്ഭുതത്തോടെ അമ്മൂമ്മയെ നോക്കി. പടിക്കെട്ടുകൾ ഇറങ്ങി ഒരൽപം ദൂരമേ ആയുള്ളൂ. ജാനുവമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. അകത്തേക്ക് ഓടിചെന്ന് നോക്കുമ്പോൾ ഇരുന്ന ഇരുപ്പിൽ നിന്ന് പുറകിലേക്ക് മറിഞ്ഞു വീണു കിടക്കുന്നു ആ വയോധികൻ. ആദ്യമായും അവസാനമായും കണ്ട ആ പുഞ്ചിരിയും തലയിലമർത്തി പിടിച്ച കൈകളുടെ ഭാരവും പിന്നെയും എത്രയോ ദിവസം എന്നെ ചുറ്റി നിന്നു. . 

----------------------------------

എഴാം ക്ലാസ്സിലെ വെക്കേഷൻ ആണ്. ഇപ്പോഴുള്ള വീട് മാറണം. വാടകവീട് അന്വേഷിച്ചാണ് ഞാനും അമ്മയും അവിടെ ചെന്നത്. സ്ഥലമന്വേഷിച്ചപ്പോൾ പറഞ്ഞു "നിങ്ങൾ പറഞ്ഞ തങ്കമ്മേടെ വീട് ദാ അപ്പ്രത്ത് കാണണതാണ് പക്ഷെ തങ്കയമ്മെ കാണാനെങ്കില് ആ പൈപ്പിൻചോട്ടിൽ പോണം."

ഞങ്ങളങ്ങോട്ടു നടന്നടുക്കുമ്പോൾ നല്ല കൂട്ടതല്ലിന്റെ ബഹളം. അടുത്തെത്തിയപ്പോൾ മനസ്സിലായി ഒരു പ്രായമായ സ്ത്രീയും ചെറുപ്പക്കാരിയും തമ്മിലാണ് വഴക്ക്. ഞാനന്ന് വരെ കേക്കാത്ത തെറികൾ അവിടെ അലയടിച്ചു നിക്കുന്നു. 
"ഡാ രാജു... തിരിച്ചു പോവാടാ.. ആകെ കച്ചറ എരിയയാണ്‌. ." അമ്മ പറഞ്ഞു 

അല്ലമ്മെ... ഇത്ര ദൂരം വന്നില്ലേ.. ഏതായാലും വീടൊന്നു കണ്ടിട്ട് പോവാം. 

അതേയ്... ഈ തങ്കയമ്മ ആരാ?  ഒക്കത്ത് കുടം വച്ച് വരുന്ന ഒരു പെണ്ണിനോട് അമ്മ ചോദിച്ചു. അവളൊന്നു ഊറി ചിരിച്ചു.. എന്നിട്ട് തിരിഞ്ഞു നിന്ന് നീട്ടി വിളിച്ചു  "തങ്കയമ്മെ ...ദാ.. നിങ്ങളെ തെരഞ്ഞ് ആള് വന്നിരിക്കിണൂ.."

ഒരു കാലിക്കുടം പൊക്കിയെടുത്തു മറ്റേ സ്ത്രീയെ തല്ലാൻ ഓങ്ങി നിന്ന ആ പ്രായം കൂടിയ സ്ത്രീ  നിന്ന നിൽപ്പിൽ തന്നെ ചോദിച്ചു "ആരാണ്ടിയത്.... ?"

പ്ലിംഗ്.... ഈ കച്ചറ ഏരിയയിലെ കൂതറ തള്ളേടെ വീടാണോ നമ്മൾ അന്വേഷിച്ചു വന്നേ.. ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. ഞങ്ങളെ കണ്ടതും അയമ്മടെ മുഖം ചമ്മി ചളുങ്ങി. കയ്യിലെ കുടം താഴെ വച്ച് അടുത്തേക്ക് വന്നു. 

ആരാ? എന്താ?  ... വീടന്വേഷിച്ച്‌ വന്നതാന്നു പറഞ്ഞപ്പോൾ ആ മുഖത്ത് ഒരു നൂറു വാട്ടിന്റെ ബൽബിട്ട  പോലെ.... 

അവരുടെ പുറകെ വീട്ടിലേക്കു ഞങ്ങൾ നടന്നു.  " ആ പെണ്ണ് എന്റെ മൂത്ത മരുമോളാന്നും ... എനിക്ക് പറ്റിയ ഒരു തെറ്റ്.. എന്നെ അതിനു കണ്ണെടുത്താ കണ്ടൂടാ... ശണ്ട കൂടാൻ വന്നാൽ അരയ്ക്കു കീപ്പട്ടെ പറയൂ.. എന്റെ വീട്ടിന്നു പുറത്താക്കി ഞാൻ ഒക്കെത്തിനേം .. കൊറേ അപ്പ്രതാണ് താമസം. ."

ഞങ്ങൾ ഒന്നും മിണ്ടാതെ നടന്നു. ഒട്ടും ആഗ്രഹിച്ചതല്ലെങ്കിലും ആ വീടിലേക്ക്‌ താമസം മാറേണ്ടിയും വന്നു.  നാലഞ്ച് മുറികൾ ഉള്ള വീട്ടിൽ അവർ ഒരു മുറിയും, മരുമകൾ മുൻപുണ്ടാക്കിയ രണ്ടാമത്തെ അടുക്കളയും എടുത്തു ബാക്കി ഞങ്ങൾക്ക്  തന്നു. ആദ്യത്തെ മൂന്നാല് ദിവസം കൊണ്ട് തന്നെ തങ്കയമ്മയെ പറ്റി ആദ്യം കിട്ടിയ സകല ധാരണയും മാറി. സ്വന്തം പേരമക്കളെ പോലെ എന്നേം ചേച്ചിയെയും അവർ നോക്കി. ദിവസവും പലതരം പലഹാരങ്ങൾ ഉണ്ടാക്കി തന്നു. രാത്രി കരണ്ട് പോകുന്ന നേരത്ത് മടിയിൽ കിടത്തി കഥകൾ പറഞ്ഞു തന്നു. വെക്കേഷൻ രണ്ടു മാസം ആഘോഷമായി കടന്നു പോയി. ഞാനും ചേച്ചിയും അമ്മൂമ്മയ്ക്ക് കൊടുക്കുന്ന അതേ സ്നേഹവും പരിഗണനയും  തങ്കമുത്തിയ്ക്കും കൊടുത്തു. 

സ്കൂള് തുറക്കാൻ ഇനി മൂന്നാല് ദിവസം കൂടി. എന്ത് കാരണം കൊണ്ടാണെന്ന് ഓർമയില്ല ... ഞാനാ ദിവസം വഴക്കാളിയായിരുന്നു. അമ്മയോടും അമ്മൂമ്മയോടും വഴക്കടിച്ച് കരച്ചിലും ചീത്തവിളിയും കൊണ്ട് വീട് പൂരപ്പറമ്പാക്കി. ഉച്ചയ്ക്ക് എല്ലാരും ഊണ്കഴിച്ചിട്ടും  ഞാൻ കഴിക്കാൻ പോയില്ല. ഒടുവിൽ തങ്കയമ്മ അടുത്തേക്ക് വന്നു. കയ്യിൽ കിട്ടിയതൊക്കെ ഞാൻ അവരുടെ നേർക്കെറിഞ്ഞു . 

"ആ ചെക്കനു ഇന്ന് വാവാ തങ്കെമെ... അതിന്റെ അടുത്തേക്ക് പോകാൻ നിക്കണ്ട.. വെശന്ന് വയറു ചുക്കുമ്പോ തന്നെ മാറും "  അമ്മ വിളിച്ചു പറഞ്ഞു. അതൊന്നും വകവെയ്ക്കാതെ അവർ എന്റടുത്തു വന്നു ചേർത്ത് പിടിച്ചു. ഞാൻ വിങ്ങി വിങ്ങി കരഞ്ഞു. 

"അയ്യേ.. എന്റെ കുട്ടൻ ഇത്രേള്ളൂ ... ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കരയാൻ നിന്നാലോ.. ചെക്കൻകുട്ടികൾ ഇങ്ങനയാ ? എന്തൊക്കെയോ പറഞ്ഞ് ഒരുപാടു ആശ്വസിപ്പിച്ചു . അവരുണ്ടാക്കിയ ചോറും കറിയും എടുത്തു വരി തന്നു. അപ്പോഴേക്കും ഉച്ച മയങ്ങിയിരുന്നു. മുഖം കഴുകി പുറത്തു പോയി കളിയ്ക്കാൻ പറഞ്ഞു. വീടിനു കുറച്ചു ദൂരെ കുട്ടിയും പുള്ളും  കളിക്ക്യായിരുന്നു ഞാൻ. അടുത്ത വീട്ടിലെ അശ്വതിയാണ് ഓടി വന്നത് പറഞ്ഞത്. തങ്കമുത്തി വീണു. 

ഞാൻ വീട്ടിലേക്കു ഓടിചെല്ലുമ്പോൾ അമ്മയും ചേച്ചിയും ചേർന്ന് അവരെ താങ്ങിയെടുത്ത് കോലായിൽ  കിടത്തുകയായിരുന്നു. വല്ലാത്ത ഒരു മുരൾച്ചയോടെ ശ്വാസം കിട്ടാതെ അവർ വലിച്ചു കൊണ്ടിരുന്നു. ഞാൻ നെഞ്ചു തടവിക്കൊടുത്തു. 

"കുട്ടാ... കുട്ടാ... ഇത്തിരി വെള്ളം തായോ... അയ്യോ.. " എന്റെ കയ്യും കാലും ഒക്കെ വിറച്ചു. അമ്മൂമ്മ എടുത്ത്  തന്ന ഇളം ചൂട് വെള്ളം    ഞാൻ അവരുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. രണ്ടു കവിൾ ഇറക്കി. ശബ്ദവും അനക്കവും നിലച്ചു. തുറന്നു പിടിച്ച വായിൽ ഞാൻ അൽപം കൂടി വെള്ളം ഒഴിച്ചു. അത് ഇറങ്ങിയില്ല. തൊണ്ടയിൽ നിന്ന് രണ്ടു മൂന്നു ചെറിയ വായു കുമിളകൾ പൊന്തി വന്നു. കാൽ വെള്ളയും കൈകളും തിരുമ്മി കൊടുത്തു കൊണ്ടിരുന്ന അമ്മയും ചേച്ചിയും .. എല്ലാവരും നിശബ്ദരായി. അയൽവക്കത്ത്‌ നിന്നും എല്ലാവരും ഓടിക്കൂടിയിരുന്നു. അതിലൊരു ഉമ്മ വിതുമ്പി കൊണ്ട് പറഞ്ഞു....
 "അങ്ങനെ തങ്കമ്മേടെ കാര്യം കഴിഞ്ഞു...."   ഉൾക്കൊള്ളാനാവാതെ ഏറെ നേരം ഞാനിരുന്നു. മരണദിവസം മുഴുവൻ കരയാൻ മടിച്ചിരുന്ന അവരുടെ മരുമോൾക്കും പേരക്കുട്ടികൾക്കും എന്റെ ഉച്ചത്തിലുള്ള കരച്ചിൽ വലിയ ബാധ്യതയായി.

-------------------------------------

ടെസ്റ്റ്‌ രിസൽട്ടുകളും , ട്രീറ്റ്മെന്റ് ഷീറ്റുകളും കൊണ്ട് വൈദ്യമഠം നമ്പൂതിരിയെ കാണാൻ ചെന്ന് അമ്മ മടങ്ങിയെത്തുമ്പോൾ സന്ധ്യയായി. എന്റെ ചങ്കിടിപ്പ് കൂടി വന്നു. അമ്മയുടെ മുഖം ശാന്തമാണ്‌. കയറിയപാടെ എന്നോട് ചോദിച്ചു,

 "കുടിയ്ക്കാൻ വല്ലതും ഉണ്ടോ കുട്ടി?"

നാലുമണിയ്ക്കുണ്ടാക്കിയ ചായ ഒന്ന് ചൂടാക്കി തിടുക്കത്തിൽ അമ്മയ്ക്ക് കൊടുക്കുമ്പോഴും വേറെ ഒന്നും പറയുന്നില്ല ,. ചായ കുടിച്ചു തീരുന്നത് വരെ ഞാനും ഒന്നും മിണ്ടിയില്ല. അക്ഷമനായി ഞാനാ മുഖത്തേയ്ക്കു തുറിച്ചു നോക്കുന്നത് കൊണ്ടാവണം ചായഗ്ലാസ് നിലത്തു വച്ച് എന്നെ നോക്കി ഒന്ന് ചിരിച്ചു അമ്മ. അതൊരു പോസിറ്റിവ് സിംബൽ ആണ്. എന്നുവച്ചാൽ മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയുന്ന പ്രശ്നം മാത്രമാവണം അമ്മൂമ്മയ്ക്ക്. ആ മാത്രയിൽ എന്റെ മനസ്സ് വല്ലാതൊന്നു ആശ്വസിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ചിരിക്കുന്ന ചുണ്ടുകൾ ഒന്ന് കോടി, പതിയെ ആ ചിരി മാഞ്ഞു , ഒരു വിറയലായി മാറി ... എൻറെ കൈകൾ മുറുകെ പിടിച്ചു തല താഴ്ത്തി. ജീവിതം മുഴുവൻ ഈ ഏകമകൾക്കും ഞങ്ങൾ പേരമക്കൾക്കും വേണ്ടി ജീവിച്ചു തീർത്തവരാണ്. അവരില്ലാത്ത വീട് സങ്കൽപ്പിക്കാൻ പോലും വയ്യ.

അച്ഛനേക്കാളും അമ്മയേക്കാളും ഏറെ എന്നെ ഞാനാക്കിയത് അമ്മൂമ്മയാണ്. സംയമനത്തിന്റെയും ആത്മധൈര്യത്തിന്റെയും കർമ്മനിരതയുടെയും പ്രതിരൂപം. അത്രയൊക്കെ അറിഞ്ഞും ശ്രദ്ധിച്ചും പഠിച്ചും ജീവിച്ചിട്ടും ഞങ്ങൾ നാലു പേരും ഈ കുടുംബവും അല്ലാതെ വേറൊന്നും ജീവിതത്തിൽ നേടാൻ സാധിക്കാതെ പോയവർ. ജീവിതസായാഹ്നത്തിലെങ്കിലും അവർക്ക് ഒരുപാടു നല്ല അനുഭവങ്ങൾ നൽകണമെന്നായിരുന്നു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകണം, ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കണം, ഞാനും ചേച്ചിയും ജീവിതത്തിൽ ഉയരങ്ങൾ കൈവരിക്കുന്നതിന് അവർ സാക്ഷിയാവണം...

ചെറിയ ശ്വാസം മുട്ടൽ വലിയ കാൻസറിന്റെ ലക്ഷണമയിരുന്നുവെന്നു അറിയാൻ ഏറെ വൈകി. ജീവിതത്തിലെ ഒട്ടനവധി പ്രശ്നങ്ങളും വെല്ലുവിളികളും ദുരന്തങ്ങളും സധൈര്യം അതിജീവിച്ച അവർ പക്ഷെ ഇവിടെ വല്ലാതെ ദുർബലയായി കാണപ്പെട്ടു. എന്നെ ഏറെ ദുഖിപ്പിച്ചതും ഈ നിസ്സഹായത തന്നെ. പ്രതീക്ഷകൾ നഷ്ടപ്പെട്ട, ഭയം തീണ്ടിയ കണ്ണുകൾ ഓരോ തവണ കാണുമ്പോഴും ഞാൻ ഉള്ളിൽ നീറിക്കരഞ്ഞു. ഡിഗ്രീ ഫൈനൽ ഇയറിന്റെ പരീക്ഷാസമയം ആയിരുന്നിട്ടും  ആവുന്ന ദിവസങ്ങളിൽ ഒക്കെ ഞാൻ ലീവെടുത്ത് കൂട്ടിരുന്നു. 

പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ അമ്മൂമ്മയ്ക്ക് എന്നോട് പലതും ഓർമപ്പെടുത്താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്ര കാലം പകർന്നു തന്ന അറിവുകളും മൂല്യങ്ങളും ഒക്കെ. ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോഴും ഞാൻ പറയും ..

"ഇതൊക്കെ പറയണത് എന്തിനാ സരസമ്മെ.. ഇനിയുമെത്ര കൊല്ലം കെടക്കുന്നു വിശദമായി പറയാൻ.. ങ്ഹെ?"

നാൾക്കുനാൾ ആ ശരീരം ശോഷിച്ചു വന്നു. അടുത്ത് ചെല്ലുമ്പോൾ ഒക്കെ എന്റെ കയ്യിലും ദേഹത്തും ഉമ്മവച്ചു. തിരിച്ചും. ഒന്നിടവിട്ട ദിവസങ്ങളിൽ ഇൻജക്ഷൻ വേണ്ടി വന്നു. പിറ്റേന്ന് പ്രാക്റ്റികൽ എക്സാം ആയിരുന്നെങ്കിലും ഒന്നും പഠിക്കാൻ തോന്നിയില്ല. കാലത്തും ഉച്ചയ്ക്കും ഞാൻ തന്നെ ഭക്ഷണം കൊടുത്തു. വളരെ കുറച്ചേ കഴിച്ചുള്ളൂ. വൈകീട്ട് ശ്വാസം മുട്ടൽ ഒന്ന് കൂടി . ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തയ്യാറെടുപ്പിക്കുമ്പോൾ ..
"എന്നെ എങ്ങട്ടും കൊണ്ട് പോണ്ടാ കുട്ടീ.... നിങ്ങൾ എന്റെ കൂടെ ഇരിക്ക്" എന്ന് ശഠിച്ചു. 

പുറത്തു  തലോടിക്കൊടുത്തപ്പോൾ ദേഹത്തേക്ക് ചാഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. നിമിഷങ്ങൾ  ഏറെക്കഴിഞ്ഞു ആ ശ്വാസം നിലച്ചത് ഞാൻ അറിയാൻ. 

ചിതയ്ക്ക് ഞാൻ തീ കൊടുക്കുമ്പോഴും കരച്ചിൽ ഉള്ളിൽ നിന്നും വന്നില്ല, കാരണം ഞാനാ മരണം ഉൾക്കൊണ്ടിരുന്നില്ല. ഞാനൊരു നല്ല നിലയിൽ എത്തുന്നത്‌ കാണാതെ, അവരുടെ ചെറിയ പല ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കാതെ വിട്ടുപോവുമെന്നു  അറിഞ്ഞില്ല. ശേഷം എത്രയോ നാളുകൾ ഞാനവരെ വീട്ടിൽ കണ്ടു, തൊട്ടടുത്ത്‌ ചിരിച്ചു കൊണ്ട് നിൽക്കുന്നു , പത്രം വായിക്കുന്നു, അടുക്കളയിൽ നിന്ന് ചോറ് നിറച്ച പാത്രം മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു എന്റെ നേരെ നീട്ടുന്നു... അങ്ങനെ അങ്ങനെ..  വർഷം നാല് കഴിഞ്ഞിട്ടും അവരോടു കാലം ഒട്ടും നീതി കാണിച്ചില്ലല്ലോ എന്ന പരാതി ആരോട് പറയും എന്നറിയാതെ ഞാൻ... എത്ര യുക്തിചിന്തകൾ ഉള്ളിൽ നിറച്ചാലും സ്വർഗത്തിലിരുന്നു അവർ ചിരിക്കുന്നു, സന്തോഷിക്കുന്നു.. ആ അനുഗ്രഹങ്ങൾ എന്റെ കൂടെ നിൽക്കുന്നു എന്നൊക്കെ അന്ധമായി വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. എന്നും..


ഒരു നാറിയ പ്രതികാരത്തിന്റെ കഥ

അച്ഛന്റെ അമ്മയെ ഞങ്ങള്‍ മുത്തി എന്നാണ് വിളിച്ചിരുന്നത്‌...,.. വയസ്സ് അറുപത്തഞ്ചു കഴിഞ്ഞെങ്കിലും തലയില്‍ ഒരിഴപോലും നരയ്ക്കാത്തത് കൊണ്ട് സമപ്രായക്കാരായ തറവാടിതള്ളമാര്‍ അവരെ രഹസ്യമായും പരസ്യമായും ‘കാക്ക’യെന്നു വിളിച്ചിരുന്നു. തറവാട്ടിലും നാട്ടിലും കിരീടം വക്കാത്ത റാണിയെ പോലെ, ആരെയും കൂസാതെ അവര്‍ ജീവിച്ചു.  ‘ഒഴിമുറി’യിലെ കാളിപിള്ളയുടെ വയസ്സുകാലം ഓര്‍മിപ്പിച്ചു  കറുത്ത ഫ്രെയിമിട്ട കണ്ണടയും വെള്ളമുണ്ടും , സ്വര്‍ണ്ണപ്പാശി ചങ്ങലയും ഒക്കെ അവരുടെ ജംഗമംഗളായി ഓര്‍മയില്‍ ഉണ്ടെങ്കിലും അതിനെക്കാളും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ആ ദേഹത്ത് നിന്നു വരുന്ന ചന്ദ്രിക സോപ്പിന്റെ നറുമണമാണ്.

കാലത്തോരേഴുമണിയാവുമ്പോള്‍ അടുപ്പില്‍ക്കൂട്ടിയ വട്ടചെമ്പില്‍ വെള്ളം ചൂടാക്കി , കുളിമുറിയില്‍ മുക്കാലിയിട്ടിരുന്ന്‍, ചന്ദ്രികസോപ്പും തേച്ച് മണിക്കൂറൊന്ന് നീളുന്ന വിസ്തരിച്ചുള്ള കുളി. അതുകഴിഞ്ഞ് നല്ലവെള്ളത്തില്‍ അല്പം പാലൊഴിച്ച് അതും കൊണ്ട് ഈറനോടെ പൂജാമുറിയില്‍ കേറി , കൈക്കുമ്പിള്‍ വലിപ്പമുള്ള ആ ശിവലിംഗം കഴുകി വൃത്തിയാക്കി പൂജ കഴിക്കും. അത് അവരുടെ നായര് പണ്ട് കാശിക്കു പോയപ്പോള്‍ കൊണ്ട് വന്നതാണ്‌ പോലും. വീട്ടിലാദ്യമായി വരുന്ന സകലരോടും ഈ ശിവലിംഗത്തിന്റെ കഥയവര്‍ പറയും, ഞങ്ങള്‍ ഒരു നൂറു ആവൃത്തി അത് കേട്ടുകാണും.

ഒരീസം ഇളയ മരുമകള്‍ അടുക്കള വര്‍ത്തമാനത്തിനിടയ്ക്ക് മൂത്ത മരുമകളോട് (എന്റെ അമ്മ) ഇങ്ങനെ പറഞ്ഞു പോലും

“എന്റെ ഏടത്യമ്മേ , അത് വല്ല തേര്പ്പറമ്പുന്നും വാങ്ങ്യതാവും. അല്ലാണ്ട്, ഇയമ്മടെ നായര് ഒരിക്ക കാശിക്ക് പോയാ പിന്നെ ബോധണ്ടേല്‍ തിരിച്ചു വീട്ടിലേക്കു വര്വോ?”

എങ്ങനെയാണെന്നറിയില്ല അത് മുത്തിയുടെ ചെവിയില്‍ താമസിയാതെ എത്തി. അടുത്ത ഓണം ഉണ്ണാന്‍ പിന്നെ ഇളയമ്മയും ഇളയച്ചനും തറവാട്ടിലിണ്ടായില്ല. അതാണ് മുത്തി. തന്റെ അധികാരമോ വ്യക്തിത്വമോ ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല. ഉള്ളില്‍ സ്നേഹവും വാത്സല്യവും ഒക്കെ ഉണ്ടെങ്കിലും പുറത്ത് അതിന്റെ പത്തിരട്ടി വാശിയും ദേഷ്യവും ഗര്‍വ്വും കാണിക്കുമവര്‍. ചുരുക്കം ചില സാഹചര്യങ്ങളില്‍ ഒഴിച്ചാല്‍ അവരുടെ സാന്നിധ്യം ഞങ്ങള്‍ കുട്ടികളില്‍ കൂടുതലും ഭയമാണ് ജനിപ്പിച്ചത്.

നറുക്ക് പിരിവും , ജൗളിക്കച്ചവടവും വീട്ടില്‍ തന്നെ നടത്തി ആ പ്രായത്തിലും അവര്‍ സാമ്പത്തികമായി സ്വയം പര്യപ്തയായിരുന്നു. സ്വന്തം മകളോടും ഇളയമരുമകളോടും ഇല്ലാത്ത പ്രിയം മൂത്ത മരുമകളായ എന്റെ അമ്മയോട് ഉണ്ടായിരുന്നെങ്കിലും മിക്കപ്പോഴും അവരുടെ ദേഷ്യവും വാശിയും തീര്‍ക്കാന്‍ നിന്നുകൊടുക്കേണ്ടി വരുന്നതും ഈ പാവമായിരുന്നു. കാലത്ത് കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കേണ്ടത് മുതല്‍ രാത്രിയിലെ ഉപ്പിട്ട ഗോതമ്പ് കഞ്ഞി വരെ അവര്‍ക്ക് വേണ്ടി തയ്യാറാക്കുന്നത് അമ്മയാണ്.

വലിയ ശബ്ദകോലാഹലങ്ങളില്ലാതെ കടന്നുപോയ ഒരു ദിവസമായിരുന്നു അത്. അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിയും ഞാനും അടുക്കളയ്ക്കിപ്പുറത്തെ ഇടനാഴിയില്‍ ചമ്മണം പടിഞ്ഞിരുന്നു ഊണുകഴിക്കുന്നു. ചീവീട് കരയുന്ന ഒച്ചയല്ലാതെ, മോരൊഴിച് കുഞ്ഞ് കൈകള്‍ കൊണ്ട് ചോരിത്തിരി ആഞ്ഞു കുഴയ്ക്കുമ്പോള്‍ നിലത്തുരയുന്ന സ്റ്റീല്‍ കിണ്ണത്തിന്റെ ശബ്ദം മാത്രം കേള്‍ക്കാം. പുറത്തെന്തൊക്കെയോ പണികള്‍ തീര്‍ത്തു അടുക്കളയില്‍ കേറിയ അമ്മ കോലയില്‍ ഇരിക്കുന്ന മുത്തിയെ കഴിക്കാന്‍ വിളിച്ചു.

“അമ്മേ, ഗോതമ്പ്കഞ്ഞി ചൂടാറുംട്ടോളൂ...”

കോലയില്‍ നിന്നു എഴുന്നേറ്റ് ഇടനാഴിയിലൂടെ വെളുത്ത മുണ്ടുകളുടെ ഇളക്കത്തില്‍ മുത്തി ഞങ്ങളെ കടന്ന് അടുക്കളയിലേക്കു പോയി. ഗോതമ്പ് കഞ്ഞിയുള്ള ചെമ്പ് പത്രം തുറക്കുന്നതും കഞ്ഞിയിളക്കുന്നതും , അമ്മ അമ്മയ്ക്ക് വേണ്ട ചോറ് കലം തുടച്ച് കിണ്ണത്തിലേക്ക് ഇടുന്നതും ഒക്കെയായി അടുക്കള ഇപ്പോള്‍ ബഹളം.

‘പ്ഫൂ...’ എന്നൊരു മുത്തിയുടെ ഒച്ചയുടെ അകമ്പടിയോടെ വലിയ ശബ്ദത്തില്‍ ചെമ്പ് പാത്രം അടുക്കളയുടെ തറയില്‍ വീഴുന്ന ശബ്ദം ഞങ്ങള്‍ കേട്ട്. ‘അയ്യോ.... ‘ എന്ന അമ്മയുടെ നിലവിളിയും.

അമ്മേ എന്ന് വിളിച്ചോണ്ട് ചേച്ചി അടുക്കളയിലേക്കു ഓടി. ഞാനെന്തുകൊണ്ടോ ഇരുന്നിടത്ത് നിന്നു അനങ്ങിയില്ല. ചോറില്‍ നിന്നു കയ്യെടുത്തു, ചെവി കൂര്‍പ്പിച്ചു.

“കൊറേ ഗോതമ്പെടുത്ത് കഴുകേം പിടിക്കേം ചെയ്യാണ്ട് വെള്ളത്തില്‍ ഇട്ട് ചൂടാക്കി ഇങ്കട്‌ തന്നോളും.. ഒന്ന് വെന്തോന്നെങ്കിലും നോക്കണ്ടേ ... വല്ല മാട്ടിനും കൊടുക്കണ പോലെ...”

മുത്തിയുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം. അവര്‍ ചെമ്പ് തട്ടിയെറിഞ്ഞതാണ്. നല്ല ചൂടുള്ള ഗോതമ്പ് കഞ്ഞി മുക്കാലും വീണത്‌ അമ്മേടെ കാലിലും. ഒരു ദേഷ്യത്തിന് ചെയ്തതാണെങ്കിലും അത് അമ്മയുടെ കാലില്‍ വീണു പൊള്ളുമെന്ന് അവര്‍ നിരീച്ചില്ല. എന്നാലോ, ആ തെറ്റ് സമ്മതിക്കാനോ താഴ്ന്നു കൊടുക്കാനോ തയ്യാറല്ലതാനും. അതോണ്ട് അവര്‍ നിര്‍ത്താതെ ഉച്ചത്തില്‍ ശബ്ദിച്ചുകൊണ്ടിരുന്നു.

“ചാവണ കാലം വരെ അവനവന് വേണ്ടത് വെച്ചിണ്ടാക്കി കഴിക്കാന്‍ എനിക്കറിയാം. ഇതെന്റെ വീടാ...”

ചേച്ചി അമ്മയേം കൊണ്ട് കൊട്ടതളത്തില്‍ പോയി കാലു മുഴുവന്‍ വെള്ളം ഒഴിച്ച് കൊടുക്കുണ്ട്. അമ്മയുടെ അമര്‍ത്തിയുള്ള തേങ്ങല്‍ കേള്‍ക്കാം. എന്റെ കണ്ണുകള്‍ നീറി. ഇയമ്മടെ ആട്ടും തുപ്പും സഹിച് തറവാട്ടില്‍ ഇങ്ങനെ നിക്കണത് എന്തിനാ? ഇളയച്ചനും വല്യമ്മയും ഒക്കെ ചെയ്ത പോലെ അന്യ നാട്ടിലിക്കും വേറെ വീട്ടിലിക്കും ഒക്കെ പോയാലെന്താ? മാസത്തില് ഒന്നോ രണ്ടോ തവണ വീട്ടിലേക്കു വരുന്ന അച്ഛന് ഇതൊന്നും മനസ്സിലാവില്ല. അല്ല... ആയിട്ടും കാര്യമൊന്നും ഇല്ല. മുത്തിയുടെ മുഖത്ത് നോക്കി കമാന്നൊരു അക്ഷരം പറയാന്‍ ആര്‍ക്കും പറ്റില്ല. ഒരുനൂറു ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

ഞാന്‍ എഴുന്നേറ്റ് പോയി കൈ കഴുകി. അടുക്കള ഒരുവിധം വൃത്തിയാക്കുന്നു ചേച്ചി. ദേഷ്യത്തിലും ഭാവത്തിലും ഒരു മാറ്റവും വരുത്താതെ മുത്തി വേറെ ഗോതമ്പ് റവയെടുത്ത് കഴുകി സ്റ്റൌവില്‍ വെയ്ക്കുന്നു. അമ്മയ്ക്ക് വേണ്ട ചോറും കറിയും എടുത്തു കോലായിലേക്ക് കൊണ്ട് പോയി കൊടുത്തു.
അമ്മയ്ക്ക് ഒരു ഗ്ലാസ് വെള്ളം എടുക്കാന്‍ അടുക്കളയിലേക്ക് വീണ്ടും ചെന്നു ഞാന്‍. ഉപ്പുമാങ്ങ ഭരണിയുടെ പുറകിലായി ആ കുപ്പി ഇരിക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. ‘ബാലസുധ’ !  അതൊരു മരുന്നാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വയറിളക്കാന്‍ അരക്ക്ലാസ് പാലില്‍ രണ്ടു തുള്ളി ഒറ്റിച്ചു കാലത്ത് നേരത്തെ  തരും കുട്ടികള്‍ക്ക്. അന്ന് പിന്നെ ശംഖുവിളിക്കും ചന്തികഴുകലിനും മാത്രമേ നേരം കാണൂ.

നീറ്റല്‍ സഹിക്കവയ്യാതെ അമ്മ അടക്കിപ്പിടിച്ചു കരയുന്നു, പിന്നിലെ സ്റ്റൌവില്‍ ഗോതമ്പ്കഞ്ഞി തിളയ്ക്കുന്നു. ഇടനാഴിയിലെന്തോ എടുക്കാന്‍ മുത്തി പോയിരിക്കുന്നു. അടുക്കളയില്‍ ബാലസുധയ്ക്കും ഗോതമ്പ്കഞ്ഞിക്കും ഇടയില്‍ ഞാന്‍. കൂടുതലൊന്നും ആലോചിച്ചില്ല. ഏന്തിവലിഞ്ഞ് ബാലസുധയുടെ കുപ്പി കയ്യില്‍ എടുത്തു, മൂടി തുറന്ന് തിളയ്ക്കുന്ന കഞ്ഞിയിലേക്കു ഒരു പീച് കൊടുത്തു. നാലഞ്ച് തുള്ളി വീണു കാണും. കുപ്പി വേഗം പോക്കറ്റിലേക്ക് ഇട്ട് വെള്ളവും കൊണ്ട് പുറത്തേക്ക് കടന്നു.

ഒരു നിമിഷം, ചെയ്ത മണ്ടത്തരം ഓര്‍ത്ത് എന്റെ നെഞ്ചൊന്നു കാളി. ബാലസുധയ്ക്ക് ഒരു അരുചി ഉണ്ട്. ഒരുമാതിരി ചവര്‍പ്പ്. അത് പാലില്‍ ഒറ്റിച്ചു കുടിക്കുമ്പോള്‍ ശര്ധിക്കാന്‍ വരുമായിരുന്നു. മുത്തി അതെങ്ങാനും തിരിച്ചറിഞ്ഞാല്‍, കുറ്റം ഞാന്‍ ഏറ്റാല്‍ എന്റെ കാര്യം തീരുമാനം ആവും, അല്ലെങ്കില്‍ അതും അമ്മയുടെ തലയില്‍ വീഴും... ഓര്‍ക്കാന്‍ തന്നെ വയ്യ. കയ്യും കാലും ഒക്കെ തളര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടു പോവും, വരുന്നത് അനുഭവിക്ക്യന്നെ. കണ്ടു പിടിച്ചാല്‍ ഞാന്‍ കുറ്റം ഏല്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മയെ കുരുതി കൊടുക്കാന്‍ വയ്യ.

ഞങ്ങടെ മുറിയില്‍ കേറി കട്ടിലിനടിയില്‍ നിന്നും കോസറി വലിച്ചെടുത്ത്‌ നീട്ടി വിരിച്ചതില്‍ കമിഴ്ന്നു കിടന്നു. അറിയാവുന്ന സകല ദൈവങ്ങളെയും പേരെടുത്തു വിളിച്ചു. ഒരാള്‍ അല്ലെങ്കില്‍ ഒരാള്‍ , അതാണല്ലോ കുട്ടിക്കാലത്തെ നമ്മടെ പോളിസി. ടെന്‍ഷനും കരച്ചിലിനും ഇടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി. കാലത്ത് എഴുന്നേറ്റപ്പോള്‍ പെട്ടെന്ന് തലേന്ന് നടന്നതൊന്നും ഓര്‍മയില്‍ വന്നില്ല. പതിയെ ഒക്കെ ഓര്‍ത്തെടുത്തപ്പോള്‍ കിടക്കയില്‍ ഇരുന്നു ഞാന്‍ വിയര്‍ത്തു. പുറത്തേക്ക് ഞാന്‍ ചെവിയോര്‍ത്തു. 

പെട്ടെന്ന് ചേച്ചി അകത്തേക്ക് ഓടി വന്നു. തോര്‍ത്തെടുക്കാന്‍.

“നീയെന്താ ഇനിയും കുളിച്ചില്ലേ?”  

വെറുതെ എന്തെങ്കിലും ചോദിയ്ക്കാനായി ഞാന്‍ ചോദിച്ചു.

“ഡാ.. മുത്തി രാത്രി മുതല് തൂറ്റിക്കൊണ്ടിരിക്യാടാ... കക്കൂസിന്റെം കുളിമുറീടേം അടുത്തയ്ക്ക് പോകാന്‍ വയ്യ.. നാറീട്ട് ! .. ഇപ്പൊ ഒന്ന് ഇറങ്ങീട്ടിണ്ട്.. ഞാനാ ബക്കറ്റും കപ്പും എടുത്തു പുറത്ത് കുളിക്കട്ടെ.”

എന്താ പറ്റ്യേ ?  വല്ല ക്ലൂ കിട്ടുമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു.

“ആവോ.. ആര്‍ക്കറിയാ.. അമ്മ ചോദിച്ചിട്ട് ഒരക്ഷരം പറഞ്ഞില്ല. ഇന്നലത്തെ ദേഷ്യാ... ഞാന്‍ ഒന്നും ചോദിയ്ക്കാന്‍ പോയില്ല.”  
അത് പറയുമ്പോ അവള്‍ അമര്‍ത്തി ചിരിക്കുന്നുണ്ടായിരുന്നു.

എനിക്കല്പം ധൈര്യമായി. അടുക്കളഭാഗത്ത്‌ ചെന്നപ്പോ , ദോശ ചുടുന്ന അമ്മ പറഞ്ഞു
“പല്ല് തേക്കെടാ.. ഡവറയില്‍ കാപ്പിയിണ്ട്.”

അമ്മേടെ കാല് ഇപ്പൊ വല്ല്യ കുഴപ്പമില്ല. സാരി തട്ടി ഉരസാതിരിക്കാന്‍ അല്പം മുകളിലേക്കായാണ് ഉടുത്തിരിക്കുന്നത്. കോലായിലിരുന്നു ഞാന്‍ മൊത്തം ഒന്ന് വീക്ഷിച്ചു, മുറ്റം ആകെ അലങ്കോലം. തൊടിയിലെ കക്കൂസിലേക്ക് പോകുന്ന വഴി അവിടവിടെ ചെറിയ മണ്‍കൂനകള്‍. അപ്പൊ സംഗതി ഏശിയിരിക്കുന്നു. കഞ്ഞിയുടെ ചൂട് കൊണ്ടാണോ, വിശപ്പിന്റെ വിളി കൊണ്ടാണോ അതോ സ്വയം ഉണ്ടാക്കിയ ഭക്ഷണം തനിയെ കഴിച്ചു തീര്‍ക്കണം എന്നത് കൊണ്ടാണോ ബാലസുധയുടെ അരുചി മുത്തി അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ തറവാട് എട്ടായി പിളര്‍ന്നേനേ.

അതാ വീണ്ടും ഇടനാഴി കടന്ന് മുത്തി വെപ്രാളത്തില്‍ നടന്നു വരുന്നു. ഒരു കൈ കൊണ്ട് മുണ്ട് നല്ലോണം പൊക്കിപ്പിടിച്ചിട്ടുണ്ട്. ഇടത്തും വലത്തും നോക്കാതെ താഴേക്ക് നോക്കി ഡൌണ്‍ലോഡിംഗ് പോയിന്റ് ലക്ഷ്യമാക്കി വാണം വിട്ട പോലെ ഒരു പോക്കാണ്. മുഷിഞ്ഞ മുണ്ടിന്റെ പുറകെ ഒരു ജാഥകണക്കെ ഈച്ചകളും!

------------------------------------------


ഈ നാറ്റക്കഥ എനിക്കും എട്ടുവയസ്സുകാരന്റെ പൊട്ടബുദ്ധി പൊറുക്കാന്‍ വേണ്ടി ഞാനന്ന് വിളിച്ച നൂറുകണക്കിന് ദൈവങ്ങള്‍ക്കും മാത്രേ ഇത്രകാലം അറിയൂ. മുത്തി മരിച്ചുപോയെങ്കിലും , ഇക്കഥ ഏതെങ്കിലും രീതിക്ക് കുടുംബ പ്രശനം ഉണ്ടാക്കിയാല്‍ ബ്ലോഗില്‍ നിന്നു നീക്കം ചെയ്യും എന്ന ഭീഷണിയോടെ... J

ഈ കാരണവന്മാര്‍ എന്തേ ഇങ്ങനെ..?

ഒഴിമുറി എന്ന സിനിമ കാണാന്‍ ഇത്രയും വൈകിയതില്‍ നഷ്ടബോധം തോന്നി. സംവിധായകന്‍ ശ്രീ മധുപാല്‍ നടത്തിയിരിക്കുന്ന ഹോംവര്‍ക്ക് ചെറുതല്ല. ഒന്നും രണ്ടുമല്ല മൂന്നു തലമുറകളെ ഒരു ചരടില്‍ കോര്‍ത്ത്‌ മനോഹരമായി ഇണക്കിയിരിക്കുന്നു. പല രംഗങ്ങളും കാണുമ്പോള്‍ ഇങ്ങനെയൊരു അമ്മയും അച്ഛനും എന്റെ കുടുംബങ്ങളിലും ഇല്ലേ, ഇങ്ങനൊരു കാരണവര്‍ എന്റെ തറവാട്ടില്‍ ഉണ്ടായിരുന്നില്ലേ എന്നൊക്കെ തോന്നി. അവിടെയാണല്ലോ ഒരു സംവിധായകന്റെ വിജയവും. 



തെങ്ങുംപുരവീട്ടില്‍ കാളിപിള്ള മകന്‍ താണുപിള്ളയെ (ലാല്‍ ) ഉദ്ധരിച് മകന്‍ ശിവന്‍ പിള്ള (അസിഫ് അലി) പറയുന്നു,

 “അത് നമ്മുടെ കാരണവന്‍മാരുടെ ഒരു രീതിയാ, പുറത്തിറങ്ങിയാ പരമയോഗ്യന്‍ , സ്വത്വികന്‍, വീട്ടില് കേറിയാല്‍ സകല ക്രൂരതയും ഉണ്ടാവും. ഭാര്യയ്ക്കും മക്കക്കും മാത്രേ ആ മുഖം അറിയാവൂ...”

അതെ.. കാരണവന്മാര്‍ ഒരുപാടു പേര്‍ അങ്ങനെയായിരുന്നു....എന്തേ ഇങ്ങനെ എന്ന ചോദ്യത്തിന് ഒരു ഉത്തരവും തരാതെ പോയവര്‍..,. പറയാന്‍ വന്നത് സിനിമാനിരൂപണം അല്ല, ഇതൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ ഓടി വന്ന ചില കാര്‍ന്നോമ്മാരേക്കുറിച്ചാണ്. യഥാര്‍ത്ഥ ജീവിതത്തിലെ ചില യഥാര്‍ത്ഥ കാരണവന്മാര്‍.,.

അയാളുടെ നല്ല പ്രായത്തില്‍ ആണ് അവരെ സ്നേഹിച്ച് വിവാഹം കഴിച്ചത്. ജാതി ഒന്നാണെങ്കിലും പണത്തൂക്കം കൊണ്ട് ഒക്കാത്തതിനാല്‍ കുടുംബക്കാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അമ്മാവന്റെ മകളുടെ കഴുത്തില്‍ താലി കെട്ടാന്‍ അയാളെ അവര്‍ സമ്മതിപ്പിക്കുമ്പോള്‍ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു.
പത്തു കാതം അപ്പുറത്ത് ഒന്ന് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ വേറൊരു പെണ്ണുമായി തറവാട്ടില്‍ അയാള്‍ കഴിയുമ്പോള്‍ ഈ അമ്മയും മകളും സ്വാഭിമാനത്തോടെ തന്നെ വളര്‍ന്നു. അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രപ്തയാക്കി ഒരുവന്റെ കയ്യിലും പിടിച്ചു കൊടുത്തു അവര്‍. 

കാലമത്രയും ശേഷവും അയാളും അയാളുടെ തറവാടും ഈ രണ്ടു പെണ്ണുങ്ങളുടെ ആത്മാഭിമാനത്തിന്റെ ഭിക്ഷയില്‍ അന്തസ്സ് കാത്തു. കാലമേറെ കഴിഞ്ഞു, ദേശങ്ങള്‍ മാറി ഇരുകൂട്ടരും , മക്കളും കൊച്ചു മക്കളും ആയി ജീവിച്ചു. 72 വയസ്സുള്ള ആ അമ്മയെയും കൊണ്ട് നഗരത്തിലെ ആശുപത്രിയില്‍ ചെക്ക് അപ് കഴിഞ്ഞു അവര്‍ പുറത്തിറങ്ങുമ്പോള്‍ അകത്തേയ്ക്ക് കയറാന്‍ കയ്യില്‍ ഒരു കേട്ട് കടലാസുകളുമായി നില്‍ക്കുന്നു അയാളും സഹധര്‍മിണിയും. തിളക്കം മങ്ങിയ രണ്ടു ജോഡി കണ്ണുകളും തിരിച്ചറിഞ്ഞു പരസ്പരം. തന്റെ ആദ്യ പരിണയത്തെയും മൂത്ത സന്തതിയെയും കാലങ്ങള്‍ക്കിപ്പുറം അവിചാരിതമായി കാണുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍, ഒരല്പനേരം കടാക്ഷം അതുമല്ലെങ്കില്‍ ഒരു വാക്ക്.... അതൊക്കെ പ്രതീക്ഷിച്ച ആയമ്മയ്ക്ക്‌ തെറ്റി. ഊന്നു വടി നിലത്തു ആഞ്ഞൂന്നിക്കൊണ്ട് അവരെ കടന്നു ഭാര്യയുടെ കൈ പിടിച്ച് അയാള്‍ നീങ്ങി. പത്തന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അപമാനിപ്പിക്കപ്പെട്ടപ്പോള്‍ ആ അവഗണനയുടെ പേരില്‍ ആദ്യമായി അവര്‍ കരഞ്ഞു. കണ്ണീര്‍ തുടയ്ക്കാന്‍ ആ ഏകമകള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ആ ചോദ്യം ചുറ്റിലും അലിഞ്ഞു ചേര്‍ന്നു .. "എന്തേ ഇവര്‍ ഇങ്ങനെ?”


ഏക്കറുകണക്കിന് പരന്നു കിടക്കുന്ന പ്രമാണിയുടെ തറവാട്ട്‌ പുരയിടം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ബലത്തില്‍ ആണെന്ന് തോന്നുന്നു അന്നാദ്യമായി ആളുകള്‍ സംഘടിച്ച് തറവാട്ടില്‍ കേറി. വഴിവെട്ടണം !  ഇനിയും തോട് കടന്നു അക്കരെ പോകാന്‍ വയ്യ. തറവാടിന്റെ പുരയിടത്തിലൂടെ ആ വഴി വരേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്. 

മുണ്ട് മടക്കി കുത്തി, മേല്‍മുണ്ട്‌ തലയില്‍ ചുറ്റി , ആക്രോശിച്ചു കൊണ്ട് എന്തിനും തയ്യാറായി കയ്യില്‍ കൊടുവാളും പിടിച്ച് കാരണവര്‍. വഴിവെട്ടാന്‍ ഒരു കൈക്കോട്ട് ഈ പുരയിടത്തില്‍ തട്ടിയാല്‍ ആ കൈ വെട്ടാന്‍ തയ്യാറായിക്കൊണ്ട്. വിട്ടുകൊടുക്കാതെ ഇരുകൂട്ടരും അരവും അരവുമായി നില്‍ക്കുമ്പോള്‍ നാട്ടുകാരുടെ മുന്നിലേക്ക് ഒരാള്‍ വന്നു, മുണ്ട് മടക്കി കുത്തി അവരില്‍ നിന്നു കൈക്കോട്ടും വാങ്ങി മണ്ണില്‍ ആദ്യത്തെ വെട്ടു വെട്ടി. 

കാരണവരും നാട്ടുകാരും ഒരുപോലെ സ്തബ്ധരായി. കാരണവരുടെ കയ്യില്‍ നിന്നും കൊടുവാള്‍ മണ്ണില്‍ വീണു. പുലി പോലെ നിന്നയാള്‍ തലയും താഴ്ത്തി തിരിഞ്ഞു നടന്നു. തന്റെ സ്വന്തം രക്തം, എട്ട് മക്കളില്‍ ഏറ്റവും ഇളയവന്‍, അവന്റെ കൈ വെട്ടാന്‍ ആവില്ലല്ലോ!!

ശേഷം കോലാഹലങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിന്റെ പേരില്‍ ഒരു വഴക്കോ വക്കാണമോ ഉണ്ടായില്ല. കാലങ്ങളേറെ കടന്നു പോയി. തറവാടിന്റെ തൊടിയില്‍കൂടെ കടന്നു പോകുന്ന ആ വഴിക്ക് വീതിയും രൂപവും വച്ചു. വഴിവെട്ടിയ കഥയൊക്കെ കേട്ടുകേള്‍വി മാത്രമയി മാറിയ കാലത്ത് കാരണവര്‍ കാലം പുല്‍കി. പൂമുഖത്തിരുന്നു വക്കീല്‍ വായിച്ച വില്‍പത്രത്തില്‍ വീടും കൃഷിയും തോട്ടവും തൊടിയും ഒക്കെ മൂത്ത ഏഴുപേര്‍ക്കും കിട്ടിയപ്പോള്‍ ഇളയമകന്റെ പേരില്‍ നല്ലൊരു വിസ്തീര്‍ണ്ണം സ്ഥലം അയാള്‍ എഴുതി വച്ചിരുന്നു. അതുപക്ഷേ ആ വഴിയായിരുന്നു.


അവസാനമായി പറയാനുള്ളത് എന്റെ സ്വന്തം തറവാട്ടിലെ ഒരു പെണ്‍ കാരണവരെ കുറിച്ചാണ്. അത് അടുത്ത പോസ്റ്റില്‍ ആവട്ടെ.. കുടുംബ കലഹം ഉണ്ടാവുമോ ആശങ്കയോടെ .. :) ----  ഇവിടെ വായിക്കാം