Sunday

അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 1



ഇവിടുത്തെ സൂര്യന്‍ മടിയനാണ്. ഡ്യൂട്ടി ടൈം രണ്ടു മണിക്കൂര്‍ കുറവ്. വൈകുന്നേരം 4- 4.30 ആവുമ്പോഴേക്കും നേരം ഇരുട്ടും. നാട്ടിലെ ഏഴു മണി പോലെ തോന്നിക്കും. നമ്മുടെ നാട്ടിലൊക്കെ പുള്ളി ഒരു വശത്ത് ഉദിച്ച് എതിര്‍വശത്ത് അസ്തമിക്കുമ്പോള്‍ ഇവിടെ ഉദിച്ച് പൊങ്ങി വന്നു തെല്ല് വലത്തുന്നു ഇടത്തേക്ക് മാറി അവിടെ തന്നെ അസ്തമിക്കും.




മൊബൈല്‍ നെറ്റ്‌വര്‍ക്ക് പോയിട്ട് ബി എസ് എന്‍ എല്ലിന്റെ ലാന്‍ഡ്‌ ഫോണ്‍ പോലുമില്ല. ഇന്റര്‍നെറ്റ്‌ പിന്നെ പറയണ്ടാലോ. മൊബൈലും ഫേസ്ബുക്കും ഒന്നുമില്ലാതെ അത്ര ദിവസം അവിടെ എങ്ങനെ ജീവിച്ചു ന്നു ചോദിച്ചാല്‍... ശിവ ശിവ.  ഇത് സ്ഥലം ‘നാംപൊങ്ങ്’ , ചങ്ങലന്ഗ് ജില്ലയിലെ കാടും മലകളും ആയി ചുറ്റപെട്ട അതിര്‍ത്തി ഗ്രാമം.



ഞങ്ങള്‍ ചെന്ന ഈ ഡിസംബര്‍ മാസത്തില്‍ രാത്രിയില്‍ തണുപ്പ് ആറു-ഏഴു ഡിഗ്രീ വരെ താഴ്ന്നു.  ടി വി ഇല്ല, ഐഡിയയുടെ ത്രീ ജി ഇല്ല, വേഗം ഇരുട്ടും, നല്ല തണുപ്പും. ഒരു നേരമ്പോക്കും ഇല്ല . കൂടുതല്‍ പറയണ്ടല്ലോ എല്ലാ വീട്ടിലും മൂന്നാല് പിള്ളരുണ്ട്. ആളുകള്‍ക്ക് വേറെന്ത് പണി.




തടിയും ചെങ്കല്ലും കൊണ്ട് ഉണ്ടാക്കിയ കുഞ്ഞു വീടുകള്‍ ആണ് ഭൂരിഭാഗവും. പക്ഷെ ഒരുകാര്യം എടുത്തു പറയാതെ വയ്യ. ഉള്ള മൂന്നാല് സെന്റ്‌ സ്ഥലത്ത് ഈ കുഞ്ഞി വീട് കൂടാതെ ഒന്നോ രണ്ടോ തരം വിളകള്‍ കൃഷി ചെയ്യുന്നുണ്ട് , പന്നിയോ പശുവോ കോഴിയോ ഒക്കെ വളര്‍ത്തുന്നുണ്ട്, കൂടാതെ നെയ്തു യന്ത്രവും ഉണ്ട് ( ഷോകേസിനു വച്ചതല്ല, ആവശ്യത്തിന് തുണി ഇവര്‍ നെയ്യാറുണ്ട്.) നാണമില്ലേ മലയാളീസ്??


അത് പറഞ്ഞപ്പോള ഓര്‍ത്തത്‌. ചന്ദ്രനില്‍ വരെ ചായക്കടയിട്ട മലയാളി ഇല്ലാത്ത നാട് ഭൂമുഖത്തുണ്ടോ? ഇവിടെയും ഞങ്ങള്‍ കണ്ടെത്തി നമ്മുടെ സ്പീഷീസിനെ ! ഇവിടുത്തെ യൂ പി സ്കൂള്‍ പ്രിന്‍സിപ്പല്‍ മലയാളിയാണ്. മൈക്കിള്‍. വര്ഷം പത്തിരുപതായി കുടുംബമോക്കെ ആയി ഇവിടെ സ്ഥിര താസമാണ് ഈ കോട്ടയംകാരന്‍.,.

തോന്നുമ്പോള്‍ തുറക്കുകയും തോന്നുമ്പോള്‍ അടയ്ക്കുകയും ചെയ്യുന്ന രണ്ടുമൂന്നു പെട്ടിക്കടകളുണ്ട്, അതാണ്‌ ഇവിടുത്തെ സൂപ്പര്‍മാര്‍ക്കറ്റും മാളും ഒക്കെ. റമ്മുകുപ്പി മുതല്‍ ഡീസല്‍ വരെ,  പക്ഷെ ലിമിറ്റഡ്‌ വെര്‍ഷന്‍സ്‌ മാത്രേ ഉണ്ടാവൂ. ഒരുപാടു ചോയ്സ് ഒന്നും ഇല്ല. ഒരു സിമന്റ് തിണ്ണയില്‍ രണ്ടു ബെഞ്ചും ഒരു ഡസ്കും താഴെ മണ്ണില്‍ കുത്തിയുണ്ടാക്കിയ രണ്ടു അടുപ്പും,. അതെ ത്രീ-സ്റ്റാര്‍ ഹോട്ടല്‍ ആണ്. പുഴുങ്ങിയ മുട്ട, റൊട്ടി, സബ്ജി, ദാല്‍, ഓംലെറ്റ്‌ പിന്നെ സാര്‍വത്രിക പാനീയമായ ചായ. ഇതാണ് ടോട്ടല്‍ മെനു.




ഇവിടെ മതങ്ങള്‍ ഇല്ല. ഗോത്രങ്ങള്‍ ആണ് ഉള്ളത്. ശരിക്കു പറഞ്ഞാല്‍ ആദിവാസികള്‍ തന്നെ. പിന്നെ ഈരേഴു പതിന്നാല് ലോകത്തും എത്തിപെട്ടിട്ടുള്ള മിഷനറിമാര്‍ ഇവിടെയും ഒരു പള്ളി സ്ഥാപിച്ചിട്ടുണ്ട്. ക്രിസ്തമസ് ദിവസം ഇവിടെ നല്ല ആഘോഷമായിരുന്നു. പള്ളിയില്‍ പോകുന്നവരും മതവിശ്വാസത്തെക്കാള്‍ ഗോത്ര ശൈലിയില്‍ ആണ് ജീവിക്കുന്നത്.

എല്ലാ നാട്ടിലും ഗ്രാമീണര്‍ തങ്കപ്പെട്ട മനുഷ്യന്മാര്‍ ആണല്ലോ. ഇവിടെയും അങ്ങനെ തന്നെ. സ്നേഹ സമ്പന്നര്‍. കേരളത്തില്‍ നിന്നാണെന്നൊക്കെ പറഞ്ഞപ്പോള്‍ സ്നേഹം ഇരട്ടിച്ചു. കൂടെ നിന്ന് ഫോട്ടോ എടുക്കാനും , വീടുകളില്‍ കയറിച്ചെന്നു വസ്ത്രം നെയ്യുന്നതൊക്കെ കാണാനും സര്‍വസ്വാതന്ത്ര്യവുംകിട്ടി.



മൈക്കിള്‍ മാഷാണ് കുറെ കാര്യങ്ങള്‍ വിവരിച്ചു തന്നത്. ‘ഒളിനാഗം’ എന്ന തീവ്രവാദ ഗ്രൂപ്പ് ഇവിടെ ശക്തമാണ്. അസംറൈഫിള്‍ സൈനികര്‍ സദാജാഗരൂകരാണ്. പീഡനം, ബലാല്‍സംഗം അതൊന്നും ഇവിടെ പതിവില്ല . വിവാഹവും. വിവാഹമാണ് വിവാഹമോചനത്തിനും വ്യഭിചാരത്തിനും ഒക്കെ കാരണം എന്ന് ഓഷോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.  

സ്ത്രീകള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യവുമുണ്ട്. നാട്ടപാതിരയ്ക്കും പെണ്ണുങ്ങള്‍ക്ക്‌ ഇറങ്ങി നടക്കാം. പരസ്പരം ഇഷ്ടമായാല്‍ ആണും പെണ്ണും ഒളിച്ചോടും (ഇവിടുന്നു എങ്ങോട്ട് ഓടുമെന്ന് എനിക്ക് മനസ്സിലായില്ല ). ഏതായാലും കുറച്ചു നാള്‍ കഴിഞ്ഞ് തിരിച്ചു വന്നു കുടുംബവുമായി ജീവിക്കും. ഈ നാംപോങ്ങിലെ ഗോത്രങ്ങളുടെ രീതിയാണ്‌ ഇത്. അരുണാചലിലെ മറ്റിടങ്ങളില്‍ വിവാഹ രീതിയൊക്കെ ഉണ്ട്. വരന്‍ വധുവിനും ബന്ധുക്കള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കണം പെണ്ണിനെ വിവാഹം ചെയ്തു കിട്ടാന്‍..,.


ചൈനീസ്‌ മോഡല്‍ അല്ല, നംപോങ്ങിലെ ഒരു ആദിവാസിപെണ്‍കുട്ടി. 


എല്ലാ നാട്ടിലെയും പോലെ തല തെറിച്ച കുറച്ചു യുവമിഥുനങ്ങള്‍ ഇവിടെയും ഉണ്ട്. ക്രിസ്തുമസ് രാത്രി വെള്ളമടിച്ച് പെണ്ണുങ്ങള്‍ ഉള്‍പടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഞങ്ങളെ തടഞ്ഞു. സൗഹൃദപരമായി സംസാരം തുടങ്ങിയര്‍ പതിയെ സ്വരം മാറ്റി തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ ‘ഡാ...’ എന്നൊന്ന് ഉറക്കെ വിളിച്ചേ ഉള്ളൂ.. അവരെല്ലാം കൂടെ ഒരൊറ്റ ചട്ടത്തിന് കരാട്ടെ-കുങ്ങ്ഫു പോസില്‍ റെഡിയായി നിന്നു. കൂട്ടത്തിലെ ഒരുത്തന്‍ അരയിലെ അറയില്‍നിന്നു ഒരു കത്തിയും വലിചൂരിയതോടെ ഞങ്ങടെ കാറ്റ് പോയി. അരുവിധം ജബ്ബ-ജബ്ബാ ന്നു പറഞ്ഞു തടി ഊരിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ചന്ത


അസം റൈഫിള്‍ന്റെ മേജര്‍ ശ്രീകാന്ത്‌ ആണ് ചങ്ങലങ്ങിന്റെ പട്ടാള അധികാരി. മലയാളി ചുള്ളന്‍. നമ്മുടെ ഏറണാകുളത്ത്കാരന്‍. രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് അവര്‍ ക്യാമ്പ്‌ ചെയ്യുന്നത്. പിള്ളാര്‌ കത്തി ഊരിയ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു തള്ളി. “നാട്ടില്‍ ആളുകള്‍ സിഗരറ്റ്‌ ലൈറ്റ്‌ കൊണ്ട് നടക്കുന്ന പോലെയാണെടോ ഇവിടെ കത്തി. കാടല്ലേ ചുറ്റും. ടേക്ക് ഇറ്റ്‌ ഈസി” . ഒരു വിളിപ്പാടകലെ എന്ത് സഹായത്തിനും സജ്ജരായി ഉണ്ടെന്നും ഒരു ദിവസം ക്വാട്ടേഴ്സിലേക്ക് വരണമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പിരിഞ്ഞത്.  

    ......... അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 2            

Thursday

ആശയം + നിക്ഷേപം = സംരംഭം ?? - 3

 കിടിലന്‍ ആശയങ്ങളുമായി യുവ സംരംഭകര്‍ വരുമ്പോള്‍ മൂലധനത്തില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ റെഡിയ്ക്കുണ്ട്. എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍സും, വെഞ്ചര്‍ ക്യാപ്പിറ്റലിസ്ടുകളും ഒക്കെ `ബിസ്സിനസ്സ്‌ ഇന്ക്യുബേറ്ററുകളുമായി സംയോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പ്രാരംഭ മൂലധനം നല്‍കാനും നിലവിലുള്ള സംരംഭങ്ങള്‍ക്ക്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ആവശ്യത്തിനുള്ള പൈസ ഇവര്‍ നിക്ഷേപമായി തരും.




പാവം പിള്ളരല്ലേ, രാജ്യത്തിന്‍റെ നാളത്തെ മുതല്‍ക്കൂട്ടുകള്‍    അല്ലെ. ഇവരൊക്കെ വളര്‍ന്നു വലുതായാല്‍ അല്ലെ നാളെ നാട് വികസിക്കൂ, തൊഴിലവസരങ്ങള്‍ ഉണ്ടാവൂ... എന്നൊക്കെ കരുതാന്‍ നിക്ഷേപകര്‍ ഗാന്ധിയന്മാരല്ല.

പത്തു കിട്ടും എന്ന് ഉറപ്പില്ലാതെ അഞ്ച് എറിയാന്‍ ഒരു നിക്ഷേപകനും തയ്യാറാവില്ല. ഇത് പറയുമ്പോള്‍ ഓര്മ വരുന്നത് മഹാഭാരതത്തിലെ ‘കൃപര്‍’ എന്ന കഥാപാത്രത്തെയാണ്. ആവശ്യം വരുമ്പോള്‍ സഹായിക്കനോടിയെത്തും, കൃപ ചൊരിയും.  പക്ഷെ സഹായം സ്വീകരിച്ചാല്‍ പെട്ടു. അത് പിന്നീട് വിനയായിത്തീരും.



സഹായികുന്നവര്‍ക്ക് അവരുടെതായ ഉദ്ദേശങ്ങള്‍ ഉണ്ടാവും. അത് നാളെ നമ്മളെ ദോഷമായി ബാധിക്കാന്‍ ഉള്ള സാധ്യത നന്നായി മനസ്സിലാക്കിയ ശേഷം മാത്രമേ സംരംഭകര്‍ മറ്റു നിക്ഷേപകരെ പ്രാപിക്കാവൂ.

നിക്ഷേപം കടപത്രങ്ങളില്‍ ആണെങ്കില്‍ ROI ( Return Over  Investment ) 24% ത്തില്‍ നിന്ന് തുടങ്ങും. എന്നുവച്ചാല്‍ ഉയര്‍ന്ന റിട്ടേണ്‍ ആണെന്ന് ചുരുക്കം. നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനികളില്‍ ആവും കടപത്രത്തിന്‍ മേലുള്ള നിക്ഷേപം നടക്കുക. പുതിയ കമ്പനികള്‍ക്ക്‌ കടപത്രമെഴുതാന്‍ ആസ്തികള്‍ ഒന്നും ഇല്ലല്ലോ. മാത്രമല്ല ഇത് ദീര്‍ഘകാലതേക്ക് ഉള്ള നിക്ഷേപം ആവില്ല. 


പുതിയ കമ്പനികളിലെ നിക്ഷേപം മിക്കവാറും ഇക്വിറ്റി ഷെയറില്‍ ആവും എന്നുവച്ചാല്‍ ഉടമസ്ഥാവകാശം പങ്കുവെയ്ക്കേണ്ടിവരും. സ്വാഭാവികമായും കമ്പനിയുടെ തീരുമാനങ്ങളില്‍ ഇവരുടെ ഇടപെടലുകള്‍ ഉണ്ടാവും, ഇതൊക്കെ സംരംഭകന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കും. ഉത്സാഹിച്ചു കമ്പനി തുടങ്ങി നിക്ഷേപകരുടെ ഇടപെടലുകള്‍ കാരണം മുന്നോട്ടു പോവാന്‍ സാധിക്കാതെ വന്നവരും , കണക്കുകള്‍ മാറി മറിഞ്ഞ് ഒടുവില്‍ കൂടുതല്‍ ഷെയറുകള്‍ നിക്ഷേപകരിലേക്ക് പോയതോടെ കമ്പനി തന്നെ കയ്യില്‍ന്നു പോയവരും ഒക്കെ ഉണ്ട്.

‘Catch Them Young’

യുവരക്തങ്ങളുടെ കരുത്തും അറിവും ആവേശവുമാണ് വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളെ ഒക്കെ സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ ഏതെങ്കിലും ഒരു നിക്ഷേപകന്‍ നിങ്ങളുടെ ആശയത്തിനു വളം പാകാന്‍ തയ്യാറായാല്‍ ഓര്‍ത്ത്‌കൊള്ളൂ, അതിനു നിങ്ങള്‍ കണക്കാക്കുന്നതിലും കൂടുതല്‍ വളര്‍ച്ചാ സാധ്യതകള്‍ ഉണ്ട്. കാരണം, നിങ്ങള്‍ കൊടുക്കുന്ന പ്രസന്‍റേഷന്‍ കണ്ടു കൊണ്ട് മാത്രം അല്ല നിക്ഷേപകര്‍ വരുന്നത്. നിങ്ങള്‍ നടത്തിയിട്ടുള്ളതിലും കൂടുതല്‍ ഗവേഷണവും നിരീക്ഷണവും നടത്തിയതിനു ശേഷമാണു (Feasibility Study എന്നോകെ പറയും).


നിങ്ങളുടെ ആശയം എങ്ങനെയും നടന്നു കാണുക എന്നതാണ് ആവശ്യമെങ്കില്‍ മറ്റു നിക്ഷേപകരെ ആശ്രയിക്കാന്‍ മടിക്കേണ്ട കാര്യമില്ല. അതല്ല, സ്വന്തം സ്ഥാപനം, അതിന്റെ ഭാവി വികസനം അങ്ങനെയൊക്കെ പോകുന്ന ഒരു കണ്സപ്റ്റ്‌ ആണെന്കില്‍ പരമാവധി പുറത്തെ നിക്ഷേപകരെ എന്റര്‍ടെയിന്‍ ചെയ്യാതിരിക്കുക.
ബാങ്കുകളില്‍ നിന്ന് കിട്ടുന്ന ലോണ്‍, കുടുംബത്തില്‍ നിന്ന് കിട്ടുന്നതോ അധികം ബാധ്യത വരാത്ത അടുത്ത ബന്ധുക്കളില്‍നിന്നും കിട്ടുന്ന നിക്ഷേപമോക്കെയാണ് സ്വന്തം നിക്ഷേപം അല്ലാതെ മൂലധനത്തിന് ആശ്രയിക്കാവുന്ന സുരക്ഷിതമായ മറ്റു നിക്ഷേപങ്ങള്‍ .

 താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കു. കൂടെ അതിന്റെ അനുബന്ധ വീഡിയോകളും.


മൂന്നു വര്ഷം സ്ഥാപനം തുടങ്ങി ഇപ്പോള്‍ പ്രതിസന്ധിയിലൂടെ സുഹൃത്തിനോട്‌ നിക്ഷേപകരെ തേടാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്.

“മൂന്നു വര്ഷം മുന്‍പ് ഒന്നരക്കോടി ആണ് ലോണ്‍ എടുത്തത്‌, എഴുപത്തഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടച്ചു കഴിഞ്ഞു, പക്ഷേ ദാ, വീണ്ടുമത് ഒരു കോടിക്ക് മുകളില്‍ തന്നെ ബാക്കി നിക്കുന്നു. ഒരു ഏഴു വര്ഷം കൊണ്ട് അത് മുഴുവന്‍ തിരിച്ചടക്കാം എന്നാണ് എന്റെ പ്രതീക്ഷ. അത്രയും കാലം ഞാന്‍ ഇത്തിരി അരിഷ്ടിച്ചു ജീവിക്കണം എന്നല്ലേ ഉള്ളു. പക്ഷെ അത് കഴിഞ്ഞാല്‍ എന്റെ കഷ്ടപാടിനും അധ്വാനത്തിനും അവകാശി ഞാന്‍ മാത്രമാണ്. ഇപ്പോള്‍ പുറത്ത്‌ നിന്ന് നിക്ഷേപം സ്വീകരിചാലോ കാലം എത്ര കാലം കഴിഞ്ഞാലും, എത്ര റിട്ടേണ്‍ തിരിച്ചു കൊടുത്താലും ഇതിനു അവകാശികള്‍ വേറെ കാണും..”

സംരംഭകര്‍ തേയില പോലെയാണ്, തിളയ്ക്കും തോറും കടുപ്പം കൂടിവരും. 

ഐ ലവ് യു !... അബി V-B



“സാര്‍, എനിക്ക് പുസ്തകം അങ്ങോട്ട്‌ തുറക്കാന്‍ വയ്യ.”

അതെന്താടോ പൂട്ടുള്ള പുസ്തകം ആണോ?

എക്സാമിന് മുന്‍പ്  വിദ്യാര്‍ത്ഥികള്‍ക്ക്‌ ടൈം മാനേജ്മെന്റ് ക്ലാസ്സ്‌ എടുക്കാന്‍ പോയതായിരുന്നു ട്രെയിനര്‍ സുഹൃത്ത്‌.,.

 ക്ലാസ്സ്‌ കഴിഞ്ഞ് വ്യക്തിഗത കൌണ്‍സിലിംഗിന് മുന്‍പില്‍ ഇരിക്കുന്നത് ഒന്‍പതാംക്ലാസ്സ്‌കാരന്‍.,.

 ഇനി അദ്ധേഹത്തിന്റെ വാക്കുകള്‍...,.
  
“സര്ര്ര്ര്ര്ര്ര്ര്‍........,..... എന്റെ ഫീലിംഗ്സ് സാറിന് പോലും പറഞ്ഞാല്‍ മനസ്സിലാവില്ല...”

അയ്യോ, കളി പറഞ്ഞതല്ലേ. പ്രശ്നം എന്താണെന്നു പറയു കേള്‍ക്കട്ടെ.

“സാര്‍.. പുസ്തകം തുറന്നാല്‍ അവളുടെ മുഖം ആണ്! അടച്ചാലും !  ഒരക്ഷരം പഠിയ്ക്കാന്‍ പഠിക്കാന്‍ പറ്റുന്നില്ല.”



ഒരു മുതിര്‍ന്ന കാമുകന്റെ ഭാവമായിരുന്നു അവനു. സംഗതി സീരിയസ് ആണെന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്നു.

“അവള്‍ക്കെന്തടോ ഇത്ര പ്രത്യേകത?”

“അവളെ ഒരു തവണ കണ്ടാല്‍ സാര്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ല!”

ശബ്ദം താഴ്ത്തി അവനോടു ചോദിച്ചു, “അവള്‍ ഈ ക്ലാസ്സില്‍ ഉണ്ടോ?"

“ഉണ്ടോന്നോ, അവള്‍ ഈ ക്ലാസില്‍ ഉള്ളതോണ്ടല്ലേ ഈ രണ്ടു മണിക്കൂര്‍ ഞാന്‍ ഇതിനകത്തു ഇരുന്നത് !”

എന്റെ ക്ലാസ്സ്‌ ഊളയാണെന്ന് അവന്‍ പറയാതെ പറഞ്ഞെങ്കിലും ഞാന്‍ ചോദിച്ചു “ആരാ കക്ഷി?”

“എന്റെ പുറകില് മൂന്നമത്തെ ബെഞ്ചില് ജനലിനു തൊട്ടടുത്ത്‌ ഇരിക്കുന്ന കുട്ടി. കണ്ടോ കണ്ടോ??”

ഞാന്‍ നോക്കി. മൂങ്ങ പോലെത്തൊരു പെണ്ണ്!

“എന്താടോ ഇവള്ക്കിത്ര വലിയൊരു പ്രത്യേകത?”

“സാറെ.. അവള്‍ടെ മൂക്ക് കണ്ടോ മൂക്ക്? അത് കണ്ടാല്‍ ആരായാലും അവളെ പ്രണയിച്ചു പോവും!”

മൂക്കിനോടുള്ള പ്രണയക്കേസ് കൈകാര്യം ചെയ്യാന്‍ വെള്ളം കുടിച്ച കഥ അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കോര്‍മ വന്നത് ‘തട്ടത്തിന്‍ മറയത്’നു ആരോ എഴുതിയ റിവ്യൂ വരികള്‍ ആയിരുന്നു.


“എന്റെ സാറേ തട്ടമിട്ട് അവള്‍ ഇങ്ങനെ നടന്നു വരുമ്പോളുണ്ടല്ലോ ചുറ്റുമുള്ളത് ഒന്നും കാണാന്‍ പറ്റില്ല” – അപ്പൊ ഇനി ആ തട്ടം കാറ്റത്തെങ്ങാനും ഒന്ന് മാറി കഴുത്തിന്ടവിടെ വല്ല കരപ്പനോ കരിവാളിപ്പോ ചൊറിയോ പാണ്ടോ കണ്ടാല്‍, ട്ടിം ! ദാ കിടക്കുന്നു നായകന്റെ പ്രണയം.

കൗമാരത്തിലെ പ്രണയക്കേസുകള്‍ പിന്നേം കൈകാര്യം ചെയ്യാം. പക്ഷെ എല്‍ പി , യു പി ക്ലാസ്സിലെ കാര്യങ്ങളോ? ധര്‍മ്മസങ്കടത്തില്‍ ആയിപ്പോവുന്നത് പാവം അധ്യാപകര്‍ തന്നെ.

ആറാംക്ലാസ്സ്കാരന്‍ അഞ്ചാംക്ലാസ്കാരിക്ക് ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. വലിയ പ്രണയ ചിഹ്നം ഉള്ള ഒരെണ്ണം. അതവളുടെ അച്ഛന്റെ കയ്യിലെക്കും അവിടുന്നത് ക്ലാസ്സ്‌ ടീച്ചറുടെ കയ്യിലേക്കും ശേഷം ചെക്കന്റെ അമ്മേടെ കയ്യിലേക്കും രണ്ടു ദിവസം കൊണ്ട് ദീര്‍ഘദൂര സര്‍വീസ്‌ നടത്തി. പാവം അമ്മയെന്തു ചെയ്യാന്‍, കാര്‍ഡ് വലിച്ചു കീറിക്കളഞ്ഞു, ചെക്കന്റെ ചന്തിക്ക് നാല് പെടയും കൊടുത്തു.


ദുഃഖം, മാനഹാനി... പാവം ചെക്കന്‍ എന്ത് ചെയ്യാന്‍ , കയ്യില്‍ കിട്ടിയ കാശും മൂന്നു ജോഡി ഡ്രെസ്സും സ്കൂള്‍ ബാഗിലിട്ടു സൈക്കിള്‍ ആഞ്ഞു ചവിട്ടി. ഇരുട്ടിയപ്പോള്‍ കണ്ട ബസ്സ്‌സ്റ്റാന്‍ഡില്‍ സൈക്കിളും പാര്‍ക്ക്‌ ചെയ്തു ഇരിക്കുന്ന ചെക്കനെ പട്രോളിംഗ് ചെയ്യുന്ന പോലീസുകാരാണ് വീടെത്തിച്ചത്.

പ്രശ്നം അവിടം കൊണ്ട് അവസാനിക്കുമോ? ആറാം ക്ലാസ്സ്കാരന് ലൈന്‍ ഉണ്ടെന്നു അറിയുമ്പോ ലൈനില്ലാത്ത എട്ടാം ക്ലാസ്സ്കാരന് ആവാത്തതിന്റെ വിഷമം. നാലാം ക്ലാസ്സ്കാരന് ഇനി രണ്ടു വര്ഷം കൂടിക്കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ നടക്കുമല്ലോ എന്ന പ്രതീക്ഷ ! ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് എല കിട്ടഞ്ഞിട്ടും ഉള്ള അവസ്ഥ. പിന്നീട് വന്ന കേസുകള്‍ വെളിവാക്കിയതാണ് ഇക്കാര്യങ്ങള്‍.,.


തൃശ്ശൂരിലെ ഒരു പ്രമുഘ വിദ്യാലയത്തില്‍  Ethical Education അധ്യാപകന്‍ അയ സുഹൃത്ത്‌ പറഞ്ഞതിങ്ങനെ.

“ഇതൊക്കെ പണ്ടും ഉണ്ടായിരുന്നു, പക്ഷെ ആരും അത് ജെനറലൈസ് ചെയ്യാത്തത് കാരണം ഒതുങ്ങിനിന്നു, ഇന്നത്‌ ജെനറലൈസ് ചെയ്യപെടുന്നത് കൂടുതലാവാന്‍ കാരണം ആവുന്നു. ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ലെ പാട്ടൊക്കെ കാണുന്ന കുഞ്ഞു ഹൃദയങ്ങള്‍ എങ്ങനെ പ്രണയാര്‍ദ്രമാവാതിരിക്കും??”



ഏഴാം ക്ലാസ്സിലെ കമിതാക്കള്‍ സ്കൂള്‍ വരാന്തയില്‍ വച്ച് പബ്ലിക് ആയി ചുംബിച്ചു! പയ്യന്റെ ‘എക്സ്-ലൈന്‍’ വിവരം അപ്പൊ തന്നെ പ്രിന്‍സിപ്പലിന് എത്തിച്ചു. പ്രശനം ഒരുവിധം കൈകാര്യം ചെയ്ത് പ്രിന്‍സി നേരെ സ്റ്റാഫ്‌ റൂമിലെത്തി പരസ്യമായി തന്നെ പറഞ്ഞു.

“ഇവിടെ  Ethical Education ഒക്കെ ഉണ്ടായിട്ട് എന്താ കാര്യം? കണ്ടില്ലേ കുട്ടികള്‍ പോകുന്ന പോക്ക്”

തടിയൂരാന്‍, നമ്മുടെ അദ്ധ്യാപകന്‍ തിരിച്ച്..

“മാഡം, അതൊക്കെ ഉള്ളത് കൊണ്ട് അത് വരാന്തയിലെ ഒരു ഉമ്മ കൊടുക്കലില്‍ ഒതുങ്ങി... ഇല്ലായിരുന്നെങ്കില്‍...”

പ്രിന്‍സി വന്നതിന്റെ ഇരട്ടി വേഗത്തില്‍ പുറത്തേക്ക്.

Wednesday

ഇവനാണു ഞങ്ങ പറഞ്ഞ ബിസിനസ്സ്കാരന്‍ -2


ക്ലയന്റ് എന്‍ ആര്‍ ഐ ആയിരുന്നു. പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍ തകൃതിയായി നടക്കുന്നു. 

ഇങ്ങനെ നാലാള്‍ ഇപ്പുറത്ത് ഉണ്ടെന്ന ഒരു ഭാവവുമില്ലാതെ സെറ്റിയുടെ മറ്റേ അറ്റത്ത് ഞങ്ങള്‍ക്ക് കൊണ്ടുവച്ച സ്നാക്സും കൊറിച്ചു കൊണ്ട് ഒരാള്‍..,. പുള്ളീടെ അളിയന്റെ ഇളയ മോന്‍. മുപ്പതിനടുത്തു പ്രായം വരും. കണ്ടാല്‍ തന്നെ അറിയാം കുഴിമടിയന്‍ ആണെന്ന് ! (ഇങ്ങനൊരു അവതാരം എല്ലായിടത്തും കാണുമല്ലോ).


പ്രസന്‍റേഷന്‍ ഒക്കെ വിജയകരമായി പൂര്‍ത്തിയാക്കി ലാപ്‌ മടക്കുമ്പോള്‍ ആണ് അശരീരി പോലെ ആ മൂലയില്‍ നിന്നും ശബ്ദമുയര്‍ന്നത്‌.,.

“ഏയ്, നിങ്ങള്ക്ക് ഇതിനെക്കാള്‍ ലാഭമുള്ള ഒരു പരിപാടി ഞാന്‍ പറയട്ടെ?”

എന്തുന്ന്‍? വല്ല ബ്ലേഡ് പലിശേടെ പരിവാടിയവും. അത് ന്റെ പണിയല്ല ചേട്ടോ.

പുള്ളീടെ അതെ ശൈലിയില്‍ ഞാന്‍ മറുപടി കൊടുത്തു.

“നിങ്ങള് ഒരു മൈക്രോഫിനാന്‍സ് കമ്പനി തുടങ്ങിന്‍”

ഹഹാ.. നല്ല കാര്യായി. എന്നിട്ട് നാട് മുഴുവന്‍ തെണ്ടി നടന്നു. പെണ്ണുങ്ങളുടെ അയല്‍ക്കൂട്ടം പോലെ ഗ്രൂപ്പും ഉണ്ടാക്കി. പത്തായിരവും പതിനഞ്ചായിരവും കടം കൊടുത്തു, ആഴ്ചയ്ക്ക് പിരിവും എടുത്തു നടക്കാനോ?




“നിങ്ങള്ക്ക് തൃശൂരെ മറ്റേ മൈക്രോഫിനാന്‍സ് ഗ്രൂപ്പിനെ അറിയില്ലേ? അതിന്റെ ആളു ലണ്ടനില്‍ ഉണ്ടായിരുന്ന ഒന്നാന്തരം പണിയും കളഞ്ഞു നാട്ടില് വന്നു പെണ്ണുങ്ങള്‍ക്ക്‌ കടവും കൊടുത്തു കമ്പനി നടത്തുന്നത് സാമൂഹ്യ സേവനം ചെയ്യാനാന്നാ നിങ്ങടെ വിചാരം?”

ശരിയാണല്ലോ. അതെന്തപ്പാ അതിന്റെ ഒരു കളി?

“ഗ്രാമങ്ങളില് സ്ത്രീകള്‍ക്കും മറ്റും അവരുടെ ചെറുകിട സംരംഭങ്ങള്‍ ഡെവലപ്പ് ചെയ്യാനോ പുതിയത് തുടങ്ങാനോ ഒക്കെയാണ് മൈക്രോഫിനാന്‍സ് സംരംഭങ്ങളെ ഗവണ്‍മെന്റ് പ്രോത്സാഹിപിക്കുന്നത്. കമ്പനി തുടങ്ങിയാല്‍ ആളുകള്‍ക്ക് കൊടുക്കാനുള്ള ലോണ്‍ നിങ്ങള്ക്ക് വെറും നാലര ശതമാനം പലിശയ്ക്ക് കിട്ടും.

ഗ്യാരണ്ടി ഒന്നുമില്ല്റെ കാശ് കടം തരാന്ന് പറഞ്ഞാല്‍ എവിടെ പോയാലും പത്തിരുപതു പെണ്ണുങ്ങളെ എളുപ്പം കിട്ടും. നാലോ അഞ്ചോ പേരുടെ ഗ്രൂപ്‌ ആക്കിതിരിച് ഗ്രൂപ്പിലെ ഒരാള്‍ക്ക് മറ്റുള്ളവര്‍ എല്ലാം ജാമ്യം നില്‍ക്കുന്ന രീതിയില്‍ ലോണ്‍ കൊടുക്കും.

കുറ്റിമുല്ല കൃഷി ചെയ്യില്ലേ, പശു വളര്‍ത്തി പാല് കറന്നു വിക്കില്ലേ ന്നൊക്കെ ചോദിചിട്ടാണ് ലോണ്‍ കൊടുക്കാ. പക്ഷെ, ഇതവര് പുതിയ കളര്‍ ടി വി വാങ്ങാനോ മുടങ്ങിയ ചിട്ടി അടയ്ക്കാനോ മറ്റോ ആയിരിക്കും എടുക്കുക എന്ന് കൊടുക്കുന്നവര്‍ക്ക് നന്നായി അറിയാം.”

ഇതൊക്കെ സാധാരണ നടക്കുന്നതല്ലേ ചേട്ടാ. നിങ്ങളിതിന്റെ പുറകിലെ കളി പറ.

“കേള്‍ക്കിന്‍, ലോണ്‍ കൊടുക്കുമ്പോ തന്നെ ഒരു മാസത്തെ അടവ് പിടിയ്ക്കും. ഒരു ക്ഷീണം അറിയാതിരിക്കാന്‍.,. സര്‍വീസ്‌ ചാര്ജ്ജുന്നും പറഞ്ഞു ഒരു തുക വേറെ. ഇനി നിങ്ങളെങ്ങാനും തട്ടിപ്പോയാ ലോണ്‍ ഇന്‍ഷുര്‍ ചെയ്യാനാണെന്നും പറഞ്ഞു വേറൊരു തുക. (അമ്മാതിരി ഒരു സ്കീം തന്നെ ഇന്‍ഷുറന്സില്‍ ഉണ്ടാവില്ല, ഉണ്ടായാല്‍ തന്നെ ആരെടുക്കാന്‍ പോണു.) പറഞ്ഞു കേള്‍ക്കുമ്പോ ബാങ്ക് പലിശയുടെ അത്രയുമേ കാണു. പക്ഷെ തിരിച്ചടവ് ആഴ്ചയ്ക്കല്ലേ. സംഗതി കണക്ക് കൂട്ടി നോക്കിയാല്‍ ബാങ്കിന്റെ മൂന്നിരട്ടി വരും.

ഇരുപതു പേര് എടുത്ത ലോണിന്റെ ഒരു ആഴ്ചത്തെ തിരിച്ചടവ് കിട്ടിയാല്‍ വേറൊരു ചെറിയ ഗ്രൂപ്പിന് അത് ലോണ്‍ ആയി കൊടുക്കാം. എന്നുവച്ചാല്‍ അഞ്ചു ഭാഗത്തുള്ള ടീമിന്റെ ഒരു ആഴ്ചത്തെ പൈസ കൊണ്ട് വേറൊരു ഭാഗത്ത് പുതിയൊരു ടീം തുടങ്ങാം. ഇങ്ങനെ ആദ്യത്തെ ഒരു ടീം അടച്ചു തീര്‍ക്കണ ആറു മാസത്തെ പൈസ കൊണ്ട് എത്ര കളി നടക്കുമെന്ന് കണക്കാക്കിന്‍.”

അമ്പടാ... കൊള്ളാമല്ലോ.

“കഴിഞ്ഞില്ല, കടം കൊടുക്കുമ്പോ നമ്മടെ മുതലാളി വന്നു എല്ലാവര്‍ക്കും ഉപദേശം കൊടുക്കും. നിങ്ങള്‍ ഇങ്ങനെ കടത്തില്‍ മാത്രം ഓടിയാല്‍ പോരാ, സ്വന്തമായി സമ്പാദ്യ ശീലം വളര്‍ത്തണം. അതുകൊണ്ട് ഓരോ ആഴ്ചയും തിരിച്ചടവിന്റെ കൂടെ ഒരു തുക സമ്പാദ്യമായി ഇടണം. ലോണ്‍ എല്ലാം അടച്ചു കഴിയുമ്പോ അത് തിരികെ കിട്ടും എന്നൊക്കെ. ശോ, എന്ത് നല്ല മനുഷ്യന്‍..,. അങ്ങനെ പെണ്ണുങ്ങള്‍ സമ്പാദ്യവും അടയ്ക്കും. ആ കാശും അടുത്ത ടീമിന് ലോണ്‍ കൊടുത്തു ഉപദേശി കാശുണ്ടാക്കും.”

വെറുതെയല്ല നമ്മടെ ലണ്ടന്‍ നായര് ഈ പണിയ്ക്കിറങ്ങിയത്.

“ഏയ്‌, ഇതൊക്കെ പിന്നേം സഹിക്കാം നിങ്ങള് ബാക്കി കേള്‍ക്കിന്‍. മൂന്നാല് മാസം കൂടുമ്പോ സേവനവാരംന്നോ സാമൂഹ്യപ്രവര്‍ത്തനം ന്നൊക്കെ പറഞ്ഞു സകല പെണ്ണുങ്ങളെയും വിളിച്ചു കൂട്ടി പരിപാടി വെക്കും. വന്നില്ലെങ്കില്‍ അടുത്ത ലോണ്‍ കൊടുക്കില്ല എന്ന് പറഞ്ഞാല്‍ ആരും വരാതിരിക്കില്ല. എന്നിട്ട് അത് പേപ്പറില്‍ വലിയ വാര്‍ത്തയാക്കും. ഫ്രീ പബ്ലിസിടി!.


വര്ഷം കൂടുമ്പോ സമ്മേളനം വച്ച് എം എല്‍ എയോ എം പിയെയോ ഒക്കെ കൊണ്ട് വന്നു ഗ്രാന്‍ഡ്‌ പരിപാടി. അതില്‍ നമ്മടെ ഈ മുതലാളി മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്നും, ആയിരക്കണക്കിനു ഗ്രാമീണകുടുംബങ്ങളുടെ രക്ഷകനാണെന്നും ഒക്കെ പ്രസംഗിപ്പിക്കും. പോരാത്തതിന് വല്ല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അവാര്‍ഡും.”

ഹി ഹി.. പക്ഷെ ലോണ്‍ എടുത്തവര്‍ തിരിച്ചടച്ചില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടില്ലേ?

“പിന്നേ.. ഗ്രൂപ്പിലെ ഒരുത്തി ലോണ്‍ അടച്ചില്ലെങ്കില്‍ മറ്റേ നാലു പെണ്ണുങ്ങളും പ്രാകി അടപ്പിക്കും. ഇല്ലെങ്കില്‍ അത് ഇവരടെ സമ്പാദ്യത്തില്‍ന്നു പിടിക്കുമല്ലോ. കളക്ഷന്‍ ബോയ്സിനു ഒരു പണിയും ഇല്ല. പാവം സ്വകാര്യ ബാങ്കുകള്‍ ഒക്കെ ക്രെഡിറ്റ്‌ കാര്‍ഡ് പേമന്റ് കിട്ടാന്‍ പെടുന്ന പാടിന്റെ പത്തിലൊന്ന് പോലും ഇവിടെ വേണ്ട. ഒരിക്കല്‍ ലോണെടുത്ത പെണ്ണുങ്ങള്‍ അത് അടച്ചു തീരുന്നതിനു കുറച്ചു മുന്‍പേ ഒന്നിച്ചടച്ച്‌ അടുത്ത ലോണ്‍ എടുത്തിരിക്കും. അപ്പൊ കിട്ടണ ലാഭം വേറെ.”

എന്റമ്മോ... ഓരോ കളികളെ...

“സാറേ, ഇയാള് ലണ്ടനില്‍ കിടന്ന് ഇരുപത്തഞ്ചു കൊല്ലം പണിയെടുത്താലും ഇത്രേം കാശും നാട്ടില്‍ പേരും പ്രശസ്തിയും ഒന്നിച്ചു ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോ?”

എന്നാപ്പിന്നെ നിങ്ങള്ക്ക് പണിയൊന്നുമില്ലല്ലോഒരു മൈക്രോഫിനാന്‍സ് അങ്ങടു തുടങ്ങിക്കൂടെ.

“പണിയില്ലാന്ന്‍ പറഞ്ഞിട്ട് എന്താ കാര്യം സമയം വേണ്ടേ. പക്ഷെ ഞാന്‍ ഇത് എന്തായാലും തുടങ്ങും. പെണ്ണ്കിട്ടണെങ്കില്‍ പണി വേണം പോലും.”

ശുഭം !

ഇവനാണ് ഞങ്ങ പറഞ്ഞ ബിസിനസ്സ്കാരന്‍ - 1


                                                         ഡാ, നീ എത്ര വരെ പഠിച്ചു?

പത്താം ക്ലാസ്സ്‌.

ഇപ്പൊ പണിയെന്താ?

മൊബൈല്‍ കണക്ഷന്‍ മാര്‍ക്കറ്റിംഗ്.

മാസം എന്ത് കിട്ടും ?

അവര് ഒരു 6000-7000 രൂപ തരും.

എന്നിട്ട് നിനക്ക് ഒരു കുറവും ഇല്ലാലോ. ബൈക്ക് , ദാ ഇപ്പൊ കാറ്. ങേ?

അതെന്താന്നും, എനിക്ക് കാറും ബൈക്കും ഒന്നും വാങ്ങിച്ചൂടെ? നിങ്ങള്ക്ക് മാത്രേ പാടുള്ളൂന്നുണ്ടോ?

അല്ലട ചക്കരെ , ഒന്നറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതല്ലേ..


ഹും.... ഒന്നൂല ചേട്ടാ... വയറ്റിപ്പിഴപ്പല്ലേ... ജീവിക്കണ്ടേ..

ഡാ പുന്നരമോനെ , ഞങ്ങളും ഒക്കെ അതിന്റെ പിഴപ്പിനു തന്ന്യാടാ പണിയെടുക്കുന്നത്. നീ കാര്യം പറ.

ഓ.... നിങ്ങള്‍ക്ക് പ്രീപെയ്ഡ് നമ്പര്‍ ഇണ്ടാ?

ഉണ്ടല്ലോ.

അത് പോസ്റ്റ്‌പേടാക്കുവോ?

ഇല്ലെട, ഒരു പോസ്റ്റ്‌പെയ്ഡ് ആള്‍റെഡി ഉണ്ട്.

ഹാ, ഇതും കൂടെ അങ്ങ് അക്കെന്നെ..

അക്കാലോ, ബില്ല് നീ അടയ്ക്കുവോ?

അടയ്ക്കാലോ !

ങേ?

"അതേന്നും, വെറും 99ന്റെ പ്ലാന്‍ എടുക്കിന്‍. ആദ്യ മൂന്നു മാസത്തിന്റെ ബില്ല് ഞാന്‍ അടയ്ക്കാം. അത് കഴിഞ്ഞു നിങ്ങള് വീണ്ടും പ്രീപെയ്ഡിലേയ്ക്ക് മാറിക്കോളിന്‍. കൈചെലവിനു ഞാന്‍ നൂറു രൂപേം തരാം."

ഇതെന്തു സൂത്രമാടാ?

"ഓ, ഒരു പ്രീപെയ്ഡ് നമ്പര്‍ പോസ്റ്റ്‌പെയ്ഡ് ആക്കിയാല്‍ കമ്പനി എനിക്ക് 800 രൂപ തരും. മുന്നൂറു ബില്ലും നൂറു നിങ്ങള്‍ക്കും. പരമാവധി കയ്യിന്നു നാനൂറ്റ്മ്പത് പോയാലും ബാക്കി എനിക്ക് കിട്ടും. പിന്നെ പത്ത്, ഇരുപത്തഞ്ച്, നൂറ് ന്നൊക്കെ തികച്ചു കഴിഞ്ഞാല്‍ ബോണസും ഗിഫ്ടുകളും ഒക്കെ വേറെ. ദാ, ഈ ലാപ്ടോപ്പ്, ബ്ലാക്ക്ബെറി മോവീലോക്കെ അങ്ങനെ കിട്ടിയതാന്നും."

കൊള്ളാലോ പരിവാടി. പക്ഷെ, ഇത്രേം ഉണ്ടാക്കണെങ്കില്‍ നീയീ പാലക്കാട്ടെ പകുതി ആളുകളെ കൊണ്ടെങ്കിലും കണക്ഷന്‍ എടുപ്പിക്കണല്ലോ.

"നിക്കിന്‍, ഇത് മുഴുവന്‍ കഴിയട്ടെ എന്നിട്ട് അതിലേക്ക് കടക്കാം."

ഉവ്വ, പറ.

"പ്രീപെയ്ഡ് കണക്ഷന്‍ കൊടുക്കാനുള്ള ഒരു സിം നമ്മള് 100 രൂപ കൊടുത്തു ആദ്യേ വാങ്ങണം. എഫ് ആര്‍ സിടേം ടോക്ക് ടൈമിന്റെം കണക്കൊക്കെ കൂട്ടിക്കിഴിച്ചാല്‍ ഒരു പ്രീപെയ്ഡ് കസ്റ്റമര്‍ ഉണ്ടായാല്‍ കിട്ടണ ലാഭം 240 രൂപയാണ്.

ഇനി നിങ്ങള്‍, മുന്‍പ് ചോദിച്ച കാര്യം. പണ്ടത്തെ പോലെ ആരാന്നും ആഴ്ചയ്ക്കാഴ്ചയ്ക്ക് പുതിയ സിം എടുക്കണ്? ഞങ്ങക്കാണെങ്കില് വല്ല്യ ടാര്‍ജെടും കാണും."

അപ്പൊ നിങ്ങള് ഒരു കണക്ഷന്‍ എടുക്കാന്‍ വരുന്നവരുടെ ഐഡിയും ഫോട്ടോയും വച്ച് മൂന്നാല് കണക്ഷന്‍ അങ്ങട് തള്ളും ല്ലേ?

"പിന്നേയ്... ഒരാള്ടെ പേരില്‍ ഒന്നിച്ച് നാലെണ്ണം അങ്ങോട്ട്‌ തള്ളിയാല്‍ അവ്ടെ ഇരിക്കണവരൊക്കെ പൊട്ടന്മാരല്ലേ. ഐഡി ഒക്കെ ഉണ്ടാക്കണ സ്ഥലത്തുന്നു ഞങ്ങള് പൊക്കില്ലേ. താലൂക്കൊഫീസിലേക്ക് ഐഡി അടിച്ചു കൊടുക്കണ ഏജന്‍സിയില്‍ പോയാല്‍ നല്ല ത്രീഡി കോളിറ്റീലുള്ള ഫോട്ടോയും ഐഡിയും ഒക്കെ കിട്ടുംന്നും. ഒരെണ്ണതിനു അഞ്ചു രൂപ വച്ച് കൊടുക്കും. ബള്‍ക്ക് ആയി വാങ്ങും. പിന്നെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സകലതും ഉണ്ടാക്കി വിടും. ചെറിയ എഫ് ആര്‍ സിയും ചെയ്തു ഓസിനു കിട്ടുന്ന ഫ്രീ ബാലന്‍സ് ഞങ്ങള് തന്നെ വിളിച്ചും തീര്‍ക്കും. അത് കഴിഞ്ഞ ഒക്കെ പെട്ടിയിലാക്കും."

ഡോ, ഒന്നൂല്ലെങ്കിലും നിങ്ങക്ക് കഞ്ഞി പാറ്റണ കമ്പനിക്കാരെ നിങ്ങള്‍ പറ്റിക്ക്യല്ലേ. സ്വല്പെങ്കിലും മനസ്സാക്ഷി ഉണ്ടോട?

"മനസ്സാക്ഷി ഉണ്ട്, പക്ഷേ മനസ്സാക്ഷിക്കുത്തില്ല. മാസത്തിലൊരിക്കല്‍ മീറ്റിംഗ് വിളിച്ച്കൂട്ടി എവിടുന്നാണാവോ കുറെ കണക്കും കൊണ്ട് വരും ഇവരടെ ടോപ്‌ ലീഡര്‍മാര്. ദാ, ഇന്നയിടത്തെ ടവറില്‍ന്നു മറ്റവരുടെ കണക്ഷന്നു ഇത്ര കാള്‍ പോയിട്ടുണ്ട്. നമ്മടെ അത്ര ആയില്ല ഇത്ര ആയില്ല, ഇനി ഈ മാസം കഴിയുമ്പോ ഇത്ര കണക്ഷന്‍ ചിലവാക്കണം ന്നൊക്കെ ചറപറാന്ന് പറയും. കാലത്ത് മുതല്‍ അത് കേട്ടിരിക്കണമെങ്കില്‍ വല്ല കഞ്ചാവും അടിച്ചു പോണം. എന്നിട്ട് ഒടുക്കം ചോദിക്കും, ആ ആന ടാര്‍ജറ്റ്‌ തികയ്ക്കാന്‍ ബഡ്ജറ്റ്‌ എത്ര വേണംന്ന്. നമ്മള് ഒരു തുക പറയും. ആ എച്ചികള് താത്തിപിടിക്കും. ഒടുക്കം ഫിക്സ് ചെയും.

നാലാള് കൂടുന്നിടത്തൊക്കെ കൊനാപ്പിയും കെട്ടി ദിവസം മുഴുവന്‍ ചെക്കന്മാരെ ഇരുത്തിയാല്‍, വെയില് കൊണ്ട് പയ്യന്‍സിന്റെ ഗ്ലാമര്‍ പോകുന്നതല്ലാതെ ടാര്‍ജറ്റ്‌ തികയില്ല. മാസാവസാനം ആവുമ്പോ ഒരുത്തന്‍, അതിന്റെ മുകളിലുള്ളവന്‍, പിന്നെ തല മൂത്തവന്‍ ഒക്കെ കമ്പനീന്നു വിളിയോടു വിളിയാണ്. എന്നുവച്ചാ, അച്ഛനേം അമ്മേം മുതല് ഹോമോസാപിയന്സിനെ വരെ വിളിക്കും.. നമ്മള് ചിരിച്ചോണ്ട് ഒക്കെ കേട്ടോണ്ടിരിക്കും. ഇനി പറയിന്‍, മനസ്സാക്ഷിക്കുത്തിന്റെ അവശ്യം ഉണ്ടോ?"

ഓ... എന്നാലും...

"ഒരു എന്നാലും ഇല്ല, മറ്റേ മൊബൈല്‍ കമ്പനി കഴിഞ്ഞ മൂന്നു മാസം കൊണ്ട് വര്‍ധിപ്പിച്ച പന്ത്രണ്ടായിരത്തി മുന്നൂറു പുതിയ ഉപഭോക്താക്കളില്‍ പത്തായിരം പേര് ഇപ്പൊ എന്റെ വീടിന്റെ തട്ടിന്റെ പുറത്തു ചേരേടേം പെരിച്ചാഴീടെം കൂടെ സ്വസ്ഥമായി ഉറങ്ങുന്നുണ്ട്."

അപ്പൊ, ഐഡിയും സിമ്മും ഒക്കെ ദുരുപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലല്ലേ? പെണ്‍വാണിഭം മുതല് തീവ്രവാദം വരെ ! ങേ? 

"അതേയ്, നോക്കിന്‍; ചതിയില്‍ വഞ്ചന പാടില്ലാന്നും. അതൊക്കെ ഇരിക്കെണ്ടിടത്ത് ഭദ്രം" 

Tuesday

കശ്മീര്‍ സെ കന്യാകുമാരി ഭാരത്മാതാ ഏക്‌ ഹമാരി...!


“തലമുറകളായി ഇവിടെ ജനിച്ചു ജീവിച്ചു വരുന്ന ഞങ്ങള്‍ ഭാരതമണ്ണിന്റെ മക്കളാണെന്നല്ലാതെ മറുത്തു ചിന്തിച്ചിട്ടില്ല. ഞങ്ങളിലെ 70% ജനങ്ങളും സകല ഭാരത ദേശങ്ങളും കണ്ടിട്ടുണ്ട്. ഞങ്ങളുടെ സ്കൂളുകളിലും ജനഗണമനയും വന്ദേമാതരവും തന്നെയാണ് ആലപിക്കുന്നത്. പക്ഷെ ഡല്‍ഹിയിലോ ബോംബെയിലോ ചെന്നാല്‍ അവിടുത്തുകാര്‍ ഞങ്ങളോട് ചോദിക്കും നിങ്ങള്‍ ചൈനക്കാരല്ലേ എന്ന്. മംഗ്ലോയിട് രൂപം ഉള്ളത് കൊണ്ട് ഞങ്ങള്‍ ചൈനക്കാരവുമോ? കാലങ്ങളായി ഞങ്ങള്‍ നേരിടുന്ന ഈ അവഗണനയും പിന്‍നിരപറ്റിക്കലും ഉണ്ടാക്കിയ മുറിവുകള്‍ കുറച്ചല്ല. എങ്കിലും, ഇന്നും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു ഞങ്ങളുടെ അസ്തിത്വം നിശ്ചയിക്കുന്നത് ഭാരതമാതവല്ലാതെ മറ്റാരുമല്ലെന്നു...”



നാഷണല്‍ യൂത്ത്‌ പ്രോജെക്ടിന്റെ യൂത്ത്‌ ഇന്റഗ്രേഷന്‍ ക്യാമ്പിനെ അഭിസംബോധന ചെയ്ത് അരുണാചല്‍പ്രദേശ് മുഘ്യമന്ത്രി അയച്ച കത്തിലെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍. ഞാനുള്‍പ്പെടെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മുന്നൂറില്‍പ്പരം ചെറുപ്പക്കാര് കേട്ടറിഞ്ഞ നോര്‍ത്ത്‌-ഈസ്ടിന്റെ ആത്മാവ് ഇത്രമേല്‍ മുറിപ്പെട്ടതാണെന്ന് തിരിച്ചറിയുകയായിരുന്നു അപ്പോള്‍..,. ഇന്ത്യയുടെ കാല്‍ഭാഗത്ത് ഒരു കുഞ്ഞു പാവയ്ക്ക പോലെയുള്ള കേരളത്തില്‍ ഇരുന്നു ഇസ്രായേല്‍- പലസ്തീന്‍ പ്രശ്നം, ഇറാഖിലെ അമേരിക്കന്‍ അധിനിവേശം ഒക്കെ ഘോരഘോരം ചര്‍ച്ച ചെയ്യുന്നവരിലെ എത്ര പേര്‍ സ്വന്തം രാഷ്ട്രത്തിലെ ഈ സ്ഥിതി അറിയുന്നു. നോര്‍ത്ത്‌ ഈസ്റ്റ്‌ ഭാരതത്തിന്റെ ഭാഗമല്ലാത്ത വിധം ആയിക്കൊണ്ടിരിക്കുനത്. 

ഇവിടെയൊക്കെ ഇപ്പോളും വലിയൊരു വിഭാഗം ആളുകള്‍ക്കും ഇന്ത്യയെ കുറിച്ചുള്ള കണ്സപ്റ്റ്‌ രസകരമാണ്. കേരളവും തമിഴ്നാടും മുതല്‍ ബാംഗ്ലൂരും ഹൈദരാബാദും വരെ സൗത്ത്‌ഇന്ത്യ അത് കഴിഞ്ഞാല്‍ ബാക്കി ഉള്ളതൊക്കെ നോര്‍ത്ത്‌ ഇന്ത്യ, അവരൊക്കെ ഹിന്ദിക്കാര്‍ , ഉള്ളിയും ഉരുളക്കിഴങ്ങും ഗോതമ്പ് റൊട്ടിയും മാത്രം തിന്നുന്നവര്‍. വായില്‍ എപ്പോളും പാന്‍ മസാലയും വച്ച് നടക്കുന്നവര്‍. തിരിച്ച് അവിടുള്ളവര്‍ക്കും ദക്ഷിണഭാരതത്തെ കുറിച്ച് ആകെമൊത്തം ഒരു സങ്കല്പം. മദിരാശികള്‍!,!



 14-ആം നൂറ്റാണ്ട് മുതലുള്ള ഒരു പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരാണ് നമ്മള്‍. മലയാളത്തിന്റെ അതിസമ്പന്നമായ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവര്‍. പക്ഷേ തമിഴിന്റെയോ ബംഗാളിയുടെയോ മുന്നില്‍ നമ്മള്‍ വെറും ദരിദ്രവാസികള്‍ ആയിരിക്കും. ചരിത്രങ്ങളിലും കലകളിലും സാമൂഹിക-സാംസ്‌കാരിക ജീവിതത്തിലും ഒക്കെ ഈ ഓരോ കൂട്ടര്‍ക്കും ആഴവും – വ്യാപ്തിയും അവകാശപ്പെടാം. സിക്കിമിന്റെ നാടോടി നൃത്തവുമായി തൊട്ടടുത്തുള്ള അരുണാചലിന്റേതിന് പുലബന്ധം പോലുമില്ല. ബംഗാളി ഭാഷ ഹിന്ദിയുമായി വലിയ ബന്ധം ഒന്നുമില്ലാത്തതാണ്. ഇനിയുമേറെ പറയാന്‍ പറ്റും ഭാരതത്തിന്റെ നാനാത്വത്തെ വിവരിക്കാന്‍. അല്ലാതെ കേവലം കുറച്ചു മതങ്ങള്‍ ഒന്നിച്ചു നിലനില്‍ക്കുന്നു എന്നതല്ല.



സ്വാതന്ത്ര്യത്തിനു ശേഷം മാത്രം നാട്ടുരാജ്യങ്ങള്‍ സംയോജിച്ചു, നാനാത്വത്തില്‍ ഏകത്വം തുളുമ്പുന്ന പല ഭാഷകളും സംസ്കാരങ്ങളും ഉള്‍പെടുന്ന ഭാരതം സൃഷ്ട്ടിക്കപെട്ടു എന്ന്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി..ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അങ്ങ് കശ്മീരിന്റെ അറ്റത്തെ ഗ്രാമത്തിലെ കുടുംബിനിയായ സ്ത്രീയുടെ നെറ്റിയിലും ഇങ്ങു കന്യാകുമാരിയിലെ കടല്‍ക്കരയില്‍ ഉള്ള ചെറ്റക്കുടിലില്‍ താമസിക്കുന്ന സ്ത്രീയുടെ നെറ്റിയിലും നിങ്ങള്ക്ക് ഒരേ സിന്ദൂരപ്പൊട്ടിന്റെ അരുണിമ കാണാം. ഗുജറാത്തിന്റെ പടിഞ്ഞാറെ അറ്റത്തെ ഒരു വീട്ടിലും ഗുവഹാത്തിയിലെ ഒരു കുഗ്രാമത്തെ വീട്ടിലും സന്ധ്യയ്ക്ക് അസ്തമയ സൂര്യന് സമര്‍പ്പിച്ച ഒരു തിരിവിളക്ക് കാണാം.


(ലക്ഷം ഡിഗ്രി ചൂടില്‍ കത്തിക്കൊണ്ടിരിക്കുന്ന സൂര്യന് തിരിവിളക്ക് കാണിച്ച ടീം തന്നെയാണ് നമ്മള്, അല്ല പിന്നെ ! )

പണ്ട്, അശ്വമേധം നടത്തി ചക്രവര്‍ത്തി ആവാന്‍ യാഗാശ്വം സകല നാട്ടുരജ്യങ്ങളിലൂടെയും കടന്നു തടസ്സങ്ങളില്ലാതെ തിരിച്ചെത്തണമായിരുന്നെത്രേ. ഇന്ന് സ്വതന്ത്ര ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ കൊടികെട്ടിയ കാറിനു ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലൂടെയും സുഗമമായി കടന്നു പോവാന്‍ കഴിയും എന്ന് കരുതുന്നുണ്ടോ? എന്റെ കണക്കില്‍ ചുരുങ്ങിയത് ആറു ഭാഗത്തെങ്കിലും തടയും. ചില ഭാഗത്ത് കടക്കാന്‍ തന്നെ പറ്റില്ല.



തെലുങ്കാന, മവോഇസം, നക്സലിസം, അതിര്‍ത്തി-അവകാശ പ്രശ്നം, മത-തീവ്ര വാദം .... എണ്ണിയാല്‍ തീരാത്ത പ്രശ്നബാധിതമേഘലകള്‍ ഇനിയുമേറെ. അതിര്‍ത്തിക്കപ്പുറം ചൈന നാലുവരിപ്പാതകള്‍ തകൃതിയായി പണിയുന്നു, ഇന്ത്യക്കകത്തു മത, രാഷ്ട്രീയ, ഭാഷ, വര്‍ണ്ണ അടിസ്ഥാനത്തിലുള്ള ധൃവീകരണങ്ങള്‍ ശക്തമാവുന്നു. പഴിക്കാവുന്നത് ആരെ? തീര്‍ച്ചയായും ദുര്‍ബലമായ നേതൃത്വങ്ങളെ.


നയിക്കാന്‍ ശക്തരായ നേതാക്കള്‍ ഇല്ലാത്തതു തന്നെ. അല്ലെങ്കില്‍ പറയു, നെഞ്ചില്‍ കൈവച്ചു അഭിമാനത്തോടെ പറയാന്‍ പറ്റുന്ന ഒരു ദേശീയ നേതാവിന്റെ പേര്?

നിങ്ങള്‍ക്കറിയാമോ, ഒരു ഐഡി പ്രൂഫും വേണ്ട, പേര് പോലും പറയണ്ട, വെറും പതിനായിരം രൂപ അഡ്വാന്‍സും മാസം നാലായിരം രൂപയും കൊടുത്താല്‍ ബംഗ്ലൂര്‍ നഗരത്തില്‍ എല്ലാ സൗകര്യങ്ങളും ഉള്ള പേയിംഗ് ഗസ്റ്റ്‌ റൂമുകള്‍ കിട്ടും, മൂന്നു നേരം ഭക്ഷണം റൂമിലെത്തും.



വെറും അഞ്ഞൂറ് രൂപ കൊടുക്കാമെങ്കില്‍ വ്യാജ ഐഡിയും അഡ്രസ്സ് പ്രൂഫും വച്ചുകൊണ്ട് ഒരു വീട്ടില്‍ തന്നെ അഞ്ചിലധികം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കിട്ടും മുംബൈയില്‍..,.

ഡല്‍ഹിയിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന നിങ്ങളെ മുന്നിലത്തെ അപ്പാര്‍ട്ട്മെന്റിലെ ആളുകള്‍ പോലും അന്വേഷിക്കില്ല.
എന്ത് സുരക്ഷിതത്വം !

എന്നിട്ടും ഇവിടെ കാര്യമായ പ്രശനങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ലലോ എന്നാണ് എന്റെ അത്ഭുതം.

നമ്മുടെ നിയമപാലകരുടെയും അധികാരികളുടേയും കര്മോത്സുകമായ പ്രവര്‍ത്തനവും സുശക്തമായ നീധിനിര്‍വഹണ ബോധവുമാണ് കാരണം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്റെ പിതാശ്രീയെ വിളിക്കും.


സ്വന്തം ധര്‍മത്തെ കുറിച്ച് ബോധവും മൂല്യങ്ങളില്‍ അധിഷ്ടിതമായ ജീവിതവും അന്യനു വേണ്ടി ചിന്തിക്കുന്ന മനസ്സും ഉള്ള വലിയൊരു വിഭാഗം മനുഷ്യരാടോ ഇവിടൊക്കെ. 


300 വര്ഷത്തില്‍ (മൂന്നു തലമുറ) കൂടുതല്‍ അടിമത്വത്തില്‍ കഴിഞ്ഞ ഒരു ലോക രാജ്യവും സ്വയം സ്വാതന്ത്ര്യം നേടിയിട്ടില്ല ചരിത്രത്തില്‍. ഇന്ത്യ ഒഴികെ. അതും 700 വര്‍ഷത്തെ വിദേശ ആധിപത്യത്തിന് ശേഷം രക്തരഹിതമായ വിപ്ലവത്തിലൂടെ.


കമ്മ്യൂണിസ്റ്റ്‌ ആചാര്യന്‍ കാറല്‍ മാര്‍ക്സിന്റെ തിയറിയില്‍ ലോകത്ത് രണ്ടു രണ്ടു വിഭാഗം ജനങ്ങളെയുള്ളൂ. ഒന്ന് ഉള്ളവനും രണ്ടു ഇല്ലാത്തവനും.

പക്ഷെ നമ്മുടെ നാട്ടില്‍ വേറെ ചില കൂട്ടരുണ്ട് ഉള്ളതില്‍ ത്രിപ്തിയുള്ളവനും ഉണ്ടായിട്ടു വേണ്ടാത്തവനും. അല്ലായിരുന്നെങ്കില്‍, അവികസിത രാഷ്ട്രങ്ങളില്‍ കാണുന്ന പോലെ ദാരിദ്രവും പട്ടിണിയും തലമുറകളെ കൊള്ളയും കൊലയും അടക്കമുള്ള അസാന്മാര്‍ഗിക മാര്‍ഗത്തിലേക്ക്‌ എന്നോ നയിച്ചേനെ. മുണ്ട് മുറുക്കി ഉടുത്ത് ഉള്ള കഞ്ഞി പിള്ളാര്‍ക്ക് കൊടുത്തു വിശപ്പ്‌ ഒട്ടുമില്ലെന്നു പറഞ്ഞ് ഒരു പുഞ്ചിരിയുമായി ഇരുന്ന അപ്പനപ്പൂപ്പന്മാരെ പുച്ഛത്തോടെ ഓര്‍ക്കാന്‍ നമുക്കെങ്ങനെ കഴിയും?





നിലവിലെ സാഹചര്യങ്ങളില്‍ ഭാരത്തിന്റെ ഭാവി ശോഭനമല്ലായിരിക്കാം. 

പക്ഷെ നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാവ് കേവലം ഭരണകൂടത്തിനു പണയം വച്ചതല്ല. അത് ജനങ്ങളുടെ സിരകളില്‍ ലയിച്ചിരിക്കുന്നു. കാലമെത്ര പോവട്ടെ, കാരണങ്ങള്‍ ആയിരമുണ്ടാവട്ടെ, ഭാരതം ഏകം തന്നെ ഏകം.



കശ്മീര്‍ സെ കന്യാകുമാരി... ഗുജറാത്ത് സെ ഗുവാഹത്തി ... ഭാരത്മാതാ ഏക്‌ ഹമാരി !